ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം

ഗുരുവായൂരിലെ ക്ഷേത്രം, ശ്രീകൃഷ്ണന്‍ പാര്‍ത്ഥസാരഥിരൂപത്തിലുള്ള പ്രതിഷ്ഠ

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ ശ്രീപാർത്ഥസാരഥിക്ഷേത്രം. പേര് സൂചിപ്പിയ്ക്കുന്നതുപോലെ പാർത്ഥസാരഥിയായ ഭഗവാൻ ശ്രീകൃഷ്ണനാണ് ഇവിടെ പ്രതിഷ്ഠ. കൂടാതെ, ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നവഗ്രഹങ്ങൾ, രക്ഷസ്സ്, ആദിശങ്കരാചാര്യർ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ആയിരത്തിലധികം വർഷം പഴക്കം വരുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് അദ്വൈതവേദാന്തിയായ ആദിശങ്കരാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു. ഏറെക്കാലം നാശോന്മുഖമായിക്കിടന്ന ഈ ക്ഷേത്രം പിന്നീട് ഭാഗവതകുലപതി തിരുനാമാചാര്യർ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുതുക്കിപ്പണിയുകയായിരുന്നു. ഇന്ന് ഗുരുവായൂരിൽ വരുന്നവരിൽ പലരും ഇവിടെയും വരാറുണ്ട്. ധനുമാസത്തിലെ രോഹിണിനാളിൽ കൊടികയറി ആറുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ഗുരുവായൂർ ഏകാദശിദിവസം രാവിലെ ഗുരുവായൂരപ്പൻ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഇങ്ങോട്ടും, പിന്നീട് വൈകുന്നേരം ഇവിടത്തെ പാർത്ഥസാരഥി രഥത്തിലേറി തിരിച്ചും എഴുന്നള്ളാറുണ്ട്. ഇവ രണ്ടും കൂടാതെ, അഷ്ടമിരോഹിണി, കുചേലദിനം, ശങ്കരജയന്തി തുടങ്ങിയ ദിവസങ്ങളും ആചരിച്ചുവരുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ വടക്കുകിഴക്കുമാറി റെയിൽവേ സ്റ്റേഷന് സമീപമാണ് പാർത്ഥസാരഥിക്ഷേത്രം.

ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം
പ്രമാണം:Parthasarathy Tempe.jpg
പേരുകൾ
ശരിയായ പേര്:ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം
സ്ഥാനം
സ്ഥാനം:ഗുരുവായൂർ, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീകൃഷ്ണൻ
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലിയിൽ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് അയ്യായിരം വർഷം മുമ്പ്
സൃഷ്ടാവ്:ആദിശങ്കരാചാര്യർ

ചരിത്രം

തിരുത്തുക

ശങ്കരാചാര്യരുടെ കാലശേഷം ഈ ക്ഷേത്രത്തിന്റെ അവകാശം ശിഷ്യനായ തൃശ്ശൂർ നടുവിൽ മഠം സ്വാമിയാർക്ക് ലഭിച്ചു. തലമുറകളായി പാലിച്ചുപോന്ന അവകാശം പിന്നീട് ഗുരുവായൂരിൽത്തന്നെയുള്ള മല്ലിശ്ശേരി മനയ്ക്ക് ലഭിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും മല്ലിശ്ശേരി മനയ്ക്കുതന്നെയായിരുന്നു. ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചപ്പോൾ അതിന്റെ തെക്കേ അതിർത്തിപ്രദേശമായിരുന്ന ഗുരുവായൂരിലും ആക്രമണമുണ്ടായി. പ്രധാനക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രമൊഴികെ അവിടെയുണ്ടായിരുന്ന മിക്ക ക്ഷേത്രങ്ങളും ആക്രമണത്തിൽ തകർന്നു. പാർത്ഥസാരഥിക്ഷേത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് ഒരുപാടുകാലം ഈ ക്ഷേത്രം ആരുടെയും ശ്രദ്ധയേറ്റുവാങ്ങാതെ കഴിയുകയായിരുന്നു. പ്രധാനക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രം എല്ലാവരുടെയും ശ്രദ്ധയേറ്റുവാങ്ങി ലോകപ്രശസ്തിയിലേയ്ക്ക് കുതിയ്ക്കുന്ന സമയത്ത് ശ്രീകൃഷ്ണഭഗവാൻ തന്നെ മറ്റൊരു രൂപത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രം ജീർണ്ണിച്ച് നിലംപരിശാകാറായ മട്ടിൽ ഗുരുവായൂർ പട്ടണത്തിന്റെ ഒരു മൂലയിൽ കഴിയുകയായിരുന്നു. 1971 വരെ ഈ സ്ഥിതി തുടർന്നു.

