തൃശ്ശൂർ ജില്ല

കേരളത്തിലെ ഒരു ജില്ല

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ (തൃശ്ശിവപേരൂർ). കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീർണ്ണമുണ്ട്. ആസ്ഥാനം തൃശൂർ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിൻപുറത്ത് ശ്രീവടക്കുംനാഥൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂർ ജില്ലക്ക് ആകെ 7 താലൂക്കുകളാണ് (തൃശ്ശൂർ, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി, കുന്നംകുളം) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളുമുണ്ട്.

തൃശ്ശൂർ ജില്ല
അപരനാമം: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം

10°31′N 76°13′E / 10.52°N 76.21°E / 10.52; 76.21
Map
തൃശ്ശൂർ ജില്ല
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലക്ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ്
ജില്ലാ കലക്ടർ
മേരി തോമസ്[1]

Shanavas[2]
വിസ്തീർണ്ണം 3,032ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
31,21,200[3]
14,80,763
16,40,437
1109/1000
ജനസാന്ദ്രത 1026/ച.കി.മീ
സാക്ഷരത 95.32[4] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680 ---
+91 487, 480, 488
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തൃശൂർ പൂരം
ഗുരുവായൂർ ക്ഷേത്രം
അതിരപ്പിള്ളി വെള്ളച്ചാട്ടം
പീച്ചി അണക്കെട്ട്

തൃശ്ശൂർ പൂരം, വെടിക്കെട്ട്, പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്.

ദിവാൻ ശങ്കരവാര്യരുടെ കാലത്താണ് (1840-56) പ്രധാന റോഡുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടത്. ഷൊർണൂരും എറണാകുളവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചി സർക്കാരിനുവേണ്ടി മദ്രാസ് റെയിൽവെ കമ്പനി 1902-ൽ പണി തീർത്തു. 1930-35ൽ കൊച്ചിൻ ഹാർബർ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി.

പേരിനുപിന്നിൽ തിരുത്തുക

പെരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ്‌ യഥാർത്ഥത്തിൽ തൃശ്ശിവപേരൂർ ആയത് എന്ന് ചരിത്രകാരനായ വി.വി.കെ.വാലത്ത് തന്റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു. ശൈവമതത്തിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ചരിത്രപരമായ പ്രയാണത്തെയാണ്‌ കേരളമാഹാതമ്യത്തിൽ പറയുന്ന ഐതിഹ്യം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. ഐതിഹ്യം ശൈവമതത്തിന്റെ കേരളത്തിലേക്കുള്ള പ്രയാണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. [5] അശോകേശ്വരം ശിവ ക്ഷേത്രം വടക്കുംനാഥ ശിവക്ഷേത്രം ഇരട്ടച്ചിറ ശിവ ക്ഷേത്രം എന്നീ മൂന്ന് ശിവക്ഷേത്രങ്ങളുടെ സമന്വയമായി തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്

ഐതിഹ്യം തിരുത്തുക

ഐതിഹ്യത്തിൽ കേരളോല്പത്തിപോലെ തൃശ്ശൂരും പരശുരാമനോട് ബന്ധപ്പെടുത്തി ഐതിഹ്യം പ്രചരിച്ചിരിക്കുന്നു. പരശുരാമൻ ക്ഷണിച്ചതനുസരിച്ച് പാർവ്വതി, ഗണപതി, സുബ്രമണ്യ സമേതനായി ശിവൻ തന്റെ വാഹനമായ കാളപ്പുറത്ത് കൈലാസത്തിൽ നിന്ന് തെക്കോട്ട് വന്നത്രെ. ഇന്ന് വടക്കുംനാഥക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് വച്ച് കാള (നന്ദി) നിന്നുവെന്നും ആ സ്ഥലത്ത് ശിവൻ പാർക്കാൻ തീരുമാനിച്ചു എന്നും ഐതിഹ്യമുണ്ട്. ശിവന്റെ കാള (വൃഷഭം) നിന്ന സ്ഥലമാകയാൽ വൃഷഭാദ്രിപുരം എന്നും, ശിവന്റെ വാസസ്ഥലമാകയാൽ തെക്കൻ കൈലാസം എന്നും പേരുണ്ടായി. ത്രിപുരമാകയാൽ‍ തൃശ്ശിവപേരൂർ എന്ന പേരും വന്നു എന്നുമാണ്‌ കേരളോല്പത്തിയിൽ പറയുന്ന കഥ.

ചരിത്രം തിരുത്തുക

 
തൃശ്ശൂർ പൂരം- കൂടമാറ്റത്തിലെ ഒരു ദൃശ്യം

ചേര രാജാക്കന്മാരുടെ കാലം മുതൽക്കേയുള്ള ചരിത്രം തൃശ്ശൂരിന്റെ രേഖപ്പെടുത്തിയ ചരിത്രത്തിൽ പെടുന്നു. അന്ന് തലസ്ഥാനമായിരുന്നത് കൊടുങ്ങല്ലൂർ (മുസിരിസ്, മഹോദയപുരം,അന്യത്ര എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു) ആയിരുന്നു. തൃശ്ശൂരിന് ഇന്നത്തെ പ്രാധാന്യം ഉണ്ടായിരുന്നില്ല. പിന്നീട് അവസാനത്തെ പെരുമാൾ രാജ്യങ്ങൾ വിഭജിച്ച് തന്റെ ബന്ധുക്കൾക്കും മറ്റും നല്കിയപ്പോഴാണ് തൃശ്ശൂർ ഒരു തലസ്ഥാനം എന്ന് നിലയിൽ വികസിച്ചത്. അന്നു മുതൽ കൊച്ചി രാജ്യത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ഭാഗമായിരുന്നു തൃശ്ശൂർ. എന്നാൽ ക്രിസ്തുവിന് മുൻപു മുതൽക്കേ മുതൽ ക്രിസ്തുവിന് ശേഷം പതിനെട്ടാം നൂറ്റാണ്ടുകൾ വരെ നിരവധി കോട്ടകളും രാജാക്കന്മാർക്കും തൃശ്ശൂർ ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഭാരതത്തിലെ ക്രിസ്ത്യാനികളുടെ കളിത്തൊട്ടിലായ കൊടുങ്ങല്ലൂർ ക്രിസ്തീയ ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ക്രി.വ. 52 വിശുദ്ധ തോമസ്‌‌ശ്ലീഹ മാല്യങ്കരയിൽ എത്തുകയും പിന്നീട് ഈ ജില്ലയിലെ മിക്ക സ്ഥലങ്ങളും സന്ദർശിക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്]. പാലയൂർ തീർത്ഥാടന കേന്ദ്രം, പുത്തൻ പള്ളി എന്നിവ അദ്ദേഹമാണ് നിർമ്മിച്ചത് എന്നു കരുതുന്നു.ഇന്ത്യയിലെ തന്നെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളി-കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി- ഇതേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. പെരുമ്പടപ്പ് സ്വരൂപത്തിൻ്റെ മൂലത്താവഴിയായ ചാഴൂർ കോവിലകം സ്ഥിതിചെയ്യുന്നത് തൃശ്ശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലാണ്.

