ബാലൻ (ചലച്ചിത്രം)
മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമാണ് ബാലൻ. 1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച സേലം മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പട്ടതാണ്. കൂടാതെ തന്നെ മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം കൂടിയാണ് ബാലൻ. 1938-ജനുവരി 19 ന് കൊച്ചിയിലെ സെലക്ട് തിയേറ്ററിൽ ഈ ചലച്ചിത്രം അദ്യമായി പ്രദർശിപ്പിച്ചു. ഈ ചിത്രത്തിന്റെ സംവിധായകൻ പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് നൊട്ടാണി [2] എന്ന എസ്. നെട്ടാണി ആണ്. നാഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായ എ. സുന്ദരൻ പിള്ളയാണ് ഇതിന് തുടക്കമിട്ടത്.[2] എ. സുന്ദരത്തിന്റെ "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥ രചിച്ചത്.ഛായാഗ്രഹണം ജർമ്മൻകാരനായ ബോഡോ ഗുഷ്കറും ചിത്ര സന്നിവേശം വർഗ്ഗീസ്, കെ. സി. ജോർജ് എന്നിവരും നിർവ്വഹിച്ചു.
ബാലൻ | |
---|---|
![]() ബാലൻ എന്ന ചിത്രത്തിലെ ഒരു രംഗം | |
സംവിധാനം | എസ്. നെട്ടാണി |
നിർമ്മാണം | ടി.ആർ. സുന്ദരം |
കഥ | എ. സുന്ദരം |
തിരക്കഥ | മുതുകുളം രാഘവൻ പിള്ള. |
ആസ്പദമാക്കിയത് | "വിധിയും മിസ്സിസ് നായരും" by എ. സുന്ദരം |
അഭിനേതാക്കൾ | കെ.കെ. അരൂർ എം.കെ. കമലം |
സംഗീതം | കെ.കെ. അരൂർ ഇബ്രാഹിം |
ഛായാഗ്രഹണം | ബഡോ ഗുഷ്‌വാക്കർ |
ചിത്രസംയോജനം | വർഗ്ഗീസ് |
സ്റ്റുഡിയോ | മോഡേൺ തിയേറ്റേഴ്സ് |
വിതരണം | ശ്യാമള പിക്ചേഴ്സ് |
റിലീസിങ് തീയതി | 1938 ജനുവരി 19[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹംതിരുത്തുക
വിഭാര്യനായിക്കഴിഞ്ഞിരുന്ന നല്ലവനും ധനാഢ്യനുമായ ഡോക്ടർ ഗോവിന്ദൻ നായരുടെ മക്കളാണ് ബാലനും സരസയും. ഡോക്ടർ മീനാക്ഷിയെ പുനർവിവാഹം ചെയ്യുന്നു. അമ്മയില്ലാത്ത ആ കുട്ടികളെ മീനാക്ഷി ക്രൂരമായി പീഡിപ്പിക്കുന്നു. കുട്ടികളെ കൊല്ലുന്നതിനുവരെ അവർ ശ്രമിക്കുന്നു. അതറിഞ്ഞ ഗോവിന്ദൻ നായർ ഹൃദയം പോട്ടി മരിക്കുന്നു. പിന്നീട്, മീനാക്ഷി കിട്ടുപ്പണിക്കരെ ഭർത്താവായി സ്വീകരിച്ചു. മീനാക്ഷിയുടേയും കിട്ടുപ്പണിക്കരുടേയും ഇടയിൽ നിന്നും ബാലനും സരസയും ഒളിച്ചോടി. പെരുവഴിയിൽ അലഞ്ഞ ആ കുഞ്ഞുങ്ങൾ ഭക്ഷണം കിട്ടാതെ തളർന്നു വീണു. അതുവഴി വന്ന ബാരിസ്റ്റർ പ്രഭാകര മേനോൻ ആ കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി സ്വന്തം കുട്ടികളെപ്പോലെ നോക്കുന്നു.
മരിച്ചു പോയ ഡോക്ടർ ഗോവിന്ദൻ നായർ തന്റെ മരണപത്രത്തിൽ കുട്ടികൾക്ക് ശരിയായ സംരക്ഷ ചെയ്യുമെങ്കിൽ മീനാക്ഷിക്കനുഭവിക്കാൻ വക കൊള്ളിച്ചിരുന്നു. അതറിഞ്ഞ മീനാക്ഷി കുട്ടികളെ തേടിപ്പിടിക്കാൻ കിട്ടുവിനെ ചുമതലപ്പെടുത്തുന്നു. സ്ക്കൂളിൽ നിന്നും വരുന്ന വഴി കുട്ടികളെ കണ്ടുമുട്ടിയ . കിട്ടു അവരെ കേളു എന്ന തന്റെ വേലക്കാരന്റെ വീട്ടിൽ താമസിപ്പിക്കുന്നു. എല്ലാ സംഗതികളും മനസ്സിലാക്കിയിരുന്ന ശങ്കുവെന്ന ഒരു കള്ളൻ കുട്ടികളെ അവിടെ നിന്നും കടത്തിക്കൊണ്ടു പോയി പല വിദ്യകളും കാട്ടി ജീവിക്കുന്നു. ഇതു കണ്ടുപിടിച്ച കിട്ടു ശങ്കുവുമായി ഏറ്റുമുട്ടുന്നു. മൽപ്പിടുത്തത്തിനിടയിൽ ബാലനും സരസയും രക്ഷപെടുന്നു. വീണ്ടും അനാഥരായി അലഞ്ഞുനടന്ന അവർ ഒരു സത്രത്തിൽ കിടന്നുറങ്ങി. തോട്ടം പണിക്ക് ആളേത്തേടി നടന്ന ഒരു കങ്കാണി സരസയെ പിടിച്ചുകൊണ്ടുപോകുന്നു. പല നാളുകൾക്കു ശേഷം ബാലനും ആ തോട്ടത്തിൽ തന്നെ എത്തുന്നു. അവർ ജോലിക്കാരായിക്കഴിയുന്നു. കാലം കുറേ കഴിഞ്ഞു.
ജീവിതത്തിൽ മടുപ്പ് തോന്നിയ ബാരിസ്റ്റർ പ്രഭാകരമേനോന് തന്റെ കാമുകിയായ ഭാനുവിലും വിരക്തി തോന്നി, തന്റെ തോട്ടത്തിൽ സുഖവാസത്തിനെത്തുന്നു. വളർന്നുകഴിഞ്ഞിരുന്ന സരസയും ബാലനും കങ്കാണിയുടെ ക്രൂരതയിൽ വീർപ്പുമുട്ടി വേല ചെയ്യുന്നതയാൾ കണ്ടു. സരസയേയും ബാലനേയും തിരിച്ചറിഞ്ഞ പ്രഭാകരമേനോൻ അവരെ തന്റെ വീട്ടിലേക്കു് കൂട്ടിക്കൊണ്ടുപോകുന്നു. മീനാക്ഷി അപഹരിച്ചിരുന്ന മരണപത്രം ബാലൻ കൈക്കലാക്കി മേനോനെ ഏൽപ്പിക്കുന്നു. മീനാക്ഷിയുടെയും കിട്ടുവിന്റെയും പേരിൽ കേസ്സു് കൊടുത്ത് മേനോൻ അവർക്ക് എതിരായി വിധി നേടുന്നു. ഇതിൽ കോപാകുലയായ മീനാക്ഷി മേനോന്റെ നേർക്ക് നിറയൊഴിക്കുന്നു. അതുകണ്ട് മുന്നിൽ ചാടിയ ബാലൻ ആ വെടിയേറ്റ് മരിക്കുന്നു. മീനാക്ഷി ശിക്ഷിക്കപ്പെടുന്നു. നാളുകൾക്കു ശേഷം, തീർത്തും അനാഥയായ സരസയെ മേനോൻ പ്രഭാകരമേനോൻ വിവാഹം കഴിക്കുന്നു. അവരുടെ ആദ്യസന്താനത്തിനു് ബാലനെന്നു പേരിടുന്നു. മരണമടഞ്ഞ ബാലന്റെ ശവകുടീരത്തിൽ പൂക്കൾ അർപ്പിക്കുന്നതോടെ കഥ അവസാനിക്കുന്നു.
ചരിത്രംതിരുത്തുക
ബാലൻറെ നിർമ്മാതാവായ സേലം മോഡേൺ തീയേറ്റേഴ്സ് ഉടമ ടി. ആർ. സുന്ദരം ഈ സിനിമയുടെ നിർമാതാവായതിന് പിന്നിൽ മലയാളിയായ മാന്നാർ സ്വദേശി കെ. ഗോപിനാഥായിരുന്നു. കാക്കരിശി നാടകവുമായി ലോകം ചുറ്റിയിരുന്ന ഗോപിനാഥ് സിനിമാഭ്രാന്തെടുത്ത് അതിനു പിന്നാലെയായി. പിന്നീട്, സിനിമ നിർമ്മിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ മുതൽ മുടക്കാൻ ആളില്ല.
അങ്ങനെയിരിക്കെ, തിരുവനന്തപുരത്തുള്ള ഒരു വാഹനക്കമ്പനിയിൽ ഗോപിനാഥ് ജോലിചെയ്യുമ്പോഴാണ് മ്യൂസിയത്തിൽ വിഗതകുമാരൻറെ ചിത്രീകരണം നടക്കുന്നതറിഞ്ഞ്. അവിടെ ചെന്ന് ഒരു റോളാവശ്യപ്പെട്ട ഗോപിനാഥിന് നിരാശയായിരുന്നു ഫലം. ഏതായാലും പിന്തിരിയാതെ മദ്രാസിലെക്ക് വണ്ടി കയറിയ ഗോപിനാഥ് ചില പുരാണ ചിത്രങ്ങൾ എക്സ്ട്രാ നടന്മാർക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. പിന്നീട്, മദ്രാസിൽ ഗോപിനാഥ് ഒരു മലയാളി അസോസിയേഷനുണ്ടാക്കി. അന്ന് ഒരു ചിത്രം മാത്രം സംവിധാനം ചെയ്തിട്ടുണ്ടായിരുന്നു നാഗർകോവിലുകാരനായ എ. സുന്ദരവും അസോസിയേഷനിൽ അംഗമായിരുന്നു.
അങ്ങനെ, മലയാളത്തിൽ ശബ്ദ ചലച്ചിത്രം നിർമ്മിക്കുക എന്നത് സംഘടനയുടെ ഒരു ലക്ഷ്യമാക്കി അതിനുവേണ്ടി പ്രവർത്തനവും തുടങ്ങി. അറിയാവുന്ന സ്റ്റുഡിയോകൾക്കെല്ലാം അവർ കത്തയച്ചു. ഒടുവിൽ, ടി. ആർ. സുന്ദരത്തിന്റെ സേലം മോഡേൺ തീയറ്റേഴ്സിൽ നിന്ന് മറുപടി കിട്ടി. ഹൈദരാബാദിലുള്ള ഒരു ഇസ്ളാമിക കുടുംബത്തിലെ സംഭവം. "വിധിയും മിസിസ് നായരും' എന്ന പേരിൽ സുന്ദരം കഥയാക്കി. ഗോപിനാഥും സുന്ദരവും കൂടി സേലത്തേക്ക് തിരിച്ചു. കഥ കേട്ട ടി. ആർ. സുന്ദരം എസ്. നൊട്ടാണിയെ സംവിധായകനാക്കി പ്രാരംഭ പ്രവർത്തനമാരംഭിച്ചു. പക്ഷെ, സിനിമയിലഭിനയിക്കാനെത്തിയ നായികനടിയേയും കൊണ്ട് എ. സുന്ദരം സെറ്റിൽ നിന്നും ഒളിച്ചോടി. പിന്നീട്, മുതുകുളം രാഘവൻ പിളളയാണ് കഥയിൽ ചില മാറ്റങ്ങൾ വരുത്തി ബാലന് തിരക്കഥയെഴുതിയത്. ക്രൂരത നേരിടെണ്ടി വരുന്ന പാവം ഒരു ചേട്ടൻറെയും അനിയത്തിയുടെയും കദനകഥ. അതിഭാവുകത്വവും അവിശ്വസനീയതയും നിറഞ്ഞ ഈ കുടുംബക്കഥ. പിന്നീട് മലയാള സിനിമയുടെ വിജയ സമവാക്യമായി മാറി[3].
മലയാളസിനിമയിലെ ആദ്യശബ്ദംതിരുത്തുക
മലയാളത്തിലെ സംസാരിക്കുന്ന ആദ്യസിനിമയായ ഈ ചിത്രത്തിലെ ആദ്യസംഭാഷണം ഇംഗ്ളീഷിലായിരുന്നു. 'ഗുഡ് ലക്ക് ടു എവരിബഡി' ( Good Luck to everybody) എന്നതായിരുന്നു മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ആ വാചകം[4]..
അഭിനേതാക്കൾതിരുത്തുക
- കെ.കെ. അരൂർ – ബാലൻ
- എം.കെ. കമലം – സരസ്സ
- മാസ്റ്റർ മദനഗോപാൽ – ബാലന്റെ ചെറുപ്പം[5]
- എം.വി. ശങ്കു – ഡോ. ഗോവിന്ദൻ നായർ
- കെ. ഗോപിനാഥ് – കിട്ടുപ്പണിക്കർ
- ആലപ്പി വിൻസന്റ് – ശങ്കു
- സി.ഒ.എൻ. നമ്പ്യാർ – പ്രഭാകരമേനോൻ
- കെ.എൻ. ലക്ഷ്മിക്കുട്ടി – മീനാക്ഷി
- ബേബി മാലതി – സരസ്സയുടെ ചെറുപ്പം
- എ.ബി. പയസ്
- സുഭദ്ര
- ശിവാനന്ദൻ
- പാറുക്കുട്ടി
- എ.വി. പദ്മനാഭൻ നായർ
- ബേബി കൗസല്യ
നിർമ്മാണംതിരുത്തുക
ഈ ചലച്ചിത്രം കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. ഇതിന്റെ പ്രധാന ലോക്കേഷൻ തിരുനെൽവേലിയായിരുന്നു. ഈ ചലച്ചിതം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് 50,000 രൂപ ആയിരുന്നു. 1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.[6] മദിരാശിയിലെ ശ്യാമളാ പിക്ചേഴ്സ് ആയിരുന്നു ഈ ചിത്രം വിതരണം നടത്തിയിരുന്നത്.ആദ്യ പ്രദർശനത്തിൽ 18 രൂപ ലഭിക്കുകയുണ്ടായി.[7]
സംഗീതംതിരുത്തുക
ചിത്രത്തിൽ 23 ഗാനങ്ങളുണ്ടായിരുന്നു. നായകവേഷം ചെയ്ത കെ.കെ. അരൂരും ഇബ്രാഹിമും ചേർന്നാണ് മുതുകുളം രാഘവൻപിള്ള രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്നത്. പിന്നണി പാടുക എന്നത് സാധ്യതമല്ലാതിരുന്നതിനാൽ പാടാൻ കഴിവുള്ള നടീനടന്മാർ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്. അപ്പോഴുണ്ടായിരുന്ന പ്രശസ്ത ഹിന്ദി, തമിഴ് ഗാനങ്ങളുടെ ഈണങ്ങൾ പകർത്തിയാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ചിത്രത്തിലെ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കാർഡുകൾ നിർമ്മിച്ചിരുന്നില്ല. ചെഞ്ചുരുട്ടി രാഗത്തിൽ ചിട്ടപ്പെടുത്തി ചിത്രത്തിലെ നായിക കൂടിയായ എം.കെ. കമലം ആലപിച്ച "ജാതകദോഷത്താലേ" എന്ന ഗാനമായിരുന്നു ഏറ്റവും ജനപ്രീതി ആകർഷിച്ചത്. തമിഴ് ചിത്രമായ സതി ലീലാവതിയിലെ (1936) "തേയില തോട്ടത്തിലെ" എന്ന ഗാനത്തിന്റെ തനിപകർപ്പായിരുന്നു അത്.[8]
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ആടയാഭരണാദി കൊണ്ടു" (രാഗം: കാപ്പി) | പള്ളുരുത്തി ലക്ഷ്മി | ||||||||
2. | "ആഘോഷങ്ങളെന്തു ചെയ്യാം" (രാഗം: ശ്യാമ) | പള്ളുരുത്തി ലക്ഷ്മി | ||||||||
3. | "ആഹാ മൽസോദരി" (രാഗം: മുഖാരി) | |||||||||
4. | "അതിസുഖമീ ജീവിതം" (രാഗം: ബിഹാഗ്) | |||||||||
5. | "ഭാരതത്തിൻ പൊൻവിളക്കാം" (രാഗം: കാപ്പി) | കെ.കെ. അരൂർ | ||||||||
6. | "ഭക്തപരായണാ" (രാഗം: ബിഹാഗ്) | കെ.കെ. അരൂർ | ||||||||
7. | "ചേതോഹരം മദ്യപാനമതെ" (രാഗം: ബിഹാഗ്) | |||||||||
8. | "ദീനദയാപരനേ" (രാഗം: സാവേരി) | |||||||||
9. | "ദുർന്നയജീവിതമേ" | മാസ്റ്റർ മദനഗോപാൽ | ||||||||
10. | "എന്നോടിത്ഥം കഥിക്കാനധിക പരിഭവം" (രാഗം: നീലാംബരി) | |||||||||
11. | "ഹാ സഹജസായൂജ്യമേ" (രാഗം: യദുകുല കാംബോജി) | എം.കെ. കമലം | ||||||||
12. | "ജാതകദോഷത്താലേ" | എം.കെ. കമലം | ||||||||
13. | "ജയജഗദീശ്വരാ" (രാഗം: ബിഹാഗ്) | എം.കെ. കമലം | ||||||||
14. | "കാമിനിമാർ" (രാഗം: കമാസ്) | |||||||||
15. | "ലോകം അനശ്വരമേ" (രാഗം: ബിഹാഗ്) | ശിവാനന്ദൻ | ||||||||
16. | "മാനിനീ മണിയോതും" (രാഗം: കാപ്പി) | |||||||||
17. | "മാരൻ ഘോരശരങ്ങൾ" (രാഗം: കാംബോജി) | |||||||||
18. | "മദനവിലോലനേ നാഥാ" (രാഗം: ബിഹാഗ്) | |||||||||
19. | "പരമ ഗുരുവേ" (രാഗം: കല്യാണി) | |||||||||
20. | "രഘുകുല നായകനേ" (രാഗം: ബിഹാഗ്) | എം.കെ. കമലം | ||||||||
21. | "ഷോക്ക് ഷോക്ക്" (രാഗം: കാപ്പി) | |||||||||
22. | "സ്നേഹമേ സ്ലാഖ്യം" | |||||||||
23. | "ശ്രീ വാസുദേവ പരനേ" (രാഗം: മോഹനകല്യാണി) |
അവലംബംതിരുത്തുക
- ↑ ബാലന് 75 വർഷം തികഞ്ഞു
- ↑ 2.0 2.1 ടി.പി.ശാസ്തമംഗലം –ബാലാരിഷ്ടത വിട്ടൊഴിയാത്ത ബാലൻ, മാതൃഭൂമി വാരാന്തപ്പതിപ്പ്, 2013 ജനുവരി13
- ↑ "ബാലൻ". Webdunia.
- ↑ "തിരക്കഥയിലില്ലാത്ത ഓർമകൾ". Mathrubhumi. മൂലതാളിൽ നിന്നും 2018-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018 മെയ് 05.
{{cite web}}
: Check date values in:|accessdate=
(help) - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011 ഡിസംബർ 12. ശേഖരിച്ചത് 2013 ഏപ്രിൽ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Remembering Malayalam's first talkie
- ↑ "മാതൃഭൂമി വാരാന്തപ്പതിപ്പ് 2018 ജനു: 14. പേജ് 2".
- ↑ B. Ajith Kumar (2009 September 7). "Balan 1938". The Hindu. മൂലതാളിൽ നിന്നും 2009-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-03.
{{cite web}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help)
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ബാലൻ on IMDb
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ബാലൻ
- History of Malayalam Cinema Archived 2014-07-30 at the Wayback Machine.