1971-ൽ ക്ഷേത്രശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണിച്ച് നിലംപതിച്ചു. അപ്പോഴാണ് ഇങ്ങനെയൊരു ക്ഷേത്രം കിടക്കുന്ന കാര്യം പലരുമറിഞ്ഞത്. തുടർന്ന് നാട്ടുകാരും ഭക്തജനങ്ങളും ചേർന്ന് നോക്കിയപ്പോൾ അവർ കമനീയമായ ഭഗവദ്വിഗ്രഹം യാതൊരുകേടുപാടും കൂടാതെ കിടക്കുന്നത് കണ്ടു. കൂടാതെ തകർന്നുപോയ മഹാക്ഷേത്രത്തിന്റെ തിടപ്പള്ളി, വാതിൽമാടം, ചുറ്റമ്പലം, മതിൽക്കെട്ട്, ക്ഷേത്രക്കുളം തുടങ്ങിയവയുടെ സ്ഥാനങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി പുനർനിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയാണ് എല്ലാറ്റിനും നേതൃത്വം വഹിച്ചത്. തൃപ്പൂണിത്തുറ ഈശ്വരവാര്യരായിരുന്നു സ്ഥപതി. ഒടുവിൽ ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ക്ഷേത്രത്തിന്റെ പുതുക്കിപ്പണികളെല്ലാം തീരുകയും 1977 ജൂൺ 29-ന് മിഥുനമാസത്തിലെ അനിഴം നക്ഷത്രത്തിൽ പ്രതിഷ്ഠ നടക്കുകയും ചെയ്തു. ഗുരുവായൂരിലെ അന്നത്തെ വലിയ തന്ത്രിയായിരുന്ന യശഃശരീരനായ പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്.

പുനഃപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രത്തിന് വൻ ഉയർച്ചയാണുണ്ടായത്. ക്ഷേത്രഭരണത്തിന് ഒരു ഭക്തജനസമിതി നിലവിൽ വന്നു. ഇന്ന് വളരെ മികച്ച രീതിയിലാണ് ക്ഷേത്രം മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുന്നത്. ഇന്ന് ഗുരുവായൂരിൽ വരുന്ന ധാരാളം ഭക്തർ ഇവിടെയും ദർശനത്തിന് വരുന്നുണ്ട്.

ഇതിനിടയിൽ ചില വിവാദങ്ങളും ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ടായി. മലബാർ ദേവസ്വം ബോർഡ് ഈ ക്ഷേത്രം ഏറ്റെടുക്കാൻ പല തവണ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഭക്തജനസമിതി വൻ തോതിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടയിൽ ഭക്തജനസമിതിയ്ക്കെതിരെയും ചില ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. വൻ തോതിൽ അഴിമതിയും സ്വജനപക്ഷപാതവും ഭക്തജനസമിതിയ്ക്കെതിരെ ആരോപിയ്ക്കപ്പെടുകയുണ്ടായി. ഇവയ്ക്കെതിരെ ആദ്യം ചാവക്കാട് സബ് കോടതിയിലും പിന്നീട് പടിപടിയായി സുപ്രീം കോടതിയിലും വരെ കേസെത്തി. ഇതിനിടയിൽ 2016 ഓഗസ്റ്റിൽ കേരള ഹൈക്കോടതി പാർത്ഥസാരഥിക്ഷേത്രത്തെ പൊതുക്ഷേത്രമായി പ്രഖ്യാപിച്ചു. ഇതിനെതിരെ ഭരണസമിതിയും ഹിന്ദുസംഘടനകളും വൻ തോതിൽ രംഗത്തുവന്നു.

2017 ഏപ്രിൽ 26-ന് ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഗുരുവായൂർ സബ് ഇൻസ്പകടറും വില്ലേജ് ഓഫീസറുമടങ്ങുന്ന ഒരു സംഘം ഗുരുവായൂരിലെത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അവർ ക്ഷേത്രം ഏറ്റെടുക്കാനെത്തിയത്. ഇതെത്തുടർന്ന് ഏപ്രിൽ 30-ന് ശങ്കരജയന്തി ദിവസം ക്ഷേത്രം ഭക്തജനസമിതിയുടെയും ഹിന്ദു ഐക്യവേദി അടക്കമുള്ള പ്രബല ഹൈന്ദവ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ നാമജപഘോഷയാത്ര നടത്തി. മേയ് 6-നും ഇത്തരത്തിൽ നാമജപഘോഷയാത്ര നടന്നിരുന്നു. ഇതിൽ പ്രസംഗിയ്ക്കാൻ വന്ന ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കെ.പി. ശശികല ടീച്ചറെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പോലീസ് സ്റ്റേഷനിലും ഇവർ നാമജപം തുടരുകയായിരുന്നു. ഒടുവിൽ, ഈ ഉത്തരവിന് താത്കാലിക സ്റ്റേ അനുവദിയ്ക്കാൻ ഹൈക്കോടതി തീരുമാനിച്ചു.

