ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രം
(Guruvayur Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവദേവാലയവും കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രവും ഗുരുവായൂരാണ്. തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ യഥാർത്ഥ പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുഭഗവാനാണ്. എന്നിരുന്നാലും ഭഗവാന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ പേരിലാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധി. ഗുരുവായൂരപ്പൻ എന്നറിയപ്പെടുന്ന ഇവിടെയുള്ള ഭഗവാൻ, കേരളീയ ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളാണ്. പൊതുവേ ഉണ്ണിക്കണ്ണന്റെ രൂപത്തിലാണ് ഭൂരിപക്ഷം ഭക്തരും ഗുരുവായൂരപ്പനെ ആരാധിയ്ക്കുന്നത്. കൃഷ്ണാവതാരസമയത്ത്, മാതാപിതാക്കളായ ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ മഹാവിഷ്ണുവാണ് ഇവിടെയുള്ളതെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. ഇതാണ് ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണന്റെ രൂപത്തിൽ കാണുന്നതിന് ഒരു കാരണം. തുല്യ പ്രാധാന്യത്തോടെ ഭഗവതിപ്രതിഷ്ഠയും ഇവിടെയുണ്ട്. ആദ്യകാലത്ത്‌ ഇതൊരു ഭഗവതി ക്ഷേത്രമായിരുന്നു. പഴയ ഭഗവതിപ്രതിഷ്ഠയാണ് ഇന്ന് ക്ഷേത്രമതിലകത്ത് വടക്കുകിഴക്കായി ഇടത്തരികത്ത്‌ കാണപ്പെടുന്ന ദുർഗ്ഗാ-ഭദ്രകാളി സങ്കല്പങ്ങളോടുകൂടിയ ഭഗവതി. ഈ ഭഗവതിയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സംരക്ഷണമൂർത്തി എന്നാണ് വിശ്വാസം. തന്മൂലം ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യം നൽകുന്നുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി (രണ്ട് പ്രതിഷ്ഠകൾ- ഒന്ന് അകത്തും മറ്റേത് പുറത്തും), അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, അനന്തൻ തുടങ്ങിയ നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ അദൃശ്യസങ്കല്പമായി ശിവന്റെ ആരാധനയും നടക്കുന്നുണ്ട്. കുംഭമാസത്തിൽ പൂയം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ വൃശ്ചികമാസത്തിൽ ഏകാദശി വ്രതം, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, തിരുവോണം, മേടമാസത്തിൽ വിഷു, ധനു 22-നും മകരമാസത്തിലെ നാലാമത്തെ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ആയും നടക്കുന്ന ഇടത്തരികത്ത് ഭഗവതിയുടെ താലപ്പൊലികൾ, 27 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ പുണ്യമാസം എന്നിവ അതിവിശേഷമാണ്. കേരള സർക്കാർ വകയായ ഒരു പ്രത്യേക ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പേരുകൾ
ശരിയായ പേര്:ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
സ്ഥാനം
സ്ഥാനം:ഗുരുവായൂർ, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ചതുർബാഹുവായ മഹാവിഷ്‌ണു/ആദിവിരാടപുരുഷൻ (സങ്കൽപം ശ്രീകൃഷ്ണൻ)
വാസ്തുശൈലി:പുരാതന കേരള- ദ്രാവിഡ ശൈലിയിൽ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് അയ്യായിരം വർഷം മുമ്പ്
സൃഷ്ടാവ്:ബൃഹസ്പതിയും വായുദേവനും വിശ്വകർമ്മാവും

ഗുരുവായൂർ ദേവസ്വം ആക്ട് 1971 മാർച്ച് 9-ന് നിലവിൽ വന്നു. 1978-ൽ പരിഷ്കരിച്ച നിയമമനുസരിച്ചാണ് ഭരണം നടത്തുന്നത്. കേരള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. സാമൂതിരി രാജാവ്, മല്ലിശ്ശേരി നമ്പൂതിരി, ക്ഷേത്രം തന്ത്രി, ക്ഷേത്രം ജീവനക്കാരുടെ ഒരു പ്രതിനിധി, മറ്റ് അഞ്ചുപേർ (ഇതിൽ ഒരാൾ പട്ടികജാതിയിൽ നിന്നായിരിക്കണം). ചേർന്നതാണ് സമിതി. സർക്കാർ ഡെപ്യുട്ടേഷനിൽ നിയമിയ്ക്കുന്ന ഉദ്യോഗസ്ഥനായ അഡ്മിനിസ്ട്രേറ്ററാണ് സമിതി സെക്രട്ടറി. ഡെപ്യൂട്ടി കളക്ടറുടെ റാങ്കിൽ താഴെയുള്ളയാളാവരുത്, അഡ്മിനിസ്‌ട്രേറ്റർ.[1] എന്നാൽ 2013-ൽ ഈ നിയമത്തിന് വിരുദ്ധമായി മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന (നിയമപ്രകാരം അദ്ദേഹം ഡെപ്യൂട്ടി കളക്ടറുടെ താഴെയാണ്) കെ. മുരളീധരനെ (അതേ പേരിലുള്ള രാഷ്ട്രീയനേതാവല്ല) അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് വിവാദത്തിനിടയാക്കി.

പാരമ്പര്യമായി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ് തന്ത്രി.[1] ആദ്യകാലത്ത് തൃപ്പൂണിത്തുറയിലെ പ്രസിദ്ധ തന്ത്രികുടുംബമായ പുലിയന്നൂർ മനയ്ക്കുണ്ടായിരുന്ന തന്ത്രാധികാാരം, പിന്നീട് കൊച്ചി രാജാവിന്റെ കയ്യിൽനിന്ന് ഗുരുവായൂർ പിടിച്ചടക്കിയ സാമൂതിരി രാജാവ് തന്റെ സദസ്യനായിരുന്ന ചേന്നാസിന് നൽകുകയാണുണ്ടായത് . ഈ കുടുംബത്തിലെ പൂർവ്വികനായിരുന്ന രവിനാരായണൻ നമ്പൂതിരിപ്പാടാണ് കേരളത്തിലെ ക്ഷേത്രങ്ങൾ പാലിച്ചുപോകുന്ന നിയമങ്ങളടങ്ങിയ പ്രശസ്തമായ തന്ത്രസമുച്ചയം എന്ന സംസ്കൃതഗ്രന്ഥത്തിന്റെ കർത്താവ്. ഈ ഗ്രന്ഥത്തിന്റെ ആദ്യത്തെ പരീക്ഷണശാലകൾ ഗുരുവായൂരും, സമീപത്തുള പ്രസിദ്ധ ശിവക്ഷേത്രമായ മമ്മിയൂർ ക്ഷേത്രവുമായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന് ഇരുക്ഷേത്രങ്ങളിലെയും തന്ത്രാധികാരം ചേന്നാസ് മനയ്ക്കാണ്.

പഴയം, മുന്നൂലം, പൊട്ടക്കുഴി, കക്കാട് എന്നീ ഇല്ലക്കാരാണ് ഓതിയ്ക്കന്മാർ. രാവിലെ നിത്യം നടത്തുന്ന നവകാഭിഷേകം, പന്തീരടിപൂജ എന്നിവയും ഉദയാസ്തമനപൂജാസമയത്തെ അധികപ്പൂജകളും ഓതിയ്ക്കന്മാരുടെ ചുമതലകളാണ്. തന്ത്രിയും മേൽശാന്തിയും ഇല്ലാത്ത സമയത്ത് അവരുടെ ചുമതലകൾ ചെയ്യുന്നതും ഓതിയ്ക്കന്മാരാണ്.[1] ഇവർക്ക് മേൽശാന്തിയാകാനും അവകാശമുണ്ട്. മുമ്പ് ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം തുടങ്ങി കേരളത്തിലെ പല ക്ഷേത്രങ്ങളിലും നിലവിലുണ്ടായിരുന്ന പദവിയാണിത്. ഇന്ന് ഈ പദവി നിലനിൽക്കുന്ന ക്ഷേത്രങ്ങൾ ഗുരുവായൂരും തൃപ്പൂണിത്തുറയും മാത്രമാണ്.

മേൽശാന്തിയെ ഭരണസമിതി ആറുമാസത്തേക്ക് നിയമിയ്ക്കുന്നു. ആ കാലയളവിൽ മേൽശാന്തി അമ്പലപരിസരം വിട്ടുപോകാൻ പാടില്ലാത്തതും (പുറപ്പെടാശാന്തി) കർശനമായി ബ്രഹ്മചര്യം അനുഷ്ഠിയ്ക്കേണ്ടതുമാണ്. തന്ത്രിയുടേയും ഓതിയ്ക്കന്റേയും കീഴിൽ രണ്ടാഴ്ച ക്ഷേത്രത്തേയും ആചാരങ്ങളേയും പൂജകളേയും പറ്റി പഠിച്ച് മൂലമന്ത്രം ഗ്രഹിച്ചാണ് ചുമതലയേൽക്കുന്നത്. നിയുക്തമേൽശാന്തി തൽസ്ഥാനമേൽക്കുന്നതുവരെ ക്ഷേത്രത്തിൽ ഭജനമിരിയ്ക്കേണ്ടതാണ്. ക്ഷേത്രാചാങ്ങളും പൂജകളും പഠിയ്ക്കാൻ ഇത് ഉപകരിയ്ക്കുന്നു. ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിലാണ് മേൽശാന്തിമാർ സ്ഥാനമേൽക്കുക. പഴയ കേരളത്തിലെ ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള നമ്പൂതിരിമാരാണ് മേൽശാന്തിമാരാകുക. ആഭിജാത്യം, അഗ്നിഹോത്രം, ഭട്ടവൃത്തി തുടങ്ങിയവയാണ് ഇവർക്കുള്ള യോഗ്യത. എന്നാൽ, മാറിയ സാഹചര്യത്തിൽ ഈ നിയമം മാറ്റാൻ സാധ്യതയുണ്ട്.

മേൽശാന്തിയെ സഹായിക്കാൻ രണ്ട് കീഴ്ശാന്തിമാർ ഉണ്ടായിരിക്കും. കോഴിക്കോട് ജില്ലയിലെ കാരിശ്ശേരിയിൽ നിന്ന് സാമൂതിരി ഗുരുവായൂരിലേയ്ക്ക് കൊണ്ടുവന്ന പതിമൂന്നു നമ്പൂതിരി ഇല്ലങ്ങളിൽ നിന്ന്, ഒരു മാസം രണ്ട് ഇല്ലക്കാർ വീതം ഊഴം വച്ചാണ് കീഴ്ശാന്തി ചെയ്യുന്നത്. മേച്ചേരി, നാകേരി, മഞ്ചിറ, കൊടയ്ക്കാട്, മേലേടം, മൂത്തേടം, ചെറുതയ്യൂർ, കീഴേടം, തേലമ്പറ്റ, വേങ്ങേരി, തിരുവാലൂർ, അക്കാരപ്പള്ളി, മുളമംഗലം എന്നിവയാണ് ആ ഇല്ലങ്ങൾ. ക്ഷേത്രത്തിൽ നിവേദ്യം പാചകം ചെയ്യുന്നതും ചന്ദനം അരച്ചുകൊണ്ടുവരുന്നതും അഭിഷേകത്തിനും നിവേദ്യത്തിനും മറ്റും ജലം കൊണ്ടുവരുന്നതും ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിക്കുന്നതും ഉപദേവതകൾക്ക് പൂജകൾ നടത്തുന്നതും പ്രസാദം വിതരണം ചെയ്യുന്നതുമെല്ലാം കീഴ്ശാന്തിമാരാണ്. എന്നാൽ മറ്റുക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി മേൽശാന്തിയുടെ അഭാവത്തിൽ ഇവർക്ക് അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കാൻ കഴിയില്ല. പകരം, ഓതിയ്ക്കന്മാർക്കാണ് ആ ചുമതലകൾ നൽകുന്നത്. കീഴ്ശാന്തിമാർക്ക് വിഗ്രഹത്തെ സ്പർശിയ്ക്കാനുള്ള അധികാരവും നിരോധിച്ചിരിയ്ക്കുന്നു.

മുഖ്യ പ്രതിഷ്ഠ

തിരുത്തുക

ഗുരുവായൂരപ്പൻ

തിരുത്തുക

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിയ്ക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്ര ഗദാപദ്മധാരിയുമായ മഹാവിഷ്ണു ഭഗവാനാണ്. ഉണ്ണികണ്ണനായി സങ്കൽപ്പിക്കപ്പെടുന്ന ഭഗവാനെ ഗുരുവായൂരപ്പൻ എന്നാണ് ഭക്തർ വിളിച്ചുവരുന്ന പേര്. പാതാളാഞ്ജനം എന്ന അത്യപൂർവ്വമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിൽ വച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇതാകാം ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണനായി കണ്ടുവരുന്നതിനുള്ള കാരണം. സാധാരണ വിഷ്ണുവിഗ്രഹങ്ങൾ പോലെ നിൽക്കുന്ന രൂപത്തിൽ തന്നെയാണ് ഗുരുവായൂരപ്പന്റെയും വിഗ്രഹം. കിഴക്കോട്ട് ദർശനം നൽകിയാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.

വിഗ്രഹനിർമ്മാണനിയമപ്രകാരം വിഷ്ണുവിഗ്രഹത്തിന് 24 ഭാവങ്ങളുണ്ട്. ഭാവവ്യത്യാസമനുസരിച്ച് ശംഖ്, ചക്രം, ഗദ, പദ്മം (താമര) എന്നിവ ധരിച്ച കൈകൾക്കും വ്യത്യാസം കാണാൻ കഴിയും. പുറകിലെ വലതുകയ്യിൽ ചക്രം, മുമ്പിലെ വലതുകയ്യിൽ പദ്മം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുമ്പിലെ ഇടതുകയ്യിൽ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാർദ്ദനൻ എന്നുപറയും. ഗുരുവായൂരിലെ പ്രതിഷ്ഠ ഈ രൂപത്തിലാണ്.

നിലവിൽ ക്ഷേത്രമതിലകത്താണെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തായാണ് ഈ പ്രതിഷ്ഠയെ കാണുന്നത്. ഗുരുവായൂരപ്പന് തത്തുല്യമായ പ്രാധാന്യമാണ് ഈ ഭഗവതിയ്ക്കുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽദൈവമാണ് ഉഗ്രമൂർത്തിയായ ഈ ഭഗവതി എന്ന് വിശ്വാസം. ശ്രീകൃഷ്ണാവതാരം നടന്ന അതേ സമയത്ത്, നന്ദഗോപരുടെയും യശോദയുടെയും പുത്രിയായി അവതരിച്ച കാളിയാണ് ഈ ഭഗവതി എന്ന് സങ്കല്പം. അതിനാൽ ഭഗവാന്റെ സഹോദരിയുടെ സ്ഥാനമാണ് ഭഗവതിക്ക്. ദുർഗ്ഗ, ഭദ്രകാളി ഭാവങ്ങളിലുള്ള ആദിപരാശക്തിയുടെ പ്രതിഷ്ഠയാണ് ഇത്. ഗുരുവായൂരിൽ എത്തുന്ന ഭക്തരുടെ ദുഃഖങ്ങൾ ഭഗവതി ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. അഴൽ എന്ന വഴിപാട് ആണ് ഇവിടെ ഭഗവതിക്ക് പ്രധാനം. വനദുർഗ്ഗാസങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ഈ ദേവിയെ ആരാധിയ്ക്കുന്നു. [2] പടിഞ്ഞാറോട്ടാണ് ദർശനം. അഴൽ എന്ന് പേരുള്ള പ്രത്യേകത കലർന്ന ഒരു ചടങ്ങാണ് ഇവിടെ പ്രധാന വഴിപാട്. രാത്രി ഭഗവാന്റെ നടയടച്ചശേഷം നടത്തുന്ന ഒരു ചടങ്ങാണിത്. പച്ചരി, വെള്ളരി, ശർക്കര, നാളികേരം തുടങ്ങിയവ തുണിയിൽ ചുറ്റിവച്ച് വാഴത്തണ്ടിൽ കെട്ടിവച്ചശേഷം അതിൽ തീകൊളുത്തി നടത്തുന്നതാണ് ഈ ചടങ്ങ്. ഭക്തരുടെ അഴലുകൾ (ദുഃഖങ്ങൾ) ഭഗവതി തീയായി ദഹിപ്പിക്കുന്നു എന്നാണ് സങ്കല്പം. ഇവിടെ സ്ഥിരം വെളിച്ചപ്പാടുണ്ട്. ധനു, മകരം മാസങ്ങളിലായി ഇവിടെ രണ്ടു താലപ്പൊലികൾ ആഘോഷമായുണ്ട്. ഒന്ന് നാട്ടുകാരുടേ വകയാണ്; മറ്റേത് ദേവസ്വം വകയും. [1]ഇവിടത്തെ ഭഗവതി ഭഗവാന് മുൻപേ ഇവിടെ സന്നിധാനം ചെയ്തിരുന്നുവെന്നും വിഷ്ണുപ്രതിഷ്ഠ നടന്നപ്പോൾ വടക്കുകിഴക്കോട്ട് മാറി സ്വയംഭൂവായി അവതരിച്ചുവെന്നുമാണ് വിശ്വാസം. അതിനാൽ, ഇവിടെ ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കാറില്ല. പണ്ട് ഇവിടെയും ഒരു മതിൽക്കെട്ടുണ്ടായിരുന്നു. ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കാനായി പിൽക്കാലത്ത് അത് പൊളിച്ചു മാറ്റുകയുണ്ടായി. ഭഗവതിനടയ്ക്കു മുന്നിൽ ഒരു പാട്ടമ്പലം പണിതിട്ടുണ്ട്. ഇവിടെ ധനുമാസത്തിൽ കളമെഴുത്തും പാട്ടും നടത്തി വരുന്നുണ്ട്. ദാരികനെ വധിച്ച ഭദ്രകാളിയെ സ്തുതിയ്ക്കുന്ന രീതിയിലാണ് പാട്ട് നടക്കുന്നത്. ഇടത്തരികത്തു ഭഗവതിയുടെ കാളീഭാവം ഇതിൽ നിന്നും വ്യക്തമാണ്. താലപ്പൊലി ഉത്സവം കൂടാതെ നവരാത്രിയും അതിവിശേഷമായി ആചരിച്ചുവരുന്നു.

ഉപദേവതമാർ

തിരുത്തുക

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലേതുംപോലെ ഇവിടെയും വിഘ്നേശ്വരനായ മഹാഗണപതിയുടെ സാന്നിധ്യമുണ്ട്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതി പ്രതിഷ്ഠ. ഏകദേശം ഒരടി മാത്രമേ ഉയരമുള്ളൂ. കിഴക്കോട്ടാണ് ദർശനം. മുമ്പ് ഇവിടെ പ്രദക്ഷിണം വെയ്ക്കാൻ സൗകര്യമുണ്ടായിരുന്നില്ല. തീപ്പിടുത്തത്തിനുശേഷം പുതുക്കി പണിതപ്പോൾ ഇവിടെ പ്രദക്ഷിണത്തിന് സൗകര്യമുണ്ടാക്കിയിട്ടുണ്ട്.[2] എല്ലാ ദിവസവും രാവിലെ ഗണപതിപ്രീതിക്കായി ഗണപതിഹോമം നടത്താറുണ്ട്. കൂടാതെ കറുകമാല, നാരങ്ങാമാല, ഗണേശസൂക്താർച്ചന തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്.

കാര്യാലയ ഗണപതി

തിരുത്തുക

കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു പിന്നിൽ പഴയ ദേവസ്വം ഓഫീസിന്റെ പരിസരത്തായി മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. 'ഓഫീസ് ഗണപതി' അഥവാ 'കാര്യാലയ ഗണപതി' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. വനഗണപതി ഭാവത്തിലാണ് പ്രതിഷ്ഠ. അതിനാൽ, ശ്രീകോവിലിന് മേൽക്കൂരയില്ല. മറ്റുള്ള ഗണപതിവിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി തുമ്പിക്കൈ ഇടതുഭാഗത്തേക്കാണ്.[2]നേരത്തെ ഇവിടെയുണ്ടായിരുന്ന ആൽത്തറയിൽ പൂജിയ്ക്കാൻ വച്ചിരുന്ന ഗണപതിയെ പഴയ ദേവസ്വം ഓഫീസിലേക്ക് മാറ്റുകയും പിന്നീട് ഇന്നത്തെ സ്ഥലത്തെത്തിയ്ക്കുകയുമായിരുന്നു. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. നാളികേരമുടയ്ക്കലാണ് പ്രധാനവഴിപാട്. കിഴക്കുഭാഗത്തു നിന്നുവരുന്ന ഭൂരിപക്ഷം ഭക്തരും ഇവിടെ തൊഴുതിട്ടു മാത്രമാണ് ഗുരുവായൂരപ്പദർശനത്തിന് ചെല്ലുന്നത്. ഗണപതിയോടൊപ്പം ഇവിടെ ഭദ്രകാളി, നരസിംഹചൈതന്യങ്ങളുമുള്ളതായി വിശ്വസിച്ചു പോരുന്നു. വിനായക ചതുർത്ഥി ഈ ഗണപതിയ്ക്ക് അതിവിശേഷമാണ്.

അനന്തപദ്മനാഭൻ, ദശാവതാരങ്ങൾ

തിരുത്തുക

ക്ഷേത്രശ്രീകോവിലിന് പുറകിൽ കിഴക്കോട്ട് ദർശനമായുള്ള കരിങ്കൽത്തൂണുകളിൽ പത്തെണ്ണത്തിൽ ഭഗവാന്റെ ദശാവതാരങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. മത്സ്യം, കൂർമ്മം, വരാഹം എന്നിങ്ങനെ ക്രമത്തിൽ പത്ത് അവതാരങ്ങളാണ്. ശ്രീകോവിലിന് തൊട്ടുപുറകിൽ ഇവയുടെ നടുക്കായി അനന്തപദ്മനാഭസ്വാമിയുടെ ഒരു രൂപം കാണാം. തിരുവനന്തപുരം ശ്രീ അനന്തപദ്മനാഭസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠയോട് സാമ്യമുള്ള രൂപമാണിത്. ഇവിടെ ഒരു അനന്തശയനചിത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന അക്കാലത്തെ പ്രശസ്തനായിരുന്ന ചിത്രകാരനാണ് ഇത് വരച്ചത്. ഗുരുവായൂർ ശ്രീവൈകുണ്ഠം എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം ഗുരുവായൂരിൽ വരുന്ന ഭക്തരുടെ മുഖ്യ ആകർഷണമായിരുന്നു. 1970-ലുണ്ടായ തീപ്പിടുത്തത്തിൽ ഇത് പൂർണ്ണമായും കത്തിനശിച്ചു. തുടർന്നാണ് ഇന്നത്തെ കരിങ്കൽ ശില്പം നിർമ്മിച്ചത്. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം നിർമ്മിച്ച് പ്രസിദ്ധനായ സ്വാമിനാഥൻ കറുപ്പയ്യാ ആചാരിയുടെ നേതൃത്വത്തിലാണ് ഈ രൂപം പണികഴിപ്പിയ്ക്കപ്പെട്ടത്. പതിനെട്ടടി നീളം വരുന്ന ഭീമാകാരമായ രൂപമാണ്. രണ്ട് കൈകളേയുള്ളൂ ഇവിടെ മഹാവിഷ്ണുവിന്. പാൽക്കടലിൽ മഹാസർപ്പമായ അനന്തന് മുകളിൽ മഹാലക്ഷ്മീ സമേതനായി പള്ളികൊള്ളുന്ന വിഷ്ണുഭഗവാൻ, അദ്ദേഹത്തിന്റെ നാഭീകമലത്തിലുള്ള ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള ശിവലിംഗം, ഭഗവാനെ കണ്ടുതൊഴുന്ന നാരദൻ, പ്രഹ്ലാദൻ, മഹാബലി, വസിഷ്ഠൻ, വ്യാസൻ, കശ്യപൻ, വിഭീഷണൻ, ഉദ്ധവർ തുടങ്ങിയ ഭക്തോത്തമന്മാർ, ചുവട്ടിൽ ഭഗവാന് കാവലായി നിലകൊള്ളുന്ന ലക്ഷ്മീ-ഭൂമീദേവിമാർ, ദ്വാരപാലകരായ ജയവിജയന്മാർ, ഭഗവദ് വാഹനമായ ഗരുഡൻ, കാവൽക്കാരനായ വിഷ്വക്സേനൻ, സൂര്യചന്ദ്രന്മാർ, ഗരുഡന്റെ ചിറകിൽ കാൽ ചവുട്ടി നില്ക്കുന്ന ശ്രീകൃഷ്ണൻ, യോഗനരസിംഹമൂർത്തി, ഗണപതി, അയ്യപ്പൻ, പട്ടാഭിഷിക്തരായ ശ്രീരാമസ്വാമിയും സീതാദേവിയും, ഇരുവരെയും വന്ദിയ്ക്കുന്ന ഹനുമാനും, ലക്ഷ്മണനും, ശ്രീദേവി ഭൂദേവിസമേതനായി നിൽക്കുന്ന മഹാവിഷ്ണു - ഇവരെല്ലാം ഈ പ്രതിഷ്ഠയിൽ ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദിവസവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്.

