ബ്രഹ്മാവ്

ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യ ദൈവം

ഹിന്ദുമതത്തിൽ 'പരബ്രഹ്മത്തിന്റെ' സൃഷ്ടികർമ്മത്തിന്റെ മൂർത്തി ഭാവമാണ് ബ്രഹ്മാവ്. ത്രിമൂർത്തികളിലെ സൃഷ്ടി കർത്താവാ‍യി ബ്രഹ്മാവിനെ കണക്കാക്കുന്നു. നാല് തലകൾ 4 വേദങ്ങളെയും, 4 മഹാദിക്കുകളെയും സുചിപ്പിക്കുന്നു. താമരപ്പൂവിൽ (ജീവന്റെ ഉത്ഭവത്തെ സുചിപ്പിക്കുന്നു) ഇരിക്കുന്ന രൂപമാണ് ബ്രഹ്‌മാവിന്. അദ്ദേഹത്തിന്റെ വാഹനമായി സങ്കൽപ്പിക്കുന്നത് ഹംസത്തെ ആണ്.

ബ്രഹ്മാവ്
സൃഷ്ടി
Brahma 1820.jpg
ബ്രഹ്മാവ്
ദേവനാഗരിब्रह्मा
Sanskrit TransliterationBrahmā
Affiliationത്രിമൂർത്തികൾ
നിവാസംസത്യലോകം
ജീവിത പങ്കാളിസരസ്വതി
Mountഹംസം

വൈദിക സാഹിത്യത്തിൽ അദ്ദേഹത്തെ വിശ്വകർമ്മൻ, ഹിരണ്യഗർഭൻ, പ്രജാപതി, ബ്രഹ്മണസ്പതി, ത്വഷ്ടാവ് എന്നെല്ലാം വിളിക്കുകയും ആദിദേവനായി കാണുകയും ചെയ്യുന്നു- "ബ്രഹ്മാ ദേവാനാം പ്രഥമഃ സംബഭൂവ, വിശ്വസ്യ കർത്താ ഭുവനസ്യ ഗോപ്താ"- മുണ്ഡകോപനിഷത്ത്[1].

ശതപഥബ്രാഹ്മണം അനുസരിച്ച് ബ്രഹ്മാവ് ലോകഹിതത്തിനായി മത്സ്യ, കൂർമ്മ, വരാഹ അവതാരങ്ങൾ എടുത്തിരിക്കുന്നതായി പറയപ്പെടുന്നു.വായുപുരാണം, ബ്രഹ്മാണ്ഡപുരാണം തുടങ്ങിയ പ്രാചീന പുരാണങ്ങളിലും മഹാഭാരതത്തിലും രാമായണത്തിലും ഇത് പ്രതിപാദിക്കുന്നു.

ജഗത്സൃഷ്ടാവായ ബ്രഹ്മദേവൻ മാനസ സങ്കല്പത്തിൽ നിന്നും പത്തു പ്രജാപതിമാരെ സൃഷ്ടിച്ചു. മരീചി, അത്രി, അംഗിരസ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു, വസിഷ്ഠൻ, ദക്ഷൻ, കർദ്ദമൻ എന്നിവരാണ് പത്തു പ്രജാപതിമാർ. നാരദൻ, ധർമ്മൻ, സ്വായംഭൂവമനു എന്നിവരെല്ലാം ബ്രഹ്മപുത്രരാണ്. ബ്രഹ്മാവിന്റെ പുത്രനായി ഒരു വിശ്വകർമ്മാവുമുണ്ട്. സകല ദേവന്മാരും ബ്രഹ്മദേവന്റെ പൗത്രന്മാരാണ്, അത് കൊണ്ട് അദ്ദേഹം പിതാമഹൻ എന്ന നാമത്തിൽ പ്രസിദ്ധനാണ്. ദേവന്മാരുടെയും ദാനവന്മാരുടെയും യക്ഷന്മാരുടെയും രാക്ഷസന്മാരുടെയും കിന്നരന്മാരുടെയും പിതാമഹനാണ് ബ്രഹ്മാപ്രജാപതി.