2017 സെപ്റ്റംബർ 21-ന് സ്റ്റേ കാലാവധി അവസാനിച്ചു. അന്നും ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് അധികൃതർ ക്ഷേത്രത്തിലെത്തി. എന്നാൽ, മുമ്പത്തേതിന് വിപരീതമായി അന്ന് വൻ സംഘർഷമാണ് ക്ഷേത്രത്തിലുണ്ടായത്. ഭക്തരും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ പോലീസ് ഇടപെട്ടു. ചിലരെ അറസ്റ്റ് ചെയ്തുനീക്കി. മറ്റുചിലരാകട്ടെ, ഗോപുരവാതിലടച്ച് നാമജപം തുടങ്ങി. വളരെയധികം പ്രതിഷേധപരിപാടികൾ ഇതിന്റെ ഭാഗമായി നടത്തിപ്പോന്നിരുന്നു. ഒടുവിൽ, 2017 നവംബർ 7-ന് പുലർച്ചെ 2:30-ന് മലബാർ ദേവസ്വം ബോർഡ് അധികൃതർ വന്ന് ക്ഷേത്രം ഏറ്റെടുത്തു. ഇതിന്റെ പേരിൽ ബി.ജെ.പി. തൃശ്ശൂർ ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തു. എന്നാൽ, അതോടെ ബഹളങ്ങൾ അവസാനിയ്ക്കുകയായിരുന്നു.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ഗുരുവായൂർ പട്ടണത്തിന്റെ കിഴക്കുഭാഗത്ത് റെയിൽവേ സ്റ്റേഷന് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ഈ ക്ഷേത്രത്തിന്റെയും ദർശനം. റെയിൽവേ സ്റ്റേഷനും ക്ഷേത്രവും ഏതാണ്ട് പരസ്പരാഭിമുഖമാണ്. കെ.ടി.ഡി.സി.യുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന നന്ദനം ഹോട്ടൽ, പതഞ്ജലി സ്റ്റോർ തുടങ്ങിയവ സമീപത്തുതന്നെയുണ്ട്. ക്ഷേത്രത്തിന് മുന്നിലെത്തുന്നവർ ആദ്യം കാണുന്നത് മൂന്നുനിലകളോടുകൂടിയ കിഴക്കേ ഗോപുരമാണ്. ഗോപുരത്തിന് പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നുമില്ലെങ്കിലും ഇരുവശത്തും ഗീതോപദേശത്തിന്റെ ചിത്രങ്ങളും ഗീതാവചനങ്ങളും കാണും. ഗോപുരത്തിന് പുറത്തുനിന്നുനോക്കിയാൽ തന്നെ ഭഗവദ്വിഗ്രഹം തെളിഞ്ഞുകാണാം. ഗോപുരത്തിന്റെ തെക്കുഭാഗത്താണ് ചെരുപ്പ് കൗണ്ടറുള്ളത്. വടക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.

ക്ഷേത്രത്തിന്റെ പുറത്തെ മതിൽക്കെട്ട് പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതാണ്. ഇതിന്റെ ചുറ്റും ചുവന്ന ചായം പൂശിയിട്ടുണ്ട്. കാര്യമായ വലിപ്പമില്ലെങ്കിലും ആനപ്പള്ള തീർത്തിട്ടുള്ളത് ശ്രദ്ധേയമാണ്. കിഴക്കുഭാഗത്തെ പ്രധാന ഗോപുരം കൂടാതെ പടിഞ്ഞാറുഭാഗത്തും ഒരു ഗോപുരമുണ്ട്. ഇതിനടുത്ത് ക്ഷേത്രം വക ഹാളും കാണാം.

അകത്തുകടന്നാൽ പ്രത്യേകിച്ചൊന്നും തന്നെ കാണാനില്ല. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സാമാന്യം ഉയരമുള്ള ഒരു ചെമ്പുകൊടിമരമാണ് ആദ്യം കാണുന്നത്. അതിനപ്പുറം വലിയ ബലിക്കല്ല് കാണാം. ഇവിടെ ബലിക്കൽപ്പുരയില്ല. ഗോപുരത്തിന്റെ തെക്കുഭാഗത്ത് വഴിപാട് കൗണ്ടർ കാണാം. തെക്കുകിഴക്കേമൂലയിൽ പ്രദക്ഷിണവഴിയിൽ നിന്നുമാറി നവഗ്രഹക്ഷേത്രം പണിതിട്ടുണ്ട്. ദീർഘചതുരാകൃതിയിൽ തീർത്ത ഒരു ശ്രീകോവിലിൽ ഒറ്റക്കല്ലിലാണ് നവഗ്രഹങ്ങൾക്ക് സ്ഥാനം അനുവദിച്ചിരിയ്ക്കുന്നത്. ധ്യാനശ്ലോകത്തിൽ പറയുന്നതുപ്രകാരമുള്ള നവഗ്രഹരൂപങ്ങൾ ഇവിടെ കാണാം. നടുക്ക് സൂര്യനും കിഴക്ക് ശുക്രനും തെക്കുകിഴക്ക് ചന്ദ്രനും തെക്ക് കുജനും തെക്കുപടിഞ്ഞാറ് രാഹുവും പടിഞ്ഞാറ് ശനിയും വടക്കുപടിഞ്ഞാറ് കേതുവും വടക്ക് ഗുരുവും വടക്കുകിഴക്ക് ബുധനും സ്ഥിതിചെയ്യുന്നു. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ കിഴക്കോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ഗുരു മാത്രം വടക്കോട്ടും അഭിമുഖമായി കുടികൊള്ളുന്നു.

