ലക്ഷ്മി

ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവത
(മഹാലക്ഷ്മി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലക്ഷ്മി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലക്ഷ്മി (വിവക്ഷകൾ) എന്ന താൾ കാണുക. ലക്ഷ്മി (വിവക്ഷകൾ)

ഹൈന്ദവ വിശ്വാസപ്രകാരം സാമ്പത്തികത്തിന്റെ അല്ലെങ്കിൽ ഐശ്വര്യത്തിന്റെ ഭഗവതിയാണ് ലക്ഷ്മി അഥവാ ശ്രീ ഭഗവതി. ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണു ഭഗവാന്റെ പത്നി കൂടിയാണ് ലക്ഷ്മിദേവി അഥവാ ശ്രീദേവി. ദേവി മാഹാത്മ്യ പ്രകാരം ലോകമാതാവും ജഗദീശ്വരിയയുമായ സാക്ഷാൽ ആദിപരാശക്തിയുടെ 3 പ്രധാന ഭാവങ്ങളിൽ രണ്ടാമത്തെ ഭഗവതിയാണ് മഹാലക്ഷ്മി. മഹിഷാസുരനെ വധിക്കാൻ വേണ്ടിയാണ് മഹാലക്ഷ്മി അവതരിച്ചതെന്ന് വിശ്വാസം. മഹാകാളി, മഹാസരസ്വതി എന്നിവയാണ് മറ്റ് രണ്ടു ഭാവങ്ങൾ. ശ്രീ എന്നാൽ ലക്ഷ്മി അഥവാ ഐശ്വര്യം എന്നാണ് അർത്ഥം. പ്രധാനമായും സമ്പത്ത്, ധനം, ധാന്യം അല്ലെങ്കിൽ ആഹാരം, ഐശ്വര്യം, സൗഭാഗ്യം, വൃത്തി, ശുചിത്വം, സൌന്ദര്യം, അഭിവൃദ്ധി, വിജയം എന്നിവയുടെ ഭഗവതി ആണ് മഹാലക്ഷ്മി. കഠിനാധ്വാനം ചെയ്യുന്ന വ്യക്തിക്ക് ലക്ഷ്മി സമ്പത്ത്‌ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. അസ്ഥിര പ്രകൃതിയാണ് ലക്ഷ്മി എന്നാണ് സങ്കല്പം. ശ്രീദേവി ഒരിടത്തും സ്ഥിരമായി നിൽക്കുന്നില്ല എന്ന് കരുതപ്പെടുന്നു. അതിനാൽ സമ്പത്തും ഐശ്വര്യവും സ്ഥിരമല്ല എന്ന് വിശ്വസിക്കപ്പെടുന്നു. ഏതൊരു വസ്തുവിന്റെയും നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യത്തിന്റെ ഭഗവതിയായ ലക്ഷ്മിയെ സ്ഥിതികാരകനായ മഹാവിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്റെ വിവിധ അവതാരങ്ങളിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യം കാണാം. ഉദാഹരണത്തിന് ശ്രീകൃഷ്ണ ഭഗവാന്റെ പത്നിയായ രുക്മിണിദേവി, ശ്രീരാമ പത്നിയായ സീതാദേവി എന്നിവർ ലക്ഷ്മിയുടെ അവതാരമാണ് എന്ന് ഭാഗവതം പറയുന്നു. സപ്തമാതാക്കളിൽ വിഷ്ണുശക്തിയായ വൈഷ്ണവി ദേവി, വരാഹ ഭഗവാന്റെ ശക്തിയായ വാരാഹി (പഞ്ചമി) എന്നിവർ മഹാലക്ഷ്മിയുടെ മറ്റു രൂപങ്ങളാണ്. സമ്പത്തും സമൃദ്ധിയും പണവും ആഹാരവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂവും, സ്വർണ്ണക്കുടവും പിടിച്ചിരിക്കുന്നതും അഭയ, വരദ മുദ്രകളോടു കൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. രണ്ടു വെളുത്ത ആനകൾ ദേവിയുടെ ഇരുവശത്തുമായി നിൽക്കുന്നു.

