വ്യാകരണം
hope
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒരു ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ് ആ ഭാഷയുടെ വ്യാകരണം (ഇംഗ്ലീഷ്: Grammar, ഗ്രാമർ). ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വേദാംഗങ്ങൾ എന്ന പേരിൽ ഭാരതത്തിൽ അറിയപ്പെടുന്ന ആറ് ഝ്ഞാനശാഖകളിൽ ഒന്നാണ് വ്യാകരണം.
വ്യാകരണം
തിരുത്തുകസംസ്കൃതത്തിൽ വ്യാക്രിയന്തേ ശബ്ദാ: അനേന ഇതി വ്യാകരണം എന്നാണ് വ്യാകരണത്തെ നിർവചിച്ചിരിക്കുന്നത്
ചരിത്രം
തിരുത്തുകലഭ്യമായതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ഭാഷാപഠനഗ്രന്ഥങ്ങൾ നാലായിരം വർഷങ്ങൾക്കു മുമ്പ് കളിമൺപലകകളിൽ ക്യൂണിഫോം ലിപിയിൽ എഴുതപ്പെട്ടവയാണ്. അവ ബാബിലോണിയയിൽ നിന്നും കണ്ടെടുക്കപ്പെട്ടു. തെക്കൻ മെസപ്പട്ടോമിയയിൽ വ്യാകരണപാരമ്പര്യം ഏകദേശം രണ്ടായിരത്തഞ്ഞൂറ് കൊല്ലത്തോളം നിലനിന്നതായി കരുതപ്പെടുന്നു. സുമേറിയൻ ഭാഷയിലെ നാമങ്ങളുടെ പട്ടികയാണ് അതിന്റെ ഉള്ളടക്കം. അക്കാലത്ത് മതത്തിന്റെയും നിയമഗ്രന്ഥങ്ങളുടെയും ഭാഷയായിരുന്നു സുമേറിയൻ. സമീപത്തുണ്ടായിരുന്ന അക്കാഡിയൻ ഭാഷ പ്രചരിച്ചതോടെ സുമേറിയൻ ഭാഷ ജനങ്ങളുടെ സംസാരത്തിൽ നിന്നും നിത്യജീവിതത്തിൽ നിന്നും അകന്നു. സുമേറിയൻ ഭാഷയിലെ വാക്കുകളുടെ അർത്ഥവും പ്രയോഗരീതിയും ജനങ്ങൾക്ക് മനസ്സിലാകാതെയായി. എങ്കിലും അത് പ്രൌഡിയുടെയും പ്രതാപത്തിന്റെയും ഭാഷയായി നിലനിന്നു. നിയമത്തിന്റെയും മതത്തിന്റെയും ഭാഷയും അതുതന്നെയായിരുന്നു. അതുകൊണ്ട് അക്കാഡിയൻ സംസാരഭാഷയായ ജനങ്ങളെ സുമേറിയൻ പഠിപ്പിക്കേണ്ടത് ആവശ്യമായി വന്നു. നിയമത്തിന്റെയും മതത്തിന്റെയും അധികാരത്തിന്റെയും ഭാഷയെ നിലനിറുത്തുന്നതിനു വേണ്ടിയാണ് കണ്ടുകിട്ടിയിടത്തോളം, ചരിത്രത്തിൽ ആദ്യമായി ഭാഷാപഠനം നടന്നത്.
ആദ്യത്തെ ഇന്ത്യൻ വ്യാകരണങ്ങൾ ഇരുമ്പുയുഗക്കാലത്താണ് ആവിർഭവിച്ചത്. യസ്കൻ (ബി.സി. ആറാം നൂറ്റാണ്ട്), പാണിനി (ബി.സി. നാലാം നൂറ്റാണ്ട്) അദ്ദേഹത്തെ വ്യാഖ്യാനിച്ച പിങ്കള (ബി.സി. 200), കാത്യായനൻ, പതഞ്ജലി (ബി.സി. രണ്ടാം നൂറ്റാണ്ട്) എന്നിവരാണ് എടുത്തുപറയാവുന്നവർ. വേദങ്ങളെ അവ ഉദ്ദേശിക്കപ്പെട്ട രീതിയിൽ വായിക്കപ്പെടുന്നതിനും ആചരിക്കപ്പെടുന്നതിനും വേണ്ടി നിർമ്മിക്കപ്പെട്ട വേദാംഗങ്ങളിൽ ഒന്നായാണ് വ്യാകരണം രംഗപ്രവേശം ചെയ്യുന്നത്. ആകെ ആറു വേദാഗങ്ങളുള്ളതിൽ ശിക്ഷ, നിരുക്തം, ഛന്ദസ്സ്, വ്യാകരണം, എന്നീ നാലും വാസ്തവത്തിൽ ഭാഷാപഠനങ്ങളാണ്.
പടിഞ്ഞാറൻ രാജ്യങ്ങളിൽ ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഹെല്ലനിസത്തിലെ ഒരു ശാഖയായാണ് വ്യാകരണം നിലവിൽ വന്നത്. റയാനസ്, അരിസ്റ്റാർക്കസ് എന്നിവർ എടുത്തുപറയാവുന്നവരാണ്. നിലവിലുള്ള ഏറ്റവും പഴയ വ്യാകരണഗ്രന്ഥം ആർട്ട് ഓഫ് ഗ്രാമർ (Τέχνη Γραμματική), (ഡയോണൈഷ്യസ് ത്രാക്സ് 100 ബി.സി.യിലെഴുതിയതെന്ന് വിശ്വസിക്കുന്നു) എന്ന ഗ്രന്ഥമാണ്. ഗ്രീക്ക് മാതൃകകൾ പിന്തുടർന്നാണ് ബി.സി. ഒന്നാം നൂറ്റാണ്ടുമുതൽ ലാറ്റിൻ വ്യാകരണം വികസിച്ചത്. ഓർബീലിയസ് പ്യൂപിളസ്, റെമ്മിയസ് പാലൈമോൺ, മാർക്കസ് വലേരിയസ് പ്രോബസ്, വെരിയസ് ഫ്ലാക്കസ്, ഐമിലസ് ആസ്പർ എന്നിവർ മുഖ്യ വൈയ്യാകരണന്മാരാണ്.
എട്ടാം നൂറ്റാണ്ടിൽ ഇസ്ലാം മതവും അറബി വ്യാപാരവും വ്യാപിച്ചതോടെ ധാരാളം പേർ ഒരു ബന്ധഭാഷയെന്ന നിലയിൽ അറബി പഠിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ ആദ്യ അറബിവ്യാകരണങ്ങളും എഴുതിയത് അറബി സ്വന്തം ഭാഷയല്ലാത്തവരാണ്. പിന്നീട് ഈ ശ്രമങ്ങൾ വളർന്നു. പേർഷ്യൻ ഭാഷാപണ്ഡിതനായ സിബാവായി സി. ഇ. 760 - എഴുതിയ `അൽ കിതാബ് ഫി അൽ നാഹ്' ആണ് ലഭ്യമായ ആദ്യത്തെ മികച്ച അറബി വ്യാകരണം. കവിതയുടെയും ഖുർ ആനിന്റേയും ഭാഷ ജനങ്ങളുടെ സംസാരഭാഷയിൽ നിന്നും വ്യത്യസ്തമായതിനാൽ ഖുറാനിലെ പല കാര്യങ്ങൾക്കും വിശദീകരണം ആവശ്യമായ സാഹചര്യത്തിലാണ് അൽ കിതാബ് എഴുതിയത്
ഇന്ത്യൻ പാരമ്പര്യത്തിനു സമാനമായി ചൈനീസ് വ്യാകരണം ‘കിയോസ്കു’ ആരംഭിച്ചതും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ഹാങ് സാമ്രാജ്യത്തിലെ ക്ലാസിക്കുകൾ മനസ്സിലാക്കാനുള്ള ശ്രമം എന്ന നിലയ്ക്കാണ്. കിയോക്സുവിന് മൂന്നു ഭാഗങ്ങളാണുള്ളത്. 'സുങ്ങു'(ഗ്രന്ഥ വ്യാഖ്യാനം), 'വെൻ സി'(പാഠ അപഗ്രഥനം), 'യിൻ യുൻ'(വർണ്ണങ്ങളുടെ പഠനം). ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യൻ നിഘണ്ടുരീതിയിൽ ‘എർ ഇയ’ എന്ന നിഘണ്ടുവും നിർമ്മിക്കപ്പെട്ടു.
ഓറിയാസെപ്റ്റ് നാ എൻ-എസസോടുകൂടി ഏഴാം നൂറ്റാണ്ടിൽ ഐറിഷ് വ്യാകരണചരിത്രം ആരംഭിച്ചു.
അറബി ഭാഷയിലെ വ്യാകരണം അബു അൽ-അസ്വാദ് അൽ-ദുവാലിയോടുകൂടി ഏഴാം നൂറ്റാണ്ടിൽ ആരംഭിച്ചു. ഇദ്ദേഹത്തെ വ്യാകരണം പഠിപ്പിച്ചത് ഇസ്ലാമിലെ നാലാമത്തെ ഖലീഫയും അലി ഇബ്ൻ അബി താലിബ് ആകുന്നു.
ഹീബ്രൂ വ്യാകരണത്തിലെ ആദ്യ ഗ്രന്ഥം ഉയർന്ന മദ്ധ്യകാലഘട്ടത്തിലാണ് പ്രത്യക്ഷപ്പെട്ടത്. [1][2]
ആദ്യ തമിഴ് വ്യാകരണഗ്രന്ഥമായ തൊൾക്കാപ്പിയം എ.ഡി. ഒന്നാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ എഴുതിയതാണെന്ന് കരുതപ്പെടുന്നു.. പിന്നീട് എഴുതപ്പെട്ട തമിഴ് വ്യാകരണഗ്രന്ഥമാണ് നന്നൂൽ.
മലയാളഭാഷയ്ക്കു വേണ്ട വ്യാകരണനിയമങ്ങൾ തമിഴിലെ തൊൽക്കാപ്പിയത്തിൽ എഴുതിയിട്ടുള്ളതായി കാണുന്നു. പിന്നീട് മലയാളഭാഷയുടെ വ്യാകരണം എഴുതിക്കാണുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിൽ സംസ്കൃതവും മലയാളവും കലർത്തി എഴുതിയിരുന്ന മണിപ്രവാളം എന്ന സാഹിത്യഭാഷയുടെ ലക്ഷണഗ്രന്ഥമായ ലീലാതിലകത്തിൽ ആണ്. അതിനു ശേഷം ദീർഘകാലത്തേക്ക് മലയാളത്തിൽ വ്യാകരണങ്ങളൊന്നും കാണുന്നില്ല. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷണറിമാരുടെ പരിശ്രമങ്ങളോടെയാണ് മലയാളത്തിൽ വ്യാകരണം പുനരാരംഭിക്കുന്നത്. ആഞ്ചലോ ഫ്രാൻസീസ്, അർണോസ് പാതിരി, ഡോ. ഹെർമ്മൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയിലി, തുടങ്ങിയവരാണ് മലയാളത്തിലെ ആദ്യകാലവൈയാകരണന്മാർ.
മതപ്രചാരണത്തിനും ബൈബിൾ തർജ്ജമയ്ക്കുമായി ക്രിസ്ത്യൻ മിഷണറിമാരാണ് ഭൂരിഭാഗം ഭാഷകളിലും പതിനാറാം നൂറ്റാണ്ടുമുതൽ വ്യാകരണഗ്രന്ഥങ്ങൾ രചിച്ചു തുടങ്ങിയത്. ഇന്ത്യ, ചൈന, ആഫ്രിക്കൻ നാടുകൾ തുടങ്ങി ലോകത്തിന്റെ വിവധ ഭാഗങ്ങളിലെ ഭാഷകളിൽ ക്രിസ്തുമതപ്രചാരണത്തിന്റെയും യൂറോപ്യൻ അധിനിവേശത്തിന്റെയും ഭാഗമായി പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളിൽ വ്യാകരണം രചിക്കപ്പെട്ടു.
വ്യാകരണത്തിലെ വിഷയങ്ങൾ
തിരുത്തുകഒരു വാക്യത്തിലെ പദങ്ങളെ വിശകലനം ചെയ്ത് പഠിക്കുന്നതിനെ വ്യാകരിപ്പ് എന്ന് പറയുന്നു. ഒരു വാക്യത്തിലെ പദങ്ങളുടെ ലിംഗം,വചനം,വിഭക്തി തുടങ്ങിയവയും, നാമപദത്തിന്റെ ലിംഗം,വചനം,വിഭക്തി,കാരകം,അന്വയം ഇവ വിവരിച്ച്, ക്രിയാപദത്തിന്റെ ക്രിയ, കേവലക്രിയ, പ്രയോജകക്രിയ, കാരിതക്രിയ, അകാരിതക്രിയ, സകർമ്മകക്രിയ, അകർമ്മകക്രിയ, കർത്തരിപ്രയോഗം, കർമ്മണിപ്രയോഗം, ഭൂതകാലം, ഭാവികാലം, വർത്തമാനകാലം, ഭേദകം, അവ്യയം, സർവ്വനാമം എന്നീ കാര്യങ്ങളെ അപഗ്രഥിച്ച് പഠിക്കുന്നതിനെയാണ് വ്യാകരണം എന്ന് പറയുന്നത്.
