തലശ്ശേരി
തലശ്ശേരി | |
അപരനാമം: മൂന്ന് "C" കളുടെ നാട്. ക്രിക്കറ്റ്, കേക്ക്, സർക്കസ് | |
11°45′N 75°29′E / 11.75°N 75.49°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | മുനിസിപ്പാലിറ്റി |
ചെയർ പേർസൺ | ജമുന റാണി ടീച്ചർ |
' | |
' | |
വിസ്തീർണ്ണം | 23.96ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 92,558 [1] |
ജനസാന്ദ്രത | 4,148/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670 1xx +91 490 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | തലശ്ശേരി കോട്ട, കടപ്പുറം, കടലിനു സമീപത്തുള്ള പാർക്കുകൾ |
തലശ്ശേരി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. ടെലിച്ചെറി എന്നത് തലശ്ശേരിയുടെ ആംഗലേ വൽക്കരിക്കപ്പെട്ട പേരാണ്. 1683-ൽ ബ്രിട്ടീഷുകാർ കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിനായി ഇവിടെ ഒരു പാണ്ടികശാല സ്ഥാപിച്ചു, [2] 2011-ലെ സെൻസസ് കണക്കനുസ്സരിച്ച് തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ 92,558 ആണ്.[3] . അറബിക്കടലിന്റെ തീരത്ത് മാഹി, കോഴിക്കോട്, വയനാട്, കൊടഗ് എന്നി സ്ഥലങ്ങളാൽ ചുറ്റപെട്ട പ്രദേശമാണ് തലശ്ശേരി.
ഭൂമിശാസ്ത്രം
തിരുത്തുകഉത്തര അക്ഷാംശം 11°45′ പൂർവ്വ രേഖാംശം 75°29′ [4] കണ്ണൂർ ജില്ലയിലാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്. അതിർത്തികൾ വടക്ക് - ധർമ്മടം, തെക്ക് - ന്യൂ മാഹി, കിഴക്ക് - എരഞ്ഞോളി, പടിഞ്ഞാറ് - അറബിക്കടൽ എന്നിവയാണ്. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. നാലുനദികളിൽ ഒന്ന് മാഹി പുഴ (മയ്യഴിപ്പുഴ) ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് മയ്യഴി പുഴ "ഇംഗ്ലീഷ് ചാനൽ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു. ബ്രിട്ടന്റെ ഭരണത്തിൻ കീഴിലായിരുന്ന തലശ്ശേരിയെ ഫ്രഞ്ച് ഭരണത്തിൻ കീഴിലായിരുന്ന മാഹിയിൽ നിന്ന് വേർതിരിച്ചിരുന്നതായിരുന്നു ഇതിനു കാരണം. മുഴപ്പിലങ്ങാട് എന്ന 5 കിലോമീറ്റർ നീണ്ട സുന്ദരമായ കടൽത്തീരം, തലശ്ശേരി നഗരമദ്ധ്യത്തിൽ നിന്നും 10 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴപ്പിലങ്ങാട്. കടൽ തീരത്തിനു തെക്കുവശത്തായി [5]കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലത്തിലാണ് സുന്ദരമായ ധർമ്മടം തുരുത്ത്.
ചരിത്രം
തിരുത്തുകആദ്യകാല ചരിത്രം
തിരുത്തുക9-ആം നൂറ്റാണ്ടുമുതൽ കേരളം ഭരിച്ചിരുന്ന ചേര രാജവംശം 12-ആം നൂറ്റാണ്ടോടുകൂടി ക്ഷയിച്ചു തുടങ്ങി. സാമ്രാജ്യം തദ്ദേശീയരായ നാടുവാഴികളുടെ കീഴിൽ ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു. വേണാട്, കോലത്തുനാട്, കൊച്ചി, കോഴിക്കോട് തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ രൂപവൽക്കരണത്തിന് ഇത് കാരണമായി. കോലത്തുനാട് സ്വതന്ത്ര 10 നാട്ടു രാജ്യങ്ങൾ ആയി ഉയർന്നു. അതായത് രണ്ടത്തറ അല്ലെങ്കിൽ പോയനാട് (ധർമ്മടം), ചിറക്കൽ, കോട്ടയം(തലശ്ശേരി), കടത്തനാട് (വടകര),നീലേശ്വരം, ഇരുവഴിനാട് (പാനൂർ, കുറുമ്പ്രനാട്,)തുടങ്ങി 10 നാട്ടു രാജ്യങ്ങളുടെ ശക്തി കേന്ദ്രമായിരുന്നു മലബാർ .
