പി. ജയചന്ദ്രൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ജയചന്ദ്രൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജയചന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. ജയചന്ദ്രൻ (വിവക്ഷകൾ)

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.

പി. ജയചന്ദ്രൻ
P jayachandranDSC 0207.jpg
പി. ജയചന്ദ്രൻ കൊല്ലത്തു നടന്ന ഒരു ഗാനമേളയിൽ
ജീവിതരേഖ
ജനനനാമംപി. ജയചന്ദ്രൻ
സംഗീതശൈലിപിന്നണിഗായകൻ,ഭജൻ
തൊഴിലു(കൾ)ഗായകൻ
ഉപകരണംഗായകൻ
സജീവമായ കാലയളവ്1965–present

ആദ്യകാലജീവിതംതിരുത്തുക

1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി.[1] രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. പരേതനായ സുധാകരൻ (1940-1989), പരേതയായ സരസിജ (1942-2018), കൃഷ്ണകുമാർ (ജനനം: 1946), ജയന്തി (ജനനം: 1950) എന്നിവരാണ് സഹോദരങ്ങൾ.

1973 മെയ് മാസത്തിൽ തൃശൂർ സ്വദേശിയായ ലളിതയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് ലക്ഷ്മി എന്ന മകളും ദിനനാഥ് എന്ന പുത്രനുമാണുള്ളത്. പുത്രൻ ഏതാനും സിനിമകളിൽ ഗാനങ്ങൾ‌ ആലപിച്ചിട്ടുണ്ട്.[2]

ഔദ്യോഗികജീവിതംതിരുത്തുക

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ജയചന്ദ്രൻ ബിരുദം നേടി. ഇരിങ്ങാലക്കുടയിലെ നാഷണൽ ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥിയായിരുന്ന അദ്ദേഹം അക്കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു.

1967 ൽ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നൽകിയ "അനുരാഗ ഗാനം പോലെ" എന്ന പ്രശസ്ത ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് "നിൻമണിയറയിലെ" (സി. ഐ. ഡി. നസീർ, 1971), "മലയാള ഭാഷതൻ മാദക ഭംഗി" (പ്രേതങ്ങളുടെ താഴ്‍‌വര, 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക സമ്മാനിച്ചു. പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച "നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. എം എസ് വിശ്വനാഥനായിരുന്നു പ്രസ്തുത ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. എം.എസ്.​വിശ്വനാഥനാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. 1973 ൽ പുറത്തിറങ്ങിയ 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ...' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.[3] എം. ബി. ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ "രാഗം ശ്രീരാഗം" എന്ന ഗാനത്തിലൂടെ 1978 ൽ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1985 ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ "ശിവശങ്കര സർവ്വ ശരണ്യ വിഭോ" എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നിറം എന്ന ചിത്രത്തിലെ "പ്രായം നമ്മിൽ" എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു. 1975 ൽ ആർ.‌കെ ശേഖറിന്റെ സംഗീത സംവിധാനത്തിൽ, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖർ (ഇപ്പോൾ എ. ആർ റഹ്മാൻ) ആദ്യമായി ചിട്ടപ്പെടുത്തിയ പെൺപട എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള "വെള്ളിത്തേൻ കിണ്ണം പോൽ" എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.

ജയചന്ദ്രൻ സംഗീതസംവിധായകൻ ഇളയരാജയുമായി അടുത്തു സഹകരിച്ചു പ്രവർത്തിക്കുകയും "‘രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്...", "കാത്തിരുന്തു കാത്തിരുന്തു" (1984 ൽ പുറത്തിറങ്ങിയ വൈദേഹി കാത്തിരുന്താൾ),[4] "മയങ്കിനേൻ സൊല്ല തയങ്കിനേൻ" (1985 ൽ പുറത്തിറങ്ങിയ നാനേ രാജ നാനേ മന്തിരിയിൽ നിന്ന്), "വാഴ്കയേ വേഷം" (1979 ൽ പുറത്തിറങ്ങിയ “ആറിലിരുന്തു  അറുപതു വരൈ” എന്ന ചിത്രത്തിലെ), "പൂവാ എടുത്തു ഒരു" (1986 ൽ പുറത്തിറങ്ങിയ  അമ്മൻ കോവിൽ കിഴക്കാലെ), "താലാട്ടുതേ വാനം" (1981 ൽ പുറത്തിറങ്ങിയ കടൽ മീൻകൾ) എന്നിവയുൾപ്പെടെ തമിഴ് ഭാഷയിൽ നിരവധി ജനപ്രിയ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 1994 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരിൽ  മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.

2001 ന്റെ തുടക്കത്തിൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിക്കുകയും ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു. 30 വർഷക്കാലയളവിലെ ഗായകരിൽ നിന്നും ഗാനരചയിതാക്കളിൽ നിന്നുമുള്ള മികച്ച വ്യക്തിയെ തിരഞ്ഞെടുക്കുക എന്നതാണ് ഈ പുരസ്കാരത്തിനു പിന്നിലെ ലക്ഷ്യം. എം‌എസ്‌ഐ ഇൻഫർമേഷൻ ഡാറ്റാബേസ് അനുസരിച്ച് മലയാള സിനിമകൾക്കായി ഏകദേശം ആയിരത്തോളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

2008 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ “ADA ... എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട്  ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി.

പുരസ്കാരങ്ങൾതിരുത്തുക

ദേശീയ അവാർഡ്തിരുത്തുക

 • മികച്ച ഗായകനുള്ള ദേശീയപുരസ്കാരം- 1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സര്വ്വ ശരണ്യവിഭോ എന്ന ഗാനത്തിന്.

സംസ്ഥാന പുരസ്കാരങ്ങൾതിരുത്തുക

മികച്ച ഗായകനുള്ള കേരളസംസ്ഥാന പുരസ്കാരം

 • 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിന്.
 • 1978-ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിന്.
 • 2000-ൽ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിന്.
 • 2004-ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനത്തിന്.
 • 2015-ൽ ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം..... ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ എന്ന ഗാനങ്ങൾക്ക്[5]

മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം

 • 1994-ൽ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ കട്ടാഴം കാട്ട്‌വഴി എന്ന ഗാനത്തിന്.

മറ്റ് പുരസ്കാരങ്ങൾതിരുത്തുക

 • 1997-ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ കലൈ മാമണി പുരസ്കാരം
 1. "Archived copy". മൂലതാളിൽ നിന്നും 19 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഡിസംബർ 2013.CS1 maint: archived copy as title (link)
 2. http://www.jayachandransite.com/html/famfra.html
 3. "നന്ദി, ആ 36 പാട്ടുകൾക്ക്!".
 4. "രാസാത്തി ഒന്നെ കാണാതെ നെഞ്ചം..."
 5. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. മൂലതാളിൽ നിന്നും 2016 മാർച്ച് 1-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 1. Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=പി._ജയചന്ദ്രൻ&oldid=3587481" എന്ന താളിൽനിന്ന് ശേഖരിച്ചത്