ചോറ്റാനിക്കര ഭഗവതിക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിനോട് ചേർന്നു കിടക്കുന്ന ചോറ്റാനിക്കരയിലുള്ള പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് ചോറ്റാനിക്കര ശ്രീ ഭഗവതീ ക്ഷേത്രം[1]. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഇത്. ചോറ്റാനിക്കര അമ്മ എന്ന് വിളിയ്ക്കപ്പെടുന്ന ഇവിടുത്തെ ഭഗവതിയായ മഹാലക്ഷ്മിയെ മഹാവിഷ്‌ണുവിനൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. അതിനാൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ ശ്രീ ഭഗവതിയെ ഇവിടെ ആരാധിയ്ക്കുന്നു. മഹാലക്ഷ്മിയ്ക്കും മഹാവിഷ്ണുവിനും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. ഇക്കാരണത്താലാണ് "അമ്മേ നാരായണാ, ദേവി നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ" എന്ന പ്രസിദ്ധമായ നാമങ്ങൾ ഇവിടെ ചൊല്ലപ്പെടുന്നത്. പ്രധാന പ്രതിഷ്ഠ മഹാലക്ഷ്മിയാണെങ്കിലും ഭഗവതിയെ മൂന്നു ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിയ്ക്കുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് മഹാസരസ്വതിയായി (കൊല്ലൂർ മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ ശ്രീ ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുർഗ്ഗാ പരമേശ്വരിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. മഹാദേവ സാന്നിധ്യം ഉള്ളതിനാൽ ശ്രീ പാർവതിയായും സങ്കല്പിക്കുന്നുണ്ട്. ഇങ്ങനെ എല്ലാ പ്രധാന ഭാവങ്ങളിലും ആരാധിക്കപ്പെടുന്നതിനാൽ ചോറ്റാനിക്കരയമ്മ "ആദിപരാശക്തി (രാജരാജേശ്വരീ)" എന്നാണ് സങ്കൽപ്പിക്കപ്പെടുന്നത്. മാനസികരോഗങ്ങളും സ്വഭാവദൂഷ്യങ്ങളും മാറാ രോഗങ്ങളും തീരാത്ത ദുരിതങ്ങളും ചോറ്റാനിക്കരയമ്മ പരിഹരിക്കും എന്നാണ് വിശ്വാസം. തന്മൂലം നിരവധി മാനസിക തകർച്ച നേരിടുന്നവരും മറ്റ് പ്രശ്നങ്ങൾ ഉള്ളവരും ഇവിടെ ഭജനം പാർക്കാൻ എത്താറുണ്ട്. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര.[2]ശബരിമലയും ഗുരുവായൂരും ആറ്റുകാലും കൊടുങ്ങല്ലൂരും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ ദർശനത്തിനെത്തുന്ന കേരളീയക്ഷേത്രവും ചോറ്റാനിക്കരയാണ്.[3][അവലംബം ആവശ്യമാണ്]
ചോറ്റാനിക്കര ക്ഷേത്രം | |
---|---|
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം | |
![]() ചോറ്റാനിക്കര ക്ഷേത്രം | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ചോറ്റാനിക്കര |
നിർദ്ദേശാങ്കം | 9°55′59″N 76°23′28″E / 9.933°N 76.391°ECoordinates: 9°55′59″N 76°23′28″E / 9.933°N 76.391°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ആദിപരാശക്തി (സരസ്വതി, ലക്ഷ്മി, ദുർഗ്ഗ, പാർവ്വതി,ഭദ്രകാളി സങ്കല്പങ്ങളിൽ |
ആഘോഷങ്ങൾ | മകം-പൂരം തൊഴലുകൾ, നവരാത്രി, തൃക്കാർത്തിക |
District | എറണാകുളം |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
Governing body | കൊച്ചിൻ ദേവസ്വം ബോർഡ് |
ചോറ്റാനിക്കരയിൽ മേൽക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേൽക്കാവാണ് പ്രധാനക്ഷേത്രം. കീഴ്ക്കാവ് പ്രധാനക്ഷേത്രത്തിന്റെ താഴെയായി സ്ഥിതിചെയ്യുന്നു. പരാശക്തിയുടെ മറ്റൊരു ഭാവമായ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. ഇവിടെയാണ് "ഗുരുസിപൂജ" എന്ന പ്രസിദ്ധമായ വഴിപാട് നടത്താറുള്ളത്. കീഴ്ക്കാവിലേയ്ക്ക് പോകാനായി മേൽക്കാവിൽ നിന്ന് അനേകം പടികളുള്ള വഴിയുണ്ട്. ശിവൻ, ഗണപതി, ശാസ്താവ്,സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. ഇവരിൽ ശാസ്താവിന് ഈ ക്ഷേത്രത്തിൽ പ്രത്യേക പ്രാധാന്യം കല്പ്പിച്ചുകാണുന്നു. ഭഗവതിയുടെ അംഗരക്ഷകന്റെ ഭാവമാണ് ശാസ്താവിന് ഇവിടെ. അതിനാൽ ശബരിമല തീർത്ഥാടകർ ഇവിടം ധാരാളമായി സന്ദർശിച്ചുകാണുന്നു. കുംഭമാസത്തിൽ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവവും ഇതിനിടയിൽ വരുന്ന മകം, പൂരം തൊഴലുകളുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ കന്നിമാസത്തിലെ നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവയും ഇവിടെ വിശേഷ ദിവസങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ഐതിഹ്യംതിരുത്തുക
സ്ഥലനാമംതിരുത്തുക
വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ, വിദ്യാദേവതയായ സരസ്വതിയ്ക്ക് ഒരു ക്ഷേത്രം പോലുമില്ലെന്നതിൽ അത്യധികം ദുഃഖിച്ച, അദ്വൈത സിദ്ധാന്തത്തിന്റെ മുഖ്യപ്രയോക്താവായിരുന്ന ആദിശങ്കരാചാര്യർ, ദേവീപ്രീതിയ്ക്കായി കുടജാദ്രിയിൽ പോയി തപസ്സിരുന്നു. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായ സരസ്വതീദേവിയോട് അദ്ദേഹം തന്റെ ആഗ്രഹം ഉണർത്തിച്ചു. തന്റെ വാസസ്ഥാനമായ കൊല്ലൂർ മൂകാംബികാക്ഷേത്രം വിട്ടുപോകാൻ ദേവി ആദ്യം വിസമ്മതിച്ചെങ്കിലും ഭക്തനായ ശങ്കരാചാര്യരുടെ ആഗ്രഹത്തിൽ ഒടുവിൽ ദേവി പ്രസാദിച്ചു. പക്ഷേ, ഒരിയ്ക്കലും തിരിഞ്ഞുനോക്കരുതെന്നും അപ്പോൾ താൻ അപ്രത്യക്ഷയാകുമെന്നുമുള്ള ഒരു നിബന്ധനയും ദേവി അദ്ദേഹത്തിനുമുന്നിൽ വച്ചു. ഈ നിബന്ധനയനുസരിച്ച് ദേവി ശങ്കരാചാര്യരെ അനുഗമിച്ചു. യാത്രാവേളയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ ദേവിയുടെ കാലൊച്ച കേൾക്കാതായി. നിബന്ധന മറന്ന് ശങ്കരാചാര്യർ തിരിഞ്ഞുനോക്കിയപ്പോൾ ദേവി വിഗ്രഹമായതായിക്കണ്ടു. ഏറെ വിഷമിച്ച ശങ്കരാചാര്യർ വീണ്ടും പ്രാർത്ഥന തുടങ്ങി. ദേവി പ്രത്യക്ഷപ്പെട്ടിട്ട് തനിയ്ക്ക് വരാൻ കഴിയില്ലെന്നും എന്നാൽ നിർബന്ധമാണെങ്കിൽ ശങ്കരാചാര്യർ ആഗ്രഹിയ്ക്കുന്ന സ്ഥലത്ത് കുടികൊള്ളാമെന്നും അറിയിച്ചു. ദുഃഖിതനായ ശങ്കരാചാര്യർ തന്റെ നാട്ടിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ നടതുറക്കുമ്പോൾ കുടികൊള്ളണമെന്നും അവിടെ നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞേ കൊല്ലൂരിലെത്താൻ പാടുള്ളൂവെന്നും ദേവിയോട് അഭ്യർത്ഥിച്ചു. ഈ ഐതിഹ്യത്തിന് ഉപോദ്ബലകമായി ഇന്നും കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ രാവിലെ അഞ്ചുമണിയ്ക്കാണ് നട തുറക്കുന്നത്. ചോറ്റാനിക്കരയിൽ നാലുമണിയ്ക്ക് നട തുറന്ന് നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞാണ് ഇത് നടക്കുന്നത്. അങ്ങനെ ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം എന്ന അർത്ഥത്തിൽ ജ്യോതിയാനയിച്ചകര എന്ന് സ്ഥലത്തിന് പേരുവന്നു. പിന്നീട് അത് ലോപിച്ചാണ് ചോറ്റാനിക്കരയായത് എന്ന് പറയപ്പെടുന്നു.
ക്ഷേത്രസ്ഥാപനംതിരുത്തുക
ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിന്റെ ഉൽപ്പത്തിക്കു കാരണമായത് കാട്ടുവാസിയും വനവേടനുമായ കണ്ണപ്പനുമായി ബന്ധപ്പെട്ട ഐതീഹ്യ കഥയാണ്. ഇന്ന് കാണുന്ന ചോറ്റാനിക്കര പണ്ട് കൊടും കാട് നിറഞ്ഞ പ്രദേശം ആയിരുന്നു. അവിടെ ആണ് ആദിവാസി മലയരയ ഗോത്ര വിഭാഗത്തിൽപ്പെടുന്ന കണ്ണപ്പൻ താമസിച്ചത്. കണ്ണപ്പൻ ഗോത്ര ആചാരങ്ങൾ കൃത്യമായി പാലിച്ചിരുന്ന വ്യക്തി ആയിരുന്നു. ഗോത്രചാര നിയമ പ്രകാരം നിത്യവും പശുബലി ചെയ്യുന്ന കണ്ണപ്പൻ മഹാകാളിയെ പ്രീതിപ്പെടുത്താൻ പശുബലി ഗുരുതിയായി സമർപ്പിച്ചിരുന്നു. തികഞ്ഞ കാളീ ഭക്തനായ കണ്ണപ്പൻ പശുക്കളെ ആണ് പ്രധാനമായും ഗുരുതി ബലിക്കായി മഹാകാളിക്കു സമർപ്പിച്ചിരുന്നത്. എന്നാൽ കണ്ണപ്പന്റെ മകൾ പവിഴത്തിനു അച്ഛൻ മൃഗബലി നടത്തുന്നത് തീരേ ഇഷ്ട്ടമേ അല്ലായിരുന്നു. നിത്യവും മഹാകാളിക്ക് ഗുരുതിക്കു പശുക്കളെ വേട്ടയാടി രാത്രിയിൽ അവയെ ദേവിക്ക് ബലി നൽകി ഭഗവതിയെ സന്തോഷിപ്പിച്ചു.
ഒരു ദിവസം കണ്ണപ്പന്റെ ഗൃഹത്തിലേക്ക് എവിടുന്നാണെന്ന് അറിയാത്ത വിധം നല്ലൊരു അഴകൊത്ത കുഞ്ഞു പശുകിടാവ് വന്നത് കണ്ട മകളായ പവിഴം പശുക്കിടാവിനെ നന്നായി പരിപാലിച്ചു. പശുവിനെ സംരക്ഷിക്കാനായി ഒരു കൊച്ചു കാലിതൊഴുത്തും പണിതീർത്തു. മൃഗങ്ങളോട് അമിത സ്നേഹവാൽസല്യം ഉള്ള പവിഴം പശുവിനു വേണ്ടി പുല്ലരിയുക, അതിനെ കുളിപ്പിക്കുക, അതിനെ തൊട്ടു തലോടി ഒരു കളിക്കൂട്ടുകാരിയെ പോലെ പവിഴം ഗോകിടാവിനെ നോക്കി. എന്നാൽ ഇതെല്ലാം കണ്ടു കൊണ്ടു കണ്ണപ്പൻ നിൽപ്പുണ്ടായിരുന്നു എങ്കിലും മകളുടെ ഇഷ്ട്ടത്തെ എതിർക്കാതെ ദിവസങ്ങൾ കടന്നു പോയി.