. കോലത്തുനാട്ടിന്റെ വടക്കേ അറ്റത്തുള്ള സ്ഥലമായിരുന്നു തലശ്ശേരി. മുകളിലെ അറ്റം എന്ന് അർത്ഥം വരുന്ന "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി അന്ന് അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി എന്നാണ് പ്രബലമായ അഭിപ്രായം.
ബ്രിട്ടീഷ് സ്വാധീനം
തിരുത്തുകകോലത്തുനാടിലെ രാജാവായ വടക്കിളംകൂർ രാജാവിൽ നിന്ന് തലശ്ശേരിയിൽ താമസം ഉറപ്പിക്കുവാൻ 1682-ൽ അനുവാദം ലഭിച്ചതോടെയാണ് ബ്രിട്ടീഷുകാർ കേരളത്തിൽ അവരുടെ സ്വാധീനം ഉറപ്പിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു. ഈ കാലയളവിൽ ബ്രിട്ടീഷുകാർക്കെതിരായി പല സംഘടിത ലഹളകളും നടന്നു. ഇതിൽ പ്രധാനം 1704-ൽ തലശ്ശേരി സ്വദേശികൾ നടത്തിയ കലാപമായിരുന്നു. എങ്കിലും ഇതിന്റെ തദ്ദേശീയമായ സ്വഭാവം കൊണ്ട് ഈ കലാപത്തെ ബ്രിട്ടിഷുകാർ വേഗത്തിൽ അടിച്ചമർത്തി.
തീരദേശ പ്രദേശമായതുകൊണ്ട് തലശ്ശേരി ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി എന്ന പേര് ഉച്ചരിക്കുവാനുള്ള എളുപ്പത്തിനായി തെലിച്ചേരി എന്ന് ബ്രിട്ടീഷുകാർ മാറ്റി.
കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കയറ്റി അയക്കുവാനായി ബ്രിട്ടീഷുകാർ തലശ്ശേരിയിൽ ഒരു തുറമുഖം സ്ഥാപിച്ചു. തലശ്ശേരിയിൽ കൃഷിചെയ്യുന്ന കുരുമുളക് ചെടികളിൽ നിന്നും ഉണ്ടാക്കുന്ന തലശ്ശേരി കുരുമുളക് ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള പല പ്രശസ്ത കുശിനിക്കാരും തലശ്ശേരി കുരുമുളകിന്റെ ആവശ്യക്കാരാണ്. 1708-ൽ ബ്രിട്ടീഷുകാർ സുഗന്ധവ്യഞ്ജന വ്യാപാരം സംരക്ഷിക്കുവാനും നിയന്ത്രിക്കാനുമായി തലശ്ശേരി കോട്ട സ്ഥാപിച്ചു. ഭീമാകാരമായ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരംഗങ്ങളും സൂക്ഷ്മമായി കൊത്തുപണിചെയ്ത വലിയ വാതിലുകളുമുള്ള തലശ്ശേരി കോട്ട ഒരു കാഴ്ച തന്നെയാണ്. ഈ കോട്ട ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്. 1781-ൽ ഈ കോട്ടയെ മൈസൂർ രാജാവായിരുന്ന ഹൈദരലി ആക്രമിച്ചെങ്കിലും പിടിച്ചടക്കാനായില്ല.
തലശ്ശേരി, ബ്രിട്ടീഷ് ഭരണകാലത്ത്. മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്റ്റിലെ കോട്ടയം താലൂക്കിന്റെ ആസ്ഥാനമായിരുന്നു. [6]ബ്രിട്ടീഷുകാർ തലശ്ശേരിയിൽ ഒരു ജില്ലാ നീതിന്യായ കോടതിയും സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കോടതിയുടെ അധികാര പരിധി മൈസൂർ രാജ്യം വരെ വ്യാപിച്ചിരുന്നു.
