ഗുരു (ചലച്ചിത്രം)

മലയാള ചലച്ചിത്രം
ഗുരു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗുരു (വിവക്ഷകൾ) എന്ന താൾ കാണുക. ഗുരു (വിവക്ഷകൾ)

ജനസമ്മതി ക്രിയേഷൻസിന്റെ ബാനറിൽ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗുരു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്.[1] ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.

ഗുരു
സംവിധാനംരാജീവ് അഞ്ചൽ
നിർമ്മാണംജനസമ്മതി ക്രിയേഷൻസ്
കഥരാജീവ് അഞ്ചൽ
തിരക്കഥസി.ജി. രാജേന്ദ്ര ബാബു
അഭിനേതാക്കൾ
സംഗീതംഇളയരാജ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോജനസമ്മതി ക്രിയേഷൻസ്
വിതരണംജനസമ്മതി റിലീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗ്രാമത്തിലെ ഒരു പ്രാദേശിക ഹിന്ദു ക്ഷേത്രത്തിലെ പുരോഹിതന്റെ മകനാണ് രഘുരാമൻ. ആ ഗ്രാമത്തിലെ ജനങ്ങൾ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും ജീവിക്കുകയാണ് . അതിമോഹിയായ ഒരു രാഷ്ട്രീയക്കാരന്റെ ഗുണ്ടകൾ ക്ഷേത്രത്തിൽ മുസ്ലീം വേഷധാരിയായി കടന്നു കുഴപ്പം സൃഷ്ടിക്കുന്നു. അത് രണ്ടു മതവിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിലേക്ക് നയിക്കുന്നു. രഘുരാമന്റെ കുടുംബം കലാപകാരികളാൽ കൊല്ലപ്പെടുന്നു.

ഇതിനു പ്രതികാരം ചെയ്യാനായി രഘുരാമൻ ഒരു ഹിന്ദുതീവ്രവാദി സംഘത്തിൽ ചേരുന്നു. തുടർന്ന് എതിർ വിഭാഗത്തെ ആക്രമിക്കാനുള്ള ഒരു ശ്രമത്തിനിടയിൽ പോലീസിന്റെ കയ്യിൽനിന്നും രക്ഷപ്പെട്ട് രഘുരാമൻ ഒരു ആശ്രമത്തിൽ വേഷം മാറി കഴിയുന്നു. മുസ്ലീങ്ങൾ തമ്പടിച്ചിരിക്കുന്ന സ്ഥലം ആക്രമിക്കുന്നതിനായി രഘുരാമനും കൂട്ടരും ആശ്രമത്തിൽ വെച്ചു വീണ്ടും ഗൂഢാലോചന നടത്തുന്നു. തുടർന്ന് പദ്ധതി നടപ്പാക്കാനായി പുറപ്പെടുന്ന രഘുരാമനെ ആശ്രമത്തിലുള്ള ഒരു വൈദിക തടയുന്നു. അവരുടെ വാക്കുകളെ നിരാകരിച്ചു പോകാൻ തുടങ്ങുന്ന രഘുരാമനോട് പോകുന്നതിനു മുൻപ് അവസാനമായി ആശ്രമത്തിലെ അന്തേവാസികൾ ആരാധിക്കുന്ന ഗുരുവിന്റെ മെതിയടികളെ തൊട്ടു വന്ദിച്ചു പോകാൻ അവർ നിർദ്ദേശിക്കുന്നു. അതിൽ തൊടുന്ന രഘുരാമൻ ഒരു മയക്കത്തിലേക്ക് പോകുകയും, തുടർന്ന് അദ്ദേഹം കണ്ണു തുറക്കുമ്പോൾ മറ്റൊരു ലോകത്തിൽ എത്തുന്നു.

ഈ പുതിയ ലോകത്തിൽ എല്ലാവരും അന്ധരാണ് (മതത്തിന്റെ പ്രതീകം). കാഴ്ച ഒരു നുണയാണെന്നും അതിനെ കുറിച്ച് സംസാരിക്കുന്നത് പോലും ദൈവദൂഷണമാണെന്ന് അവർ വിശ്വസിക്കുന്നു. അങ്ങനെ അവിടെ വെച്ചു രമണകനെന്ന അന്ധഗായകനെ രാജകിങ്കരന്മാരിൽ നിന്നും രക്ഷിക്കുകയും, താൻ കാഴ്ചയുള്ളവരുടെ ലോകത്തുനിന്ന് വന്നതാണെന്ന് അറിയിക്കുന്നു. എന്നാൽ അവൻ വിശ്വസിക്കാൻ വിസമ്മതിക്കുകയും ഇവിടെ അത്തരമൊരു കാര്യം പ്രചരിപ്പിച്ചാൽ അദ്ദേഹത്തെ രാജാവും ജനങ്ങളും കൊലപ്പെടുത്തുകയും ചെയ്യുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. തുടർന്ന് രഘുരാമനും രമണകനും സുഹൃത്തുക്കളാകുന്നു. രമണകനോടൊത്തു ജീവിച്ചു രഘുരാമൻ , അവരുടെ ദൈനംദിന ജീവിതവും സംസ്കാരവും മനസ്സിലാക്കുന്നു. 'ഇലാമപഴം' എന്ന പേരിൽ അറിയപ്പെടുന്നൊരു രുചികരമായ ഫലം അവർ കഴിക്കുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നു. അതിന്റെ വിത്ത് കൊടിയ വിഷമാണെന്നും ആയതിനാൽ അതവർ കഴിക്കില്ലായെന്നും മനസ്സിലാക്കുന്നു. ഇലാമപഴം അവരുടെ നിത്യേനയുള്ള ആഹാരക്രമത്തിന്റെ ഭാഗമായിരുന്നു. രഘുരാമനും അതു കഴിക്കാൻ ഇടവരുന്നു. അതു കഴിച്ചതിനു ശേഷം അയാൾ അന്ധനും നിസ്സഹായനുമായി മാറുന്നു. അയാളെ രാജഭടന്മാർ പിടികൂടുകയും, രാജ്യദ്രോഹകുറ്റം ചുമത്തി താഴ്വരയിൽ ഇന്നോളം ആർക്കും കൊടുക്കാത്ത ശിക്ഷയായ ഇലാമപഴത്തിന്റെ വിത്ത് കഴിപ്പിച്ചു കൊല്ലാനും ഉത്തരവിടുന്നു. പടയാളികൾ കല്പന നടപ്പാക്കി അദ്ദേഹത്തെ മരിക്കാൻ വിടുന്നു. പക്ഷേ അയാൾ മരിക്കുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞു അയാൾ ഉണരുന്നു. അപ്പോൾ അയാൾക്ക് കാഴ്ച തിരിച്ചു കിട്ടുന്നു. പെട്ടെന്ന് ഗുരുവിന്റെ വാക്കുകൾ അശരീരിയായി അയാൾ കേൾക്കുന്നു. ആ താഴ്വരയിലെ ജനങ്ങളെ അന്ധതയിൽ നിന്നും മോചിപ്പിക്കുക എന്നതാണ് അയാളുടെ നിയോഗമെന്ന് അറിയിക്കുന്നു. തുടർന്നു ജനങ്ങളെ താൻ മരണത്തിൽ നിന്നും, അന്ധതയിൽനിന്നും മോചിതനായ കാര്യം അറിയിക്കുന്നു. രമണകനും കുടുംബവും അയാളെ വിശ്വസിക്കാനും ഇലാമ പഴത്തിന്റെ വിത്തുകൾ കഴിക്കാനും തയ്യാറാകുന്നു. ഈ വാർത്ത കാട്ടുതീപോലെ പടർന്ന് കൂടുതൽ ആളുകൾ രഘുരാമനെ പിന്തുടരുകയും ചെയ്യുന്നു. ഗുരുവിന്റെ അശരീരി പ്രകാരം രഘുരാമൻ എല്ലാവരെയും ഒരു ഗുഹയിൽ അടക്കുന്നു. അവിടെവെച്ച് എല്ലാവരും ഇലാമപഴത്തിന്റെ വിത്ത് കഴിക്കുന്നു.

രാജാവും ഉപദേഷ്ടാക്കളും ഈ സംഭവം മനസ്സിലാക്കി രഘുരാമനെ ബന്ധിക്കുന്നു. തുടർന്നു വധിക്കാൻ ആഹ്വാനം ചെയ്യുന്നു. ഒരു കലാപം ആരംഭിച്ചുകൊണ്ട് കാഴ്ച നേടിയ ജനങ്ങൾ രാജാവിനെതിരെ പ്രതികരിക്കുന്നു. അവർ കൊട്ടാരം ആക്രമിക്കുന്നു. അവിടെ രഘുരാമൻ അവരോട് അക്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു.

അതേ സമയം യഥാർത്ഥ ലോകത്തിൽ രഘുരാമൻ ഉണരുമ്പോൾ, തീവ്രവാദി സംഘം അഭയാർത്ഥികൾക്കു നേരെ ആക്രമണം തുടങ്ങുന്നു. എന്നാൽ ഉൾക്കാഴ്ച ലഭിച്ച രഘുരാമൻ മതത്തെ പരിഗണിക്കാതെ അവരെ രക്ഷപ്പെടുത്തുന്നു.

ഗാനങ്ങൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ

# ഗാനംഗായകർ ദൈർഘ്യം
1. "അരുണ കിരണ"  കെ.ജെ. യേശുദാസ്, രാധിക തിലക്, കോറസ്  
2. "ദേവസംഗീതം"  കെ.ജെ. യേശുദാസ്, രാധിക തിലക്  
3. "ദേവസംഗീതം"  കെ.ജെ. യേശുദാസ്  
4. "ഗുരുചരണം"  ജി. വേണുഗോപാൽ, കോറസ്  
5. "മിന്നാരം മാനത്ത്"  സുജാത മോഹൻ  
6. "തട്ടാരം മൊഴിയുമീ"  എം.ജി. ശ്രീകുമാർ, കോറസ്  
  1. "Guru goes in search of the Oscar" (in ഇംഗ്ലീഷ്). ദ ഹിന്ദു. 1997 നവംബർ 2. Retrieved 2011 ഏപ്രിൽ 8. {{cite web}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗുരു_(ചലച്ചിത്രം)&oldid=3713349" എന്ന താളിൽനിന്ന് ശേഖരിച്ചത്