മുഖ്യ വ്യാകരണഗ്രന്ഥങ്ങൾ
തിരുത്തുകസംസ്കൃതത്തിൽ
തിരുത്തുകസംസ്കൃതവ്യാകരണത്തിന്റെ അടിസ്ഥാനമായി ഗണിക്കപ്പെടുന്നത് പാണിനി രചിച്ച വ്യാകരണസൂത്രങ്ങളാണ്. ഈ സൂത്രങ്ങളുടെ എട്ട് അധ്യായങ്ങളിലായുള്ള സമാഹാരം അഷ്ടാധ്യായി അഥവാ പാണിനീയം എന്നറിയപ്പെടുന്നു. പാണിനിയുടെ സൂത്രങ്ങളെ തുടർന്ന് കാത്യായനൻ വാർത്തികമെഴുതി. പതഞ്ജലി മഹാഭാഷ്യം രചിച്ചു. പാണിനി, കാത്യായനൻ, പതഞ്ജലി എന്നിവർ സംസ്കൃതവ്യാകരണശാസ്ത്രത്തിലെ 'മുനിത്രയം' എന്ന് അറിയപ്പെടുന്നു.
മലയാളത്തിൽ
തിരുത്തുകഅറിയപ്പെട്ടതിൽ വെച്ച് ഏറ്റവും പഴയ തമിഴ് വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയം മലയാളഭാഷയെക്കൂടി ഉൾക്കൊള്ളുന്ന ഒരു വ്യാകരണഗ്രന്ഥമാണ്. ഇതിൽ പറഞ്ഞിരിക്കുന്ന പല നിയമങ്ങളും തമിഴ് ഭാഷയിൽ പ്രയോഗമില്ലാത്തതും എന്നാൽ മലയാളഭാഷയിൽ പ്രയോഗത്തിലുള്ളതുമാണ്. അക്കാലത്ത് കേരളത്തിലെ ഭാഷ മലയാളം എന്ന പേരിലോ ഒരു പ്രത്യേക ഭാഷയെന്ന പദവിയിലോ അറിയപ്പെട്ടിരുന്നില്ല എന്നതാകാം ഇതിനു കാരണം.
മലയാളവ്യാകരണഗ്രന്ഥങ്ങളിൽ പ്രമുഖസ്ഥാനമുള്ളത് എ.ആർ. രാജരാജവർമയുടെ കേരളപാണിനീയത്തിനാണ്. ഇതിന് മുമ്പും പിറകെയുമായി പഠനാർഹമായ മറ്റ് ചില വ്യാകരണഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ട്.
അഭ്യാസങ്ങൾ
തിരുത്തുകഭാഷ ഉപയോഗിക്കുന്നതിനായി വ്യാകരണം കൂടാതെ ഭംഗിയായി ഭാഷ ഉപയോഗിക്കുന്നതിനായി എഴുതുവാനുള്ള കഴിവും വികസിപ്പിക്കുന്നതിനായി ഭാഷാപണ്ഡിതന്മാർ ആറ് വിധത്തിൽ പ്രായോഗിക പരിശീലനമുറകൾ വികസിപ്പിച്ചിട്ടുണ്ട്. ആശയവിപുലീകരണം, അവധാരണം, സംക്ഷേപണം, പരാവർത്തനം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്[3].
കുറിപ്പുകളും അവലംബങ്ങളും
തിരുത്തുക- American Academic Press, The (ed.). William Strunk, Jr., et al. The Classics of Style: The Fundamentals of Language Style From Our American Craftsmen. Cleveland: The American Academic Press, 2006. ISBN 0-9787282-0-3.
- Rundle, Bede. Grammar in Philosophy. Oxford: Clarendon Press; New York: Oxford University Press, 1979. ISBN 0-19-824612-9.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Archibald Henry Sayce (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. . In Chisholm, Hugh (ed.).
- The syntax of natural language: An online introduction using the Trees program—Beatrice Santorini & Anthony Kroch, University of Pennsylvania, 2007
- The Grammar Vandal (Funny, informative blog that fixes bad grammar.)
- The "Blog" of "Unnecessary" Quotes (Another educational, still funny poke at people who incorrectly use quote marks.)