ഹിന്ദു ഐതിഹ്യ പ്രകാരം വസുദേവരുടെ ഭാര്യയും ശ്രീകൃഷ്ണന്റെ അമ്മയുമാണു് ദേവകി[1]. ദക്ഷപുത്രിയായ അദിതിയുടെ പുനർജന്മമാണ് ദേവകി. ചില പുരാണങ്ങളിൽ ദേവകിയും കംസനും സഹോദരങ്ങളാണെന്നും മറ്റു ചിലതിൽ ദേവകിയുടെ മാതുലനാണ് കംസനെന്നും വ്യത്യസ്ത രീതിയിൽ പ്രസ്താവിച്ചുകാണുന്നു.

ദേവകി
Mahabharata character
Devaki
Krishna and Balarama meet their parents (Painting by Raja Ravi Varma)
Information
കുടുംബംDevak (father)
Kamsa (brother)
Rohini
ഇണVasudeva
കുട്ടികൾKrishna and Balarama and Subhadra

ദേവകിയുടെ സ്വയംവരത്തിൽ അനേകം ക്ഷത്രിയ രാജാക്കന്മാർ സന്നിഹിതരായിരുന്നു എന്ന് മഹാഭാരതം ദ്രോണപർവം 144-ാം അധ്യായം 9-ാം പദ്യത്തിൽ പരാമർശമുണ്ട്. പന്ത്രണ്ടുഭാരം സ്വർണവും ഒരു തേരും സ്ത്രീധനമായി സ്വീകരിച്ചുകൊണ്ട് ശൂരസേനന്റെ പുത്രനായ വസുദേവർ ദേവകിയെ വിവാഹം ചെയ്തു. വിവാഹഘോഷയാത്രയിൽ തേർ തെളിച്ചത് കംസനാണ്. ആ സമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ കംസനെ വധിക്കുമെന്ന് അശരീരി മുഴങ്ങി. കുപിതനായ കംസൻ ദേവകിയെ കൊല്ലാനൊരുമ്പെട്ടു. തങ്ങൾക്കു ജനിക്കുന്ന എല്ലാ പുത്രന്മാരെയും കംസനു നല്കാം എന്നു വാഗ്ദാനം ചെയ്തുകൊണ്ട് വസുദേവർ ദേവകിയുടെ ജീവൻ രക്ഷിച്ചു.

ചുരുങ്ങിയ കാലംകൊണ്ടുതന്നെ കംസൻ വസുദേവരെയും ദേവകിയെയും തടവിലാക്കി. അവർക്കു ജനിച്ച ആറു പുത്രന്മാരെയും കംസൻ വധിച്ചു. ദേവകിയുടെ ഏഴാമത്തെ ഗർഭം വസുദേവരുടെ മറ്റൊരു പത്നിയായ രോഹിണിയിലേക്ക് ആകർഷിക്കപ്പെട്ടു. ആ ശിശുവാണ് ബലരാമൻ. ദേവകിയുടെ എട്ടാമത്തെ ശിശുവായ ശ്രീകൃഷ്ണനെ ജനിച്ച ഉടൻതന്നെ വസുദേവർ അമ്പാടിയിലെത്തിച്ചു.

ശ്രീകൃഷ്ണൻ ദേഹത്യാഗം ചെയ്യുകയും യാദവ വംശം നശിക്കുകയും ചെയ്തപ്പോൾ ദുഃഖിതരായ വസുദേവരും ദേവകിയും രോഹിണിയും ദേഹത്യാഗം ചെയ്ത് മോക്ഷം പ്രാപിച്ചതായി ഭാഗവതം ഏകാദശസ്കന്ധം 31-ാം അധ്യായം 18, 19 പദ്യങ്ങളിൽ പ്രസ്താവിക്കുന്നുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേവകി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവകി&oldid=3726479" എന്ന താളിൽനിന്ന് ശേഖരിച്ചത്