എല്ലാ ദിവസവും രാത്രിയിൽ പശുക്കളെ മൃഗബലി ചെയ്യാൻ പകൽ മുഴുവൻ വേട്ടക്കായി കാടിനുള്ളിലേക്ക് പോകുന്നു. ഒരിക്കൽ തന്റെ പ്രിയ മാതാവായ മഹാകാളിക്കു നൽകാനായി ഗുരുതിക്കായി പശുവിനെ കിട്ടാതെ വന്നപ്പോൾ നിരാശയോടെ കണ്ണപ്പൻ തന്റെ കുടിലിനു മുന്നിൽ ഇരുന്നു. ഗോക്കിടാവിന്റെ കരച്ചിൽ കേട്ടു നോക്കിയപ്പോൾ പവിഴത്തിന്റെ ഗോകിടാവിനെ ഇന്ന് മഹാകാളിക്കു ബലി കൊടുക്കാമെന്നു കണ്ണപ്പൻ തീരുമാനിച്ചു, തൊഴുത്തിൽ കയറി പശുകിടാവിനെ ബന്ധിച്ചു പുറത്തേക്കു കൊണ്ടു പോകുന്ന വേളയിൽ പവിഴം അരുത് അപ്പാ ഇവളെ ബലി കൊടുക്കല്ലേ എന്ന് പറഞ്ഞു കണ്ണപ്പന്റെ കാലിൽ വീണു കരയാൻ തുടങ്ങി. അപ്പന് ബലി കൊടുക്കണമെങ്കിൽ എന്നെ ബലി നൽകിക്കോളു. ഇത് കേട്ടതും പവിഴത്തെ പിടിച്ചു എഴുന്നേൽപ്പിച്ചു കണ്ണു തുടച്ചു കൊണ്ടു പശുവിനെ തിരികെ ഏൽപ്പിച്ചു. മഹാകാളിയെ പ്രീതിപ്പെടുത്താൻ വേട്ടക്കായി വീണ്ടും കാട്ടിലേക്കു പുറപ്പെടുകയും ചെയ്യുന്നു.
കുറച്ചു ദിവസങ്ങൾക്കുശേഷം പവിഴം അകാലത്തിൽ മരണമടഞ്ഞു പോയി. ഏക മകൾ പവിഴത്തെ നഷ്ട്ടമായ കണ്ണപ്പൻ മാനസികമായി ഒരുപാട് തകരുന്നു. പവിഴത്തിന്റെ മരണ ശേഷം ആരും തന്നെ പവിഴത്തിന്റെ പശുകിടാവിനെ കണ്ടിട്ടില്ല. പവിഴത്തിന്റെ ജനനത്തോടെ കണ്ണപ്പന്റെ ഭാര്യ മരിച്ച ശേഷം തന്റെ എല്ലാം ഈ മകൾ ആണ്. അവളെ കൂടി എന്നിൽ നിന്നും അകറ്റിയപ്പോൾ ഞാൻ എന്തിനാണ് നിന്നെ പൂജിക്കുന്നത്? ഞാൻ എന്തിനാണ് നിന്നെ ആരാധിക്കുന്നത്? ഇനി ഞാൻ ഒരിക്കലും ഗുരുതി ചെയ്യില്ല എന്നു പറഞ്ഞു മകളെ ഓർത്തു കണ്ണപ്പൻ സങ്കടപെട്ടു.
കണ്ണപ്പൻ മാനസികമായും ശാരീരികമായും തളർന്നു. അങ്ങനെ എല്ലാം അവസാനിപ്പിച്ചു മകളുടെ ഓർമ്മയിൽ കഴിയുന്ന കണ്ണപ്പന് ഒരു സ്വപ്ന ദർശനം ലഭിക്കുന്നു. സ്വപ്നത്തിൽ അദ്ദേഹം കേൾക്കുന്ന അതി ഗാഭീര്യമുള്ള ശബ്ദം. കണ്ണപ്പാ. നീ വിഷമിക്കരുത്. നിന്റെ മകൾ പവിഴം ഞങ്ങളോടൊപ്പം തന്നെ ഉണ്ട്. മകളെ ഓർത്തു വിഷമിക്കരുത് ഇനി. വൈകാതെ നീയും ഞങ്ങളിൽ വന്നു ചേരും. നിന്റെ എല്ലാ മനോ ദുഃഖങ്ങളും മാറ്റാൻ ഞങ്ങൾ നിന്റെ ഗോശാലയിൽ ജന്മ്മം എടുത്തിരിക്കുന്നു. ഞങ്ങളെ ആരാധിച്ചു പ്രാർത്ഥിച്ചോളു. നിന്റെ എല്ലാ സന്താപങ്ങളെയും ഞങ്ങൾ നീക്കിക്കൊള്ളാം. ഭക്താ, നിങ്ങൾ പുണ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ തൊഴുത്തിന്റെ സ്ഥാനത്ത് കാലാന്തരത്തിൽ ഒരു മഹാക്ഷേത്രം ഉയർന്നുവരും. ഭക്തകോടികൾ കൺപാർക്കുന്ന ഒരു പുണ്യസങ്കേതമായി അതുമാറും. അന്ന് നിങ്ങളുടെ ഈ ജന്മത്തിലെ പുണ്യം മൂലം വീണ്ടും ഇവിടെ വന്നുചേരാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും. അതു പോരേ കണ്ണപ്പാ നിനക്ക് എന്നു പറയുകയും ഞെട്ടി ഉണർന്നു എന്താണ് ഞാൻ ഇപ്പോൾ കേട്ടത്. ഇത്രയും പറഞ്ഞശേഷം ഇരുവരും അപ്രത്യക്ഷരായി. പറഞ്ഞത് സത്യമാണോ അതോ എന്റെ വെറും തോന്നൽ ആണോ എന്ന സംശയത്താൽ തൊഴുത്തിൽ വന്നു നോക്കിയപ്പോൾ കണ്ണപ്പൻ ആ കാഴ്ച കണ്ടു ഒന്നു ഞെട്ടി ഒരു നിമിഷം താൻ കുറച്ചു മുൻപ് കേട്ടതെല്ലാം സത്യമായിരുന്നോ? ഞാൻ എന്താണ് ഈ കാണുന്നത് മഹാവിഷ്ണുവിന്റെ നെഞ്ചിൽ തലചായിച്ചു നിൽക്കുന്ന ലക്ഷ്മീ രൂപം. ആദിലക്ഷ്മീ നാരായണ ശില കണ്ട കണ്ണപ്പന് അപ്പോഴാണ് ഒരു കാര്യം മനസിലായത്, തന്നെ ഇക്കാര്യം അറിയിച്ചത് സാക്ഷാൽ മഹാവിഷ്ണു തന്നെയായിരുന്നു.
കണ്ണപ്പൻ ലക്ഷ്മീ നാരായണന്മാരെ ദീപം കൊളുത്തി കാട്ടു വിഭവങ്ങൾ നൈവേദ്യമായി നൽകി ആരാധിച്ചു പ്രാർത്ഥിച്ചു.
പവിഴത്തിന്റെ ഗോശാലയാണ് ലക്ഷ്മീ നാരായണനെ കണ്ണപ്പന് കാട്ടികൊടുത്ത ചോറ്റാനിക്കര അമ്മയുടെ ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറ. കണ്ണപ്പനും മകളും താമസിച്ച കുടിൽ ആണ് ഇന്നത്തെ മേൽക്കാവ് ക്ഷേത്രം.
കണ്ണപ്പൻ മഹാകാളിക്കു നിത്യവും മൃഗബലി സമർപ്പിച്ച സ്ഥാനമാണ് ഇന്നത്തെ കീഴ്ക്കാവിൽ നട.
കാലം കുറേ കടന്നുപോയി. അതിനിടയിൽ കണ്ണപ്പനും അനുചരന്മാരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അവർ പൂജിച്ചിരുന്ന ലക്ഷ്മീനാരായണ ചൈതന്യം ആരുടെയും ശ്രദ്ധയിൽ പെടാതെ കാടുപിടിച്ചുകിടന്നു. അങ്ങനെയിരിയ്ക്കേ ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റു പ്രമാണിമാർക്കൊപ്പമെത്തി. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന എടാട്ട് നമ്പൂതിരി പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ ലക്ഷ്മീനാരായണവിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സംയുക്തമായി അതിന്റെ നടത്തിപ്പ് ഏറ്റെടുത്തു. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ശ്രീ ഭഗവതിക്ഷേത്രം.
ഭഗവതി വധിച്ച യക്ഷിയും, രണ്ടാം അഭിഷേകവുംതിരുത്തുക
ചോറ്റാനിക്കരയ്ക്കടുത്തുള്ള കണ്ടാരപ്പള്ളി ഇല്ലത്തെ കാരണവരായിരുന്നു ഗുപ്തൻ നമ്പൂതിരി. വേദപണ്ഡിതനും മഹാമാന്ത്രികനുമായിരുന്നെങ്കിലും കടുത്ത സ്ത്രീലംബടനായിരുന്നു അദ്ദേഹം. ഒരു കഥകളിഭ്രാന്തൻ കൂടിയായിരുന്ന ഗുപ്തൻ നമ്പൂതിരി ഒരു ദിവസം വൈകീട്ട് അടുത്തുള്ള തൃപ്പൂണിത്തുറയിൽ കഥകളി കാണാൻ പോകുകയായിരുന്നു. അന്ന് ഇന്നത്തേപ്പോലെ റോഡുകളൊന്നുമുണ്ടായിരുന്നില്ല. അത്യന്തം ദുർഘടം പിടിച്ച വഴികളിലൂടെയാണ് പോകേണ്ടിയിരുന്നത്. അതിനാൽ, ചൂട്ട് കത്തിച്ചാണ് അദ്ദേഹം പുറപ്പെട്ടത്. പോകുന്ന വഴിയിൽ ഗുരുനാഥനായ കോശാപ്പിള്ളി നമ്പൂതിരിപ്പാടിനെ കണ്ട് ദേവീമാഹാത്മ്യം കൊടുക്കാനുമുണ്ടായിരുന്നു. അതിനാൽ, അദ്ദേഹത്തിന് തിരക്കിട്ട് പുറപ്പെടേണ്ടിവന്നു. അന്ന് പൗർണ്ണമിയായിരുന്നു. നടന്ന് ക്ഷീണം തോന്നിയ അദ്ദേഹം ഒരു പാലമരം കണ്ടപ്പോൾ അതിന്റെ ചുവട്ടിൽ വിശ്രമിയ്ക്കാനും വെറ്റില മുറുക്കാനും തീരുമാനിച്ചു. പെട്ടെന്ന് എവിടെനിന്നോ പാലപ്പൂവിന്റെ മണം ഒഴുകിവരാൻ തുടങ്ങി. തൊട്ടുപിന്നാലെ, അതീവസുന്ദരിയായ ഒരു സ്ത്രീ തന്റെ മുന്നിൽ വന്നുനിൽക്കുന്നതായി ഗുപ്തൻ നമ്പൂതിരിയ്ക്ക് തോന്നുകയും ചെയ്തു. മുമ്പിൽ വന്ന സ്ത്രീ താൻ വൈന്തലക്കോട്ട് വാരിയത്തെ കാമാക്ഷി വാരസ്യാരാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് ഇരുവരുമൊന്നിച്ച് പല വർത്തമാനങ്ങളും പറഞ്ഞ് ഒരുപാട് ദൂരം നടന്നു. അങ്ങനെ ഗുപ്തൻ നമ്പൂതിരിയും കാമാക്ഷി വാരസ്യാരും നടന്നുനടന്ന് കോശാപ്പിള്ളി മനയുടെ മുന്നിലെത്തി. മഹാമാന്ത്രികനായ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യന്റെ വരവും കാത്ത് പൂമുഖത്തുണ്ടായിരുന്നു. ഗുപ്തൻ നമ്പൂതിരി ഉടനെത്തന്നെ അകത്തുപോയി ഗുരുനാഥനെ വണങ്ങി കൈവശമുണ്ടായിരുന്ന ദേവീമാഹാത്മ്യം അദ്ദേഹത്തിന് സമ്മാനിച്ചു. ഗ്രന്ഥം കൊടുത്തതിന് പിന്നാലെ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യനോട് ഒരു കാര്യം പറഞ്ഞു: വാരസ്യാരുടെ വേഷത്തിൽ കൂടെ വന്നിരിയ്ക്കുന്നത് ഒരു യക്ഷിയാണ്! ദേവീമാഹാത്മ്യഗ്രന്ഥം കൈവശമുണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും നേരം യക്ഷിയുടെ ഉപദ്രവമില്ലാതിരുന്നത്. തുടർന്ന് പുറത്തുവന്ന് നോക്കുമ്പോൾ ഭീകരരൂപത്തിൽ യക്ഷി മുന്നിൽ നിൽക്കുന്നത് ഗുപ്തൻ നമ്പൂതിരി കണ്ടു. ഏറെ ഭയപ്പെട്ട അദ്ദേഹം ഗുരുവിന്റെ കാലിൽ വീണ് കരഞ്ഞു. കോശാപ്പിള്ളി നമ്പൂതിരി തന്റെ കൈവശമുണ്ടായിരുന്ന 12 മാന്ത്രികക്കല്ലുകൾ ശിഷ്യന് സമ്മാനിച്ചശേഷം ഇങ്ങനെ പറഞ്ഞു:
ഇനി സാക്ഷാൽ ചോറ്റാനിക്കരയമ്മയ്ക്ക് മാത്രമേ നിന്നെ രക്ഷിയ്ക്കാനാകൂ. നേരേ ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുക. കഥകളി കാണാൻ പോകണ്ട. അതിനു ശ്രമിച്ചാൽ യക്ഷി നിന്നെ കൊല്ലും. യക്ഷി അടുത്തെത്തുമ്പോൾ ഈ കല്ലുകൾ എടുത്ത് പുറകിലേയ്ക്കെറിയുക. അപ്പോൾ യക്ഷി സ്ഥലം വിടും.