നാലമ്പലത്തിനു പുറത്ത്, പ്രദക്ഷിണവഴിയിൽ തെക്കുകിഴക്കേ മൂലയിലാണ് ശാസ്താപ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. നാലമ്പലത്തിനു പുറത്തുള്ള ഏക ഉപദേവനും ഇതാണ്. ഒരു മീറ്റർ ഉയരത്തിൽ കറുത്ത കരിങ്കല്ലിൽ ഉണ്ടാക്കിയതാണ് പ്രതിഷ്ഠ. ശ്രീകോവിലിനു മുന്നിൽ നാളികേരം എറിഞ്ഞുടക്കുന്നതിന് ചെരിച്ചുവച്ച കരിങ്കല്ലും ചെറിയ ദീപസ്തംഭവുമുണ്ട്.[2]ഇവിടെ എള്ളുതിരി കത്തിയ്ക്കൽ പ്രധാന വഴിപാടായിരുന്നു. എന്നാൽ 2007-ലെ ദേവപ്രശ്നത്തെത്തുടർന്ന് വഴിപാട് നിർത്തിവച്ചു. ഇപ്പോൾ അത് പുനരാരംഭിയ്ക്കാനുള്ള പദ്ധതികൾ നടന്നുവരുന്നു. മണ്ഡലകാലത്ത് ഈ ശ്രീകോവിലിനുമുമ്പിലാണ് ശബരിമലയിലേയ്ക്ക് ദർശനം നടത്തുന്നവർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും.

സുബ്രഹ്മണ്യൻ ‌

തിരുത്തുക

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലുള്ള ഒരു കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. കിഴക്കോട്ടാണ് ദർശനം. ഇവിടെ പ്രതിഷ്ഠയില്ലെങ്കിലും ഭക്തർ ഇവിടെയും വന്ദിയ്ക്കാറുണ്ട്. ഭസ്മം, ചന്ദനം തുടങ്ങിയവ ചാർത്തി നാരങ്ങാമാല ധരിച്ചാണ് ഭഗവാന്റെ ഇരിപ്പ്. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. എന്നാൽ പഴനിയിലേതുപോലെ ആണ്ടിപ്പണ്ടാരമല്ല. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ ഇടതുകൈ അരയിൽ കുത്തിവച്ചിരിയ്ക്കുകയാണ്. വലതുചുമലിൽ വേലുമുണ്ട്. 1970-ലുണ്ടായ തീപ്പിടുത്തത്തെത്തുടർന്ന് നവീകരിച്ചശേഷമാണ് ഈ രൂപം കൊത്തിവച്ചത്.

നാലമ്പലത്തിനകത്ത് വടക്കേ നടവാതിലിന് സമീപത്തുള്ള തൂണിലാണ് ചിരഞ്ജീവിയും ശ്രീരാമദാസനുമായ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. വീരഹനുമാന്റെ രൂപത്തിലുള്ള വിഗ്രഹമാണിത്. തെക്കോട്ട് ദർശനമായാണ് ഈ പ്രതിഷ്ഠ. ഹനുമാൻ സ്വാമിയുടെ വലതുകയ്യിൽ മരുത്വാമലയും ഇടതുകയ്യിൽ ഗദയും കാണാം. 1970-ലുണ്ടായ തീപ്പിടുത്തതിനുശേഷമാണ് ഈ രൂപം പിറവിയെടുത്തത്. ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ നാലമ്പലത്തിനകത്തെ ഈ ഹനുമാനെയും തൊഴുതുപോരുന്നു. വെറ്റിലമാലയും കുങ്കുമവും ചാർത്തിയ രൂപത്തിലാണ് വിഗ്രഹം നിത്യേന കാണപ്പെടുന്നത്. ഈ ഹനുമാനെ സ്തുതിച്ചതുകാരണം അത്ഭുതകാര്യസിദ്ധിയുണ്ടായതായി ചില ഭക്തർ വിശ്വസിച്ചുവരുന്നു.

ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും പാർവതി സമേതനായ ശിവന്റെ അദൃശ്യസാന്നിദ്ധ്യമുള്ളതായി കാണപ്പെടുന്നു. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന മഹാവിഷ്ണു വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി മമ്മിയൂരിൽ അവതരിച്ചു എന്നാണ് കഥ. തന്മൂലം ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുഭാഗത്തെ ഒരു കരിങ്കൽത്തൂണിൽ പാർവ്വതീസമേതനായ ശിവന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്, പടിഞ്ഞാട്ട് ദർശനമായി. ഭക്തർ ഇവിടെയും വന്ദിയ്ക്കാറുണ്ട്.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ദേവസ്വം വകയുള്ള സത്രത്തിന്റെ വളപ്പിലാണ് നാഗദൈവങ്ങളുടെ സ്ഥാനം. ആൽമരച്ചുവട്ടിൽ കിഴക്കോട്ട് ദർശനമായാണ് നാഗപ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. നാഗരാജാവും വിഷ്ണു ശയനവുമായ അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയുമാണ് പ്രതിഷ്ഠകൾ. നൂറും പാലും നേദിയ്ക്കുന്നതാണ് ഇവിടെ പ്രധാന വഴിപാട്. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. കേരളത്തിൽ സർപ്പാരാധനയ്ക്ക് പേരുകേട്ട കുടുംബങ്ങളിലൊന്നായ ചെർപ്പുളശ്ശേരി പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയ്ക്കാണ് ഇവിടെ സർപ്പബലിയ്ക്ക് അധികാരം.

പേരിനു പിന്നിൽ

തിരുത്തുക

കുരവയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം[അവലംബം ആവശ്യമാണ്].14-)ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാണ് പരാമർശിച്ചിരിക്കുന്നത്. കുരവക്കൂത്ത് എന്ന പുരാതന കലാരൂപം ഇവിടെ അരങ്ങേറിയിരുന്നതായി [3]വി.വി.കെ വാലത്ത് ഊഹിക്കുന്നു. കുരവയൂർ എന്ന പേര് ഇങ്ങനെ വന്നതായിരിക്കാം. ഇത് ലോപിച്ച് ഗുരുവായൂർ എന്നായി മാറി. എന്നാൽ പതിനാലാം നൂറ്റാണ്ടിലെ കോകസന്ദേശം പോലെയുള്ള ഗ്രന്ഥങ്ങളിൽ തമിഴ് സ്വാധീനം വളരെ വ്യക്തമാണ്. തമിഴ് ഭാഷയിൽ 'ഗ', 'ക' എന്നിവയ്ക്ക് ക (க) എന്ന അക്ഷരം തന്നെയാണ് ഉപയോഗിക്കുന്നത്. അതിനാൽ കുരവയൂർ, ഗുരുവായൂർ ആയി മാറിയതാണെന്ന വാദം നിലനിൽക്കില്ലെന്നും വാദഗതികൾ ഉണ്ട്. മാത്രമല്ല, കേരളത്തിലെ മറ്റു കലാരൂപങ്ങൾക്ക് വ്യക്തമായ ചരിത്രം ലഭ്യമാണെന്നിരിക്കെ, കുരവക്കൂത്ത് എങ്ങനെ വിസ്മരിക്കപ്പെട്ടു എന്നും ചോദ്യമുയരുന്നുണ്ട്. ഈ കലാരൂപത്തെക്കുറിച്ച് മറ്റു പരാമർശങ്ങൾ ലഭ്യമല്ല.         

[4] പ്രമുഖ ചരിത്രകാരനായിരുന്ന പുത്തേഴത്ത് രാമൻ മേനോന്റെ അഭിപ്രായത്തിൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയാണ് 'ഗുരുവായൂർ' എന്ന പേരിന്റെ ഉപജ്ഞാതാവ്.

ഐതിഹ്യം

തിരുത്തുക
ഗുരുവായൂരപ്പൻ
ദേവനാഗരിगुरुवायूरप्पन्
തമിഴിൽகுருவாயூரப்பன்
Affiliationദേവൻ
നിവാസംഗുരുവായൂർ
ഗ്രഹംഭൂമി
മന്ത്രംഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ
ആയുധംസുദർശനചക്രം, കൗമോദകി (ഗദ), പാഞ്ചജന്യം (ശംഖ്)
Mountഗരുഡൻ

ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്. കുരുവംശത്തിലെ പിന്മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെത്തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ തന്റെ പിതാവിന്റെ അന്ത്യത്തിനുകാരണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി 'സർപ്പസത്രം' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല. തന്മൂലം ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു. രോഗശാന്തിക്കായി ധാരാളം വഴികൾ നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. അങ്ങനെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ തളർന്ന ജനമേജയനുമുമ്പിൽ ദത്താത്രേയമഹർഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചുകൊടുത്തു. അതിങ്ങനെ:

പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ (കല്പം ഹിന്ദുമതത്തിലെ ഒരു കാലയളവാണ്) ബ്രഹ്മാവ് സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു. വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവർഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് താൻ തന്നെ മൂന്നുജന്മങ്ങളിൽ പുത്രനായി അവതരിയ്ക്കുമെന്നും അപ്പോഴെല്ലാം വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം അവർക്കുണ്ടാകുമെന്നും അരുൾ ചെയ്തു. അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ വാമനനായി അവതരിച്ചു. പിന്നീട് അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു. ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാൻ അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു.

മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു. ഒടുവിൽ ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ഇങ്ങനെ പറഞ്ഞു:

ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം ദിവസം ദ്വാരക സമുദ്രത്തിനടിയിലാകും. അതിൽ ദ്വാരക മുഴുവൻ നശിച്ചുപോകും. എന്നാൽ, നാലുജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഗ്രഹം മാത്രം അതിൽ നിന്ന് രക്ഷപ്പെട്ട് തിരമാലകൾക്കുമുകളിൽ പൊന്തിക്കിടക്കും. ആ വിഗ്രഹം താങ്കൾ ദേവഗുരുവായ ബൃഹസ്പതിയെ ഏൽപ്പിയ്ക്കണം. തുടർന്ന്, ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കാനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുക.

ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാം ദിവസം സമുദ്രത്തിനടിയിലായി. ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും എന്നറിയാതെ കുഴഞ്ഞ ബൃഹസ്പതി ഉടനെത്തന്നെ ശിഷ്യനായ വായുദേവനെ വിളിച്ചു. വായുദേവൻ പ്രത്യക്ഷപ്പെട്ട് തിരമാലകളിലൂടെ വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. ഹരിതാഭ നിറഞ്ഞ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾതന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു. ശിവൻ മേൽപ്പറഞ്ഞ സ്ഥലത്തിന്റെ മാഹാത്മ്യം ബൃഹസ്പതിയ്ക്കും വായുദേവനും വിവരിച്ചുകൊടുത്തു:

നമ്മൾ നിൽക്കുന്ന ഈ സ്ഥലം തന്നെയാണ് പരമപവിത്രമായ ഈ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കുന്നതിന് ഏറ്റവും ഉചിതമായ സ്ഥാനം. പണ്ട് ഇവിടെയാണ് പുണ്യവാന്മാരായ പ്രചേതസ്സുകൾ തപസ്സനുഷ്ഠിച്ചിരുന്നത്. അവർക്ക് ഞാൻ രുദ്രഗീതം ഉപദേശിച്ചതും ഇവിടെവച്ചാണ്. തുടർന്ന് പതിനായിരം വർഷം അവർ ഇവിടെ തപസ്സിരുന്നു. അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു അവർക്ക് സർവ്വശ്രേയസ്സുകളും നൽകി. ബൃഹസ്പതേ, ദേവഗുരുവായ അങ്ങും അങ്ങയുടെ ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തുന്ന ഈ സ്ഥലം ഇനി 'ഗുരുവായൂർ' എന്നറിയപ്പെടും. കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും. ഞാൻ പാർവ്വതീദേവിയോടൊപ്പം അടുത്തുതന്നെ സ്വയംഭൂവായി അവതരിയ്ക്കുകയും ചെയ്യും.

ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രികവിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹർഷി സ്തുതിഗീതങ്ങൾ പാടി. ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വരന്മാർ അടുത്തുതന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യസമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു.'

ഈ കഥ കേട്ടറിഞ്ഞ ജനമേജയൻ ഉടനെത്തന്നെ കുടുംബസമേതം ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ഒരു വർഷം അദ്ദേഹം അവിടെ ഭജനമിരുന്നു. ഭജനത്തിനിടയിൽ അദ്ദേഹം മമ്മിയൂരിലും ദർശനം നടത്തി. തന്മൂലം ഏറെക്കാലം കഴിയും മുമ്പുതന്നെ അദ്ദേഹം കുഷ്ഠരോഗവിമുക്തി നേടി. പിന്നീട് ഏറെ വർഷക്കാലം അദ്ദേഹം അരോഗദൃഢഗാത്രനായി ജീവിച്ചു.

ചരിത്രം

തിരുത്തുക

ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. എന്നാൽ അത് തെളിയിയ്ക്കാൻ പറ്റിയ രേഖകളില്ല. ആദ്യകാലത്ത് ഇത് ഭഗവാൻ നാരായണനെ ആരാധിക്കുന്ന ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിയ്ക്കുന്ന ഏറ്റവും പഴയ ചരിത്രകൃതി 14-ആം നൂറ്റാണ്ടിലെ മണിപ്രവാള പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതിൽ കുരവൈയൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കിലും മേൽപ്പത്തൂരിന്റെ നാരായണീയമാണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്. "തിരുനാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു പൊന്നാനി താലൂക്കിൽത്തന്നെയുള്ള ഗുരുവായൂർ ക്ഷേത്രമാണ് [a]. തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം". വില്യം ലോഗൻ മലബാർ മാനുവലിൽ ഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

മൈസൂർ കടുവ എന്നറിയപ്പെട്ട ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് കേരളത്തിലെ, വിശിഷ്യാ മലബാറിലെ ക്ഷേത്രങ്ങൾ പലതും തകർക്കപ്പെട്ടിരുന്നു. അവയിൽ പലതിലും ഇന്നും അത്തരം പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും അത്തരത്തിൽ തകർക്കപ്പെടുമോ എന്നൊരു സംശയം നാട്ടുകാരായ ഹിന്ദുക്കൾക്ക് തോന്നി. അവർ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയെയും തന്ത്രി, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. തുടർന്ന്, സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ച അവർ കണ്ടെത്തിയത് കേരളത്തിലെ മറ്റൊരു പ്രധാന ശ്രീകൃഷ്ണക്ഷേത്രമായ അമ്പലപ്പുഴയാണ്. അമ്പലപ്പുഴ അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. അതിനാൽ, അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജയുടെ അനുമതി വാങ്ങിയാണ് അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുപോയി. അവിടെ ക്ഷേത്രത്തിന്റെ തെക്കേ നടയിലുണ്ടായിരുന്ന പഴയ ചെമ്പകശ്ശേരി രാജവംശത്തിന്റെ കൊട്ടാരത്തിൽ (ചെമ്പകശ്ശേരി രാജ്യം 1748-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ പിടിച്ചടക്കി തിരുവിതാംകൂറിൽ ലയിപ്പിച്ചിരുന്നു) പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചത്. അതിനോടുചേർന്ന് ഒരു തിടപ്പള്ളിയും അടുത്ത് ഒരു കിണറും കൂടി പണിയിച്ചു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. ഇന്ന് ആ സ്ഥലം, 'അമ്പലപ്പുഴ ഗുരുവായൂർ നട' എന്നറിയപ്പെടുന്നു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കും. ഇത് ഗുരുവായൂരപ്പന്റെ പ്രതീകമായി വിശ്വസിച്ചുവരുന്നു.

എന്നാൽ, ഗുരുവായൂർ ക്ഷേത്രം തകർക്കാൻ ടിപ്പു സുൽത്താന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സൈന്യം ഗുരുവായൂരിനടുത്ത് തമ്പടിയ്ക്കുകയും ഗുരുവായൂരിലെ മിയ്ക്ക ക്ഷേത്രങ്ങളും തകർക്കുകയും ചെയ്തെങ്കിലും ഗുരുവായൂർ ക്ഷേത്രം തകർക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ പെട്ടെന്ന് ഇടിയും മഴയും വരികയും അതോടെ ക്ഷേത്രം തകർക്കാനാകാത്തെ സ്ഥലം വിടുകയും ചെയ്യുകയായിരുന്നത്രേ.

ഗുരുവായൂർ സത്യാഗ്രഹം

തിരുത്തുക

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഗുരുവായൂർ ക്ഷേത്രത്തിലും അവർണ്ണ സമുദായക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ അനാചാരത്തിനെതിരെ മന്നത്ത് പത്മനാഭൻ കെ. കേളപ്പൻ, എ. കെ. ജി., പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സമരമായിരുന്നു ഗുരുവായൂർ സത്യാഗ്രഹം. എ. കെ. ജി.യായിരുന്നു സത്യഗ്രഹ വോളന്റിയർമാരുടെ നേതാവ്. സമരത്തെ പ്രതിരോധിയ്ക്കാൻ ക്ഷേത്രാധികാരികൾ അമ്പലത്തിന് ചുറ്റും മുള്ളുവേലി കെട്ടുകയും സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന് യാഥാസ്ഥിതികർ ഭീഷണി മുഴക്കുകയും ചെയ്തു. ഒരു സംഘം വോളന്റിയർമാർ കണ്ണൂരിൽ നിന്ന് കാൽനടയായി ഗുരുവായൂരേക്ക് മാർച്ച് ചെയ്തു.[5]. കെ. കേളപ്പൻ പന്ത്രണ്ടു് ദിവസം നിരാഹാരം കിടന്നു. നവംബർ ഏഴിന് സുബ്രഹ്മണ്യൻ തിരുമുമ്പ് അറസ്റ്റിലായി. ജനുവരി നാലിന് എ. കെ. ജി.യെയും അറസ്റ്റ് ചെയ്തു. ഗാന്ധിജി ഇടപെട്ടതിന് ശേഷം സത്യഗ്രഹം അവസാനിപ്പിക്കുകയും പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയും ചെയ്തു. ഭൂരിപക്ഷം പേരും തുറന്നുകൊടുക്കാൻ അഭിപ്രായം പറഞ്ഞു. 1947 ജൂൺ 2-ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം ലഭിച്ചു.

എല്ലാ വിശ്വാസികൾക്കും ക്ഷേത്രത്തിൽ പ്രവേശിയ്ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് 2007-ൽ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ രണ്ടാം ഗുരുവായൂർ സത്യാഗ്രഹം നടത്തി.[6] കിഴക്കേ നടയിൽ സത്രം വളപ്പിൽ ഇന്ന് ഗുരുവായൂർ സത്യാഗ്രഹസ്മാരകമായി ഒരു സ്തൂപവും അതിനടുത്ത് ഒരു ഹാളുമുണ്ട്.

തീപിടുത്തം

തിരുത്തുക

1970 നവംബർ 30-ന് പുലർച്ചെ ഒരുമണിയോടെ ക്ഷേത്രസമുച്ചയത്തിൽ അതിഭയങ്കരമായ ഒരു തീപിടുത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തിൽ നിന്ന് തുടങ്ങിയ തീ അഞ്ചുമണിക്കൂറോളം ആളിക്കത്തി. ഗുരുവായൂരപ്പന്റെ പ്രധാന ശ്രീകോവിലും പാതാളാഞ്ജനനിർമ്മിതമായ പ്രധാനവിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും ബലിക്കല്ലും മാത്രം അത്ഭുതകരമായി തീയിൽ നിന്ന് രക്ഷപ്പെട്ടു.

ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവസമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവപരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന കോമത്ത് നാരായണപണിയ്ക്കർ എന്നയാൾ ക്ഷേത്രത്തിനുള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. ജാതിമതപ്രായഭേദമന്യേ ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ളവും ഉപയോഗിച്ച് തീയണയ്ക്കാൻ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂർ, ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമനസേനാംഗങ്ങളും തീയണയ്ക്കാൻ പരിശ്രമിച്ചു (അന്ന് ഗുരുവായൂരിൽ ഫയർ സ്റ്റേഷനുണ്ടായിരുന്നില്ല). രാവിലെ 5.30-ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു.

അനിയന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു. ഗുരുവായൂരപ്പന്റെയും ഗണപതിയുടെയും ശാസ്താവിന്റെയും വിഗ്രഹങ്ങൾ ആദ്യം ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്ക് വശങ്ങളും മുഴുവനായി അഗ്നിക്കിരയായി. പടിഞ്ഞാറേ നടയിൽ ശ്രീകോവിലിന് തൊട്ടുപുറകിൽ സ്ഥാപിച്ചിരുന്ന അനന്തശയനചിത്രം പൂർണ്ണമായും കത്തിനശിച്ചു. ശ്രീകോവിലിൽ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലമെങ്കിലും ശ്രീകോവിലിൽ മാത്രം തീ സ്പർശിച്ചില്ല. എന്നാൽ, ചുറ്റുമുണ്ടായിരുന്ന ചിത്രങ്ങൾക്ക് പുക തട്ടി കാര്യമായ കേടുപാടുകൾ സംഭവിച്ചു.

പുനരുദ്ധാരണം

തിരുത്തുക

കേരള സർക്കാർ തീപ്പിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. അന്വേഷണത്തിൽ ക്ഷേത്രഭരണത്തിൽ വളരെയധികം ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തി. അതിനുശേഷം കേരളസർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ ഉത്തരവു പുറപ്പെടുവിച്ചു. 1977-ൽ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നു.

തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. പൊതുജനങ്ങളുടെ‍ നിർലോഭമായ സഹകരണം മൂലം 26,69,000 രൂപ പിരിച്ചെടുക്കാൻ സാധിച്ചു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യന്മാരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. നാലമ്പലത്തിന്റെ വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് കാഞ്ചി കാമകോടി മഠാതിപതി ജഗദ്ഗുരു ജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത്. രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു. അവയിൽ തെക്കുഭാഗത്തുള്ള വാതിൽമാടത്തിൽ ഇരുന്നായിരുന്നു 1586-ൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപ്പിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രിൽ 14-ന് (വിഷു ദിവസം) ആയിരുന്നു.

1985 മാർച്ച് 31-ന് ക്ഷേത്രത്തിൽ അതിഭയങ്കരമായ ഒരു മോഷണം നടക്കുകയുണ്ടായി. ഭഗവാന് ചാർത്തിയിരുന്ന 60 ഗ്രാം തൂക്കം വരുന്ന 24 നീലക്കല്ലുകളും അമൂല്യരത്നങ്ങളുമടങ്ങിയ നാഗപടത്താലി, 45 ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മിമാല, 90 ഗ്രാം തൂക്കം വരുന്ന നീലക്കല്ലുമാല എന്നിവയാണ് അന്ന് മോഷണം പോയത്. കേരളചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ മോഷണങ്ങളിലൊന്നായിരുന്നു ഇത്; ഒപ്പം ഏറ്റവുമധികം ചർച്ചാവിഷയമായതും.

ആറുമാസത്തെ കാലാവധിക്കുശേഷം അന്നത്തെ മേൽശാന്തി കക്കാട് ദാമോദരൻ നമ്പൂതിരി സ്ഥാനമൊഴിഞ്ഞ ദിവസമായിരുന്നു മോഷണം. പതിവുരീതിയുടെ ഭാഗമായി സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം ശ്രീകോവിലുനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ സമർപ്പിച്ച് സ്ഥാനമൊഴിയുന്നതിനിടയിലാണ് ദാമോദരൻ നമ്പൂതിരി വിഗ്രഹത്തിൽ മൂന്ന് ആഭരണങ്ങളുടെ കുറവ് കണ്ടെത്തിയത്. തുടർന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം ക്ഷേത്രം വിട്ടത്. പലരും അന്ന് അദ്ദേഹത്തെ ഇക്കാര്യത്തിൽ സംശയിച്ചു. മറ്റുചിലർ പ്രമുഖ കോൺഗ്രസ് നേതാവും പിൽക്കാല പൊന്നാനി എം.എൽ.എയും അന്നത്തെ ഗുരുവായൂർ ദേവസ്വം ചെയർമാനുമായിരുന്ന പി.ടി. മോഹനകൃഷ്ണനെയാണ് സംശയിച്ചത്. മോഹനകൃഷ്ണൻ തിരുവാഭരണം മോഷ്ടിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് സമർപ്പിച്ചു എന്നുവരെ ആക്ഷേപങ്ങൾ ഉയർന്നു. 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈയൊരു വാദം ഉന്നയിച്ചുകൊണ്ടായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ഇ.കെ. നായനാരുടെയും കൂട്ടരുടെയും പ്രചരണം. കള്ളാ കരുണാകരാ, എന്റെ തിരുവാഭരണം തിരിച്ചുതരാതെ നീ എന്നെ കാണാൻ വരരുത് എന്ന് ഗുരുവായൂരപ്പൻ കരുണാകരനോട് പറയുന്ന രീതിയിൽ കാർട്ടൂണുകൾ പ്രചരിച്ചു. ചെപ്പുകിലുക്കണ കരുണാകരാ നിന്റെ ചെപ്പുതുറന്നൊന്നു കാട്ടൂ നീ എന്ന രീതിയിൽ പാരഡി ഗാനങ്ങളും ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽ അഞ്ചുവട്ടം ക്ഷേത്രം മേൽശാന്തിയായി പ്രവർത്തിച്ച ക്ഷേത്രം ഓതിക്കൻ കൂടിയായിരുന്ന ദാമോദരൻ നമ്പൂതിരിയുടെ കയ്യിൽനിന്ന് ദേവസ്വം അയ്യായിരം രൂപ നഷ്ടപരിഹാരം പിരിച്ചെടുത്തു. അദ്ദേഹത്തെയും മക്കളായ ആനന്ദനെയും ദേവദാസനെയും നുണപരിശോധനയ്ക്ക് വിധേയരാക്കി. ദാമോദരൻ നമ്പൂതിരിയുടെ മകൾ സുധയുടെ വിവാഹവും മുടങ്ങി. ഇല്ലത്ത് പോലീസ് കയറിയിറങ്ങി. മനസ്സമാധാനമെന്നൊന്ന് കുടുംബത്തിൽ ഇല്ലാതായി.

ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന കരുണാകരനെയും മോഹനകൃഷ്ണനെയും കളിയാക്കിക്കൊണ്ട് 1987-ൽ അധികാരത്തിലേറിയ ഇടതുപക്ഷസർക്കാർ, പക്ഷേ ഇക്കാര്യത്തിൽ അലംഭാവം കാണിച്ചു. അന്വേഷണം വേണ്ടപോലെ മുന്നോട്ട് കൊണ്ടുപോകാൻ അവർക്കായില്ല. 1993-ൽ കേസ് അന്വേഷിച്ച കുന്നംകുളം മജിസ്ട്രേറ്റ് കോടതി ദാമോദരൻ നമ്പൂതിരിയെയും മക്കളെയും നിരപരാധികളെന്നുകണ്ട് വെറുതെവിട്ടു. എന്നാൽ ആ വാർത്ത കേൾക്കാൻ ദാമോദരൻ നമ്പൂതിരിയുണ്ടായിരുന്നില്ല. 1989-ൽ കടുത്ത മനോവേദന മൂലം അദ്ദേഹം അന്തരിച്ചുപോയിരുന്നു. പിന്നീട് മകൻ ദേവദാസൻ നമ്പൂതിരി 1998-ലും 2002-ലുമായി രണ്ടുവട്ടം മേൽശാന്തിയായി. ദാമോദരൻ നമ്പൂതിരിയുടെ പേരമകനും ആനന്ദൻ നമ്പൂതിരിയുടെ മകനുമായ ഡോ. കിരൺ ആനന്ദ് 2022-ൽ ആദ്യ അപേക്ഷയിൽ തന്നെ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു.

1985, 1990, 2007 എന്നീ വർഷങ്ങളിൽ ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തി. ആ ദേവപ്രശ്നങ്ങളിലെല്ലാം തിരുവാഭരണങ്ങൾ ക്ഷേത്രക്കിണറ്റിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് 1990-ലും 2013-ലും ക്ഷേത്രക്കിണർ വറ്റിച്ച് പരിശോധന നടത്തി. എന്നാൽ അപ്പോഴൊന്നും തിരുവാഭരണങ്ങൾ കിട്ടിയില്ല. 2013 മാർച്ചിൽ നടത്തിയ പരിശോധനയിൽ ക്ഷേത്രക്കിണറ്റിൽനിന്ന് ഏതാനും സാളഗ്രാമങ്ങളും പൂജാപാത്രങ്ങളും മറ്റും ലഭിച്ചു. 2014 ഏപ്രിൽ 25-ന് ക്ഷേത്രക്കിണർ വീണ്ടും വറ്റിച്ച് പരിശോധന നടത്തി. തുടർന്ന് തിരുവാഭരണങ്ങളിലെ നാഗപടത്താലി തിരിച്ചുകിട്ടി. മറ്റുള്ളവ കണ്ടുപിടിയ്ക്കാനുള്ള ശ്രമം നടന്നുവരുന്നു.

ക്ഷേത്ര വാസ്തുവിദ്യ

തിരുത്തുക

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിയ്യ്ക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിയ്ക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യകിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷുദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിയ്ക്കുന്നു.

ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഓരോ കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും. പണ്ട് കിഴക്കേനടയിലെ മഞ്ജുളാലിൽ നിന്നുനോക്കിയാൽ പോലും വിഗ്രഹം കാണാമായിരുന്നുവത്രേ! ഇരുവശത്തും ഇരുനിലഗോപുരങ്ങൾ പണിതിട്ടുണ്ട്. കിഴക്കേ നടയിലെ ഗോപുരത്തേക്കാൾ ഉയരം കുറവാണ് പടിഞ്ഞാറേ നടയിലെ ഗോപുരത്തിന്. കിഴക്കേ ഗോപുരത്തിന് 33 അടിയും, പടിഞ്ഞാറേ ഗോപുരത്തിന് 27 അടിയും ഉയരം വരും.

 
മഞ്ജുളാൽത്തറയിലെ ഗരുഡൻ
 
എ. കെ. ജി. കവാടം (ഗുരുവായൂർ സ്വകാര്യ ബസ് സ്റ്റാൻഡിനടുത്ത്)

ശ്രീകോവിൽ

തിരുത്തുക

ലക്ഷണമൊത്ത ചതുരാകൃതിയിലുള്ളതാണ് ഇവിടത്തെ ശ്രീകോവിൽ. രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണം പൂശിയതാണ്. 1981 ജനുവരി 14-ന് കെ.ടി.ബി. മേനോൻ എന്ന ഭക്തന്റെ വഴിപാടായാണ് ശ്രീകോവിലിന്റെ മേൽക്കൂര സ്വർണ്ണം പൂശിയത്. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകുന്ന ഓവ് സ്ഥിതിചെയ്യുന്നു. അകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹത്തെക്കൂടാതെ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത രണ്ട് വിഗ്രഹങ്ങൾ കൂടിയുണ്ട്. ഇവയിൽ സ്വർണ്ണത്തിൽ തീർത്ത വിഗ്രഹമാണ് നിത്യേന ശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കാറുള്ളത്. 1975-ൽ പ്രശസ്ത വിഗ്രഹശില്പിയായിരുന്ന കൊടുങ്ങല്ലൂർ വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ വിഗ്രഹം നിർമ്മിച്ചത്. വെള്ളിയിൽ തീർത്ത വിഗ്രഹം, ആലപ്പുഴ ജില്ലയിലെ മാന്നാർ എന്ന സ്ഥലത്തെ ശില്പികൾ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്. ഉത്സവക്കാലത്തുമാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. വിഗ്രഹത്തിന് പുറകിലായി അതിവിശേഷമായ ഒരു സാളഗ്രാമപ്പടി കൂടിയുണ്ട്. ഇതുവഴി വൈഷ്ണവചൈതന്യം പതിന്മടങ്ങ് വർദ്ധിയ്ക്കുന്നു.

ചുവർച്ചിത്രങ്ങൾകൊണ്ടും ദാരുശില്പങ്ങൾകൊണ്ടും അതിമനോഹരമാക്കിയിട്ടുണ്ട് ഇവിടത്തെ ശ്രീകോവിൽ. ശിവൻ മോഹിനിയെ കണ്ട് മയങ്ങുന്നത്, പാലാഴിമഥനം, ശ്രീരാമപട്ടാഭിഷേകം, ഗണപതി, ദക്ഷിണാമൂർത്തി - അങ്ങനെ നീളുന്നു ആ നിര. ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിൽ വരച്ചുവച്ച താമരക്കണ്ണന്റെ ചിത്രം, ഈയടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വളരെയധികം ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. നിലവിൽ ശ്രീകോവിൽച്ചുവരുകളിൽ കാണപ്പെടുന്ന ചിത്രങ്ങൾ, 1970-ലെ തീപിടുത്തത്തിനുശേഷം വീണ്ടും വരച്ചുചേർത്തവയാണ്. മമ്മിയൂർ കൃഷ്ണൻകുട്ടി നായർ, കെ.കെ വാര്യർ, പട്ടാമ്പി ശേഖരവാര്യർ, എം.കെ. ശ്രീനിവാസൻ എന്നീ ചുവർച്ചിത്രകാരന്മാരും ശിഷ്യഗണങ്ങളും ചേർന്നാണ് ഇവ വരച്ചത്. ശ്രീകോവിലിന്റെ വാതിലുകൾ പിച്ചളയിൽതീർത്ത് സ്വർണ്ണം പൂശിയവയാണ്. 101 മണികൾ ഈ വാതിലിലുണ്ട്. ശ്രീകോവിലിലേക്ക് കയറാനായി സോപാനപ്പടികൾ കരിങ്കല്ലിൽ തീർത്തവയാണ്. എന്നാൽ ഇപ്പോൾ അവയും സ്വർണ്ണം പൂശിയിട്ടുണ്ട്. ഇരുവശത്തുനിന്നും കയറാൻ പറ്റുന്ന രീതിയിലുള്ള സോപാനപ്പടികളാണ് ഇവിടെയുള്ളത്.

നാലമ്പലം

തിരുത്തുക

ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങൾ

ശ്രീകോവിലിനു ചുറ്റുമുള്ള മുറ്റവും നടവഴിയും വാതിൽമാടങ്ങളും ചേർന്ന ഭാഗമാണ് അങ്കണം എന്നറിയപ്പെടുന്നത്. 'നാലമ്പലം' എന്നും ഇതറിയപ്പെടുന്നു.

വാതിൽമാടം

തിരുത്തുക

കിഴക്കുവശത്തുകൂടി അങ്കണത്തിലേക്ക് കടക്കുമ്പോൾ ഇരുവശത്തുമുള്ള ഉയർന്ന പ്ലാറ്റ്ഫോമുകളാണ് വാതിൽമാടം. തെക്കേ വാതിൽമാടത്തിന്റെ കിഴക്കേ തൂണിൽ ചാരിയിരുന്നാണ് നാരായണീയം രചിച്ചതെന്ന് വിശ്വസിയ്ക്കുന്നു. ഇന്ന് ആ സ്ഥലത്ത് അത് എഴുതിക്കാണിയ്ക്കുന്ന ഒരു ഫലകവും സമീപം ഒരു നിലവിളക്കും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ തെക്കുഭാഗത്തുള്ള പ്രത്യേകം മുറിയിലാണ് കീഴ്ശാന്തിമാർ ചന്ദനം അരയ്ക്കുന്നത്. പണ്ട് വടക്കേ വാതിൽമാടം പരദേശി ബ്രാഹ്മണന്മാർക്കുള്ളതായിരുന്നു. ഇന്ന് ഈ സ്ഥലങ്ങൾ പ്രത്യേകപരിപാടികൾക്കായി ഉപയോഗിക്കുന്നു. തെക്കേ വാതിൽമാടത്തിലാണ് നിത്യവും രാവിലെയുള്ള ഗണപതിഹോമമടക്കമുള്ള ക്രിയകൾ നടത്തിവരുന്നത്. വടക്കേ വാതിൽമാടത്തിലാണ് നിത്യേനയുള്ള ചെണ്ടമേളവും അഷ്ടപദി ആലാപനവും നടക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദി ആലാപനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അഷ്ടപദി കേരളത്തിൽ പ്രചരിച്ചുതുടങ്ങിയ കാലം മുതലേ ഗുരുവായൂരിൽ അഷ്ടപദി അർച്ചന നടന്നുവരുന്നുണ്ട്. ചെർപ്പുളശ്ശേരി ഉണ്ണിരാരിച്ചൻ തിരുമുല്പാടും മകൻ ജനാർദ്ദനൻ നെടുങ്ങാടിയും ഈ രംഗത്തെ പ്രധാന കലാകാരന്മാരായിരുന്നു. അഷ്ടപദിയിൽ ഒരു ഗുരുവായൂർ ശൈലി തന്നെ സൃഷ്ടിച്ചെടുക്കുന്നതിൽ ഇവർ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോൾ അഷ്ടപദി മൈക്കിലൂടെ കേൾപ്പിച്ചുകൊടുക്കുന്ന പരിപാടിയുണ്ട്. അഞ്ചുപൂജകൾക്കും ദീപാരാധനയ്ക്കുമെല്ലാം മൈക്കിൽ അഷ്ടപദി കേൾക്കാവുന്നതാണ്.

നമസ്കാരമണ്ഡപം

തിരുത്തുക

ദീർഘചതുരാകൃതിയിൽ ശ്രീകോവിലിനുമുന്നിൽ തീർത്തതാണ് നമസ്കാരമണ്ഡപം. നാലുകാലുകളോടുകൂടിയ താരതമ്യേന ചെറിയൊരു നമസ്കാരമണ്ഡപമാണ് ഇവിടെയുള്ളത്. ഇതിന്റെ മേൽക്കൂര സ്വർണ്ണം മേഞ്ഞിട്ടുണ്ട്. അതിനുമുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ഭഗവദ്വാഹനമായ ഗരുഡന്റെ സാന്നിധ്യം ഈ മണ്ഡപത്തിലുണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നു. തന്മൂലം ഇവിടെയും വന്ദിയ്ക്കാറുണ്ട്. മൂന്ന് തട്ടുകളോടുകൂടിയ ഒരു കവരവിളക്ക് ഇവിടെ കാണാം. ദീപാരാധനാസമയത്തും മറ്റും ഇത് കത്തിച്ചുവയ്ക്കുന്നു. മേൽശാന്തി നറുക്കെടുപ്പിന്റെ അവസരങ്ങളിൽ ഇവിടെ സൂക്ഷിച്ചിട്ടുള്ള പെട്ടിയിൽനിന്നാണ് പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കുന്നത്. പഴയ മേൽശാന്തി സ്ഥാനമൊഴിയുമ്പോൾ തന്റെ സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം ഇവിടെ നിക്ഷേപിക്കുകയാണ് ചെയ്യുക. തുടർന്ന് ഓതിക്കൻ ഇത് പുതിയ മേൽശാന്തിക്ക് കൈമാറുന്നു.

നാലമ്പലം

തിരുത്തുക

അങ്കണത്തിനു ചുറ്റും മേൽക്കൂരയോടുകൂറ്റിയതാണ് നാലമ്പലം. ഇതിനകത്ത് സ്ഥലം വളരെ കുറവാണ്. എങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിനൊത്ത നടുക്കായി ശ്രീകോവിൽ സ്ഥിതി ചെയ്യുന്നു. ചുറ്റുമുള്ള അകത്തെ ബലിവട്ടത്തിൽ അങ്ങിങ്ങായി ബലിക്കല്ലുകൾ കാണാം. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - ബ്രാഹ്മി/ബ്രഹ്മാണി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം പടിഞ്ഞാറുഭാഗത്ത്), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), നിർമ്മാല്യമൂർത്തി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ - ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയ ദേവന്റെ കാവൽക്കാരെയാണ് ഈ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്. നിത്യശീവേലിക്ക് ഈ കല്ലുകളിലാണ് മേൽശാന്തി ബലിതൂകുന്നത്. കൂടാതെ, വിഷ്ണുക്ഷേത്രമായതിനാൽ വടക്കുവശത്ത് ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പവുമുണ്ട്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നീ ഏഴുദേവതകളാണ് ഈ പേരിൽ അറിയപ്പെടുന്നത്. ഇവർക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ രണ്ട് ദേവന്മാരുമുണ്ട്. സപ്തമാതൃക്കളുടെ വൈഷ്ണവഭാവമായാണ് ഇതിനെ കണ്ടുവരുന്നത്. എന്നാൽ, ഇവർക്ക് ബലിക്കല്ലുകൾ നൽകിയിട്ടില്ല. പകരം, സങ്കല്പത്തിൽ ബലിതൂകിപ്പോകുകയാണ് ചെയ്യുന്നത്. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

തിടപ്പള്ളി

തിരുത്തുക

ഭഗവാനുള്ള നിവേദ്യം തയ്യാറാക്കുന്ന മുറിയാണ് തിടപ്പള്ളി. പതിവുപോലെ നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ ശ്രീകോവിലിന് വലതുവശത്താണ് തിടപ്പള്ളി സ്ഥിതിചെയ്യുന്നത്. രണ്ടുഭാഗങ്ങളാക്കിത്തിരിച്ച തിടപ്പള്ളിയുടെ ഒരുഭാഗത്ത് പായസം പോലുള്ള നിവേദ്യങ്ങളും മറുഭാഗത്ത് അപ്പം പോലുള്ള നിവേദ്യങ്ങളുമാണ് ഉണ്ടാക്കുന്നത്. സാധാരണ വിഷ്ണുക്ഷേത്രങ്ങളിലെപ്പോലെ പാൽപ്പായസം തന്നെയാണ് ഗുരുവായൂരിലും പ്രധാന നിവേദ്യം. അമ്പലപ്പുഴയിൽ നിന്ന് വ്യത്യസ്തമായി തൂവെള്ള നിറമാണ് ഇവിടെയുള്ള പാൽപ്പായസത്തിന്. നിത്യവും പന്തീരടിയ്ക്കും ഉച്ചപ്പൂജയ്ക്കും അത്താഴപ്പൂജയ്ക്കുമായി മൂന്നുനേരം പാൽപ്പായസനിവേദ്യം പതിവാണ്. കൂടാതെ, നെയ്പ്പായസം, പാലടപ്രഥമൻ, കടുമ്പായസം, ത്രിമധുരം, പഴം, പഞ്ചസാര, അപ്പം, അട തുടങ്ങിയവയും പ്രധാനമാണ്.

പടക്കളം

തിരുത്തുക

ഭഗവാനു നിവേദിച്ച പടച്ചോറ് വിതരണം ചെയ്യുന്നതിവിടെയാണ്. ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് ഒരു പ്രത്യേകമുറിയിലാണ് സ്ഥാനം. ഇവിടെ പ്രത്യേകം കൊട്ടകളിൽ നിറച്ച് പടച്ചോറ് കൂട്ടിവച്ചിരിയ്ക്കുന്നത് കാണാം. ഇലയിൽ വന്നാണ് ഇവ കൊടുക്കുക.

തുറക്കാ അറ

തിരുത്തുക

പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ ഒരിയ്ക്കലും തുറക്കാത്ത ഒരു രഹസ്യ അറയാണ് തുറക്കാ അറ. തിടപ്പള്ളിയ്ക്ക് പടിഞ്ഞാറാണ് ഇത് സ്ഥിതിചെയ്യുന്നത്. നാഗങ്ങളാണ് ഈ നിലവറ കാക്കുന്നതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇതിനകത്ത് ശ്രീകൃഷ്ണഭഗവാന്റെ മയിൽപ്പീലി പോലുള്ള പല അത്ഭുതവസ്തുക്കളുമുള്ളതായി വിശ്വസിക്കപ്പെടുന്നു. ഒരിയ്ക്കൽ ഇത് തുറക്കാൻ ചില വിരുതന്മാർ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കുറേ അനർത്ഥങ്ങൾ കാണാനിടയായി[അവലംബം ആവശ്യമാണ്]. തുടർന്ന് അത് എന്നെന്നേയ്ക്കുമായി അടച്ചിടുകയായിരുന്നു.

സരസ്വതി അറ

തിരുത്തുക

ഗണപതിക്ഷേത്രത്തിന്റെ തൊട്ടുമുമ്പിലാണ് സരസ്വതി അറ. നവരാത്രികലത്ത് ഓലകൾ വച്ചിരുന്ന സ്ഥലമാണ്. സ്ഥലക്കുറവുകാരണം ഇപ്പോഴത് കൂത്തമ്പലത്തിലേക്ക് മാറ്റി. എങ്കിലും, സരസ്വതീദേവിയുടെ ശക്തമായ സാന്നിദ്ധ്യം ഇന്നും ഈ മുറിയിലുണ്ടെന്നാണ് വിശ്വാസം. അതിനാൽ, ഈ മുറി ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല. ഇപ്പോൾ നിത്യേന സരസ്വതീപൂജ നടക്കുന്ന സ്ഥലമാണിത്. വിദ്യാദേവിയായ സരസ്വതിയുടെ ഒരു ഛായാചിത്രം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുമുന്നിൽ നിത്യവും വിളക്കുവയ്പുണ്ട്. ഇവിടെ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്ക് ഉത്തമമാണെന്ന് വിശ്വസിച്ചുവരുന്നു.

നൃത്തശാല

തിരുത്തുക

ശ്രീകോവിലിന് വടക്കുഭാഗത്തുള്ള ഒരു മുറിയാണ് നൃത്തശാല. ഐതിഹ്യമനുസരിച്ച് ഭാഗവതോത്തമനായ വില്വമംഗലത്തിന് ശ്രീകൃഷ്ണന്റെ നൃത്തം ദർശിക്കാനായത് ഇവിടെ വച്ചാണ്. തന്മൂലം നൃത്തശാല എന്ന പേരുവന്നു. കന്നി, കുംഭം എന്നീ മാസങ്ങളിലെ മകം നക്ഷത്രദിവസം ഈ മുറിയിൽവച്ചാണ് ശ്രാദ്ധച്ചടങ്ങുകൾ നടത്തുന്നത്. ഗുരുവായൂരപ്പനിൽ സർവ്വവും സമർപ്പിച്ച രണ്ട് ഭക്തരുടെ ശ്രാദ്ധം ഗുരുവായൂരപ്പൻ തന്നെ ഊട്ടുന്നു എന്നതാണ് സങ്കല്പം. ഇവിടെ ഭഗവദ്സ്മരണയിൽ ഒരു നിലവിളക്ക് കൊളുത്തിവച്ചിട്ടുണ്ട്. നൃത്തശാലയിൽ വന്ദിയ്ക്കുന്നത് ശ്രീകോവിലിൽ കയറി ഭഗവാനെ തൊഴുന്നതിന് തത്തുല്യമായ ഫലം നൽകുന്നു എന്നാണ് വിശ്വാസം.

നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്താണ് മുളയറ. ഇവിടെയാണ് ഉത്സവക്കാലത്ത് മണ്ണുനിറച്ച് വിവിധ ഇനം വിത്തുകൾ വിതച്ച കുടങ്ങൾ വയ്ക്കുന്നത്. മുളയിടൽ എന്നറിയപ്പെടുന്ന ഈ ചടങ്ങോടെയാണ് ഗുരുവായൂരിലെ ഉത്സവത്തിന് തുടക്കം കുറിയ്ക്കുന്നത്. മുളപൂജ നടക്കുന്നതിനാൽ 'മുളയറ' എന്ന പേരുവന്നു. ഉത്സവക്കാലത്ത് മാത്രമേ ഇവിടെ ദർശനമുണ്ടാകാറുള്ളൂ. അല്ലാത്തപ്പോഴെല്ലാം ഇവിടം അടച്ചിരിയ്ക്കും.

കോയ്മ അറ

തിരുത്തുക

നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. പഴയ ഭരണസംവിധാനത്തിൽ പൂജകളുടെ മേൽനോട്ടം വഹിച്ചിരുന്ന കോയ്മകളുടെ മുറി. ഇന്ന് ഇത് വെളിച്ചെണ്ണ വിൽക്കാനുള്ള സ്ഥാനമാണ്.

മണിക്കിണർ

തിരുത്തുക

ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കിണറാണിത്. ഈ കിണറ്റിലെ ജലമാണ് അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത്. ശീവേലിസമയത്ത് ഇവിടെയും ബലി തൂകാറുണ്ട്. ഇവിടെ വരുണസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടത്തെ ജലത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. കൊടിയ വേനലിലും പെരുമഴയിലും മരം കോച്ചുന്ന തണുപ്പിലും ഇവിടത്തെ ജലം തുല്യനിലയിൽത്തന്നെ നിൽക്കുന്നു. പരിസരപ്രദേശങ്ങളിലൊന്നുംതന്നെ ഇത്രയും ശുദ്ധമായ ജലം ലഭിയ്ക്കുന്നില്ല. സാളഗ്രാമാദി വിശിഷ്ടവസ്തുക്കൾ ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 2013-ൽ നടന്ന പരിശോധനയിൽ ഇത് വ്യക്തമായി. 1985-ൽ മോഷണം പോയ തിരുവാഭരണങ്ങൾ 2014-ൽ ലഭിച്ചത് ഈ കിണറ്റിൽനിന്നാണ്.

നടപ്പുര

തിരുത്തുക

ബാഹ്യാങ്കണം

തിരുത്തുക

ക്ഷേത്രം നാലമ്പലത്തിനുചുറ്റുമുള്ളതാണ് ബാഹ്യാങ്കണം. ശീവേലി നടക്കുന്നതിവിടെയാണ്. നിലവിൽ നാല് നടകളിലും നടപ്പുരകൾ പണിതിട്ടുണ്ട്. കിഴക്കുഭാഗത്തുള്ള നടപ്പുര, ആദ്യകാലത്ത് ഓടുമേഞ്ഞതായിരുന്നു. 2001-ൽ വ്യവസായഭീമനായിരുന്ന ധീരുഭായ് അംബാനിയുടെ നേർച്ചയായി ഓടുകൾ മാറ്റുകയും മേൽക്കൂര പൂർണ്ണമായും ചെമ്പുമേയുകയും ചെയ്തു. വടക്കുഭാഗത്തെ നടപ്പുരയും അതിഗംഭീരമായ ഒരു നിർമ്മിതിയാണ്. ഇതിന്റെ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് പടിഞ്ഞാറുഭാഗത്ത് ശങ്കരാചാര്യരുടെ വീഴ്ച ഓർമ്മിയ്ക്കുന്നതിന്, ആചാര്യവന്ദനത്തിന് ഒരു ഭാഗം ഒഴിച്ചിട്ടിട്ടുണ്ട്. ഈ ഭാഗത്തുതന്നെയാണ് രാത്രി നടയടച്ചശേഷം കൃഷ്ണനാട്ടം നടക്കുന്നത്. അതിമനോഹരമായ ദേവരൂപങ്ങൾ കൊണ്ട് അലംകൃതമാണ് വടക്കേ നടപ്പുരയിലെ തൂണുകൾ. ഇവ ഗുരുവായൂരിലെ പ്രധാന ആകർഷണങ്ങളിൽ പെടുന്നു.

ഗോപുരങ്ങൾ

തിരുത്തുക

കിഴക്കും പടിഞ്ഞാറും പ്രവേശന വഴികളിൽ അപൂർവങ്ങളായ ചുമർചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അലംകൃതമായ രണ്ടുനില ഗോപുരങ്ങളുണ്ട്. അവയിൽ കിഴക്കേ ഗോപുരത്തിനാണ് ഉയരം കൂടുതൽ - 33 അടി. പടിഞ്ഞാറേ ഗോപുരത്തിന് 27 അടിയേ ഉയരമുള്ളൂ. 1970-ലെ തീപ്പിടുത്തത്തിൽ നശിച്ച ചില ചിത്രങ്ങൾ ഇവിടങ്ങളിൽ പുനർനിർമിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ശൈലിയിലും വിഷയത്തിലുമുള്ള ചുമർചിത്രങ്ങളാണിവിടെ. രണ്ടു ഗോപുരങ്ങൾക്കും മരംകൊണ്ട് നിർമ്മിച്ച കൂറ്റൻ വാതിലുകളുണ്ട്. അവയിൽ കിഴക്കേ ഗോപുരത്തിൽ ദശാവതാരരൂപങ്ങളും പടിഞ്ഞാറേ ഗോപുരത്തിൽ ശ്രീകൃഷ്ണലീലകളും കൊത്തിവച്ചിരിക്കുന്നു. അതിലൂടെ കടക്കുന്നതിനായി കിഴക്കേ നടയിൽ ക്യൂ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്നവർക്കുമാത്രമേ സാധാരണയായി നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിയ്ക്കാറുള്ളൂ. കിഴക്കേ ഗോപുരത്തിന് വടക്കുവശത്തുള്ള വഴിയിൽ ദേവസ്വം മാനേജറുടെ ക്യാബിനാണ്. ഇങ്ങോട്ട് കടക്കാനായി മതിൽക്കകത്തുതന്നെ കോണിപ്പടികൾ കാണാം.

വിളക്കുമാടം

തിരുത്തുക

നാലമ്പലത്തിന് ചുറ്റും ചുമരിലുറപ്പിച്ചിട്ടുള്ള മരച്ചള്ളകളിൽ ഉറപ്പിച്ചിട്ടുള്ള 8000 പിച്ചള വിളക്കുകളുള്ളതാണ് വിളക്കുമാടം. സന്ധ്യയ്ക്ക് ദീപാരാധനസമയത്തും മറ്റും ഈ വിളക്കുകൾ തെളിയിയ്ക്കുന്നു. അവയിൽ പടിഞ്ഞാറേ നടയിലുള്ള കാഴ്ച അതിമനോഹരമാണ്. മറ്റുള്ള മൂന്നുനടകളിലും വാതിലുകളുടെയും ശ്രീകോവിലിന്റെയും രൂപത്തിൽ തടസ്സങ്ങളുണ്ടാകുമെങ്കിലും പടിഞ്ഞാറേ നടയിൽ ഇവയില്ല. അതിനാൽ തടസ്സങ്ങളില്ലാതെ ദീപപ്രഭ ആസ്വദിയ്ക്കാവുന്നതാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നാണ് പടിഞ്ഞാറേ വിളക്കുമാടത്തിൽ വിളക്കുകൾ കൊളുത്തിവയ്ക്കുമ്പോൾ നമുക്ക് ലഭിയ്ക്കുന്നത്. പൗർണ്ണമിദിവസങ്ങളിൽ ഇവിടെനിന്ന് കൊടിമരത്തിന്റെ മുകളിലെ ഗരുഡനെയും അതിനപ്പുറമുള്ള പൂർണ്ണചന്ദ്രനെയും കാണാനാകുന്ന സ്ഥലം കൂടിയാണിത്. ആദ്യകാലത്ത് ക്ഷേത്രത്തിലുണ്ടായിരുന്ന ഇരുമ്പുവിളക്കുകൾ 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പിച്ചളയാക്കുകയായിരുന്നു. 1970-ലെ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിപ്പോയശേഷം മൂന്നുവർഷമെടുത്താണ് ഇവ പുനർനിർമ്മിച്ചത്.

നടപ്പുര

തിരുത്തുക

കിഴക്കേഗോപുരം മുതൽ ബലിക്കൽപ്പുരവരെയുള്ള ഭാഗത്ത് മേൽക്കൂരയുള്ള ഭാഗമാണിത്. നടപ്പുരയുടെ വടക്കുഭാഗത്തുള്ള ഉയരംകൂടിയ ഭാഗമാണ് ആനപ്പന്തൽ. മൂന്ന് ആനകളെ ഒരുസമയം എഴുന്നള്ളിയ്ക്കാനുള്ള സ്ഥലം ഇവിടെയുണ്ട്. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ നേരെ മുകളിലായി വരുന്ന ഭാഗത്ത്, ഹിരണ്യകശിപുവിനെ വധിയ്ക്കുന്ന ഉഗ്രമൂർത്തിയായ നരസിംഹമൂർത്തിയുടെ അതീവചൈതന്യമുള്ള ഒരു എണ്ണച്ഛായാചിത്രം കാണാം. രാജാ രവിവർമ്മയുടെ ശിഷ്യപരമ്പരയിൽ പെട്ട എൻ. ശ്രീനിവാസയ്യർ എന്ന ചിത്രകാരൻ വരച്ചുചേർത്ത ഈ ചിത്രം, 1952 സെപ്റ്റംബർ ഒന്നിനാണ് ഇവിടെ സ്ഥാപിച്ചത്. ആറടി ഉയരവും അഞ്ചടി വീതിയുമുള്ള ഈ ഭീമൻ ചിത്രം, ക്ഷേത്രത്തിൽ വരുന്ന ഭക്തരെ പ്രത്യേകമായി ആകർഷിയ്ക്കുന്നതാണ്. ചിത്രം സമർപ്പിച്ച തീയതിയും, ചിത്രകാരന്റെ പേരും യഥാക്രമം ഇതിന് മുകളിലും താഴെയുമായി എഴുതിവച്ചിട്ടുണ്ട്. കാലപ്പഴക്കം മൂലം കേടുവന്ന ഈ ചിത്രം, 2021-ൽ ഗുരുവായൂർ ചുവർച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളായ കെ.യു. കൃഷ്ണകുമാറും ശിഷ്യഗണങ്ങളും ചേർന്ന് പുതുക്കിവരയ്ക്കുകയുണ്ടായി. ഇതിന് അഭിമുഖമായി മറ്റൊരു നരസിംഹചിത്രവും ഇവിടെ കാണാം. ഇത് എ.എൻ.എൻ. നമ്പൂതിരിപ്പാട് എന്ന ചിത്രകാരൻ 2001-ൽ സമർപ്പിച്ചതാണ്. ഈ ചിത്രത്തിന്റെ സ്ഥാനത്ത് മുമ്പുണ്ടായിരുന്ന നരസിംഹചിത്രം കേടുവന്ന് നശിച്ചുപോയപ്പോഴാണ് ഈ ചിത്രം പകരം വച്ചത്. കിളിമാനൂർ ശേഖരവാര്യർ എന്ന ചിത്രകാരൻ വരച്ച, അതീവചൈതന്യമുള്ള മറ്റൊരു നരസിംഹചിത്രമായിരുന്നു അത്. ഈ ചിത്രം കൂടാതെ ഭക്തരുടെ വഴിപാടായി സമർപ്പിച്ച വേറെയും ധാരാളം ചിത്രങ്ങൾ ഇവിടെ കാണാം.

ധ്വജസ്തംഭം (കൊടിമരം)

തിരുത്തുക

കിഴക്കേ ബാഹ്യാങ്കണത്തിൽ നിൽക്കുന്ന ധ്വജസ്തംഭം അഥവാ കൊടിമരം 65 അടി ഉയരമുള്ളതും സ്വർണ്ണം പൊതിഞ്ഞതുമാണ്. 1952 ഫെബ്രുവരി ആറിനാണ് (കൊല്ലവർഷം 1127 മകരം 24, മകയിരം നക്ഷത്രം) ഈ കൊടിമരം ഇവിടെ പ്രതിഷ്ഠിച്ചത്. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഈ കൊടിമരം, കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കൊടിമരങ്ങളിലൊന്നാണ്. മുമ്പ് ഇവിടെയുണ്ടായിരുന്ന പഞ്ചലോഹക്കൊടിമരം കാലപ്പഴക്കം കൊണ്ട് ദ്രവിച്ചുപോയപ്പോഴാണ് സ്വർണ്ണക്കൊടിമരം പണിത് പ്രതിഷ്ഠിച്ചത്. തേക്കുമരത്തിന്റെ തടിയിൽ പൊതിഞ്ഞ് സ്വർണ്ണപ്പറകൾ ഇറക്കിവച്ച കൊടിമരമാണിത്. ഇന്നത്തെ എറണാകുളം ജില്ലയിലുള്ള പ്രസിദ്ധ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂരിനടുത്തുള്ള വനത്തിൽ നിന്നാണ് ഇതിനുള്ള തേക്ക് കണ്ടെടുത്തത്. അവിടെ നിന്ന് പെരിയാറിലൂടെയും, തുടർന്ന് കനോലി കനാലിലൂടെയും ഗുരുവായൂരിനടുത്തുള്ള ചക്കംകണ്ടത്തെത്തിച്ച തേക്കിൻതടി, പിന്നീട് പടിഞ്ഞാറേ നടയിലെ കുറച്ചുഭാഗം തകർത്തശേഷം ക്ഷേത്രത്തിലെത്തിയ്ക്കുകയായിരുന്നു. തിരുവിതാംകൂറിന്റെ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് തേക്കിൻതടി വഴിപാടായി സമർപ്പിച്ചത്. ഗജരാജൻ ഗുരുവായൂർ കേശവനാണ് തടി ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവന്നത്. തുടർന്ന് ക്ഷേത്രം ഊട്ടുപുരയിൽ വച്ച തടി എണ്ണത്തോണിയിൽ കിടത്തുകയും, ഭക്തർ അതിൽ നിത്യവും എണ്ണയൊഴിയ്ക്കുകയും ചെയ്തുപോന്നു. ഇതിലിറക്കാനുള്ള സ്വർണ്ണപ്പറകൾ നിർമ്മിച്ചത് കൊടുങ്ങല്ലൂർ വേലപ്പൻ ആചാരിയും മകൻ കുട്ടൻ ആചാരിയും ചേർന്നാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദൂരത്തുനിന്നുതന്നെ ദർശനപുണ്യം നൽകുന്ന ഈ കൊടിമരത്തിൽ ഇപ്പോൾ അലങ്കാരവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ധ്യയ്ക്കുശേഷം അവ കത്തിയ്ക്കുന്നു.

വലിയ മണി

തിരുത്തുക

ബാഹ്യാങ്കണത്തിൽ വടക്കുകിഴക്കേമൂലയിലാണ് ക്ഷേത്രത്തിൽ സമയമറിയിയ്ക്കാൻ മുഴക്കുന്ന വലിയ മണി സ്ഥിതിചെയ്യുന്നത്. ആദ്യകാലത്ത് തെക്കുകിഴക്കേമൂലയിലായിരുന്നു മണിയുണ്ടായിരുന്നത്. പുതിയ തുലാഭാരക്കൗണ്ടർ പണിയുന്നതിന്റെ ഭാഗമായി 2007-ൽ അത് ഇപ്പോഴത്തെ സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോഴുള്ള മണി പൂർണ്ണമായും ഓടിൽ പണിതതാണ്. ഇവിടെ മുമ്പുണ്ടായിരുന്നത് നൂറുവർഷത്തിലധികം പഴക്കമുള്ള ഒരു മണിയായിരുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ചുപോയ ഈ മണി, 2019-ൽ മാറ്റുകയും പകരം പുതിയ മണി വച്ചുപിടിപ്പിയ്ക്കുകയും ചെയ്തു. 2023 ഏപ്രിലിൽ മണിയുടെ ഇരുവശവും സ്ഥിതിചെയ്യുന്ന തൂണുകൾ പൂർണമായും സ്വർണ്ണം പൊതിയുകയും ദശാവതാരരൂപങ്ങൾ വച്ചുപിടിപ്പിയ്ക്കുകയും ചെയ്തു.

കൂത്തമ്പലം

തിരുത്തുക

ക്ഷേത്രമതിൽക്കകത്ത് തെക്കുകിഴക്കേമൂലയിലാണ് കൂത്തമ്പലം. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നിലനിലനിൽക്കുന്ന ഏറ്റവും പഴയ നിർമ്മിതിയാണ്, 1540-ൽ പണികഴിപ്പിച്ച ഈ കൂത്തമ്പലം. കേരളത്തിൽ സ്വന്തമായി കൂത്തമ്പലമുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. അവയിൽ ഏറ്റവും ചെറിയ കൂത്തമ്പലങ്ങളിലൊന്നാണ് ഇവിടെയുള്ളത്. എങ്കിലും, അതിമനോഹരമായ ശില്പങ്ങൾ കൊണ്ട് അലംകൃതമാണ് ഇവിടെയുള്ള തൂണുകൾ. വിശേഷാവസരങ്ങളിൽ ചാക്യാർകൂത്തും കൂടിയാട്ടവും ഇവിടെ നടത്തപ്പെടുന്നു. അവയിൽ ഏറ്റവും പ്രധാനം, മണ്ഡലകാലത്ത് നടത്തപ്പെടുന്ന അംഗുലീയാങ്കം കൂത്താണ്. അശോകവനത്തിൽ കഴിയുന്ന സീതാദേവിയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്ന ഹനുമാൻ, ദേവിയ്ക്ക് രാമമുദ്ര ചാർത്തിയ മോതിരം നൽകുന്ന കഥയെ ആസ്പദമാക്കിയാണ് ഈ കൂത്ത് സൃഷ്ടിച്ചിരിയ്ക്കുന്നത്. അംഗുലീയാങ്കം കൂത്ത് നടക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനസ്ഥാനമാണ് ഗുരുവായൂരിനുള്ളത്. നെല്ലുവായ കുട്ടഞ്ചേരി ചാക്യാർ കുടുംബത്തിനാണ് ഇവിടെ കൂത്തിനുള്ള അവകാശം. ഹനുമാന്റെ വേഷം നടത്തുന്ന ചാക്യാർ, തദവസരത്തിൽ ഗുരുവായൂരപ്പനെ മണിയടിച്ചുതൊഴുന്നത് പ്രധാനമാണ്. കൂത്തമ്പലത്തിലും ഭഗവദ്സാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. തന്മൂലം ഗുരുവായൂരിലെ പല വിശേഷച്ചടങ്ങുകളും നടക്കുന്നത് ഇവിടെവച്ചാണ്. നവരാത്രിക്കാലത്തുള്ള പൂജവയ്പ്പ്, ഉത്സവക്കാലത്തെ കലശപൂജ, ഏകാദശിക്കാലത്തെ ദ്വാദശിപ്പണം വയ്ക്കൽ തുടങ്ങിയവ അവയിൽ വിശേഷമാണ്. കൂത്തമ്പലത്തിൽ തൊഴുതാലും ശ്രീകോവിലിൽ തൊഴുതതിന്റെ പൂർണ്ണഫലം ലഭിയ്ക്കുമെന്നാണ് വിശ്വാസം

ദീപസ്തംഭം

തിരുത്തുക

ക്ഷേത്രത്തിനകത്ത് നാല് ദീപസ്തംഭങ്ങളുണ്ട്. അവയിൽ രണ്ടെണ്ണം അതാത് നടകളിലും രണ്ടെണ്ണം ഇരുവശങ്ങളിലുമായാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു മുന്നിലുള്ള കൂറ്റൻ ദീപസ്തംഭത്തിന് 24 അടി ഉയരം ഉണ്ട്. പാദം അടക്കം 13 തട്ടുകളുമുണ്ട്. കൂർമ്മപീഠത്തിൽ നിൽക്കുന്ന ഈ ദീപസ്തംഭത്തിന്റെ മുകളിൽ ഗരുഡരൂപമാണുള്ളത്. 1909 ഓഗസ്റ്റ് 16-ന് (കൊല്ലവർഷം 1085 ചിങ്ങം 1) സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സർ സി. ശങ്കരൻ നായർ വഴിപാടായി സമർപ്പിച്ചതാണ് ഈ ദീപസ്തംഭം. 327 തിരികൾ വയ്ക്കാൻ സൗകര്യമുള്ള ഈ ദീപസ്തംഭത്തെക്കുറിച്ച് ധാരാളം കവിതകളുണ്ടായിട്ടുണ്ട്. തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിന് മുന്നിലുള്ള ദീപസ്തംഭത്തിന്റെ മാതൃകയിലാണ് ഈ ദീപസ്തംഭം പണിതത്. തൃപ്പൂണിത്തുറ ശിന്നൻ പിള്ള എന്ന മൂശാരിയും ശിഷ്യഗണങ്ങളും ചേർന്നാണ് ഇരു ദീപസ്തംഭങ്ങളും പണികഴിപ്പിച്ചത്. 2014-ൽ നടന്ന ചില പരിഷ്കാരങ്ങളുടെ ഭാഗമായി ഇത് പോളിഷ് ചെയ്ത് വൃത്തിയാക്കിയിരുന്നു. പടിഞ്ഞാറേ ഗോപുരത്തിനുമുന്നിലും ഒരു ദീപസ്തംഭമുണ്ട്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന്റെ ഏതാണ്ട് അതേ രൂപമാണെങ്കിലും ഉയരം അല്പം കുറവാണ്. ഇത് സമർപ്പിച്ചത് ഗുരുവായൂരിലെ വ്യവസായപ്രമുഖനായിരുന്ന പി.ആർ. നമ്പ്യാരാണ്. ദീപാരാധനാസമയത്ത് ഇവ കത്തിച്ചുവയ്ക്കുന്നു.

രുദ്രതീർത്ഥം

തിരുത്തുക

ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഊട്ടുപുരയ്ക്ക് പുറകിലുള്ള കുളമാണ്. ഇവിടെയാണ് ആറാട്ട് നടക്കാറുള്ളത്. ഗുരുവും വായുവും കൂടി കൊണ്ടുവന്ന വിഗ്രഹം ശിവൻ പ്രതിഷ്ഠയ്ക്കുന്നതിനുമുമ്പ് ആറാട്ടു നടത്തിയത് രുദ്രതീർത്ഥത്തിലാണ്. ഭജനമിരിക്കുന്ന ഭക്തർ, ശാന്തിക്കാർ, കഴകക്കാർ എന്നിവർ കുളിയ്ക്കാറുള്ളത് ഈ കുളത്തിലാണ്. ഇവിടെ എണ്ണ, സോപ്പ് മുതലയാവ തേച്ചുകുളിക്കുന്നതും നീന്തുന്നതും നിരോധിച്ചിരിക്കുന്നു. മുമ്പ് ഈ കുളം ഒരു വൻ തടാകമായിരുന്നുവെന്നും അതിൽ നിറയെ താമരകളായിരുന്നുവെന്നും ശിവനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സുചെയ്തിരുന്നുവെന്നും ഐതിഹ്യമുണ്ട്. തന്മൂലം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈയടുത്ത കാലത്ത് ഒരുപാട് മാലിന്യങ്ങൾ ഇവിടെ കുന്നുകൂടിയിട്ടുണ്ട്. അവ തടയാൻ ഗുരുവായൂർ ദേവസ്വം വളരെയധികം ശ്രദ്ധിക്കുന്നുമുണ്ട്. സാളഗ്രാമം പോലുള്ള വിശിഷ്ട വസ്തുക്കൾ ഇവിടെയുള്ളതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 1960-കൾക്കുശേഷം ഇവിടെ വൻ തോതിൽ സൗന്ദര്യവത്കരണം നടത്തിയിട്ടുണ്ട്. നിലവിൽ ഉൾക്കുളവും പുറംകുളവുമായി രണ്ട് ഭാഗങ്ങൾ കാണാം. കുളത്തിന്റെ നടുവിൽ കാളിയമർദ്ദനം നടത്തുന്ന കൃഷ്ണന്റെ ഒരു ശില്പവും കൊത്തിവച്ചിട്ടുണ്ട്. ഇത് 1975-ൽ പണികഴിപ്പിയ്ക്കപ്പെട്ടതാണ്.

തെക്കേ കുളം

തിരുത്തുക

രുദ്രതീർത്ഥം കൂടാതെ ക്ഷേത്രത്തിന് തെക്കുഭാഗത്തായി മറ്റൊരു കുളവും കാണാം. ഇത് താരതമ്യേന ചെറിയ കുളമാണെങ്കിലും ആകർഷകമായ ഒരു നിർമ്മിതിയാണ്. ആദ്യകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന അഗ്രഹാരത്തിന്റെ വകയായിരുന്ന ഈ കുളം, അഗ്രഹാരം പൊളിച്ചപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിന്റെ രണ്ടാമത്തെ കുളമായി മാറുകയായിരുന്നു. രുദ്രതീർത്ഥം വറ്റിയ്ക്കുകയോ അശുദ്ധമാകുകയോ ചെയ്യുമ്പോൾ ശാന്തിക്കാരും കഴകക്കാരും ഭക്തരും ഉപയോഗിയ്ക്കുന്നത് ഈ കുളമാണ്. 2011-ൽ വൻ തോതിൽ നവീകരണപ്രവർത്തനങ്ങൾ ഇതിനുചുറ്റും നടക്കുകയുണ്ടായി.

ക്ഷേത്രത്തിലെ നിത്യനിദാനം

തിരുത്തുക

മഹാക്ഷേത്രമായ ഗുരുവായൂരിൽ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്.

പള്ളിയുണർത്ത്

തിരുത്തുക

ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് ഏഴുതവണയുള്ള ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു. ഈ സമയം തന്നെ, ക്ഷേത്രത്തിലെ സ്പീക്കറിൽ നാരായണീയം, ഹരിനാമകീർത്തനം, ജ്ഞാനപ്പാന എന്നിവ മാറിമാറിക്കേൾക്കാൻ സാധിയ്ക്കും. ദക്ഷിണേന്ത്യൻ ചലച്ചിത്രപിന്നണിഗായികയും ഗുരുവായൂരപ്പന്റെ പരമഭക്തയുമായിരുന്ന പി. ലീലയുടെ ശബ്ദത്തിലാണ് ഇവ കേൾക്കാൻ സാധിയ്ക്കുക. 1961 മുതലുള്ള പതിവാണിത്.

നിർമാല്യ ദർശനം

തിരുത്തുക

തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം.[1]

എണ്ണയഭിഷേകം

തിരുത്തുക

തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം[7] ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു. ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു.[7] ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.

വാകച്ചാർത്തും ശംഖാഭിഷേകവും

തിരുത്തുക

തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂകുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.[1]

മലർനിവേദ്യവും വിഗ്രഹാലങ്കാരവും

തിരുത്തുക

അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനമില്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭക്തന് അനുവാദമുണ്ട്.[8] ഈ അലങ്കാരത്തിന്റെ സമയത്ത് ഭഗവാന്റെ മുഖത്തുമാത്രമേ അലങ്കാരമുണ്ടാകാറുള്ളൂ. അതിനുശേഷം ചുവന്ന പട്ടുകോണകം ചാർത്തി, വലതുകയ്യിൽ വെണ്ണയും ഇടതുകയ്യിൽ ഓടക്കുഴലും ധരിച്ചുനിൽക്കുന്ന രൂപത്തിൽ ഭഗവാനെ അലങ്കരിയ്ക്കുന്നു. ഈ രൂപമാണ് അലങ്കാരം കഴിഞ്ഞ് നടതുറക്കുമ്പോൾ ഭക്തർ ദർശിയ്ക്കുന്നത്. ഗുരുവായൂരപ്പന്റെ അതിപ്രസിദ്ധമായ ഒരു രൂപമാണിത്.

മലർനിവേദ്യത്തെ തുടർന്ന് ഉഷഃപൂജയായി. ഇതിനു അടച്ചുപൂജയുണ്ട്. ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ. 4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. ഇതോടെ ആദ്യപൂജ അവസാനിയ്ക്കുന്നു.[7] അതിനു ശേഷം 5.45 വരെ ദർശനസമയമാണ്.

എതിരേറ്റ് പൂജ

തിരുത്തുക

ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിരേറ്റ് പൂജ" എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിനും അടച്ചുപൂജയുണ്ട്. ത്രിമധുരമാണ് പ്രധാന നിവേദ്യം. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയ്ക്കടുത്തുള്ള ഒരു പ്രത്യേകമുറിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.

ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവതകൾക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിയ്ക്കും അയ്യപ്പന്നും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവതകൾക്കും നിവേദിയ്ക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്.[1] അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല. [7]

കാലത്തെ ശീവേലി

തിരുത്തുക

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലിതൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. [8]മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.

ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.[1]

നവകാഭിഷേകം

തിരുത്തുക

ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. സാധാരണ മഹാക്ഷേത്രങ്ങളിൽ വിശേഷദിവസങ്ങളിൽ മാത്രം നടത്താറുള്ള ഈ പൂജ നിത്യേന നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. ഈ പൂജ നടത്തുന്നത് ഓതിയ്ക്കന്മാരാണ്.[8] തുടർന്ന് ബാലഗോപാലരൂപത്തിൽ കളഭം ചാർത്തുന്നു.[7]

പന്തീരടിപൂജ

തിരുത്തുക

നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. പാൽപ്പായസമാണ് ഈ സമയത്തെ പ്രധാന നിവേദ്യം. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും. [8]

ഉച്ചപ്പൂജ

തിരുത്തുക

ഗുരുവായൂരിലെ അഞ്ചൂപൂജകളിൽ ഏറ്റവും പ്രധാനപ്പെട്ട പൂജ. ഇത് നടയടച്ചുള്ള പൂജയാണ്. ദേവന്നും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. [7] സധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. എന്നാൽ അദ്ദേഹത്തിന് പുലയുള്ള സമയം, ഉദയാസ്തമന പൂജ, മണ്ഡലകാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. [8] ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിയ്ക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്[7]. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.

നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. കൂടാതെ, നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, ത്രിമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനുശേഷം നടയടച്ച് അലങ്കാരമാണ്. മേൽശാന്തി/ഓതിയ്ക്കൻ മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രൂപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. ഈ രൂപമാണ് ഉച്ചപ്പൂജ കഴിഞ്ഞ് നടതുറക്കുമ്പോൾ ഭക്തർ ദർശിയ്ക്കുന്നത്. അതിനുശേഷം ഒരു മണിയ്ക്ക് നടയടയ്ക്കും.

ഉച്ചപ്പൂജ അലങ്കാരവർണ്ണന

തിരുത്തുക

2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ കഴിഞ്ഞുള്ള അലങ്കാരം എല്ലാ വിശദാംശങ്ങളോടും കൂടി വർണ്ണിയ്ക്കുന്ന ഒരു പതിവ് ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് അലങ്കാരവർണ്ണന നടത്തുന്നത്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിവച്ച ഈ വർണ്ണന, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. കോവിഡ്-19 മഹാമാരി മൂലം ക്ഷേത്രത്തിലെത്താൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച അനുഗ്രഹത്തിന്റെ തെളിവായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന ഈ അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വം ഏറ്റെടുക്കുകയുണ്ടായി.

വൈകീട്ടത്തെ ശീവേലി

തിരുത്തുക

വൈകുന്നേരം നാലര മണിയ്ക്ക് നട വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30-നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. തുടർന്ന് ഉച്ചശ്ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ചശീവേലി എന്ന് വിശേഷിപ്പിക്കുന്നു. രാവിലത്തെ ശീവേലിയ്ക്കുള്ള എല്ലാ ചടങ്ങുകളും ഇതിനും ആവർത്തിയ്ക്കുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.

നിത്യശ്ശീവേലിയുള്ള മറ്റു ക്ഷേത്രങ്ങളിൽ ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ചശ്ശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു. ഇതിനുപിന്നിൽ പറയുന്നത് ഉച്ചപ്പൂജ കഴിഞ്ഞാൽ ഭഗവാൻ അമ്പലപ്പുഴയിലായിരിയ്ക്കുമെന്നാണ്. തത്സൂചകമായി അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ ഒരു കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിന്റെ വടക്കേ നടയിൽ വട്ടമിട്ട് പറക്കാറുണ്ട്.

ദീപാരാധന

തിരുത്തുക

സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് നടയടച്ച് ദീപാരാധന നടത്തുന്നു. നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ക്ഷേത്രം മുഴുവൻ സ്വർണ്ണപ്രഭയിൽ കുളിച്ചുനിൽക്കുന്നു. അതിമനോഹരമായ ഒരു കാഴ്ചയാണിത്. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവദ്വിഗ്രഹത്തെ ഉഴിഞ്ഞു കൊണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല.[1] പിന്നെ 7.30 വരെ ദർശനമുണ്ട്. [8]

അത്താഴ പൂജ

തിരുത്തുക

ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴപ്പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപ്പൂജ നിവേദ്യത്തിന്റെ സമയം. തുടർന്ന് 8.15 വരെ അത്താഴപ്പൂജയും[1]. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി. [1]

അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്. [8]

അത്താഴശ്ശീവേലി

തിരുത്തുക

അത്താഴപ്പൂജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മറ്റ് രണ്ട് ശീവേലികൾക്കുള്ളതുപോലെ ഇതിനും മൂന്ന് പ്രദക്ഷിണം തന്നെയാണ്. രണ്ടാമത്തെ പ്രദക്ഷിണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. മൂന്നിലധികം ഇടയ്ക്കകളുടെയും അത്രയും തന്നെ നാദസ്വരങ്ങളുടെയും തീവെട്ടികളുടെയും അകമ്പടിയോടെ ഭഗവാൻ ചക്രവർത്തിയായി എഴുന്നള്ളുന്നു. സാധാരണ ക്ഷേത്രങ്ങളിൽ വിശേഷാൽ ദിവസങ്ങളിൽ മാത്രം നടത്തുന്ന വിളക്കാചാരം ഗുരുവായൂരിൽ മാത്രം നിത്യവും നടത്താറുണ്ട്. ഭഗവാന്റെ ചക്രവർത്തിപ്രഭാവത്തിന്റെ തെളിവായി ഇതിനെ കാണുന്നു. അത്താഴശ്ശീവേലിസമയത്ത് ഇന്ദ്രാദിദേവകൾ ഭഗവാനെ വന്ദിയ്ക്കാൻ ഗുരുവായൂരിലെത്തുന്നു എന്നാണ് വിശ്വാസം. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നു ശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.

തൃപ്പുകയും ഓലവായനയും

തിരുത്തുക

ശീവേലി കഴിഞ്ഞാൽ ഓലവായന നടക്കുന്നു. ക്ഷേത്രത്തിലെ അന്നത്തെ വരവുചെലവു കണക്കുകൾ 'പത്തുകാരൻ' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നതാണ് ഈ ചടങ്ങ്. ഇതിനുശേഷം തൃപ്പുക എന്ന ചടങ്ങാണ്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലിനകത്ത് സുഗന്ധപൂരിതമായ പുകയുണ്ടാക്കുന്നതാണ് ഈ ചടങ്ങ്. ഭഗവാനെ ഉറക്കുന്ന സങ്കല്പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപ്പാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. 9.00 മുതൽ 9.30 വരെയാണിത്. തൃപ്പുക കഴിഞ്ഞാൽ ശാന്തിയേറ്റ നമ്പൂതിരി നടയടച്ച് മേൽശാന്തിയുടെ ഉത്തരവാദിതത്തിൽ താഴിട്ടുപൂട്ടുന്നു.

അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിയ്ക്കൽ. ഓരോ സമയത്തും ഭഗവാൻ ഓരോ സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്.

വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ. ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും. 18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്ന് നടയടയ്ക്കൂ. വിളക്കുള്ള ദിവസം അത് കഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്. ഗ്രഹണത്തിന് അരമണിക്കൂർ മുമ്പ് അടയ്ക്കുന്ന നട, ഗ്രഹണശേഷം വിശേഷാൽ ശുദ്ധിക്രിയകൾ നടത്തിയാണ് തുറക്കാറുള്ളത്. ഭഗവാന്റെ നടയടച്ചുകഴിഞ്ഞാൽ, ഭഗവതിയ്ക്ക് അഴൽ എന്ന ചടങ്ങ് നടത്തുന്നുണ്ട്.

വഴിപാടുകൾ

തിരുത്തുക

കേരളത്തിലെ ക്ഷേത്രങ്ങളിൽ സ്ഥിരം കണ്ടുവരാറുള്ള മിക്ക വഴിപാടുകളും ഗുരുവായൂരിലുമുണ്ടാകാറുണ്ട്. സാധാരണ ഗതിയിൽ പാല്പായസം, വെണ്ണ നിവേദ്യം, അഹസ്, നെയ് വിളക്ക്, ഭഗവതിക്ക് അഴൽ തുടങ്ങിയ വഴിപാടുകൾ ആണ് പ്രധാനം. പുരുഷസൂക്തം, ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, സന്താനഗോപാലം തുടങ്ങിയ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ; പാൽപായസം, നെയ്പായസം, അപ്പം, അട, വെണ്ണ, അവിൽ, മലർ തുടങ്ങിയ നിവേദ്യങ്ങൾ; ലക്ഷ്മീനാരായണപൂജ, സത്യനാരായണപൂജ, വിഷ്ണുപൂജ തുടങ്ങിയ വിവിധതരം പൂജകൾ; ഗണപതിഹോമം, മൃത്യുഞ്ജയഹോമം, സുദർശനഹോമം തുടങ്ങിയ ഹോമങ്ങൾ; നിത്യേനയുള്ള കളഭച്ചാർത്ത്; തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾകൊണ്ടുള്ള മാലകൾ; നെയ്വിളക്ക്, എണ്ണവിളക്ക് - അങ്ങനെ പോകുന്നു ആ പട്ടിക. എന്നാൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഉദയാസ്തമനപൂജയും കൃഷ്ണനാട്ടവുമാണ്. ഭഗവതിക്ക് അഴൽ എന്ന വഴിപാട് പ്രധാനമാണ്. ഭക്തരുടെ ദുഃഖങ്ങൾ ഭഗവതി അഗ്നിയായി ഏറ്റുവാങ്ങുന്നു എന്നാണ് ഈ വഴിപാടിന്റെ അർത്ഥം.

പ്രത്യേക വഴിപാടുകൾ

തിരുത്തുക

ഉദയാസ്തമനപൂജ

തിരുത്തുക

കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലും നിലവിലുള്ള ഒരു വഴിപാടാണിത്. എന്നാൽ ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് ധാരാളം പ്രത്യേകതകളുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജവഴിപാട് നടത്തുന്നത് ഗുരുവായൂരിലാണ്. അതിനാൽ പല അവസരത്തിലും ബുക്കിങ്ങ് ഇല്ലാതെ വന്നിട്ടുണ്ട്. 5,0000 രൂപയിൽ കുറയാതെ തുക വരും. 21 പൂജകളാണ് ഉദയാസ്തമനപൂജ നടക്കുന്ന ദിവസം ഗുരുവായൂരിലുണ്ടാകാറുള്ളത്. ഇവയെല്ലാം നടത്തുന്നത് ഓതിയ്ക്കന്മാരാണ്. ഉദയാസ്തമനപൂജദിവസം നടയടയ്ക്കുമ്പോൾ രാത്രി ഏകദേശം 12 മണിയാകും. ഒരുപാട് കാലതാമസം വരുന്ന വഴിപാടായതിനാൽ ഇത് നേർന്ന പലരും നടത്തുന്നതിന് മുമ്പേ മരിച്ചുപോകാറുണ്ട്.

ഉദയാസ്തമനപൂജയുടെ ചടങ്ങുകൾ ഇപ്രകാരമാണ്: പൂജയുടെ തലേദിവസം വൈകീട്ട് വിശേഷാൽ ഗണപതിപൂജ നടത്തുന്നു. ഏതൊരു ശുഭകർമ്മത്തിന് മുമ്പും ഗണപതിപ്രീതി നടത്തുക എന്നത് പ്രധാനമായി കണക്കാക്കപ്പെടുന്നത് ഇവിടെയും ബാധകമാണ്. തുടർന്ന് ക്ഷേത്രത്തിലെ പൂജയ്ക്ക് നെല്ലുകുത്തി അരിയുണ്ടാക്കുന്ന കുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയ്ക്ക് യഥാശക്തി ദക്ഷിണ സമർപ്പിയ്ക്കുന്നു. അടുത്ത പൂജയ്ക്കും അവരുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമാണ് ഈ സമയത്ത് ഭക്തർക്കുണ്ടാകുക. പിറ്റേന്നത്തെ പൂജയ്ക്ക് അരിയളക്കുന്ന ചടങ്ങുണ്ടാകും. അതിന് വഴിപാടുകാരന്റെ/കാരിയുടെ കുടുംബം ഹാജരാകണം. വഴിപാട് നടത്തുന്ന കുടുംബത്തിന് ക്ഷേത്രം തെക്കേ നടയിലെ പാഞ്ചജന്യം റസ്റ്റ് ഹൗസിൽ താമസവും ഭക്ഷണവും ഉറപ്പാക്കുന്നു. പൂജാദിവസം രാവിലെ നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള എല്ലാ ചടങ്ങുകളും പ്രസ്തുത കുടുംബം വകയാണ്. ഇരുപത്തിയൊന്ന് പൂജകൾക്കും കുടുംബക്കാർ ഓരോരുത്തരായി പോയിത്തൊഴുതുവരുന്നു ഈയവസരങ്ങളിൽ വിഐപികൾക്ക് കൊടുക്കുന്ന എല്ലാ പരിഗണനകളും അവർക്കുണ്ടാകും. മറ്റു ഭക്തരെപ്പോലെ വരിനിൽക്കേണ്ട ആവശ്യമില്ല. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനവും അവർക്ക് നേരിട്ട് അനുവദിച്ചുകൊടുക്കും. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം അവർക്കാണ്. ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടിന്റെയും സന്ധ്യയ്ക്കുള്ള ചുറ്റുവിളക്കിന്റെയും പ്രധാന അവകാശികളും അവർ തന്നെ. ചുരുക്കത്തിൽ അന്നത്തെ ദിവസം മുഴുവൻ ഭക്തരുടെ വകയാകുന്നു. പിറ്റേന്ന് രാവിലെ നടക്കുന്ന ശ്രീഭൂതബലിയോടെ ഉദയാസ്തമനപൂജയുടെ ചടങ്ങുകൾ സമാപിയ്ക്കുന്നു.

ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. തന്റെ സുദീർഘമായ സംഗീതജീവിതത്തിൽ താൻ സമ്പാദിച്ചുകൂട്ടിയതെല്ലാം ഗുരുവായൂരപ്പന് സമർപ്പിച്ച അദ്ദേഹം, തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനെട്ടുവർഷം ആ സമ്പാദ്യം കൊണ്ട് ഉദയാസ്തമനപൂജ നടത്തിപ്പോന്നു. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു.

കൃഷ്ണനാട്ടം

തിരുത്തുക
 
കൃഷ്ണനാട്ടം

കേരളത്തിന്റെ തനത് കലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ തമ്പുരാൻ രചിച്ച കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം എന്ന കലാരൂപം ഉത്ഭവിച്ചത്. ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായി കൃഷ്ണനാട്ടത്തിൽ അവതരിപ്പിയ്ക്കുന്നു. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗ്ഗാരോഹണം എന്നിവയാണ് കളികൾ. സ്വർഗ്ഗാരോഹണം ബുക്ക് ചെയ്യുന്നവർ അവതാരം കൂടി ബുക്ക് ചെയ്യേണ്ടാതാണ്. ഈ വഴിപാട് ചൊവ്വാഴ്ചകളിലും ജൂൺ മുതൽ സെപ്തംബർ വരേയും നടത്താറില്ല. കൃഷ്ണനാട്ടത്തെ മാതൃകയാക്കി കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം എന്ന കലാരൂപം കണ്ടുപിടിച്ചു. ഈ രാമനാട്ടത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ന് കേരളത്തിന്റെ മുഖമുദ്രയായ കഥകളി എന്ന പ്രസിദ്ധ കലാരൂപം ഉദ്ഭവിച്ചത്. തിരുവല്ല ശ്രീ വല്ലഭക്ഷേത്രം, നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം, മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം എന്നിവയാണ് സ്ഥിരമായി കഥകളി നടക്കുന്ന ക്ഷേത്രങ്ങൾ. ഗുരുവായൂരിൽ കഥകളിയേ പാടില്ലെന്നായിരുന്നു നിയമം. എന്നാൽ കുംഭമാസത്തിൽ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് കഥകളി നടത്താറുണ്ട്. രാത്രി നടയടച്ചശേഷം വടക്കേ നടപ്പുരയിലാണ് കൃഷ്ണനാട്ടം കളി. ഏകദേശം അർദ്ധരാത്രി വരെ ഇത് തുടരും.

തുലാഭാരം

തിരുത്തുക

ഗുരുവായൂർ ക്ഷേത്രത്തിലെ അതിവിശേഷമായ മറ്റൊരു വഴിപാടാണ് തുലാഭാരം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പതിവുള്ള വഴിപാടാണ് ഇതെങ്കിലും ഗുരുവായൂരിൽ ഈ ചടങ്ങിന് കൂടുതൽ പ്രാധാന്യമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ തുലാഭാരം നടത്തപ്പെടുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. തുലാഭാരത്തിനായി രണ്ട് പ്രത്യേകം കൗണ്ടറുകൾ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ ഇരുവശങ്ങളിലുമായി കാണാം. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്ക്ക് നടയടയ്ക്കും വരെയും, വൈകീട്ട് അഞ്ചുമണി മുതൽ രാത്രി നടയടയ്ക്കും വരെയും തുലാഭാരം നടന്നുകൊണ്ടിരിയ്ക്കും. അഹിന്ദുക്കൾക്കായി ക്ഷേത്രത്തിന് പുറത്തുവച്ചും തുലാഭാരം നടത്താറുണ്ട്.

ഭജനമിരിയ്ക്കൽ

തിരുത്തുക

ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാടാണ് ഭജനമിരിയ്ക്കൽ. ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുന്നവർ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. സർവ്വപാപനാശവും ദുരിതനിവാരണവും മഹാപുണ്യവുമാണ് ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തിയെന്നാണ് ഐതിഹ്യം.

ഗുരുപവനപുരിയിൽ ഒരു ദിവസം മുതൽ ഒരു വർഷം വരെ ഭജനമിരിയ്ക്കുന്നവരുണ്ട്. പുലർച്ചെ രണ്ടുമണിയ്ക്കാണ് ഭജനം പാർക്കലിന് തുടക്കം. ഈശ്വരധ്യാനത്തോടെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് നിർമ്മാല്യദർശനം നടത്തി ഭഗവദ് നാമമന്ത്ര കീർത്തനാലാപനങ്ങളോരോന്നും ഉരുവിട്ട് കഴിയുന്നത്ര ക്ഷേത്രപ്രദക്ഷിണം ചെയ്ത് അവിടെതന്നെ കഴിച്ചുകൂട്ടണം. ക്ഷേത്രത്തിൽ നിന്നും ലഭിയ്ക്കുന്ന പഴം, പായസം, ചോറ് എന്നിവ മാത്രമേ ഭക്ഷിക്കാവൂ. വൈകുന്നേരം നട തുറക്കുന്നതിനുമുൻപ് ദേഹശുദ്ധി വരുത്തി ക്ഷേത്രദർശനം നടത്തണം. തൃപ്പുക കഴിഞ്ഞ് കൊടിമരച്ചുവട്ടിൽ സർവ്വപാപങ്ങളും ക്ഷമിച്ചുകൊള്ളണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് ദണ്ഡനമസ്‌കാരം നടത്തണം.

ഭജനമിരിയ്ക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം. നിർമ്മാല്യദർശനം നടത്തിയാൽ സർവ്വപാപങ്ങളും നശിച്ചുപോകുമെന്നും തൃപ്പുക സമയത്ത് ദർശനം നടത്തിയാൽ മോക്ഷപ്രാപ്തി കൈവരുമെന്നും വിശ്വാസമുണ്ട്.

അഴൽ എന്ന് പേരുള്ള പ്രത്യേകത കലർന്ന ഒരു ചടങ്ങാണ് ഭഗവതിക്ക് പ്രധാനം. അഴൽ എന്നാൽ ദുഃഖം എന്നാണ് അർത്ഥം. കടുത്ത ദുഃഖങ്ങളിൽ നിന്ന് മോചനത്തിന് വേണ്ടി നടത്തുന്ന വഴിപാടാണ് ഇത്. രാത്രി ഭഗവാന്റെ നടയടച്ചശേഷം ഇടത്തരികത്ത് ഭഗവതി ക്ഷേത്രത്തിൽ നടത്തുന്ന ഒരു ചടങ്ങാണിത്. പച്ചരി, വെള്ളരി, ശർക്കര, നാളികേരം തുടങ്ങിയവ തുണിയിൽ ചുറ്റിവച്ച് വാഴത്തണ്ടിൽ കെട്ടിവച്ചശേഷം അതിൽ തീകൊളുത്തി നടത്തുന്നതാണ് ഈ ചടങ്ങ്. ഭക്തരുടെ അഴലുകൾ (ദുഃഖങ്ങൾ) ഭഗവതി തീയായി ദഹിപ്പിക്കുന്നു എന്നാണ് സങ്കല്പം.

വിശേഷ ദിവസങ്ങൾ

തിരുത്തുക

കൊടിയേറ്റുത്സവം

തിരുത്തുക

ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. അങ്കുരാദി (മുളയിട്ടുകൊണ്ട് തുടങ്ങുന്നത്), ധ്വജാദി (കൊടിയേറ്റത്തോടെ തുടങ്ങുന്നത്), പടഹാദി (വാദ്യമേളങ്ങളോടെ തുടങ്ങുന്നത്) എന്നീ മൂന്ന് മുറകളിലാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടക്കാറുള്ളത്. അവയിൽ ഏറ്റവും ശ്രേഷ്ഠമെന്ന് കണക്കാക്കപ്പെടുന്ന അങ്കുരാദിമുറയാണ് ഗുരുവായൂരിൽ പാലിച്ചുപോകുന്നത്. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു.

ഒന്നാം ദിവസം ആനയില്ലാതെ ശീവേലി നടത്തുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആനയോട്ടം നടക്കുന്നു. വൈകീട്ട് ആചാര്യവരണ്യവും കൊടിപൂജയും പിന്നീട് കൊടിയേറ്റവും നടക്കുന്നു. ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയ്ക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണ്യം[7]. അന്നത്തെ വിളക്കിന് കൊടിപ്പുറത്ത് വിളക്ക് എന്നു പറയുന്നു. ഉത്സവത്തിന് "മുളയിടൽ" ചടങ്ങുണ്ട്. ഇതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. നവധാന്യങ്ങൾ വെള്ളിക്കുംഭങ്ങളിൽ തന്ത്രി വിതയ്ക്കുന്നു. ഇവ മുളയറയിൽ (വാതിൽമാടം) സൂക്ഷിയ്ക്കുന്നു. പള്ളിവേട്ടകഴിഞ്ഞ് ഭഗവാൻ ഉറങ്ങുന്നത് ഈ മുളച്ച ധാന്യങ്ങൾക്കിടയിലാണ്. രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്കുകൊടിയും കൂറയും സ്ഥാപിക്കുന്നു. ഉത്സവകലത്ത്എല്ലാ ദിവസവും കാലത്ത് പന്തീരടിപൂജയ്ക്ക് ശേഷം 11 മണിയ്ക്ക് നാലമ്പലത്തിനകത്ത് ശ്രീഭൂതബലി ദർശനവും[9]രാത്രി അത്താഴപ്പൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്കുഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കലുമുണ്ട്[7]. എട്ടാം ദിവസം മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ഭഗവാനെ സാക്ഷിനിർത്തി പാണികൊട്ടിപൂജയോടുകൂടി ബലിയിടുന്നു. ഉത്സവകാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണിത്.[1] ആ ദിവസം എട്ടാം വിളക്ക് എന്ന് അറിയപ്പെടുന്നു. ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം. ഒൻപതാം ദിവസം പള്ളിവേട്ട . അന്ന് ഭഗവാൻ ദീപാരാധനയ്ക്ക് ശേഷം[1] നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. നഗരപ്രദക്ഷിണശേഷമാണ് പള്ളിവേട്ട. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് പിഷാരടി പന്നിമാനുഷങ്ങളുണ്ടോ? എന്നു മൂന്നുവട്ടം ചോദിയ്ക്കുന്നതോടെ പള്ളിവേട്ട തുടങ്ങും[1]. ഭക്തർ നാനാജാതി മൃഗങ്ങളുടെ (പ്രത്യേകിച്ച് പന്നിയുടെ) വേഷമണിഞ്ഞ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് [1] 9 പ്രദക്ഷിണം നടത്തുന്നു. 9ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേദിവസം 6 മണിക്ക് ഉണരുന്നു. നിർമ്മാല്യദർശനവും അഭിഷേകവും ഉഷഃപൂജയും ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്. അന്ന് ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. നഗരപ്രദക്ഷിണം രുദ്രതീർത്ഥകുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി അപമൃത്യുവടഞ്ഞ കണ്ടിയൂർ പട്ടത്തെ ന‌മ്പീശന്റെ[10] ഓർമ്മ പുതുക്കുന്നു. പണ്ടൊരു ആറാട്ടുനാളിൽ ആറാട്ടെഴുന്നള്ളിപ്പിനിടയിലാണ് ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന കണ്ടിയൂർ പട്ടത്തെ ന‌മ്പീശൻ കൊല്ലപ്പെട്ടത്. നമ്പീശന്റെ അനന്തരാവകാശികൾ വന്ന് സങ്കടമില്ലെന്ന് അറിയിച്ചതിനുശേഷം എഴുന്നെള്ളിപ്പ് തുടരും. അതിനുശേഷം തിടമ്പ് ഭഗവതിയമ്പലത്തിലൂടെ ആറാട്ടുകടവിൽ എത്തിയ്ക്കും[10]. ഇരിങ്ങപ്പുറത്തെ തമ്പുരാൻപടിയ്ക്കൽ കിട്ടയുടെ അനന്തരാവകാശികളും ഭക്തജനങ്ങളും[10] ഇളനീർ കൊണ്ടുവന്നിട്ടുണ്ടാവും. തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ തീർത്ഥങ്ങളേയും രുദ്രതീത്ഥത്തിലേക്ക് ആവാഹിയ്ക്കും. ആറാട്ടു തിടമ്പിൽ മഞ്ഞളും ഇളനീരുംകൊണ്ട് അഭിഷേകം നടത്തുന്നു.[10] അതിനുശേഷം രുദ്രതീർത്ഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രിയും മേൽശാന്തിയും ഓതിക്കന്മാരും കീഴ്ശാന്തിക്കാരും മുങ്ങുന്നു. ഭഗവാന്റെ ആറാട്ടോടെ പരിപാവനമായ തീത്ഥത്തിൽ ഭക്തജനങ്ങൾ ആറാടുന്നു. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപ്പൂജ. ആറാട്ടുദിവസം മാത്രമേ ഭഗവാന് ശ്രീലകത്തിനു പുറത്ത് ഉച്ചപ്പൂജ പതിവുള്ളു[10]. അന്ന് രാത്രി 11 മണിയോടെയാണ് ഉച്ചപ്പൂജ. അതിനുശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്, 11 വട്ടം ഓട്ടപ്രദക്ഷിണം നടത്തി അവസാനം കൊടിയിറക്കുന്നു.

കലശം തുടങ്ങിയാൽ ഉൽസവം കഴിയുന്നതു വരെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ അമ്പലത്തിൽ പ്രവേശിപ്പിയ്ക്കുകയില്ല.[7] ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ഇവിടത്തെ ഒരു പ്രത്യേകതയാണ്. കുട്ടികളുടെ ഇഷ്ടത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന ദേവനാണ് ഗുരുവായൂരപ്പനെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ കുട്ടികൾക്ക് ഭയപ്പാടുണ്ടാക്കുന്ന യാതൊന്നും ക്ഷേത്രപരിസരത്ത് പാടില്ല. എന്നാൽ ഈയടുത്ത കാലത്ത് ശബ്ദം കുറഞ്ഞ ചൈനീസ് പടക്കങ്ങൾ കൊടിയേറ്റത്തിനും ആറാട്ടെഴുന്നള്ളിപ്പിനും മറ്റും ഉപയോഗിക്കാറുണ്ട്.

ആനയോട്ടം

തിരുത്തുക
 
പുന്നത്തൂർകോട്ടയിലെ ആനത്താവളം

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തിൽ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. ഒരു വർഷം എന്തോ കാരണങ്ങളാൽ ആനകളെ അയക്കില്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. എന്നാൽ കൊടിയേറ്റദിവസം ഉച്ചതിരിഞ്ഞ് 3 മണിയോടെ ഒരു കൂട്ടം ആനകൾ തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നു ഗുരുവായൂരിലേക്ക് ഓടി വന്നു എന്ന് ഐതിഹ്യം. അതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിലെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആ ആനയെ ആയിരിക്കും 10 ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക.

വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി - അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത് (കുംഭമാസത്തിലെ പൂയം നാളിൽ തുടങ്ങി അനിഴം നാളിൽ കഴിയുന്ന വിധത്തിലാണ് പ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. ഈ പത്ത് ദിവസങ്ങളിലാണ് ക്ഷേത്രോത്സവം). കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച്‌ അർജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം, വൈകുണ്ഠനാഥനായ മഹാവിഷ്ണു ഗുരുവായൂരിൽ എത്തുന്ന ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്. ഈ ദിവസം ഗീതാദിനമായും ആഘോഷിക്കുന്നു.[7] ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ്‌ എത്തുക. ഏകാദശി ദിവസം ഭക്തർക്ക് അരിഭക്ഷണമില്ല; എന്നാൽ ഭഗവാന് സധാരണ പോലെയാണ്.[11]

വലിയ ആഘോഷ പരിപാടികളാണ്‌ ഗുരുവായൂരിൽ ഒരുക്കുന്നത്‌. ഗോതമ്പുചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതൽ വിതരണം അന്നത്തെ പ്രത്യേകതയാണ്. നാമജപഘോഷയാത്രയും രഥഘോഷയാത്രയുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിരക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക. രാത്രി വിളക്കെഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷിണത്തിൽ ഭഗവാൻ എഴുന്നള്ളും. ഭഗവാന്റെ സ്വർണ്ണക്കോലം പുന്നത്തൂർ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം. പണ്ടുകാലത്ത് ഇത് ഗുരുവായൂർ കേശവന്നവകാശപ്പെട്ടതായിരുന്നു. 1976-ലെ ഏകാദശിദിവസമാണ് (ഡിസംബർ 2) കേശവൻ ചരിഞ്ഞതും എന്നത് മറ്റൊരു അത്ഭുതം. പിറ്റേന്ന് പുലർച്ചയോടെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണസമർപ്പണം ആരംഭിയ്ക്കും. അന്ന് രാവിലെ വരെ അത് തുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ. ഈ സമയത്ത് വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയവ നടത്താറില്ല.

ഏകാദശിയ്ക്ക് മുന്നോടിയായി ഒരുമാസം വിളക്കു് ഉണ്ടായിരിക്കും. ഏകാദശിയ്ക്ക് ഉദയാസ്തമനപൂജയും വിളക്കും ഗുരുവായൂർ ദേവസ്വത്തിന്റേതാണ്. അഷ്ടമിയ്ക്ക് പുളിക്കീഴേ വാരിയകുടുംബവും നവമി നെയ്വിളക്ക് കൊളാടി കുടുംബവും ദശമിയ്ക്ക് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റും വിളക്ക് നടത്തും.[11]

ഗുരുവായൂർ ഏകാദശിദിവസം തന്നെയാണ് ഗീതാദിനം ആഘോഷിക്കുന്നതും. രാവിലെ ഏഴു മണിമുതൽ കൂത്തമ്പലത്തിൽ ഗീതാപാരായണം നടത്താറുണ്ട്‌. ക്ഷേത്രം കീഴ്ശാന്തിയാണ് പാരായണം നടത്തുന്നത്.

ദ്വാദശിപ്പണം വെയ്ക്കൽ

തിരുത്തുക

ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങാണിത്. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികളായ ബ്രാഹ്മണർക്ക് ഭക്തർ പണക്കിഴികൾ സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ഗുരുവായൂരപ്പൻ തന്നെ ഈ ചടങ്ങിലെ ആദ്യത്തെ പണക്കിഴി സമർപ്പിയ്ക്കുന്നതായി വിശ്വസിച്ചുവരുന്നു. അതിനാൽ ആദ്യത്തെ പണക്കിഴി ഭഗവദ്പ്രതിനിധിയായി മേൽശാന്തി തന്നെയാണ് സമർപ്പിയ്ക്കുന്നത്. തുടർന്ന് ഭക്തർ ഓരോരുത്തരായി പണക്കിഴികളുമായി വരിനിൽക്കുകയും തങ്ങളാലാകുന്ന തുക സമർപ്പിയ്ക്കുകയും ചെയ്യുന്നു. രാവിലെ നടയടയ്ക്കുന്നതുവരെ സമർപ്പണം തുടരുന്നു. അന്ന് കാലത്ത് 9.00 ന് നടയടച്ചാൽ 3.30 നെ തുറക്കുകയുള്ളു.[7]

ചെമ്പൈ സംഗീതോത്സവം

തിരുത്തുക

സംഗീതസാമ്രാട്ടും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം 1974 മുതൽ എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാണ്‌ ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാണ്‌ ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം. ഏകാദശി ദിവസം രാത്രി ശ്രീ രാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.

അക്ഷരശ്ലോക മത്സരം

തിരുത്തുക

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു അക്ഷരശ്ലോക മത്സരം നടത്താറുണ്ട്‌. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകൾ ഇതിൽ പങ്കെടുക്കാൻ വരാറുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കുന്നവർക്ക് സ്വർണപ്പതക്കങ്ങൾ സമ്മാനിക്കും.

ഇല്ലം നിറ

തിരുത്തുക

കർക്കടകമാസത്തിലെ അമാവാസി കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിയ്ക്കുന്നത്. പുതുതായി കൊയ്തുകൊണ്ടുവരുന്ന കതിർക്കറ്റകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. അഴീക്കൽ മനയം കുടുംബക്കാർക്കാണ് ഈ ചടങ്ങ് നടത്താൻ അവകാശം. ഈ കുടുംബത്തിലെ കാരണവർ, തങ്ങളുടെ അടുത്തുള്ള പാടത്തുനിന്ന് കൊയ്തുകൊണ്ടുവരുന്ന കതിർക്കറ്റകൾ ക്ഷേത്ര മതിൽക്കെട്ടിനു പുറത്തെത്തിയ്ക്കും. അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ മറ്റ് കീഴ്ശാന്തിമാർ ശംഖനാദവും ചെണ്ടയുമായി അമ്പലം പ്രദക്ഷിണം ചെയ്ത് നമസ്കാരമണ്ഡപത്തിൽ വെയ്ക്കുന്നു. ഇതിനുശേഷം മേൽശാന്തിയുടെ നേതൃത്വത്തിൽ വിശദമായ ഒരു പൂജ. കതിർക്കറ്റകളെ മഹാലക്ഷ്മിയായി സങ്കല്പിച്ചാണ് പൂജ. തുടർന്ന് നെൽക്കതിരുകൾ ശ്രീകോവിലുകളിലും തിടപ്പള്ളിയിലും വയ്ക്കുന്നു. തുടർന്ന് ബാക്കി ഭക്തർക്ക് വിതരണം ചെയ്യുന്നു.[11]

പുത്തരി നിവേദ്യം

തിരുത്തുക

ഇല്ലം നിറയുടെ പിറ്റേദിവസമാണ് തൃപ്പുത്തരി നിവേദ്യം നടത്തുന്നത്. പുതിയതായി കൊയ്ത നെല്ലിനെ അരിയാക്കി, അതുകൊണ്ട് നിവേദ്യങ്ങൾ ഉണ്ടാക്കി, നല്ല മുഹൂർത്തത്തിൽ ഭഗവാന് നിവേദിക്കുന്നതാണിത്. മണിക്കിണറിനരികിൽ ഗണപതിയ്ക്ക് പുതിയ അരി നിവേദിച്ചതിനു ശേഷം അരിഅളക്കലുണ്ടാകും. ആ അരികൊണ്ട് ഇടിച്ചുപിഴിഞ്ഞ പായസമുണ്ടാക്കി ഉച്ചപൂജയ്ക്ക് ഭഗവാന് നിവേദിയ്ക്കും. അന്ന് പതിവു വിഭവങ്ങൾക്ക് പുറമെ അപ്പം, പഴം നുറുക്ക്, ഉപ്പുമാങ്ങ, ഇലക്കറികൾ എന്നിവയുമുണ്ടാകും. അന്നു മാത്രമെ ഉച്ചപൂജയ്ക്ക് അപ്പം നിവേദിക്കുകയുള്ളു.[11]

അഷ്ടമിരോഹിണി

തിരുത്തുക

ചിങ്ങമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിയും രോഹിണി നക്ഷത്രവും കൂടിയ ദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണി. ഭഗവാന്റെ ജന്മദിനം വളരെ വിപുലമായി ഗുരുവായൂർ ദേവസ്വം ആഘോഷിക്കുന്നു. ഭഗവാന്റെ പ്രിയപ്പെട്ട അപ്പം വഴിപാട് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശീട്ടാക്കാറുണ്ട്.

ഗുരുവായൂർ ദേവസ്വം നടത്തുന്ന ഭാഗവതസപ്താഹയജ്ഞത്തിലെ ശ്രീകൃഷ്ണാവതാരപാരായണം ഈ ദിവസമാണ്. അന്നത്തെ പ്രസാദ ഊട്ടിന് പിറന്നാൾ സദ്യയാണ് നൽകുന്നത്.[7] ഇപ്പോൾ ദേവസ്വം വക ശോഭായാത്ര, ഉറിയടി മത്സരം തുടങ്ങിയവയും നടന്നുവരുന്നുണ്ട്. കുട്ടികൾ ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷം കെട്ടി നഗരപ്രദക്ഷിണം നടത്തുന്ന കാഴ്ച കണ്ണിന് കൗതുകമുണർത്തുന്നു. അന്നേദിവസം അടുത്തുള്ള നെന്മിനി ബലരാമക്ഷേത്രത്തിൽ നിന്ന് ബലരാമനും ക്ഷേത്രത്തിലെത്തുന്നു. അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ആദിശേഷാവതാരമായ ബലരാമൻ ക്ഷേത്രത്തിലെത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള എഴുന്നള്ളത്ത് അന്ന് വിശേഷമാണ്.

മണ്ഡലപൂജ/വിശേഷാൽ കളഭാഭിഷേകം

തിരുത്തുക

വൃശ്ചികം ഒന്നിനാണ് മണ്ഡലകാലം ആരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ പഞ്ചഗവ്യ അഭിഷേകം ഗുരുവായൂരപ്പനു നടത്തപ്പെടുന്നു. മൂന്നു നേരം കാഴ്ചശീവേലി ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. മണ്ഡലകാലത്തിന്റെ അവസാന ദിവസം ഗുരുവായൂരപ്പന് കളഭം ആടുന്നു (അഭിഷേകം നടത്തുന്നു) . ഏകാദശി, നാരായണീയദിനം, മേല്പത്തൂർ പ്രതിമാസ്ഥാപനം ഇവ മണ്ഡലകാലത്തുള്ള വിശേഷദിവസങ്ങളിൽ പെടുന്നു. ശബരിമലയ്ക്കുപോകുന്ന നിരവധി തീർത്ഥാടകർ മണ്ഡലകാലത്ത് ഗുരുവായൂരിലെത്താറുണ്ട്. അവർക്ക് ദേവസ്വം പ്രത്യേക സൗകര്യങ്ങളൊരുക്കാറുണ്ട്.

നാരായണീയദിനവും ശ്രീമന്നാരായണീയ സപ്താഹവും

തിരുത്തുക

മേല്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയം എഴുതി തീർന്ന ദിവസമായ വൃശ്ചികത്തിലെ 28-ആം ദിവസമാണ് നാരായണീയദിനമായി ആഘോഷിക്കുന്നത്. കടുത്ത വാതരോഗം മൂലം ഭജനമിരുന്ന മേല്പത്തൂരിന് ഗുരുവായൂരപ്പന്റെ ദർശനം കിട്ടിയതും ഈ ദിവസം തന്നെ. തുടർന്ന് വാതരോഗവിമുക്തനായ അദ്ദേഹം 86 വയസ്സുവരെ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇത് പ്രമാണിച്ച് ഏഴുദിവസം നാരായണീയ സപ്താഹമുണ്ടാകാറുണ്ട്. നാരായണീയ ദിനത്തിന് ഏഴു ദിവസം മുൻപ് തുടങ്ങി നാരായണീയ ദിനത്തിന്റെ അന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്നു. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് നാരായണീയ സപ്താഹം നടക്കാറ്.

സ്വർഗ്ഗവാതിൽ ഏകാദശി

തിരുത്തുക

ഏകാദശികളിൽ പ്രധാനമാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനുമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി ആണ് സ്വർഗ്ഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. വൈഷ്ണവക്ഷേത്രങ്ങളിൽ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തുവരികയാണ് അതിന്റെ പ്രധാന അനുഷ്ഠാനം. അന്നത്തെ ഭഗവദ് ഭജനം സ്വർഗ്ഗപ്രാപ്തിയും മോക്ഷവും നേടിത്തരും എന്നാണ് വിശ്വാസം. ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശിദിവസം വിശേഷാൽ പരിപാടികളോടെ ആചരിച്ചുവരാറുണ്ട്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് അന്നേദിവസം ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. അന്ന് ഭഗവാന് പ്രത്യേകപൂജകളും ചുറ്റുവിളക്കും കാഴ്ചശീവേലിയുമുണ്ടാകാറുണ്ട്. രാവിലെയും ഉച്ചയ്ക്കുമുള്ള ശീവേലികൾക്ക് പഞ്ചാരിമേളത്തിന്റെ അകമ്പടിയാണുണ്ടാകാറുള്ളത്. സമ്പൂർണ്ണമായും നെയ്യുപയോഗിച്ചുനടത്തുന്ന അന്നത്തെ ചുറ്റുവിളക്ക് ഗുരുവായൂരിലെ തമിഴ് ബ്രാഹ്മണസമൂഹം വകയാണ്. രാത്രി നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്കയും നാദസ്വരവും കൊഴുപ്പേകുന്നു. ചില കലാപരിപാടികളും സ്വർഗ്ഗവാതിൽ ഏകാദശിയോടനുബന്ധിച്ചുണ്ടാകാറുണ്ട്. വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശിയ്ക്കുള്ളത്ര ശബ്ദകോലാഹലങ്ങളുണ്ടാകാറില്ലെങ്കിലും അതുകഴിഞ്ഞാൽ ഗുരുവായൂരിൽ പ്രധാനമായി ആചരിയ്ക്കുന്നത് ഈ ഏകാദശിയാണ്. ഗുരുവായൂർ ഏകാദശിയ്ക്കുള്ളതുപോലെ അന്നും ഉച്ചയ്ക്ക് ഗോതമ്പുചോറും കാളനും പുഴുക്കും ഗോതമ്പുപായസവും ചേർന്ന വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഇതുകഴിയ്ക്കാനായി നിരവധി ഭക്തർ ഇവിടെ വരാറുമുണ്ട്. എന്നാൽ, ഭഗവാന് അന്നും സാധാരണപോലെയാണ് നിവേദ്യങ്ങൾ.

ഇടത്തരികത്ത് താലപ്പൊലി

തിരുത്തുക

ഗുരുവായൂർ ക്ഷേത്രത്തിലെ മറ്റൊരു മുഖ്യപ്രതിഷ്ഠയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാനപ്പെട്ട ആണ്ടുവിശേഷങ്ങളാണ് എല്ലാവർഷവും ധനു 21-ന് നടക്കുന്ന പിള്ളേർ താലപ്പൊലിയും മകരമാസത്തിലെ നാലാമത്തെ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ആയി നടക്കുന്ന ദേവസ്വം താലപ്പൊലിയും. ഗുരുവായൂരിന്റെ തട്ടകത്തമ്മയായ ഇടത്തരികത്തുകാവിലമ്മയുടെ തട്ടകത്തുള്ളവർ നടത്തുന്നതുമൂലമാണ് ആദ്യത്തെ താലപ്പൊലിയ്ക്ക് പിള്ളേർ താലപ്പൊലി എന്ന പേരുവന്നത്. രണ്ട് താലപ്പൊലികൾക്കും ചടങ്ങുകൾ ഒരേപോലെയാണ്. ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്തുകാവിലമ്മയുടെ താലപ്പൊലി ആഘോഷിക്കുന്നത്. ഉച്ചയ്ക്ക് നടപന്തലിൽ നിന്ന് കിഴക്കോട്ട് പഞ്ചവാദ്യത്തോടും, തുടർന്ന് മേളത്തോടെ ഭഗവതിയുടെ മടക്കെഴുന്നെള്ളിപ്പും ഉണ്ടാകാറുണ്ട്. എഴുന്നെള്ളിപ്പിനുശേഷം നടക്കുന്ന പറയെടുപ്പിൽ നൂറുകണക്കിന് ഭക്തർ പങ്കെടുക്കുന്നു. ചെമ്പട്ടണിഞ്ഞ് ഭഗവതിയുടെ വാളും ചിലമ്പുമായി കോമരം ഇതിൽ പങ്കെടുക്കുന്നു. നിറപറകൾ വെച്ച് ഭഗവതിയെ വരവേൽക്കാനായി കിഴക്കേനടപ്പുരയിൽ അലങ്കാരങ്ങളും, വിതാനങ്ങളും നേരത്തേ ഒരുക്കാറുണ്ട്. ഇടത്തരികത്ത് ഭഗവതിയുടെ ഉത്സവത്തിൽ പങ്കാളിയാകാൻ, പൂജകൾ നേരത്തെ അവസാനിപ്പിച്ച് ഉച്ചയ്ക്ക് മുൻപ് അടച്ച് ഗുരുവായൂരപ്പനും എഴുന്നള്ളുന്നു. താലപൊലിയോടനുബന്ധിച്ച് ഭഗവതിക്ക് വാകച്ചാർത്ത്, ദീപാലങ്കാരം, പുഷ്പാലങ്കാരം, വിശേഷാൽ പൂജകൾ, ഭദ്രകാളിപ്പാട്ട് എന്നിവയും ഉണ്ടാകാറുണ്ട്.

പൂന്താനദിനം

തിരുത്തുക

ഭക്തകവിയായ പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് പൂന്താനദിനം. കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം ആഘോഷിക്കുന്നത്. ജ്ഞാനപ്പാനയിലെ 'കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും' എന്ന വരികളാണ് മേല്പറഞ്ഞ ആഘോഷത്തിനു കാരണം. ക്ഷേത്രത്തിൽ അന്നേദിവസം വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഗുരുവായൂർ ദേവസ്വം ഈ ദിവസത്തോടനുബന്ധിച്ച് ജ്ഞാനപ്പാന പുരസ്കാരം നൽകിവരുന്നുണ്ട്. കലാ-സാംസ്കാരികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചില പ്രശസ്തർക്കാണ് ഈ പുരസ്കാരം നൽകുന്നത്. മലപ്പുറം കീഴാറ്റൂരിലെ പൂന്താനം ഇല്ലവളപ്പിലും അന്ന് ആഘോഷങ്ങളുണ്ട്.

കൃഷ്ണഗീതി ദിനം

തിരുത്തുക

ക്ഷേത്രത്തിലെ പ്രസിദ്ധ കലാരൂപമായ കൃഷ്ണനാട്ടം അവലംബിക്കുന്ന 'കൃഷ്ണഗീതി' എന്ന കൃതി സാമൂതിരി മാനവേദരാജ എഴുതി ഗുരുവായൂരപ്പന് സമർപ്പിച്ചത് ഒരു തുലാം 30-നാണ്. അതിന്റെ ഓർമ്മയ്ക്കായി 1985 മുതൽ എല്ലാ വർഷവും തുലാം 30 കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു.

കുചേലദിനം

തിരുത്തുക

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആഘോഷിക്കപെടുന്നു. ദാരിദ്ര്യത്താൽ ഉഴഞ്ഞ കുചേലൻ ഒരു പിടി അവിലുമായി ശ്രീകൃഷ്ണനെ ദ്വാരകയിൽ കാണാൻ വന്നതിന്റെ ഓർമ്മയ്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിവസം അനേകായിരം ഭക്തന്മാർ തങ്ങളുടെ ദാരിദ്രനിർമ്മാർജ്ജനത്തിനായി അവിലുമായി ഗുരുവായൂരപ്പനെ ദർശ്ശിക്കാനെത്തുന്നു.

മേടവിഷു

തിരുത്തുക

വിഷുദിനത്തിൽ ഭഗവാനെ കണികാണാൻ ആയിരങ്ങൾ എത്തുന്നു. എല്ലാദിവസവും മൂന്നു മണിക്കു തുറക്കുന്ന ഗുരുവായൂർ ക്ഷേത്രം വിഷുദിനത്തിൽ രണ്ടരയ്ക്ക് തുറക്കും. അതിനു മുമ്പായി മേൽശാന്തിയും കീഴ്ശാന്തിക്കാരും മറ്റും രുദ്രതീർത്ഥത്തിൽ കുളിച്ച് വന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. [12]

ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ അഞ്ചു വെള്ളിക്കവരവിളക്കുകൾ കത്തുന്നതിന്റെ തെക്കുവശത്തായിട്ടാണ് കണി ഒരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ സ്വർണ്ണത്തിടമ്പ് എഴുന്നെള്ളിച്ചു വയ്ക്കുന്നു. അതിനു മുന്നിലായി ഒരു ഉരുളിയിളാണ് കണി ഒരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങല്ലരിയും നെല്ലും) നിരത്തി, അതിനുമുകളിൽ അലക്കിയ മുണ്ട്, ഗ്രന്ഥം, വാൽക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടു മുറി നാളികേരത്തിൽ നെയ് നിറച്ച് തിരിയിട്ട് കത്തിച്ചു വെച്ചത് എന്നിവയാണ് കണിക്കോപ്പുകൾ.

കണി സമയത്തിനു മുമ്പ് മേൽശാന്തിയും കൂട്ടരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകളെല്ലാം കത്തിച്ചുവെയ്ക്കും. സോപാനത്തും അഞ്ചു തിരിയിട്ട വിളക്ക് കത്തിച്ചുവെച്ചിട്ടുണ്ടാവും. മേൽശാന്തി ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം രണ്ടരയ്ക്കു തന്നെ ശ്രീകോവിലിന്റെ നട ഭക്തർക്ക് കണികാണാനായി തുറന്നുകൊടുക്കും. കണ്ണടച്ചും കണ്ണുകെട്ടിയും നിൽക്കുന്ന ഭക്തർ ശ്രീകോവിലിനു മുന്നിലെത്തി കണ്ണുതുറന്ന് കണികണ്ട് കാണിക്കയർപ്പിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച്, ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും വണങ്ങി, ആദ്യമെത്തുന്ന കുറച്ചുപേർക്ക് മേൽശാന്തിയിൽ നിന്ന് കൈനീട്ടം കിട്ടും. നാലമ്പലത്തിനകത്തുനിന്നും പുറത്തുകടന്ന് ഭഗവതിയെയും അയ്യപ്പനെയും ശിവനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടന്നാൽ കണിദർശനം മുഴുവനാകും.[12]

മേടമാസത്തിലെ അമാവാസി മുതലുള്ള ഒരുമാസക്കാലമാണ് വൈശാഖമാസം എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ മാധവമാസം എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്.

അക്ഷയതൃതീയ

തിരുത്തുക

വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ തൃതീയ ദിവസമാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ യുധിഷ്ഠിരന്ന് സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും ഭഗീരഥന്റെ തപസ്സിൽ സംപ്രീതയായി ഗംഗാനദി ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി കനകധാരാ സ്തോത്രം ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും.

മറ്റുള്ള വിശേഷങ്ങൾ

തിരുത്തുക

വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും ബുദ്ധപൂർണ്ണിമയുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ അമാവാസിനാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്.

ശ്രീമദ്ഭാഗവതസപ്താഹം

തിരുത്തുക

ശ്രീമദ് ഭാഗവതം ഏഴു ദിവസകൊണ്ട് പാരായണം ചെയ്തു വിശദീകരിക്കുന്ന യജ്ഞമാണ് ഭാഗവത സപ്താഹം. 1159-ൽ ഊട്ടുപുരയിലാണ് ഗുരുവായൂരിലെ ആദ്യത്തെ സപ്താഹം തുടങ്ങിയത്[13]. പിന്നീട് എല്ലാ വർഷവും ക്ഷേത്രത്തിൽ സപ്താഹം നടത്തുന്നുണ്ട്. മൂന്ന് അവസരങ്ങളിലാണ് സപ്താഹങ്ങൾ നടത്താറുള്ളത് - വൈശാഖമാസം, അഷ്ടമിരോഹിണി, മണ്ഡലകാലം. ഇവയിൽ വൈശാഖമാസത്തിൽ നാല് സപ്താഹങ്ങളാണുണ്ടാകുക. അവ ഒന്ന് കഴിയുമ്പോൾ മറ്റേത് എന്ന ക്രമത്തിൽ നടത്തിപ്പോരുന്നു. അഷ്ടമിരോഹിണിയോടനുബന്ധിച്ചുള്ള സപ്താഹമാണെങ്കിൽ, അന്നേദിവസം ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിലാണ് വായിച്ചുപോരുന്നത്. മണ്ഡലകാലത്തിൽ അവസാനത്തെ ഏഴുദിവസമാണ് സപ്താഹമുണ്ടാകുക. കേരളത്തിലെ പ്രശസ്തരായ എല്ലാ ഭാഗവതാചാര്യന്മാരും ഇവയിൽ പങ്കെടുക്കാറുണ്ട്.

സംക്രമസന്ധ്യ

തിരുത്തുക

എല്ലാ മാസാവസാനവും (സംക്രമ ദിവസം) അത്താഴപ്പൂജക്ക്‌ ശേഷം പ്രഭാഷങ്ങളും സാംസ്കാരിക പരിപാടികളും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടത്താറുണ്ട്‌.

നവരാത്രി

തിരുത്തുക

ഇടത്തരികത്തുകാവ് ഭഗവതിയുടെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ (അമാവാസിയുടെ പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്.

ഉപദേവതകളുടെ കലശം

തിരുത്തുക

മിഥുനമാസത്തിൽ ക്ഷേത്രത്തിൽ ശ്രീകോവിലുകളോടുകൂടിയ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് കലശാഭിഷേകം നടത്തുന്നു. കുംഭമാസത്തിലെ ഉത്സവത്തിന് ഉപദേവതകൾക്ക് കലശമില്ലാത്തതിനാൽ അതിന് പകരമാണ് മിഥുനമാസത്തിൽ കലശം. തീപിടുത്തത്തിനുശേഷം 1975-ലാണ് ഈ കലശം തുടങ്ങിയത്. ഉത്സവക്കാലത്തെ കലശത്തോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളും ഇതിനും നടത്തിവരുന്നുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും അടുത്ത ദിവസങ്ങളിൽ ഗണപതിയ്ക്കും അവസാനദിവസങ്ങളിൽ ഭഗവതിയ്ക്കും കലശമാടും. 108 വീതം കലശമാണ് പതിവ്.

കീഴേടങ്ങൾ

തിരുത്തുക

ഗുരുവായൂർ ക്ഷേത്രം ഒരുകാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തിന്റെ കീഴേടമായിരുന്നു.[2] അതിനാൽ അക്കാലത്ത് എന്തുകാര്യത്തിനും ആ ക്ഷേത്രം തന്നെയായിരുന്നു ആശ്രയം. പിന്നീട് തൃക്കണാമതിലകം നശിപ്പിയ്ക്കപ്പെടുകയും ഗുരുവായൂർ ക്ഷേത്രം ലോകപ്രസിദ്ധമാകുകയും ഗുരുവായൂർ ദേവസ്വം രൂപവത്കരിയ്ക്കപ്പെടുകയും ചെയ്തപ്പോൾ ഗുരുവായൂരിനുചുറ്റും സ്ഥിതിചെയ്യുന്ന ഏതാനും ചെറിയ ക്ഷേത്രങ്ങളെ ദേവസ്വത്തിന്റെ നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവന്നു. അവയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കീഴേടങ്ങൾ. ഇപ്പോൾ 12 കീഴേടങ്ങളാണ് ഗുരുവായൂർ ദേവസ്വത്തിനുള്ളത്. ഇവയിൽ രണ്ടെണ്ണമൊഴികെ (വെർമാണൂർ, പൂന്താനം) ബാക്കിയെല്ലാം ഗുരുവായൂരിനുചുറ്റുമാണ് സ്ഥിതിചെയ്യുന്നത്.[2]

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ വടക്കുമാറി മമ്മിയൂർ ജങ്ഷനിൽ, പൊന്നാനിയ്ക്ക് പോകുന്ന വഴിയിൽ സ്ഥിതിചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം. ഉഗ്രദേവതയായ ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ. ചിരിച്ചുകൊട്ടിക്കാവ് എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഇവിടെ നടക്കുന്ന വിചിത്രമായ ഒരു വഴിപാട് കാരണമാണ് ഇതിന് ഈ പേരുവന്നത്. കൈകൊട്ടി പൊട്ടിച്ചിരിയ്ക്കുന്നതാണ് ഈ വഴിപാട്. മേലേക്കാവും കീഴേക്കാവുമായി രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. രണ്ടിടത്തും ഭദ്രകാളി തന്നെയാണ് സങ്കല്പം. ആദ്യകാലത്ത് മമ്മിയൂരിലെ ഞാമെല്ലിയൂർ ഇല്ലത്തിനായിരുന്നു ഈ ക്ഷേത്രത്തിലെ അവകാശം. പിന്നീട് ഞാമെല്ലിയൂർ ഇല്ലം അന്യം നിന്നുപോകുകയും മമ്മിയൂരിലെ പ്രസിദ്ധ നായർ തറവാടായ വാരിയത്ത് വീട്ടുകാർക്ക് ക്ഷേത്രാവകാശം ലഭിയ്ക്കുകയും ചെയ്തു. പിന്നീട് അവർക്ക് നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടാകുകയും അവർ ഗുരുവായൂർ ദേവസ്വത്തിന് ക്ഷേത്രം വിട്ടുകൊടുക്കുകയും ചെയ്തു. പഴയകാല ചലച്ചിത്രനടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജെ. ജയലളിത 2001-ൽ ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. അന്ന് അവർ ഇവിടെ മേലേക്കാവിൽ 51 പവൻ തൂക്കം വരുന്ന ശൂലം വഴിപാടായി കഴിയ്ക്കുകയുണ്ടായി. ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം മകരപ്പത്താണ്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ മകരമാസത്തിലെ പത്താം തീയതി (ഇംഗ്ലീഷ് കലണ്ടറിൽ സാധാരണയായി ജനുവരി 23-24 തീയതികളിൽ) നടത്തപ്പെടുന്നതാണ് ഈ മഹോത്സവം. അന്നു രാത്രി നടക്കുന്ന പാനയും താലപ്പൊലിയുമാണ് ഇതിലെ പ്രധാന ചടങ്ങ്. കൂടാതെ കർക്കടകമാസത്തിൽ ഇല്ലം നിറയും തൃപ്പുത്തരിയും, മേടമാസത്തിൽ വിഷുവേല, വൃശ്ചികമാസത്തിൽ കളമെഴുത്തും പാട്ടും തുടങ്ങിയവയും വിശേഷമാണ്.[2]

ഗുരുവായൂർ ക്ഷേത്രത്തിന് രണ്ടര കി.മീറ്റർ വടക്കുമാറി പൊന്നാനി റൂട്ടിൽ താമരയൂർ ദേശത്ത് സ്ഥിതിചെയ്യുന്ന രണ്ട് ക്ഷേത്രങ്ങളാണ് ശ്രീകണ്ഠപുരം മഹാവിഷ്ണുക്ഷേത്രവും താമരയൂർ അയ്യപ്പക്ഷേത്രവും.[2] പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ഈ ക്ഷേത്രങ്ങൾക്ക് മുന്നിലായി അതിവിശാലമായ ക്ഷേത്രക്കുളവും കാണാം. പ്രദേശത്തുണ്ടായിരുന്ന ഒരു നമ്പൂതിരി കുടുംബത്തിന്റെ വകയായിരുന്ന ഈ രണ്ട് ക്ഷേത്രങ്ങളും 1989-ലാണ് ദേവസ്വം ഏറ്റെടുത്തത്. അഷ്ടമിരോഹിണി, മണ്ഡലവിളക്ക് തുടങ്ങിയവയാണ് രണ്ടിടത്തും പ്രധാന ആഘോഷങ്ങൾ.

ഗുരുവായൂർ നിന്നു തൃശ്ശൂർക്കുള്ള വഴിയിൽ ഗുരുവായൂരിൽ നിന്നും പതിനാറു കിലോമീറ്റർ അകലെ മുണ്ടൂരിലാണ് ഈ ക്ഷേത്രം. പടിഞ്ഞാറോട്ടാണ് ദർശനം. ഉപദേവതകളായി ഗണപതി, ശിവൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിന് ഏതാണ്ട് നേർരേഖയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തന്മൂലം, ഗുരുവായൂരപ്പനും അഞ്ഞൂരിലെ അയ്യപ്പനും പരസ്പരാഭിമുഖമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുംഭമാസത്തിലെ തിരുവാതിരയ്ക്ക് അയ്യപ്പൻ ഗുരുവായൂരിൽ ആറാട്ടിനു പോയിരുന്നുവെന്നും ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് ഇത് നിന്നതെന്നും വിശ്വസിക്കുന്നു.[2] മണ്ഡലകാലമാണ് പ്രധാനം.

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കുനിശ്ശേരിയിലെ പാറക്കുളത്താണ് ഈ ശിവക്ഷേത്രം[2]. ഗുരുവായൂരിൽനിന്ന് 70 കിലോമീറ്റർ വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്നു. പടിഞ്ഞാറോട്ട് ദർശനമായി ശിവൻ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രേശന്റെ രൗദ്രഭാവം കുറയ്ക്കാൻ നടയ്ക്കുമുമ്പിൽ കുളം കുഴിച്ചുവച്ചിരിയ്ക്കുന്നു. ഈ കുളത്തിന്റെ പേരാണ് പാറക്കുളം. ഗുരുവായൂരപ്പന് ആറാട്ടുസമയത്ത് കൊടുക്കുന്ന ചാന്ത് കൊണ്ടുവരുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. പണ്ടുകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ കാര്യങ്ങൾക്കുള്ള നെല്ല് കൊണ്ടുവന്നിരുന്നത് ഇവിടെയടുത്തുള്ള പാടങ്ങളിൽ നിന്നാണ്. ഇതാണ് പിൽക്കാലത്ത് ക്ഷേത്രം ക്ഷയിച്ചപ്പോൾ ഗുരുവായൂർ ദേവസ്വം ഏറ്റെടുക്കാനുള്ള കാരണം. ശിവരാത്രിയാണ് പ്രധാന ആഘോഷം.

ഗുരുവായൂർ-പാവറട്ടി-തൃശ്ശൂർ വഴിയിൽ ഗുരുവായൂർ നിന്ന് 9 കി.മീറ്റർ അകലെ പെരുവല്ലൂരിലാണ് ശ്രീകൃഷ്ണപ്രതിഷ്ഠയുള്ള ഈ ക്ഷേത്രം.[2] ചെറുഗുരുവായൂർ എന്നൊരു വിശേഷനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിനുമുന്നിലും വലിയൊരു ആൽമരവും അതിനു ചുവട്ടിൽ ഗരുഡന്റെയും പൂന്താനത്തിന്റെയും പ്രതിമകളും കാണാം. പടിഞ്ഞാറോട്ടാണ് ദർശനം. മേലേടത്തിലേതുപോലെ ചതുർബാഹുവായ വിഷ്ണുവിനെ ശ്രീകൃഷ്ണനാക്കി സങ്കല്പിച്ച് പൂജിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരുമുണ്ട്. ശ്രീകൃഷ്ണപ്രതിഷ്ഠയായതിനാൽ അഷ്ടമിരോഹിണിയാണ് പ്രധാനം.

ഗുരുവായൂരുനിന്ന് എട്ടു കിലോമീറ്റർ വടക്കുകിഴക്കുമാറി, കുന്നംകുളം പട്ടണത്തിൽ തൃശ്ശൂർ റോഡിലാണ് ഈ ക്ഷേത്രം. ക്ഷേത്രപരിസരത്തായി അതിമനോഹരമായ ഒരു ശിവപ്രതിമയും മുന്നിൽ നന്ദിയുടെ ഒരു ശില്പവും കാണാം. 2018-ലാണ് ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്. ചുറ്റമ്പലത്തിനകത്ത് രണ്ട് ശ്രീകോവിലുകളുണ്ട് ഇവിടെ. തെക്കുഭാഗത്തുള്ളത് സ്വയംഭൂലിംഗമാണ്, മറ്റേതിൽ പ്രതിഷ്ഠാലിംഗവും. ഒരേ പൂജാരി തന്നെ രണ്ടിടത്തും പൂജ ചെയ്യുന്നു.[2] കിഴക്കോട്ട് ദർശനമായാണ് ഇരുപ്രതിഷ്ഠകളും കുടികൊള്ളുന്നത്. ശിവരാത്രിയാണ് പ്രധാന ആഘോഷം. ഇതിനടുത്ത് ദേവസ്വം ശിവശക്തി എന്നപേരിൽ ഒരു ഓഡിറ്റോറിയം പണിതിട്ടുണ്ട്.

ഗുരുവായൂർ നിന്ന് മൂന്നര കി.മീറ്റർ അകലെ പുന്നത്തൂരിലാണ് ഈ ക്ഷേത്രങ്ങൾ. 1975ൽ ദേവസ്വം വാങ്ങിയതാണിത്. സാമൂതിരിയുടെ സാമന്തനായിരുന്ന പുന്നത്തൂർ രാജാവിന്റെ കൊട്ടാരം ഇവിടെയായിരുന്നു. ക്ഷേത്രത്തിൽ ആനകളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോൾ ഇന്ന് പാഞ്ചജന്യം, ശ്രീവത്സം റസ്റ്റ് ഹൗസുകൾ നിലകൊള്ളുന്ന സ്ഥലത്ത് (പഴയ കോവിലകപ്പറമ്പിൽ, പണ്ട് അവിടെയാണ് ആനകളെ പാർപ്പിച്ചിരുന്നത്) സ്ഥലക്കുറവ് അനുഭവപ്പെടുകയും തുടർന്ന് ഈ സ്ഥലം സ്വന്തമാക്കി അവിടെ ആനകളെ പാർപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഗജരാജൻ ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ആനകളുടെ ഒരു ഘോഷയാത്രയായിരുന്നു പുതിയ താവളത്തിലേയ്ക്ക്. പുന്നത്തൂർക്കോട്ടയ്ക്കകത്തുതന്നെയാണ് ഈ രണ്ട് ക്ഷേത്രങ്ങളും.

10 ഏക്കർ വിസ്തീർണ്ണത്തിലാണ് ഈ സ്ഥലം. പ്രധന പ്രതിഷ്ഠകൾ ശിവനും വിഷ്ണുവും ഭഗവതിയുമാണ്. ശിവക്ഷേത്രം തെക്കേ അമ്പലം എന്നും ഭഗവതിക്ഷേത്രം പാതിക്കോട്ടുകാവ് എന്നും അറിയപ്പെടുന്നു.[2] തെക്കേ അമ്പലത്തിൽ ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ട് ദർശനം. ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. മതിൽക്കെട്ടിനകത്തുതന്നെയാണ് ഭഗവതിക്ഷേത്രം. ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠ ഭദ്രകാളിയാണ്. പടിഞ്ഞാട്ട് ദർശനം. ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി എന്നിവയെല്ലാം ഇവിടെ ആഘോഷിയ്ക്കപ്പെടുന്നു.

ഗുരുവായൂരിന് നാലു കിലോമീറ്റർ തെക്കുകിഴക്ക് നെന്മിനിയിലാണ് 500 മീറ്റർ അകലത്തിലായുള്ള ഈ ക്ഷേത്രങ്ങളുള്ളത്. ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനയുടെ വകയായിരുന്നു ഈ രണ്ട് ക്ഷേത്രങ്ങൾ. 1989-ലാണ് ഇവ ഗുരുവായൂർ ദേവസ്വത്തിന് കൈമാറിയത്.[2] കേരളത്തിൽ ശ്രീകൃഷ്ണസഹോദരനായ ബലരാമൻ മുഖ്യപ്രതിഷ്ഠയായ അപൂർവം ക്ഷേത്രങ്ങളിലൊന്നായ നെന്മിനി ക്ഷേത്രം തന്മൂലം നിരവധി ഭക്തരെ ആകർഷിയ്ക്കുന്നു. യഥാർത്ഥത്തിൽ ഇവിടെയും പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവാണ്. ബലരാമസങ്കല്പം കാണിയ്ക്കുന്നത് കൃഷിയുമായുള്ള ബന്ധമാണ്. കിഴക്കോട്ട് ദർശനം നൽകിയാണ് ബലരാമനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ എന്നിവരാണ് ഇവിടെ ഉപദേവതകൾ. അഷ്ടമിരോഹിണിദിവസം മേലേടത്തേയ്ക്ക് ബലരാമന്റെ എഴുന്നള്ളിപ്പുണ്ടാകാറുണ്ട്. അനുജന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ജ്യേഷ്ഠൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. ബലരാമജയന്തിദിവസമായ അക്ഷയതൃതീയയും ഇവിടെ ഗംഭീരമായി ആഘോഷിയ്ക്കുന്നു. അന്ന് ഗുരുവായൂരപ്പൻ ഇങ്ങോട്ടും എഴുന്നള്ളാറുണ്ട്. ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥർക്കുള്ള ഫ്ലാറ്റുകൾ ഈ ക്ഷേത്രത്തിന് മുന്നിലാണ്.

ബലരാമക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ തെക്കുമാറി, നെന്മിനി മന നിന്നിരുന്ന പറമ്പിലാണ് അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത്. നെന്മിനി മനപ്പറമ്പിലെ ക്ഷേത്രമായതിനാൽ ഇത് ഒരു കുടുംബക്ഷേത്രമായിരുന്നെന്ന് വ്യക്തമാക്കാം. സാധാരണയിലും ഉയരത്തിൽ നിൽക്കുന്ന ഒരു പീഠത്തിലാണ് ഇവിടെ ശ്രീകോവിൽ. അയ്യപ്പൻ എന്നാണ് പറയുന്നതെങ്കിലും ഇവിടെ യഥാർത്ഥത്തിൽ പ്രതിഷ്ഠ പൂർണാപുഷ്കലാസമേതനായ ധർമ്മശാസ്താവാണ്. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശാസ്താവിന് ഉപദേവതകളായി ഗണപതി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മണ്ഡലകാലമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം.

പുരാതനകേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂരിൽ നിന്നും ആറു കി.മീറ്റർ അകലെ പുന്നത്തൂർ കോട്ടയ്ക്കടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[2] കിഴക്കോട്ട് ദർശനമായ ഇവിടത്തെ ഭഗവതി ശ്രീകൃഷ്ണസഹോദരിയാണെന്ന് പറയപ്പെടുന്നു. ചതുർബാഹുവായ കാർത്ത്യായനീദേവിയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ ചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവിയുടെ മുന്നിലെ ഇടതുകൈ അരയിൽ കുത്തിനിൽക്കുന്ന രൂപത്തിലാണ്; മുന്നിലെ വലതുകൈ അഭയമുദ്രയോടെയും. കോകസന്ദേശത്തിൽ അൻപിൽ കുമ്പിട്ടചലതനയാം പിന്നെ നീ പോകപോനാൽ എന്നുതുടങ്ങുന്ന വരികളിൽ പരാമർശിയ്ക്കപ്പെടുന്നത് ഇവിടത്തെ ദേവിയാണെന്ന് പറയപ്പെടുന്നു. ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. മകം തൊഴൽ, നവരാത്രി, തൃക്കാർത്തികവിളക്ക് എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. ഗുരുവായൂർ ദേവസ്വം വകയുള്ള മൂന്ന് ഗോശാലകളിലൊന്ന് ഈ ക്ഷേത്രത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്.

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ-നിലമ്പൂർ വഴിയിൽ ഗുരുവായൂർ നിന്ന് 60 കി.മീറ്റർ അകലെ കീഴാറ്റൂരിനടുത്ത് പൂന്താനം മനയ്ക്ക് സമീപമാണ് ഈ വിഷ്ണുക്ഷേത്രം. വിഷ്ണുവാണ് പ്രതിഷ്ഠയെങ്കിലും ജ്ഞാനപ്പാനയുടെ കർത്താവ് പൂന്താനം നമ്പൂതിരി ആരാധിച്ചിരുന്ന ശ്രീകൃഷ്ണഭഗവാനാണ് ഏറെ പ്രശസ്തി. പ്രായാധിക്യത്തെത്തുടർന്ന് പൂന്താനത്തിന് ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ അദ്ദേഹം മനസ്സിൽ കണ്ടതനുസരിച്ച് പ്രതിഷ്ഠിച്ചതാണ് ഇവിടെയുള്ള ഉണ്ണിക്കണ്ണനെ. പൂന്താനം നമ്പൂതിരിയുടെ പിന്തുടർച്ചക്കാർ 1993-ൽ ഈ ക്ഷേത്രം ഗുരുവായൂർ ദേവസ്വത്തിന് കൈമാറി.[2] പടിഞ്ഞാറ് ദർശനം നൽകുന്ന അപൂർവം വിഷ്ണുക്ഷേത്രങ്ങളിലൊന്നാണ് ഇത്. മഹാവിഷ്ണുവിന്റെ ഇടതുവശത്ത്, ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന രൂപത്തിലാണ് ശ്രീകൃഷ്ണപ്രതിഷ്ഠ. ഈ പ്രതിഷ്ഠയെ പൂന്താനം വാമപുരാധീശൻ എന്നാണ് വിളിച്ചിരുന്നത്. ഉപദേവകളായി ഗണപതിയും നാഗദൈവങ്ങളുമുണ്ട്. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, വിഷു, പൂന്താനദിനം, നവരാത്രി തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങൾ.

