റോയൽ എക്‌സിബിറ്റേഴ്‌സ്

കേരളത്തിലെ ആദ്യത്തെ ചലച്ചിത്രക്കമ്പനിയാണ് റോയൽ എക്‌സിബിറ്റേഴ്‌സ് (English: Royal Exhibitors). കേരളത്തിലെ ചലച്ചിത്രപ്രദർശന വ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്ന കാട്ടൂക്കാരൻ വാറുണ്ണിയാണ് ഈ കമ്പനി സ്ഥാപിച്ചത്. [1]. കേരളത്തിലെ ആദ്യകാല തിയേറ്ററുകളായ തൃശ്ശൂരിലെ ജോസ് തിയേറ്റർ, കോഴിക്കോട്ടെ ഡേവിസൺ തിയേറ്റർ എന്നിവ ഈ കമ്പിനിയുടെ കീഴിലാണ് നിർമ്മിച്ചത്[2].

ചരിത്രംതിരുത്തുക

 
വിഗതകുമാരൻ സിനിമയ്ക്കുള്ള ക്ഷണപത്രിക

1930-ൽ മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരൻ പുറത്തുവരുന്നത്തിനും മുൻപ്, 1906-ലാണ് കേരളത്തിൽ ആദ്യമായി ചലച്ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.

1895 ഡിസംബർ 28-ൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദർശനം (സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഫാക്ടറി വിട്ടു പുറത്തുവരുന്ന തൊഴിലാളികൾ, സ്‌റേഷനിൽ വന്നുനിൽക്കുന്ന തീവണ്ടി, പൂ വിരിയുന്നത്, കുതിര ഓടുന്നത് പത്ത് ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുന്ന വീഡിയോ) പാരീസിലെ ഗ്രാന്റ് കഫേയുടെ നിലവറയിൽ ലൂമിയേ സഹോദരന്മാർ നടത്തിയതിന് ശേഷം[3] ആറ് മാസം പിന്നിട്ടപ്പോൾ ഇന്ത്യയിലും അവർ ഇത്തരത്തിലുള്ള ചലച്ചിത്രപ്രദർശനം നടത്തി. ഇന്ത്യയിലെ ആദ്യ ചലച്ചിത്രപ്രദർശനത്തിന് വേദിയായത് മുംബൈയിലെ വാട്സൺ ഹോട്ടലാണ്.

ലൂമിയർ സഹോദരൻമാരുടെ ഇന്ത്യയിലെ പ്രദർശനങ്ങളെത്തുടർന്ന് ഇന്ത്യക്കാരായ നിരവധി പ്രദർശകർ പേര് ഈ രംഗത്ത് സജീവമായി. പോൾ വിൻസെന്റ് എന്ന തിരുച്ചിറപ്പിള്ളിയിലെ ഒരു റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു (പോൾ വിൻസെന്റിന്റെ അച്ഛൻ സ്വാമിക്കണ്ണ് വിൻസെന്റ് ആണ് ഇതെന്നും പറയപ്പെടുന്നുണ്ട്[4].) ദക്ഷിണേന്ത്യയിലെ ആദ്യ ചലച്ചിത്ര പ്രദർശകൻ. ഫ്രെഞ്ചുകാരനായ ഒരു ചലച്ചിത്ര പ്രദർശകനിൽ നിന്നു വാങ്ങിയ എഡിസൺ ബയോസ്‌കോപ്പ് എന്ന സിനിമാറ്റോഗ്രാഫ് ഉപകരണങ്ങൾ കൊണ്ടാണ് വിൻസെന്റ് പ്രദർശനം തുടങ്ങിയത്. 1906ൽ ഈ പ്രൊജക്ടറുമായി കോഴിക്കോട്ടെത്തിയ വിൻസെന്റ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം അവിടെ നടത്തി. ചെടിയിൽ പൂവിരിയുന്നതും കുതിരപന്തയവും ക്രിസ്തുവിന്റെ ജീവിതവുമൊക്കെയാണ് പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങൾ. അക്കൊല്ലം അവസാനത്തോടെ വിൻസന്റും എഡിസൺ ബയോസ്‌കോപ്പും തൃശ്ശൂരിലുമെത്തി. ഈ ചലച്ചിത്രപ്രദർശനങ്ങളിൽ ആകൃഷ്ടനായ തൃശ്ശൂരിലെ വാറുണ്ണി ജോസഫ് വിൻസെന്റിൽ നിന്നും ബയോസ്‌കോപ്പും ഫിലിമുകളും സ്വന്തമാക്കി. വാറുണ്ണിയിലെത്തിയ എഡിസൺ ബയോസ്‌കോപ്പ് പിന്നീട് ജോസ് ബയോസ്‌കോപ്പ് എന്നും അറിയപ്പെട്ടു. 1907ലെ തൃശ്ശൂർ പൂരത്തിന് വാറുണ്ണി തേക്കിൻകാട് മൈതാനത്ത് ഒരു താൽക്കാലിക കൂടാരം കെട്ടി അതിനുള്ളിൽ ബയോസ്‌കോപ്പിന്റെ സിനിമാ പ്രദർശനം നടത്തി[5].