ക്ഷേത്രത്തിലെ പ്രദക്ഷിണവഴി പൂർണ്ണമായും കരിങ്കല്ല് പാകിയിട്ടുണ്ട്. ഭക്തർക്ക് മഴയും വെയിലുമേൽക്കാതെ ദർശിയ്ക്കാൻ പാകത്തിന് വഴി മുഴുവൻ നടപ്പുര പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെയും തൊട്ടടുത്ത് രക്ഷസ്സിന്റെയും പ്രതിഷ്ഠകൾ കാണാം. മുഖപ്പോടുകൂടിയ ശ്രീകോവിലാണ് അയ്യപ്പന് പണിതിട്ടുള്ളത്. ഇവിടെയുള്ള മുഖപ്പിലാണ് ഭക്തർ ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും. പണ്ടെന്നോ ഈ പ്രദേശത്ത് കൊല്ലപ്പെട്ട ഒരാളുടെ ആത്മാവാണ് രക്ഷസ്സായി കുടികൊള്ളുന്നത്. വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ക്ഷേത്രസ്ഥാപകനായ ശങ്കരാചാര്യരുടെ പ്രതിഷ്ഠയുണ്ട്. ശൈവാംശമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ശങ്കരാചാര്യരെ ശിവനായി സങ്കല്പിച്ചുകൊണ്ടുള്ള പൂജകളാണ് ഇവിടെ നടത്തിവരുന്നത്. വടക്കുഭാഗത്ത് ഊട്ടുപുര കാണാം. വിശേഷദിവസങ്ങളിൽ ഇവിടെ ഭക്തർക്ക് പ്രസാദ ഊട്ട് നടത്തിവരുന്നു.

ശ്രീകോവിൽ

തിരുത്തുക

ദീർഘചതുരാകൃതിയിൽ തീർത്ത ഒരു കൂറ്റൻ ശ്രീകോവിലാണ് ഇവിടെയുള്ളത്. തേരിന്റെ ആകൃതിയിലുള്ള ഈ ശ്രീകോവിൽ പാർത്ഥസാരഥീഭാവത്തിന് ഏറ്റവും അനുയോജ്യമായതായി കണക്കാക്കപ്പെടുന്നു. തേരിലുള്ള കുതിരകളും തേരിന്റെ ചക്രങ്ങളും അതേപോലെ ആവിഷ്കരിയ്ക്കപ്പെട്ടിട്ടുണ്ട്. മൊത്തത്തിൽ കരിങ്കല്ലിലാണ് ശ്രീകോവിൽ തീർത്തിരിയ്ക്കുന്നത്. അകത്തേയ്ക്ക് കയറാൻ സോപാനപ്പടികളുണ്ട്. അവ ഇരുവശത്തുനിന്നും കയറാവുന്ന രീതിയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. സോപാനത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ ചുവട്ടിൽ ഗീതോപദേശരൂപം കൊത്തിവച്ചിട്ടുണ്ട്. സോപാനപ്പടികൾ പൂർണ്ണമായും പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശി വച്ചിരിയ്ക്കുന്നു. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന അതിമനോഹരമായ പാർത്ഥസാരഥീവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് രണ്ട് കൈകളേയുള്ളൂ. ഒരു കയ്യിൽ തേര് തെളിയ്ക്കാനുള്ള ചമ്മട്ടിയും മറുകയ്യിൽ ശംഖും കാണാം. തറനിരപ്പിൽ നിന്ന് ഏറെ ഉയരെയാണ് ശ്രീകോവിൽ. അതിനാൽ കുള്ളന്മാർക്കും കുട്ടികൾക്കും വിഗ്രഹം കാണാൻ നന്നേ ബുദ്ധിമുട്ടേണ്ടിവരും.

