മലയാളചലച്ചിത്രം

മലയാളഭാഷയിലുള്ള ചലച്ചിത്രങ്ങള്‍
(Malayalam film എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനമായും മലയാളഭാഷയിലുള്ള ചലച്ചിത്രങ്ങളെയാണ് മലയാളചലച്ചിത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എങ്കിലും സംഭാഷണമില്ലാതെ ആദ്യകാലങ്ങളിൽ കേരളത്തിൽ നിർമ്മിച്ചിട്ടുള്ള ചലച്ചിത്രങ്ങളെയും മലയാളചലച്ചിത്രം എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.മികച്ച ഉള്ളടക്കം നിറഞ്ഞ കഥകളുടെ അവതരണത്തിലും, സ്വഭാവിക അഭിനയത്തിലൂടെയും, ഛായാഗ്രഹണം എന്നിവ കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ വ്യവസായം കൂടിയാണ് മലയാളം ഫിലിം ഇൻഡസ്ട്രി.

മലയാളചലച്ചിത്രം
No. of screens1100 single-screens in Kerala state of India[1]
Main distributorsആശീർവാദ് സിനിമാസ്
മാക്സ്‍ലാബ് സിനിമാസ് ആന്റ് എന്റർടെയ്ൻമെന്റ്സ്
മുളകുപാടം ഫിലിംസ്
LJ ഫിലിംസ്
ഗാലക്സി ഫിലിംസ്
രേവതി കലാമന്ദിർ ഫിലിം അക്കാദമി
മേരിലാന്റ് സ്റ്റുഡിയോ
നവോദയ സ്റ്റുഡിയോ
ഗ്രാന്റ് പ്രൊഡക്ഷൻ
ആഗസ്റ്റ് സിനിമ
ശ്രീ ഗോകുലം ഫിലിംസ്
Produced feature films (2016)[2]
Total134
Gross box office (2016)[3]
National filmsIndia: 900 കോടി (US$140 million)

ചരിത്രം

തിരുത്തുക

ആദ്യകാല ചലച്ചിത്രപ്രവർത്തനങ്ങൾ

തിരുത്തുക

1895 ഡിസംബർ 28-നാണ് ലൂമിയർ സഹോദരന്മാർ പാരീസിലെ ഒരു കഫേയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രൊജക്ഷൻ പ്രദർശനം നടത്തിയത്.[4] ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിൽ ആരംഭിച്ചു. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ. ബോംബെയിലെ എസ്പ്ലനേഡ് മാൻഷനിലുള്ള വാട്സൺ ഹോട്ടലിലായിരുന്നു ആദ്യ പ്രദർശനം. ഒരു മണിക്കൂറിൽ താഴെ പ്രദർശനസമയം കൊണ്ട് ആറു ഹ്രസ്വചിത്രങ്ങളാണു പ്രദർശിപ്പിച്ചത്.[5] ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചലച്ചിത്രപ്രദർശനങ്ങൾ ആരംഭിച്ചു. 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു ഫ്രഞ്ചുകാരനിൽ നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം.[6] 1907-ൽ ഈ ബയോസ്കോപ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് (കെ.ഡബ്ല്യു. ജോസഫ്) സ്വന്തമാക്കി. ആ വർഷത്തെ തൃശ്ശൂർ പൂരത്തിന് അദ്ദേഹം ചിത്രപ്രദർശനം നടത്തി. കേരളത്തിലെ പ്രദർശനവിജയത്തെ തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപ് പ്രദർശനങ്ങൾ നടത്തി. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. റോയൽ എക്‌സിബിറ്റേഴ്‌സ് എന്ന കേരളത്തിലെ ആദ്യ പ്രദർശനക്കമ്പനി സ്ഥാപിച്ചതും അദ്ദേഹമാണ്. ഈ കമ്പനിയുടെ കീഴിലാണ് പിന്നീട് ആദ്യകാല തിയേറ്ററുകളായ തൃശ്ശൂർ ജോസ്, കോഴിക്കോട് ഡേവിസൺ എന്നിവ സ്ഥാപിക്കപ്പെട്ടത്. ആദ്യ ഇന്ത്യൻ ചലച്ചിത്രമായ രാജാ ഹരിശ്ചന്ദ്ര 1913 മേയ് 3-നാണ് പ്രദർശനത്തിനെത്തിയത്.[7] ഇതിനും 12 വർഷങ്ങൾക്കു ശേഷം, 1925-ലാണ് കേരളത്തിൽ ആദ്യ തിയേറ്റർ വന്നത്—കോഴിക്കോട് ക്രൗൺ. തൃശ്ശൂർ രാമവർമ്മ (1930), തൃശ്ശൂർ ജോസ് (1931), തിരുവനന്തപുരം ചിത്ര (1931) എന്നിവയും ആദ്യകാല തിയേറ്ററുകളാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷാചിത്രങ്ങളായിരുന്നു പ്രധാനമായും പ്രദർശിപ്പിച്ചത്.

നിശ്ശബ്ദചിത്രങ്ങൾ

തിരുത്തുക

1927 സെപ്റ്റംബറിൽ ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശനത്തിനെത്തി.[8] ഇതിനും ഒരു വർഷത്തിനു ശേഷം 1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശ്ശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ഡാനിയേൽ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരൻറെ സംവിധായകനും നിർമ്മാതാവും. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് ഡാനിയേൽ തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ട് ഈ സ്റ്റുഡിയോയിൽ വച്ചാണ് വിഗതകുമാരൻ പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്ന ശാരദവിലാസത്തിലാണ് സ്റ്റുഡിയോ ഒരുക്കിയത്. നായികയായിരുന്ന റോസിയ്ക്ക് പിന്നീട് സമൂഹത്തിൽ നിന്നു പല മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നു. തിരുവന്തപുരത്ത് ദി കാപിറ്റോൾ തിയേറ്ററിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രശസ്ത അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാഴ്ച്ചയ്ക്കുശേഷം കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, തലശ്ശേരി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഇത്രയധികം പ്രദർശനങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല.[9] ഈ പരാജയത്തോടുകൂടി ഡാനിയേലിന് തന്റെ സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു.

ആദ്യ മലയാളചിത്രത്തിൻറെ അമരക്കാരൻ എന്ന നിലയ്ക്ക് ഡാനിയേലിനെയാണ് മലയാളസിനിമയുടെ പിതാവ് എന്ന് വിളിക്കുന്നത്. മലയാള സിനിമയിലെ പരമോന്നത ബഹുമതി നൽകുന്നത് ജെ.സി ഡാനിയേലിൻറെ പേരിലാണു. ജെ. സി. ഡാനിയേലിൻറെ ജീവിതകഥയെ അടിസ്ഥാനമാക്കി 2013ൽ സംവിധായകൻ കമൽ സെല്ലുലോയിഡ് എന്ന പേരിൽ ഒരു സിനിമ ചെയ്തിട്ടുണ്ട്.

മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശ്ശബ്ദചിത്രം 1931-ൽ പ്രദർശനത്തിനെത്തിയ മാർത്താണ്ഡവർമ്മയാണ്. സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥാനമാക്കി മദിരാശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ജെ.സി. ഡാനിയേലിൻറെ ബന്ധു കൂടിയായ ആർ. സുന്ദർരാജാണ് ചിത്രം നിർമ്മിച്ചത്. കാപിറ്റോൾ തിയേറ്ററിൽ തന്നെയാണ് ഈ ചിത്രവും റിലീസ് ചെയ്തത് . നോവലിൻറെ പകർപ്പവകാശം സംബന്ധിച്ച പരാതിയെത്തുടർന്ന് അഞ്ചു ദിവസത്തെ പ്രദർശനത്തിനു ശേഷം ചിത്രത്തിൻറെ പ്രിൻറ് പ്രസാധകർക്കു വിട്ടുകൊടുക്കേണ്ടിവന്നു. പൂനയിലെ നാഷണൽ ഫിലിം ആർക്കൈവ്സിൽ ഈ പ്രിൻറ് സൂക്ഷിച്ചിട്ടുണ്ട്.[10]

ആദ്യകാല ശബ്ദചിത്രങ്ങൾ

തിരുത്തുക
 
ബാലനിലെ ഒരു രംഗം

1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച സേലം മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പെട്ട ബാലൻ ആണ് മലയാളത്തിലെ ആദ്യ ശബ്ദചിത്രം. നാഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായിരുന്ന [11] എ.സുന്ദരം പിള്ള 1929-ൽ എഴുതിയ വിധിയും മിസ്സിസ്സ് നായരും എന്ന കഥയെ അടിസ്ഥാനമാക്കി ചിത്രം സംവിധാനം ചെയ്തത് പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് എന്ന എസ്.നെട്ടാണിയാണ്. മുതുകുളം രാഘവൻ പിള്ള തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി. 1937 ആഗസ്റ്റ് 17-ന് നിർമ്മാണം തുടങ്ങിയ ചിത്രം 1938 ജനുവരി 10-ന് തിയേറ്ററുകളിലെത്തി. കുഞ്ഞമ്മു എന്ന നടിയായിരുന്നു ആദ്യനായികയായി അഭിനയിക്കേണ്ടിയിരുന്നത്. കോട്ടക്കൽ നാടകസമിതി അംഗമായ കെ. കുഞ്ചു നായർ (കെ.കെ. അരൂർ), എം.കെ. കമലം എന്നിവർ നായികാ-നായകന്മാരായി വേഷമിട്ടു. ബാലനുവേണ്ടി ആദ്യം റെക്കൊർഡു ചെയ്ത ശബ്ദം മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആലപ്പി വിൻസന്റിന്റേതാണ്. "ഹലോ മിസ്റ്റർ!" എന്നായിരുന്നു ഡയലോഗ്. മദ്രാസിലെ ശ്യാമള പിക്ചേഴ്സ് വിതരണം ചെയ്ത ബാലൻ നല്ല സാമ്പത്തികവിജയം നേടി. ഹിന്ദി - തമിഴ് ഗാനങ്ങളുടെ ഈണങ്ങൾ ആധാരമാക്കി മുതുകുളം രാഘവൻ പിള്ള എഴുതി, മദിരാശിയിൽ നിന്നു വന്ന വയലിസ്റ്റ് ഗോപാലനായിഡുവും ബാലനിലെ പ്രധാന നടനും ഗായകനുമായ കെ.കെ. അരൂർ, ഹാർമോണിസ്റ്റ് ഇബ്രാഹിം എന്നിവർ പഠിപ്പിച്ച 23 ഗാനങ്ങൾ ബാലനിലുണ്ടായിരുന്നു.[12][13]

ബാലന്റെ വിജയത്തോടെ തമിഴരായ ചിലർ മലയാളചലച്ചിത്രനിർമ്മാണത്തിനിറങ്ങി. അപ്പൻ തമ്പുരാന്റെ ഭൂതരായർ ചലച്ചിത്രമാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. എസ്.നെട്ടാണി തന്നെ സംവിധാനം ചെയ്യാനിരുന്ന ചിത്രം നീണ്ട ഒമ്പതു മാസക്കാലത്തെ റിഹേഴ്സലിനു ശേഷം ചിത്രീകരണം അവസാനിപ്പിക്കുകയായിരുന്നു. 1940 മാർച്ചിൽ എസ്.നെട്ടാണിയുടെ തന്നെ സംവിധാനത്തിൽ ജ്ഞാനാംബിക എന്ന നാലാമത്തെ മലയാളചിത്രം പുറത്തിറങ്ങി. സി. മാധവൻ പിള്ളയുടെ നോവലിനെ അടിസ്ഥാനമാക്കി അണ്ണാമലൈ ചെട്ടിയാരാണ് ചിത്രം നിർമ്മിച്ചത്.[14] മലയാളത്തിൽ ആദ്യമായി ഒരു പുരാണകഥ സിനിമയായത് 1941-ൽ പുറത്തിറങ്ങിയ പ്രഹ്ലാദയിലൂടെയാണ്. മദ്രാസിലെ യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് കെ.സുബ്രമണ്യമാണ്.[15]

പ്രഹ്ലാദയ്ക്കു ശേഷം ഏഴു വർഷക്കാലം മലയാളത്തിൽ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല. എങ്കിലും, മലയാള സിനിമയുടെ പില്ക്കാല വളർച്ചയിൽ സ്വാധീനം ചെലുത്തിയ നിരവധി പ്രദർശന-വിതരണ കമ്പനികൾ സ്ഥാപിക്കപ്പെട്ടത് ഈ കാലയളവിലാണ്. 1947-ൽ കുഞ്ചാക്കോയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ ഉദയാ സ്റ്റുഡിയോ സ്ഥാപിക്കപ്പെട്ടതും ഈ കാലയളവിലെ പ്രധാന നേട്ടമാണ്. മലയാളചലച്ചിത്ര നിർമ്മാണം മദ്രാസിൽ നിന്ന് കേരളത്തിലേക്ക് പറിച്ചുനടാൻ കാരണമായത് ഉദയാ സ്റ്റുഡിയോയും 1952-ൽ പി.സുബ്രമണ്യം നേമത്തു സ്ഥാപിച്ച മെരിലാന്റ് സ്റ്റുഡിയോയുമാണ്. മലയാളത്തിലെ ആറാമത്തെ ചിത്രം പുറത്തിറങ്ങിയത് 1948-ലാണ്. പ്രമുഖ നാടകനടനായിരുന്ന പി.ജെ. ചെറിയാൺ കേരള ടാക്കീസിന്റെ ബാനറിൽ നിർമ്മിച്ച നിർമ്മലയായിരുന്നു ആ ചിത്രം. മലയാളിയായ പി.വി. കൃഷ്ണയ്യരായിരുന്നു നിർമ്മല സംവിധാനം ചെയ്തത്. മലയാളത്തിൽ പിന്നണിഗാനാലാപനസമ്പ്രദായം ആരംഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. നടീനടന്മാർ തന്നെ പാടിയഭിനയിക്കുന്ന രീതിയായിരുന്നു പ്രഹ്ലാദ വരെ നിലനിന്നിരുന്നത്.[16] ഉദയാ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രമാണ് വെള്ളിനക്ഷത്രം (1949). ജർമ്മൻകാരനായ ഫെലിക്സ്.ജെ.ബെയിസായിരുന്നു സംവിധായകൻ. ബാലനു ശേഷം വന്ന ഈ ചിത്രങ്ങളിലൊന്നിനും ശരാശരി പ്രദർശനവിജയം പോലും നേടാനായില്ല.[17]

1950-ൽ ആറു മലയാളചിത്രങ്ങൾ പുറത്തുവന്നു. നല്ലതങ്ക, സ്ത്രീ, ശശിധരൻ, പ്രസന്ന, ചന്ദ്രിക, ചേച്ചി എന്നീ ചിത്രങ്ങളിൽ ഉദയായുടെ നല്ലതങ്ക പ്രദർശനവിജയം നേടിയപ്പോൾ മറ്റുചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.[18] സ്ത്രീ എന്ന ചിത്രത്തിലൂടെ തിക്കുറിശ്ശി സുകുമാരൻ നായർ രംഗത്തെത്തിയതാണ് ഈ വർഷത്തെ പ്രധാന സംഭവം. 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹമാണ് മലയാളത്തിലെ ആദ്യ സൂപ്പർതാരമായി എന്നറിയപ്പെടുന്നത്.[19] 1951-ൽ മലയാളസിനിമയിലെ ആദ്യ സൂപ്പർഹിറ്റ് ജീവിതനൗകയുൾപ്പെടെ ആറു ചിത്രങ്ങൾ പുറത്തുവന്നു. കെ.വി. കോശിയും കുഞ്ചാക്കോയും ഉദയാ സ്റ്റുഡിയോ കേന്ദ്രമാക്കി ആരംഭിച്ച കെ ആൻഡ് കെ കമ്പയിൻസിന്റെ ബാന്നറിൽ നിർമ്മിച്ച ജീവിതനൗക കെ.വെമ്പുവാണ് സംവിധാനം ചെയ്തത്. ഒരു തിയേറ്ററിൽ 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ റെക്കോർഡു തിരുത്താൻ ഇന്നും വിരലിലെണ്ണാവുന്ന ചിത്രങ്ങൾക്കേ സാധിച്ചിട്ടുള്ളൂ.[20] കേരളകേസരി, രക്തബന്ധം, പ്രസന്ന, വനമാല, യാചകൻ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. മലയാളസിനിമയെ പതിറ്റാണ്ടുകൾ അടക്കിവാണ പ്രേം നസീറിന്റെ അരങ്ങേറ്റം കണ്ട വർഷമാണ് 1952. എസ്.കെ. ചാരിയുടെ മരുമകൾ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ആ വർഷം തന്നെയിറങ്ങിയ മോഹൻ റാവുവിന്റെ വിശപ്പിന്റെ വിളിയിലൂടെ നസീർ തന്റെ താരപദവി ഉറപ്പിച്ചു.[21] പിൽക്കാലത്തെ പ്രശസ്തനായ സത്യന്റെ ആദ്യചിത്രമായ ആത്മസഖിയും 1952-ൽ പുറത്തിറങ്ങി. 1952-ൽ 11 ചിത്രങ്ങൾ റിലീസ് ചെയ്തതിൽ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങൾ മാത്രമാണ് പ്രദർശനവിജയം നേടിയത്.[21] 1953-ൽ പുറത്തിറങ്ങിയ 7 ചിത്രങ്ങളിൽ തിരമാല, ശരിയോ തെറ്റോ എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ശരിയോ തെറ്റോ എന്ന ചിത്രത്തിന്റെ രചന, സംവിധാനം, ഗാനരചന, അഭിനയം, നിർമ്മാണം എന്നിവയെല്ലാം നിർവ്വഹിച്ചത് തിക്കുറിശ്ശി സുകുമാരൻ നായരാണ്. ലോകത്തിൽ തന്നെ ആദ്യമായായിരുന്നു ഒരാൾ ഇങ്ങനെ എല്ല മേഖലകളിലും പ്രവർത്തിച്ച് ഒരു ചിത്രം പുറത്തിറങ്ങുന്നത്.[19]

 
നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന പ്രേം നസീർ

മലയാളസിനിമയിലെ നാഴികക്കല്ലായ നീലക്കുയിൽ പുറത്തിറങ്ങിയത് 1954-ലാണ്. ടി.കെ. പരീക്കുട്ടി സാഹിബ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്നാണ്. തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമായിരുന്നു നീലക്കുയിൽ. ആദ്യമായി ദേശീയപുരസ്ക്കാരം നേടിയ മലയാളചിത്രമെന്ന ബഹുമതിയും നീലക്കുയിലിനു സ്വന്തം. മികച്ച മലയാളചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡലാണ് ചിത്രം നേടിയത്.[22][23]

ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രം മലയാളത്തിലാണ്— 1955-ൽ പുറത്തുവന്ന ന്യൂസ്പേപ്പർ ബോയ്. ഒരു സംഘം കോളേജുവിദ്യാർത്ഥികൾ ചേർന്നു രൂപം നൽകിയ ആദർശ് കലാമന്ദിർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് അവരിൽതന്നെയൊരാളായ പി. രാമദാസാണ്. സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും മലയാളസിനിമയിൽ വളരെയധികം പേരെടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു.[24] ന്യൂസ്പേപ്പർ ബോയോടു കൂടി സീരിയസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു. പ്രമുഖ സാഹിത്യകാരന്മാരുടെ പല കൃതികളും ഈ കാലയളവിൽ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു. സ്നേഹസീമ, നായരു പിടിച്ച പുലിവാല്, രാരിച്ചൻ എന്ന പൗരൻ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഉമ്മാച്ചു, ഭാർഗ്ഗവീനിലയം, ചതുരംഗം എന്നീ ചിത്രങ്ങൾ ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു.

