ജല്ലിക്കെട്ട്

(ജെല്ലിക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരമ്പരാഗതമായി തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ഈ വിനോദം അരങ്ങേറുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ഈ വിനോദം അരങ്ങേറുന്നത്. മധുരയ്‌ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്ഥലം. ഇത് ഏറുതഴുവൽ എന്നും അറിയപ്പെടുന്നു.

ജല്ലിക്കെട്ട്

ചരിത്രം

തിരുത്തുക
ചിത്രീകരണം
മുഴുവനായ ചിത്രം
പെത്ത നായ്ക്കൻ പാളയത്തിൽ നിന്നും കണ്ടെടുത്ത കൽവെട്ടുകൾ

ജല്ലിക്കെട്ടിന്റെ ഉദ്‌ഭവകാലഘട്ടത്തെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെത്തിയ പ്രാചീന ഗുഹാചിത്രങ്ങളിൽ ജല്ലിക്കെട്ടിന്‌ സമാനമായ രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇവയുടെ കാലപ്പഴക്കം നിർണയിച്ചതിൽ നിന്ന്‌ ജല്ലിക്കെട്ടിന്‌ ഏതാണ്ട്‌ 3500 വർഷത്തിനുമേൽ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. നീലഗിരി ജില്ലയിലെ കരിക്കിയൂർ ഗ്രാമത്തിലാണ്‌ ഏറ്റവും പഴക്കമുള്ള ജല്ലിക്കെട്ടു ചിത്രങ്ങൾ കണ്ടെത്തിയത്‌. മൺപാത്ര നിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ശുദ്ധമായ കളിമണ്ണും കാവിമണ്ണും ചേർത്തു തയ്യാറാക്കിയ വർണങ്ങളാണ്‌ ഗുഹാചിത്രങ്ങൾ വരയ്‌ക്കാൻ ഉപയോഗിച്ചിരുന്നത്.

പദോല്പത്തി

തിരുത്തുക

`കാശ്‌' എന്നർഥം വരുന്ന `സല്ലി' എന്ന പദവും `പൊതി' എന്നർഥം വരുന്ന `കെട്ട്‌' എന്ന പദവും കൂടിച്ചേർന്നാണ്‌ ഇന്ന്‌ ഉപയോഗത്തിലിരിക്കുന്ന `ജല്ലിക്കെട്ട്‌' എന്ന പദം ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു. നാണയങ്ങൾ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്പിൽ കെട്ടിയിടും. ഈ കാളയെ കീഴ്പ്പെടുത്തുന്നയാൾക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം. കാളയെ പിൻതുടരുക എന്നർഥം വരുന്ന മഞ്ഞുവിരട്ട്‌ എന്ന പ്രാദേശിക പദമാണ്‌ ഗ്രാമവാസികൾ ഉപയോഗിക്കുന്നത്‌.

മത്സരരീതി

തിരുത്തുക

പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിനുപയോഗിക്കുന്നത്. മൽസരത്തിന്‌ തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്‌. പലപ്പോഴും കാളയ്‌ക്ക്‌ മയക്കു മരുന്നും മദ്യവും നൽകി ലഹരി പിടിപ്പിച്ച ശേഷമാണ്‌ ജല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്‌. ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്. കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക്‌ കാളയുടെ കൊമ്പിൽ പിടിച്ച്‌ മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്‌പെടുത്താൻ. പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ. പലപ്പോഴും ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്.

കാളകളും ഇനങ്ങളും

തിരുത്തുക
  • കാങ്കേയം കാളകൾ - ജല്ലിക്കെട്ടു മത്സരങ്ങൾക്കായി കാങ്കേയം കാളകളെയാണ്‌ സാധാരണ ഉപയോഗിക്കാറുളളത്‌. പ്രത്യുൽപാദനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകയിനം വിത്തുകാളകളാണ്‌ ഈ കാളകൾ. വളരെ ഇറുകിയ കഴുത്തും കരുത്തുറ്റ കുറിയ കാലുകളുമാണ്‌ കാങ്കേയം കാളകളുടെ പ്രത്യേകത. ഈ ഇനത്തിൽപ്പെട്ട കാളകളെ ഉത്‌പാദിപ്പിക്കുന്ന പ്രമുഖ കേന്ദ്രമാണ്‌ തമിഴ്‌നാട്ടിലെ ഈറോഡ്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സേനാപതി കാങ്കേയം കാറ്റിൽ റിസർച്ച്‌ ഫൗണ്ടേഷൻ.
  • പുലിയകുലം കാളകൾ
  • തിരുചെങ്ങോട് കാളകൾ
  • ബാർഗുർ കാളകക്ക് / സീമറായി കാളകൾ
  • പളമളായി കാളകൾ
  • ഉമ്പളചേരി കാളകൾ
  • അളംബാദി കാളകൾ