തുടർന്ന് ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് ഓടാൻ തുടങ്ങി. പിന്നാലെ യക്ഷിയുമുണ്ട്. കല്ലുകൾ പന്ത്രണ്ടും ചോറ്റാനിക്കരയെത്തും മുമ്പേ തീർന്നു. യക്ഷി തന്നെ വധിയ്ക്കുമെന്ന് തോന്നിച്ച ഗുപ്തൻ നമ്പൂതിരി ഉടനെ വഴിയിൽ കണ്ട മറ്റൊരു മാന്ത്രികനായ പള്ളിപ്പുറത്ത് നമ്പൂതിരിയോട് കാര്യം പറഞ്ഞു. മനസ്സലിഞ്ഞ പള്ളിപ്പുറത്ത് നമ്പൂതിരി, തന്റെ കയ്യിലുള്ള വിഴുപ്പുതോർത്ത് ഗുപ്തൻ നമ്പൂതിരിയ്ക്ക് സമ്മാനിച്ചു. ഓട്ടം തുടർന്നു. അധികം കഴിയും മുമ്പുതന്നെ ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തെക്കേ നടയിലെത്തി. അപ്പോൾ സമയം ഏഴരവെളുപ്പ് കഴിഞ്ഞിരുന്നതിനാൽ, ക്ഷേത്രനട തുറന്നിരുന്നു. നിർമ്മാല്യവും അഭിഷേകവും മലർ നിവേദ്യവും കഴിഞ്ഞ സമയമായിരുന്നു അത്. കൈവശമുണ്ടായിരുന്ന വിഴുപ്പുതോർത്ത് പുറത്തെറിഞ്ഞ് ക്ഷേത്രത്തിലേയ്ക്ക് കടക്കാൻ നോക്കിയ ഗുപ്തൻ നമ്പൂതിരിയെ യക്ഷി പിടിച്ചുവലിയ്ക്കാൻ ശ്രമിച്ചു. അപ്പോൾ, ശ്രീലകത്തുനിന്ന് ചോറ്റാനിക്കരയമ്മ കാളി രൂപത്തിൽ ഇറങ്ങിവന്ന് തന്റെ പള്ളിവാളെടുത്ത് യക്ഷിയുടെ തലവെട്ടി തല തെക്കേക്കുളത്തിലെറിഞ്ഞു. ആ കുളം ഇന്നും 'രക്തക്കുളം' എന്നറിയപ്പെടുന്നു. ദേവിയുടെ ഉടയാടയിൽ ചോരപ്പാടുകൾ കണ്ട അന്നത്തെ മേൽശാന്തി, അയനിക്കാട്ട് നരസിംഹൻ നമ്പൂതിരി, ഉടയാട മാറ്റി വീണ്ടും അഭിഷേകം നടത്തി. ഇതിന്റെ സ്മരണയ്ക്ക് ഇന്നും ചോറ്റാനിക്കരയിൽ രാവിലെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും അഭിഷേകം നടത്തുന്നു. ദേവിയുടെ കൈകൊണ്ട് മോക്ഷം കിട്ടിയ യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി.
വില്വമംഗലം സ്വാമിയാരും മകം തൊഴലും കീഴ്ക്കാവിലമ്മയുംതിരുത്തുക
ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആട്ടവിശേഷമാണ് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നടക്കുന്ന 'മകം തൊഴൽ'. ഈ ചടങ്ങ് തുടങ്ങാൻ കാരണമായ ഒരു കഥയുണ്ട്. ഇതേ കഥ തന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് താഴ്ചയിൽ കാണപ്പെടുന്ന കീഴ്ക്കാവ് ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണം. അതിങ്ങനെയാണ്: ഒരിയ്ക്കൽ, ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാഹാത്മ്യം കേട്ടറിഞ്ഞ് പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ഇവിടെ വരാനിടയായി. കുംഭമാസത്തിൽ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസമാണ് അദ്ദേഹം ചോറ്റാനിക്കരയിലെത്തിയത്. ക്ഷേത്രദർശനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാനിറങ്ങിയ സമയത്ത് കാലിൽ എന്തോ തടയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് അത് എടുത്തുനോക്കിയപ്പോൾ അതൊരു കാളി വിഗ്രഹമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന്, അദ്ദേഹവും ശിഷ്യഗണങ്ങളും കൂടി വിഗ്രഹം കുളത്തിന്റെ കിഴക്കേക്കരയിൽ പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിച്ചു. അങ്ങനെയാണ് കീഴ്ക്കാവ് ഭദ്രകാളി ക്ഷേത്രം പിറവിയെടുത്തത്. ഐതിഹ്യമനുസരിച്ച് വില്വമംഗലം സ്വാമിയാർ കണ്ണപ്പന്റെ പുനർജന്മമാണ്. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ കണ്ണപ്പന്റെ അനുചരന്മാരുടെയും. മുജ്ജന്മത്തിലെ പുണ്യമാണത്രേ അവരെ ഇവിടെയെത്തിച്ചത്.
തുടർന്ന് മേൽക്കാവിലേയ്ക്ക് നോക്കിയ സ്വാമിയാർ കണ്ടത് അത്ഭുതകരമായ ഒരു ദൃശ്യമാണ്. സാക്ഷാൽ മഹാലക്ഷ്മിയായ ചോറ്റാനിക്കരയമ്മ ശ്രീനാരായണസമേതയായി പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു! സ്വാമിയാർ ദേവീപാദങ്ങളിൽ വീണ് നമസ്കരിച്ചു. ഈ സംഭവമുണ്ടായത് കുംഭമാസത്തിൽ മകം നാളിൽ ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് മിഥുനം ലഗ്നത്തിലാണ്. ഈ സമയത്താണ് ഇന്നും മകം തൊഴൽ ദർശനം നടത്തിവരുന്നത്. ആഗ്രഹസാഫല്യത്തിനായുള്ള വഴിപാടായാണ് ഭക്തർ മകം തൊഴീൽ നടത്തുന്നത്. മകം തൊഴലിന്റെ പിറ്റേ ദിവസം വരുന്ന പൂരം തൊഴലും പ്രധാനമാണ്.
ക്ഷേത്രനിർമ്മിതിതിരുത്തുക
ക്ഷേത്രപരിസരവും മതിലകവുംതിരുത്തുക
ക്ഷേത്രപരിസരംതിരുത്തുക
ചോറ്റാനിക്കര ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ഗവ. സ്കൂൾ, ബസ് സ്റ്റാൻഡ് വിവിധ കടകംബോളങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. 'ചോറ്റാനിക്കര ക്ഷേത്രം' എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്നത് മേൽക്കാവ് ക്ഷേത്രമാണ്. രണ്ടേക്കറോളം വിസ്തീർണ്ണം വരുന്ന മതിലകത്തോടുകൂടിയ ഈ ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. എന്നാൽ, ആ ഭാഗത്ത് റോഡിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. പടിഞ്ഞാറേ നടയിലാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം. പടിഞ്ഞാറേ നടയിൽ തെക്കേ വരിയിലാണ് ദേവസ്വം ഓഫീസുകളും ചെരുപ്പുകൗണ്ടറുമുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രമായ ചോറ്റാനിക്കര അതുകൊണ്ടുതന്നെ ഒരു സ്പെഷ്യൽ ഗ്രേഡ് ദേവസ്വമാണ്. എക്സിക്യൂട്ടീവ് ഓഫീസർക്കാണ് ക്ഷേത്രാധികാരം.
മതിലകംതിരുത്തുക
അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ വിശേഷിച്ചൊന്നും കാണേണ്ടതില്ല. കിഴക്കേ നടയിൽ വലിയ ആനക്കൊട്ടിൽ പണിതിട്ടുണ്ട്. ഏകദേശം നാലഞ്ചാനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ക്ഷേത്രത്തിൽ ചോറൂണ്, തുലാഭാരം, ഭജന തുടങ്ങിയവ നടത്തുന്നതും ഇവിടെയാണ്. മുമ്പ് ഇവിടെയുണ്ടായിരുന്ന ആനക്കൊട്ടിൽ 2013-ൽ പൊളിച്ചുമാറ്റിയിരുന്നു. അതിനുശേഷമാണ് ഇപ്പോഴത്തേത് പണിതത്. ഇതിനപ്പുറത്താണ് ദേവീവാഹനമായ സിംഹത്തെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം നിലകൊള്ളുന്നത്. 200 അടി ഉയരം വരുന്ന ഈ കൊടിമരം ദൂരെനിന്നുവരുന്ന ഭക്തർക്കുപോലും കാണാൻ കഴിയുന്നതാണ്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. അധികം പൊക്കമുള്ള ബലിക്കല്ലല്ല ഇവിടെയുള്ളത്. അതിനാൽ, ആനക്കൊട്ടിലിൽ നിന്നുനോക്കിയാൽത്തന്നെ വിഗ്രഹം കാണാം.
