ഗുരുവായൂർ ഏകാദശി
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂർ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്.
ഐതിഹ്യപ്രകാരം വൈകുണ്ഠനാഥനാൽ തന്നെ നിർമ്മിയ്ക്കപ്പെട്ടതും, ബ്രഹ്മാവ്, സുതപസ്സ്, കശ്യപൻ, വസുദേവർ എന്നിങ്ങനെ പോയി ഒടുവിൽ ശ്രീകൃഷ്ണഭഗവാന്റെ തന്നെയും പൂജയേറ്റുവാങ്ങിയതുമായ പാതാളാഞ്ജനനിർമ്മിതമായ വിഷ്ണുവിഗ്രഹം, ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയത് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിനാളിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുരുക്ഷേത്ര യുദ്ധത്തിനിടയിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേർതട്ടിൽ തളർന്നിരുന്ന അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ, ഗീതാദിനമായും ഇത് ആചരിയ്ക്കപ്പെടുന്നു. കേരളത്തിൽ സ്വന്തമായി ഏകാദശി ആഘോഷങ്ങളുള്ള അപൂർവ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം.
വിശ്വാസം
തിരുത്തുകഹൈന്ദവ വിശ്വാസമനുസരിച്ച് വൃശ്ചിക ഏകാദശി ദിവസം മഹാവിഷ്ണുവിനോട് പ്രാർഥിച്ചാൽ വളരെയധികം ഫലങ്ങൾ ലഭിക്കുമെന്നാണ്. ഇതേ ദിവസം തന്നെ സർവ്വ ദേവിദേവന്മാരും വിഷ്ണുവിനെ ദർശിക്കാൻ എഴുന്നള്ളുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ക്ഷേത്രത്തിലെത്തി പ്രാർഥിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യമായ കാര്യം കൂടിയാണ്. ശ്രേഷ്ഠ വ്രതങ്ങളിലൊന്നായാണ് ഗുരുവായൂർ ഏകാദശി വ്രതത്തെ വിശ്വാസികൾ കരുതുന്നത്. ആഹാരമൊന്നും കഴിക്കാതെയാണ് വിശ്വാസികൾ സാധാരണമായി ഏകാദശി വ്രതമെടുക്കുന്നത്. ശാരീരിക അസ്വസ്ഥതകളുള്ളവർ അരിയാഹാരം മാത്രം ഒഴിവാക്കിയും വ്രതമെടുക്കുന്നു. ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഈ ലോകത്തിൽ മാത്രമല്ല, മരണാനന്തര ലോകത്തിലും ഇതിന്റെ ഫലങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാമ്പത്തിക നേട്ടം, ഐശ്വര്യം, മനശ്ശാന്തി, രോഗശാന്തി തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുമത്രെ. വിഷ്ണു പ്രീതിക്കും കുടുംബത്തിൻറെ ഐശ്വര്യത്തിനായും വിശ്വാസികൾ ഏകാദശി വ്രതം അനുഷ്ഠിക്കുന്നു.
ഏകാദശിവ്രതം
തിരുത്തുകഒരു ചാന്ദ്രമാസത്തിൽ വെളുത്തതും കറുത്തതുമായി രണ്ട് പക്ഷങ്ങളുണ്ടാകും. ഇരുപക്ഷങ്ങളിലെയും പതിനൊന്നാം ദിവസമാണ് ഏകാദശി എന്നറിയപ്പെടുന്നത്. ഈ ദിവസം അനുഷ്ഠിയ്ക്കപ്പെടുന്ന വ്രതം വിഷ്ണുപ്രീതികരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ തലേദിവസവും (ദശമി) പിറ്റേദിവസവും (ദ്വാദശി) കൂടി ഉൾപ്പെടുന്നതാണ് വ്രതം. തലേന്നും പിറ്റേന്നും ഒരിയ്ക്കലും ഏകാദശിനാളിൽ പൂർണ്ണ ഉപവാസവുമാണ് പറഞ്ഞിട്ടുള്ളത്. അത് സാധിയ്ക്കാത്തവർ തുളസീതീർത്ഥം സേവിച്ച് ദിവസം കഴിയ്ക്കുന്നു. പ്രഭാതസ്നാനത്തിനുശേഷം വിഷ്ണുക്ഷേത്രദർശനം നടത്തുന്നതും ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം, വിഷ്ണുപുരാണം, നാരായണീയം മുതലായ വൈഷ്ണവഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതും അത്യുത്തമം. ദ്വാദശിനാളിൽ രാവിലെ കുളിച്ച് വിഷ്ണുക്ഷേത്രദർശനം നടത്തി പാരണ വിടുന്നതോടെ വ്രതം സമാപിയ്ക്കുന്നു.
ഏകാദശീവ്രതം രണ്ടുതരത്തിലുണ്ട്. ദശമിബന്ധമുള്ളതും ഇല്ലാത്തതും. ദശമിബന്ധമുള്ള ഏകാദശി 'അംബരീഷപക്ഷ ഏകാദശി' അഥവാ 'ഭൂരിപക്ഷ ഏകാദശി' എന്നും ദ്വാദശിബന്ധമുള്ള ഏകാദശി 'രുഗ്മാംഗദപക്ഷ ഏകാദശി' അഥവാ 'ആനന്ദപക്ഷ ഏകാദശി' എന്നും അറിയപ്പെടുന്നു. ആദ്യത്തേത് സാധാരണ ഹിന്ദുക്കളും, രണ്ടാമത്തേത് വൈഷ്ണവരും എടുക്കുന്നു. ആദ്യത്തെ കൂട്ടർക്ക് സൂര്യോദയം മുതലാണ് ദിവസാരംഭം. ഇവരുടെ ചിട്ടയിൽ സൂര്യോദയം കഴിഞ്ഞ് ആറുനാഴിക ഏകാദശിയുണ്ടെങ്കിൽ അന്ന് വ്രതമെടുക്കാവുന്നതാണ്. എന്നാൽ രണ്ടാമത്തെ കൂട്ടർക്ക് അരുണോദയം (സൂര്യോദയത്തിനും ഒന്നര മണിക്കൂർ മുമ്പ്) മുതലാണ് ദിവസം. ഇക്കൂട്ടർക്ക് ദശമിബന്ധം പാടില്ല. തലേദിവസം ദശമി കുറച്ചുണ്ടായാൽ പിറ്റേന്ന് ഏകാദശി തീരെയില്ലെങ്കിലും പിറ്റേന്നാണ് ഇവർ വ്രതമനുഷ്ഠിയ്ക്കുന്നത്. കേരളത്തിൽ പൊതുവേ രണ്ടാമത്തെ ചിട്ടയനുസരിച്ചാണ് വ്രതം.
ഏകാദശിയുടെ രണ്ടാം പകുതിയും ദ്വാദശിയുടെ ഒന്നാം പകുതിയും ചേർന്ന അറുപതുനാഴിക സമയം 'ഹരിവാസരം' എന്നറിയപ്പെടുന്നു. ഈ സമയത്ത് ഉറക്കമടക്കമുള്ള എല്ലാ കാര്യങ്ങളും നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അഖണ്ഡനാമജപമാണ് ഈ സമയത്ത് വിധിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഈ സമയം കഴിഞ്ഞാണ് പാരണ വിടുന്നത്.
ഏകാദശിനാളിൽ ക്ഷേത്രത്തിലെ ചടങ്ങുകൾ
തിരുത്തുകഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ അലനല്ലൂരിലുള്ള പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. കേരള ഹൈക്കോടതിയിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്[i], കേരള പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, അയ്യപ്പസേവാസംഘം നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട വിളക്ക് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും.
ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന പഞ്ചമി മുതൽ നവമി വരെയുള്ള വിളക്കുകൾ പാരമ്പര്യവിളക്കുകൾ എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് പാരമ്പര്യവിളക്കുകൾ എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; ഷഷ്ഠിവിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. സപ്തമിനാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. അഷ്ടമിവിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും നവമിവിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. ദശമിദിനത്തിലെ വിളക്ക് നടത്തുന്നത് ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ആഞ്ഞം മാധവൻ നമ്പൂതിരി തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശിനാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല.
ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്.
ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) ദ്വാദശിപ്പണം സമർപ്പിയ്ക്കൽ എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം (ത്രയോദശി നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു.
ചെമ്പൈ സംഗീതോത്സവം
തിരുത്തുകകർണാടക സംഗീതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർത്ഥം 1974 മുതൽ എല്ലാ വർഷവും ഏകാദശിക്കാലത്ത് നടത്തിവരുന്ന വിശേഷാൽ ചടങ്ങാണ് ചെമ്പൈ സംഗീതോത്സവം. കേരളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ ഈ പരിപാടിയിൽ പങ്കെടുക്കാറുണ്ട്.
- ↑ 2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.