പെട്രോമാക്‌സ് വിളക്കുകൾ കൂടാരത്തിൽ പ്രകാശം പരത്തി. പ്രദർശനം തുടങ്ങുമ്പോൾ ഈ വിളക്കുകൾ പെട്ടിക്കുള്ളിൽ മറയും. പ്രൊജക്ടറിന്റെ ശബ്ദത്തിനൊപ്പം വിവരണക്കാരന്റെ ശബ്ദം ഉയരും. ഉച്ച ഭാഷിണി ഇല്ലാതെ തന്നെ, എന്നാൽ എല്ലാവരും കേൾക്കുമാറുച്ചത്തിലാണ് ഈ വിവരണം. കേരളത്തിലെ സിനിമാ തീയേറ്ററിന്റെ ആദ്യ രൂപമായിരുന്നു വാറുണ്ണി ജോസഫിന്റെ ഈ താൽക്കാലിക കൂടാരം. പൂ വിരിയുന്നതും കുതിര ഓടുന്നതും തീവണ്ടി ഓടുന്നതും ആയ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ചെറിയ ചലച്ചിത്ര രംഗങ്ങളാണ് അന്ന് അവിടെ പ്രദർശിപ്പിക്കപ്പെട്ടത്. ജനറേറ്ററുകൾ ലഭ്യമായിത്തുടങ്ങിയതോടെ വാറുണ്ണി പ്രദർശനങ്ങൾക്കായി ഒരു ജനറേറ്റർ വാങ്ങി. അങ്ങനെ 1912 മുതൽ ജോസ് ബയോസ്‌കോപ്പ്, ജോസ് ഇലക്ട്രിക്കൽ ബയോസ്‌കോപ്പായി അറിയപ്പെട്ടു. ഒരിക്കൽ മംഗലാപുരത്തുവെച്ച് ഉണ്ടായ ഒരു പായ്ക്കപ്പൽ ദുരന്തത്തിൽ വാറുണ്ണിയുടെ ബയോസ്‌കോപ്പും ഫിലിമുകളും കടലിൽ മുങ്ങിപ്പോയി. ഇതിനെത്തുടർന്നാണ് മറ്റ് രണ്ടുപേരേക്കൂടി ചേർത്ത് റോയൽ എക്‌സിബിറ്റേഴ്‌സ് എന്ന പുതിയൊരു പ്രദർശന സംരംഭം വാറുണ്ണി ആരംഭിച്ചത്. അങ്ങനെ, റോയൽ എക്‌സിബിറ്റേഴ്‌സ് മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശന കമ്പനിയായി. വാറുണ്ണി കേരളത്തിലെ ചലച്ചിത്രപ്രദർശന വ്യവസായത്തിന്റെ പിതാവും ആയി.[1]

അവലംബംതിരുത്തുക

  1. 1.0 1.1 വായനാമുറി.കോം. "കാട്ടൂക്കാരൻ വാറുണ്ണി ജോസഫ്: സിനിമ പോലൊരു ജീവിതം". ശേഖരിച്ചത് 26 November 2012.
  2. കേരള ട്രെൻഡിങ്.കോം. "ആദ്യകാല ചലച്ചിത്രപ്രവർത്തനങ്ങൾ". ശേഖരിച്ചത് 30 August 2017.
  3. മാതൃഭൂമി.കോം. "ആദ്യ ചലച്ചിത്ര പ്രദർശനത്തിന് 119 വയസ്‌". ശേഖരിച്ചത് 28 December 2014.
  4. എം3ഡിബി. "കേരളം ആദ്യമായി സിനിമ കണ്ടത് സ്വാമിക്കണ്ണിലൂടെ". ശേഖരിച്ചത് 27 September 2014.
  5. മൂവി സ്റ്റാൻ ന്യൂസ്.കോം. "ആദ്യ പടം പൂര പ്രദർശനത്തിന്". ശേഖരിച്ചത് 16 April 2016.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോയൽ_എക്‌സിബിറ്റേഴ്‌സ്&oldid=2665614" എന്ന താളിൽനിന്ന് ശേഖരിച്ചത്