മഹാലക്ഷ്മി
ധനം, സമ്പത്ത്, ആഹാരം, ഐശ്വര്യം, വൃത്തി, ശുചിത്വം, വിജയം, അഭിവൃദ്ധി
മഹാലക്ഷ്മി
ദേവനാഗരിलक्ष्मी
Sanskrit Transliterationlakṣmī
Affiliationദേവി, പരാശക്തി, മഹാവിഷ്ണു, ഭഗവതി, ദുർഗ്ഗ
നിവാസംവൈകുണ്ഠം
ആയുധംശംഖ്, ചക്രം
ജീവിത പങ്കാളിമഹാവിഷ്ണു
Mountതാമരപ്പൂവ്

ശാക്തേയ വിശ്വാസപ്രകാരം, ദേവി ഭാഗവത പ്രകാരം മഹാലക്ഷ്മി സിംഹാരൂഢയും സർവായുധധാരിയുമായ മഹാദേവിയാണ്. ശക്തിസ്വരൂപിണിയായ ഈ ഭഗവതിയാണ് മഹിഷാസുരനെയും, കോലാസുരനേയും വധിച്ചത്. ദേവി മാഹാത്മ്യപ്രകാരം സാക്ഷാൽ ആദിപരാശക്തിയും, ലോകമാതാവും, സർവേശ്വരിയുമാണ് മഹാലക്ഷ്മി. ഭുവനേശ്വരിക്കും മഹാലക്ഷ്മിയും ഒന്നുതന്നെ എന്ന്‌ ദേവി മഹാത്മ്യം വ്യക്തമാക്കുന്നു. തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. നവരാത്രിയുടെ അവസാന ദിവസം 'സിദ്ധിദാത്രിയായി' ആരാധിക്കപ്പെടുന്നത് മഹാലക്ഷ്മിയാണ്. ദശ മഹാവിദ്യകളിൽ 'കമല' എന്നറിയപ്പെടുന്നതും മഹാലക്ഷ്മി തന്നെയാണ്.

മഹാലക്ഷ്മിക്ക് എട്ടു ഭാവങ്ങളുണ്ട്. ഇവർ അഷ്ടലക്ഷ്മിമാർ എന്നറിയപ്പെടുന്നു. ആദിലക്ഷ്മി (മഹാലക്ഷ്മി അഥവാ ആദിപരാശക്തി), ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി (ധൈര്യലക്ഷ്മി അഥവാ ദുർഗ്ഗ), വിജയലക്ഷ്മി, വിദ്യാലക്ഷ്മി (സരസ്വതി) എന്നിവരാണ് അഷ്ട ലക്ഷ്മിമാർ. എട്ടു തരത്തിലുള്ള ഐശ്വര്യമായി ഇത് കണക്കാക്കപ്പെടുന്നു. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ആരാധിച്ചാൽ സർവ ഐശ്വര്യം ഫലം എന്ന്‌ വിശ്വാസം. വെള്ളിയാഴ്ച പ്രധാന ദിവസം. മിക്ക ഭഗവതി ക്ഷേത്രങ്ങളിലും വെള്ളിയാഴ്ച ദിവസം ദേവിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്.

വടക്കേ ഇന്ത്യയിൽ ദീപാവലിയുമായി ബന്ധപെട്ടു ഹൈന്ദവ വ്യാപാരികളും ബിസിനസ്‌കാരും വീടുകളിലും സ്ഥാപനങ്ങളിലും ലക്ഷ്മിപൂജ നടത്തുന്നത് ഐശ്വര്യം ഉണ്ടാകുവാൻ വേണ്ടിയാണ്. ദീപാവലി, നവരാത്രി, തൃക്കാർത്തിക, പൗർണമി എന്നിവ വിശേഷ ദിവസങ്ങൾ. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര, പാലക്കാട്‌ ഹേമാംബിക പോലെയുള്ള ചില ഭഗവതി ക്ഷേത്രങ്ങളിൽ മഹാലക്ഷ്മിയെ ആരാധിച്ചു കാണുന്നു. ലക്ഷ്മി നാരായണ, ലക്ഷ്മി നരസിംഹമൂർത്തി, ലക്ഷ്മി വരാഹമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ലക്ഷ്മിദേവി ആരാധിക്കപ്പെടുന്നു. മുംബൈ നഗരത്തിന്റെ ദേശദൈവം മുംബൈ ലക്ഷ്മി ആണ്. എറണാകുളം ജില്ലയിൽ കേരളത്തിന്റെ വ്യവസായിക തലസ്ഥാനം ആയ കൊച്ചി നഗരത്തോട് ചേർന്നു കിടക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മുഖ്യമായും മഹാലക്ഷ്മി ലക്ഷ്മി നാരായണ ഭാവത്തിൽ ആരാധിക്കപ്പെടുന്നു. പ്രസിദ്ധമായ തിരുപ്പതി (പദ്മാവതി ക്ഷേത്രം), ചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രം , തിരുവനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയിടത്തും വിഷ്ണുവിനോപ്പം ലക്ഷ്മി പ്രതിഷ്ഠ കാണാം.

വിശ്വാസം

തിരുത്തുക

ഓരോരുത്തരുടെയും കഴിവിനും അധ്വാനത്തിനും അനുസരിച്ചു മഹാലക്ഷ്മി സമ്പത്തു നൽകുന്നു എന്നാണ് വിശ്വാസം. വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളിൽ മാത്രമേ ലക്ഷ്മീദേവി വസിക്കൂ എന്നാണ് വിശ്വാസം. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഐശ്വര്യം ഉണ്ടാകാൻ അത്യാവശ്യമാണ് എന്നാണ് ആചാരം. കഠിനമായി പരിശ്രമിക്കാത്തവരുടെയും, തൊഴിൽ ചെയ്യാൻ മടിക്കുന്നവരുടെയും, അലസത ഉള്ളവരുടെയും, പകൽ ഉറങ്ങുന്നവരുടെയും, വൃത്തിഹീനരുടെയും, കലഹിക്കുന്നവരുടെയും ഭവനങ്ങളിൽ ലക്ഷ്മിദേവി വസിക്കുക ഇല്ല എന്നാണ് വിശ്വാസം. അത്തരം ഇടങ്ങളിൽ ലക്ഷ്മിദേവിക്ക് പകരം ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും ഭഗവതിയായ ജ്യേഷ്ഠയാവും പ്രവേശിക്കുക എന്നാണ് പുരാണങ്ങൾ പറയുന്നത്. പൊതുവേ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ഇടങ്ങളിൽ ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് സങ്കല്പം. വിഷ്ണുവിന്റെ മാറിടത്തിലെ ശ്രീവത്സം എന്ന മറുകിൽ ലക്ഷ്മിദേവി വസിക്കുന്നു എന്ന് പുരാണങ്ങളിൽ കാണാം. മറ്റൊരു തരത്തിൽ മഹാവിഷ്ണുവിനെ അല്ലെങ്കിൽ ദുർഗ്ഗാഭഗവതിയെ ആരാധിക്കുന്നവർക്ക് മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. അല്ലെങ്കിൽ പതിവായി മഹാലക്ഷ്മിയെ ആരാധിക്കുന്നത് വഴി എല്ലാവിധ ദാരിദ്ര്യവും ദുരിതങ്ങളും നീങ്ങാൻ ഇടയാക്കുമെന്നും സമ്പത്തും സമൃദ്ധിയും ഉണ്ടായി വരുമെന്നും സങ്കല്പം. ദേവി മാഹാത്മ്യത്തിൽ

“യാ ദേവീ സർവ്വ ഭൂതേഷു

ലക്ഷ്മീരൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ

നമഃസ്തസ്യൈ നമോ നമഃ“

എന്ന്‌ സ്തുതിക്കുന്നതായി കാണാം.

അവതാരങ്ങൾ

തിരുത്തുക

ആദിനാരായണനായ(പരബ്രഹ്മം) വിഷ്ണു ഭഗവാന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണിയായും രാധയായും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. വിഷ്ണു ശക്തിയായ വൈഷ്ണവി, വരാഹ ഭഗവാന്റെ ശക്തിയായ വാരാഹി എന്നിവരും മഹാലക്ഷ്മി തന്നെ.

ദേവി ഭാഗവതത്തിൽ

തിരുത്തുക

സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം, ദേവി മഹാത്മ്യം തുടങ്ങിയ ദേവി പുരാണങ്ങൾ പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ദുർഗ്ഗയ്ക്കും, ഭുവനേശ്വരിയ്ക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. ദേവി മഹാത്മ്യത്തിൽ ത്രിമൂർത്തികളായ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാരും തൃദേവിമാരായ ഗൗരി, ലക്ഷ്മി, സരസ്വതി തുടങ്ങിയവരും ആദിപരാശക്തിയായ മഹാലക്ഷ്മിയിൽ നിന്നാണ് അവതരിച്ചത്. കൂടാതെ മഹാകാളിയും മഹാസരസ്വതിയും മഹാലക്ഷ്മിയിൽ നിന്നും അവതരിച്ചവരാണ്. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി സർവ്വായുധധാരിയായി മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. നവരാത്രി, ദീപാവലി എന്നിവ മഹാലക്ഷ്മി പ്രധാനമാണ്. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. വിദ്യാ ലക്ഷ്മി തന്നെയാണ് സരസ്വതി എന്നറിയപ്പെടുന്നത്. വിജയ ലക്ഷ്മി ദുർഗ്ഗയായും, ആദിലക്ഷ്മി ആദിശക്തി ആയും സങ്കൽപ്പിക്കപ്പെടുന്നു. വരാഹ രൂപം ധരിച്ച മഹാലക്ഷ്മിയാണ് വാരാഹി പഞ്ചമി എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ വരാഹ അവതാരത്തിന്റെ ശക്തിയായും വാരാഹി ആരാധിക്കപ്പെടുന്നു. വെള്ളിയാഴ്ചകൾ, പൗർണമി ദിവസം തുടങ്ങിയവ മഹാലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങളാണ്. അതിനാൽ ദേവി ക്ഷേത്രങ്ങളിൽ അന്നേ ദിവസം വിശേഷമാണ്.

രാക്ഷസ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്.

മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു.' ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം'.

ഭഗവാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു, 'മകനേ... മരണമില്ലാത്തവൻ ആരുമില്ല. ഒരിക്കൽ എല്ലാത്തിനും അവസാനമുണ്ടാകും. എനിക്ക് അങ്ങനെ വരം നൽകാൻ കഴിയില്ല. മറ്റെന്തെങ്കിലും ചോദിച്ചാൽ സാധിച്ച് തരാം.'

ആലോചിച്ച ശേഷം മഹിഷാസുരൻ വീണ്ടും പറഞ്ഞു,' അങ്ങനെയെങ്കിൽ, ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അപലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല.' ബ്രഹ്മാവ് ആ വരം നൽകി അവനെ അനുഗ്രഹിച്ചു.

അങ്ങനെ അവന് മരണത്തോട് ഭയമില്ലാതായി. വലിയൊരു പട തന്നെ അവൻ സൃഷ്ടിച്ചു. വരബലത്തിൽ അഹങ്കരിച്ച ഈ അസുരൻ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവൻമാർക്ക് ഇരിക്കപൊറുതി ഇല്ലാതെയായി. അവർ രക്ഷക്കായി ത്രിമൂർത്തികളോട് അപേക്ഷിച്ചു. ദേവൻമാരുടെ അപേക്ഷപ്രകാരം ത്രിമൂർത്തികൾ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി.

അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച മഹാലക്ഷ്മി. മൂന്ന് നിറങ്ങളോടും ഭാവങ്ങളോടും കൂടിയായിരുന്നു അവളുടെ ജനനം. എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണമായിരുന്നു ആ ഭഗവതി. പല രൂപങ്ങൾ ഉണ്ടായിരുന്നു ദേവിക്ക്. അതിലൊന്നായിരുന്നു ചണ്ഡികാദേവി. സാക്ഷാൽ മഹിഷാസുരമർദ്ദിനി. തുടർന്ന് ദേവിയും മഹിഷാസുരനും തമ്മിൽ യുദ്ധമാകുകയും, അസുരനെ ചണ്ഡിക വധിക്കുകയും ചെയ്തു.

മഹാലക്ഷ്മി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്.[1][2]

മഹാഭാരതത്തിൽ, ഭാഗവതത്തിൽ

തിരുത്തുക

പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ, ഭാഗവതത്തിൽ പറയുന്നു. ദീപാവലി ലക്ഷ്മിയുടെ അവതാര ദിനമായി കണക്കാക്കപ്പെടുന്നു. [3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ (പാർവ്വതിയുടെ) മകളായി കരുതുന്നു.

ഐതീഹ്യം

തിരുത്തുക

ഒരിക്കൽ ആദിശങ്കരൻ ഒരു ദരിദ്രഭവനം സന്ദർശിക്കുകയും ഭിക്ഷ യാചിക്കുകയും ചെയ്തു. അപ്പോൾ, ആ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു നെല്ലിക്ക വൃദ്ധയായ വീട്ടമ്മ അദ്ദേഹത്തിനു ദാനം നൽകുകയും, ഇതിൽ സന്തോഷിച്ച ശങ്കരാചാര്യർ ഉടനേ "കനകധാരാ സ്തോത്രം" രചിച്ച് ഐശ്വര്യദായിനിയായ മഹാലക്ഷ്മിയെ സ്തുതിക്കുകയും അതിൽ പ്രസാദിച്ച ആ സർവേശ്വരി സാത്വികയായ ആ വൃദ്ധയുടെ മേൽ സ്വർണ്ണനെല്ലിക്കകൾ വർഷിച്ചുകൊണ്ട് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കുകയും ചെയ്തു എന്നാണു കഥ. ഈ ഇല്ലം സ്വർണ്ണത്തില്ലം എന്ന പേരിൽ ഇന്നറിയപ്പെടുന്നു. തൃപ്പൂണിത്തുറയ്ക്കു സമീപമാണ് ഈ ഇല്ലം.

പ്രധാന ക്ഷേത്രങ്ങൾ

തിരുത്തുക

മഹാലക്ഷ്മി ക്ഷേത്രങ്ങൾ പൊതുവേ കുറവാണ്. എങ്കിലും പ്രധാനപ്പെട്ട ചിലത് താഴെ കൊടുക്കുന്നു.

ദേശീയ തലത്തിൽ

തിരുത്തുക

*കൊല്ലൂർ മൂകാംബിക, കർണാടക

* കാഞ്ചിപുരം കാമാക്ഷി ക്ഷേത്രം, തമിഴ്നാട്

*കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രം, മഹാരാഷ്ട്ര

*മുംബൈ മഹാലക്ഷ്മി ക്ഷേത്രം, മഹാരാഷ്ട്ര

*ജമ്മുകശ്മീർ വൈഷ്ണോദേവി ക്ഷേത്രം

*വെല്ലൂർ ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം, തമിഴ്നാട് (സുവർണ്ണ ക്ഷേത്രം)

  • ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രം ചെങ്ങന്നൂർ , ആലപ്പുഴ , കേരളം