തലശ്ശേരിയിലെ ബ്രിട്ടീഷ് ജഡ്ജിയായ ഇ.എൻ. ഓവർബറി നിർമ്മിച്ച ഓവർബറിസ് ഫോളി തലശ്ശേരിയിലെ ഒരു പ്രധാന ആകർഷണമാണ്.
സാംസ്കാരിക പ്രാധാന്യം
തിരുത്തുകക്രിക്കറ്റിന്റെയും സർക്കസിന്റെയും കേക്കിന്റെയും നഗരമായി തലശ്ശേരി അറിയപ്പെടുന്നു.
തലശ്ശേരി മുൻസിപ്പൽ ക്രിക്കറ്റ് മൈതാനത്ത് (തലശ്ശേരി സ്റ്റേഡിയം) ഇന്നും പതിവായി രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തുന്നു. ഈ മൈതാനത്ത് ആദ്യമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് 1800-കളുടെ ആദ്യത്തിലാണ്. കേണൽ ആർതർ വെല്ലസ്ലിയാണ് മലബാർ പ്രദേശത്തും തലശ്ശേരി പട്ടണത്തിലും ക്രിക്കറ്റ് കൊണ്ടുവന്നത്. 2002-ൽ തലശ്ശേരി ക്രിക്കറ്റ് മൈതാനം അതിന്റെ 200-ആം പിറന്നാൾ ആഘോഷിച്ചു. ഇന്ത്യയിലേയും ശ്രീലങ്കയിലേയും പഴയ കളിക്കാർ തമ്മിലുള്ള ക്രിക്കറ്റ് പ്രദർശന മത്സരം ഇവിടെ നടത്തിക്കൊണ്ടായിരുന്നു പിറന്നാൾ ആഘോഷിച്ചത്.
ഇന്ത്യൻ സർക്കസിന്റെ ജന്മദേശമായാണ് തലശ്ശേരി അറിയപ്പെടുന്നത്. തലശ്ശേരിക്കാരനായ കീലേരി കുഞ്ഞിക്കണ്ണൻ ഇന്ത്യൻ സർക്കസിലെ ഇതിഹാസമാണ്. തലശ്ശേരിയിൽ നിന്നുള്ള സർക്കസ് കളിക്കാരും പരിശീലകരും ഇന്ത്യൻ സർക്കസ് കമ്പനികളിൽ ഇന്നും വളരെ ആദരിക്കപ്പെടുന്നു. തലശ്ശേരിയിൽ ഒരു സർക്കസ് വിദ്യാലയം സ്ഥാപിക്കുവാനുള്ള പദ്ധതി സർക്കാരിനു മുന്നിലുണ്ട്. ഇത് സ്ഥാപിതമാവുകയാണെങ്കിൽ ഒരുപാടുപേർക്ക് ജോലി ലഭിക്കുവാൻ സഹായകമാവും. സർക്കസ് കമ്പനികൾക്ക് ജോലിയിലേക്ക് ആളുകളെ കണ്ടെത്തുവാനുള്ള ഒരു പ്രധാന സ്ഥലമായി ഇതു മാറുകയും ചെയ്യും. സർക്കസ് വിദേശരാജ്യങ്ങളിൽ വളരെ ജനപ്രിയമായതിനാൽ ഒരുപാട് വിദേശനാണ്യം നേടുവാനുള്ള ശേഷിയും ഇങ്ങനെ ഒരു വിദ്യാലയത്തിനുണ്ട്. റഷ്യൻ സർക്കസ് കളിക്കാരുമായി തലശ്ശേരിയിൽ നടന്ന സാംസ്കാരിക വിനിമയ പരിപാടി ജനങ്ങൾ നന്നായി സ്വാഗതം ചെയ്തു.
കേരളത്തിലെ ആദ്യത്തെ ബേക്കറി ആയ മമ്പള്ളി ബേക്കറി മമ്പള്ളി റോയൽ ബിസ്ക്കറ്റ് ഫാക്ടറിയെന്നപേരിൽ 1880-ൽ തലശ്ശേരിയിലാണ് സ്ഥാപിക്കപ്പെട്ടത്. കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത് ഇവിടെയാണ്.[7] 1983 ൽ അഞ്ചരക്കണ്ടി കറുവ തോട്ടത്തിന്റെ ഉടമയായ ബ്രൗൺ സായിപ്പിനു വേണ്ടിയാണ് മമ്പള്ളി ബാപ്പു ക്രിസ്മസ് കേക്ക് ഉണ്ടാക്കികൊടുത്തത്.[8] മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ രാജ്യസമാചാരം തലശ്ശേരിയിൽ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. തലശ്ശേരി ബിരിയാണി പ്രസിദ്ധമാണ്.വ്യത്യസ്തമായ നിരവധി വിഭവങ്ങൾ തലശ്ശേരിയുടെ പ്രത്യേകതയാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകമലബാർ പ്രദേശത്തെ ഏറ്റവും പുരാതനമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബ്രണ്ണൻ കോളെജ് തലശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്[9]. ബ്രിട്ടീഷ് മനുഷ്യസ്നേഹിയായിരുന്ന എഡ്വേർഡ് ബ്രണ്ണൻ സ്ഥാപിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു വിദ്യാലയമായി തുടങ്ങി പിന്നീട് ഒരു കലാലയമായി പരിണമിക്കുകയായിരുന്നു. തലശ്ശേരി സ്വന്തം വാസസ്ഥലമാക്കി മാറ്റിയ മനുഷ്യനായിരുന്നു എഡ്വേർഡ് ബ്രണ്ണൻ. 100 വർഷത്തിലേറെ പഴക്കമുള്ള ഈ കലാലയം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്.
1957-ൽ സ്ഥാപിക്കപ്പെട്ട ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജ് (ഗവണ്മെന്റ് കോളേജ് ഒഫ് ടീച്ചർ എജുക്കേഷൻ)തലശ്ശേരി നഗരമദ്ധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. [10]
എൻ.ടി.ടി.എഫ് (നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൌണ്ടേഷൻ), ഇന്ത്യയിലെപ്പാടും ശാഖകളുള്ള ഒരു സാങ്കേതിക പരിശീലന സ്ഥാപമനാണ്. സ്വിസ് പാതിരിമാർ 1961-ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചത്.
തലശ്ശേരി എഞ്ചിനിയറിംഗ് കോളെജ് 2000-ൽ സ്ഥാപിക്കപ്പെട്ടു. വിവര സാങ്കേതിക വിദ്യ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് , മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ എഞ്ജിനിയറിംഗ് വിഭാഗങ്ങൾ ഇവിടെ പഠിപ്പിക്കുന്നു.
ഹയർസെക്കൻഡറി സ്കൂളുകൾ
തിരുത്തുക- സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി
- ബി ഇ എം പി ഹയർസെക്കൻഡറി സ്കൂൾ
- സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ
- ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്
- ഗവൺമെന്റ് ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ
- എം.എം.ഹയർസെക്കന്റി സ്ക്കൂൾ തലശ്ശേരി
- എം. ഇ. എസ്. ബാവ റസിഡെൻഷിയൽ സ്കൂൾ
- ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കൊടുവള്ളി
- സാൻ ജോസ് സ്കൂൾ
- ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ചിറക്കര
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ക്രൈസ്റ്റ് കൊളേജ്
- പാരമൗണ്ട് കോളേജ്
- മഹാത്മ കോളേജ്
- ഷൺമുഖംസ് കോളേജ്
ക്രിക്കറ്റ്
തിരുത്തുകപ്രശസ്ത ഇംഗ്ലീഷ് ക്രിക്കറ്റുകളിക്കാരനായിരുന്ന കോളിൻ കൌഡ്രിയുടെ പിതാവ് തലശ്ശേരിയിൽ ഒരു തേയില തോട്ടത്തിന്റെ ഉടമയായിരുന്നു. അദ്ദേഹവും തലശ്ശേരിയിലെ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു.
പ്രശസ്ത വ്യക്തികൾ
തിരുത്തുക- കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരൻ, സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ, കേരളത്തിലെ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ സ്ഥപകനേതാവും, പ്രചാരകനും, സുഗുണവർധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.അയ്യത്താൻ ഗോപാലൻ തലശ്ശേരിക്കാരനായിരുന്നു.
- ഡോ.അയ്യത്താൻ ഗോപാലന്റെ സഹോദരിയും, കേരളത്തിലെ പ്രഥമ വനിതാ ഡോക്ടറും, ആദ്യത്തെ മലയാളി ലേഡി ഡോക്ടറും ആയ ഡോ.അയ്യത്താൻ ജാനകി അമ്മാൾ തലശ്ശേരിക്കാരിയാണ്.
- സിംഗപ്പൂരിലെ മൂന്നാമത്തെ രാഷ്ട്രപതിയായ സി.വി. ദേവൻ നായർ തലശ്ശേരിക്കാരനായിരുന്നു.
- മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ച ഒ. ചന്തു മേനോൻ തലശ്ശേരിക്കാരനായിരുന്നു.
- ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു എഴുതിയ വ്യക്തിയായ ഹെർമ്മൻ ഗുണ്ടർട്ട് കുറെക്കാലം തലശ്ശേരിയിൽ ജീവിച്ചിരുന്നു. [11]
- കേരളത്തിലെ പ്രശസ്തനായ ആക്ഷേപഹാസ്യ സാഹിത്യകാരനും സാമൂഹിക വിമർശകനുമായിരുന്ന സഞ്ജയൻ (എം.ആർ. നായർ), തലശ്ശേരിക്കാരനായിരുന്നു.
- മലയാളത്തിലെ ആദ്യത്തെ ചെറുകഥ എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തലശ്ശേരിക്കാരനായിരുന്നു.
- ഇന്ത്യൻ സർക്കസിന്റെ പിതാവായി അറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണൻ തലശ്ശേരിക്കാരനായിരുന്നു.
- പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായ സിക്സർ കുഞ്ഞിപ്പക്കി തലശ്ശേരിക്കാരനാണ്
- സി.വിഎൻ.കളരി എന്ന കളരി സംഘം തലശ്ശരിയിലെ ചിറക്കര സ്വദേശിയായ സി.വി. നാരായണൻ നായർ സ്ഥാപിച്ചതാണ്
.ഇദ്ദേഹത്തിന്റെ അനുജൻ സി.വി.ബാലൻ നായർ പ്രശസ്ത ചിത്രകാരനായിരുന്നു. - ഇന്ത്യൻ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലൻ തലശ്ശേരിക്കാരനായിരുന്നു.
- തലശ്ശേരിക്കടുത്തുള്ള കണ്ണവം ആണ് കേരള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ തറവാട്.
- മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന വി.പി. സത്യൻ തലശ്ശേരിക്കാരനായിരുന്നു.
- മലബാറിലെ ചരിത്രപുരാതനമായ കച്ചവട കുടുംബമായ കേയി കുടുംബത്തിന് തലശ്ശേരിയിൽ വേരുകളുണ്ട്.
- ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ മലയാളിയായ വൈമാനികനും വിമാന പരിശീലകനുമായിരുന്ന മൂർക്കോത്ത് രാമുണ്ണി തലശ്ശേരിക്കാരനായിരുന്നു.
- പ്രശസ്ത കേക്ക് പാചകക്കാരായ മമ്പള്ളി കുടുംബത്തിലെ മമ്പള്ളി ലക്ഷ്മണൻ തലശ്ശേരിക്കാരനാണ്. അദ്ദേഹം ഇന്നും മമ്പള്ളി കുടുംബത്തിന്റെ പാരമ്പര്യവും വിഖ്യാതിയും കാത്തുസൂക്ഷിക്കുന്നു. [12]
- ലോക പ്രശസ്ത പ്ലൈവുഡ് നിർമ്മാണ കമ്പനിയായ ‘വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ്’-ന്റെ ഉടമയായ എ.കെ. ഖാദർ കുട്ടി സാഹിബ് തലശ്ശേരിക്കാരനാണ്.