 
ശക്തൻ തമ്പുരാൻ കൊട്ടാരം, തൃശൂർ- കിഴക്കേ കവാടം

വളരെകാലങ്ങൾക്കു മുമ്പുതന്നെ തൃശൂർ വളരെ വലിയ പഠനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ ആ‍ധിപത്യവും ഹിന്ദുമതത്തിന്റെ ആത്മീയ വളർച്ചയും തൃശൂർ ഒരു സംസ്കൃത പഠനകേന്ദ്രമായി. ആദി ശങ്കരൻ അദ്വൈത പഠനം നടത്തിയത് ഇവിടെയാണ്[അവലംബം ആവശ്യമാണ്]. പഠനശേഷം അദ്ദേഹം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കുകയും പിന്നീട് തിരിച്ചുവരുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലങ്ങൾക്കു ശേഷം അദ്ദേഹം സമാധിയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ ശിഷ്യന്മാരായ ഹസ്തമാലകർ, തോട്ടകർ, പത്മപാദർ, സുധാചര, തെക്കെമഠം, പടിഞ്ഞാറെമഠം, നടുവിൽ മഠം, നടുവിന്നുള്ളിൽ മഠം നഗരത്തിൽ സ്ഥാപിക്കുകയുണ്ടായി.

1750 ക്രി.വ. മുതൽ 1762 വരെ തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇന്നത്തെ ശക്തൻ തമ്പുരാൻ കൊട്ടാരം ) ആയിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. അതിനു മുൻപ് സാമൂതിരി കൊച്ചി രാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം ഒരു തുള്ളി ചോര പോലും ചിന്താതെ പിടിച്ചത് ഒരു ചരിത്ര സംഭവമാണ്. തൃശ്ശൂരിലെ നമ്പൂതിരിമാർ ഇടപ്പള്ളി രാജാ കൊടുങ്ങല്ലൂർ രാജാ തലപ്പിള്ളി രാജാക്കന്മാർ ചെങ്ങഴി നമ്പ്യാന്മാർ മുതലായവർ പ്രബലരായിരുന്നതും കൊച്ചി രാജാവിനെ ധിക്കരിക്കാൻ പോന്നത്ര ശക്തികളായിരുന്നതും സാമൂതിരി മുതലെടുക്കുകയായിരുന്നു. അത്തരത്തിലൊരു നമ്പൂതിരിയായ പടിഞ്ഞാറ്റേടം നമ്പൂതിരിപ്പാടിന് ഒരു നാടുവാഴിയുടെ പദവി ഉള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടേ ആരും അറിയാതെ സാമൂതിരി പടയാളികളുമായി കോട്ടക്കരികിൽ വന്ന് പാർക്കുകയും രായ്ക്കുരാമാനം കോട്ട ഉപരോധിക്കുകയും രക്ഷയില്ലാതെ കൊച്ചീരാജാവ് മുറിയടച്ചിട്ട് ഇരിപ്പാവുകയുമായിരുന്നു. എന്നാൽ ചില നമ്പൂതിരിമാർ അദ്ദേഹത്തെ അവിടെ നിന്ന് അപായം ഒന്നും കൂടാതെ രക്ഷപ്പെടുത്താൻ സഹായിച്ചു. [6] ശക്തൻ തമ്പുരാൻ വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംന്നാഥൻ , പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം. ഇക്കാലത്താണ് ടിപ്പു സുൽത്താൻ കേരളത്തിലെത്തുന്നത്. 1789 തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായ് വർഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഈ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു.

 
ശ്രീവടക്കുംനാഥൻ ക്ഷേത്രം

അതിനു ശേഷമാണ് ശക്തൻ തമ്പുരാൻ ഭരണം ഏറ്റെടുക്കുന്നത്. ശക്തൻ തമ്പുരാൻ കൊട്ടാരമായിരുന്നു കൊച്ചി മഹാരാജാവായ ശക്തൻ തമ്പുരാന്റെ വസതി. 1979-ൽ കേരളത്തിന്റെ സാംസ്കാരിക സ്ഥലസ്ഥാനമായ തൃശ്ശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണം ശക്തൻ തമ്പുരാൻ എന്ന രാജ രാമവർമ്മയാണ്. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങൾ പുന:രുദ്ധാരണം ചെയ്യ്ത് തൃശ്ശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തൻ തമ്പുരാനാ‍ണ്.

തൃശൂർ ജില്ലയുടെ സിംഹഭാഗവും അതായത് ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങൾ മുമ്പ് കൊച്ചി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു. ചാവക്കാട് മലബാറിലുമായിരുന്നു. കോവിലകത്തും‍വാതുക്കൽ എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളായ കൊച്ചിയെ വിഭജിച്ചിരുന്നു. 1860-ൽ ഈ താലൂക്കുകൾ പുന:സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. 1949 ജൂലൈ 1-നു കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശ്ശൂർ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നു. ആറു താലൂക്കുകളും കോട്ടയം ജില്ലയുടെ ഭാഗമായ കുന്നത്തുനാട് താലൂക്കും ചേർത്താണ് തൃശ്ശൂർ ജില്ല രൂപവത്കരിച്ചത്. 1956-ൽ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകൾ പുന:സംഘടിപ്പിക്കപ്പെട്ടു. അന്ന് തൃശ്ശൂരിൽപ്പെട്ടിരുന്ന ചിറ്റൂർ താലൂക്ക് പുതുതായി രൂപികരിക്കപ്പെട്ട പാലക്കാട് ജില്ലയോട് ചേർക്കുകയും, പഴയ മലബാർ പ്രദേശമായിരുന്ന പൊന്നാനി താലൂക്കിന്റെ ചില ഭാഗങ്ങൾ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശൂർ ജില്ലയോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 1958-ഏപ്രിൽ ഒന്നിന് കണയന്നൂർ, കൊച്ചി, കുന്നത്തുനാട് എന്നിവ വേർപെടുത്തി എറണാകുളം ജില്ലയാക്കി.

ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ചരിത്രക്കാ‍ലത്ത് തൃശ്ശൂർ ഒരു സുപ്രധാനഭാഗം വഹിക്കുകയുണ്ടായി. 1919-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു നിർവാഹകസംഘം തൃശ്ശൂരിൽ രൂപവത്കരിക്കുകയുണ്ടായി. 1921-ൽ പൗരവകാശ നിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികൾ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയുമുണ്ടായി. ഗൂ‍രുവായൂർ സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭങ്ങളും സമരങ്ങളും ജില്ലയിൽ ജനകീയ പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരോടാനുതകിയ സംഭവങ്ങൾ ആണ്.

ഭൂപ്രകൃതി തിരുത്തുക

കിഴക്ക് പശ്ചിമഘട്ട മലയോരപ്രദേശം പടിഞ്ഞാറു് താഴ്ന്നുകിടക്കുന്ന സമതലപ്രദേശങ്ങളായ കടൽത്തീരവും ഉൾപ്പെടുന്ന തൃശ്ശൂർ ജില്ലയിൽ വ്യത്യസ്തമായ ഭൂപ്രകൃതികൾ കാണാം. കടലിനു സമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകൾ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളിൽ പലതും ഈകായലുകളിൽ ചേരുന്നു.ചേറ്റുവ, കോട്ടപ്പുറം എന്നീ സ്ഥലങ്ങളിൽ ഈ കായലുകൾക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേർന്നുകാണുന്നത് മണൽപ്രദേശങ്ങൾ ആ‍ണ്. ഇതിനുതൊട്ടുകിഴക്കായി നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങൾ ആണ്. പലപ്പോഴും ഇവിടെ കടൽവെള്ളപ്പൊക്കം അനുഭവപ്പെടാ‍റുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കിൽ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളിൽ നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ, കരുവന്നൂർ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.

 
 
തൃശ്ശൂർ ജില്ലയിലെ നെടുപുഴയ്ക്കു പടിഞ്ഞാറു ഭാഗത്തുള്ള താണിക്കമുന്നയം എന്ന കോൾ പ്രദേശത്തുനിന്നും കിഴക്കോട്ടും പടിഞ്ഞാട്ടും നോക്കിയാൽ കാണാവുന്ന ഒരു വിശാലവീക്ഷണമാണു് മുകളിലെ ചിത്രങ്ങളിൽ. കേരളത്തിന്റെ പശ്ചിമതീരങ്ങളിൽ സാമാന്യമായി കാണാവുന്ന തണ്ണീർത്തടങ്ങൾക്കും ചതുപ്പുപ്രദേശങ്ങൾക്കും നല്ലൊരു ദൃഷ്ടാന്തമാണു് ഈ കാഴ്ച. വ്യത്യസ്തവും അപൂർവ്വവുമായ സസ്യജന്തുവൈവിദ്ധ്യം പുലർത്തുന്ന ഈ ഭൂപ്രദേശങ്ങൾ ദീർഘദൂരസഞ്ചാരികളായ പല പക്ഷികൾക്കും ഒരു ഇടത്താവളം കൂടിയാണു്. മഴക്കാലത്തു് ഏറെയും മുങ്ങിക്കിടക്കുന്ന ആഴം കുറഞ്ഞ ഇത്തരം സമതലങ്ങൾ വേനലാവുന്നതോടെ മിക്കവാറും വരണ്ടു പോകുകയോ ചതുപ്പു മാത്രമായി അവശേഷിക്കുകയോ ചെയ്യുന്നു. (ചിത്രങ്ങൾ വലുതാക്കിക്കാണാൻ ക്ലിക്കു ചെയ്യുക)

അതിർത്തികൾ തിരുത്തുക

പടിഞ്ഞാറ് അറബിക്കടൽ, വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്‌നാട് സംസ്ഥാനത്തിന്റെ കോയമ്പത്തൂർ ജില്ല , തെക്ക് ഇടുക്കി, എറണാകുളം ജില്ലകൾ എന്നിവയാണ് തൃശൂർ ജില്ലയുടെ അതിർത്തികൾ

പ്രധാന നദികൾ തിരുത്തുക

 
ചാലക്കുടിപ്പുഴ

ഭാരതപ്പുഴ, കരുവന്നൂർ പുഴ, ചാലക്കുടിപ്പുഴ, കേച്ചേരിയാർ, കുറുമാലി പുഴ എന്നിവയാണ് പ്രധാന നദികൾ. ഷോളയാർ, പറമ്പിക്കുളം, കരിയാർ, കാരപ്പാറ എന്നിവ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ ചാലക്കുടിപ്പുഴയുടെ പോഷകനദികൾ ആണ്. ഷോളയാർ. പെരിങ്ങൽകുത്ത് എന്നീ ജലവൈദ്യുത പദ്ധതികൾ ഇവിടെയാണ്. വടക്കാഞ്ചേരി പുഴയോടനുബന്ധിച്ചാണ് വാഴാനി ജലസേചന പദ്ധതി.

ഭരണസം‌വിധാനം തിരുത്തുക

ജില്ലാ ഭരണ കേന്ദ്രം തൃശ്ശൂർ നഗരത്തിലെ അയ്യന്തോളിൽ സ്ഥിതിചെയ്യുന്നു. തൃശ്ശൂർ നഗരം കോർപ്പറേഷൻ ഭരണത്തിലാണ്. കോർപ്പറേഷൻ ഭരണാധികാരി മേയർ ആണ്. ജില്ലാ‍പഞ്ചായത്ത് പ്രസിഡന്റ് ആണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലകൾ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുന്നു. തൃശൂർ ജില്ലക്ക് ആകെ 7 താലൂക്കുകളാണ് (തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി,കുന്നംകുളം) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവയാണ് മുൻസിപ്പാലിറ്റികൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. താലൂക്ക് അടിസ്ഥാനപ്പെടുത്തിയും പട്ടണങ്ങളുടെ പ്രാധാന്യം അനുസരിച്ചും ഭരണ സംവിധാനം തരപ്പെടുത്തിരിയിരിക്കുന്നു. നഗരസഭകൾ നഗരസഭാ ചെയർമാന്റെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഭരണസംവിധാ‍നം മെച്ചപ്പെടുന്നതിലേക്കായി ഒരു പ്രധാന സിവിൽ സ്റ്റേഷൻ അയ്യന്തോളിലും ഒരു മിനി സിവിൽ സ്റ്റേഷൻ നഗരത്തിൽ ചെമ്പുക്കാവിലുമുണ്ട്. കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, ചേർപ്പ്, ചാവക്കാട്, ചാലക്കുടി, കുന്നംകുളം എന്നിവടങ്ങളിൽ സിവിൽ സ്റ്റേഷനുകൾ ഉണ്ട്. വടക്കാഞ്ചേരി, തൃപ്രയാർ എന്നിവിടങ്ങളിൽ സിവിൽ സ്റ്റേഷൻ നിർമ്മാണം നടന്നു വരുന്നു.

ജീല്ലാകോടതി ഉൾപെടെ പ്രധാന കോടതികൾ അയ്യന്തോളിലുള്ള സിവിൽ സ്റ്റേഷനിലും പരിസരത്തുമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇരിഞ്ഞാലക്കുട , ചാവക്കാട്, വടക്കാഞ്ചേരി, ചാലക്കുടി, കുന്നംകുളം, എന്നിവിടങ്ങളിൽ മജിസ്റ്റ്രേറ്റ്, മുൻസിഫ്, എന്നീ കോടതികളും പ്രവർത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖല തിരുത്തുക

 
തൃശൂർ മെഡിക്കൽ കോളേജ്- ഭരണ നിർവഹണ വിഭാഗം

വിദ്യാഭ്യാസപരമായി ജില്ല മുൻപന്തിയിലാണ്. ഇവിടെ സാക്ഷരത 92.27%ശതമാനമാണ്[7]. ആൺ 95.11%; പെൺ 89.71%.

സ്വകാര്യമേഖലയിൽ

തൃശൂർ (കുട്ടനെല്ലൂർ), പി.എം.ജി. ചാലക്കുടി, കെ.കെ.ടി.എം. പുല്ലൂറ്റ് എന്നിവയാണ് ഗവ.കോളേജുകൾ. തൃശൂരിൽ ഗവ. ഫൈൻ ആർട്സ് കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, മെഡിക്കൽ കോളേജ് (1982), ഗവ. ലൊ കോളേജ്, ഗവ. എൻജിനീറിങ് കോളേജുകൾ, ഗവ. വെറ്റിനറി കോളേജ് എന്നിവ ഉണ്ട്.

കേരള കാർഷിക സർവകലാശാല (1971)‍ മണ്ണുത്തിയിൽ ആണ്. കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെറ്ററിനറി കൊളെജ്, ഹൊർട്ടികൾച്ചർ കൊളെജ്, ബാംങ്കിംഗ് കൊളെജ്, ഫോറസ്റ്റ്റി കൊളെജ് മുതലായവ തൃശ്ശൂരിൽ ഉണ്ട്. ജില്ലയിൽ നാല് പോളിടെക്നിക്കുകൾ ഉണ്ട്. സർക്കാർമേഖലകളിലും (74)സ്വകാര്യമേഖലകളിലും (161) ഹൈസ്കൂളുകൾ ഉണ്ട്. അതുപോലെ തന്നെ യു.പി.-എൽ.പി. സ്കൂളുകളും. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആൻറ് ആർട്സ് അരണാട്ടുകരയിലാണ്. കോഴിക്കോട് സർവകലാശാലയുടെ എക്കണോമിക്സ് വിഭാഗം തൃശൂരിൽ ആണ്.ഒരു ഗവ:സർവ്വെ സ്കൂൾ തൃശ്ശൂരിൽ ഉണ്ട് ചെറുത്തുരുത്തിയിലെ കേരള കലാമണ്ഡലം, ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയർ സ്മാരകനിലയം, പാവറട്ടിയിലെ സംസ്കൃതപാഠശാല (കേന്ദ്രീയ സംസ്കൃത പാഠശാല) ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങ‍ൾ ആണ്.

 
ശക്തൻ തമ്പുരാൻ കൊട്ടാരം മുൻവശം

വ്യവസായവും വ്യാപാരവും തിരുത്തുക

വ്യവസായകേരളത്തിൽ തൃശൂരിന് വളരെയധികം പ്രധാന്യമുണ്ട്. വ്യാപാ‍രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂർ സ്വർണ്ണ വ്യാപാ‍രത്തിന് പേരു കേട്ട സ്ഥലമാണ്.

സ്വർണ്ണം തിരുത്തുക

ഇന്ത്യയിൽ മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണക്കടകളുള്ളതും സ്വർണ്ണവ്യാപാരം നടക്കുന്നതും തൃശൂർ നഗരത്തിലാണ്. തൃശൂർ നഗരത്തിലെ ഹൈറോഡിൽ മാത്രമായി അൻപതോളം സ്വർണ്ണ കടകൾ ഉണ്ട്. ആഗോളവ്യാപകമായ പല സ്വർണ്ണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്. പേരു കേട്ട സ്വർണ്ണാഭരണ നിർമ്മാണകേന്ദ്രം കൂടിയാണ് തൃശ്ശൂർ ജില്ല.

തുണി തിരുത്തുക

തൃശ്ശൂർ അതിന്റെ തുണി വ്യവസായങ്ങൾ കൊണ്ട് സമ്പന്നമാണ്. അളഗപ്പനഗറിലെ അളഗപ്പ ടെക്സ്റ്റൈൽസ്, പുല്ലഴിയിലെ ലക്ഷ്മി കോട്ടൻ മിൽ, നാട്ടികയിലെ തൃശ്ശൂർ കോട്ടൺ മിൽ‍സ്, അത്താണിയിലെ രാജഗോപാൽ മിൽ‍സ്, തൃശ്ശൂരിൽ തന്നെയുള്ള സിതാറാം സ്പിന്നിങ്ങ് മിൽ‍സ്, കുന്നത്ത് ടെക്സ്റ്റൈൽസ്, കുറിച്ചിക്കരയിലെ വനജ ടെക്സ്റ്റൈൽസ്, താണിക്കുടം ഭഗവതി മിൽസ്, കരുമത്ര സഹകരണസ്പിന്നിങ്ങ് മിൽസ് എന്നിവ ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

തിരുവില്വാമല, കൊണ്ടാഴി, കുത്താമ്പുള്ളി എന്നീ കേന്ദ്രങ്ങളിൽ നിർമ്മിച്ചുവരുന്ന കൈത്തറി തുണിയിനങ്ങൾ ലോകപ്രസിദ്ധമാണ്.

മറ്റു വ്യവസായങ്ങൾ തിരുത്തുക

ജില്ലയിലെ മറ്റു പ്രധാ‍ന വ്യവസായ സ്ഥാ‍പനങ്ങളാണ് അത്താണിയിലെ 'സിൽക്ക്' സ്റ്റീൽ ഇൻഡസ്ട്രി, കെൽട്രൊൺ, പൂങ്കുന്നത്തെ സീതാറം മിൽ, ചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സ്, ചാലക്കുടിയിലെ ശ്രീശക്തി പേപ്പർ മിൽസ്, ഇരിങ്ങാലക്കുടയിലെ കേരളാ ഫീഡ്സ്, ചന്ദ്രിക സോപ്സ്, കെ.എൽ.എഫ്.വെളിച്ചെണ്ണ കമ്പനി, കെ.എസ്. പാൽ എന്നിവ. ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു. നോട്ട് തനതുവ്യവസായമായി പേരെടുത്തിട്ടുണ്ടായിരുന്ന മേഖലയാണു് കളിമൺ അധിഷ്ഠിതമായ ഓട്, ഇഷ്ടിക തുടങ്ങിയവ. ഒല്ലൂരിന്റെ സമീപപ്രദേശങ്ങളിൽ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്ന ഓട്ടുകമ്പനികളും മറ്റും ഇപ്പോൾ ക്ഷീണദശയിലാണു്.

കേരളത്തിലെ ആദ്യത്തെ തടി മില്ല് തൃശ്ശൂർ ജില്ലയിലാണ് സ്ഥാപിക്കപ്പെട്ടത് (1905) ചാലക്കുടി, തൃശ്ശൂർ എന്നിവടങ്ങളിലെ തടി ഉരുപ്പടികൾ പണ്ടു മുതലേ പുകൽ പെറ്റതാണ്. ചാലക്കുടിയിൽ തടി കടത്തുന്നതിന്‌ ഉപയോഗിച്ചിരുന്ന ട്രാം വേ ശ്രദ്ധേയമായ ഒന്നാണ്‌. ഇന്ത്യ കോഫി ബോർഡ് പിരിച്ചുവിട്ട തൊഴിലാളികളുടെ കൂട്ടായ സം‍രംഭമായ ഇന്ത്യൻ കോഫീ ഹൌസ് ആദ്യത്തെ കട തൃശ്ശൂരാണ് തുടങ്ങിയത്.

നോട്ട് പുസ്തകനിര്മാണം കേരളത്തിൽ ഏറ്റവും കൂടുതൽ നടക്കുന്നത് തൃശൂർ കുന്നംകുളത്ത് ആണ്.

വിദ്യുച്ഛക്തി തിരുത്തുക

കേരളവും മറ്റുസംസ്ഥാനങ്ങളുമായുള്ള വിദ്യുച്ചക്തിവിപണനം നടത്തുന്നതിനുവേണ്ട പ്രധാന കണ്ണിയായ 400KV സബ്സ്റ്റേഷൻ മാടക്കത്രയിലാണുള്ളതു്. ഇതുകൂടാതെ, പെരിങ്ങൽകുത്ത് വൈദുതിനിലയം, വിയ്യൂർ, തൃശ്ശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, കുന്നംകുളം, ചാലക്കുടി തുടങ്ങിയ പ്രധാന സബ്സ്റ്റേഷനുകൾ എന്നിവയാണു് തൃശ്ശൂരിന്റെ വൈദ്യുതിഭൂപടത്തിലെ പ്രധാന ശ്രദ്ധാബിന്ദുക്കൾ.