പൂന്താനം ഇല്ലം

തിരുത്തുക

പെരിന്തൽമണ്ണ-നിലമ്പൂർ റോഡിന്റെ ഇരുവശങ്ങളിലായാണ് നിലവിൽ പൂന്താനം ഇല്ലവും ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഇല്ലം വകയായി ആദ്യമേയുണ്ടായിരുന്ന വിഷ്ണുക്ഷേത്രത്തിൽ പൂന്താനം നമ്പൂതിരി കൃഷ്ണനെക്കൂടി പ്രതിഷ്ഠിയ്ക്കുകയായിരുന്നു. റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വഴിയിൽക്കൂടി ഏകദേശം അര കിലോമീറ്റർ നടന്നാലേ ഇല്ലത്തെത്താൻ സാധിയ്ക്കൂ. ചുറ്റും ധാരാളം മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു പറമ്പിലാണ് ഇല്ലം സ്ഥിതിചെയ്യുന്നത്. നിലവിൽ ഒരു നാലുകെട്ടും സമീപം ഒരു പത്തായപ്പുരയും അതിനടുത്തായി ഒരു സ്റ്റേജുമാണ് കാണപ്പെടുന്നത്. കേരളീയ നിർമ്മാണശൈലിയുടെ മകുടോദാഹരണമാണ് പൂന്താനം ഇല്ലം. ഇതിന് പുറത്തുള്ള ഒരു പീഠത്തിൽ ശ്രീകൃഷ്ണഭഗവാന്റെ ഒരു വിഗ്രഹം കാണാം. പൂന്താനത്തെ ഉടലോടെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയത് ഈ പ്രദേശത്തുവച്ചാണെന്ന് പറയപ്പെടുന്നു. തന്മൂലം, ഈ സ്ഥാനത്തിന് വളരെയധികം പവിത്രത കല്പിച്ചുവരുന്നു. ഇവിടെയുള്ള തേവാരപ്പുരയിൽ തിരുമാന്ധാംകുന്ന് ഭഗവതിയുടെ പ്രതിഷ്ഠയുണ്ട്. പൂന്താനം ഇല്ലത്തിന്റെ പരദേവതയായിരുന്നു തിരുമാന്ധാംകുന്നിലമ്മ. വാർദ്ധക്യത്തിൽ വസൂരി വന്ന് തളർന്നുപോയ പൂന്താനം, തിരുമാന്ധാംകുന്നിലമ്മയെ സ്തുതിച്ച് ഘനസംഘം എന്ന പ്രസിദ്ധ കാവ്യം രചിച്ച് രോഗമുക്തനായി എന്നൊരു കഥ പ്രചാരത്തിലുണ്ട്. നിത്യവും ഭഗവതിയ്ക്ക് രണ്ടുപൂജകളുണ്ടാകാറുണ്ട്. ഇവിടെ വിദ്യാരംഭം കുറിയ്ക്കുന്നത് അതിവിശേഷമായി കണക്കാക്കിവരുന്നു. തന്മൂലം വിജയദശമിനാളിൽ ഇവിടെ വൻ തിരക്കാണുണ്ടാകാറുള്ളത്. പൂന്താനദിനത്തോടനുബന്ധിച്ചും ഇവിടെ ധാരാളം പരിപാടികൾ നടക്കാറുണ്ട്.

മറ്റു സ്ഥാപനങ്ങൾ

തിരുത്തുക

പുസ്തക വില്പനശാല, മതപുസ്തകശാല, ക്ഷേത്രകലാ പഠനശാല, ചുമർച്ചിത്രപഠനശാല, മ്യൂസിയം, മെഡിക്കൽ സെന്റർ, മേൽപ്പത്തൂർ സ്മരക ആയുർവേദ ആസ്പത്രി, ശ്രീകൃഷ്ണാ കോളേജ്, ശ്രീകൃഷ്ണാ ഹയർ സെക്കൻഡറി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, അമ്പാടി ഹൗസിങ് കോംപ്ലക്സ് എന്നിങ്ങനെ കുറേ സ്ഥാപനങ്ങൾ ദേവസ്വം നടത്തുന്നു.

പുന്നത്തൂർ ആനക്കോട്ട

തിരുത്തുക

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തർ നടക്കിരുത്തുന്ന ആനകളെ സംരക്ഷിക്കുന്നതിനു ഗുരുവായൂർ ദേവസ്വം നടത്തുന്ന കേന്ദ്രമാണ് പുന്നത്തൂർ കോട്ട. ക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കോട്ട്‌ മാറിയാണ് ഈ ആനതാവളം. 1975-ലാണ് ഗുരുവായൂർ ദേവസ്വം ഈ 10 ഏക്കർ സ്ഥലം വാങ്ങിയത്. ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ഘോഷയാത്രയായി എല്ലാ ആനകളെയും പുന്നത്തൂർ കോട്ടയിലേക്ക് മാറ്റി. ഇവിടെ ഇപ്പോൾ 52 ആനകളെ സംരക്ഷിക്കുന്നുണ്ട്. കർക്കിടകമാസത്തിൽ ആനകൾക്ക് ഇവിടെ സുഖചികിത്സ നടത്തുന്നു.

വൃന്ദാവനം എസ്റ്റേറ്റ്

തിരുത്തുക

മലപ്പുറം ജില്ലയിലെ വേങ്ങാട് ഗുരുവായൂർ ദേവസ്വത്തിന്റെ 100 ഏക്കറിലാണ് വൃന്ദാവനം എസ്റ്റേറ്റ്. പനക്ക് പുറമേ തെങ്ങ്, കശുവണ്ടി തുടങ്ങിയ മറ്റു കാർഷിക ഉൽപ്പന്നങ്ങളും ഇവിടെ ഉണ്ടാക്കുന്നുണ്ട്. വൃന്ദാവനം എസ്റ്റേറ്റിനടുത്ത് 25 ഏക്കറിൽ ഗോകുലം സ്ഥിതിചെയ്യുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിക്കുന്ന പശുക്കളെ ഗോകുലത്തിലാണ് സംരക്ഷിക്കുന്നത്. ഇവിടെ ആയിരത്തോളം പശുക്കളെ സംരക്ഷിക്കുന്നു.

സമീപക്ഷേത്രങ്ങൾ

തിരുത്തുക

ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവുമധികം ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായി ഏതാണ്ട് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുന്നംകുളം റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഐതിഹ്യപ്രകാരം ഗുരുവായൂരപ്പപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച ശിവൻ തൊട്ടടുത്തുള്ള മമ്മിയൂരിൽ പാർവ്വതീസമേതനായി സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നു. ഗുരുവായൂർ തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ ഗുരുവായൂരിൽ പോകുന്ന എല്ലാ ഭക്തരും ഇവിടെയും ദർശനം നടത്തണം എന്നാണ് ആചാരം. അതിന് കഴിയാത്തവർ ഭഗവതിയെ തൊഴുത് പ്രദക്ഷിണം വയ്ക്കുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു. പുരാതന കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ ഇവിടെ പാർവ്വതീസമേതനും സ്വയംഭൂവുമായ ശിവനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവുമുണ്ട്. ഈ മഹാവിഷ്ണു ഗുരുവായൂരപ്പൻ തന്നെയാണ് എന്നാണ് സങ്കല്പം. കൂടാതെ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ചെറുരക്ഷസ്സ് എന്നീ ഉപദേവതകൾക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ഇതിൽ ആദിപരാശക്തിയായ ഭദ്രകാളി പ്രത്യേക പ്രാധാന്യത്തോടെ ശ്രീകോവിലിൽ കാവിൽ നാഗദൈവങ്ങൾക്ക് സമീപം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിക്കുന്നു. ഉഗ്രമൂർത്തിയായ ഈ ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് പുറത്താണ്. മൂന്ന് പൂജകളുള്ള ഈ ക്ഷേത്രത്തിന്റെ തന്ത്രാധികാരം ഗുരുവായൂർ തന്ത്രിമാരായ പുഴക്കര ചേന്നാസ് നമ്പൂതിരിമാർക്കു തന്നെയാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഗുരുവായൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള പാർത്ഥസാരഥിക്ഷേത്രം. പാർത്ഥസാരഥിയായ ശ്രീകൃഷ്ണനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. ആദിശങ്കരാചാര്യരാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിയ്ക്കുന്നു. ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ തകർക്കപ്പെട്ട ഈ ക്ഷേത്രം ഒരുപാടുകാലം ആരാലും തിരിഞ്ഞുനോക്കപ്പെടാതെ കിടന്നു. ഒടുവിൽ, ഭാഗവതകുലപതി തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയാണ് ക്ഷേത്രം പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്തിയത്. ഇന്ന് ക്ഷേത്രം ഒരുപാടുപേരുടെ ശ്രദ്ധയാകർഷിച്ചുവരികയാണ്. തേരിന്റെ ആകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടെയുള്ളത്. തേരിന്റെ ചക്രങ്ങളും കുതിരകളുമടക്കം അതേ പടി നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്. പാർത്ഥസാരഥിയായ ഭഗവാൻ ഒരു കയ്യിൽ ചമ്മട്ടിയും മറ്റേ കയ്യിൽ ശംഖും ധരിച്ചിട്ടുണ്ട്. മൂന്നടിയോളം ഉയരം വരുന്ന വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നവഗ്രഹങ്ങൾ, ബ്രഹ്മരക്ഷസ്സ്, ആദിശങ്കരാചാര്യർ എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ധനുമാസത്തിൽ രോഹിണിനാളിൽ കൊടികയറി ആറുദിവസമാണ് ക്ഷേത്രോത്സവം. ഗീതാദിനം കൂടിയായ ഗുരുവായൂർ ഏകാദശി നാളിൽ ഉച്ചയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഈ ക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പുണ്ടാകും. വൈകുന്നേരം തിരിച്ച് രഥമെഴുന്നള്ളിപ്പും. അഷ്ടമിരോഹിണി, ശങ്കരജയന്തി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രധാന ആഘോഷങ്ങൾ.

ഗുരുവായൂരിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് 'കേരള തിരുപ്പതി' എന്നറിയപ്പെടുന്ന തിരുവെങ്കടാചലപതിക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഗുരുവായൂർ റെയിൽവേ സ്റ്റേഷനും പാർത്ഥസാരഥിക്ഷേത്രത്തിനും തൊട്ടടുത്താണ് ഈ ക്ഷേത്രം. മഹാവിഷ്ണുവിന്റെ മറ്റൊരു ഭാവമായ തിരുപ്പതി വെങ്കടേശ്വരനും ഭദ്രകാളിയുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന്റെ പേര് 'തിരുവെങ്കടം' (മലയാളത്തിൽ തെറ്റായി 'തിരുവെങ്കിടം' എന്നെഴുതിവരുന്നു) എന്നാണ്. ആ പേര് വരാൻ തന്നെ കാരണം ഈ ക്ഷേത്രമാണ്. ഭാരതീയ വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിലെ ശുക്രനക്ഷത്രമായ രാമാനുജാചാര്യർ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്ന് വിശ്വസിച്ചുവരുന്നു. വെങ്കടാചലപതി പ്രതിഷ്ഠ കഴിഞ്ഞാണ് ഭദ്രകാളി പ്രതിഷ്ഠയുണ്ടായത്. ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ ക്ഷേത്രവും ഇവിടത്തെ മുൻ വിഗ്രഹവും തകർക്കപ്പെട്ടിരുന്നു. മുൻ വിഗ്രഹം തലയും വലതുകയ്യും നഷ്ടപ്പെട്ട നിലയിൽ വികൃതമായിക്കിടക്കുകയായിരുന്നു. അതിനാൽ, ആരുടെ വിഗ്രഹമാണ് അതെന്നുപോലും ആർക്കും പിടിയുണ്ടായിരുന്നില്ല. അക്കാലത്ത്, ഇതൊരു ഭഗവതിക്ഷേത്രമായി അറിയപ്പെട്ടു. 1974-ൽ നടന്ന ദേവപ്രശ്നത്തിലാണ് ക്ഷേത്രത്തിലെ വെങ്കടാചലപതിസാന്നിദ്ധ്യം കണ്ടുപിടിച്ചത്. തുടർന്ന്, തിരുപ്പതിയിലെ പെരിയ ജീയർ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ചതുർബാഹു വെങ്കടാചലപതിവിഗ്രഹം നിർമ്മിച്ച് 1977-ൽ അന്നത്തെ ഗുരുവായൂർ വലിയ തന്ത്രി പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ വെങ്കടാചലപതിപ്രതിഷ്ഠ നടന്നു. ഇന്ന് വെങ്കടാചലപതിയ്ക്കും ഭഗവതിയ്ക്കും തുല്യപ്രാധാന്യമാണ്. വെങ്കടാചലപതി കിഴക്കോട്ട് ദർശനമായും ഭഗവതി പടിഞ്ഞാട്ട് ദർശനമായും കുടികൊള്ളുന്നു. ഗണപതി, അയ്യപ്പൻ, സരസ്വതി, നാഗദൈവങ്ങൾ, രാമാനുജാചാര്യർ എന്നിവരാണ് ഉപദേവതകൾ. മേടമാസത്തിൽ നടക്കുന്ന ബ്രഹ്മോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കൂടാതെ മകരച്ചൊവ്വ, നവരാത്രി, അയ്യപ്പൻ വിളക്ക് തുടങ്ങിയവയും പ്രധാന ഉത്സവങ്ങളാണ്.

ഗുരുവായൂർ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കിടക്കുന്ന ക്ഷേത്രമാണ് ചാമുണ്ഡേശ്വരി ക്ഷേത്രം. താരതമ്യേന പഴക്കം കുറഞ്ഞ ക്ഷേത്രമാണിത്. മൈസൂരുവിലെ പ്രസിദ്ധമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ് ഇവിടെയും. ചോറ്റാനിക്കരയിലേതുപോലെ ഇവിടെയും മേലേക്കാവും താഴേക്കാവുമുണ്ട്. രണ്ടിടത്തും ചാമുണ്ഡേശ്വരിപ്രതിഷ്ഠ തന്നെയാണ്. മേലേക്കാവിലെ ഭഗവതിയ്ക്ക് പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയാണെങ്കിൽ താഴേക്കാവിൽ ഒരു കരിങ്കൽപീഠം മാത്രമേയുള്ളൂ. രണ്ട് പ്രതിഷ്ഠകളും കിഴക്കോട്ട് ദർശനമായാണ്. ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, കരിങ്കാളി, യക്ഷിയമ്മ, തമ്പുരാൻ എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഒമ്പതുദിവസവും ക്ഷേത്രത്തിൽ പ്രധാനമാണ്.

ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പാവറട്ടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് പെരുന്തട്ട മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്ന മറ്റൊരു ദേവാലയമാണിത്. മമ്മിയൂരിലേതുപോലെ ഇവിടെയും പാർവ്വതീസമേതനായ ശിവനാണ് പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, മഹാവിഷ്ണു, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഭദ്രകാളി തുടങ്ങിയവരുമുണ്ട്. ഒരുകാലത്ത് ഭക്തജനങ്ങൾ ധാരാളമുണ്ടായിരുന്ന ഈ ക്ഷേത്രവും ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ തകർന്നിരുന്നു. തുടർന്ന് ഏറെക്കാലം അനാഥമായിക്കിടന്ന ഈ ക്ഷേത്രം പിന്നീട് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ പുനർനിർമ്മിയ്ക്കുകയായിരുന്നു. ഇന്ന് ഗുരുവായൂരിൽ വരുന്ന ഭക്തർ ഇവിടെയും ധാരാളമായി വന്നുപോകുന്നുണ്ട്. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. അടുത്ത കാലത്ത് ശിവരാത്രിയോടനുബന്ധിച്ച് തുടങ്ങിയ അതിരുദ്രമഹായജ്ഞം നിരവധി ഭക്തരെ ആകർഷിയ്ക്കുന്നുണ്ട്. കൂടാതെ ധനുമാസത്തിൽ തിരുവാതിരയും ക്ഷേത്രത്തിൽ പ്രധാന ദിവസമാണ്. [14]

ഗുരുവായൂരിൽ നിന്ന് 4 കിലോമീറ്റർ വടക്കുകിഴക്കുമാറി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചൊവ്വല്ലൂർ ശിവക്ഷേത്രം. ശിവകുടുംബസാന്നിദ്ധ്യം കൊണ്ട് ധന്യമായ ഈ ക്ഷേത്രത്തിൽ മുഖ്യപ്രതിഷ്ഠകൾ ശിവനും പാർവ്വതിയുമാണ്. നൂറ്റെട്ട് ശിവാലയങ്ങളിൽ വരുന്ന ഈ ക്ഷേത്രത്തിൽ ഒരേ ശ്രീകോവിലിൽ പടിഞ്ഞാട്ട് ദർശനമായി ശിവനും കിഴക്കോട്ട് ദർശനമായി പാർവ്വതിയും കുടികൊള്ളുന്നു. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ദക്ഷിണാമൂർത്തി, ഹനുമാൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, നവഗ്രഹങ്ങൾ, സിംഹോദരൻ, തിരുവമ്പാടി കൃഷ്ണൻ എന്നിവരും ക്ഷേത്രത്തിലുണ്ട്. ഇവിടെ പ്രധാന ആഘോഷങ്ങൾ ശിവരാത്രിയും തിരുവാതിരയുമാണ്. തിരുവാതിരയോടനുബന്ധിച്ച് പന്ത്രണ്ടുദിവസം പാർവ്വതീദേവിയ്ക്ക് പട്ടും താലിയും ചാർത്തൽ പ്രധാന വഴിപാടാണ്. കന്നിമാസത്തിൽ വിജയദശമി മുതൽ തിരുവാതിര വരെ നീളുന്ന ദശലക്ഷദീപോത്സവവും വളരെ പ്രധാനമാണ്.

ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ കിഴക്കുമാറി തൃശ്ശൂർ റോഡിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ തന്നെ സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് ശ്രീഹരികന്യകാക്ഷേത്രം. മഹാവിഷ്ണുവിന്റെ മോഹിനീരൂപമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഐതിഹ്യപ്രകാരം പറയിപെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന അരിയന്നൂർ ഗ്രാമത്തിന്റെ പേര് 'ഹരികന്യകാപുരം' ലോപിച്ചുണ്ടായതാണെന്ന് വിശ്വസിച്ചുവരുന്നു. പ്രധാന പ്രതിഷ്ഠയായ ശ്രീഹരികന്യകാദേവി കിഴക്കോട്ട് ദർശനമായി വാഴുന്നു. ഉപദേവതകളായി ഗണപതി, ശിവൻ, ശാസ്താവ്, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു. മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവം. ഇതിന് പിടിയാനകളേ പാടുള്ളൂ എന്നാണ് ചിട്ട.

ഗുരുവായൂർ ക്ഷേത്രവും വിവാഹവും

തിരുത്തുക

കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. വിവാഹങ്ങൾ എത്ര കണ്ടാലും ഗുരുവായൂരപ്പന് മതിയാകില്ലെന്നാണ് ഐതീഹ്യം. പൊതുവേ ലളിതമായ ചടങ്ങുകൾ മാത്രമേ ഗുരുവായൂരിൽ നടക്കുന്ന വിവാഹങ്ങൾക്ക് ഉണ്ടാകാറുള്ളു. ഗുരുവായൂരിൽ വിവാഹം നടത്താൻ മുഹൂർത്തമോ സമയമോ വേണ്ട എന്നാണ് സങ്കല്പം. ഗുരുവായൂർ ക്ഷേത്രത്തിലെ നട തുറന്നിരിക്കുന്ന ഏതു സമയവും വിവാഹം നടത്താം. നൂറുകണക്കിന് വിവാഹങ്ങളാണ് വിശേഷ മുഹൂർത്തങ്ങളുള്ള ദിനങ്ങളിൽ നടക്കാറ്. ഭഗവാന് പ്രിയപ്പെട്ട തുളസി കൊണ്ടുള്ള മാലയാണ് വിവാഹത്തിന് ചാർത്താൻ ഉപയോഗിക്കാറുള്ളത്. വിവാഹം കഴിഞ്ഞ ഉടനെ ദമ്പതികൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല. അതിനാൽ, വിവാഹത്തിന് മുൻപോ തലേ ദിവസമോ ഭഗവാനെ തൊഴുത് അനുഗ്രഹം തേടിയിട്ടാണ് വധൂവരന്മാർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള വിവാഹമണ്ഡപത്തിൽ പ്രവേശിക്കുക. ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ മംഗളകരമായ ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ, ദാമ്പത്യ ജീവിതത്തിലൂടെ നീളം ഗുരുവായൂരപ്പന്റെ കടാക്ഷവും ലഭിക്കുമെന്നും സങ്കല്പം ഉണ്ട്. വിവാഹശേഷം വർഷം തോറുമോ മാസം തോറുമോ മുടങ്ങാതെ ഗുരുവായൂർ ദർശനം നടത്തുന്ന ദമ്പതിമാരുമുണ്ട്. ഗുരുവായൂരിലെ കൃഷ്ണനാട്ടം വഴിപാട് വളരെ പ്രസിദ്ധമാണ്. വിവാഹതടസ്സം മാറുന്നതിനും സന്താനസിദ്ധിക്കും ധാരാളം പേർ കൃഷ്ണനാട്ടം വഴിപാട് നടത്താറുണ്ട്. വിവാഹവുമായി ബന്ധപെട്ടു ചിലർ ലക്ഷ്മിനാരായണ പൂജ, മമ്മിയൂർ ക്ഷേത്രത്തിൽ ഉമാമഹേശ്വര പൂജ, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവ നടത്താറുണ്ട്.

ചിത്രശാല

തിരുത്തുക

പ്രശസ്തരായ ഭക്തന്മാർ

തിരുത്തുക

ദർശന സമയം

തിരുത്തുക

*അതിരാവിലെ 3 am മുതൽ ഉച്ചക്ക് 1.30 pm വരെ.

*വൈകുന്നേരം 4.30 pm മുതൽ രാത്രി 9.30 വരെ.

*വിശേഷ ദിവസങ്ങളിൽ ദർശന സമയം വ്യത്യാസപ്പെടാം.

എത്തിച്ചേരാനുള്ള വഴി

തിരുത്തുക
  • സർക്കാർ, സ്വകാര്യ ബസുകൾ ഉൾപ്പടെ ധാരാളം ബസുകൾ ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്നുണ്ട്.
  • തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 25 കി.മി ദൂരം. ഏതാണ്ട് 45 മിനിറ്റ് യാത്ര. തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ധാരാളം ബസ് സർവീസുകൾ ലഭ്യമാണ്.
  • എറണാകുളത്ത് നിന്നും 83 കി.മി. (NH 66 വഴി). കൊടുങ്ങല്ലൂർ, തൃപ്രയാർ വഴി. ധാരാളം ബസ് സർവീസുകളും ലഭ്യമാണ്.
  • കൊടുങ്ങല്ലൂർ നിന്നും 48 കി.മി. (NH 66 വഴി)
  • കോഴിക്കോട് നിന്നും തിരൂർ വഴി ഗുരുവായൂർ ഏകദേശം 120 കിലോമീറ്റർ.
  • ട്രെയിൻ മാർഗം നേരിട്ട് ഗുരുവായൂരിൽ എത്തിച്ചേരാൻ സാധിക്കും.
  • ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - ഗുരുവായൂർ സ്റ്റേഷൻ
  • അടുത്തുള്ള മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകൾ - തൃശ്ശൂർ, കുറ്റിപ്പുറം
  • ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്സ്‌, തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി, പുനലൂർ ഗുരുവായൂർ എക്സ്പ്രസ്സ്‌, തൃശൂർ ഗുരുവായൂർ പാസഞ്ചർ, എറണാകുളം ഗുരുവായൂർ പാസഞ്ചർ തുടങ്ങിയ ധാരാളം ട്രെയിനുകൾ ഗുരുവായൂരിൽ എത്തിച്ചേരുന്നു.
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 ഗുരുവായൂർ ക്ഷേത്രം Archived 2013-02-08 at the Wayback Machine. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ് വിലാസം
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2002-12-10 at the Wayback Machine..
  3. [ആര്?]എസ്. ഗുപ്തൻ നായർ.
  4. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. ഗുരുവായൂർ ദേവസ്വം
  6. ഗുരുവായൂർ സത്യഗ്രഹത്തിന് 80 വയസ്, ദേശാഭിമാനി ദിനപത്രം, ശേഖരിച്ചതു് 1 നവംബർ, 2011
  7. 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്
  8. 8.0 8.1 8.2 8.3 8.4 8.5 8.6 പേജ്15 , സുദർശനം, മംഗളം ഗുരുവായൂർ പ്രത്യേക പതിപ്പ്
  9. പേജ്84, ഭക്തപ്രിയ മാസിക,ഏപ്രിൽ 2013
  10. 10.0 10.1 10.2 10.3 10.4 പേജ്87, ഭക്തപ്രിയ മാസിക,ഏപ്രിൽ 2013
  11. 11.0 11.1 11.2 11.3 പേജ്27, വിശേഷാൽ മഹോൽസവങ്ങൾ - സുദർശനം, മഗളം ഗുരുവായൂർ സപ്ലിമെന്റ്
  12. 12.0 12.1 ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.
  13. ഭാഗവതസപ്താഹംഗുരുവായൂർദേവസ്വം വെബ് വിലാസം
  14. [1][പ്രവർത്തിക്കാത്ത കണ്ണി]

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

10°35′40″N 76°02′21″E / 10.5945°N 76.03905°E / 10.5945; 76.03905


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല