ഷീല
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ഷീല. മലയാളത്തിലും തമിഴിലുമാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. 1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.
ഷീല | |
---|---|
ജനനം | |
സജീവ കാലം | 1962- ഇതുവരെ |
അറിയപ്പെടുന്നത് | ചെമ്മീൻ |
ജീവിതപങ്കാളി(കൾ) | രവിചന്ദ്രൻ (വി.മോ), ബാബു സേവ്യർ |
കുട്ടികൾ | വിഷ്ണു |
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ് അന്തരിച്ച നടൻ പ്രേം നസീറിനൊപ്പം പങ്കിടുന്നു. 1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിനയ രംഗത്തുനിന്ന് വിടവാങ്ങി. 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി.
ചലച്ചിത്രനിർമാതാവ് ബാബു സേവ്യറാണ് ഭർത്താവ്. മകൻ വിഷ്ണുവും ചലച്ചിത്ര താരമാണ്.
ആദ്യകാലം
തിരുത്തുകതൃശൂർ കണിമംഗലം സ്വദേശി ആൻറണിയുടെയും ഭാര്യ ഗ്രേസിയുടെയും മകൾ ഷീല സെലിൻ[1] പിൽക്കാലത്ത് ഷീല എന്ന പേരിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായത്. 1945 മാർച്ച് 22-നായിരുന്നു ജനനം. പിതാവ് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് വിവിധ സ്ഥലങ്ങളിലായാണ് ഷീല പഠിച്ചതും വളർന്നതും.
സർവീസിൽനിന്ന് വിരമിച്ചശേഷം ആൻറണി കോയമ്പത്തൂരിൽ ഒരു വാടകവീട്ടിൽ കുടുംബസമേതം താമസമാക്കി. സാമ്പത്തിക പ്രതിസന്ധി മൂലം ഷീല പത്താം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ഒരിക്കൽ കോയമ്പത്തൂരിലെ റെയിൽവേ ക്ലബിന്റെ വാർഷികത്തിന് അവതരിപ്പിക്കുന്നതിന് വീടിനടുത്തുള്ള ചിലർ പരിശീലിച്ചിരുന്ന നാടകത്തിലെ സംഭാഷണങ്ങൾ ഷീല മനഃപാഠമാക്കി. നാടകം അരങ്ങേറുന്നതിന്റെ തലേന്ന് നായിക കാലുമാറി. പകരക്കാരിയായി ഷീല വേദിയിലെത്തി. പ്രതിഫലമായി നാൽപ്പതു രൂപ കിട്ടി. ആ പണം അമ്മയുടെ കയ്യിൽ കൊടുത്തു. പക്ഷേ വീട്ടിൽനിന്നുള്ള പ്രതികരണം വിപരീതമായിരുന്നു. ഇനി ഒരിക്കലും നാടകം കളിക്കില്ലെന്ന് ഉറപ്പുനൽകുംവരെ പിതാവ് ഷീലയെ തല്ലി.
പതിമൂന്നാം വയസിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഷീല നാടകരംഗത്തെത്തി.
സിനിമയിൽ
തിരുത്തുകഎം.ജി.ആർ. നായകനായ പാശത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് മലയാളചലച്ചിത്രമാണ്. ഷീല എന്ന പേര് എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി. പാശത്തിത്തിന്റെ സെറ്റിൽവച്ച് സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ അവളെ നായികയാക്കി. ഷീല എന്ന പേരിട്ടത് ഭാസ്കരനായിരുന്നു.
തുടർന്നങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീൻ, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകൾ, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാർ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്‌വേമായം, പഞ്ചവൻ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ഷീല തലമുറകളുടെ ഹരമായി മാറി. ഭാര്യമാർ സൂക്ഷികുക എന്ന സിനിമയിലെ ശോഭ എന്ന കഥാപാത്രം ഷീലയുടെ താരമൂല്യം കൂട്ടി.
പ്രേം നസീർ , സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങി അന്നത്തെ മുൻനിര നായകൻമാരുടെയെല്ലാം നായികയായി ഈ നടി തിളങ്ങി.