മേൽക്കാവിലെ പ്രദക്ഷിണവഴി കരിങ്കല്ല് പാകിയിട്ടുണ്ട്. ഇതിന്റെ മുകളിലൂടെ ശീവേലിപ്പുരയും കാണാം. തെക്കുഭാഗത്താണ് ശ്രീമൂലസ്ഥാനം സ്ഥിതിചെയ്യുന്നത്. മഹാലക്ഷ്മി ആദ്യം കുടിയിരുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈ പേരുവന്നത്. ഐതിഹ്യപ്രകാരം കണ്ണപ്പന്റെ തൊഴുത്തും കാവുമായിരുന്ന സ്ഥലമാണ് ഈ ശ്രീമൂലസ്ഥാനം. ഇവിടെ ഒരു പവിഴമല്ലിമരമുണ്ട്. അതിനാൽ ഇവിടം 'പവിഴമല്ലിത്തറ' എന്നും അറിയപ്പെടുന്നു. ഇവിടെ തൊഴുതുവേണം ദേവിയെ തൊഴാൻ എന്നാണ് ആചാരം. നാരായണനോടൊപ്പം മഹാലക്ഷ്മി ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഇവിടെയാണ് എന്ന് സങ്കല്പം. അതിനാൽ ഇവിടെ പ്രാർഥിക്കുന്നത് ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം. നവരാത്രിക്കാലത്ത് പവിഴമല്ലിത്തറയിൽ നടക്കുന്ന ചെണ്ടമേളം പ്രസിദ്ധമാണ്. ശ്രീമൂലസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശിവനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണിവിടെയുള്ളത്. ശിവന്റെ ശ്രീകോവിലിനോടുചേർന്ന് പണിതിട്ടുള്ള ഒരു കൊച്ചുമുറിയിലാണ് ഗണപതിവിഗ്രഹമുള്ളത്. അതിനാൽ ഈ ഭാവം ഒക്കത്ത് ഗണപതി എന്ന പേരിൽ അറിയപ്പെടുന്നു. അരയടി മാത്രമാണ് ഗണപതിവിഗ്രഹത്തിന്റെ ഉയരം. ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ശിവന്റെ ശ്രീകോവിലിന് തൊട്ടടുത്ത് മേൽക്കൂരയില്ലാത്ത തറയിൽ നാഗദൈവങ്ങളുടെയും യക്ഷിയുടെയും പ്രതിഷ്ഠകൾ കാണാം. ആദിദ്രാവിഡ സംസ്കാരത്തിന്റെ അവശേഷിപ്പുകളായാണ് നാഗദൈവങ്ങളെയും യക്ഷിയെയും കണ്ടുവരാറുള്ളത്. ഈ യക്ഷി ഗുപ്തൻ നമ്പൂതിരിയെ ആക്രമിച്ച യക്ഷി തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് മതിൽക്കെട്ടിന് പുറത്തായി ഒരു അന്നദാനമണ്ഡപം കാണാം. ക്ഷേത്രത്തിൽ നിത്യേന അന്നദാനം നടന്നുവരുന്നുണ്ട്. ആയിരങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.
വടക്കുപടിഞ്ഞാറുഭാഗത്ത് വഴിപാട് കൗണ്ടറുകൾ കാണാം. മണ്ഡപത്തിൽ പാട്ടും ഗുരുതിപൂജയുമാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. ഇവയ്ക്ക് വലിയ തുകയുണ്ട്. വടക്കുവശത്ത് നെടുനീളത്തിൽ ഊട്ടുപുര പണിതിരിയ്ക്കുന്നു. രണ്ടുനിലകളോടുകൂടിയ ഊട്ടുപുര പുതുക്കിപ്പണിത രൂപത്തിലാണ് ഇന്ന് കാണപ്പെടുന്നത്. പണ്ട് ഇതിന്റെ രണ്ടുനിലകളിലും ഊട്ട് ഉണ്ടാകുമായിരുന്നു. ഇന്ന് വിശേഷദിവസങ്ങളിൽ മാത്രമാണുള്ളത്. ഊട്ടുപുരയുടെ താഴത്തെ നില ക്ഷേത്രം വക ഓഡിറ്റോറിയമായി ഉപയോഗിച്ചുവരുന്നു. ഇതിന് 'നവരാത്രി മണ്ഡപം' എന്നാണ് പേരിട്ടിട്ടുള്ളത്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടത്തിവരുന്നു.
കീഴ്ക്കാവ് ക്ഷേത്രംതിരുത്തുക
കിഴക്കേ നടയിൽ നിന്ന് 57 കരിങ്കൽപ്പടികൾ ഇറങ്ങിയാൽ കീഴ്ക്കാവിലെത്താം. കീഴ്ക്കാവിലേയ്ക്കുള്ള വഴിയിൽ വടക്കുഭാഗത്ത് ഒരു നക്ഷത്രവനം നട്ടുപിടിപ്പിച്ചിട്ടുണ്ട്. 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങൾ യഥാക്രമത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഇവിടെ ആരാധന നടത്തുന്നത് വിശേഷമായി കാണപ്പെടുന്നു. വഴിയുടെ തെക്കുഭാഗത്ത് ഒരു കൊച്ചു ധർമ്മശാസ്താക്ഷേത്രമുണ്ട്. പൂർണ്ണ, പുഷ്കല എന്നീ പത്നിമാർക്കൊപ്പമുള്ള ശാസ്താവാണിവിടെ. കിഴക്കോട്ട് ദർശനം. ഭഗവതിയുടെ അംഗരക്ഷകന്റെ സ്ഥാനമാണ് ഇവിടെ ശാസ്താവിന് നൽകുന്നത്. അതിനാൽ, ഉത്സവനാളുകളിൽ ഭഗവതി എഴുന്നള്ളുമ്പോൾ ശാസ്താവ് കൂടെയുണ്ടാകും. ശബരിമല തീർത്ഥാടനകാലത്ത് അയ്യപ്പഭക്തന്മാർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നെതുമെല്ലാം ഇവിടെയാണ്. ഇവിടെനിന്ന് ഒരല്പം മാറിയാണ് ക്ഷേത്രത്തിലെ വെടിപ്പുര. വെടിവഴിപാട് ഇവിടെ ദേവിയ്ക്ക് പ്രധാനമാണ്. ക്ഷേത്രത്തിലെ ഓരോ ചടങ്ങിനും വെടിയുണ്ടാകും. ഇവിടെനിന്ന് ഒരല്പം കൂടി പടികളിറങ്ങിയാൽ കീഴ്ക്കാവിലെത്താം.
കാലേക്കറിൽ താഴെ വിസ്തീർണ്ണം വരുന്ന ഒരു കൊച്ചുക്ഷേത്രമാണ് കീഴ്ക്കാവ്. തൊട്ടുമുന്നിൽ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. രണ്ട് ക്ഷേത്രങ്ങൾക്കും ഒന്നിച്ചാണ് കുളം. സാമാന്യം വലിപ്പമുള്ള കുളമാണിത്. ഭദ്രകാളിയാണ് കീഴ്ക്കാവിലെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഗുരുതിപൂജ നടക്കുന്നത് ഇവിടെയാണ്. കീഴ്ക്കാവിലമ്മയുടെ ശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു പാലമരമുണ്ട്. അവിടെ ധാരാളം ആണികൾ അടിച്ചുവച്ചിട്ടുണ്ട്. ബാധോപദ്രവക്കാരെ കൊണ്ടുവന്നശേഷം അവരെ പിടികൂടിയിരിയ്ക്കുന്ന ബാധയെ ദേഹത്തുനിന്ന് ഒഴിപ്പിയ്ക്കുകയും തുടർന്ന് അവയെ സത്യം ചെയ്യിയ്ക്കുകയും ചെയ്യുന്ന ചടങ്ങുണ്ട്. ഇതിനുശേഷമാണ് ഇവയെ തളയ്ക്കുന്നത്. പാലമരത്തിൽ ആണിയടിച്ചുകൊണ്ടാണ് ഈ കർമ്മം നടത്തുന്നത്. ഇത്തരം ആണികളാണ് ഈ പാലമരത്തിലുള്ളത്. പാലമരത്തിൽ തന്നെ ധാരാളം കളിപ്പാവകളുടെയും കളിപ്പാടങ്ങളുടെയും രൂപങ്ങളും കാണാം. ഇവയും ബാധോപദ്രവത്തിന്റെ സൂചനകളാണ്. ഇതിനടുത്ത് ഒരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും മുകളിൽ വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.
ശ്രീകോവിൽതിരുത്തുക
ചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചു ശ്രീകോവിലാണ് ഇവിടെയുള്ളത്. ഒരു നില മാത്രമേ ഇതിനുള്ളൂ. അത് ചെമ്പുമേഞ്ഞ് മുകളിൽ സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന രുദ്രാക്ഷശിലാനിർമ്മിതമായ സ്വയംഭൂവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീ ചോറ്റാനിക്കരയമ്മ വാഴുന്നു. സ്ഥിരമായ ആകൃതിയില്ലാത്ത ഒരു ശിലാഖണ്ഡത്തിൽ ദേവിയെ ആവാഹിച്ചിരിയ്ക്കുകയാണ്. അതിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. രത്നപീഠത്തിൽ കാലുകൾ രണ്ടും താഴോട്ട് തൂക്കിയിരിയ്ക്കുന്ന, ചതുർബാഹുവായ ദേവിയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ ഭക്തരുടെ ദുഃഖങ്ങൾ സ്വീകരിയ്ക്കാനായി താഴ്ത്തിവച്ചിരിയ്ക്കുന്നു. മുന്നിലെ ഇടതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഈ രൂപത്തിലാണ് ചോറ്റാനിക്കരയമ്മയുടെ രൂപം ചിത്രീകരിച്ചിട്ടുള്ളത്. ദേവീവിഗ്രഹത്തിനടുത്തായി അതേ ഉയരത്തിൽ മറ്റൊരു ശിലാഖണ്ഡം കാണാം. അത് മഹാവിഷ്ണുസാന്നിദ്ധ്യമാണ്. രണ്ടും ഒരേ പീഠത്തിൽ ഉറച്ചുനിൽക്കുന്നു. അതിനാൽ, ലക്ഷ്മീനാരായണസങ്കല്പം ഇവിടത്തെ മൂർത്തിയ്ക്ക് ഉയർന്നുവരുന്നു. ഇവിടെയെത്തുന്ന ഭക്തർ 'അമ്മേ നാരായണാ, ദേവീ നാരായണാ" എന്നീ മന്ത്രങ്ങളാണ് ജപിയ്ക്കാറുള്ളത്. കൂടാതെ ബ്രഹ്മാവ്, ശിവൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നിവരും ഈ ശ്രീകോവിലിൽ കുടികൊള്ളുന്നു. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ചോറ്റാനിക്കരയമ്മ ലോകമാതാവായി, സ്വയംഭൂവായി കുടികൊള്ളുന്നു.
ശ്രീകോവിൽ കാര്യമായ ശില്പചിത്രകലാവൈദഗ്ദ്ധ്യങ്ങളൊന്നും എടുത്തുപറയാവുന്നതല്ല. വളരെയധികം ലളിതമായ നിർമ്മാണരീതിയാണ്. അകത്തേയ്ക്ക് കടക്കാൻ മൂന്ന് പടികളുണ്ട്. വടക്കുഭാഗത്ത് ഓവ് പണിതിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകി ഒരു അന്തർദ്ധാരയിലൂടെ അടുത്തുള്ള ഓണക്കൂറ്റുചിറയിലെത്തുന്നുവെന്നാണ് വിശ്വാസം.
നാലമ്പലംതിരുത്തുക
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന വളരെ സ്ഥലം കുറവാണ് നാലമ്പലത്തിൽ. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിൽ ഹോമപ്പുരയും വടക്കേ വാതിൽമാടത്തിൽ പാട്ടുപുരയും സ്ഥിതിചെയ്യുന്നു. ഭക്തർ നാമജപത്തിനും വിശ്രമത്തിനും വാതിൽമാടങ്ങൾ ഉപയോഗിയ്ക്കുന്നുണ്ട്. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം. കിണറിന് തൊട്ടടുത്തായി ഒരു ചെറിയ ശ്രീകോവിലിൽ പൂർണ്ണാപുഷ്കലാസമേതനായ ശാസ്താവിന്റെ പ്രതിഷ്ഠയുണ്ട്. കൂടുതൽ പഴക്കമുള്ള ശാസ്താക്ഷേത്രം ഇതാണ്.
ശ്രീകോവിലിനു ചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു.
നമസ്കാരമണ്ഡപംതിരുത്തുക
ശ്രീകോവിലിന് നേരെമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. നാലുകാലുകൾ മാത്രമുള്ള വളരെ ചെറിയൊരു മണ്ഡപമാണ് ഇവിടെയുള്ളത്. അതിനാൽ, ഭക്തർക്ക് നമസ്കരിയ്ക്കാൻ സ്ഥലമില്ല. എങ്കിലും കലശപൂജയും മറ്റും നിർബാധം നടത്താം. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടുകൂടി തിളങ്ങിനിൽക്കുന്നു.ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മണ്ഡപത്തിൽ പാട്ട് നടക്കുന്നത് ഇവിടെയാണ്. കാര്യമായ ശില്പാലങ്കരങ്ങളൊന്നും തന്നെ ഇവിടെയില്ല.
പ്രധാന പ്രതിഷ്ഠകൾതിരുത്തുക
ശ്രീ ചോറ്റാനിക്കരയമ്മ (മേൽക്കാവ് ലക്ഷ്മിനാരായണ പ്രതിഷ്ഠ)തിരുത്തുക
സ്വയംഭൂവായ രുദ്രാക്ഷശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. മൂന്നരയടിയോളം ഉയരമുള്ള ഈ വിഗ്രഹത്തിന് വ്യക്തമായ ആകൃതിയില്ല. കിഴക്കോട്ടാണ് ദർശനം. നിർമ്മാല്യസമയത്തൊഴികെ ബാക്കിയെല്ലായ്പ്പോഴും ഇതിൽ സ്വർണ്ണഗോളക ചാർത്തുന്നുണ്ട്. രത്നപീഠത്തിൽ ഇരിയ്ക്കുന്ന ഭാവത്തിലുള്ള ചതുർബാഹുവായ മഹാലക്ഷ്മി അഥവാ ശ്രീ ഭഗവതിയാണ് ഇതിൽ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവിയുടെ മുന്നിലെ കൈകൾ വരദാഭയ മുദ്രാങ്കിതമാണ്. ഈ രൂപത്തിലാണ് മേൽക്കാവിലമ്മയുടെ ചിത്രങ്ങൾ കാണാറുള്ളത്. ഒപ്പം മഹാവിഷ്ണുവിനേയും സങ്കൽപ്പിക്കപ്പെടുന്നു. പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങളിൽ പൊതിഞ്ഞു രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകീട്ട് ദുർഗ്ഗാ പരമേശ്വരിയുമായാണ് ചോറ്റാനിക്കരയമ്മ ആരാധിയ്ക്കപ്പെടുന്നത്. തന്മൂലം രാവിലെ ദർശിച്ചാൽ വിദ്യാലബ്ധിയും, ഉച്ചയ്ക്കും ദർശിച്ചാൽ ദുരിതനാശവും വൈകീട്ട് ദുഖശമനവും ഫലമുള്ളതായി ഭക്തർ വിശ്വസിച്ചുവരുന്നു. കൂടാതെ, ശ്രീകോവിലിൽ മഹാവിഷ്ണു സാന്നിദ്ധ്യമുള്ളതിനാൽ മഹാലക്ഷ്മിയായും ക്ഷേത്രത്തിൽ ശിവസാന്നിദ്ധ്യമുള്ളതിനാൽ ശ്രീ പാർവ്വതിയായും വേറെയും രണ്ട് ഭാവങ്ങളുണ്ട്. ഇങ്ങനെ ആദിപരാശക്തിയുടെ അഞ്ച് ഭാവങ്ങളും ഒത്തിണങ്ങിയതു കൊണ്ടാണ് ചോറ്റാനിക്കരയമ്മയ്ക്ക് രാജരാജേശ്വരീ സങ്കല്പം. കർമങ്ങൾ ചെയ്യുവാനുള്ള ഇച്ഛാശക്തിയുടെ പ്രതീകമായ ദുർഗ്ഗാഭഗവതിയും, ക്രിയാശക്തിയായ മഹാലക്ഷ്മിയും, ജ്ഞാനശക്തിയായ സരസ്വതിയും ചേർന്ന ആദിപരാശക്തിയാണ് ചോറ്റാനിക്കരയമ്മ എന്നാണ് താന്ത്രികർ വിശ്വസിക്കുന്നത്. എന്നിരുന്നാലും മേൽക്കാവിൽ മഹാലക്ഷ്മിക്ക് തന്നെയാണ് പ്രാധാന്യം. മറ്റു ഭാവങ്ങൾ എല്ലാം മഹാലക്ഷ്മിയിൽ കുടികൊള്ളുന്നു എന്ന് വിശ്വാസം. മണ്ഡപത്തിൽ പാട്ട്, ഭജനം പാർക്കൽ, ഉദയാസ്തമനപൂജ, അന്നദാനം, പട്ടും താലിയും ചാർത്തൽ തുടങ്ങിയവയാണ് മേൽക്കാവിലമ്മയ്ക്ക് പ്രധാന വഴിപാടുകൾ.
ശ്രീ ചോറ്റാനിക്കരയമ്മ (കീഴ്ക്കാവ് ഭദ്രകാളി)തിരുത്തുക
സ്വാമി വില്വമംഗലം പ്രതിഷ്ഠിച്ച പ്രത്യംഗിരാ ഭാവമുള്ള ശ്രീ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. രോഗ നിവാരണ ദൈവം എന്ന പദവിയും കീഴ്ക്കാവിലമ്മയ്ക്ക് സ്വന്തം. കീഴ്ക്കാവിലമ്മയ്ക്ക് രണ്ട് ഭാവങ്ങളുണ്ട്. പ്രത്യംഗിരാദേവി എന്നതാണ് രണ്ടാമത്തെ ഭാവം. ഒരടി ഉയരമുള്ള ചതുർബാഹു ഭഗവതിരൂപം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുംഭമാസത്തിലെ മകം ദിവസം വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണ് കീഴ്ക്കാവിലമ്മയെ എന്ന് വിശ്വസിച്ചുവരുന്നു. ദേവിയുടെ പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരികശിരസ്സും മുന്നിലെ വലതുകയ്യിൽ ഉടവാളും മുന്നിലെ ഇടതുകയ്യിൽ കൈവട്ടകയും കാണാം. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുസിപൂജ നടക്കുന്നത് ഇവിടെയാണ്. ഗുരുസിവേളയിൽ കാളിയെ അത്യുഗ്രമൂർത്തിയായ പ്രത്യംഗിരയായി ഉപാസകർ കാണുന്നു. ഹൈന്ദവവിശ്വാസമനുസരിച്ച് വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹത്തിന്റെ കോപത്തെ തടഞ്ഞു നിർത്തി അദ്ദേഹത്തെ ശാന്തനാക്കി നല്ല വഴിയിലേക്ക് നയിക്കാൻ കാലഭൈരവന്റെ (ശിവന്റെ) തൃക്കണ്ണിൽ നിന്നും അവതരിച്ച പരാശക്തിയാണ് പ്രത്യംഗിരാദേവി. കടുത്ത ദുരിതങ്ങൾ പോലും ഈ ഭഗവതിയുടെ അനുഗ്രഹത്താൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ മാനസികപ്രശ്നം ഉള്ളവരും, ലഹരിയ്ക്ക് അടിമയായവരും, സ്വഭാവദൂഷ്യമുള്ളവരും, ശത്രുക്കളുടെ ഉപദ്രവം നേരിടുന്നവരും, മറ്റു പലവിധ പ്രശ്നങ്ങൾ ഉള്ളവരും, രോഗികളും ഇവിടെ എത്തി ഗുരുസിപൂജയിൽ പങ്കെടുത്തു ഭജനമിരിക്കാറുണ്ട്. ഭക്തരെ ഭഗവതി സൽമാർഗത്തിലേക്ക് നയിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. രാത്രി ഏട്ടരയ്ക്ക് ശേഷമാണ് ഇവിടെ ഗുരുസിപൂജ നടക്കാറുള്ളത്.
മഹാവിഷ്ണുതിരുത്തുക
മഹാലക്ഷ്മിയായ മേൽക്കാവിലമ്മയ്ക്കൊപ്പമാണ് ശ്രീമഹാവിഷ്ണുവിന്റെ പ്രതിഷ്ഠ. ശ്രീദേവിയോടൊപ്പം സ്വയംഭൂവായി അവതരിച്ച ഭഗവാന്റെ രൂപം കൃഷ്ണശിലയിലാണ്. മൂന്നരയടിയിലധികം ഉയരമുള്ള ഈ വിഗ്രഹത്തിനും വ്യക്തമായ ആകൃതിയില്ല. എന്നാൽ, ശംഖചക്രഗാപദ്മധാരിയായ ഭാവത്തിലുള്ള ഭഗവാന്റെ ഒരു ഗോളക ഇതിനും ചാർത്തിയിട്ടുണ്ട്. പാൽപ്പായസം, തൃക്കൈവെണ്ണ, വിഷ്ണു സഹസ്രനാമാർച്ചന, തുളസിമാല തുടങ്ങിയവയാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ.
പവിഴമല്ലിത്തറ ലക്ഷ്മിനാരായണമാർതിരുത്തുക
മഹാലക്ഷ്മിയും മഹാവിഷ്ണുവും ആദ്യമായി പ്രത്യക്ഷപ്പെട്ട സ്ഥലമാണ് പവിഴമല്ലിത്തറ എന്നാണ് വിശ്വാസം. പ്രധാന പ്രതിഷ്ഠയ്ക്ക് സമാനമാണ് ഈ സ്ഥലം. ഇവിടെ പവിഴമല്ലി മരമുണ്ട്. അതിനാൽ വിശ്വാസികൾ ഇവിടെ ദർശനം നടത്തി പ്രാർഥിക്കാറുണ്ട്.
ധർമ്മശാസ്താവ്തിരുത്തുക
ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേ മൂലയിലായി ശാസ്താ പ്രതിഷ്ഠയുണ്ട്. ഭഗവതിയുടെ അംഗരക്ഷകനാണ് ഈ ശാസ്താവ്. ഇതാണ് ആദ്യത്തെ ശാസ്താപ്രതിഷ്ഠ. അമ്പും വില്ലും ധരിച്ച കിരാതശാസ്താവാണ് ഈ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഈ ക്ഷേത്രം വടക്കുകിഴക്കേമൂല മൊത്തം നിറഞ്ഞു നിൽക്കുന്നു. ഇവിടെ നീരാജനമാണ് പ്രധാനം. ശാസ്താവിന് ചോറ്റാനിക്കര ക്ഷേത്രത്തിൽ വിശേഷ സ്ഥാനമുണ്ട്. പൂർണ്ണപുഷ്കലാസമേതനായ ശാസ്താവിന് വേണ്ടി മറ്റൊരു ക്ഷേത്രവും ഇവിടെയുണ്ട്. മാനസിക പ്രശ്നങ്ങളും തീരാ ദുഖങ്ങളും ഇവിടുത്തെ ശാസ്താവ് പരിഹരിക്കും എന്നാണ് വിശ്വാസം.
ഉപദേവതകൾതിരുത്തുക
മഹാദേവൻതിരുത്തുക
നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്താണ് കപാലീശ്വരമൂർത്തിയായ ശിവന്റെ പ്രതിഷ്ഠ. ഒന്നരയടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദേവി പരമശിവന്റെ വാമാംഗത്തിലിരിയ്ക്കുന്നതായി സങ്കല്പമുള്ളതിനാൽ പാർവ്വതീ ഭാവവും ദേവിയിൽ വന്നുചേരുന്നു. മുഖപ്പോടു കൂടിയ മഹാദേവന്റെ ശ്രീകോവിലിനു മുന്നിൽ ചില ഭക്തർ ഉറഞ്ഞുതുള്ളാറുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ധാര വളരെ പ്രധാനമാണ്. നിത്യേന രണ്ടുതവണ പരമശിവന് ധാര പതിവുണ്ട് - രാവിലെ അഞ്ചുമണിയ്ക്കും പതിനൊന്നു മണിയ്ക്കും. രണ്ടവസരങ്ങളിലും ഭക്തർ ഇവിടെ തടിച്ചുകൂടാറുണ്ട്. രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം, കൂവളമാല, പിൻവിളക്ക് തുടങ്ങിയവയാണ് ശിവന് മറ്റ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനകത്തും ശിവപ്രതിഷ്ഠയുണ്ട്.
ഗണപതിതിരുത്തുക
ശിവനോടൊപ്പം തന്നെയാണ് പുത്രനായ ഗണപതിയുടെയും പ്രതിഷ്ഠ. അരയടി ഉയരം മാത്രമുള്ള കൊച്ചുവിഗ്രഹമാണിവിടെ. കിഴക്കോട്ടാണ് ദർശനം. ഗണപതിഭഗവാൻ ശിവസാന്നിദ്ധ്യത്തിലിരിയ്ക്കുന്നതിനാൽ 'ഒക്കത്ത് ഗണപതി'യായും സങ്കല്പിയ്ക്കപ്പെടുന്നു. ചതുർബാഹുവായ വിഗ്രഹത്തിന്റെ കൈകളുടെ ഭാവവും സാധാരണ ഗണപതി വിഗ്രഹങ്ങളുടേതുപോലെത്തന്നെയാണ്. വിഘ്നേശ്വര പ്രീതിയ്ക്കായി നിത്യേന ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനകത്തും ഭാഗവതിയ്ക്ക് സമീപം ഗണപതി പ്രതിഷ്ഠയുണ്ട്.
ശ്രീ ധർമശാസ്താവ്തിരുത്തുക
ധർമശാസ്താവ് ഈ ക്ഷേത്രത്തിൽ ഭഗവതിക്ക് തുല്യം പ്രാധാന്യമുള്ള പ്രതിഷ്ഠ ആണ്. മാനസിക പ്രശ്നങ്ങൾ ഇവിടുത്തെ ശാസ്താവ് സുഖപ്പെടുത്തും എന്നാണ് വിശ്വാസം. ക്ഷേത്രനടപ്പന്തലിന്റെ തെക്കുഭാഗത്ത് പ്രത്യേകം മതിലകത്താണ് പൂർണാപുഷ്കലാസമേതനായ ശ്രീധർമ്മശാസ്താവ് കുടികൊള്ളുന്നത്. കിഴക്കോട്ട് ദർശനമായി ശിവലിംഗരൂപത്തിലുള്ള മൂന്ന് വിഗ്രഹങ്ങളാണ് പൂർണാപുഷ്കലാസമേതനായ ശാസ്താവിനെ പ്രതിനിധീകരിയ്ക്കുന്നത്. മേപ്പാഴൂർ മനയിലെ നമ്പൂതിരിയോടൊപ്പം ഇവിടെയെത്തിയ ശാസ്താവ് ഒടുവിൽ ഇവിടെത്തന്നെ കുടികൊണ്ടുവെന്നാണ് വിശ്വാസം. ദേവിയുടെ അംഗരക്ഷകന്റെ സ്ഥാനമാണ് ഇവിടെ ശാസ്താവിന്. ഭഗവതിയുടെ മകന് തുല്യമായി ശാസ്താവ് ഇവിടെ കുടികൊള്ളുന്നു എന്നും വിശ്വസിക്കപ്പെടുന്നു. കുംഭമാസത്തിൽ ഉത്സവസമയത്ത് ദേവി പറയെഴുന്നള്ളിപ്പിന് പോകുമ്പോൾ ശാസ്താവും കൂടെപ്പോകുന്നു. മാനസിക പ്രശ്നം ഉള്ളവർ മേൽക്കാവിൽ ദർശനത്തിന് ശേഷം അടുത്തതായി എത്തുന്നത് ശാസ്താവിന്റെ സന്നിധിയിലാണ്, പിന്നീടേ കീഴ്ക്കാവിലേക്ക് പോകാറുള്ളു. ശബരിമല തീർത്ഥാടനകാലത്ത് നിരവധി ഭക്തർ ഈ നടയിൽ വന്ന് മാലയിടുകയും കെട്ടുനിറയ്ക്കുകയും ചെയ്തുപോരുന്നുണ്ട്. എള്ളുതിരി കത്തിയ്ക്കുന്നതാണ് ശാസ്താവിന് പ്രധാന വഴിപാട്.
സുബ്രഹ്മണ്യൻതിരുത്തുക
ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിലാണ് ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നത്. ഇവിടെ ഭഗവാന് വിഗ്രഹമില്ല. സങ്കല്പം മാത്രമേയുള്ളൂ. പാനകം, പഞ്ചാമൃതം, കാവടിനിറ തുടങ്ങിയവയാണ് സുബ്രഹ്മണ്യന് പ്രധാന വഴിപാടുകൾ.
നാഗദൈവങ്ങൾതിരുത്തുക
ശിവന്റെ ശ്രീകോവിലിനടുത്ത് പ്രത്യേകം തീർത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നവനാഗസങ്കല്പമാണ് ഇവിടെയുള്ളത്. വിഷ്ണുവിന്റെ ശയനമായ അനന്തൻ(ആദിശേഷൻ), ശിവന്റെ കണ്ഠാഭരണമായ വാസുകി, തക്ഷകൻ തുടങ്ങിയ നവനാഗരാജാക്കന്മാർക്കൊപ്പം നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടങ്ങളുമെല്ലാം ഇവിടെയുണ്ട്. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിൽ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും, പുള്ളുവൻപാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.
ജ്യേഷ്ഠാഭഗവതിതിരുത്തുക
നാഗത്തിന്റെ സമീപത്തായി പ്രതിഷ്ഠിച്ചിട്ടുള്ള പരാശക്തിയുടെ മറ്റൊരു ഭാവമാണ് ജ്യേഷ്ഠാഭഗവതി. ദാരിദ്ര്യം, കലഹം, വൃത്തിയില്ലായ്മ എന്നിവയുടെ ഭഗവതിയാണ് ഇത്. പാലഴിയിൽ നിന്നും ഉയർന്ന് വന്ന ലക്ഷ്മിയുടെ ജ്യേഷ്ഠത്തിയാണ് ജ്യേഷ്ഠ എന്നാണ് വിശ്വാസം. ജ്യേഷ്ഠയെ തൊഴുന്നത് ദാരിദ്ര്യവും കലഹവും ഒഴിവാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം.
രക്ഷസ്സുകൾതിരുത്തുക
വടക്കുപടിഞ്ഞാറേ മൂലയിലെ ഒരു തറയിലാണ് രക്ഷസ്സുകളുടെ സാന്നിദ്ധ്യം. പണ്ടുകാലത്ത് ഈശ്വരത്വം പ്രാപിച്ചു മരണപെട്ട ഭക്തരെയാണ് രക്ഷസ്സുകളായി പ്രതിഷ്ഠിച്ചിട്ടുണ്ടാകുക. ബ്രാഹ്മണനാണ് മരണപെട്ടതെങ്കിൽ ബ്രഹ്മരക്ഷസ്സ്, ക്ഷത്രരക്ഷസ്സ് തുടങ്ങിയവരാണ് പ്രധാന രക്ഷസ്സുകൾ. ശിവലിംഗരൂപത്തിലും കണ്ണാടിരൂപത്തിലുമാണ് ഇവരുടെ വിഗ്രഹങ്ങളുള്ളത്. കിഴക്കോട്ടാണ് ദർശനം. പാൽപ്പായസം മാത്രമേ രക്ഷസ്സുകൾക്ക് വഴിപാടായുള്ളൂ. നിത്യേന രണ്ട് സന്ധ്യയ്ക്കും വിളക്ക് കത്തിച്ചുവയ്ക്കുന്നുമുണ്ട്.
യക്ഷിയമ്മതിരുത്തുക
ശിവന്റെ ശ്രീകോവിലിനടുത്ത് പ്രത്യേകം തീർത്ത തറയിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. ചോറ്റാനിക്കരയമ്മയുടെ ഭക്തനായിരുന്ന കണ്ടാരപ്പള്ളി ഇല്ലത്ത് ഗുപ്തൻ നമ്പൂതിരിപ്പാടിനെ ആക്രമിച്ച യക്ഷിയാണിതെന്ന് പറയപ്പെടുന്നു. ദേവിയുടെ കൈ കൊണ്ട് മോക്ഷം കിട്ടിയ യക്ഷി സ്വയം സാത്വികയായ ദേവി ഭക്തയായി മാറി. ശീവേലിയുടെ ഉച്ചിഷ്ടമാണ് യക്ഷിയമ്മയ്ക്ക് പ്രധാന നിവേദ്യം. നിത്യേന രണ്ട് സന്ധ്യയ്ക്കും വിളക്ക് കത്തിച്ചുവയ്ക്കുന്നുമുണ്ട്.
നിത്യപൂജകൾതിരുത്തുക
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ചോറ്റാനിക്കര ശ്രീഭഗവതിക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നിയമവെടി. തുടർന്ന് ഏഴുതവണ ശംഖുവിളിയുണ്ടാകും. അതിനുശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഭിഷേകവും നിവേദ്യവും. മൂലവിഗ്രഹം രുദ്രാക്ഷശില കൊണ്ടുള്ളതായതിനാൽ ജലാഭിഷേകം മാത്രമേ സാധിയ്ക്കൂ. മറ്റ് അഭിഷേകങ്ങൾക്ക് ഒരു അർച്ചനാബിംബമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ആദ്യം ഭഗവതിയ്ക്ക് നിവേദ്യം സമർപ്പിച്ചത് ചിരട്ടയിലാതുകൊണ്ട് ഇവിടെ ചിരട്ടയിലാണ് രാവിലെ നിവേദ്യം. പിന്നീട് നാലരയ്ക്ക് ഉഷഃപൂജയും അഞ്ചരയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. ഇവയ്ക്കിടയിൽ അഞ്ചുമണിയ്ക്ക് ശിവന്റെ നടയിൽ ധാരയുമുണ്ട്. എതിരേറ്റുപൂജ കഴിഞ്ഞാൽ ആറരയ്ക്ക് ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവതി നേരിട്ടുകാണുന്നു എന്നതാണ് ഇതിനുപിന്നിലുള്ള അർത്ഥം. ശീവേലി കഴിഞ്ഞാൽ എട്ടുമണിയോടെ പന്തീരടിപൂജയും അഭിഷേകങ്ങളും നടത്തുന്നു. അതുകഴിഞ്ഞാൽ പതിനൊന്നുമണിയ്ക്ക് ശിവന്റെ നടയിൽ വീണ്ടും ധാരയാണ്. പതിനൊന്നരയ്ക്ക് ഉച്ചപൂജ. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലി. രാവിലത്തെ ശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഇതിനും. തുടർന്ന് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. അതത് ദിവസത്തെ സൂര്യാസ്തമയമനുസരിച്ചാണ് ദീപാരാധന. പിന്നീട് ഏഴരയ്ക്ക് അത്താഴപൂജയും എട്ടുമണിയ്ക്ക് അത്താഴശീവേലിയുമാണ്. അതുകഴിഞ്ഞാൽ കീഴ്ക്കാവിൽ ഗുരുസിപൂജ തുടങ്ങും. ശാക്തേയപൂജാവിധികളാണ് ഗുരുസിപൂജയ്ക്കുള്ളത്. വാഴകൊണ്ട് തോരണം കെട്ടി പരിസരം മുഴുവൻ അലങ്കരിച്ച് വൃത്തിയാക്കിയശേഷം മേൽശാന്തി വന്ന് പ്രത്യേകപൂജകൾ നടത്തുന്നു. തുടർന്ന് ഗുരുസിതർപ്പണം തുടങ്ങുന്നു. ഇത് കണ്ടു തൊഴാൻ ധാരാളം ഭക്തരുണ്ടാകും. ഇവയെല്ലാം കഴിഞ്ഞാൽ ഒമ്പതുമണിയ്ക്ക് നടയടയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നവരാത്രി, തൃക്കാർത്തിക, വിഷു, ഓണം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും പൂജാവിധികൾക്ക് മാറ്റമുണ്ടാകും.
