സുജാത മോഹൻ

ഇന്ത്യൻ ചലച്ചിത്രപിന്നണിഗായിക
(സുജാത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിലെ, പ്രശസ്തയായൊരു ചലച്ചിത്രപിന്നണിഗായികയാണ്, സുജാത മോഹൻ. പന്ത്രണ്ടുവയസ്സുള്ളപ്പോൾ മലയാളസിനിമയിൽ പാടിത്തുടങ്ങിയ സുജാത, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്തുടങ്ങിയ ദക്ഷിണേന്ത്യൻഭാഷകളിലുംപാടി, കഴിവുതെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ചചലച്ചിത്രപിന്നണിഗായികയ്ക്കുള്ള പുരസ്കാരം, ഒന്നിലേറെത്തവണ, സുജാത നേടിയിട്ടുണ്ട്.

സുജാത മോഹൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംസുജാത
ജനനം (1963-03-31) മാർച്ച് 31, 1963  (61 വയസ്സ്), തിരുവനന്തപുരം,ഇന്ത്യ
തൊഴിൽ(കൾ)പിന്നണിഗായിക
വർഷങ്ങളായി സജീവം1974-ഇതുവരെ

ജീവിതരേഖ

തിരുത്തുക

ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണു സുജാത ജനിച്ചത്. ഇന്ത്യ സ്വാതന്ത്ര്യംനേടിയതിനുശേഷം, കൊച്ചിയിലെ ആദ്യമുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള സുജാതയുടെ മുത്തച്ഛനാണ്. സുജാതയ്ക്കു രണ്ടുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.

ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത, എട്ടാംവയസ്സിൽ കലാഭവനിൽച്ചേർന്നതോടെയാണു ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.[1] അക്കാലത്ത്, കലാഭവൻസ്ഥാപകൻ ആബേലച്ചൻ്റെ രചനയിൽപ്പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ക്രിസ്തീയദേവാലയങ്ങളിലും ഭവനങ്ങളിലും ഏറേ പ്രചാരംനേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളിയമ്മാവാ...”, “അമ്മേ ആരെന്നെ..”തുടങ്ങിയ വേദോപദേശഗാനങ്ങൾ[2] സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി.

പത്താംവയസ്സിൽ ശാസ്ത്രീയസംഗീതമഭ്യസിച്ചുതുടങ്ങി. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണ സുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരാണ്‌, സുജാതയുടെ ഗുരുക്കന്മാർ[1]. ഒമ്പതാംവയസ്സുമുതൽ യേശുദാസിനൊപ്പം ഗാ‍നമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പംപാടിയ സുജാത, അക്കാലങ്ങളിൽ കൊച്ചുവാനമ്പാടി എന്നറിയപ്പെട്ടിരുന്നു.

ചലച്ചിത്രപിന്നണിഗായിക

തിരുത്തുക
 

1975-ൽ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണിപാടിയാണ്, സുജാത ചലച്ചിത്രരംഗത്തേക്കു വന്നത്. ഈ ചിത്രത്തിൽ ഓ.എൻ.വി. കുറുപ്പ് എഴുതി, എം.കെ. അർജ്ജുനൻ ഈണമിട്ട “കണ്ണെഴുതിപ്പൊട്ടുതൊട്ട്...” എന്ന ഗാനമാണ്, സുജാതയുടെ ആദ്യ ചലച്ചിത്രഗാനം[3]. അതേവർഷം “കാമം ക്രോധം മോഹം” എന്ന ചിത്രത്തിൽ യേശുദാസിനൊപ്പംപാടിയ സ്വപ്നം കാണും പെണ്ണേ... ആദ്യ യുഗ്മഗാനവും. മികച്ചതുടക്കംലഭിച്ചെങ്കിലും പിന്നീടു കുറേക്കാലം സുജാത ചലച്ചിത്രരംഗത്തുനിന്നു വിട്ടുനിന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻവേണ്ടിയായിരുന്നു ഇത്. 1981-ൽ ഡോ. കൃഷ്ണമോഹനുമായുള്ള വിവാഹശേഷം ചെന്നൈയിലേക്കു താമസംമാറിയതോടെ വീണ്ടും ചലച്ചിത്രഗാനരംഗത്തു സജീവമായി.

കടത്തനാടൻ അമ്പാടി” എന്ന ചിത്രത്തിലൂടെ പ്രിയദർശനാണ് 1983-ൽ സുജാതയുടെ രണ്ടാംവരവിനു കളമൊരുക്കിയത്. എന്നാൽ ഈ ചിത്രം ഏഴു വർഷങ്ങൾക്കുശേഷമാണ് പുറത്തിറങ്ങിയതെന്നുമാത്രം. ഈ കാലയളവിൽ സുജാത പാടിയ പാട്ടുകളിലേറെയും യുഗ്മഗാനങ്ങളായിരുന്നു. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങൾ ലഭിച്ചുതുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്കുയർന്നു. ആലാപനശൈലിയിൽ വ്യത്യസ്തതപുലർത്തുന്ന സുജാതയുടേത് നിത്യഹരിതശബ്ദമായി വിലയിരുത്തപ്പെടുന്നു. മാത്രമല്ലാ, ഭാവഗായികയെന്നപേരിലാണ്, സുജാതയറിയപ്പെടുന്നത്.