ശ്രീകോവിലിന്റെ പുറംചുവരുകൾ തീർത്തും അനലംകൃതമാണ്. ഈയിടെയായി അവിടങ്ങളിൽ ചുവർച്ചിത്രങ്ങൾ വരച്ചുചേർക്കാൻ പദ്ധതികൾ വരുന്നുണ്ട്. രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിരിയ്ക്കുന്നു. വടക്കുവശത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവ് കാണാം. ഓവുതാങ്ങിയായി ഇവിടെ ഉണ്ണിഭൂതമുണ്ട്.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അകത്ത് സ്ഥലം വളരെക്കുറവാണെങ്കിലും തിരക്കില്ലാത്തതിനാൽ സുഖമായി പ്രദക്ഷിണം വയ്ക്കാം. നാലമ്പലത്തിലേയ്ക്ക് കടക്കുന്ന വാതിലിന് സാമാന്യം വലുപ്പമുണ്ട്. ഇതിൽ ഒരുവശത്ത് മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ രൂപങ്ങളും മറുവശത്ത് ശ്രീകൃഷ്ണലീലകളും കൊത്തിവച്ചിട്ടുണ്ട്. ഇവ ഇപ്പോൾ സ്വർണ്ണത്തിൽ പൊതിഞ്ഞാണ് കാണപ്പെടുന്നത്. നാലമ്പലത്തിനകത്തേയ്ക്കുള്ള വഴിയിൽ ഇരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിൽ വച്ചാണ് വിശേഷാൽ പൂജകളും ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും നടത്താറുള്ളത്. വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. പൂജാസമയമൊഴികെയുള്ള അവസരങ്ങളിൽ ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, ചേങ്ങില, ഇലത്താളം, കൊമ്പ്, കുറുംകുഴൽ തുടങ്ങിയ വാദ്യോപകരണങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിപ്രതിഷ്ഠയുണ്ട്. ഏകദേശം രണ്ടടി ഉയരം വരുന്ന ഗണപതിവിഗ്രഹം ശിലാനിർമ്മിതമാണ്. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ രൂപം തന്നെയാണ് ഇതിനും. ഇതിന് സമീപം പ്രത്യേകം തീർത്ത രണ്ട് ചില്ലുകൂടുകളിൽ ഒന്നിൽ പാർത്ഥസാരഥിരൂപത്തിലുള്ള ശ്രീകൃഷ്ണഭഗവാന്റെയും മറ്റേതിൽ ഭഗവാനെ വണങ്ങിനിൽക്കുന്ന രൂപത്തിലുള്ള അർജ്ജുനന്റെയും പളുങ്കുശില്പങ്ങൾ കാണാം. ഭക്തർ ഇവിടെയും വന്ദിയ്ക്കാറുണ്ട്. ഇവയ്ക്കുമുന്നിലായി ഒരു പാത്രം നിറയെ കുന്നിക്കുരുക്കളും അടുക്കിവച്ചിട്ടുണ്ട്. ഇവിടെ പണമെറിഞ്ഞ് കുന്നിക്കുരുക്കൾ വാരുന്നത് അതിവിശേഷമാണ്.

പ്രധാന ലേഖനം: ബലിക്കല്ല്

ശ്രീകോവിലിനെ ചുറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി/ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. വിഷ്ണുക്ഷേത്രമായതിനാൽ ഇവിടെ ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പം കൂടിയുണ്ട്. തെക്കുഭാഗത്ത് സ്ഥാനം നൽകിയിരിയ്ക്കുന്ന സപ്തമാതൃക്കൾക്ക് ബദലായി വടക്കുഭാഗത്ത് സ്ഥാനം നൽകിയിരിയ്ക്കുന്ന ഏഴ് ദേവതകളാണ് ഉത്തരമാതൃക്കൾ. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ എന്നറിയപ്പെടുന്നത്. സപ്തമാതൃക്കൾക്കൊപ്പം ഗണപതിയ്ക്കും വീരഭദ്രന്നും സ്ഥാനം നൽകിയിരിയ്ക്കുന്നതുപോലെ ഉത്തരമാതൃക്കൾക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ ദേവന്മാർക്കും സ്ഥാനം നൽകിയിട്ടുണ്ട്. ഇവരെ ബലിക്കല്ലുകളുടെ രൂപത്തിൽ പ്രതിനിധീകരിയ്ക്കാറില്ല. എങ്കിലും ശീവേലിസമയത്ത് ഇവിടങ്ങളിലും ബലിതൂകും. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരങ്ങളാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

പ്രതിഷ്ഠ

തിരുത്തുക

ശ്രീപാർത്ഥസാരഥി

തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. തന്റെ സുഹൃത്തായ അർജ്ജുനന്റെ തേരാളിയായി നിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ രൂപമാണ് പാർത്ഥസാരഥി (പാർത്ഥൻ അർജ്ജുനന്റെ മറ്റൊരു പേരാണ്. സാരഥി എന്ന വാക്കിന് ഇവിടെ തേരാളി എന്നാണ് അർത്ഥം). മൂന്നടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീപാർത്ഥസാരഥിഭഗവാൻ കുടികൊള്ളുന്നത്. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിവിടെ. ഭഗവാന്റെ വലതുകയ്യിൽ ചമ്മട്ടിയും ഇടതുകയ്യിൽ ശംഖും കാണാം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിന്റെ മുഴുവൻ ആകർഷിച്ചുകൊണ്ട് ശ്രീപാർത്ഥസാരഥി ശ്രീലകത്ത് വാഴുന്നു. ചമ്മട്ടി (ചാട്ട) സമർപ്പണമാണ് ഇവിടെ ഭഗവാന് പ്രധാന വഴിപാട്. കൂടാതെ ഉദയാസ്തമനപൂജ, കളഭം ചാർത്തൽ, ചന്ദനം ചാർത്തൽ, പുരുഷസൂക്തപുഷ്പാഞ്ജലി, പാൽപ്പായസം, തൃക്കൈവെണ്ണ തുടങ്ങിയവയും ഭഗവാന് പ്രധാനമാണ്.