പ്രാചീന, പരമ്പരാഗത വ്യവസായങ്ങൾ തിരുത്തുക

കളിമൺപാത്രങ്ങൾ, പനമ്പ്, വട്ടി, മുറം,

നിർമ്മാണവ്യവസായം തിരുത്തുക

പാക്കേജ്, കരിങ്കൽ, എഞ്ചിനീയറിങ്ങ്

ഔഷധനിർമ്മാണം തിരുത്തുക

തൈക്കാട്ടുശ്ശേരി ആയുർ‌വ്വേദമരുന്നുശാല, ഇ.ടി.എം. മരുന്നുശാല,ഔഷധി കുട്ടനെല്ലൂർ

കൃഷി തിരുത്തുക

ഒരുകാലത്ത് തൃശൂർ ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും കാഷികവൃത്തിയിലാണ് ഏർപ്പെട്ടിരുന്നത് [8]. പ്രധാന കാർഷികവിളകൾ നെല്ല്, നാളികേരം, റബ്ബർ, കുരുമുളക്,അടക്ക, എലക്കായ്, ജാതിക്ക, കപ്പ, കശുവണ്ടി,വാഴ, ഇഞ്ചി, മുതലായവ ആകുന്നു. കായ്കറികൾ, പയറുവർഗങ്ങൾ, പഴ വർഗ്ഗങ്ങൾ എന്നിവയും കഞ്ഞിപ്പുല്ല് (റാഗി), കരിമ്പ്, തേയില തുടങ്ങിയവ ചെറിയ തോതിലും കൃഷി ചെയ്യുന്നു. തൃശൂർ, മുകുന്ദപുരം എന്നീ താലൂക്കുകളിൽ കുട്ടനാട്ടിലെ കായൽ കൃഷി പോലെ കോൾ കൃഷി ചെയ്യാറുണ്ട്. കോൾകൃഷി സംരക്ഷിക്കുന്നത് ‘ഏനാമാവ് ബണ്ട്’ ആണ്. ഇന്ന് ജില്ലയുടെ തെക്കൻ അതിർത്തികളിൽ കടലിനോട് അടുത്തുള്ള പ്രദേശങ്ങളായ മാള, പുത്തൻചിറ, പൊയ്യ കൃഷ്ണൻ കോട്ട എന്നിവിടങ്ങളിൽ ചെമ്മീൻ കൃഷിയും ഞണ്ട് വളർത്തലും വൻ തോതിൽ നടത്തപ്പെടുന്നു.

ഭൂഗർഭജലം തിരുത്തുക

2011ലെ കണക്കനുസരിച്ച് ആകെ ഭൂജല ലഭ്യത 6815.3 ലക്ഷം ഘനമീറ്ററാണ്. ഗാർഹിക ആവശ്യങ്ങൾക്കായുള്ള ഭൂജല ഉപയോഗം ഒരു വർഷത്തിൽ 1372.0 ലക്ഷം ഘനമീറ്ററാണ്. ഇത് 2025ൽ 1521.6 ലക്ഷം ഘനമീറ്ററാവുമെന്ന് കണാക്കാക്കുന്നു. ഭൂജല സമ്പത്തിന്റെ കാര്യത്തിൽ മതിലകം ബ്ലോക്കും തളിക്കുളം ബ്ലോക്കും അർധ ഗുരുതരാവസ്ഥയിലാണ്. [9]

സാംസ്കാരികം തിരുത്തുക

 
കേരള സംഗീത നാടക അക്കാദമി ആസ്ഥാനം, തൃശ്ശൂർ

തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാർന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂർ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. സംഘകാലത്തെ പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്. [10] അക്കാലത്ത് യവനരായ പല വണിക്കുകലും തൃശ്ശൂരിൽ വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂർ ഒരു പ്രധാന താവളമായി മാറി. ആര്യന്മാർ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയർത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും അർണ്ണോസ് പാതിരി പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്. [11]

ആദ്യമായി യഹൂദന്മാർ വന്നെത്തിയത് കൊടുങ്ങല്ലൂരിലാണ്[അവലംബം ആവശ്യമാണ്]. ക്രിസ്ത്യാനികൾ അവരുടെ ആദ്യകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാൻ ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തിൽ വിരളമായ കൽദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂർ ആണ്.

തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള ചെമ്മാപ്പിള്ളിയിലാണ് സീതാദേവിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ചിറ നിർമ്മിക്കുന്ന ഭൂമിയിലെ ഒരേഒരു സ്ഥലമായ ശ്രീരാമൻ ചിറ.

സാഹിത്യം തിരുത്തുക

പ്രമുഖ സാഹിത്യനായകന്മാരുടെ പ്രവർത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂർ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പച്ച മലയാളം എന്ന പ്രസ്ഥാനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ഈ ജില്ലയുടെ സംഭാവനകൾ ആണ്. സി.പി. അച്യുതമേനോൻ, ആറ്റൂർ കൃഷ്ണപിഷാരടി, വള്ളത്തോൾ നാരായണമേനോൻ, ജോസഫ് മുണ്ടശ്ശേരി, നാലാപ്പാട്ട് നാരായണമേനോൻ, ബാലാമണിയമ്മ, കമലാസുരയ്യ, സി.വി ശ്രീരാമൻ തുടങ്ങിയ പ്രഗല്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി, കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി, ഉണ്ണായിവാര്യർ സ്മാരക നിലയം (ഇരിങ്ങാലക്കുട), കേരള ലളിതകലാ അക്കാദമി (1962) , റീജിയണൽ തീയറ്റർ , തൃശൂർ മൃഗശാല, പുരാവസ്തു പ്രദർശന ശാല, അപ്പൻ തമ്പുരാൻ സ്മാരകം (അയ്യന്തോൾ) എന്നീ സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങൾ തൃശൂർ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ലണ് സ്ഥാപിച്ചത്.

ആഘോഷങ്ങൾ തിരുത്തുക

തൃശ്ശൂർ പൂരം തിരുത്തുക

ലോകത്തിലെ എവിടെയുമുള്ള തൃശ്ശൂർക്കാർ അഭിമാനത്തോടെ ഓർമ്മിക്കുന്ന ഒരു സംഭവമാണ്.ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടി എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും ശാസ്ത്രീയമായ മേളക്കൊഴുപ്പും വർണ്ണശബളമായ കുടമാറ്റവും കൊണ്ട് ഇത് സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോൾമയിർ കൊള്ളിക്കുന്നു വടക്കുംനാഥക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവങ്ങളോ പൂരമോ നടക്കുന്നില്ല(ശിവരാത്രി ആഘോഷം ഒഴിച്ച്) മറിച്ച് പല പല ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങൾ എഴുന്നള്ളി വന്ന് ക്ഷേത്ര മൈതാനിയിൽ വന്ന് ദേവന് അഭിവാദ്യം അർപ്പിച്ച് തിരിച്ചു പോകുന്നു. ഇതാണ് തൃശ്ശൂർ പൂരം. പാറമേക്കാവു പൂരം മാത്രമേ ക്ഷേത്ര മതിൽക്കെട്ടിൽ പ്രവേശിക്കുന്നുമുള്ളൂ. ശക്തൻ തമ്പുരാനാണ് ഇന്നത്തെ രീതിയിൽ തൃശ്ശൂർ പൂരം സം‌വിധാനം ചെയ്തത് എന്നാണ് കരുതുന്നത്. ആറാട്ടുപുഴ പൂരങ്ങളിൽ പങ്കെടുക്കുന്ന പ്രാദേശിക പൂരങ്ങളിൽ ഒരു വിഭാഗത്തെ കൂട്ടിയിണക്കിയാണ് തൃശ്ശൂർ പൂരം ആക്കിയെടുത്തത്. ഇതിൽ കണിമംഗലം, പനേക്കമ്പിള്ളി എന്നീ രണ്ടു ശാസ്താക്ഷേത്രങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഭഗവതി ക്ഷേത്രങ്ങൾ ആണ്.