തമിഴിലെ പ്രശസ്തഗാനങ്ങൾ

തിരുത്തുക
വർഷം ഗാനം സിനിമ സംഗീതസംവിധാനം
1977 "കാലൈ പാനിയിൽ" ഗായത്രി ഇളയരാജ
1980 "ഒരു ഇനിയ മാനത്ത്" ജോണി ഇളയരാജ
1992 "പുതവെള്ളൈമഴ" റോജ എ.ആർ.റഹ്മാൻ
"കാതൽ റോജാവേ"
1993 "നേട്രു ഇല്ലാതെമാത്രം" പുതിയമുഖം എ.ആർ.റഹ്മാൻ
"എൻ വീട്ടു തോട്ടത്തിൽ" ജെന്റിൽമാൻ എ.ആർ.റഹ്മാൻ
"ആത്തങ്കര മനമേ" കിഴക്കു സീമയിലേ എ.ആർ.റഹ്മാൻ
1994 "കാത്തിരിക്ക കാത്തിരിക്ക" ഡ്യൂയറ്റ് എ.ആർ.റഹ്മാൻ
"കാട്രു കുതിരയിലേ]" കാതലൻ എ.ആർ.റഹ്മാൻ
"വാടി സത്തുക്കുടി" പുതിയ മന്നർകൾ എ.ആർ.റഹ്മാൻ
"ഇന്നാൾ ഒരു പൊന്നാൾ" മനിത മനിത എ.ആർ.റഹ്മാൻ
1995 "മലരോടു മലരിങ്ക" ബോംബെ എ.ആർ.റഹ്മാൻ
"ഇതു അന്നെ ഭൂമി"
"ഇനി അച്ചം ഇല്ലൈ" ഇന്ദിര എ.ആർ.റഹ്മാൻ
"തില്ലാന തില്ലാന" മുത്തു എ.ആർ.റഹ്മാൻ
1996 "രുക്കു രുക്കു" അവ്വൈ ഷൺമുഖി ദേവ
"കാതലാ കാതലാ"
"നാലായ് ഉലകം" ലവ് ബേർഡ്സ് എ.ആർ.റഹ്മാൻ
"മെല്ലിസയേ" മിസ്റ്റർ റോമിയോ എ.ആർ.റഹ്മാൻ
"ചിട്ടു ചിട്ടു കുരുവി" ഉള്ളത്തൈ അള്ളിത്താ സിർപി
1997 "പൂപൂക്കും ഓസൈ" മിൻസാര കനവ് എ.ആർ.റഹ്മാൻ
"ഒരു പട്ടാംപൂച്ചി" കാതലുക്കു മര്യാദൈ ഇളയരാജ
"ചന്ദിരനേ തൊട്ടതു യാർ" രച്ചകൻ എ.ആർ.റഹ്മാൻ
"ചലക്കു ചലക്കു" സൂര്യവംശം എസ്.എ.രാജ്കുമാർ
"നച്ചത്തിര ജനലിൽ"
1998 "അതിശയം" ജീൻസ് എ.ആർ.റഹ്മാൻ

ഇതരഭാഷകളിൽ

തിരുത്തുക

മലയാളചലച്ചിത്രരംഗത്ത് അരങ്ങേറ്റംനടത്തി, ഒരു വർഷംതികയുന്നതിനുമുമ്പേ, തമിഴിൽനിന്നുള്ള അവസരമെത്തി. 1976-ൽ ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ച “കാവിക്കുയിൽ”എന്ന ചിത്രത്തിനുവേണ്ടി സുജാത പാടി. പക്ഷേ ഈ ഗാനം സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നില്ല. 1992-ൽ “റോജാ” എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്ന എ.ആർ. റഹ്മാനാണ് തമിഴിൽ സുജാതയുടെ രണ്ടാംവരവിനു വഴിതെളിച്ചത്. ഈ ചിത്രത്തിലെ “പുതുവെള്ളൈ മഴൈ...” എന്നഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന്, റഹ്മാൻ സംഗീതസംവിധാനംനിർവ്വഹിച്ച ഒട്ടേറെച്ചിത്രങ്ങളിൽ പാടി.

റഹ്മാൻതന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ “താൾ”, “പുകാർ” എന്നീ ഹിന്ദി സിനിമകളിൽ സുജാതയാലപിച്ച ഗാനങ്ങൾ ദേശീയശ്രദ്ധനേടി. കന്നഡ, തെലുഗു സിനിമകളിലും സുജാത സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം
    • 1997 - പ്രണയമണിത്തൂവൽപൊഴിയും...(ചിത്രം:അഴകിയ രാവണൻ‌)
    • 1999 - വരമഞ്ഞളാടിയ...(ചിത്രം:പ്രണയവർണ്ണങ്ങൾ)
    • 2007 - ബാൻസുരീ ശ്രുതിപോലെ...(ചിത്രം:രാത്രിമഴ)
  • മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ് നാട് സർക്കാരിന്റെ പുരസ്കാരം 1993, 1996, 2001 വർഷങ്ങളിൽ
  • 1975-ൽ ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ്
  • മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് 1988, 89, 90 വർഷങ്ങളിൽ
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-07. Retrieved 2007-08-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-29. Retrieved 2007-08-04.
  3. http://malayalam.webdunia.com/entertainment/artculture/music/0705/23/1070523145_2.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുജാത_മോഹൻ&oldid=3786217" എന്ന താളിൽനിന്ന് ശേഖരിച്ചത്