ഉപദേവതകൾ

തിരുത്തുക

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. നാലമ്പലത്തിനകത്തുള്ള ഏക ഉപപ്രതിഷ്ഠ ഇതാണ്. രണ്ടടി ഉയരം വരുന്ന ചെറിയൊരു വിഗ്രഹമാണ് ഗണപതിയ്ക്ക്. സാധാരണ ഗണപതിവിഗ്രഹരൂപങ്ങളിൽ നിന്ന് യാതൊരു വ്യത്യാസവും ഈ വിഗ്രഹത്തിനില്ല. വിഘ്നേശ്വരപ്രീതിയ്ക്കായി നിത്യേന ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് മറ്റ് വഴിപാടുകൾ.

അയ്യപ്പൻ

തിരുത്തുക

നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് താരകബ്രഹ്മമൂർത്തിയായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഒന്നരയടി ഉയരം വരുന്ന ഇവിടത്തെ വിഗ്രഹം ശബരിമലയിലേതുപോലെത്തന്നെയാണ്. മുഖപ്പോടുകൂടിയ ഈ ശ്രീകോവിലിനുമുന്നിലിരുന്നാണ് ശബരിമല തീർത്ഥാടകർ മാലയിടന്നതും കെട്ടുനിറയ്ക്കുന്നതും. നീരാജനം, അഷ്ടാഭിഷേകം, ഭസ്മാഭിഷേകം എന്നിവയാണ് അയ്യപ്പന് പ്രധാന വഴിപാടുകൾ.

നവഗ്രഹങ്ങൾ

തിരുത്തുക

നാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് നവഗ്രഹങ്ങളുടെ പ്രതിഷ്ഠ. വൃത്താകൃതിയിലുള്ള ഒറ്റക്കല്ലിൽ പരസ്പരാഭിമുഖമല്ലാതെയാണ് ഒമ്പതുപേരെയും പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. നടുക്ക് സൂര്യനും കിഴക്ക് ശുക്രനും തെക്കുകിഴക്ക് ചന്ദ്രനും തെക്ക് കുജനും തെക്കുപടിഞ്ഞാറ് രാഹുവും പടിഞ്ഞാറ് ശനിയും വടക്കുപടിഞ്ഞാറ് കേതുവും വടക്ക് ഗുരുവും വടക്കുകിഴക്ക് ബുധനുമാണ് കുടികൊള്ളുന്നത്. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാട്ടും കുജനും രാഹുവും കേതുവും തെക്കോട്ടും ഗുരു മാത്രം വടക്കോട്ടും അഭിമുഖമായി കുടികൊള്ളുന്നു. നവഗ്രഹപൂജയാണ് ഇവിടെ പ്രധാന വഴിപാട്. ഇത് ഓരോ ഗ്രഹത്തിനും വേറെവേറെയാകാം. ഇതിനോടനുബന്ധിച്ച് ചുറ്റുവിളക്കും ഉണ്ടാകാറുണ്ട്. നവധാന്യങ്ങൾ സമർപ്പിയ്ക്കുന്നതും പ്രധാന വഴിപാടാണ്.

ആദിശങ്കരാചാര്യർ

തിരുത്തുക

നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ആദിശങ്കരാചാര്യരുടെ പ്രതിഷ്ഠ. മുഖപ്പോടുകൂടിയ ഒരു വട്ടശ്രീകോവിലാണ് ശങ്കരാചാര്യർക്ക് പണിതിരിയ്ക്കുന്നത്. ആറടിയോളം ഉയരം വരുന്ന ഇരിയ്ക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണ് ശങ്കരാചാര്യർക്ക്. ശൈവാംശമായി കണക്കാക്കപ്പെടുന്ന ശങ്കരാചാര്യരെ ശിവനായി സങ്കല്പിച്ചുകൊണ്ടുള്ള പൂജകളാണ് ഇവിടെ നടത്തിവരുന്നത്. കാവിപ്പട്ടുചാർത്തലാണ് ശങ്കരാചാര്യർക്ക് പ്രധാന വഴിപാട്. ധാര, കൂവളമാല, ഭസ്മാഭിഷേകം, ഇളനീരഭിഷേകം തുടങ്ങിവയും പ്രധാനമാണ്.