 
ചെമ്മീന്റെ പോസ്റ്റർ. ദക്ഷിണേന്ത്യയിലെ ആദ്യ ശ്രദ്ധേയചിത്രമായി ചെമ്മീൻ വിലയിരുത്തപ്പെടുന്നു

സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ തന്നെയാണ് 1960-കളിലെയും ശ്രദ്ധേയ ചിത്രങ്ങൾ. മൂലകൃതിയുടെ രചയിതാക്കൾ തന്നെ പലതിനും തിരക്കഥ ഒരുക്കിയതും ചിത്രങ്ങളുടെ നിലവാരത്തെ കാര്യമായി വർദ്ധിപ്പിച്ചു. മികച്ച സാങ്കേതികത്തികവൊന്നും അവകാശപ്പെടാനില്ലെങ്കിലും മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബെച്ച കോട്ട് 1961-ൽ പുറത്തിറങ്ങി. ബാലന്റെ നിർമ്മാതാവയ ടി.ആർ. സുന്ദരം തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചത്.[25] 1961-ൽ തന്നെ കളർ ചിത്രനിർമ്മാണം കേരളത്തിൽ വികസിച്ചെങ്കിലും 1976-ഓടു കൂടിയാണ് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ അപ്രത്യക്ഷമായത്. അതുവരെ ഏകദേശം തുല്യമായി കളർ-ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിക്കൊണ്ടിരുന്നു.

മലയാളസിനിമാ ചരിത്രത്തിൽ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങൾ അറുപതുകളിൽ പുറത്തിറങ്ങി. ഭാർഗവീനിലയം (1964), ഓടയിൽ നിന്ന്, ചെമ്മീൻ, മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967) എന്നീ ചിത്രങ്ങൾ ഇതിൽ എടുത്തു പറയേണ്ടവയാണ്. 1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണ്ണ ചക്രം ചെമ്മീൻ നേടി. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.[26] ഈ ചലച്ചിത്രം ഇന്റർനാഷണൽ തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാളചിത്രവുമാണ്. കാൻ ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഷിക്കാഗോ ചലച്ചിത്രമേളയിൽ മെരിറ്റ് സർട്ടിഫിക്കറ്റും ചിത്രം നേടി.[27][28]

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്ത ചിത്രങ്ങളായിരുന്നു 60-കളിൽ കൂടുതലായും നിർമ്മിക്കപ്പെട്ടത്. സംഗീതത്തിനും ഈ കാലഘട്ടത്തിലെ ചിത്രങ്ങളിൽ വലിയ പ്രാധാന്യം ലഭിച്ചിരുന്നു. കെ.എസ്. സേതുമാധവൻ, രാമു കാര്യാട്ട്, കുഞ്ചാക്കോ, പി. സുബ്രഹ്മണ്യം എന്നിവരായിരുന്നു ഇക്കാലത്തെ ചില പ്രധാന സംവിധായകർ.

 
അടൂർ ഗോപാലകൃഷ്ണൻ തന്റെ ചിത്രത്തിനരികിൽ: ലോകത്തിൽലെ തന്നെ മികച്ച സംവിധായകരിലൊരാളാണ് അടൂർ

മലയാളസിനിമ ഇന്ത്യയിലെ മികച്ച ഇൻഡസ്ട്രിയായി മാറിയത് 1970-കളോടെയാണെന്നു പറയാം. നിരവധി കഴിവുറ്റ സംവിധായകരും സാങ്കേതികപ്രവർത്തകരും ഈ കാലയളവിൽ രംഗത്തുവന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഫൈനാൻസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം ചലച്ചിത്രപഠനത്തിനും നിർമ്മാണത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969-ൽ ആരംഭിച്ചതും ഈ നവോത്ഥാനത്തിനു സഹായകമായി. മലയാളസിനിമയുടെ ഈ പുത്തനുണർവ്വിനു തുടക്കം കുറിച്ചത് 1970-ൽ പുറത്തിറങ്ങിയ പി.എൻ. മേനോന്റെ ഓളവും തീരവുമാണ്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയും മികച്ച സാങ്കേതികതയും ചിത്രത്തെ മികവുറ്റതാക്കി. സമാന്തരസിനിമ എന്നൊരു ശ്രേണിയുടെ തുടക്കത്തിനും ഈ സിനിമ കാരണമായി.[29] ലോകത്തിലെ തന്നെ മികച്ച സംവിധായകരുടെ പട്ടികയിൽപ്പെടുന്ന അടൂർ ഗോപാലകൃഷ്ണൻ രംഗത്തുവന്നത് 1972-ലാണ്—സ്വയംവരം എന്ന ചിത്രത്തിലൂടെ. സംസ്ഥാന-ദേശീയപുരസ്കാരങ്ങൾ വാരിക്കൂട്ടിയ സ്വയംവരം അന്തർദേശീയതലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ചിത്രങ്ങളിലൊന്നായിരുന്നു. സ്റ്റുഡിയോകളിൽ മാത്രം സിനിമ ചിത്രീകരിക്കുന്ന പതിവിനു അപ്പൊഴേക്കും മാറ്റം വന്നിരുന്നു. സാങ്കേതികമായി ഉന്നതനിലവാരം പുലർത്തിയ സ്വയംവരത്തിലൂടെയാണ് യഥാർത്ഥ പശ്ചാത്തലത്തിന്റെ ശബ്ദം നേരിട്ടു സിനിമയിലേക്കു പകർത്തുന്ന സംവിധാനം വികസിച്ചത്.[30]

വിശ്വപ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സംവിധാനനിർവ്വഹണത്തിൽ നിർമ്മാല്യം 1973-ൽ പുറത്തിറങ്ങി. മികച്ച ചിത്രത്തിനും അഭിനേതാവിനും (പി.ജെ. ആന്റണി) ഉള്ള ദേശീയപുരസ്ക്കാരങ്ങൾ ഈ ചിത്രം നേടി.[31][32] 1974-ലാണ് ജി. അരവിന്ദൻ രംഗപ്രവേശനം നടത്തിയത്—ഉത്തരായനം എന്ന വിഖ്യാത ചിത്രത്തിലൂടെ.[33] ഇന്ത്യൻ സമാന്തരചലച്ചിത്രരംഗത്ത് ഏറ്റവുമധികം സംഭാവനകൾ നൽകിയ സംവിധായകരായിരുന്നു അരവിന്ദനും അടൂരും. 1975-ൽ പുറത്തിറങ്ങിയ കെ.ജി. ജോർജിന്റെ സ്വപ്നാടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയൊരു ആഖ്യാനശൈലി അദ്ദേഹം ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചു. മലയാള മധ്യവർത്തിസിനിമയുടെ നെടുംതൂണുകളായിരുന്ന ഭരതനും പത്മരാജനും രംഗത്തെത്തിയതും 1975-ലാണ്—പ്രയാണം എന്ന ചിത്രത്തിലൂടെ. 1975-ൽ തന്നെ പുറത്തിറങ്ങിയ പുനർജന്മം ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ആയിരുന്നു.[34]

കെ.പി. കുമാരന്റെ അതിഥിയും 1975-ൽ പുറത്തുവന്നു. തുടർന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി കടന്നുവന്നവരാണ് പി.എ. ബക്കർ (കബനീനദി ചുവന്നപ്പോൾ), ജി. എസ്. പണിക്കർ (ഏകാകിനി), രാജീവ്നാഥ് (തണൽ) തുടങ്ങിയവർ. 1977-ൽ അരവിന്ദന്റെ കാഞ്ചനസീത പുറത്തുവന്നു. പുരാണകഥയുടെ അതിനൂതനമായ ഈ ആവിഷ്കാരം ദേശീയതലത്തിൽ തന്നെ സംസാരവിഷയമായി.[33][35] അടൂരിന്റെ കൊടിയേറ്റവും ഈ വർഷം പുറത്തിറങ്ങി.[30] എം.ടി.യുടെ ബന്ധനം, ബക്കറിന്റെ മണിമുഴക്കം എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. ഭരതൻ-പത്മരാജൻ ടീമിന്റെ രതിനിർവ്വേദം (1977) ദക്ഷിണേന്ത്യൻ ചലച്ചിത്രസങ്കല്പങ്ങളെ തന്നെ മാറ്റിമറിച്ച ചിത്രമാണ്.[34] 1978-ൽ മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു പുറത്തിറങ്ങി. കേരളത്തിൽ പലയിടങ്ങളിലും ഫിലിം സൊസൈറ്റികൾ ഈ കാലയളവിൽ സ്ഥാപിക്കപ്പെട്ടു. ലോകസിനിമയെപ്പറ്റി പ്രേക്ഷകർ കൂടുതൽ ബോധവാന്മാരകുവാൻ ഇത്തരം പ്രസ്ഥാനങ്ങൾ സഹായകമായി. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ 1965-ൽ തിരുവന്തപുരത്ത് ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി.[36] 70-കളുടെ അവസാനത്തോടും 80-കളുടെ ആദ്യത്തോടും കൂടി അനവധി മുഖ്യധാരാസിനിമാക്കാർ രംഗത്തു വന്നു. ജേസി (ശാപമോക്ഷം), ഹരിഹരൻ (രാജഹംസം), ഐ.വി. ശശി (ഉത്സവം), മോഹൻ (രണ്ടു പെൺകുട്ടികൾ), ജോഷി (ടൈഗർ സലിം), സി. രാധാകൃഷ്ണൻ (അഗ്നി), കെ. ആർ. മോഹനൻ (അശ്വത്ഥാമാവ്), ബാലചന്ദ്ര മേനോൻ (ഉത്രാടരാത്രി, രാധ എന്ന പെൺകുട്ടി), പവിത്രൻ (യാരോ ഒരാൾ) എന്നിവർ ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. പ്രേം നസീറിന്റെ താരാധിപത്യത്തോടൊപ്പം, സഹതാരങ്ങളായി എത്തിയ സുകുമാരൻ, ജയൻ, സോമൻ, എന്നിവർ നായകപദവിയിലേക്കുയർന്നു. ഷീല, ശാരദ തുടങ്ങിയവർ പിന്തള്ളപ്പെടുകയും സീമ, ശ്രീവിദ്യ, അംബിക തുടങ്ങിയവർ രംഗത്തെത്തുകയും ചെയ്തു. ജയഭാരതി ഈ കാലയളവിലും സജീവമായി രംഗത്തുണ്ടായിരുന്നു.

എഴുപതുകളുടെ അവസാനം മുതൽ എൺപതുകളുടെ അവസാനം വരെയുള്ള കാലഘട്ടത്തെയാണ് പൊതുവേ മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിളിക്കുന്നത്. കലാമേന്മയും ജനപ്രീതിയും ഒരുപോലെ സ്വന്തമാക്കിയ മധ്യവർത്തിസിനിമകളുടെ വരവ് എൺപതുകളുടെ തുടക്കതോടുകൂടിയാണ്. സമാന്തരസിനിമയുടെയും ജനപ്രിയസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്നാണ് മധ്യവർത്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അരവിന്ദൻ, അടൂർ, ജോൺ എബ്രഹാം എന്നിവർ സമാന്തരസിനിമയുടെയും ഭരതൻ, പത്മരാജൻ, കെ. ജി. ജോർജ്ജ്, മോഹൻ എന്നിവർ മധ്യവർത്തിസിനിമയുടെയും ഐ.വി. ശശി, സത്യൻ അന്തിക്കാട്, സിബി മലയിൽ, പ്രിയദർശൻ തുടങ്ങിയവർ ജനപ്രിയസിനിമയുടെയും വക്താക്കളായിരുന്നു. മെലോഡ്രാമകളിലൂടെ ശ്രദ്ധേയനായ ഫാസിൽ രംഗത്തെത്തിയതും ഈ സമയത്താണ്. നസീറിനു ശേഷം മലയാളസിനിമയെ ദീർഘകാലം വാണ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ രംഗപ്രവേശനവും 80-കളുടെ ആദ്യം തന്നെ നടന്നു. മേളയിലൂടെ മമ്മൂട്ടിയും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാലും ചലച്ചിത്രരംഗത്തെത്തി. അടൂരിന്റെ എലിപ്പത്തായം, മുഖാമുഖം, അനന്തരം; അരവിന്ദന്റെ എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്; ഭരതന്റെ ചാമരം, കാറ്റത്തെ കിളിക്കൂട്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി; പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാർക്കാന് മുന്തിരിത്തോപ്പുകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ,തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം; കെ. ജി. ജോർജ്ജിന്റെ യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്; ബാലു മഹേന്ദ്രയുടെ യാത്ര എന്നിവ ഈ ദശാബ്ദത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രശ്നങ്ങൾ ജനപ്രീതി പിടിച്ചു പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തിലെ ചിത്രങ്ങളുടെ വിജയം. ഇതിൽ ജയൻ,മമ്മുട്ടി , മോഹൻലാൽ എന്നീ താരനായകന്മാരുടെ വളർച്ചക്ക് അടിത്തറ പാകിയ അങ്ങാടി , അഹിംസ, ഈനാട് , അടിമകൾ ഉടമകൾ എന്നീ ജനപ്രിയ രാഷ്ട്രീയ സിനിമകളിലൂടെ ഐ.വി.ശശി - ടി.ദാമോദരൻ ടീം എൺപതുകളിൽ മുഖ്യധാരയിൽ പുതിയ വിജയചരിത്രമെഴുതി. അദ്യത്തെ 70 എം.എം സിനിമയായ പടയോട്ടം 1982-ലും ഇന്ത്യയിലെ ആദ്യത്തെ ത്രിമാനചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ 1984-ലും പുറത്തിറങ്ങി.[37][38][39] മങ്കട രവിവർമ്മ,പി.എസ്. നിവാസ്,വേണു, മധു അമ്പാട്ട്, വിപിൻദാസ് തുടങ്ങിയ ഛായഗ്രാഹകരും ജോൺസൺ, ശ്യാം, ഗുണാ സിങ്ങ് തുടങ്ങിയ പശ്ചാത്തലസംഗീത വിദഗ്ദ്ധരും ഈ കാലയളവിൽ ശ്രദ്ധേയ ചിത്രങ്ങൾ ചെയ്തു. ശ്രീനിവാസൻ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ജീവിതഗന്ധിയായ മികച്ച പല ചിത്രങ്ങളും 80-കളിൽ പുറത്തുവന്നു.[40] 1988-ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ പിറവി അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം ബഹുമതികൾ വാരിക്കൂട്ടിയ ഇന്ത്യൻ ചലച്ചിത്രമാണ്.[41] തൊട്ടടുത്ത വർഷം വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന കഥ അടൂർ ചലച്ചിത്രമായി അവിഷ്കരിച്ചു.[42] മമ്മൂട്ടി നായകനായി അഭിനയിച്ച ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.[30] ഇതേ വർഷം തന്നെ പുറത്തിറങ്ങിയ സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് മലയാളിക്ക് മറ്റൊരു പ്രമേയശൈലി കാഴ്ച്ച വെച്ചു. നടൻ ജയന്റെ ചിത്രീകരണത്തിനിടെയുള്ള അപകടമരണവും (1980) സംവിധായകൻ ജോൺ എബ്രഹാമിന്റെ ദുരൂഹമരണവും (1987) 1980-കളിലെ കറുത്ത സംഭവങ്ങളായി.[43][44]

പതിറ്റാണ്ടുകൾ മലയാളസിനിമയിലെ ഒന്നാം നിരക്കാരനായിരുന്ന പ്രേം നസീറിന്റെ മരണത്തിനുശേഷമാണ് 90-കൾ കടന്നുവന്നത്.[45] പത്മരാജൻ, അരവിന്ദൻ, പി.എ. ബക്കർ, അടൂർ ഭാസി എന്നിവരെയും 90-കളുടെ തുടക്കത്തിൽ മലയാളസിനിമയ്ക്ക് നഷ്ടമായി. 1990-ൽ ഇറങ്ങിയ പെരുന്തച്ചൻ ഛായാഗ്രഹണത്തിൽ വളരെ മികച്ച നിലവാരം പുലർത്തിയ സിനിമയായിരുന്നു. സന്തോഷ് ശിവൻ എന്ന ലോകപ്രശസ്ത ഛായാഗ്രാഹകന്റെ കഴിവുകൾ മലയാളിക്ക് മനസ്സിലാക്കി കൊടുക്കുവാൻ ആ ഒറ്റ സിനിമയ്ക്ക് കഴിഞ്ഞു.[അവലംബം ആവശ്യമാണ്] 1993-ൽ പുറത്തിറങ്ങിയ ഫാസിലിന്റെ മണിച്ചിത്രത്താഴ് മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്.[46] ഏറ്റവുധികം ഭാഷകളിൽ റീമേക്ക് ചെയ്ത മലയാളചിത്രം മണിച്ചിത്രത്താഴാണ്.[47] 1996-മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം കാലാപാനി പുറത്തിറങ്ങി. 1997-ൽ പുറത്തിറങ്ങിയ രാജീവ് അഞ്ചലിന്റെ ഗുരു ആ വർഷത്തെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു.[48]

ജനപ്രിയ സിനിമകൾ ധാരാളമായി ഇറങ്ങിയ കാലഘട്ടമാണ് തൊണ്ണൂറുകൾ. 1989-ലെ പി. ചന്ദ്രകുമാറിന്റെ ആദ്യപാപത്തിന്റെ ഗംഭീരവിജയം ഒട്ടനവധി "അഡൽറ്റ്" ചിത്രങ്ങൾക്കും വഴിയൊരുക്കി. 2000 ആദ്യം വരെ ഇത്തരം ചിത്രങ്ങൾ അരങ്ങുവാഴുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.[49] കോമഡി - ആക്ഷൻ ചിത്രങ്ങൾ കൂടുതലായി ഇറങ്ങിയത് മലയാളചിത്രങ്ങളുടെ കലാമേന്മയെ കാര്യമായി ബാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. ഈ അപജയത്തിൽ നിന്നും മലയാള സിനിമയ്ക്ക് കരകയറാനായത് വർഷങ്ങൾക്കു ശേഷം മാത്രമാണ്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ഷാജി കൈലാസ്, ഫാസിൽ, ഷാജി എൻ. കരുൺ, ജോഷി എന്നിവരായിരുന്നു ഈ കാലഘട്ടത്തിലെ പ്രമുഖ സംവിധായകർ. മലയാളസിനിമ താരാധിപത്യത്തിനു കീഴിലായതും ഫാൻസ് അസോസിയേഷനുകൾ സജീവമായതും 90-കളോടു കൂടിയാണ്.[50]

മലയാള സിനിമ 2000-2010

തിരുത്തുക

ആക്ഷൻ-മസാല ശ്രേണിയിൽ വരുന്ന ചിത്രങ്ങളാണ് 2000 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലും കൂടുതലായും പുറത്തുവന്നത്. 1993-ലെ ദേവാസുരത്തിന്റെ ചുവടുപറ്റി വന്ന തമ്പുരാൻ ചിത്രങ്ങളും സ്ലാപ്സ്റ്റിക് കോമഡിയ്ക്ക് ഏറെ പ്രാധാന്യം കൊടുത്ത മസാല ചിത്രങ്ങളും നിരവധിയാണ്. ജോണിയുടെ സി.ഐ.ഡി. മൂസ (2003). ആന്റണി, ലാൽ ജോസിന്റെ മീശ മാധവൻ (2002), ശശി ശങ്കർ സംവിധാനം ചെയ്‌ത കുഞ്ഞിക്കൂനൻ (2002) എന്നിവ ഉദാഹരണങ്ങളാണ്. മോഹൻലാൽ നായകനായ നരസിംഹം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റോടെയാണ് 2000 ആരംഭിച്ചത്. 2001-ൽ ഒരേയൊരു നടൻ മാത്രമുള്ള ലോകത്തിലെ ആദ്യത്തെ ചിത്രം ദി ഗാർഡ് പുറത്തിറങ്ങി.നിരവധി വിജയചിത്രങ്ങളുടെ തുടർഭാഗങ്ങൾ നിർമ്മിച്ചു.മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ്, നന്ദനം, പെരുമഴക്കാലം തുടങ്ങി ചില സിനിമകൾ മാതൃകാപരമായ ചലച്ചിത്രനിർമ്മാണത്തിന്റെ ഉദാഹരണങ്ങളായിരുന്നു., ഒപ്പം 2008-ൽകാഴ്ച. അമ്മയ്ക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി മലയാള സിനിമാ കലാകാരന്മാർ ഒന്നിച്ച് മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി: 20 എന്ന ചിത്രവുമെത്തി. രഞ്ജിത്ത്, ബ്ലെസ്സി, തുടങ്ങിയ മികവു തെളിയിച്ച നിരവധി സംവിധായകർ ഈ കാലഘട്ടത്തിൽ സംവിധായക രംഗത്തേക്ക് വന്നവരാണ്. ഫാൻസ് അസോസിയേഷനുകളുടെ സ്വാധീനവും ഈ കാലഘട്ടത്തിലെ സിനിമകളെ ബാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.

മലയാള സിനിമ 2010-2020

തിരുത്തുക

2010-2011 കാലഘട്ടത്തിലാണ് മലയാളത്തിൽ മാറ്റത്തിന്റെ ധ്വനി ഉയർന്നത്. ഏറെ പ്രശംസിക്കപ്പെട്ട ട്രാഫിക്ക് എന്ന ചിത്രത്തോടു കൂടിയാണ് ഈ മാറ്റം എന്നു വിലയിരുത്തപ്പെടുന്നു. 'പുതുതലമുറ ചിത്രങ്ങൾ'[51] എന്നു വിശേഷിക്കപ്പെട്ട ചിത്രങ്ങളായിരുന്നു തുടർന്നങ്ങോട്ടു ചലച്ചിത്ര രംഗം വാണത്. ആഷിഖ് അബു (സോൾട്ട് ആന്റ് പെപ്പർ, 22 ഫീമെയിൽ കോട്ടയം), ലിജോ ജോസ് പെല്ലിശ്ശേരി (നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ), അരുൺ കുമാർ (കോക്ക്ടെയിൽ, ഈ അടുത്ത കാലത്ത്), സമീർ താഹിർ (ചാപ്പാ കുരിശ്), മാധവ് രാമദാസൻ (മേൽവിലാസം), വി.കെ. പ്രകാശ് (ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്) തുടങ്ങിയവർ ഇത്തരം ചിത്രങ്ങളുടെ വക്താക്കളായിരുന്നു. സംവിധായകരുടെ കൂട്ടായ്മയിൽ നിർമ്മിക്കപ്പെട്ട കേരള കഫേയും അഞ്ച് സുന്ദരികളും മികച്ച സംരംഭങ്ങളായിരുന്നു. മികച്ച സാങ്കേതികത്തികവ് അവകാശപ്പെടാവുന്നവയായിരുന്നു പുതുതലമുറ ചിത്രങ്ങളെങ്കിലും ഇവ മലയാള സിനിമയെ നഗരകേന്ദ്രീകൃതമാക്കി എന്നു വിമർശിക്കപ്പെടുന്നു.

സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു 2011-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു. കൂടാതെ ആ വർഷത്തെ മികച്ച ചിത്രം, മികച്ച നടൻ (സലീം കുമാർ) ഉൾപ്പെടെ പ്രധാന ദേശീയപുരസ്കാരങ്ങളും ഈ ചിത്രം വരിക്കൂട്ടി. 2013-ൽ പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ കടക്കുന്ന ചിത്രമായി മാറിയപ്പോൾ, 2016-ൽ പുറത്തിറങ്ങിയ പുലിമുരുകൻ ആദ്യത്തെ 100 കോടി കടക്കുന്ന ചിത്രമായിമാറി.[52] ഈ ചിത്രങ്ങളുടെ വിജയം നൽകിയ പുത്തനുണർവ്വിലാണ് മലയാള സിനിമ ഇപ്പോൾ.

ഇന്ത്യൻ സിനിമക്ക് നേട്ടമായ മലയാള സിനിമാ പരീക്ഷണങ്ങൾ

തിരുത്തുക
 
ന്യൂസ്പേപ്പർ ബോയുടെ പോസ്റ്റർ
 
ജലച്ചായത്തിന്റെ ചിത്രീകരണത്തിൽ നിന്ന്

1955-ൽ ഇറങ്ങിയ പി. രാമദാസിന്റെ ന്യൂസ്പേപ്പർ ബോയ്ക്കു[53] ശേഷം 1982-ൽ പുറത്തിറങ്ങിയ, ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ചിത്രമായ പടയോട്ടം, ജിജോ പുന്നൂസ് തന്നെ സംവിധാനം ചെയ്ത 1984-ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രം (Stereoscopic 3D) മൈ ഡിയർ കുട്ടിച്ചാത്തൻ, 1993-ൽ പുറത്തിറങ്ങിയ കെ. ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ ചിത്രം ഓ ഫാബി, 2006-ൽ പുറത്തിറങ്ങിയ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ മൂന്നാമതൊരാൾ, 2010-ൽ പുറത്തിറങ്ങിയ, സതീഷ് കളത്തിൽ സംവിധാനം ചെയ്ത മൊബൈൽ ഫോൺ കാമറയിലൂടെ ചിത്രീകരിച്ച ലോകത്തിലെ ആദ്യത്തെ പരീക്ഷണ ചിത്രമായ ജലച്ചായം 2006-ൽ നന്ദഗോപൻ സംവിധാനം ചെയ്ത ഡ്രീംസ് ഓഫ് ആൻ ഓൾഡ് മാൻ ,2017- ൽ നന്ദഗോപൻ സംവിധാനം ചെയ്ത കരിന്തണ്ടനും ചങ്ങല മരവും തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ സിനിമക്കുള്ള മലയാളത്തിന്റെ സംഭാവനകളാണ്.

വഴിത്തിരിവായ സിനിമകൾ

തിരുത്തുക

ന്യൂ ജനറേഷൻ സിനിമകൾ

തിരുത്തുക

പ്രധാനമായും പുതുമകളും, വ്യത്യസ്ത നിറഞ്ഞ അവതരണ രീതിയും, അവകാശപ്പെടുന്ന ചലച്ചിത്രങ്ങളാണ് ന്യൂ ജനറേഷൻ സിനിമകൾ. ആഷിക് അബു,ദിലീഷ് പോത്തൻ,രാജേഷ് പിള്ള,രാജീവ് രവി തുടങ്ങിയ ചിലർ ന്യൂ ജനറേഷൻ സിനിമകളുടെ സംവിധായകർ എന്ന പേരിൽ അറിയപ്പെടുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തോടെ ആണ് മലയാള സിനിമയുടെ ഭൂമികയിൽ ന്യൂ ജനറേഷൻ സിനിമകൾ വളരുവാൻ തുടങ്ങിയത്.ചില ന്യൂ ജനറേഷൻ സിനിമകൾക്ക് ഉദാഹരണം താഴെ നൽകുന്നു.

മലയാള സിനിമയെ അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങൾ

തിരുത്തുക

ഡോക്യുമെന്ററി ചിത്രങ്ങൾ

തിരുത്തുക

കഥാചിത്രങ്ങളെന്നതുപോലെ ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേഖലയിലും മലയാളം ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട കഥാസംവിധായകരിൽ പലരും ഡോക്യുമെന്ററി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തത് അടൂർ ഗോപാലകൃഷ്ണനാണ്. ചിത്രലേഖയ്ക്കു വേണ്ടിയും ഫിലിം ഡിവിഷനു വേണ്ടിയും അദ്ദേഹം നിരവധി ഡോക്യുമെന്ററികൾ ചെയ്തു. ജി. അരവിന്ദൻ, കെ.ആർ. മോഹനൻ, ശിവൻ , നന്ദഗോപൻ എന്നിവരാണ് ഡോക്യുമെന്ററികൾ ധാരാളമായി ചെയ്തിട്ടുള്ള മറ്റു കഥാചിത്ര സംവിധായകർ. മാത്യു പോൾ, കെ.കെ. ചന്ദ്രൻ തുടങ്ങിയവർ ഈ മേഖലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളവരാണ്. കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനും പബ്ലിക് റിലേഷൻസ് വകുപ്പും ചലച്ചിത്ര അക്കാദമിയുമാണ് ഡോക്യുമെന്ററി ചിത്രങ്ങൾ പ്രധാനമായും നിർമ്മിക്കുന്നത്. ഹ്രസ്വ ചലച്ചിത്രങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള ദേശീയപുരസ്കാരങ്ങൾ നിരവധി തവണ മലയാളം കരസ്ഥമാക്കിയിട്ടുണ്ട്.

ചലച്ചിത്രസംഗീതം

തിരുത്തുക
 
നിർമ്മല എന്ന ചിത്രത്തിന്റെ പാട്ടുപുസ്തകത്തിന്റെ കവർ. 1980-കൾ വരെ ചലച്ചിത്രങ്ങളുടെ പ്രധാന വിപണനോപാധിയായിരുന്നു പാട്ടുപുസ്തകങ്ങൾ

മഹത്തായ സംഗീതപാരമ്പര്യം അവകാശപ്പെടാനുള്ള മലയാളം അത് ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിലും മികവു കാട്ടി. ആദ്യ ശബ്ദചിത്രമായ ബാലനിൽ 23 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. 1948-ലെ നിർമ്മലയിലൂടെ പിന്നണിഗാനാലാപനസമ്പ്രദായം നിലവിൽ വന്നു. 1954-ലെ നീലക്കുയിലിലൂടെ കെ. രാഘവൻ മലയാളചലച്ചിത്രസംഗീതത്തിന് അടിത്തറ പാകി. നീലക്കുയിൽ വരെ ഹിന്ദി-തമിഴ് ചലച്ചിത്ര-നാടക ഗാനങ്ങളെ അനുകരിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. നീലക്കുയിലിലൂടെ ഈ രീതിക്ക് വലിയ രീതിയിൽ തന്നെ മാറ്റം വന്നു. സംഗീതപ്രാധാന്യമുള്ള ചിത്രങ്ങൾ കൂടുതലായി പുറത്തുവന്ന 60-കളും 70-കളും മലയാളചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണകാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ദേവരാജൻ, ബാബുരാജ്, കെ. രാഘവൻ, എം.കെ. അർജുനൻ, സലിൽ ചൗധരി, ദക്ഷിണാമൂർത്തി, ആർ.കെ. ശേഖർ, പുകഴേന്തി, എം.എസ്. വിശ്വനാഥൻ, ബി.എ. ചിദംബരനാഥ്, എം.ബി. ശ്രീനിവാസൻ, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജോൺസൺ, ശ്യാം, ഇളയരാജ, എം.ജി. രാധാകൃഷ്ണൻ, ജെറി അമൽദേവ്, എം. ജയചന്ദ്രൻ, ദീപക് ദേവ്, എന്നിവരാണ് ശ്രദ്ധേയരായ സംഗീതസംവിധായകർ. ജോൺസൺ, ശ്യാം, ഗുണാ സിങ്ങ്, ഐസക് തോമസ് കൊട്ടുകപ്പള്ളി, രാജാമണി എന്നിവർ പശ്ചാത്തലസംഗീതരംഗത്തും ശ്രദ്ധേയരായി. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, വയലാർ ശരചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, റഫീക്ക് അഹമ്മദ് എന്നിവർ മലയാളത്തിലെ മുൻനിര ഗാനരചയിതാക്കളാണ്.

ബ്രഹ്മാനന്ദൻ, മെഹബൂബ്, കെ.പി. ഉദയഭാനു, കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, എസ്. ജാനകി, പി. സുശീല, പി. ലീല, വാണി ജയറാം, കെ.എസ്. ചിത്ര, സുജാത, മഞ്ജരി, എന്നിവർ മലയാളത്തിലെ മുൻനിര ഗായകരാണ്.

പ്രധാന സംവിധായകർ

തിരുത്തുക

രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ, ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ,K G George, ഭരതൻ, പത്മരാജൻ, മോഹൻ, ഹരിഹരൻ, സിബിമലയിൽ,കമൽ ലോഹിതദാസ്, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, ഫാസിൽ, ഷാജി എൻ കരുൺ, ജോഷി, ഐ.വി. ശശി, പ്രിയദർശൻ, ഷാജി കൈലാസ്, സിദ്ദിഖ് - ലാൽ,വിനയൻ, ജയരാജ്, രഞ്ജിത്ത്, ലാൽ ജോസ്, ബ്ലെസ്സി, സലീം അഹമ്മദ് നന്ദഗോപൻ എന്നിങ്ങനെ പോകുന്നു പ്രധാന സംവിധായകരുടെ നീണ്ട നിര.

പ്രേം നസീർ, സത്യൻ, മധു, ഉമ്മർ, രാഘവൻ , വിൻസന്റ് , സോമൻ , സുകുമാരൻ , കമൽ ഹാസൻ , രവികുമാർ , ജയൻ, ആറ്റുകാൽ തമ്പി, എന്നീ നായകന്മാരും, ഷീല, ശാരദ, ജയഭാരതി , കെ.ആർ .വിജയ, ലക്ഷ്മി, ശ്രീവിദ്യ , സീമ എന്നീ നായികമാരും 1960-കളിലും 70-കളിലും മലയാള സിനിമയിൽ ജ്വലിച്ച് നിന്നു. ഏറ്റവും കൂടുതൽ സിനിമയിൽ നായിക-നായകന്മാരായി അഭിനയിച്ചതിന് ഷീല-നസീർ കൂട്ടുകെട്ട് ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സിൽ സ്ഥാനം നേടി. മറ്റു പ്രധാനപ്പെട്ട മൂന്നു ലോക റെക്കോർഡുകളും നസീറിന്റെ പേരിലുണ്ട്. ശങ്കർ , മമ്മൂട്ടി , ബാലചന്ദ്രമേനോൻ , റഹ് മാൻ , മോഹൻലാൽ , സുരേഷ് ഗോപി ,മുകേഷ്,ജഗതീഷ്,സിദ്ധിക്ക്, ജയറാം , പൂർണിമാജയറാം , അംബിക ,സുമലത, മാധവി, ശാന്തികൃഷ്ണ, നാദിയാമൊയ്തു, ശോഭന, ഉർവ്വശി, രേവതി , രോഹിണി , കാർത്തിക, പാർവതി, രഞ്ജിനി എന്നിവർ 1980കളിൽ വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. ദിലീപ്, കുഞ്ചാക്കോ ബോബൻ, ആനി , നന്ദിനി , സംഗീത , മീന , മഞ്ജു വാര്യർ, ശാലിനി , ദിവ്യ ഉണ്ണി, സംയുക്ത വർമ എന്നിവർ പിന്നീട് വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി,മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്,ദുൽഖർ സൽമാൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, നിവിൻ പോളി എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായകന്മാർ. പാർവ്വതി, , , പദ്മപ്രിയ, രമ്യ നമ്പീശൻ, മഞ്ജു വാരിയർ, ലക്ഷ്മി റായ്, കനിഹ, മൈഥിലി, ശ്വേത മേനോൻ,നിമിഷ സത്യൻ എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായികമാർ.

നടീനടന്മാരുടെ യഥാർത്ഥ പേരുകൾ

തിരുത്തുക

നടന്മാർ (യഥാർത്ഥ പേര് ബ്രാക്കറ്റിൽ)

സത്യൻ (സത്യനേശൻ നാടാർ)

പ്രേംനസീർ (അബ്ദുൾ ഖാദർ)

അടൂർ ഭാസി (ഭാസ്കരൻ നായർ)

മധു (മാധവൻ നായർ)

ശങ്കരാടി (ചന്ദ്രശേഖരമേനോൻ)

കൊട്ടാരക്കര (ശ്രീധരൻ നായർ)

ഉമ്മർ (സ്നേഹജാൻ)

തിക്കുറിശ്ശി (സുകുമാരൻ നായർ)

ജയൻ (കൃഷ്ണൻ  നായർ)

ബഹദൂർ (പി. കെ. കുഞ്ഞാലു)

കുഞ്ചൻ (മോഹൻ)

ദിലീപ് (ഗോപാലകൃഷ്ണൻ)

കരമന (ജനാർദ്ദനൻ നായർ)

കുതിരവട്ടം പപ്പു (പദ്മദളാക്ഷൻ)

മമ്മൂട്ടി (മുഹമ്മദ്കുട്ടി)

മോഹൻലാൽ (മോഹൻലാൽ വിശ്വനാഥൻ നായർ)​

ഫഹദ് ഫാസിൽ (അബ്ദുൽ ഹമീദ് മുഹമ്മദ് ഫഹദ് ഫാസിൽ)​

മണിയൻപിള്ളരാജു (സുധീർ)

ഇന്ദ്രൻസ് (സുരേന്ദ്രൻ) [54]


നടിമാർ (യഥാർത്ഥ പേര് ബ്രാക്കറ്റിൽ)


ഷീല (ക്ലാര)

ശാരദ  (സരസ്വതി)

ദേവയാനി (സുഷമ)

രേവതി (ആശ കേളുണ്ണി)

പാർവതി (അശ്വതി)

നവ്യാ നായർ (ധന്യാ നായർ)

നയൻതാര (ഡയാന) [55]

സ്ഥാപനങ്ങൾ

തിരുത്തുക

ഫിലിം സ്റ്റുഡിയോകൾ

ജെ.സി. ദാനിയേൽ 1926-ൽ തിരുവനന്തപുരത്ത് ആരംഭിച്ച ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് ആണ് സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ. വിഗതകുമാരനു ശേഷം രണ്ടാമതൊരു ചിത്രം കൂടി നിർമ്മിക്കാനുള്ള ദാനിയേലിന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു. 1947-ൽ കുഞ്ചാക്കോ ആലപ്പുഴയിൽ ആരംഭിച്ച ഉദയ സ്റ്റുഡിയോ ആണ് കേരളത്തിലെ ആദ്യ സ്റ്റുഡിയോ ആയി അറിയപ്പെടുന്നത്.[56] ഉദയ സ്ഥാപിക്കുന്നത് വരെ ചെന്നൈ (അന്നത്തെ മദ്രാസ്) ആയിരുന്നു മലയാള സിനിമയുടെ ആസ്ഥാനം എന്ന് പറയാം.[57] ശബ്ദചിത്രങ്ങൾ നിർമ്മിക്കാൻ സൗകര്യമുള്ള ആദ്യ സ്റ്റുഡിയോയും ഉദയയായിരുന്നു.[56] മെരിലാന്റ് (1952, നേമം),[58] അജന്ത (1964, തോട്ടുമുഖം), ചിത്രലേഖ (1965, ആക്കുളം), ഉമ (1975, വെള്ളൈക്കടവ്), നവോദയ (1978, തൃക്കാക്കര),[59] ചിത്രാഞ്ജലി (1980, തിരുവല്ലം) എന്നിവ പിന്നീടു വന്ന പ്രധാന സ്റ്റുഡിയോകളാണ്.[60] ഉദയാ-മെരിലാന്റ് സ്റ്റുഡിയോകൾ തമ്മിലുള്ള മത്സരം അറുപതുകളിലെ സിനിമാനിർമ്മാണത്തെ കാര്യമായി പരിപോഷപ്പെടുത്തിയിരുന്നു.[58] 1975-ൽ സ്ഥാപിതമായ ചലച്ചിത്രവികസന കോർപ്പറേഷന്റെ കീഴിലാണ് 1980-ൽ ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിക്കുന്നത്. അന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സ് ആയിരുന്നു ചിത്രാഞ്ജലി.[60]

ചലച്ചിത്രവികസന കോർപ്പറേഷൻ

കലാമേന്മയുള്ളതും എന്നാൽ പ്രേക്ഷകവിജയം നേടാൻ സാധ്യതയില്ലാത്തതുമായ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 1975-ൽ ആരംഭിച്ച സ്ഥാപനമാണ് കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ (KSFDC).[61] എന്നാൽ, പില്ക്കാലത്ത് അഡൽറ്റ് സിനിമകൾക്കു പോലും കോർപ്പറേഷൻ ധനസഹായം ചെയ്യുകയുണ്ടായി. 90-കളിലെ "ബി-മൂവീ" വിപ്ലവത്തിന് ഇത് കാരണമായെന്ന് പരക്കെ ആക്ഷേപിക്കപ്പെടുന്നു.

ചലച്ചിത്ര അക്കാദമി

1998-ലാണ് കേരള ചലച്ചിത്ര അക്കാദമിയുടെ തുടക്കം. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ കരുണായിരുന്നു അക്കാദമിയുടെ ആദ്യ ചെയർമാൻ. 1998 മുതലുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരങ്ങൾ നിയന്ത്രിക്കുന്നതും കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കുന്നതും അക്കാദമിയാണ്.[62] ഫിലിം സൊസൈറ്റികളുടെ സഹായത്തോടെ ഗ്രാമങ്ങളിലും മറ്റും ചലച്ചിത്രമേളകൾ സംഘടിപ്പിക്കുന്ന പരിപാടിയും അക്കാദമിക്കുണ്ട്.[63]

സിനിമ പ്രേക്ഷക കൂട്ടായ്മ & വാട്സ്ആപ്പ് ഗ്രൂപ്പ്‌

2017 ൽ പത്തനംതിട്ട ജില്ലയിൽ നിന്നും ലോക സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പ്രേക്ഷകർ സഘടന രുപീകരിച്ചു. പിന്നീട് സംസ്ഥാനം മുഴുവൻ പ്രവർത്തനം ആരംഭിച്ചു. ഇത് നല്ല സിനിമകളുടെ പ്രോത്സാഹനത്തിന് വേണ്ടി മാത്രമുള്ള  ഒരു കൂട്ടായ്മയാണ്

  1. മൂവി ക്ലബ് തിരുവനന്തപുരം


സംഘടനകൾ

തിരുത്തുക
  • സിനി ആർടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (CAWA) സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളുടെ കേരളത്തിലെ ഏക സംഘടന എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റികളും സംസ്ഥാനതലത്തിൽ സംസ്ഥാന കമ്മിറ്റിയും പ്രവർത്തിച്ചുവരുന്നു കേരളത്തിന് പുറത്ത് തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലും സംഘടന പ്രവർത്തിക്കുകയാണ് സംഘടനയുടെ കീഴിൽ കലാസംഘടനയായി ഖത്തർ മസ്കറ്റ് കുവൈറ്റ് യുഎഇ എന്നീ രാജ്യങ്ങളിലും രാജ്യങ്ങളിലും CAWA പ്രവർത്തിക്കുന്നു

ചലച്ചിത്രപുരസ്കാരങ്ങൾ

തിരുത്തുക
  • കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
  • ഫിലിംഫെയർ അവാർഡ് (സൗത്ത്)
  • സ്റ്റാർ സ്ക്രീൻ അവാർഡ് (സൗത്ത്)
  • ഏഷ്യാനെറ്റ് ഫിലിം അവാർഡ്
  • വനിത ഫിലിം അവാർഡ്
  • മാതൃഭൂമി ഫിലിം അവാർഡ്
  • അമൃത ഫിലിം അവാർഡ്
  • അല സിനി അവാർഡ്
  • അടൂര ഭാസി സിനമ അവാർഡ്‌

മലയാളചലച്ചിത്രങ്ങൾ നേടിയ ദേശീയപുരസ്കാരങ്ങൾ

തിരുത്തുക
മികച്ച ചിത്രം
മികച്ച രണ്ടാമത്തെ ചിത്രം
മികച്ച ദേശീയോദ്ഗ്രഥനചിത്രം (നർഗീസ് ദത്ത് അവാർഡ്)
സാമൂഹികപ്രസക്തിയുള്ള മികച്ച ചിത്രം
മികച്ച കുടുംബക്ഷേമ ചിത്രം
മികച്ച പരിസ്ഥിതി ചിത്രം
കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം
മികച്ച കുട്ടികളുടെ ചിത്രം
  • 1984: മൈ ഡിയർ കുട്ടിച്ചാത്തൻ - ജിജോ
  • 1988: മനു അങ്കിൾ - ഡെന്നിസ് ജോസഫ്
  • 1991: അഭയം - ശിവൻ
  • 1994: കൊച്ചനിയൻ - സതീഷ് വെങ്ങാന്നൂർ
  • 2000: ഖരാക്ഷരങ്ങൾ - സലിം പടിയത്ത്
സ്വാതന്ത്ര്യ രജതജൂബിലി പ്രമാണിച്ച് പ്രത്യേക പുരസ്കാരം
മികച്ച സംവിധായകൻ
മികച്ച നവാഗതസംവിധായകൻ (ഇന്ദിരാഗാന്ധി അവാർഡ്)
മികച്ച നടൻ
മികച്ച നടി
മികച്ച സഹനടൻ
മികച്ച സഹനടി
മികച്ച ബാലതാരം
  • 1980: മാസ്റ്റർ അരവിന്ദ് - ഓപ്പോൾ
  • 1982: മാസ്റ്റർ വിമൽ - ആരൂഢം
  • 1983: മാസ്റ്റർ സുരേഷ് - മലമുകളിലെ ദൈവം
  • 1984: മാസ്റ്റർ അരവിന്ദ്, മാസ്റ്റർ സുരേഷ്, മാസ്റ്റർ മുകേഷ്, ബേബി സോണിയ - മൈ ഡിയർ കുട്ടിച്ചാത്തൻ
  • 1996: മാസ്റ്റർ കുമാർ - ദേശാടനം
  • 1999: മാസ്റ്റർ അശ്വിൻതമ്പി - ജലമർമരം
  • 2003: മാസ്റ്റർ കാളിദാസൻ - എന്റെ വീട് അപ്പൂന്റേം
മികച്ച തിരക്കഥാകൃത്ത്
മികച്ച ഗാനരചയിതാവ്
മികച്ച സംഗീതസംവിധായകൻ
ഗാനങ്ങൾ
പശ്ചാത്തലസംഗീതം
മികച്ച പിന്നണിഗായകൻ
മികച്ച പിന്നണിഗായിക
മികച്ച ഛായഗ്രാഹകൻ
മികച്ച ചിത്രസംയോജകൻ
  • 1990: എം.എസ് മണി - അയ്യർ ദ ഗ്രേറ്റ്
  • 1992: എം.എസ് മണി - സർഗം
  • 1990: എ. ശ്രീകർപ്രസാദ് - വാനപ്രസ്ഥം
  • 2007: ബി. അജിത് കുമാർ - നാലു പെണ്ണുങ്ങൾ
മികച്ച കലാസംവിധായകൻ
മികച്ച ശബ്ദലേഖകൻ
  • 1981: പി. ദേവദാസ് - എലിപ്പത്തായം
  • 1984: പി. ദേവദാസ് - മുഖാമുഖം
  • 1987: പി. ദേവദാസ്, ടി. കൃഷ്ണനുണ്ണി, ഹരികുമാർ - അനന്തരം
  • 1988: ടി. കൃഷ്ണനുണ്ണി - പിറവി
  • 1989: ഹരികുമാർ - മതിലുകൾ
  • 1995: ദീപൻ ചാറ്റർജീ - കാലാപാനി
  • 1996: ടി. കൃഷ്ണനുണ്ണി - കുലം
  • 1997: കെ. സമ്പത്ത് - എന്നും സ്വന്തം ജാനകിക്കുട്ടി
  • 2009: റസൂൽ പൂക്കുട്ടി - പഴശ്ശിരാജ
  • 2010: ശുഭദീപ് സെൻഗുപ്ത - ചിത്രസൂത്രം
മികച്ച നൃത്തസംവിധാനം
മികച്ച ചമയം
മികച്ച വസ്ത്രാലങ്കാരം
പ്രത്യേക ജൂറി അവാർഡ് / പരാമർശം
  1. "STATEWISE NUMBER OF SINGLE SCREENS". Film Federation of India. Retrieved 21 April 2014.
  2. "The Digital March Media & Entertainment in South India" (PDF). Deloitte. Archived from the original (PDF) on 2014-04-23. Retrieved 21 April 2014.
  3. "The Digital March Media & Entertainment in South India" (PDF). Deloitte. Retrieved 21 April 2014.
  4. "Lumière brothers" (in ഇംഗ്ലീഷ്). ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  5. "Dadasaheb Phalke" (in ഇംഗ്ലീഷ്). നാസിക്.gov.in. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  6. "A silent revolution" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2011-03-23. Archived from the original on 2011-05-16. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  7. "Raja Harishchandra" (in ഇംഗ്ലീഷ്). ദ ന്യൂയോർക്ക് ടൈംസ്. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  8. "AFI's 100 Years...100 Movies" (in ഇംഗ്ലീഷ്). അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  9. "His pioneering effort set the cameras rolling" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2005-10-23. Archived from the original on 2006-01-14. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  10. "Introduction" (in ഇംഗ്ലീഷ്). പബ്ലിക് റിലേഷൻസ് ഡിപാർട്മെൻറ് - കേരളസർക്കാർ. Archived from the original on 2014-04-12. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  11. "ബാലാരിഷ്ടത വിട്ടൊഴിയാത്ത ബാലൻ". മാതൃഭൂമി. 2013 ജനുവരി 13. Retrieved 2013 ജനുവരി 13. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  12. "Balan 1938" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2009-09-07. Archived from the original on 2009-09-23. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  13. "Balan (1938)" (in ഇംഗ്ലീഷ്). ദ ന്യൂയോർക്ക് ടൈംസ്. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  14. "Jnanambika 1940" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2008-05-10. Archived from the original on 2008-06-24. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  15. "Prahlada 1941" (in ഇംഗ്ലീഷ്). ദ ഹിന്ദു. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  16. "Nirmala 1948" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2009-09-21. Archived from the original on 2011-10-01. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  17. "Melody of memories" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2007-06-09. Archived from the original on 2011-06-27. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  18. "Nalla Thanka 1950" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2010-08-30. Archived from the original on 2010-09-05. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  19. 19.0 19.1 "Thikkurissy Sukumaran Nair Biography" (in ഇംഗ്ലീഷ്). തിക്കുറിശ്ശി.com. Archived from the original on 2011-07-17. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  20. "Jeevitha Nouka 1951" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2008-08-16. Archived from the original on 2009-02-23. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  21. 21.0 21.1 "അബ്ദുൾ ഖാദർ പ്രേം നസീർ ആയ കഥ". ജന്മഭൂമി. Archived from the original on 2018-12-31. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  22. "Neelakuyil 1954" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2008-11-01. Archived from the original on 2011-06-29. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  23. "മലയാളഗാനങ്ങളെ മാറ്റിമറിച്ച നീലക്കുയിൽ". മാധ്യമം. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  24. "Making of a landmark film" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2005-05-15. Archived from the original on 2012-11-08. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  25. "Kandam Bacha Coattu 1961" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2008-11-08. Archived from the original on 2012-11-08. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  26. "Chemmeen 1965" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2010-11-22. Archived from the original on 2012-11-09. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  27. "Fifty and still refreshing" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2006-08-11. Archived from the original on 2010-08-09. Retrieved 2011 ജൂൺ 1. {{cite web}}: Check date values in: |accessdate= (help)
  28. "3d Chicago Film Festival Quality and Attendance Up" (in ഇംഗ്ലീഷ്). ഷിക്കാഗോ ട്രിബ്യൂൺ. 1967 December 3. Retrieved 2011 ജൂൺ 1. {{cite web}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  29. "Film-maker P.N. Menon dead" (in ഇംഗ്ലീഷ്). ദ ഹിന്ദു ഫ്രണ്ട്്ലൈൻ. 2008-09-10. Archived from the original on 2010-11-29. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  30. 30.0 30.1 30.2 "A constant process of discovery" (in ഇംഗ്ലീഷ്). ദ ഹിന്ദു ഫ്രണ്ട്്ലൈൻ. Archived from the original on 2010-02-10. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  31. "Nirmalyam (1973)" (in ഇംഗ്ലീഷ്). ദ ന്യൂയോർക്ക് ടൈംസ്. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  32. "P.J. Antony remembered" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2005-03-15. Archived from the original on 2012-11-05. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  33. 33.0 33.1 "Aravindan's art" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2010-01-02. Archived from the original on 2010-10-19. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  34. 34.0 34.1 "മനസ്സിന്റെ കാണാപ്പുറങ്ങൾ". ജനയുഗം. Archived from the original on 2012-07-09. Retrieved 2011-05-18.
  35. പോള റിച്ച്മാൻ, ഉഷ സക്കറിയാസ് (2008). "Union with Nature: Prakriti and sovereignty in Aravindan's Kanchana Sita". Ramayana stories in modern South India: an anthology (in ഇംഗ്ലീഷ്). ഇന്ത്യാന യൂണിവേഴ്സിറ്റി പ്രസ്സ്. pp. 99–108. ISBN 0253349885.
  36. "Good films open up unfamiliar worlds: Adoor" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2005-10-28. Archived from the original on 2012-11-10. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  37. "He loves courting risks" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2010-12-06. Archived from the original on 2012-11-09. Retrieved 2011 ജൂൺ 2. {{cite web}}: Check date values in: |accessdate= (help)
  38. "Still raring to go" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2011-03-04. Archived from the original on 2011-06-29. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  39. "Casting a magic spell" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2003-05-15. Archived from the original on 2009-01-10. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  40. "I'm a Man of few Wants" (in ഇംഗ്ലീഷ്). സ്ക്രീൻ ഇന്ത്യ. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  41. "കാൻ ഫിലിം ഫെസ്റ്റിവൽ" (in ഇംഗ്ലീഷ്). കാൻ ഫിലിം ഫെസ്റ്റിവൽ. Archived from the original on 2012-10-03. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  42. പി.കെ. അജിത്കുമാർ (2010-05-14). "Romantic interlude" (in ഇംഗ്ലീഷ്). ദ ഹിന്ദു. Archived from the original on 2012-11-08. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  43. "Return of a matinee idol" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2010-12-30. Archived from the original on 2012-08-26. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  44. "John Abraham: New Indian Cinema's most creative representative" (in ഇംഗ്ലീഷ്). ദി ഇക്കോണമിക് ടൈംസ്. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  45. "A stalwart on the Malayalam screen" (PDF) (in ഇംഗ്ലീഷ്). ദ ഹിന്ദു. 1989-02-05. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  46. "Of Bhool Bhulaiya, and a classic dumbed down" (in ഇംഗ്ലീഷ്). റെഡിഫ്. 2007-10-16. Retrieved 2013 ജൂൺ 2. {{cite web}}: Check date values in: |accessdate= (help)
  47. "'Mayabazar' is India's greatest film ever: IBNLive poll" (in ഇംഗ്ലീഷ്). ഐ. ബി. എൻ. 2013-05-12. Archived from the original on 2013-06-07. Retrieved 2013 ജൂൺ 2. {{cite web}}: Check date values in: |accessdate= (help)
  48. "Guru goes in search of the Oscar" (in ഇംഗ്ലീഷ്). ദ ഹിന്ദു. 1997-11-02. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  49. ആർ. അയ്യപ്പൻ (2000-01-01). "Sleaze time, folks" (in ഇംഗ്ലീഷ്). റെഡിഫ്. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  50. "Malayalam cinema faces a threat" (PDF) (in ഇംഗ്ലീഷ്). ദ സ്റ്റേറ്റ്സ്മാൻ. 1994-09-24. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  51. http://archive.indianexpress.com/news/malayalam-new-generation-films-failing-to-click-/1136635/ "Malayalam new generation films failing to click?" from Journalism of Courage Archive
  52. "Malayalam Movies Box Office Collection 2021". Tollywood Ace (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-31.
  53. "Newspaper Boy: a flashback to the Fifties" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2005-05-20. Archived from the original on 2005-05-23. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  54. [JB Junction - interview with Indrans (12/13 ഒക്ടോബർ 2018 - കൈരളി ടി.വി) മനോരമ ആഴ്ചപ്പതിപ്പ് 15 ജൂൺ 2019 താൾ 11]
  55. [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2009 (താൾ 132)]
  56. 56.0 56.1 "Renaissance for Udaya Studio" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2009-04-29. Archived from the original on 2011-06-29. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  57. ആഷ കസ്ബേക്കർ (2006). Pop culture India!: media, arts, and lifestyle (in ഇംഗ്ലീഷ്). എ.ബി.സി. - സി.എൽ.ഐ.ഓ. p. 234. ISBN 1851096361. {{cite book}}: Cite has empty unknown parameter: |coauthors= (help)
  58. 58.0 58.1 "Visionary and entrepreneur" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2009-01-02. Archived from the original on 2011-06-29. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  59. "Navodaya Studio" (in ഇംഗ്ലീഷ്). ഫിലിമിപാരഡൈസ്.com. Archived from the original on 2011-07-11. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  60. 60.0 60.1 "Chithranjali Studio" (in ഇംഗ്ലീഷ്). കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ. Archived from the original on 2008-09-28. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  61. "KSFDC - About Us" (in ഇംഗ്ലീഷ്). കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ. Archived from the original on 2011-04-04. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  62. "Awards" (in ഇംഗ്ലീഷ്). കേരള ചലച്ചിത്ര അക്കാദമി. Archived from the original on 2011-08-09. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
  63. "The main activities of the Academy" (in ഇംഗ്ലീഷ്). കേരള ചലച്ചിത്ര അക്കാദമി. Archived from the original on 2011-08-21. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മലയാളചലച്ചിത്രം&oldid=3945334" എന്ന താളിൽനിന്ന് ശേഖരിച്ചത്