ഇടവേള
തിരുത്തുകകുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായാണ് ഷീല 1980ൽ അഭിനയ രംഗം വിട്ടത്. പിന്നീടുള്ള നീണ്ട കാലയളവിൽ അവരെക്കുറിച്ച് ആരും കേട്ടില്ല. സിനമക്കാരുടെ കൂട്ടായ്മകളിലോ താരനിശകളിലോ പഴയ സ്വപ്ന നായികയുടെ സാനിധ്യമുണ്ടായിരുന്നില്ല.
ടെലിവിഷൻ ചാനലുകളിലെ പഴയ സിനിമകളിലും മുതിർന്ന തലമുറയിൽപെട്ടവരുടെ ചലച്ചിത്ര സ്മരണകളിലും ഇടയ്ക്കിടെ അവർ കടന്നുവന്നിരുന്നു. വർഷങ്ങൾക്കുശേഷം 1998-ൽ മകൻ വിഷ്ണു നായകനായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലാണ് ഷീലയെ പിന്നീട് കണ്ടത്.
രണ്ടാം വരവ്
തിരുത്തുകചെന്നൈയിലും ഊട്ടിയിലുമായി താമസിച്ചിരുന്ന ഷീല പേരക്കുട്ടിയുടെ ജനനത്തിനുശേഷമാണ് വീണ്ടും സിനിമയിലേക്ക് മടങ്ങിയത്. തിരിച്ച് സിനിമയിലേയ്ക്ക് വരണമോ എന്ന ആശയക്കുഴപ്പം ഉണ്ടായപ്പോൾ ചെന്നൈയിൽ പോയി അന്നവിടെ ഉണ്ടായിരുന്ന ശ്രീ മാതാ അമൃതാനന്ദമയി ദേവിയെ പോയി കണ്ടു. അന്ന് അമ്മയാണ് സിനിമയിലേയ്ക്ക് തിരിച്ചുവരാൻ പ്രചോദനം നൽകിയത്. 'ഷീല അഭിനയിക്കാൻ വേണ്ടിയാണ് ജനിച്ചത്. മരണം വരെ അഭിനയിച്ചു കൊണ്ടേ ഇരിക്കുക' എന്നായിരുന്നു അമ്മയുടെ മറുപടി. (https://www.youtube.com/watch?v=NTTRDg7pthA)
ഇസ്മായിൽ ഹസൻ സംവിധാനം ചെയ്ത വിരൽത്തുന്പിലാരോ ആയിരുന്നു രണ്ടാം വരവിൽ ഷീല ആദ്യം അഭിനയിച്ച ചിത്രം. പക്ഷേ, ആദ്യം പുറത്തിറങ്ങിയത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആണ്.
അതിലെ കൊമ്പനക്കാട്ട് കൊച്ചുത്രേസ്യ എന്ന കഥാപാത്രം ഷീലയുടെ തിരിച്ചുവരവ് ഉജ്ജ്വലമാക്കി. തുടർന്ന് അകലെ , തസ്കരവീരൻ , പതാക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ മാർഗരറ്റ് എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ഷീലക്ക് മികച്ച സഹനടിക്കുള്ള 2004 ലെ സംസ്ഥാന അവാർഡ് ലഭിച്ചു.
അഭിനയത്തിനപ്പുറം
തിരുത്തുകനടി എന്നതിലുപരി കഥാകാരി, സംവിധായിക എന്നീ നിലകളിലും ഷീല സാനിധ്യമറിയിച്ചു. യക്ഷഗാനം , ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
ഷീല അഭിനയിച്ച ചില ചിത്രങ്ങൾ
തിരുത്തുക- 2014 – ഉൽസാഹകമ്മിറ്റി
- 2012 – മിസ്റ്റർ മരുമകൻ
- 2011 – കൊട്ടാരത്തിൽ കുട്ടിഭൂതം
- 2011 – സ്നേഹവീട്
- 2006 – പതാക
- 2005 – പൊന്മുടിപ്പുഴയോരത്ത്
- 2005 – തസ്കരവീരൻ
- 2004 – അകലെ
- 2003 – മനസ്സിനക്കരെ
- 1982 – ആശ
- 1982 – മദ്രാസിലെ മോൻ
- 1971 - ഉമ്മാച്ചു
അവലംബം
തിരുത്തുക- ↑ നടി: ഷീല; മൈ ലൈഫ് അൺറ്റോൾഡ്- വനിത (15-31)ഡിസംബർ2010, പ്രസാധകർ: മലയാള മനോരമ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഷീല