വൈക്കം മുഹമ്മദ് ബഷീർ

മലയാളസാഹിത്യകാരൻ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു രേഖാചിത്രം
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു രേഖാചിത്രം
അവാർഡുകൾകേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1], മുട്ടത്തുവർക്കി അവാർഡ് (1993)[1], വള്ളത്തോൾ പുരസ്കാരം‌ (1993)[1].
പങ്കാളിഫാത്തിമ ബഷീർ (ഫാബി).
കുട്ടികൾഅനീസ്, ഷാഹിന.

ജീവിതരേഖ തിരുത്തുക

1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ്ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തുചെന്നു കാളവണ്ടികയറി കോഴിക്കോടെത്തിയ ബഷീർ, സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെത്തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദസംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാലകൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്നദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേവർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ, ബഷീർകെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയുംകൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പലജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം ഒമ്പതു വർഷത്തോളംനീണ്ട ഈ യാത്രയിൽ, അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും - തീവ്രദാരിദ്ര്യവും, മനുഷ്യദുരയും നേരിട്ടുകണ്ടു. ബഷീറിന്റെ ജീവിതംതന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരംനടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകംചുറ്റുന്നതിനിടയിൽക്കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽക്കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച എന്റെ തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ[3]. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലിതരാൻ നിവൃത്തിയില്ലെന്നും കഥയെഴുതിത്തന്നാൽ പ്രതിഫലംതരാമെന്നുമുള്ള മറുപടികേട്ട ബഷീർ ഗത്യന്തരമില്ലാതെ, ഒരു കഥയെഴുതുകയായിരുന്നു. കറുത്തിരുണ്ടു വിരൂപയായ നായികയേയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനേയും പ്രധാനകഥാപാത്രങ്ങളാക്കി അന്നെഴുതിയ കഥയാണ്, എന്റെ തങ്കം. ബഷീറിന്റെ ആദ്യത്തെ നോവലാണ് പ്രേമലേഖനം

സാഹിത്യശൈലി തിരുത്തുക

 
ബഷീറിന്റെ കൈപ്പട

സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെച്ചിരിപ്പിച്ചു, കൂടെ, കരയിപ്പിക്കുകയുംചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനംനിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. സമൂഹത്തിൽ ഉന്നതനിലവാരംപുലർത്തുന്നവർമാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽനിന്ന് നോവലുകൾക്കു മോചനംനൽകിയത് ബഷീറാണ്[അവലംബം ആവശ്യമാണ്]. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിംസമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ജീവിതരേഖ തിരുത്തുക

ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 50-ആം വയസ്സിൽ[4]. ഫാത്തിമ ബീവി ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.[5]

ഫാത്തിമ ബീവി തിരുത്തുക

വൈക്കം മുഹമ്മദ്‌ ബഷീറിൻ്റെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി. അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്‌. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18-നായിരുന്നു ബഷീറുമായുള്ള വിവാഹം.[6] 2015 ജൂലൈ 15ന് 78-ആം ജന്മദിനത്തിൽ അവർ നിര്യാതയായി.[7]

ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.[8]

ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിൻെറ ഓർമ്മകളുൾക്കൊള്ളുന്ന ആത്മകഥ, 'ബഷീറിന്റെ എടിയേ' എന്നപേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[9] ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരുമറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.[10]

ബഷീറിന്റെ കൃതികൾ തിരുത്തുക

കൃതികളുടെ പരിഭാഷകൾ തിരുത്തുക

അതീവലളിതവും എന്നാൽ ശൈലികൾനിറഞ്ഞതുമായ ആ രചനകൾ മലയാളവായനക്കാർക്കു പാരായണസുഗമങ്ങളായിരുന്നെങ്കിലും പരിഭാഷകർക്കു ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജമചെയ്തുപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .[12] ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനംചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനുപുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷി ൽ പ്രസിദ്ധീകരിച്ചു.

ചലച്ചിത്രങ്ങൾ തിരുത്തുക

ഭാർഗ്ഗവീനിലയം തിരുത്തുക

ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധുവായിരുന്നു നായകവേഷത്തിൽ. ബാബുരാജ് സംഗീതം നൽകി

മതിലുകൾ തിരുത്തുക

ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചത് പ്രശസ്തനടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന്, മമ്മൂട്ടിക്കു മികച്ചനടനുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനംചെയ്തത്.

  • സ്ത്രീകഥാപാത്രങ്ങൾ ആരുംതന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാളചലച്ചിത്രമാണു മതിലുകൾ. ഇതിൽ സ്ത്രീ സാന്നിദ്ധ്യമായി, കെ.പി.എ.സി. ലളിതയുടെ ശബ്ദംമാത്രമാണുള്ളത്

ബാല്യകാലസഖി തിരുത്തുക

സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി.

  • ബാല്യകാലസഖി (1967)

സംവിധായകൻ: ശശികുമാർ നിർമ്മാണം: കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഷീലയായിരുന്നു നായിക.

സംവിധായകൻ: പ്രമോദ് പയ്യന്നൂർ മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ മജീദായി അഭിനയിച്ചത്. ഇഷ തൽവാർ നായികയുമായി.

പ്രേം പാറ്റ തിരുത്തുക

വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ്‌ പ്രേം പാറ്റ. 1988 ഫെബ്രുവരിമുതൽ ജൂലായ് 8വരെ മാതൃഭൂമി വാരികയിൽ ഇതു പ്രസിദ്ധീകരിച്ചുവന്നിരുന്നു. പ്രണയത്തിന്റെ സ്മരണകൾ എഴുതിക്കാണിക്കുന്ന ബഷീറിന്റെ കൃതിയാണ്, പ്രേം പാറ്റ [13]

ബഷീറിന്റെ ജീവിതകാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ല. മരണത്തിന് ആറു വർഷങ്ങൾക്കുശേഷം, പ്രേം പാറ്റ പ്രസിദ്ധീകരിച്ചു. ഡി.സി ബുക്സാണ് ഇതിന്റെ പ്രസാധകർ.[14]

ബഹുമതികൾ തിരുത്തുക

വിവാദങ്ങൾ തിരുത്തുക

 
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് നാടകത്തിൽ നിന്ന് ഒരു രംഗം

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്രവിമർശനങ്ങളാണുയർത്തിയത്. പ്രധാനമായും, ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം.[15] ഇതിലേറെ വിമർശനശരങ്ങളേറ്റ ഒരു രചനയാണ് ശബ്ദങ്ങൾ

ബഷീർ ദിനം തിരുത്തുക

 
ബഷീർ ദിനത്തിൽ കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിലെ പ്രത്യേക അസംബ്ലി

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ വായന മാസാചരണവുമായി ബന്ധപ്പെട്ട് ജൂലൈ അഞ്ച് ബഷീറിന്റെ ചരമ ദിനം ബഷീർ ദിനമായി ആചരിക്കുന്നു. ആ ദിവസം ബഷീറുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ വിദ്യാലയങ്ങളിൽ നടന്നു വരുന്നു.

കൂടുതൽ അറിവിന് തിരുത്തുക

  • "Vaikom Muhammad Basheer [വൈയ്ക്കം മുഹമ്മദ് ബഷീർ / வைய்க்கம் முஹம்மத் பஷீற் / वैय्क्कं मुहम्मद् बषीर्]" (വിവരണം) (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2011-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-04.
  • http://www.venumenon.com/articles/article_page.asp?catid=6&artid=4 Archived 2018-12-15 at the Wayback Machine.
  • http://www.imdb.com/name/nm0059775/

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "Information & Public Relations Department, കേരള സർക്കാർ". മൂലതാളിൽ നിന്നും 2007-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-14.
  2. മഹച്ചരിതമാല,പേജ് 527,DC-Books
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2023-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-04-30.
  4. മഹച്ചരിതമാല - തുടർന്ന്വൈ ബേപ്പൂരിൽ താമസമാക്കി. മുഹമ്മദ് ബഷീർ, പേജ് - 529, ISBN 81-264-1066-3
  5. ബഷീർ സമ്പൂർണ്ണ കൃതികൾ-1 (ഡി.സി.ബുക്സ് 1994) ISBN 81-7130-156-8
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-22.
  7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-22.
  8. http://www.manoramaonline.com/news/just-in/vaikom-muhammed-basheer-wife-fabi-basheer-died.html[പ്രവർത്തിക്കാത്ത കണ്ണി]
  9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-22.
  10. "You are being redirected..." dcbookstore.com. മൂലതാളിൽ നിന്നും 2020-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-08-14.
  11. Whos Who Of Indian Writers. പുറം. 31. ശേഖരിച്ചത് 19 ഫെബ്രുവരി 2020.
  12. നീലവെളിച്ചവും മറ്റ് പ്രധാനകഥകളും, ബഷീർ, ഡി സി ബുക്സ്, 2010 നവംബർ
  13. [1] Archived 2021-10-26 at the Wayback Machine.|ബഷീറിൻ്റെ പ്രധാനകൃതികൾ
  14. [2] Archived 2021-10-20 at the Wayback Machine.|PREMPATTA
  15. മഹച്ചരിതമാല, പേജ് 530,DC-Books
"https://ml.wikipedia.org/w/index.php?title=വൈക്കം_മുഹമ്മദ്_ബഷീർ&oldid=3988820" എന്ന താളിൽനിന്ന് ശേഖരിച്ചത്