രക്ഷസ്സ്

തിരുത്തുക

അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് സമീപത്തുതന്നെയാണ് രക്ഷസ്സിന്റെയും പ്രതിഷ്ഠ. പണ്ടെങ്ങോ ഈ പ്രദേശത്ത് ദുർമരണത്തിനിരയായ ഒരാളെയാണ് മോക്ഷപ്രാപ്തിയുടെ ഭാഗമായി രക്ഷസ്സായി കുടിയിരുത്തിയിരിയ്ക്കുന്നത്. മേൽക്കൂരയില്ലാത്ത തറയിൽ മഴയും വെയിലും മഞ്ഞും ഏറ്റുവാങ്ങുന്ന രീതിയിലാണ് രക്ഷസ്സിന്റെ പ്രതിഷ്ഠ. നിത്യേന സന്ധ്യയ്ക്കുള്ള വിളക്കുവയ്പും പാൽപ്പായസനിവേദ്യവുമൊഴികെ മറ്റ് വഴിപാടുകളൊന്നും തന്നെ രക്ഷസ്സിനില്ല.

നിത്യപൂജകളും തന്ത്രവും

തിരുത്തുക

നിത്യേന മൂന്നുപൂജകളും മൂന്നുശീവേലികളുമുള്ള ഇടത്തരം ക്ഷേത്രമാണ് ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം. പുലർച്ചെ നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യ ചടങ്ങ്. തുടർന്ന് നാലേമുക്കാലോടെ അഭിഷേകവും വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹം അലങ്കരിച്ച് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചരയോടെ ഉഷഃപൂജ നടത്തുന്നു. ഇത് കഴിഞ്ഞ് സൂര്യോദയസമയത്ത് നവഗ്രഹങ്ങളൊഴികെയുള്ള ഉപദേവതകൾക്കുള്ള പൂജകളും ഗണപതിഹോമവും നടത്തുന്നു. രാവിലെ എട്ടരയ്ക്കാണ് നവഗ്രഹങ്ങൾക്കുള്ള പൂജകൾ നടത്തുന്നത്. പത്തരയോടെ ഉച്ചപ്പൂജയും പതിനൊന്നുമണിയോടെ ഉച്ചശീവേലിയും നടത്തി പതിനൊന്നരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്ന് രാത്രി ഏഴുമണിയോടെ അത്താഴപ്പൂജയും ഏഴരയോടെ അത്താഴശീവേലിയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേലെ കാണിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: തിരുവുത്സവം, അഷ്ടമിരോഹിണി, മണ്ഡലകാലം) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇതിന് മാറ്റം വരും. ഉദയാസ്തമനപൂജയുള്ളപ്പോഴും മാറ്റം വരും. അന്ന് 18 പൂജകളാണുണ്ടാകുക.

ഗുരുവായൂരിലെ മിക്ക ക്ഷേത്രങ്ങളിലേതും പോലെ ഇവിടെയും തന്ത്രാധികാരം പുഴക്കര ചേന്നാസ് മനയ്ക്കാണ്. ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക.

വിശേഷദിവസങ്ങൾ

തിരുത്തുക

കൊടിയേറ്റുത്സവം

തിരുത്തുക

ധനുമാസത്തിലെ രോഹിണിനാളിൽ കൊടികയറി ആറുദിവസം നീണ്ടുനിൽക്കുന്ന കൊടിയേറ്റുത്സവമാണ് ഇവിടെ പ്രധാന ആഘോഷം. അങ്കുരാദിമുറയനുസരിച്ച് (മുളയിട്ട് തുടങ്ങുന്ന) നടക്കുന്ന ഈ ഉത്സവത്തോടനുബന്ധിച്ച് ആറുദിവസവും വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. കൊടിമരം പ്രതിഷ്ഠിച്ച അന്നുമുതൽ ഇവിടെ ഈ സമയത്ത് ഉത്സവം ആചരിച്ചുവരുന്നുണ്ട്. ഏതാണ്ട് ഗുരുവായൂർ ക്ഷേത്രത്തിലെ അതേ ചടങ്ങുകളോടെയാണ് ഇവിടെയും ഉത്സവം ആചരിച്ചുവരുന്നത്.

കൊടിയേറ്റത്തിന്റെ തലേന്ന് (കാർത്തികനാൾ) വൈകുന്നേരമാണ് ക്ഷേത്രത്തിലെ മുളയിടൽ ചടങ്ങ് നടക്കുന്നത്. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മുളയറ എന്ന മുറിയിൽ വച്ച് പതിനാറ് പാത്രങ്ങളിൽ മണ്ണുനിറച്ചുവച്ച് അവയിൽ നവധാന്യങ്ങളുടെ വിത്തുകൾ നട്ടുപിടിപ്പിച്ചുവയ്ക്കുന്നതാണ് ഈ ചടങ്ങ്. ആറാട്ടാകുമ്പോഴേയ്ക്കും ഇവ മുളച്ചിട്ടുണ്ടാകും. ഇവയുടെ നടുവിലാണ് പള്ളിവേട്ടയ്ക്കുശേഷം പാർത്ഥസാരഥിഭഗവാൻ പള്ളിയുറങ്ങുക. കൊടിയേറ്റദിവസം സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രിയായ ചേന്നാസ് നമ്പൂതിരിയ്ക്ക് കൊടിക്കൂറയും പവിത്രമോതിരവും കൈമാറുന്നതാണ് ഈ ചടങ്ങ്. അതിനുശേഷം വിശേഷാൽ പൂജകൾ നടത്തി വാദ്യമേളങ്ങളുടെയും നാരായണനാമജപത്തിന്റെയും അകമ്പടിയോടെ തന്ത്രി കൊടികയറ്റുന്നു. ഇതോടെ ആറുദിവസത്തെ ഉത്സവച്ചടങ്ങുകൾക്ക് ഔപചാരികമായ തുടക്കമാകുന്നു.

