കണ്ടംബെച്ച കോട്ട്
മലയാളത്തിലെ ആദ്യത്തെ ബഹുവർണ്ണ ചിത്രമാണ് കണ്ടം ബച്ച കോട്ട് 1961-ലാണ് ഈ മലയാളചലച്ചിത്രം പുറത്തിറങ്ങിയത്. ടി.ആർ. സുന്ദരം ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. സേലത്തെ മോഡേൺ തീയേറ്റേഴ്സ് ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. എം.എസ്. ബാബുരാജ് സംഗീതസംവിധാനവും, ടി. മുഹമ്മദ് യൂസഫ് തിരക്കഥയും രചിച്ചു[1]. 1956-ൽ അവതരിപ്പിക്കപ്പെട്ട കണ്ടം ബച്ച കോട്ട് എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നാടകത്തിൽ ചെരിപ്പുകുത്തിയുടെ വേഷം അവതരിപ്പിച്ച ടി.എസ്. മുത്തയ്യ തന്നെയാണ് ചിത്രത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു [2] [3].
കണ്ടം ബച്ച കോട്ട് | |
---|---|
സംവിധാനം | ടി.ആർ. സുന്ദരം |
നിർമ്മാണം | ടി.ആർ. സുന്ദരം |
രചന | മുഹമ്മദ് യൂസഫ് |
തിരക്കഥ | കെ.ടി. മുഹമ്മദ് |
സംഭാഷണം | കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | ബഹദൂർ, പ്രേം നവാസ്, അംബിക, ടി.എസ്. മുത്തയ്യ |
സംഗീതം | ബാബുരാജ് |
പശ്ചാത്തലസംഗീതം | ബാബുരാജ് |
ഗാനരചന | പി.ഭാസ്കരൻ |
ഛായാഗ്രഹണം | സുന്ദരബാബു |
ചിത്രസംയോജനം | എൽ ബാലു |
ബാനർ | മോഡേൺ തീയറ്റേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
കഥാംശം[4] തിരുത്തുക
മരിക്കുന്നതിനു മുൻപ് മെക്കയിൽ പോകണമെന്നുള്ള ജീവിതത്തിലെ ഏക ആഗ്രഹക്കാരനാണ് നല്ലവനും ചെരുപ്പുകുത്തിയുമായ മമ്മദ്ക്കാ. തന്റെ കോട്ടിന്റെ പല ഭാഗത്തായി കഴിഞ്ഞ നാല്പതു വർഷങ്ങളായി ചെരുപ്പു കുത്തി കിട്ടിയ സമ്പാദ്യമെല്ലാം തുന്നിപ്പിടിപ്പിച്ച് മെക്കാ യാത്രയ്ക്കായി മമ്മദ് കാശൊരുക്കി.
വാക്കു പറഞ്ഞാൽ തെറ്റിക്കാത്ത പണക്കാരനായ കച്ചവടക്കാരനാണ് ആലിക്കോയ ഹാജി.ഹാജിയുടെ അനുസരണയുള്ള ഏകപുത്രനാണ് ഉമ്മർ.സഹോദരി കദീസയും ഭർത്താവായ അവറാനും ഹാജിയുടെ അയല്പക്കത്താണ് താമസം അവറാന്റെ ജ്യേഷ്ഠൻ വളരെക്കാലമായി സിംഗപ്പൂരിലാണ്. അയാളുടെ ഭാര്യ അമീനയും ഹസ്സൻ ,കുഞ്ഞീവി എന്നീ മക്കളും അവറാന്റെ കൂടെയാണ് താമസം. ആ ഭാരം കൂടി താങ്ങേണ്ടി വന്നതിൽ കദീസയ്ക്ക് കടുത്ത അരിശം ഉണ്ട്.
ഉമ്മറും കുഞ്ഞീവിയും ഒന്നിച്ചു കളിച്ചു വളർന്നവരാണ്. ആ അടുപ്പം പ്രായമായപ്പോൾ അനുരാഗമായി മാറി. അവരുടെ പ്രേമബന്ധത്തിന്റെ വളർച്ചയും ഫലവും തനിയ്ക്കു നാശം വരുത്തി വെയ്ക്കുമെന്ന ദുഷിച്ച ചിന്ത കദീസയിൽ വേരുറച്ചു. കദീസ ആ ബന്ധം ഉലയ്ക്കുവാൻ തീവ്രമായി പരിശ്രമിച്ചു.
ഉമ്മറും കുഞ്ഞീവിയുമായി സ്നേഹമാണെന്ന് ഹാജി മനസ്സിലാക്കി.തന്റെ നിലയ്ക്കും വലിപ്പത്തിനുമനുസരിച്ച് ഉമ്മറിനു വമ്പിച്ച സ്ത്രീധനം കൊടുക്കുവാൻ ആളുണ്ടായിരുന്നിട്ടും മകന്റെ ആഗ്രഹത്തെ മുൻ നിർത്തി വെറും രണ്ടായിരം രൂപാ സ്ത്രീധനമായി സ്വീകരിച്ചു കുഞ്ഞീവിയും ഉമ്മറുമായുള്ള വിവാഹം ഹാജി ഉറപ്പിച്ചു.
സ്ത്രീധനത്തിനുള്ള പണവുമായി തന്റെ സഹോദരൻ സിങ്കപ്പൂരിൽ നിന്നും വരുന്നുവെന്നറിഞ്ഞ അവറാൻ സന്തോഷിച്ചു. അമീനയും മക്കളും വലിയ പ്രതീക്ഷകളോടെ നാളുകൾ നീക്കി.വിവാഹം പൊളിക്കുവാനുള്ള കദീസയുടെ അടവുകൾ എല്ലാം പരാജയപ്പെട്ടു.പക്ഷേ വിധി മറിച്ചായിരുന്നു.കുഞ്ഞീവിയുടെ ബാപ്പ മരിച്ച കമ്പി കിട്ടിയതോടു കൂടി ആനന്ദം തിര തല്ലിയിരുന്ന ആ കുടുംബം ദുഃഖസാഗരമായി മാറി.
കദീസയുടെ ദുഷ്ടബുദ്ധി വീണ്ടും ഫണമുയർത്തി.അമീനയെയും കുട്ടികളെയും അവൾ വീട്ടിൽ നിന്നും പുറത്താക്കി.മമ്മദ്ക്കാ അവർക്കു അഭയം നൽകി.കുഞ്ഞീവിയുടെ കല്യാണച്ചെരുപ്പ് തുന്നാനേറ്റിരുന്ന മമ്മദ്ക്കായുടെ ഹൃദയം വേദനിച്ചു.
സ്ത്രീധനത്തിനു പണമൊരുക്കാൻ ഹാജി അവറാനു നൽകിയ സമയം തീരാരായി.അവറാൻ അവസാനക്കൈയായി കദീസയുടെ പേരിൽ താൻ കൊടുത്തിരുന്ന വീടും പറമ്പും പണയമെഴുതാൻ തീരുമാനിച്ചു.പക്ഷേ ഹാജി കദീസയെക്കൂടി അയാളുടെ വീട്ടിലേയ്ക്കു കൊണ്ടു പോയി.അങ്ങനെ അവറാന്റെ പ്ലാൻ നടക്കാതെ പോയി.
ഉമ്മറിന്റെ പ്രതീക്ഷകൾ തകർന്നു തുടങ്ങി. നിരാശനായി തീർന്ന ഉമ്മർ ബാപ്പായുടെ ഇരുമ്പുപെട്ടി തുറന്നു.പക്ഷേ ഹാജിയാർ തക്ക സമയത്ത് എത്തിയ കാരണം ഉമ്മർ അടുത്ത മുറിയിൽ ബന്ധനസ്ഥനാക്കപ്പെട്ടു.
ബാപ്പയുടെ മരണശേഷം ഹസ്സൻ ഒരു പുതിയ മനുഷ്യനായി.അവൻ ഉത്തരവാദ ബോധമുള്ളവനായി തീർന്നു.പക്ഷേ സ്ത്രീധനം ഉണ്ടാക്കുന്ന കാര്യത്തിൽ അവൻ നിസ്സഹായതയിൽ നിന്നും അടർന്നു വീണ ചില കൊള്ളിവാക്കുകൾ കുഞ്ഞീവിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചു.മമ്മദ്ക്കാ അവളെ അതിൽ നിന്നും പിൻതിരിപ്പിച്ചു രക്ഷിച്ചു.ആലിക്കോയ ഹാജി മകനു പെണ്ണന്വേഷിച്ച് എറണാകുളത്തു പോയി.ഉമ്മർ ഇപ്പോഴും വീട്ടിൽ ബന്ധനസ്ഥനാണ്.
മമ്മദ്ക്കായുടെ വീട്ടിൽ കുഞ്ഞീവിയുടെ കല്യാണത്തിനു പന്തലുയർന്നു.ആളുകൾ വന്നു നിറഞ്ഞു.ബന്ധനത്തിലായിരുന്ന ഉമ്മർ മുറിയുടെ ഓടിളക്കി രക്ഷപെട്ട് അവിടെയെത്തി.പെണ്ണു കാണാൻ പോയ ഹാജിയും വിവരമറിഞ്ഞു സ്ഥലത്തെത്തി.നിക്കാഹിനുള്ള സമയമടുത്തു.ഹാജിയാർക്കു പറഞ്ഞിരുന്ന സ്ത്രീധനത്തുക കിട്ടണം.നാല്പതു കൊല്ലമായി ഹജ്ജിനു പോകുവാൻ താൻ തപ്പിക്കൂട്ടി കോട്ടിൽ തുന്നിപ്പിടിപ്പിച്ചിരുന്ന പണം മടികൂടാതെ മമ്മദ്ക്കാ ഹാജിയാരുടെ നേരെ നീട്ടി.മമ്മദ്ക്കായുടെ അഭ്യർത്ഥനയനുസരിച്ച് പലരും സഹായഹസ്തം നീട്ടി.ഉമ്മറിന്റെയും കുഞ്ഞീവിയുടെയും വിവാഹം നടന്നു.
താരനിര[5] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | ടി എസ് മുത്തയ്യ | മമ്മത്ക്കാ |
2 | തിക്കുറിശ്ശി സുകുമാരൻ നായർ | ഹാജിയാർ |
3 | അംബിക | കുഞ്ഞീബി |
4 | പ്രേം നവാസ് | ഉമ്മർകോയ |
5 | പങ്കജവല്ലി | കദീസ |
6 | ആറന്മുള പൊന്നമ്മ | ആമിന |
7 | നെല്ലിക്കോട് ഭാസ്കരൻ | ഹസ്സൻ |
8 | എസ്.പി. പിള്ള | മിന്നൽ മൊയ്തീൻ |
9 | ബഹദൂർ | കാദർ |
10 | നിലമ്പൂർ ആയിഷ | ബിത്താത്ത |
11 | ചാന്ദിനി | ലൈല |
12 | സദാനന്ദൻ | അവറാൻ |
13 | കൊച്ചിൻ അമ്മിണി | |
14 | കോട്ടയം ചെല്ലപ്പൻ | |
15 | മുട്ടത്തറ സോമൻ | |
16 | മിസ് ഓമന | |
17 | പി സുശീല |
ഗാനങ്ങൾ[6] തിരുത്തുക
- വരികൾ:പി ഭാസ്കരൻ
- ഈണം: എം എസ് ബാബുരാജ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആനന്ദ സാമ്രാജ്യത്തില് | പി. ലീല | |
2 | ആട്ടേ പോട്ടേ ഇരിക്കട്ടേ | എം എസ് ബാബുരാജ് ,പി. ലീല | |
3 | അള്ളാവിൻ തിരുവുള്ളം | പി.ബി. ശ്രീനിവാസ് | |
4 | എന്നിട്ടും വന്നില്ലല്ലോ | പി. ലീല | ദർബാരി കാനഡ |
5 | കണ്ടം ബെച്ചൊരു കോട്ടാണ് | മെഹബൂബ് ,എം.എസ്. ബാബുരാജ് | |
6 | മാപ്പിള പുതുമാപ്പിള | കമുകറ പുരുഷോത്തമൻ ,പി. ലീല | |
7 | പുത്തൻ മണവാട്ടി | പി. ലീല ,ഗോമതി സിസ്റ്റേഴ്സ് | |
8 | സ്വന്തം കാര്യം സിന്ദാബാദ് | മെഹബൂബ് | |
9 | തെക്കുന്നു വന്ന കാറ്റേ | പി. ലീല |
അവലംബം തിരുത്തുക
- ↑ കംപ്ലീറ്റ് ഇൻഫർമേഷൻ ഓൻ വേൾഡ് ഫിലിം
- ↑ "കണ്ടംബെച്ച കോട്ട്(1961)". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2022-06-21.
- ↑ "കണ്ടംബെച്ച കോട്ട്(1961)". സ്പൈസി ഒണിയൻ. ശേഖരിച്ചത് 2022-06-21.
- ↑ "കണ്ടംബെച്ച കോട്ട്(1961)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-21.
- ↑ "കണ്ടംബെച്ച കോട്ട്(1961)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 16 ജൂൺ 2022.
- ↑ "കണ്ടംബെച്ച കോട്ട്(1961)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-17.