ക്ഷേത്രത്തിന്റെ തന്ത്രാധികാരം തൃപ്പൂണിത്തുറ, എളവള്ളി പുലിയന്നൂർ മനകൾക്കാണ്. ഇവർ ഓരോ വർഷവും മാറിമാറി പ്രവർത്തിയ്ക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക. മേൽക്കാവിലും കീഴ്ക്കാവിലും പ്രത്യേകം ശാന്തിക്കാരുണ്ട്. ഇവർ ഓരോ മാസവും മാറിമാറി പ്രവർത്തിയ്ക്കുന്നു.
വഴിപാടുകൾതിരുത്തുക
ഇവിടെ പ്രധാന വഴിപാട് ക്ഷേത്ര സന്നിധിയിൽ താമസിച്ചു ഭജനം പാർക്കുക എന്നത് തന്നെയാണ്. പലരും കുറഞ്ഞത് 3 ദിവസമൊക്കെയാണ് ഇങ്ങനെ കഴിയുന്നത്. ചിലവ് കുറഞ്ഞ താമസ സൗകര്യം ദേവസ്വം ബോർഡ് ലഭ്യമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് അന്നദാനവും പ്രസാദവൂട്ടും ലഭ്യമാക്കിയിട്ടുണ്ട്. ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് വഴിപാടുകൾ ഗുരുതി പൂജയും മണ്ഡപത്തിൽ പാട്ടുമാണ്. കീഴ്ക്കാവിൽ നടത്തുന്ന വിശേഷാൽ വഴിപാടാണ് ഗുരുതിപൂജ. നേരത്തെ സൂചിപ്പിച്ചപോലെ മേൽക്കാവിലെ അത്താഴപൂജയ്ക്കുശേഷം നടത്തിവരുന്നതാണ് ഈ വഴിപാട്. പണ്ടുകാലത്ത് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രം നടത്തിയിരുന്ന ഈ വഴിപാട് ഇപ്പോൾ ദിവസവും നടന്നുവരുന്നു. അത്യുഗ്രരൂപിണിയായ കീഴ്ക്കാവിലമ്മയെ പ്രീതിപ്പെടുത്തലാണ് ഇതിന്റെ ലക്ഷ്യം.
മണ്ഡപത്തിൽ പാട്ട് മറ്റുള്ള പല വഴിപാടുകളും കൂടിച്ചേർന്ന ഒരു പ്രത്യേകതരം വഴിപാടാണ്. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിൽ നടക്കുന്ന പാട്ടാണ് പ്രധാന ഇനമെങ്കിലും ഇതിനൊപ്പം തന്നെ ഗുരുതിപൂജ, യഥാശക്തി അന്നദാനം, ഉദയാസ്തമനപൂജ, നിറമാല, ചുറ്റുവിളക്ക് തുടങ്ങിയ വഴിപാടുകളും നടത്തേണ്ടിവരും. പാട്ട് നടക്കുന്ന ദിവസം മണ്ഡപം ഭംഗിയായി അലങ്കരിച്ചിട്ടുണ്ടാകും.
ദാനങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് ഹൈന്ദവർ വിശ്വസിയ്ക്കുന്ന അന്നദാനം ഇവിടെ ദിവസവും നടന്നുവരുന്നു. ഇതിനുവേണ്ടി മാത്രം ഒരു പ്രത്യേകമണ്ഡപം നിർമ്മിച്ചിട്ടുണ്ട്. അന്നദാനത്തിന് പണം തരുന്നവർക്ക് കാൽ ഫലവും അത് നടത്തുന്നവർക്ക് പകുതി ഫലവും അതിൽ പങ്കെടുക്കുന്നവർക്ക് പൂർണ്ണഫലവും ലഭിയ്ക്കുമെന്നതാണ് വിശ്വാസം.
ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ഭജനമിരിയ്ക്കാൻ നിരവധി ആളുകൾ വരാറുണ്ട്, വിശേഷിച്ചും മാനസികാസ്വാസ്ഥ്യമുള്ളവർ. ഭജനമിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ ഭജനം തുടങ്ങുന്നതിന് തലേദിവസം തന്നെ വന്ന് ദർശനം നടത്തേണ്ടതും ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളിലും പങ്കുകൊള്ളേണ്ടതുമാണ്. 3, 5, 7, 12 തുടങ്ങിയ ദിവസങ്ങളിലാണ് ഭജനമിരിയ്ക്കേണ്ടത്. ഭജനമിരിയ്ക്കുന്ന കാലയളവിൽ ക്ഷേത്രത്തിലെ നിവേദ്യം മാത്രമേ ഭക്ഷിയ്ക്കാൻ പാടുള്ളൂ. ഉത്സവക്കാലത്ത് ഭജനം പാടില്ല.
ഭഗവതിയ്ക്ക് പട്ടും താലിയും ചാർത്തുന്നത് മറ്റൊരു പ്രധാന വഴിപാടാണ്. മംഗല്യഭാഗ്യമാണ് ഇതിന്റെ ഉദ്ദേശ്യം. നെയ്പായസം, കടുമ്പായസം, കൂട്ടുപായസം തുടങ്ങിയവ ഓരോ പൂജയ്ക്കും ഭഗവതിയ്ക്ക് നേദിയ്ക്കാറുണ്ട്. എന്നാൽ പ്രധാനനിവേദ്യം 'ചതുശ്ശതം' എന്നുപേരുള്ള ഒരു പായസമാണ്. വിഷ്ണുവിന് പ്രധാനം പാൽപായസം തന്നെ. കൂടാതെ സാധാരണക്ഷേത്രങ്ങളിൽ കാണാറുള്ളതുപോലെ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള പുഷ്പാഞ്ജലികൾ, ചന്ദനം ചാർത്ത്, ആയുധസമർപ്പണം, വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങിയവ ഇവിടെയുമുണ്ട്. നാഗദൈവങ്ങൾക്ക് എല്ലാ ദിവസവും നൂറും പാലും നേദിയ്ക്കാറുണ്ട്. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ നാഗപൂജയും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും സർപ്പംപാട്ടുമുണ്ടാകും. യക്ഷിയ്ക്ക് പ്രധാനനിവേദ്യം ഭഗവതിയുടെ ഉച്ചിഷ്ടമാണ്. വിഘ്നേശ്വരപ്രീതിയ്ക്കായി എല്ലാ ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമം നടന്നുവരുന്നു. ശാസ്താവിന് നീരാജനം കത്തിക്കലും എള്ളു പായസവുമാണ് പ്രധാന വഴിപാട്. ശിവന് ധാര, രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. വെടിവഴിപാടാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്.
വിശേഷദിവസങ്ങൾതിരുത്തുക
കൊടിയേറ്റുത്സവവും മകം, പൂരം തൊഴലുകളുംതിരുത്തുക
ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങളാണ് കുംഭമാസത്തിൽ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവവും അതിനോടനുബന്ധിച്ചുള്ള മകം, പൂരം തൊഴലുകളൂം. ധ്വജാദിമുറയ്ക്കനുസരിച്ചുള്ള ഉത്സവമാണ് ക്ഷേത്രത്തിൽ നടന്നുവരുന്നത്. ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഉത്സവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ശുദ്ധിക്രിയകൾ നടത്തുന്നു. രോഹിണി നാളിൽ രാത്രിയിലാണ് കൊടിയേറ്റം നടക്കുന്നത്. തുടർന്നുള്ള ഒമ്പത് ദിവസം ചോറ്റാനിക്കര ക്ഷേത്രം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞുകവിയും. ധാരാളം താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പറയെഴുന്നള്ളിപ്പുകളും ആറാട്ടുമാണ്. കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് നിത്യേന ആറാട്ടുണ്ടാകാറുണ്ട്. ചോറ്റാനിക്കരയിലും ഇത് പതിവാണ്. കൊടിയേറ്റത്തിന് മുമ്പും ഇവിടെ ആറാട്ടുണ്ടാകും. ഉത്സവനാളുകളിൽ ഭഗവതി, അംഗരക്ഷകന്റെ സ്ഥാനം അലങ്കരിയ്ക്കുന്ന ധർമശാസ്താവിനോടൊപ്പം പരിസരത്തെ വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും എഴുന്നള്ളുന്നു. വീട്ടുകാരും നാട്ടുകാരും നിറപറയും നിലവിളക്കുമായി ഭഗവതിയെയും ശാസ്താവിനെയും സ്വീകരിയ്ക്കുന്നു. എല്ലായിടത്തും ഇറക്കിപ്പൂജയുമുണ്ടാകും. മകം, പൂരം ദിവസങ്ങൾക്കു ശേഷം ഉത്രം നാളിൽ അടുത്തുള്ള മുരിയമംഗലം ക്ഷേത്രക്കുളത്തിൽ നടക്കുന്ന വലിയ ആറാട്ടിനുശേഷം കൊടിയിറക്കുന്നു. അത്തം നാളിൽ കീഴ്ക്കാവിൽ വലിയ ഗുരുതിയും കൂടി നടത്തുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു.
പ്രസിദ്ധമായ മകം തൊഴൽതിരുത്തുക
ഉത്സവത്തിനിടയിലെ ഏഴാം ദിവസമാണ് പ്രസിദ്ധമായ 'മകം തൊഴൽ'. വില്വമംഗലം സ്വാമിയാർ കീഴ്ക്കാവിലമ്മയെ പ്രതിഷ്ഠിച്ചതും അദ്ദേഹത്തിന് ലക്ഷ്മീനാരായണ ദർശനമുണ്ടായതുമായി പറയപ്പെടുന്ന ഈ പുണ്യദിനത്തിൽ പ്രഭാതപൂജകൾ കഴിഞ്ഞ് നടയടച്ചാൽ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കു തന്നെ നട തുറക്കും. വില്വമംഗലത്തിന് ദർശനം നൽകിയ ഭാവത്തിലാണ് അന്ന് ദർശനം. മകം തൊഴുന്നത് സർവമംഗളകരമാണ് എന്നാണ് വിശ്വാസം. സർവ്വാഭരണവിഭൂഷിതയായി, ദിവ്യവസ്ത്രങ്ങളും ദിവ്യായുധങ്ങളും ധരിച്ചുനിൽക്കുന്ന ഭഗവതിയെ ദർശിച്ച് അന്ന് ഭക്തർ തൃപ്തിയടയുന്നു. ഈ സമയത്ത് ഭക്തരുടെ പ്രത്യേകിച്ച് വൻ തിരക്കായിരിയ്ക്കും ഉണ്ടാകുക. ആപത്തിൽ നിന്നു രക്ഷയും ഐശ്വര്യവുമാണ് ഫലം.
പൂരംതിരുത്തുക
മകത്തിന് പിറ്റേന്ന് പൂരം നാളും പൗർണമിയും ചേർന്നുവരുന്ന ദിവസവും അതിവിശേഷമാണ്. പൂരം തൊഴൽ പുരുഷന്മാർക്ക് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. അന്ന് ചോറ്റാനിക്കരയ്ക്ക് സമീപത്തുള്ള മറ്റ് ക്ഷേത്രങ്ങളിലെ മൂർത്തിളെല്ലാവരും ചോറ്റാനിക്കരയിൽ എഴുന്നള്ളുന്നു. ഇവരെല്ലാവരും ഒന്നിച്ച് നിരവധി ഗജവീരന്മാരോടൊപ്പമുള്ള പൂരം എഴുന്നള്ളത്ത് വിശേഷമാണ്. അതിനാൽ പൂരം തൊഴുന്നത് മകം പോലെ തന്നെ സർവ്വമംഗളകരമാണ് എന്നാണ് വിശ്വാസം. ചോറ്റാനിക്കരയമ്മമാർ (മേൽക്കാവ് ഭഗവതി, കീഴ്ക്കാവ് ഭദ്രകാളി), ചോറ്റാനിക്കര ക്ഷേത്രത്തിലെ ധർമ്മശാസ്താവ്, കുഴിയേറ്റ് ശിവൻ, തുളുവൻകുളങ്ങര മഹാവിഷ്ണു, ഓണക്കുറ്റിച്ചിറ ഭഗവതി, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നിവരാണ് ഈ എഴുന്നള്ളത്തിൽ അണിനിരക്കുന്നത്.