- ഇന്ത്യയിലെ പ്രശസ്ത സിനിമാനടിയായിരുന്ന പത്മിനി തലശ്ശേരിയിൽ നിന്നുള്ള ഡോ. രാമചന്ദ്രന്റെ പത്നിയായിരുന്നു.
- പ്രശസ്ത ചലച്ചിത്ര താരവും,നർത്തകനുമായ വിനീത് തലശ്ശേരിക്കാരനാണ്.
- പ്രസിദ്ധമായ ശബരിമല ക്ഷേത്രം മുൻ മേൽശാന്തി പിണറായി പെരികമന ശങ്കരനാരായണൻ നമ്പൂതിരിയുടെ കുടുംബം തലശ്ശേരിക്ക് സമീപമാണ്.
- മലയാള സിനിമ താരവും തിരകഥാകൃത്തുമായ ശ്രീനിവാസൻ തലശ്ശേരിക്കാരനാണ്.
- പ്രസിദ്ധ മലയാള ചലച്ചിത്ര സംഗീതസംവിധായകനായിരുന്ന കെ. രാഘവൻ മാസ്റ്റർ തലശ്ശേരിക്കാരനായിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുകഎത്തിച്ചേരാനുളള വഴി
തിരുത്തുക- വിമാനമാർഗ്ഗം: ഏറ്റവും അടുത്തുള്ള വിമാനത്താവളം തലശ്ശേരിയിൽ നിന്നും വടക്കായി സ്ഥിതിചെയ്യുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ആണ്.
- ട്രെയിൻ മാർഗ്ഗം: തലശ്ശേരി റെയിൽവേ സ്റ്റേഷൻ മിക്കവാറും എല്ലാ ട്രെയിനുകളും നിർത്തുന്ന ഒരു പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ ആണ്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ രാജ്യത്തെയും കേരളത്തിലെയും എല്ലാ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു.
- കരമാർഗ്ഗം: കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് എപ്പോഴും ബസ്സുലഭിക്കും. 67 കിലോമീറ്റർ ദൂരെയാണ് കോഴിക്കോട്.
പുറം കണ്ണികൾ
തിരുത്തുക- തലശ്ശേരി ചരിതം Archived 2015-07-22 at the Wayback Machine.
അവലംബം
തിരുത്തുക- ↑ https://village.kerala.gov.in/Office_websites/about_village.php?nm=1166Thalasseryvillageoffice
- ↑ [1] Imperial Gazetteer2 of India, Volume 23, page 287,277 - dutchinkerala.com
- ↑ https://www.britannica.com/place/Thalassery
- ↑ http://www.fallingrain.com/world/IN/13/Tellicherry.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-23. Retrieved 2012-08-26.
- ↑ Imperial Gazetteer2 of India, Volume 23, page 276 -- Imperial Gazetteer of India -- Digital South Asia Library: uchicago.edu
- ↑ "ദ് ഹിന്ദു ശനി, മെയ് 30, 2009 ശേഖരിച്ച തീയതി മെയ് 30, 2009". Archived from the original on 2009-06-06. Retrieved 2009-05-30.
- ↑ പഴശിയും കടത്തനാടും - കെ. ബാലക്രിഷ്ണൻ.
- ↑ http://gist.ap.nic.in/cgi-bin/edn/ednshow.cgi/?en=06181[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-03. Retrieved 2008-03-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-24. Retrieved 2008-07-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-20. Retrieved 2008-07-07.
ചിത്രശാല
തിരുത്തുക-
തലശ്ശേരി ടൗൺ സ്ക്വയർ
-
തലശ്ശേരി പഴയ ബസ് സ്റ്റാന്റ്
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക- തെലിച്ചേരി.കോം Archived 2006-10-19 at the Wayback Machine.
- തലശ്ശേരി.ഇൻഫോ