നാല് പെണ്ണുങ്ങൾ

മലയാള ചലച്ചിത്രം
(നാലു പെണ്ണുങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ്‌ നാല്‌ പെണ്ണുങ്ങൾ. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള നാല്‌ വ്യത്യസ്ത ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ്‌ ചിത്രം. അടൂർ ഗോപാലകൃഷ്ണൻ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പത്മപ്രിയ, ഗീതു മോഹൻദാസ്, മഞ്ജു പിള്ള, നന്ദിത ദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കെ.പി.എ.സി. ലളിത, മുകേഷ്, മനോജ് കെ. ജയൻ, സോന നായർ, രവി വള്ളത്തോൾ, രമ്യ നമ്പീശൻ, കാവ്യ മാധവൻ, എം.ആർ. ഗോപകുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ അനുഭവിക്കുന്ന സാമ്യമുള്ള പ്രശ്നങ്ങളാണ്‌ ഈ കഥകളിലൂടെ വരച്ചുകാട്ടുന്നത്. 2007-ൽ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം സംവിധാനം ചെയ്തതിന്‌ അടൂർ ഗോപാലകൃഷ്ണന്‌ ലഭിച്ചു.[1]

നാല്‌ പെണ്ണുങ്ങൾ
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംഅടൂർ ഗോപാലകൃഷ്ണൻ
ബെൻസി മാർട്ടിൻ
കഥതകഴി ശിവശങ്കരപ്പിള്ള
തിരക്കഥഅടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾപത്മപ്രിയ
ഗീതു മോഹൻദാസ്
മഞ്ജു പിള്ള
നന്ദിത ദാസ്
സംഗീതംഐസക് തോമസ് കൊട്ടുകപ്പള്ളി
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംഅജിത്
വിതരണംഎമിൽ & എറിക് ഡിജിറ്റൽ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്
റിലീസിങ് തീയതി2007
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം105 മിനിറ്റ്

എന്നാൽ അമിതസൗന്ദര്യവൽക്കരണം കൊണ്ടും, പോയകാലം പുനഃസൃഷ്ട്രിക്കാനുള്ള അമിതവ്യഗ്രതയും മൂലം കഥാകേന്ദ്രത്തിൽ നിന്നു തെന്നിമാറിയതിനാൽ, നാളിതുവരെയുള്ള അടൂർ ചിത്രങ്ങളിൽ വച്ച് ദുർബലമായ ഒരു ചലച്ചിത്രമായും നാലുപെണ്ണുങ്ങൾ വിലയിരുത്തപ്പെടുന്നു.[2]

കഥാസംഗ്രഹം

തിരുത്തുക

ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നു അമ്മ, നിത്യകന്യക എന്നിങ്ങനെ നാല്‌ കഥകളാണ്‌ ചിത്രത്തിലുള്ളത്

ഒരു നിയമലംഘനത്തിന്റെ കഥ

തിരുത്തുക

തെരുവുവേശ്യയായ കുഞ്ഞിപ്പെണ്ണും (പത്മപ്രിയ) ചുമട്ടുതൊഴിലാളിയായ പപ്പുക്കുട്ടിയും (ശ്രീജിത്ത് രവി) വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. വിവാഹശേഷം കുഞ്ഞിപ്പെണ്ണ് പഴയ തൊഴിൽ നിർത്തി റോഡുപണിക്ക് പോകുന്നു. ഒരു രാത്രി ഇരുവരെയും പോലീസ് അനാശാസ്യത്തിന്‌ അറസ്റ്റ് ചെയ്യുന്നു. തങ്ങൾ വിവാഹിതരാണെന്ന് ഇരുവരും കോടതിയിൽ ബോധിപ്പിക്കുന്നെങ്കിലും രേഖകളില്ലാത്തതിനാലും അവരുടെ സാമൂഹ്യസാഹചര്യം നോക്കിയും കോടതി അവരെ കുറ്റക്കാരെന്ന് കണ്ട് തടവുശീക്ഷ വിധിക്കുന്നു.

ചെറുപ്രായത്തിലേ കുടുംബഭാരം ചുമലിലേറ്റിയ കർഷകത്തൊഴിലാളിയാണ്‌ കുമാരി (ഗീതു മോഹൻദാസ്). കുമാരിയുടെ അച്ഛൻ (എം.ആർ. ഗോപകുമാർ) അവളെ വിവാഹം കഴിപ്പിച്ചയക്കാൻ തീരുമാനിക്കുന്നു. വിവാഹശേഷം ഭർത്താവ് നാരായണൻ (നന്ദുലാൽ) കുമാരിയിൽ നിന്ന് ശാരീരികമായി അകന്നുകഴിയുകയും സംസാരിക്കുക പോലും ചെയ്യാതിരിക്കുകയും ചെയ്യുന്നു. കുറച്ചു ദിവസത്തിനുശേഷം കുമാരിയുടെ വീട്ടിൽ സന്ദർശനത്തിനെത്തി തിരിച്ചുപോകുന്ന നാരായണൻ കുമാരിയെ വീട്ടിലാക്കിയിട്ടാണ്‌ പോകുന്നത്. ഭർത്താവ് തിരിച്ചുവരാതിരിക്കുന്നതോടെ കുമാരി പിഴച്ചവളാണെന്ന ശ്രുതി പരക്കുന്നു. അപമാനം മൂലം കുമാരിയുടെ അച്ഛൻ വിവാഹാലോചന കൊണ്ടുവന്ന അയൽക്കാരനുമായി വഴക്കിനുപോകുന്നു. അതുവരെ മൗനമവലംബിച്ചിരുന്ന കുമാരി ഇങ്ങനെയൊരു വിവാഹം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കുന്നു.

ചിന്നു അമ്മ

തിരുത്തുക

മക്കളില്ലാത്ത ചിന്നു അമ്മ (മഞ്ജു പിള്ള) ഭർത്താവിനോടൊപ്പം (മുരളി) കഴിയുന്നു. തമിഴ്‌നാട്ടിലേക്ക് നാടുവിട്ടുപോയിരുന്ന പഴയ സഹപാഠിയായ നാറാപിള്ള (മുകേഷ്) നാട്ടിലേക്കെത്തുമ്പോൾ ചിന്നു അമ്മയെ സന്ദർശിക്കുന്നു. ഗർഭിണിയാകുമെന്ന ഭയത്താൽ മാത്രം മുമ്പ് നാറാപിള്ളയുമായി ബന്ധപ്പെടാതിരുന്നവളാണ്‌ ചിന്നു. മക്കൾ ജനിച്ച ഉടനെ മരിച്ചുപോകുന്നത് ഭർത്താവിന്റെ കുഴപ്പം മൂലമാണെന്നും താൻ ചിന്നുവിന്‌ ദീർഘായുസ്സുള്ള ഒരു സന്താനത്തെ നൽകാമെന്നും നാറാപിള്ള പറയുന്നു. ഒരു കുഞ്ഞുണ്ടാകാനുള്ള അതിയായ ആഗ്രഹമുണ്ടായിട്ടും ഒടുവിൽ ചിന്നുഅമ്മ നാറാപിള്ളയെ നിരസിക്കുന്നു.

നിത്യകന്യക

തിരുത്തുക
 
"നിത്യകന്യക" എന്ന കഥയിൽ നിന്നുള്ള ദൃശ്യം

കാമാക്ഷിയെ (നന്ദിത ദാസ്) പെണ്ണുകാണാൻ വരുന്നയാൾ (രവി വള്ളത്തോൾ) അനിയത്തിയായ സുഭദ്രയെ (കാവ്യ മാധവൻ) വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ഈ വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കാമാക്ഷിയുടെ വിവാഹം ശരിയാകുന്നില്ല. കാമാക്ഷിയുടെ വിവാഹം കഴിഞ്ഞേ വിവാഹം കഴിക്കൂ എന്ന് വാക്കുപറഞ്ഞിരുന്ന ചേട്ടൻ കുട്ടനും (അശോകൻ) വിവാഹം കഴിക്കുന്നു. ഏറ്റവും ഇളയ അനിയത്തിയായ പൊടിമോളുടെ (രമ്യ നമ്പീശൻ) വിവാഹവും നടക്കുന്നു. അമ്മയുടെ (കെ.പി.എ.സി. ലളിത) മരണശേഷം കാമാക്ഷി സുഭദ്രയുടെ വീട്ടിലേക്ക് പോകുന്നു. എന്നാൽ സഹോദരിയെ സുഭദ്ര എതിരാളിയായി കാണുന്നതിനാൽ കാമാക്ഷിക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. ഏട്ടന്റെയോ അനിയത്തിയുടെയോ കൂടെ ജീവിക്കാൻ കൂട്ടാക്കാതെ കാമാക്ഷി ഒറ്റയ്ക്ക് തന്റെ വീട്ടിൽ കഴിയാൻ തീരുമാനിക്കുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക
  • ഏറ്റവും മികച്ച സംവിധായകൻ : അടൂർ ഗോപാലകൃഷ്ണൻ
  • ഏറ്റവും മികച്ച എഡിറ്റിങ്ങ് : ബി. അജിത് കുമാർ
  • ഏറ്റവും മികച്ച കലാസംവിധാനം : രാജശേഖരൻ[3]
  • ഏറ്റവും മികച്ച വസ്ത്രാലങ്കാരം : എസ്.ബി. സതീശൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://pib.nic.in/archieve/others/2009/sep/r2009090707.pdf
  2. രാജ്‌മോഹൻ. "അതെ, അടൂരും ദുർബലനായിതുടങ്ങി..." Cinema of Malayalam. Archived from the original on 2010-06-18. Retrieved 2010 മേയ് 14. {{cite web}}: Check date values in: |accessdate= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2010-05-08.
"https://ml.wikipedia.org/w/index.php?title=നാല്_പെണ്ണുങ്ങൾ&oldid=3805535" എന്ന താളിൽനിന്ന് ശേഖരിച്ചത്