നവരാത്രിതിരുത്തുക
കന്നിമാസത്തിൽ വെളുത്ത പ്രഥമ മുതലുള്ള ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടും വിവിധ രൂപങ്ങളിൽ ഇത് ആചരിച്ചുവരുന്നുണ്ട്. കേരളത്തിൽ സരസ്വതീപൂജയായിട്ടാണ് ആചരിച്ചുവരുന്നത്. എല്ലാ ക്ഷേത്രങ്ങളിലും വിശേഷമാണെങ്കിലും ദേവീക്ഷേത്രങ്ങളിലാണ് കൂടുതലും നവരാത്രി ആചരിച്ചുവരുന്നത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ഭഗവതിക്ഷേത്രമായ ചോറ്റാനിക്കരയിൽ നവരാത്രിയിൽ ഒമ്പതുദിവസവും അതീവ വിശേഷമാണ്. ഈ ദിവസങ്ങളിലെ ഭഗവതി ദർശനം ഐശ്വര്യകരമാണ് എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. നവരാത്രി ഉത്സവത്തിനിടയിൽ ദുർഗാഷ്ടമി നാളിൽ നടന്നു വരുന്ന പവിഴമല്ലിത്തറ മേളം പ്രസിദ്ധമാണ്. നിരവധി പ്രസിദ്ധ വാദ്യകലാകാരന്മാർ ഇതിന് അണിനിരക്കാറുണ്ട്. പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടുകൂടിയ ശീവേലികളും ഈയവസരങ്ങളിൽ പ്രധാനമാണ്.
എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമി നാളിൽ സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പുസ്തകങ്ങൾ, ആയുധങ്ങൾ, സംഗീതോപകരണങ്ങൾ മുതലായവ പൂജയ്ക്ക് വയ്ക്കുന്നു. അന്ന് ഭഗവതി സർവാഭരണ വിഭൂഷിതയായി കാണപ്പെടുന്നു. ഒൻപതാം ദിവസമായ മഹാനവമി ദിവസം അടച്ചുപൂജയാണ്. വിജയദശമി ദിവസം രാവിലെ പൂജ കഴിഞ്ഞ് പൂജവച്ച പുസ്തകങ്ങളും മറ്റും തിരിച്ചുകൊടുക്കുന്നു. ആയിരക്കണക്കിന് കുരുന്നുകൾ അന്നേദിവസം ഇവിടെ ഹരിശ്രീ കുറിയ്ക്കുന്നു. സരസ്വതീസാന്നിധ്യമുള്ള ക്ഷേത്രമായതിനാൽ ചോറ്റാനിക്കരയിലെ വിദ്യാരംഭം കൊല്ലൂർ മൂകാംബികയിലേതുപോലെ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. നിരവധി വിദ്യാർഥികളും നവരാത്രി ദിവസങ്ങളിൽ ദർശനത്തിനായി എത്താറുണ്ട്.
മണ്ഡലകാലംതിരുത്തുക
ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വിശേഷമാണ് വൃശ്ചികമാസം ഒന്നാം തീയതി മുതൽ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാലം. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൻ തിരക്കായിരിയ്ക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രനട പതിവിലും അര മണിക്കൂർ നേരത്തേ (മൂന്നരയ്ക്ക്) തുറക്കും. ശബരിമല ദർശനത്തിനുപോകുന്ന നിരവധി ഭക്തർ ഈ സമയത്ത് ചോറ്റാനിക്കരയിലെത്താറുണ്ട്. അവർക്കായി ദേവസ്വം നിരവധി സൗകര്യങ്ങൾ ചെയ്തുകൊടുക്കാറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ചോറ്റാനിക്കര. ധർമശാസ്താവ് ഇവിടുത്തെ പ്രധാന ഉപദേവൻ കൂടിയാണ്. ചോറ്റാനിക്കര അമ്മയുടെ മകന്റെ സ്ഥാനമാണ് ശാസ്താവിന്. ഇതിനാൽ ദേവിയുടെ എഴുന്നള്ളത്തുകൾക്കെല്ലാം ഒപ്പം ശാസ്താവുമുണ്ടാകാറുണ്ട്. ഈ ദിവസങ്ങളിൽ ക്ഷേത്രനടയിൽ അയ്യപ്പൻപാട്ട് പതിവാണ്.
വൃശ്ചിക തൃക്കാർത്തികതിരുത്തുക
മണ്ഡലകാലത്തുതന്നെയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉത്സവമായ തൃക്കാർത്തിക വരുന്നതും. ഭഗവതിയുടെ ജന്മദിനമായി കണക്കാക്കപ്പെടുന്ന തൃക്കാർത്തിക കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെല്ലാം വിശേഷദിവസമാണ്. ചോറ്റാനിക്കരയിൽ ഇത് മൂന്നുദിവസത്തെ ആഘോഷമാണ്. പ്രധാന ദിവസമായ കാർത്തിക കൂടാതെ അടുത്ത ദിവസങ്ങളിലും (രോഹിണി, മകയിരം) ഇത് ആഘോഷിച്ചുവരുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. തൃക്കാർത്തിക ദിവസം രാവിലെ അഖണ്ഡനാമജപം തുടങ്ങുന്നു. ഉച്ചയ്ക്ക് ഭക്തർക്ക് പിറന്നാൾ സദ്യ നൽകുന്നു. അന്ന് സന്ധ്യയ്ക്കാണ് കാർത്തിക വിളക്ക്. ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളും വിളക്കുമാടവും ദീപമാലകളാൽ അലംകൃതമാകുന്നു. ഇതേസമയത്ത് ക്ഷേത്രമതിലകത്ത് പലയിടത്തും ചിരാതുകൾ കത്തിച്ചുവച്ചിട്ടുണ്ടാകും. ഈ സമയത്തെ ദീപാരാധന വിശേഷമാണ്. അതിനുശേഷം 51 കുത്തുവിളക്കുകളുടെയും അഞ്ച് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചോറ്റാനിക്കരയമ്മ എഴുന്നള്ളുന്നു. നിരവധി ഭക്തരാണ് ഇത് കാണാനായി ക്ഷേത്രത്തിലെത്തുന്നത്. രോഹിണി, മകയിരം ദിവസങ്ങളിൽ കാര്യമായ ആഘോഷങ്ങളൊന്നുമില്ലെങ്കിലും കാർത്തികദിവസം പോലെ അപ്പോഴും വിളക്കുകളുണ്ടാകും. ഈയവസരങ്ങളിൽ ചെണ്ടമേളമാണ് അകമ്പടി സേവിയ്ക്കുന്നത്. ഈ ദിവസങ്ങളിൽ ഇവയോടൊപ്പം വെടിക്കെട്ടുമുണ്ടാകും.
മറ്റു പ്രധാന ദിവസങ്ങൾതിരുത്തുക
മലയാളം, ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി, ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങൾ പ്രധാനമാണ്. ഈ ദിവസങ്ങളിലെ ഭഗവതി ദർശനം ഏറെ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ശനിയാഴ്ചത്തെ ഭദ്രകാളി ദർശനം ശനിദോഷ ദുരിതങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാൻ ഉതകും എന്ന് ഭക്തർ കരുതുന്നു. കൂടാതെ ധർമ്മ ശാസ്താവും ഇവിടെ പ്രധാന ദേവനാണ്. ശാസ്താവിന് ശനിയാഴ്ച വിശേഷം. ഭുവനേശ്വരി പ്രധാനമായ ഞായറാഴ്ചയും ദേവി ദർശനത്തിന് വിശേഷമാണ്.
അമ്മേ നാരായണ എന്ന സ്തുതിതിരുത്തുക
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഉടലെടുത്ത പ്രശസ്തവും വ്യത്യസ്തവുമായ ഭഗവതി സ്തുതിയാണ് അമ്മേ നാരായണ. ഈ സ്തുതിയിൽ സ്ത്രീലിംഗവും പുല്ലിംഗവും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. അമ്മേ എന്നത് ഭഗവതി സ്തുതിയും നാരായണ എന്നത് മഹാവിഷ്ണുവിന്റെ സ്തുതിയുമാണ്. ചോറ്റാനിക്കരയിലെ പ്രതിഷ്ഠയുടെ പ്രത്യേകത കൊണ്ട് ഉണ്ടായതാണ് ഈ സ്തുതി. മേൽക്കാവിൽ ലക്ഷ്മീ നാരായണനാണ് സങ്കല്പം. ഭഗവതി പ്രതിഷ്ഠയുടെ വലതുവശത്ത് കൃഷ്ണശിലയിൽ തീർത്ത ചെറിയ മഹാവിഷ്ണു പ്രതിഷ്ഠയുമുണ്ട്. ഇതിനാൽ രണ്ട് പേരെയും കൂടിചേർത്തു
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
എന്ന് ചോറ്റാനിക്കരയിൽ ഭക്തർ സ്തുതിക്കുന്നത്. കേരളത്തിലെ മറ്റു ഭഗവതി ക്ഷേത്രങ്ങളിലും ഇന്നിത് ഉപയോഗിച്ച് കാണാറുണ്ട്.
എത്തിച്ചേരുവാൻതിരുത്തുക
എറണാകുളത്തു നിന്നും 15 കി.മി ദൂരത്തായാണ് ചോറ്റാനിക്കര ക്ഷേത്രം. എറണാകുളം നഗര പ്രദേശത്തിനോട് ചേർന്നു കിടക്കുന്നതിനാൽ നഗരം സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും. കൊച്ചി നഗരത്തിൽ നിന്നും ധാരാളം ബസുകൾ ഇവിടേക്ക് സർവീസ് നടത്താറുണ്ട്. ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം ചോറ്റാനിക്കര റോഡ് (കുരീക്കാട്) ആണ്. എന്നാൽ ഇവിടെ കോട്ടയം വഴിയുള്ള മെമു, പാസഞ്ചർ ട്രെയിനുകൾ മാത്രമേ നിർത്താറുള്ളൂ. അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ തൃപ്പുണിത്തുറ റെയിൽവേ സ്റ്റേഷൻ, എസ് എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ (കൊച്ചി മെട്രോ) എന്നിവ ആണ്. നഗരത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളായ എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്ത് നിന്നും ഇവിടേക്ക് ബസ് സർവീസ് ലഭ്യമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം എറണാകുളം നേവൽ വിമാനത്താവളവും നെടുമ്പാശ്ശേരിയിലുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം|കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്. ഏകദേശം 35 കിമി ദൂരം.
അടുത്തുള്ള മറ്റു പ്രധാന ക്ഷേത്രങ്ങൾതിരുത്തുക
- തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം. ഏതാണ്ട് 6 കി.മി. അകലെ. 20 മിനിറ്റ് യാത്ര.
- എറണാകുളം ശിവ ക്ഷേത്രം. 15 കി.മി. അകലെ. ഏതാണ്ട് 47 മിനിറ്റ് യാത്ര.
- വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും ചോറ്റാനിക്കരയിലേക്ക് ഏകദേശം 27 കി.മി.
- ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നിന്നും ചോറ്റാനിക്കരയിലേക്ക് 31 കി.മി. ദൂരം.
- കൊടുങ്ങല്ലൂരിൽ നിന്നും ചോറ്റാനിക്കരയിലേക്ക് ഏതാണ്ട് 46 കി.മി. (NH 66 വഴി)
- ഗുരുവായൂരിൽ നിന്നും ചോറ്റാനിക്കരലേക്ക് 94 കി.മി. (NH 66 വഴി)