ജല്ലിക്കെട്ടിലെ ഇനങ്ങൾ

തിരുത്തുക

മൂന്ന് തരത്തിലുള്ള ജല്ലിക്കെട്ടുകളാണ് തമിഴ്നാട്ടിൽ അരങ്ങേറാറുള്ളത്. വടിമഞ്ചു വിരട്ട്, വായേലി വിരട്ട്, വടം മഞ്ചു വിരട്ട് എന്നിവയാണ് അവ.

വടി മഞ്ചു വിരട്ട്

തിരുത്തുക
 
കാളയുടെ പൂഞ്ഞയിൽ തൂങ്ങിക്കിടക്കുന്ന മത്സരാർത്ഥി

മധുര, പുതുകോട്ടൈ, തേനി, തഞ്ചാവൂർ, സേലം എന്നീ ജില്ലകളിലാണ് ഈ രീതിയിലുള്ള ജല്ലിക്കെട്ട് അരങ്ങേറാറുള്ളത്. ജല്ലിക്കെട്ടുകളിൽ വച്ച് ഏറ്റവും അപകടം നിറഞ്ഞ ജല്ലിക്കെട്ടാണ് ഇത്. തുറന്ന് വിട്ട കാളയുടെ പൂഞ്ഞയിൽ ഒരാൾ പിടിച്ച് കയറും. ഈ സമയം കാള അയാളെ കുലുക്കി താഴെയിടാൻ ശ്രമിക്കും. ചിലസമയങ്ങളിൽ കുടഞ്ഞ് താഴെയിട്ട് കാള അയാളെക്കുത്തിക്കൊല്ലാൻവരെ ശ്രമിക്കും. എന്നാൽ കാളയുടെ ആക്രമത്തെ ചെറുത്ത് നിശ്ചത ദൂരം താണ്ടുന്നവരാണ് വിജയി ആകുന്നത്.

വായേലി വിരട്ട്

തിരുത്തുക

ശിവഗംഗ, മാനാമധുര, മധുര തുടങ്ങിയ ജില്ലകളിലാണ് ഈ രീതിയിലുള്ള ജല്ലിക്കെട്ട് അരങ്ങേറുന്നത്. തുറസായ സ്ഥലത്തേക്ക് കാളയെ അഴിച്ച് വിടുന്നു. അത് അതിന് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഓടിപ്പോകും. മിക്കവാറും കാളകളും ആളുകൾ ഉള്ളഭാഗത്തേക്ക് വരാറില്ല. എന്നാൽ ചില കാളകൾ എവിടേയും പോകാതെ അവിടെ തന്നെ നിലയുറപ്പിക്കും. കാളയുടെ അടുത്ത് ചെല്ലുന്നവരെ ആക്രമിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കാളകളാണ് ഈ ജെല്ലിക്കെട്ടിലെ ആകർഷണം.

വടം മഞ്ചു വിരട്ട്

തിരുത്തുക

അൻപത് അടി നീളത്തിൽ ഉള്ള കയറിൽ കെട്ടിയിടുന്ന കാളയാണ് ഈ ജല്ലിക്കെട്ടിലെ പ്രധാന ആകർഷണം. ഏഴ് മുതൽ ഒൻപത് വരെ അംഗങ്ങളുള്ള ആളുകൾ ഈ കാളയെ കീഴടക്കാൻ ശ്രമിക്കുന്നതാണ് കളി. ജല്ലിക്കെട്ടുകളിലെ ഏറ്റവും സുരക്ഷിതമായ ഇനം ഇതാണ്

ജല്ലിക്കെട്ട് അനുകൂലികളുടെ വാദങ്ങൾ

തിരുത്തുക

ജല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കാളകളെ പീഡിപ്പിക്കുന്നില്ല എന്ന വാദമാണ് ഉയർത്തുന്നത്.

  • ജല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകൾ രണ്ട് മുതൽ 4 ടൺ വരെ തൂക്കം വലിക്കാൻ ശക്തിയുള്ളവയാണ്. 2008-ൽ തമിഴ്നാട് സർക്കാർ കൊണ്ടുവന്ന ജല്ലിക്കെട്ട് നിയന്ത്രണ ബില്ല് പ്രകാരം കാളയുടെ പൂഞ്ഞയിൽ ഒരു സമയത്ത് ഒരാൾക്ക് മാത്രം അതും കുറച്ച് സെക്കന്റ്സ് തൂങ്ങാനുള്ള അനുമതിയുള്ളൂ.
  • മൽസരത്തിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് 80 കിലോയിൽ താഴെയാണ് തൂക്കം. അതുകൊണ്ട് തന്നെ കുറച്ച് സെക്കന്റ്സ് സമയം ഒരാൾ കാളയുടെ പൂഞ്ഞയിൽ തൂങ്ങി കിടക്കുന്നത്, മൃഗങ്ങളോടുള്ള ക്രൂരതയായി കണക്കാക്കാനാകില്ല.

മരണങ്ങളൂം മറ്റ് അപകടങ്ങളൂം

തിരുത്തുക
  • കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ ഏകദേശം 200 പേർ ജെല്ലിക്കെട്ടിനിടയിൽ മരണപ്പെട്ടിട്ടുണ്ട്.
  • 2019 ജനുവരി 20 ന് ലോക റെക്കോർഡ് ലക്ഷ്യമിട്ട് 1354 കാളകളെ ഉൾപ്പെടുത്തി പുതുക്കോട്ടയിൽ നടത്തിയെ ജല്ലിക്കെട്ടിനിടെ കാണികളായി വന്ന രണ്ട് പേർ കാളയുടെ കുത്തേറ്റ് മരിക്കുകയും 30 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. [1]
  • 2017 മാർച്ച് 05-ന് തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽപ്പെട്ട തിരുവപ്പൂരിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. അൻപതിലധികം പേർക്കു പരുക്കേറ്റു. മൽസരത്തിൽ പങ്കെടുത്ത യുവാവും ജെല്ലിക്കെട്ട് കാണാനെത്തിയ ആളുമാണ് മരിച്ചത്. ജെല്ലിക്കെട്ടിനിടെ നിയന്ത്രണം വിട്ടു കുതിച്ച കാള കാണികൾക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.[2]
  • 2017 ഫെബ്രുവരി 05ന് മധുരയിൽ നടന്ന ജല്ലിക്കെട്ടിനിടയിൽ 49 പേർക്ക് പരിക്ക് [3]
  • 2017 ജനുവരി 22ന് തമിഴ് നാട്ടിലെ പുതുക്കോട്ടയിൽ നടന്ന ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റും ചവിട്ട് കൊണ്ടും രണ്ട് പേർ മരിക്കുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. [4] കുത്തേറ്റ് ആശുപത്രിയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. [5]
  • 2010 മുതൽ 2014 വരെ കാലഘട്ടത്തിൽ ഏകദേശം 17 മരണങ്ങളും 1100 പേർ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. [6]

നിരോധനവും കേസിന്റെ നാൾ വഴികളും

തിരുത്തുക
  • എല്ലാവർഷവും ജല്ലിക്കെട്ടിനോട് അനുബന്ധിച്ചു നിരവധി യുവാക്കൾക്ക് ജീവഹാനി സംഭവിക്കുന്നതിനാൽ 2007 ജനുവരിയിൽ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ചു.
  • കർശന വ്യവസ്ഥകളോടെ ജല്ലിക്കെട്ട്‌ നടത്തുവാൻ തമിഴ്നാട് ഗവൺമെന്റിനു അനുവാദം നൽകിക്കൊണ്ട് 2010 നവംബർ 27ന് സുപ്രീം കോടതി ഉത്തരവിട്ടു.
  • തമിഴ്‌നാട്ടിലെ പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ടിന് കോടതി ഏർപ്പെടുത്തിയ നിരോധനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2016 ജനുവരി ഏഴിന് എടുത്തു കളഞ്ഞ് വിഞ്ജാപനം ഇറക്കി. ഇതിനെതിരെ ഇന്ത്യൻ മൃഗക്ഷേമ ബോർഡും മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റയും (PETA) നൽകിയ ഹർജിയിൽ നിരോധനം നിലനിർത്തികൊണ്ട് 2016-ജനുവരി 13ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. [7]

[8] [9]

2017 ലെ സമരം

തിരുത്തുക
 
2017 ൽ ചെന്നൈയിലെ മറീന ബീച്ചിൽ ജല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്ന യുവത

മൃഗക്ഷേമ സംഘടനയായ ‘പെറ്റ’യും (PETA) അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും ജല്ലിക്കെട്ടിനെതിരെ 2004 മുതൽ രംഗത്തുണ്ട്. 2014 മെയ് ഏഴിനാണ് സുപ്രീംകോടതി ജല്ലിക്കെട്ടിന് നിരോധനമേർപ്പെടുത്തിയത്. 2015-ലും 2016-ലും ജല്ലിക്കെട്ട് നടത്താനായിട്ടില്ല. 2017 ൽ ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദിവസങ്ങളോളം നീണ്ടു നിന്ന വിദ്യാർഥി - യുവജന പ്രക്ഷോഭം നടന്നു. പിന്തുണ അറിയിക്കാനായി വിദ്യാർഥികളും ചെറുപ്പക്കാരുമുൾപ്പടെ ആയിരക്കണക്കിന് പേർ ചെന്നൈ മറീനാ ബീച്ചിൽ പ്രതിഷേധവുമായി അണിനിരന്നു. മുഖ്യമന്ത്രി ഒ. പനീർശെൽവം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനു പേരെ വിദ്യാർഥികൾ സമരവേദിയിലെത്തിച്ചു. വിജയ്, സൂര്യ, വിക്രം, നയൻ താര, തുടങ്ങി നിരവധി സിനിമാതാരങ്ങളും ജല്ലിക്കട്ടിന് അനുകൂലമായ പ്രസ്താവനകളുമായി എത്തി, എ.ആർ റഹ്‌മാൻ ഉപവാസം നടത്തി, പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. മഹാരാഷ്ട്രയുടെ ചുമതലയുള്ള തമിഴ്‌നാട് ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവു ശനിയാഴ്ച ചെന്നൈയിലെത്തി ജല്ലിക്കെട്ടിനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചു. എന്നാൽ താൽകാലികമായ ഓർഡിൻസ് പോര എന്ന നിലപാടിലാണ് സമരസമിതി സ്വീകരിച്ചത്. ഇതിനായി നിയമ നിർമ്മാണം നടത്തണമെന്നാണ് ചെന്നൈയിലെ മറീന ബീച്ചിലും മറ്റും നടന്ന പ്രതിഷേധങ്ങൾ വഴി ആവശ്യപ്പെടുന്നത്.

  1. https://www.mathrubhumi.com/news/india/two-killed-30-injured-during-bull-taming-festival-jallikattu-in-tamil-nadu-1.3501126
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-07. Retrieved 2017-03-06.
  3. http://www.madhyamam.com/india/madurai-jallikattu-full-swing-avaniapuram-tamil-nadu-bjp-thanks-pm-modi/2017/feb/05/245764
  4. http://www.mathrubhumi.com/news/india/two-killed-86-injured-in-pudukottai-jallikattu-1.1675424
  5. http://www.mathrubhumi.com/news/india/jellikkattu-1.1677735
  6. http://zeenews.india.com/news/india/what-is-jallikattu-and-why-supreme-court-took-the-bull-festival-by-horns-all-you-should-know_1844359.html
  7. http://www.mathrubhumi.com/news/india/supreme-court-refuses-to-revoke-ban-on-jallikattu-malayalam-news-1.795669
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-24. Retrieved 2017-01-23.
  9. "ജെല്ലിക്കെട്ട് സമരം". Archived from the original on 2017-01-25. Retrieved 2017-01-23.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജല്ലിക്കെട്ട്&oldid=3706574" എന്ന താളിൽനിന്ന് ശേഖരിച്ചത്