സൃഷ്ടി നടത്താൻ അറിവ് ആവശ്യമായതിനാൽ ബ്രഹ്മപത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവിയായി കരുതുന്ന സരസ്വതിയെയാണ്. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റെയും സംസാരശക്തിയുടെയും മൂർത്തിയായും കരുതിവരുന്നു. രജോഗുണമൂർത്തിയാണ് ബ്രഹ്മാവ്.

ബ്രഹ്മാവിനെ പൊതുവേ ക്ഷേത്രങ്ങളിൽ ആരാധിക്കാറില്ല എങ്കിലും നാരായണാത്മകം, ശേഷസമുച്ഛയം പോലുള്ള ഗ്രന്ഥങ്ങളിൽ ബ്രഹ്മാവിന്റെ പൂജാവിധികൾ പറയുന്നുണ്ട്. ആയതിനാൽ ഒരു കാലത്ത് ബ്രഹ്‌മാവിനെ ക്ഷേത്രങ്ങളിൽ ആരാധിച്ചിരുന്നു എന്ന് അനുമാനിക്കാം.

ജനനംതിരുത്തുക

ഗ്രന്ഥങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയം ജനിച്ചതായാണ് (സ്വയംഭൂ) പരാമർശിച്ചിരിക്കുന്നത്. മനുസ്മൃതി അനുസരിച്ച് പരമാത്മാവ് ബ്രഹ്‌മാണ്ഡസൃഷ്ടിക്ക് മുമ്പായി ജലം നിർമ്മിച്ചു. അതിൽ തന്റെ ശക്തി രൂപമായ ബീജം വിതച്ചു.ഇങ്ങനെയുള്ള ബീജം സർവ്വേശ്വരന്റെ ഇച്ഛ കൊണ്ട് സ്വർണ്ണനിറമുള്ള ഒരു അണ്ഡമായി തീർന്നു.ആ അണ്ഡത്തിൽ നിന്നും സർവ്വലോകപിതാമഹനായ ബ്രഹ്‌മാവായി പരമാത്മാവ് സ്വയം ഉദ്‌ഭവിച്ചു.

മഹാഭാഗവതവും,ഭഗവദ്ഗീതയും, നാരായണീയവും,വിഷ്ണു പുരാണവും അനുസരിച്ച്‌ പരമാത്മാവായ സാക്ഷാൽ ആദിനാരായണന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് പരമശിവൻ, എല്ലാ ദേവീ ദേവൻമാരും, സമസ്ഥ ബ്രഹ്മാണ്ഡവുമുണ്ടായി എന്ന്‌ പറയുന്നു.

ശിവ, സ്കന്ദ ഇതര പുരാണങ്ങളിൽ ശിവനും ശക്തിയും ചേർന്ന് മഹാവിഷ്ണുവിനേയും വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ നിന്ന് ബ്രഹ്മദേവനെയും സൃഷ്ടിക്കുന്നു. അവരുടെ ശക്തികളായി മഹാലക്ഷ്മി, മഹാസരസ്വതിമാരെയും സൃഷ്ടിക്കുന്നു. മാത്രമല്ല സർവ്വ ചരാചരവും ശിവശക്തികൾ ചേർന്ന് സൃഷ്ടിച്ചു എന്ന് പരാമർശിക്കുന്നു.

ആയുസ്സ്തിരുത്തുക

ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 ചതുർയുഗങ്ങളാണെന്നും പറയപ്പെടുന്നു[2]...

 
ബ്രഹ്മാവിന്റെ കരിങ്കല്ലിൽ തീർത്ത ശില്പം

മറ്റ് ലിങ്കുകൾതിരുത്തുക

അവലംബംതിരുത്തുക

  1. mundaka upanishad (PDF).
  2. Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. പുറം. 79. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ബ്രഹ്മാവ്&oldid=3918818" എന്ന താളിൽനിന്ന് ശേഖരിച്ചത്