ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ പരാമർശ്ശിക്കുന്ന കുരുവംശത്തിലെ ഒരു രാജാവാണ് പരീക്ഷിത്ത്. അഭിമന്യുവിന്റെ പുത്രനും അർജ്ജുനന്റെ പൗത്രനുമാണ് ഇദ്ദേഹം. വിരാടരാജകുമാരിയായ ഉത്തരയാണ് ഇദ്ദേഹത്തിന്റെ അമ്മ.

പരീക്ഷിത്ത്
King of Kuru

Sage Shuka and King Parikshit
മുൻഗാമി Yudhishthira (Grand uncle)
പിൻഗാമി Janamejaya (son)
ജീവിതപങ്കാളി Madravti, Adrika
മക്കൾ
Janamejaya
Bhimasena
Srutasena
Ugrasena
പിതാവ് Abhimanyu
മാതാവ് Uttarā

അഭിമന്യുവിന്റെ മരണ ശേഷമാണ് പരീക്ഷിത്തിന്റെ ജനനം. ജനിച്ച ഉടനെ അമ്മയും മരിച്ചു. മുത്തച്ഛനായ അർജ്ജുനനാണ് വളർത്തിയത്. പരീക്ഷിത്തിനെ രാജാവാക്കിയശേഷം അർജ്ജുനൻ സഹോദരങ്ങൾക്കൊപ്പം നാടുവിടുകയും അധികകാലം കഴിയും മുമ്പ് മരണമടയുകയും ചെയ്തു.

പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.

സുപ്രസിദ്ധനായ കശ്യപമഹർഷിയായിരുന്നു അന്നത്തെ മന്ത്രവാദികളിൽ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ആ മുനി, ഇതു രാജാവിനെ രക്ഷിക്കാൻ ഉള്ള അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണ നേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അത്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ. ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു. ഏഴു ദിവസത്തിനുള്ളിൽ തക്ഷക ദംശനത്താൽ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടൻ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി. അതിൻപ്രകാരം ശ്രീ ശുകബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്. തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തിൽ വിവരണമുണ്ട്. ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാൻ ഗുരുപത്നി നിർദേ ശിച്ചു. ഉത്തങ്കൻ അതനുസരിച്ച് കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങൾ മാർഗ്ഗമധ്യത്തിൽ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച ഒരു നിത്യസ്നേഹബ ന്ധമായി വളർന്നു വരികയും തക്ഷകൻ ഇന്ദ്രന്റെ ഉത്തമസഖി യായിത്തീരുകയും ചെയ്തു. തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാൽക്കൽ വീണു. അഭയം നല്കിയ ദേവേന്ദ്രവൻ തന്റെ അർധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്ഷകൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പരീക്ഷിത്ത്&oldid=3753323" എന്ന താളിൽനിന്ന് ശേഖരിച്ചത്