എം.ജി. ശ്രീകുമാർ
ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിലറിയപ്പെടുന്ന ഒരു കലാകാരനാണ് മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയപ്പെടുന്ന എം.ജി.ശ്രീകുമാർ (ജനനം: 25 മെയ് 1957)
എം.ജി. ശ്രീകുമാർ | |
---|---|
![]() എം.ജി ശ്രീകുമാർ, ഒരു സ്റ്റേജ് പരിപാടിയിൽ | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മലബാർ ഗോപാലൻ നായർ ശ്രീകുമാർ |
പുറമേ അറിയപ്പെടുന്ന | ശ്രീക്കുട്ടൻ |
ജനനം | ഹരിപ്പാട്, ആലപ്പുഴ | 25 മേയ് 1957
തൊഴിൽ(കൾ) | ഗായകൻ, വിധികർത്താവ്,അവതാരകൻ, സംഗീതസംവിധായകൻ |
വർഷങ്ങളായി സജീവം | 1984–തുടരുന്നു |
വെബ്സൈറ്റ് | mgsreekumar |
ജീവിതരേഖ തിരുത്തുക
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട് എന്ന ഗ്രാമത്തിൽ സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന ഹരിപ്പാട് മേടയിൽവീട്ടിൽ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ ഇളയ മകനായി 1957 മെയ് 25ന് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിൽ ജനിച്ചു.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൻ്റെയടുത്തുള്ള ഗവ.ഗേൾസ് സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു അദ്ദേഹത്തിൻ്റെ അമ്മ മേടയിൽ കമലാക്ഷിയമ്മ. ഇന്ന് അദ്ദേഹത്തിൻ്റെ കുഞ്ഞമ്മയുടെ മക്കൾ കുടുംബത്ത് താമസിക്കുന്നു. തിരുവനന്തപുരത്തെ വീട്ടുപേരും "മേടയിൽ " എന്നാണ്. മൂത്ത സഹോദരനായ എം.ജി. രാധാകൃഷ്ണൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു. സഹോദരി ഡോ.ഓമനക്കുട്ടി തിരുവനന്തപുരം വിമൻസ് കോളേജിലെ സംഗീത പ്രൊഫസറായിരുന്നു.[1]
സംഗീതസ്വരങ്ങൾ നിറഞ്ഞു നിന്ന വീട്ടിലായിരുന്നു ശ്രീകുമാർ ജനിച്ചതും വളർന്നതുമെല്ലാം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ബിരുദം നേടിയ എം.ജി.ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവൻ്റെ കീഴിലും കുറച്ച് നാൾ സംഗീതം അഭ്യസിച്ചു. എന്നാലും സംഗീതത്തിലെ പ്രധാന ഗുരു മൂത്ത സഹോദരൻ എം.ജി. രാധാകൃഷ്ണൻ തന്നെയായിരുന്നു.
1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു[2].
കെ.ജെ. യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മലയാള ചലച്ചിത്ര പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് കണ്ണീർപൂവിൻ്റെ കവിളിൽ തലോടി, നാദരൂപിണി തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ്[3].
അച്ഛനെയാണെനിക്കിഷ്ടം, ചതുരംഗം, താണ്ഡവം, കാഞ്ചീവരം എന്നീ സിനിമകളുടെ സംഗീത സംവിധാനമൊരുക്കി. മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി.ശ്രീകുമാറിന് ലഭിച്ചു[4]
സംഗീത ജീവിതം
പാരമ്പര്യമായി കിട്ടിയ കർണാടക സംഗീതത്തിൻ്റെ വളരെ ശക്തമായ അടിത്തറയുണ്ട് ശ്രീകുമാറിന്. അത് പാടുന്നതിനായാലും സംഗീതം ചെയ്യുന്നതിനായാലും. ഒരു ഗായകൻ എന്ന നിലയിലറിയപ്പെട്ട എം.ജി.ശ്രീകുമാർ പെട്ടെന്നാണ് സംഗീത സംവിധായകൻ എന്നറിയപ്പെടാൻ തുടങ്ങിയത്. 2002-ൽ റിലീസായ താണ്ഡവം എന്ന മോഹൻലാൽ സിനിമയിലൂടെയാണ്. പെരുമ്പാവൂർ ജി.രവീന്ദ്രനാഥുമായിട്ടാണ് താണ്ഡവം സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
ശ്രീകുമാറിന് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത് ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ നാദരൂപിണി എന്ന ഗാനത്തിനായിരുന്നു.
വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലെ ചാന്തുപൊട്ടും ചങ്കേലസും ചാർത്തിവരുന്നവളെ എന്ന ഗാനത്തിന് ഒട്ടും പ്രതീക്ഷിക്കാതെയാണ് ദേശീയ പുരസ്കാരം ലഭിച്ചത്.
വളരെ മഹനീയമായ സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നു എം.ജി.ശ്രീകുമാർ മലയാള സിനിമ ലോകത്തേക്ക് എത്തിയത്. സംഗീത വേരുകളുള്ള കുടുംബത്തിലെ അംഗമായ ശ്രീകുമാറിന് ഒട്ടേറെ പാരമ്പര്യങ്ങളും അവകാശപ്പെടാനുണ്ട്. സംഗീത സംവിധായകനായിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്ന എം.ജി.രാധാകൃഷ്ണൻ്റെ മകൻ എം.ആർ.രാജകൃഷ്ണൻ ഇന്ത്യയിലെ തന്നെ മികച്ച ഓഡിയോഗ്രാഫർമാരിലൊരാളാണ്. സംഗീത കോളേജ് അധ്യാപികയായ സഹോദരി കെ.ഓമനക്കുട്ടിയുടെ ചെറുമകൻ ഹരിശങ്കറും ഇപ്പോൾ സംഗീത ആലാപന ലോകത്തേക്ക് കടന്നിരിക്കുന്നു അങ്ങനെ കുടുംബാംഗങ്ങൾ ഒക്കെയും സംഗീതത്തിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവരാണ്.
എം.ജി.ശ്രീകുമാറിൻ്റെ ഗാനങ്ങൾ കേൾക്കുന്നവർക്കെല്ലാം അനുഭവപ്പെടുന്ന ഒരു കാര്യമാണ് അദ്ദേഹത്തിൻ്റെ ശബ്ദത്തിലെ നേസൽ ടോൺ. 2002-ലെ താണ്ഡവം എന്ന സിനിമയിലെ ഹിമഗിരി നിരകൾ പൊൻതുടികളിലുണരും എന്ന ഗാനാലാപനത്തിന് ഒരു ഗായകൻ എന്ന നിലയിൽ ഏറെ ശ്രോതാക്കളുടെ നിരൂപക പ്രശംസ കിട്ടിയ ഗാനമായിരുന്നു കർണാടക സംഗീതത്തിൽ സാരമതി രാഗത്തിലുള്ള ഈ ഗാനം. ഇതിൻ്റെ സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ആയിരുന്നു.
2001-ലെ കാക്കക്കുയിൽ എന്ന സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ പാടാം വനമാലി എന്ന ഗാനം മികച്ച ഒരു കോമ്പോസിഷനായി മാറി.
തൻ്റെ ചില കോമ്പോസിഷനുകളിൽ ആ ഗാനം കമ്പോസ് ചെയ്ത രാഗത്തിലെ ഒരു കൃതി കൊണ്ട് വരുന്നത് എം.ജി.ശ്രീകുമാറിൻ്റെ ചില കോമ്പോസിഷൻ പ്രത്യേകതയാണ്. ഈ ഗാനത്തിൻ്റെ ഒടുവിൽ അദ്ദേഹം സാമജവരഗമന എന്ന ത്യാഗരാജ സ്വാമിയുടെ ഹിന്ദോള രാഗത്തിലെ ഒരു പ്രശസ്തമായ കൃതി കൊണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള കൃതികൾ കൊണ്ടുവരുമ്പോൾ ആ പാട്ടിൻ്റെ മാറ്റ് പതിന്മടങ്ങ് വർധിക്കുന്നതായിട്ടാണ് അദ്ദേഹത്തിൻ്റെ പല കോമ്പോസിഷനും കേൾക്കുമ്പോൾ തോന്നിയിട്ടുള്ളത്.
2011-ലെ ഒരു മരുഭൂമിക്കഥ എന്ന സിനിമയിലെ ചെമ്പകവല്ലികളിൽ തുളുമ്പിയ ചന്ദനമാമഴയിൽ... എന്ന ആഭേരി രാഗത്തിൽ തീർത്ത അതി മനോഹരമായ ഒരു ഗാനം എം.ജി.ശ്രീകുമാറിനൊപ്പം ശ്വേത മേനോൻ്റെ ആലാപനവും ഈ ഗാനത്തിൻ്റെ മാറ്റ് കൂട്ടുന്നു. തൻ്റെ ഗാനങ്ങളിൽ പിന്തുടരാറുള്ള മേൽപ്പറഞ്ഞ ശൈലി ഈ ഗാനത്തിലും എം.ജി. ശ്രീകുമാർ പിന്തുടരുന്നു. അതായത് ആഭേരി രാഗത്തിലെ പ്രശസ്ത ത്യാഗരാജ കൃതിയായ നഗുമൊ മുഗ നെല്ലി ഈ ഗാനത്തിലെ അനുപല്ലവിക്ക് മുൻപ് പാടുന്നുണ്ട്.
ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങിയ മാസ്റ്റേഴ്സ് മാത്രമെ പ്രണയഗാനങ്ങൾക്ക് വേണ്ടി മായാമാളവഗൗള എന്ന രാഗം ഉപയോഗിച്ചുള്ളൂ. അവരെപ്പോലെ തന്നെ മാറി ചിന്തിച്ചിരുന്ന എം.ജി.ശ്രീകുമാർ പ്രിയദർശൻ ചിത്രമായ ആമയും മുയലുമെന്ന സിനിമയിലെ മായാമാളവ ഗൗള രാഗത്തിൽ ചിട്ടപ്പെടുത്തി എം.ജി.ശ്രീകുമാർ ആലപിച്ച ഗാനമാണ് കുഴലൂതും കുനുകുരുവി കുലവാഴ കൂമ്പഴകി...
2016ൽ റിലീസായ ഒപ്പം എന്ന സിനിമയിൽ എം.ജി.ശ്രീകുമാർ ആലപിച്ച ചിന്നമ്മ എന്ന ഗാനത്തിലെ പഴയകാലങ്ങളെങ്ങോ പടിമറയുവതിനി വരുമൊ എന്ന വരികൾ നീലാംബരി രാഗത്തിലുള്ളവയാണ്. കിലുക്കം എന്ന സിനിമയിലെ കിലുകിൽ പമ്പരം എന്ന നീലാംബരി രാഗത്തിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നതും എം.ജി.ശ്രീകുമാർ തന്നെയാണ്.
സ്വകാര്യ ജീവിതം
- ഭാര്യ : ലേഖ ശ്രീകുമാർ
(2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം)
വിവാദങ്ങൾ തിരുത്തുക
2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീകുമാറിനെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് വിവാദങ്ങൾക്കിടയാക്കി. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്ത ശ്രീകുമാർ തിരുവനന്തപുരത്ത് 2016-ൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി എന്നതായിരുന്നു ഈ വിവാദങ്ങൾക്ക് കാരണം.[5][6][7][8]
പുരസ്കാരങ്ങൾ തിരുത്തുക
ദേശീയ ചലച്ചിത്രപുരസ്കാരം തിരുത്തുക
- 1990 - മികച്ച പിന്നണിഗായകൻ - നാദരൂപിണി (ഹിസ് ഹൈനസ് അബ്ദുള്ള)
- 1999 - മികച്ച പിന്നണിഗായകൻ - ചാന്തുപൊട്ടും (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം തിരുത്തുക
- 1989 - മികച്ച പിന്നണിഗായകൻ - കണ്ണീർപ്പൂവിന്റെ (കിരീടം), മായാമയൂരം പീലിവീശിയോ (വടക്കുനോക്കിയന്ത്രം)
- 1991 - മികച്ച പിന്നണിഗായകൻ - കിലുകിൽ പമ്പരം (കിലുക്കം), ആതിരവരവായി (തുടർക്കഥ)
- 1992 - മികച്ച പിന്നണിഗായകൻ - വിവിധ ചിത്രങ്ങൾ
ശ്രദ്ധേയമായ ഗാനങ്ങൾ തിരുത്തുക
- വെള്ളിക്കൊലുസ്സോടെ (കൂലി)
- ആതിര വരവായി (തുടർക്കഥ)
- കിലുകിൽ പമ്പരം (കിലുക്കം )
- കണ്ണീപൂവിന്റെ (കിരീടം)
- ദലമർമ്മരം (വർണ്ണം)
- കസ്തൂരി (വിഷ്ണുലോകം)
- പൂവായി വിരിഞ്ഞൂ (അഥർവം)
- മിണ്ടാതതെന്തെ (വിഷ്ണുലോകം)
- സമയമിതപൂർവ്വ (ഹരികൃഷ്ണൻസ്)
- മന്ദാരച്ചെപ്പുണ്ടോ (ദശരഥം) (1989)
പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക
- ↑ https://www.manoramaonline.com/music/interviews/2021/05/21/interview-with-m-g-sreekumar-on-mohanlal-s-birthday.html
- ↑ https://www.manoramaonline.com/music/interviews/2021/06/08/m-g-sreekumar-opens-up-about-the-first-film-with-priyadarshan.html
- ↑ https://www.manoramaonline.com/music/interviews/m-g-sreekumar-about-kilukkam-songs.html
- ↑ https://m3db.com/mg-sreekumar
- ↑ https://www.manoramaonline.com/news/kerala/2021/12/28/mg-sreekumar-appointment-controversy.html
- ↑ https://www.manoramaonline.com/news/latest-news/2021/12/26/director-ranjith-to-become-chairman-of-kerala-chalachithra-academy.html
- ↑ "Pro-BJP M. G. Sreekumar is CPM's choice to head Kerala Sangeeta Nataka Akademi". New Indian Express.
- ↑ http://www.mangalam.com/news/detail/537767-latest-news-director-ranjith-appointed-as-kerala-chalachitra-academy.html