മന്ദാക്രാന്ത
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് മന്ദാക്രാന്ത.പതിനേഴക്ഷരങ്ങൾ വരുന്ന അത്യഷ്ടി വിഭാഗത്തിൽപ്പെട്ട സംസ്കൃതവൃത്തമാണ് മന്ദാക്രാന്ത.
സന്ദേശകാവ്യങ്ങളിൽ
തിരുത്തുകകാളിദാസൻ മേഘദൂതം (മേഘസന്ദേശം) എന്ന സന്ദേശകാവ്യം രചിച്ചത് മന്ദാക്രാന്തയിലാണ്. അതിനെത്തുടർന്ന് സംസ്കൃതത്തിൽ ശുകസന്ദേശം, ചാതകസന്ദേശം തുടങ്ങി ധാരാളം സന്ദേശകാവ്യങ്ങൾ ഈ വൃത്തത്തിൽ ഉണ്ടായി. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യമായ ഉണ്ണുനീലിസന്ദേശം ഈ വൃത്തത്തിലാണ്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എഴുതിയ മയൂരസന്ദേശം തുടങ്ങി പല സന്ദേശകാവ്യങ്ങളും ഈ വൃത്തത്തിലാണ് രചിച്ചിട്ടുള്ളത്.
സന്ദേശകാവ്യങ്ങളിലല്ലെങ്കിലും സന്ദേശങ്ങൾ പ്രതിപാദിക്കുന്ന ഭാഗങ്ങൾ മന്ദാക്രാന്തയിൽ കൊടുക്കുന്ന ഒരു പതിവും ഉണ്ട്. ഉദാഹരണമായി ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ഉമാകേരളം എന്ന മഹാകാവ്യത്തിൽ ഒരു സന്ദേശം പറഞ്ഞയയ്ക്കുന്ന പതിനൊന്നാം സർഗ്ഗം മന്ദാക്രാന്തയിലാണ്.
ലക്ഷണവും ഉദാഹരണവും
തിരുത്തുകവൃത്തമഞ്ജരിയിലെ ഉദാഹരണം ഇപ്രകാരമാണ്.
“ | മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം | ” |
ഇതനുസരിച്ച്, മ, ഭ, ന, ത, ത എന്നീ ത്ര്യക്ഷരഗണങ്ങളും രണ്ടു ഗുരുക്കളും അടങ്ങിയതാണു മന്ദാക്രാന്ത. 4, 10 (4+6) എന്നീ അക്ഷരങ്ങൾക്കു ശേഷം യതിയുമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവസാനം നിർത്തേണ്ട മൂന്നു ഖണ്ഡങ്ങൾ ഇതിനുണ്ട്.
- നാലു ഗുരുക്കൾ അടങ്ങിയ ഖണ്ഡം. ഉദാഹരണം: കാലിക്കൂട്ടം,
- അഞ്ച് ലഘുവും ഒരു ഗുരുവും അടങ്ങിയ രണ്ടാം ഖണ്ഡം. ഉദാഹരണം: കലിതകുതുകം
- "താരരാ താരതാരാ" എന്നരീതിയിൽ (ഗുരു, ലഘു, ഗുരു, ഗുരു, ലഘു, ഗുരു, ഗുരു) എന്ന് ഏഴക്ഷരമുള്ള മൂന്നാം ഖണ്ഡം. ഉദാഹരണം: കാത്ത കണ്ണന്നു ഭംഗ്യാ
ഉദാഹണമായി, മയൂരസന്ദേശത്തിലെ താഴെക്കൊടുക്കുന്ന പദ്യം ഉദാഹരണമാണ്.
പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായി-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭംക്ത്യാ
പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വെച്ചിടേണം;
മൗലിക്കെട്ടിൽ തിരുകുമതിനെത്തീർച്ചയായ് ഭക്തദാസൻ.
അവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക