ഒരു മലയാള ഭാഷ വൃത്തമാണ് മാത്രാസമകം. [1] ഏതെങ്കിലും വിധത്തിൽ ഒരു പാദത്തിനു പതിനാറു മാത്രകൾ വരുന്നതിനെ ചേർത്തുവെച്ച് മാത്രാസമകം എന്നു പറയുന്നു. ഈ വൃത്തത്തിനു പലതരം വിഭാഗങ്ങൾ ഉണ്ട്. അത്രമാത്രം പ്രാധാന്യമില്ലാത്തതിനാൽ ഇവയ്ക്കൊന്നും പ്രത്യേകമായി ലക്ഷണം നിലവിൽ ഇല്ല. ഒരു പാദത്തിൽ എല്ലാം ലഘുമാത്രകളായിട്ടാണെങ്കിൽ അതിനെ അചലധൃതി എന്നും ഒമ്പതാമത്തെ അക്ഷരം ലഘുവും അവസാനത്തെ അക്ഷരമാത്ര ഗുരും ആയാൽ ഇടയിൽ യതോചിതമായി ഇവ കലർത്തിയും പതിനാറുമാത്രകൾ തികഞ്ഞാൽ ആണു സാധാരണയായി മാത്രാസമകം എന്നു വിളിക്കുന്നത്. അതുപോലെ നാലുമാത്ര കഴിഞ്ഞ് ജഗണമോ ബാക്കിയെല്ലാം ലഘുമാത്രയോ അയാൽ അതിനെ വിശ്ലോകം എന്നു പറയുന്നു. ഇതേപോലെ ജഗണമോ ബാക്കിയെല്ലാം ലഘുവോ വരുന്നത് എട്ടുമാത്ര കഴിഞ്ഞിട്ടാണെങ്കിൽ അതിനെ വാനവാസിക എന്നു വിളിക്കുന്നു.

"ഏതുവിധമായിട്ടെങ്കിലും ഒരു പാദത്തിന് പതിനാറു മാത്ര എന്നു നിയമം കല്പിച്ചു ചെയ്യുന്ന വൃത്തങ്ങൾക്ക് ‘മാത്രാസമക’ ങ്ങളെന്നു പേർ. ഇതിൽ

  1. എല്ലാം ലഘുവായാൽ ‘അചലധൃതി’.
  2. 9ാം അക്ഷരം ലഘുവും, അന്ത്യം ഗുരുവും ശേഷം ഇച്ഛപോലെയും ആയാൽ സാധാരണ ‘മാത്രാസമകം’;
  3. നാലു മാത്ര കഴിഞ്ഞ് ജഗണമോ സർവ്വലഘുവോ ആയാൽ ‘വിശ്ലോകം’;
  4. ജഗണമോ സർവ്വലഘുവോ 8 മാത്ര കഴിഞ്ഞായാൽ ‘വാനവാസികാ’ - ഇത്യാദി പല അവാന്തരവിഭാഗങ്ങളും ഉണ്ട്. എന്നാൽ അവയെല്ലാം അപ്രസിദ്ധങ്ങളാകയാൽ പ്രത്യേകം ലക്ഷണവും ലക്ഷ്യവും അവയ്ക്ക് ഇല്ല എന്നു മാത്രമല്ല, ഇവയ്ക്കെല്ലാം ഭംഗി വേണമെങ്കിൽ സമമാത്രകൾ അടുത്ത വിഷമമാത്രകളിൽ ഒട്ടാതിരിക്കണം. അതായത് ദ്വിമാത്രഗണങ്ങളെക്കൊണ്ട് മുറിക്കണമെന്നു വരുന്നു. അപ്പോൾ ഇവയെല്ലാം മേൽ ഭാഷാവൃത്തപ്രകരണത്തിൽ പറയാൻ പോകുന്ന തരംഗിണി മുതലായ തുള്ളൽ‌പ്പാട്ടുവൃത്തങ്ങളിൽ ഉൾപ്പെട്ടുപോകയും ചെയ്യും." എന്ന് വൃത്തമഞ്ജരിയിൽ ഏ.ആർ. രാജരാജവർമ്മ ചൂണ്ടിക്കാണിക്കുന്നു.
  1. വൃത്തമഞ്ജരി, എ.ആർ. രാജരാജവർമ്മ


"https://ml.wikipedia.org/w/index.php?title=മാത്രാസമകം&oldid=2912485" എന്ന താളിൽനിന്ന് ശേഖരിച്ചത്