തുടർന്നുള്ള ആറുദിവസങ്ങളിൽ വിശേഷാൽ പൂജകളും കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും. നിത്യേന പഞ്ചാരിമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെയുള്ള കാഴ്ചശീവേലികളുണ്ടാകാറുണ്ട്. കൊടിയേറ്റത്തിന്റെ പിറ്റേ ദിവസം ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്ന ചടങ്ങുണ്ടാകാറുണ്ട്. ശുദ്ധമായ പട്ടിൽ പൊതിഞ്ഞ സപ്തവർണ്ണക്കൊടിയായ പ്രധാന കൊടിക്കൂറയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ പണിതതും വെള്ള, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങൾ മാത്രമുള്ളതുമാണ് ദിക്കുകൊടികൾ. ഉത്സവത്തിന്റെ ചടങ്ങുകൾ ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്ന സങ്കല്പത്തിലാണ് ഈ ചടങ്ങ് നടക്കുക. ഇതും കഴിഞ്ഞാൽ ഉത്സവം അതിന്റെ പൂർണ്ണപ്രൗഢിയിലെത്തുന്നു.

നാലാം ദിവസം ക്ഷേത്രത്തിൽ ഉത്സവബലി നടക്കുന്നു. ക്ഷേത്രത്തിൽ നിത്യേനയുള്ള ശീവേലിയുടെയും ഉത്സവക്കാലത്തെ ശ്രീഭൂതബലിയുടെയും വിസ്തരിച്ചുള്ള രൂപമാണ് ഉത്സവബലി. സാധാരണയുള്ള ബലിതൂകലിന്റെ നാലുമടങ്ങാണ് ഈയവസരത്തിൽ തൂകുന്നത്. തന്ത്രി, കഴകക്കാർ, വാദ്യക്കാർ, കൈസ്ഥാനീയർ തുടങ്ങിയവർക്ക് ദക്ഷിണ കൊടുത്തശേഷം ബലിതൂകുന്ന ചോറ് മൂന്നാക്കി പകുത്ത് ഉണക്കലരി, മഞ്ഞൾ, എള്ള് എന്നിവ കൂട്ടിച്ചേർത്തശേഷം ബലിതൂകൽ തുടങ്ങും. ഈ സമയത്ത് മരം എന്ന വാദ്യമാണ് അകമ്പടിയായി കൊട്ടുന്നത്. ആദ്യഘട്ടത്തിൽ ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം (ഇവിടെ ഗരുഡൻ - സങ്കല്പം മാത്രം), അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കുമാണ് ബലിതൂകുന്നത്. രണ്ടാമത്തെ പ്രദക്ഷിണത്തിൽ സപ്തമാതൃക്കൾക്ക് അതിവിശേഷമായി ബലിതൂകാറുണ്ട്. വളരെയധികം സമയമെടുത്തുള്ള ഈ ബലിതൂകലിന് മാത്രമേ ഭക്തരെ പ്രവേശിപ്പിയ്ക്കാറുള്ളൂ. ഇതുകഴിഞ്ഞാൽ പുറത്തുള്ള ബലിക്കല്ലുകളിലും ബലിതൂകും. ഈ സമയത്ത് വാദ്യമേളങ്ങൾ കൂടുതലുണ്ടാകും. ബലിതൂകൽ വടക്കുഭാഗത്തെത്തുമ്പോൾ അവിടെയുള്ള ക്ഷേത്രപാലന്റെ ബലിക്കല്ലിൽ പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുണ്ട്. ഇവയെല്ലാം കഴിഞ്ഞാണ് പ്രധാന ബലിക്കല്ലിൽ ബലിതൂകുക. അപ്പോഴേയ്ക്കും സമയം ഏതാണ്ട് ഉച്ചതിരിഞ്ഞ് രണ്ടുമണിയാകും. ആ ദിവസം ക്ഷേത്രത്തിൽ ആരും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. തന്മൂലം, ക്ഷേത്രത്തിൽ വരുന്ന എല്ലാ ജീവജാലങ്ങൾക്കും അന്ന് സദ്യ കൊടുക്കും.

ഗുരുവായൂർ ഏകാദശി മഹോത്സവം

തിരുത്തുക

അഷ്ടമിരോഹിണി

തിരുത്തുക

കുചേലദിനം

തിരുത്തുക

ശങ്കരജയന്തി

തിരുത്തുക

ഇല്ലം നിറ, തൃപ്പുത്തരി

തിരുത്തുക

എത്തിച്ചേരാനുള്ള വഴി

തിരുത്തുക