പ്രധാന ആരാധനാലയങ്ങൾ തിരുത്തുക

 
കുളശ്ശേരി ലക്ഷ്മീനരസിംഹസ്വാമിക്ഷേത്രം
 
പുലിക്കളി

ക്ഷേത്രങ്ങൾ തിരുത്തുക

 
എടക്കുന്നി ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രം , ഒല്ലൂർ

ചില പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ താഴെ കൊടുക്കുന്നു.

  1. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
  2. ശ്രീ വടക്കുംനാഥൻ ക്ഷേത്രം
  3. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
  4. പാറമേക്കാവ് ഭഗവതിക്ഷേത്രം
  5. തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം
  6. തൃപ്രയാർ ശ്രീരാമ ക്ഷേത്രം
  7. നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം, വടക്കാഞ്ചേരി
  8. ഉത്രാളിക്കാവ് ശ്രീ രുധിര മഹാകാളി ക്ഷേത്രം
  9. തിരുവുള്ളക്കാവ് ധർമ്മശാസ്താ ക്ഷേത്രം
  10. തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം, തൃശ്ശൂർ
  11. മിഥുനപ്പള്ളി ശിവക്ഷേത്രം
  12. അശോകേശ്വരം ശിവക്ഷേത്രം, തൃശ്ശൂർ
  13. മമ്മിയൂർ മഹാദേവക്ഷേത്രം
  14. ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം
  15. ഗുരുവായൂർ തിരുവെങ്കടാചലപതി ക്ഷേത്രം
  16. ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രം, തൃശ്ശൂർ
  17. കുളശ്ശേരി ലക്ഷ്മീനരസിംഹ ക്ഷേത്രം, വെളിയന്നൂർ
  18. പൂങ്കുന്നം ശിവക്ഷേത്രം
  19. ശങ്കരങ്കുളങ്ങര ഭഗവതി ക്ഷേത്രം
  20. താണിക്കുടം ഭഗവതി ക്ഷേത്രം
  21. കൂടൽമാണിക്യം ക്ഷേത്രം (ഭരതസ്വാമി ക്ഷേത്രം)
  22. പായമ്മൽ ശത്രുഘ്ന ക്ഷേത്രം
  23. കുറ്റുമുക്ക് ശിവക്ഷേത്രം
  24. വടകുറുംബക്കാവ് ഭഗവതി ക്ഷേത്രം
  25. മച്ചാട് ഭഗവതി ക്ഷേത്രം
  26. അഞ്ചുകുന്നു് ഭഗവതി ക്ഷേത്രം, പാലയ്ക്കൽ
  27. ചൊവ്വല്ലൂർ ശിവക്ഷേത്രം
  28. ആറാട്ടുപ്പുഴ ശ്രീ ശാസ്താ ക്ഷേത്രം
  29. ഊരകം അമ്മതിരുവടി ക്ഷേത്രം
  30. പെരുവനം മഹാദേവ ക്ഷേത്രം
  31. പാമ്പു മേയ്ക്കാട്ടുമന മാള
  32. ഐരാണിക്കുളം മഹാദേവക്ഷേത്രം
  33. നൈതലകാവ് ഭഗവതി ക്ഷേത്രം കുറ്റൂർ
  34. ആനേശ്വരം ശിവക്ഷേത്രം, ചെമ്മാപ്പിള്ളി
  35. കാളിമലർകാവ് ദേവി ക്ഷേത്രം ഇരിങ്ങാലക്കുട
  36. എടക്കുന്നി ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രം , ഒല്ലൂർ
  37. അരിമ്പൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
  38. നമ്പോർകാവ് ഭഗവതി ക്ഷേത്രം, വെളുത്തൂർ.
  39. പരക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം.
  40. പെരിങ്ങാവ് ശ്രീ ധന്വന്തരി ക്ഷേത്രം
  41. ആനക്കാൽ താനിയത്തുകുന്ന് ശ്രീ ധന്വന്തരി ക്ഷേത്രം
  42. നാട്ടിക ശ്രീ ആഞ്ജനേയ ക്ഷേത്രം
  43. വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം, അന്തിക്കാട്
  44. അന്തിക്കാട് മൂകാംബിക ക്ഷേത്രം
  45. എഴുതുള്ളി സരസ്വതി ക്ഷേത്രം, കാവീട്

ക്രൈസ്തവ ആരാധനാലയങ്ങൾ തിരുത്തുക

  1. വ്യാകുലമാത ബസിലിക്ക(പുത്തൻ പള്ളി)
  2. ചേലക്കര സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി
  3. ലൂർദ് മാതാ ബസിലിക്ക
  4. പാലയൂർ മാത്തോമാ അതിരൂപതാ തീർത്ഥകേന്ദ്രം
  5. ഒല്ലൂർ സെൻറ് ആൻറണീസ് ഫെറോന പള്ളി
  6. കൊരട്ടി മുത്തിയുടെ തീർത്ഥകേന്ദ്രം
  7. കൊട്ടേകാട് പള്ളി
  8. പാവറട്ടി പള്ളി
  9. കനകമല പള്ളി

മുസ്ലിം ദേവാലയങ്ങൾ തിരുത്തുക

  1. ചേരമാൻ ജുമാ മസ്ജിദ്‌ കൊടുങ്ങല്ലൂർ
  2. പുത്തൻപള്ളി ജുമാ മസ്ജിദ്‌ അഴീക്കോട്
  3. ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ‍അത്ത് പള്ളി
  4. ചാവക്കാട് മണത്തല പള്ളി
  5. കാളത്തോട്‌ ജുമാ മസ്ജിദ്‌
  6. ബ്ലാങ്ങാട് ജുമാ മസ്‌ജിദ്‌ ചാവക്കാട്
  7. അണ്ടത്തോട് ജുമാ മസ്‌ജിദ്‌. ( പുന്നയൂർക്കുളം )
  8. വെന്മേനാട് , പൈങ്കണ്ണിയൂർ ജുമാ മസ്ജിദ്

