മൃത്യുഞ്ജയഹോമം
ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തിയും ത്രിമൂർത്തികളിൽ പ്രധാനിയുമായ മഹാദേവന് സമർപ്പിക്കുന്ന ഒരു ചടങ്ങ്. ശിവ ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു പ്രധാന വഴിപാട് കൂടിയാണ് ഇത്. ആരോഗ്യവും ഭയമുക്തിയും ദീർഘായുസുമാണ് ഫലങ്ങൾ എന്നു വിശ്വാസം. മൃത്യുജ്ഞയൻ എന്നത് മരണത്തെ ജയിച്ചവനും കാലന്റെ കാലനുമായ പരമശിവൻ ആണെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ കാലകാലൻ എന്നു ശിവൻ അറിയപ്പെടുന്നു. മരണത്തെ അതിജീവിക്കാൻ അല്ലെങ്കിൽ ദീർഘകാലം ജീവിച്ചതിനു ശേഷം കഷ്ടപ്പാടില്ലാത്ത സുഖ മരണത്തിനു വേണ്ടി നടത്തപ്പെടുന്ന ശിവപ്രീതികരമായ ഒരു ചടങ്ങാണ് ഇത്. മിക്കപ്പോഴും മാരക രോഗങ്ങൾ, അപകടങ്ങൾ എന്നിവ ഒഴിവാക്കുവാൻ വേണ്ടിയാകും വിശ്വാസികൾ ഇത് നടത്തുന്നത്. എന്നിരുന്നാലും പിറന്നാൾ ദിവസം ഇത് നടത്തുന്ന വിശ്വാസികളുമുണ്ട്. പുഷ്ടിയും ആരോഗ്യവും വർധിക്കുവാനും ദീർഘായുസിനും ഭക്തർ മൃത്യുഞ്ജയ സ്തോത്രം ജപിക്കാറുണ്ട്. മഹാദേവൻ ഭക്തനായ മാർക്കണ്ടേയനെ കാലനിൽ നിന്നും രക്ഷിക്കുകയും സ്വന്തം മരണം എപ്പോൾ വേണമെന്ന് തീരുമാനിക്കാനുള്ള വരവും ദീർഘായുസും കീർത്തിയും നൽകി അനുഗ്രഹിക്കുകയും ചെയ്തു എന്നു ശിവപുരാണം പറയുന്നു. ഈ കഥയാണ് ഇത്തരമൊരു പൂജയുടെ അടിസ്ഥാനം. ചില രോഗ ബാധിതർ ഇതോടൊപ്പം വിഷ്ണു ക്ഷേത്രത്തിൽ ധന്വന്തരി പൂജയും നടത്താറുണ്ട്. മൃത്യുഞ്ജയ അർച്ചന മറ്റൊരു വഴിപാടാണ്.