കേരളത്തിൽ

തിരുത്തുക

*ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളം

*കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കോട്ടയം

*പാലക്കാട്‌ കല്ലേകുളങ്ങര ഹേമാംബിക ക്ഷേത്രം, എമൂർ

*ഊരകം അമ്മത്തിരുവടി ക്ഷേത്രം, തൃശൂർ

*പഴയ കല്പാത്തി ലക്ഷ്മിനാരായണ ക്ഷേത്രം, പാലക്കാട്‌

*ശ്രീവരാഹം ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം, തിരുവനന്തപുരം

*ശാസ്‌തമംഗലം മഹാലക്ഷ്മി പ്രത്യംഗിരിദേവി ക്ഷേത്രം, തിരുവനന്തപുരം

*മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രം, നെയ്യാറ്റിൻകര

*ലക്ഷ്മിനട മഹാലക്ഷ്മി ക്ഷേത്രം, കൊല്ലം

*തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം, ആന്ധ്ര പ്രദേശ് (മഹാലക്ഷ്മി സങ്കല്പം)

*ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം

*പാരിപ്പള്ളി വവ്വാക്കുന്ന് ലക്ഷ്മി നാരായണ ക്ഷേത്രം, കൊല്ലം

* പേട്ട ശ്രീ പഞ്ചമി ദേവി ക്ഷേത്രം, തിരുവനന്തപുരം (തിരുവനന്തപുരം നഗരത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും അല്പം മാറി കല്ലുമ്മൂട് പാലത്തിനു സമീപം)

*കുറക്കോട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം, വിനോദ് നഗർ, നെടുമങ്ങാട്, തിരുവനന്തപുരം

*കുമ്പളപ്പള്ളി വരാഹി ദേവി ക്ഷേത്രം, മാരാരിക്കുളം വടക്ക്, ആലപ്പുഴ (കണിച്ചു കുളങ്ങര ക്ഷേത്രത്തിന് സമീപം)

*വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം, അന്തിക്കാട്, തൃശൂർ.

*പട്ടുവം വടക്കേക്കാവ് വാരാഹി ക്ഷേത്രം, കണ്ണൂർ.

*വെളുത്താട്ടു വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം, കെടാമംഗലം, വടക്കൻ പറവൂർ, എറണാകുളം. (ഇത് വാരാഹി സങ്കൽപ്പമുള്ള ക്ഷേത്രമാണ്. 108 ദുർഗ്ഗാലയങ്ങളിൽ ഒന്ന്)

  • ചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രം .

വിശേഷ ദിവസങ്ങൾ

തിരുത്തുക

വെള്ളിയാഴ്ച, പൗർണമി എന്നിവ പ്രധാന ദിവസങ്ങൾ. നവരാത്രി, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ എന്നിവയാണ് മഹാലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ. ഇതിൽ ദീപാവലി, മുപ്പട്ടു വെള്ളിയാഴ്ച, നവരാത്രി എന്നിവ മഹാലക്ഷ്മിക്ക് അതീവ പ്രാധാന്യം ഉള്ള ദിവസങ്ങളാണ്.

ദീപാവലി

തിരുത്തുക

പാലാഴിയിൽ നിന്നും മഹാലക്ഷ്മി അവതരിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വാസമുണ്ട്. അതിനാൽ ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമാണ്. അന്നു ദാരിദ്ര്യ ശമനത്തിനായി ഭക്തർ വീടുകളിലും കച്ചവട സ്ഥാപനങ്ങളും വൃത്തിയാക്കി ധനലക്ഷ്മിയെ ആരാധിക്കുന്നു. സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ വ്യാപാരികളും ബിസിനസ്‌കാരും മഹാലക്ഷ്മിയെ ആരാധിക്കുന്ന ദിവസം കൂടിയാണ് ദീപാവലി. ധനലക്ഷ്മി പൂജയാണ് ഇതിന്റെ തുടക്കം. കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം മുതലായവ ചൊല്ലുന്നു.