കലകൾ തിരുത്തുക

സിനിമ തിരുത്തുക

മലയാളത്തിൽ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു (1928) തന്നെ ഇവിടെ ചലച്ചിത്രങ്ങൽ പ്രദർശിപ്പിച്ചിരിന്നു. കേരളത്തിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു. (കാട്ടൂക്കാരൻ വാറുണി) ജോസഫ് ആണ്. “ജോസ് ബയോസ്കോപ്പ്സ്” എന്ന പേരിൽ. കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂർ രാമവർമ്മ (1925) ഇപ്പോഴത്തെ സ്വപ്ന തിയ്യറ്റർ. തൃശൂർ ജോസ് (1930)തിയ്യറ്റർ.തൃശുർ ജില്ലയിൽ ഇന്ന് 30ന് അടുത്ത് ചെറുതും വലുതുമാ‍യ തിയ്യറ്ററുകൾ ഉണ്ട്. തൃശൂരിലെ രാഗം (70mm) തിയ്യറ്റർ കേരളത്തിലെ വലിയതിയ്യറ്ററാണ്. 4 നിലകളിലായിട്ടാണ് ഈ ഒരു തിയ്യറ്റർ ഉണ്ടാക്കിയിരിക്കുന്നത്.ചാവക്കാട് ദര്ഷന തിയട്ടർ ഏറെ പഴക്കം ചെന്നതാണ്. ഇപ്പോശ് പുതുക്കി പണിതു അതിന്റെ പ്രൗഡി ഒന്നു കാണെണ്ടതു തന്നെയാണ്. സാമ്പത്തിക നഷ്ട്ടം മൂലം ദർശന തിയ്യറ്റർ ഇപ്പോൾ നിലവിൽ ഇല്ല

കായികം തിരുത്തുക

തൃശ്ശൂർ ജില്ല കായിക പരമായി ഒരു നല്ല താരനിര കേരളത്തിനും ഇന്ത്യക്കും സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായിരുന്ന ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.വി. പാപ്പച്ചൻ[12] തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്.

ജില്ലാ ആസ്ഥാനത്ത് രണ്ട് ഔട്ട്ഡോർ സ്റ്റേഡിയങ്ങളും കോർപ്പറേഷൻ സ്റ്റേഡിയം, തോപ്പ് സ്റ്റേഡിയം മൂന്ന് ഇൻഡോർ സ്റ്റേഡിയവും കോർപ്പറേഷൻ ഇൻഡോർ സ്റ്റേഡിയവും, തോപ്പ് ഇൻഡോർ സ്റ്റേഡിയം, വനിതാ ഇൻഡോർ സ്റ്റേഡിയം ഉണ്ട്. കോർപ്പറേഷന്റെ നീന്തൽ കുളം വടക്കെ ബസ്റ്റാൻഡിടുത്ത് സ്ഥിതി ചെയ്യുന്നു. ബാനർജി ക്ലബ്ബ്, ടെന്നീസ് അക്കാദമി എന്നിവക്ക് സ്വന്തമായി ടെന്നീസ് ക്ലേകോർട്ടുകൾ ഉണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരുത്തുക

 
വാഴച്ചാൽ വെള്ളച്ചാട്ടം
  • നെഹ്രുപാർക്ക്,തൃശൂർ
  • ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം
  • ഡ്രീം വേൾഡ് വാട്ടർ പാർക്ക്
  • സിൽ വർ സ്റ്റോം വാട്ടർ തീം പാർക്ക്
  • അതിരപ്പിള്ളി വെള്ളച്ചാട്ടം
  • പ്രശസ്തമായ ചവക്കാട് ബീച്
  • സ്നേഹതീരം ബീച്ച് റെസോർട്സ്, തളിക്കുളം
  • മുനയ്ക്കൽ ബീച്ച്, അഴീക്കോട്
  • മറൈൻ വേൾഡ് ,പഞ്ചവടി
  • ചേറ്റുവ-പെരിങ്ങാട് കണ്ടൽ യാത്ര.

പൗരാണികം തിരുത്തുക

 
ചെമ്പുക്കാവ് പുരാവസ്തു മ്യൂസിയത്തിന്റെ നാമഫലകം
  • മൃഗശാല & മ്യൂസിയം ചെമ്പുക്കാവ്,തൃശൂർ. (മ്യൂസിയം ഇപ്പോൾ ചെമ്പുക്കാവുനിന്നും ശക്തൻ തമ്പുരാൻ കൊട്ടാരത്തിലേക്കു മാറ്റിയിരിക്കുന്നു.)
  • ശക്തൻ തമ്പുരാൻ കൊട്ടാ‍രം ,തൃശൂർ.
  • പുന്നത്തൂർ കോട്ട,ഗുരുവായൂർ

ജലസേചനപദ്ധതികൾ തിരുത്തുക

പ്രകൃതി ദൃശ്യങ്ങൾ തിരുത്തുക

ചിത്രശാല തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

  1. https://web.lsgkerala.gov.in/reports/lbMembers.php?lbid=160[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-13. Retrieved 2019-01-10.
  3. സെൻസസ് ഇന്ത്യ വെബ്സൈറ്റ് സെൻസസ് വിവരങ്ങൾ ഇവിടെ കാണാം
  4. http://www.mapsofindia.com/census2011/kerala-sex-ratio.html
  5. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-06. Retrieved 2007-05-28.
  8. ഭരണസംവിധാനം->തൃശ്ശൂർ-കൃഷി Page No.361, കേരളവിജ്ഞാനകോശം 1988 പതിപ്പ്, ദേശബന്ധു പബ്ലിക്കേഷൻസ് , തിരുവനന്തപുരം
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; test12 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
  11. പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982.
  12. http://www.indianfootball.de/data/halloffame/pappachan_cv.html
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_ജില്ല&oldid=4018695" എന്ന താളിൽനിന്ന് ശേഖരിച്ചത്