കേച്ചേരി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കേച്ചേരി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരിയ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന കേച്ചേരിപ്പുഴയുടെ കരയിലാണ് ഈ പട്ടണം. സാമാന്യം തിരക്കുള്ള ഒരു ജങ്ഷനാണ് കേച്ചേരിയിൽ. അടുത്തകാലത്ത് ഈ സ്ഥലം, ഗതാഗതക്കുരുക്കുകളുടെ പേരിൽ കുപ്രസിദ്ധി നേടിയിരുന്നു.

കേച്ചേരി
പട്ടണം
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680501
Telephone code04885
വാഹന റെജിസ്ട്രേഷൻKL-48 KL-46
Nearest cityThrissur

ചരിത്രംതിരുത്തുക

'കീഴ്ച്ചേരി' എന്ന പേര് ലോപിച്ചാണ് കേച്ചേരിയായതെന്ന് വിശ്വസിച്ചുവരുന്നു. നദിയൊഴുകിച്ചെല്ലുന്ന വഴിയിൽ കീഴോട്ട് മാറിക്കിടന്നിരുന്ന ചേരി, കീഴ്ച്ചേരിയായും കാലാന്തരത്തിൽ കേച്ചേരിയായും മാറിയെന്ന് വിശ്വസിച്ചുവരുന്നു.

ഭൂമിശാസ്ത്രംതിരുത്തുക

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന കേച്ചേരി ഗ്രാമം, ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ്. കുന്നംകുളത്തുനിന്ന് എട്ടും, ഗുരുവായൂരിൽ നിന്ന് പന്ത്രണ്ടും കിലോമീറ്റർ ദൂരമുണ്ട് കേച്ചേരിയിലേയ്ക്ക്. സ്ഥലപ്പേരിൽ അറിയപ്പെടുന്ന കേച്ചേരിപ്പുഴ, ഗ്രാമത്തിന്റെ വടക്കുഭാഗത്തുകൂടെ ഒഴുകുന്നു. കേച്ചേരിയ്ക്കടുത്തുള്ള പെരുമല പ്രകൃതിരമണീയമായ ഒരു സ്ഥലമാണ്. നിരവധി വിനോദസഞ്ചാരികൾ ഈ ഭാഗത്തേയ്ക്ക് വരുന്നുണ്ട്. പാറന്നൂർ, ചിറനെല്ലൂർ, എരനെല്ലൂർ തുടങ്ങിയ സമീപസ്ഥലങ്ങളുടെ പേര് കേച്ചേരിപ്പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു. സമീപത്ത് ധാരാളം നെൽപ്പാടങ്ങളുണ്ട്. അവയിലേയ്ക്ക് വെള്ളമെത്തിയ്ക്കാനായി തുടങ്ങിവച്ച പാറന്നൂർ ചിറ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

ജനസംഖ്യതിരുത്തുക

2011-ലെ സെൻസസ് അനുസരിച്ച് ഏകദേശം അയ്യായിരത്തിനടുത്താണ് കേച്ചേരിയിലെ ജനസംഖ്യ. 1000 പുരുഷന്മാർക്ക് 1001 സ്ത്രീകൾ എന്ന നിരക്കിലാണ് സ്ത്രീപുരുഷ അനുപാതം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം മതവിശ്വാസികൾ ഏതാണ്ട് ഒരേ നിരക്കിലാണ് കേച്ചേരിയിൽ. പരസ്പരസഹവർത്തിത്വത്തോടെയാണ് എല്ലാവരും കഴിയുന്നത്.

കേച്ചേരിയിലെ പ്രധാന ആരാധനാലയങ്ങൾ പറപ്പൂക്കാവ് ഭഗവതിക്ഷേത്രം, മഴുവഞ്ചേരി മഹാദേവക്ഷേത്രം, കേച്ചേരി ജുമാ മസ്ജിദ്, പാലത്തും ഭഗവതിക്ഷേത്രം, തുവ്വാനൂർ ശിവ-വിഷ്ണുക്ഷേത്രങ്ങൾ എന്നിവയാണ്. പറപ്പൂക്കാവ് ക്ഷേത്രത്തിൽ മീനമാസത്തിൽ നടത്തിവരുന്ന പൂരം ശ്രദ്ധേയമാണ്.

പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി, പ്രമുഖ സംസ്കൃതപണ്ഡിതൻ ഇ.പി. ഭരതപിഷാരോടി, ചലച്ചിത്രനടൻ ഇർഷാദ്, സഞ്ചാരസാഹിത്യകാരൻ എം.കെ. രാമചന്ദ്രൻ തുടങ്ങിയവർ കേച്ചേരി സ്വദേശികളാണ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കേച്ചേരി&oldid=3710557" എന്ന താളിൽനിന്ന് ശേഖരിച്ചത്