സ്തോത്രങ്ങൾ

തിരുത്തുക

കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം, മഹാലക്ഷ്മി സ്തവം, ദേവിമാഹാത്മ്യം, ദേവി ഭാഗവതം, ലളിത സഹസ്രനാമം എന്നിവ ശ്രീഭഗവതിയുടെ സ്തുതികളോ ഗ്രന്ഥങ്ങളോ ആണ്. ഇവ ദിവസേനയോ അല്ലെങ്കിൽ വെള്ളിയാഴ്ച തോറുമോ ചൊല്ലുന്നത് സർവ ഐശ്വര്യത്തിനും കാരണമാകും എന്ന് വിശ്വാസികൾ കരുതുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു. [4]

1.ലളിത സഹസ്രനാമം (ലക്ഷ്മി പ്രധാനമായ ചില ഭാഗങ്ങൾ)

മാഹേശ്വരീ മഹാദേവീ മഹാലക്ഷ്മീർമൃഡപ്രിയാ (53).

രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ

സാമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ (135).

2. ദേവി മാഹാത്മ്യം (പ്രധാന ഭാഗങ്ങൾ)

സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ.

ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ.

ലക്ഷ്മീ ലജ്ജേ മഹാവിദ്യേ ശ്രദ്ധേ പുഷ്ടി സ്വധേധ്രുവേ മഹാരാത്രി മഹാവിദ്യേ നാരായണീ നമോfസ്തുതേ.

സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ.

രോഗാന ശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി.

സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.

യാ ദേവീ സർവ്വ ഭൂതേഷു ലക്ഷ്മീരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വ ഭൂതേഷു വൃത്തിരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

3. മഹാലക്ഷ്മി അഷ്ടകം (ചില ഭാഗങ്ങൾ)

സർവ്വജ്ഞേ സർവ്വവരദേ, സർവ്വ ദുഷ്ട ഭയങ്കരി സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.

സിദ്ധിബുദ്ധിപ്രദേ ദേവി, ഭുക്തിമുക്തി പ്രദായിനി മന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്മീ നമോസ്തുതേ.

ആഭ്യന്തരഹിതേ ദേവി, ആദിശക്തി മഹേശ്വരി യോഗജ്ഞേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.

4. കനകധാരാ സ്തോത്രം (ചില ഭാഗങ്ങൾ)

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ ഭൃംഗാംഗനേവ മുകുളാഭരണം തമാലം। അംഗീകൃതാഖില- വിഭൂതിരപാംഗലീലാ മാംഗല്യദാഽസ്തു മമ മംഗളദേവതായാഃ।

കമലേ കമലാക്ഷവല്ലഭേ ത്വം കരുണാപൂരതരംഗിതൈരപാംഗൈഃ। അവലോകയ മാമകിഞ്ചനാനാം പ്രഥമം പാത്രമകൃത്രിമം ദയായാഃ।

ദേവി പ്രസീദ ജഗദീശ്വരി ലോകമാതഃ കല്യാണഗാത്രി കമലേക്ഷണജീവനാഥേ। ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം ആലോകയ പ്രതിദിനം സദയൈരപാംഗൈഃ।

5. വാരാഹി സ്തോത്രം

ഓം കുണ്ഡലിനി പുരവാസിനി ചണ്ഡമുണ്ഡ വിനാശിനി പണ്ഡിതസ്യ മനോണ്മണീ വാരാഹി നമോസ്തുതേ.

അഷ്ടലക്ഷ്മി സ്വരൂപിണി അഷ്ടദാരിദ്ര്യ നാശിനി ഇഷ്ടകാമ പ്രദായിനി വാരാഹി നമോസ്തുതേ.

മഹാലക്ഷ്മി അഷ്ടകം

തിരുത്തുക

നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!

ശംഖ ചക്രഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ! (1)

നമസ്തേ ഗരുഡാരൂഢേ, കോലാസുര ഭയങ്കരി!

സർവപാപഹരേ ദേഹീ മഹാലക്ഷ്മീ നമോസ്തുതേ! (2)

സർവ്വജ്ഞേ സർവ്വവരദേ, സർവ്വ ദുഷ്ട ഭയങ്കരി!

സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ! (3)

സിദ്ധിബുദ്ധിപ്രദേ ദേവി, ഭുക്തിമുക്തി പ്രദായിനി!

മന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്മീ നമോസ്തുതേ! (4)

ആഭ്യന്തരഹിതേ ദേവി, ആദിശക്തി മഹേശ്വരി!

യോഗജ്ഞേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ! (5)

സ്ഥൂലസൂക്ഷ്മ മഹാരൗദ്ര മഹാശക്തി മഹോദരേ!

മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ! (6)

പദ്മാസനസ്ഥിതേ ദേവീ പരബ്രഹ്മ സ്വരൂപിണി!

പരമേശീ ജഗന്മാതേ മഹാലക്ഷ്മീ നമോസ്തുതേ! (7)

ശ്വേതാംബരധരേ ദേവി,നാനാലങ്കാരഭൂഷിതേ!

ജഗത്സ്ഥിതേ ജഗന്മാതേ മഹാലക്ഷ്മീ നമോസ്തുതേ! (8)

ഫലം

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേത് ഭക്തിമാന്നരാ:

സർവ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസർവ്വദാ

ഏകകാലം പഠേന്നിത്യം മഹാപാപവിനാശനം

ദ്വികാലം യ: പഠേന്നിത്യം ധനധാന്യസമന്വിതാ

ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം

മഹാലക്ഷ്മിർഭവേന്നിത്യം പ്രസന്നാ വരദാശുഭാ!!

യാമങ്ങൾ

തിരുത്തുക

8 യാമങ്ങൾ അഷ്ടലക്ഷ്മിമാരുടെ ആവാസ സമയമായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതായത് മൂന്നുമണിക്കൂർ സമയമാണ് ഒരു യാമം. ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്. കാലദേശങ്ങൾക്കനുസരിച്ച് ഉദയ സമയം മാറുന്നതനുസരിച്ച് യാമം തുടങ്ങുന്ന സമയത്തിന് മാറ്റമുണ്ടാകും. 3 മണിക്കൂർ ദൈർഘ്യമുള്ള 8 യാമങ്ങൾ ചേർന്നതാണ് ഒരു ദിവസം.

ആദ്യം വിദ്യാലക്ഷ്മിയുടെ യാമമാണ്. വിദ്യാലക്ഷ്മിയെ ആണ് സരസ്വതി എന്ന് പറയുന്നത്. അതിനാൽ സരസ്വതീയാമം എന്ന് ആദ്യയാമത്തെ പറയുന്നു. സരസ്വതീ യാമം 3AM മുതൽ 6AM ധനലക്ഷ്മി യാമം 6AM മുതൽ 9AM ആദിലക്ഷ്മി യാമം 9AM മുതൽ 12PM ധാന്യലക്ഷ്മീ യാമം 12PM മുതൽ 3PM ഗജ ലക്ഷ്മി യാമം 3PM മുതൽ 6PM സന്താന ലക്ഷ്മി യാമം 6PM മുതൽ 9PM വീര ലക്ഷ്മീ യാമം 9PM മുതൽ 12AM വിജയലക്ഷ്മീ യാമം 12AM മുതൽ 3AM

  1. Encyclopaedia of Hindu gods and goddesses By Suresh Chandra http://books.google.co.in/books?id=mfTE6kpz6XEC&pg=PA199&dq=goddess+lakshmi
  2. http://www.festivalsinindia.net/goddesses/radha.html
  3. http://www.sacred-texts.com/hin/m01/m01019.htm
  4. Kinsley, David (1988). Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions. University of California Press. ISBN 0-520-06339-2. p. 95.


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ലക്ഷ്മി&oldid=4133237" എന്ന താളിൽനിന്ന് ശേഖരിച്ചത്