തൃക്കാർത്തിക
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹിന്ദുക്കൾ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാർത്തിക അഥവാ കാർത്തിക പൗർണ്ണമി. വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് (കാർത്തിക പൗർണമി) ഈ ആഘോഷം നടത്തപ്പെടുന്നത്. ദീപാവലിക്ക് സമാനമായ ആഘോഷമാണിത്. പ്രകാശത്തിന്റെ ഉത്സവം. ഇത് ജഗദീശ്വരിയായ ആദിപരാശക്തിയുടെയും ഭഗവാൻ മുരുകന്റെയും വിശേഷ ദിവസമായി കണക്കാക്കപ്പെടുന്നു. ഭഗവതി പൂജയ്ക്ക് ഈ ദിവസം നവരാത്രി പോലെ പ്രധാനമാണ്. അതിനാൽ ദുർഗ്ഗ, ഭദ്രകാളി, മഹാലക്ഷ്മി, ഭുവനേശ്വരി തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം അതിപ്രധാനമാണ്.
ഭഗവാൻ സുബ്രഹ്മണ്യൻ ശരവണപൊയ്കയിൽ അവതരിച്ച ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. അതിനാൽ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമാണ്. ശിവപാർവതി പൂജയ്ക്കും ഈ ദിവസം വിശേഷമായി കണക്കാക്കപ്പെടുന്നു. ത്രിപുരരെ വധിച്ചു വരുന്ന പരമശിവനെ പാർവതി ദീപം കൊളുത്തി സ്വീകരിച്ച ദിവസമാണ് എന്ന പുരാണ കഥയാണ് ഇതിന്റെ അടിസ്ഥാനം. അതിനാൽ ദീപോത്സവമായി തൃക്കാർത്തിക ആഘോഷിക്കപ്പെടുന്നു. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഭഗവതിയായ മഹാലക്ഷ്മിയുടെ സാന്നിധ്യം ഭൂമിയിൽ ഉണ്ടാകുന്ന ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്.
കേരളത്തിൽ തൃക്കാർത്തിക ആഘോഷം വളരെ വിപുലമാണ്. ഹൈന്ദവ വിശ്വാസപ്രകാരം തൃക്കാർത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. മലയാളികൾ തൃക്കാർത്തിക ദിവസം വീടും പറമ്പും വൃത്തിയാക്കി ദീപങ്ങൾ തെളിയിക്കുന്നു. സന്ധ്യക്ക് കാർത്തികദീപം കത്തിച്ച്, നാടെങ്ങും തൃക്കാർത്തികയാഘോഷിക്കുന്നു. മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിച്ചാൽ ഇല്ലാതാകും എന്നാണ് വിശ്വാസം.
ക്ഷേത്രങ്ങളിൽ തൃക്കാർത്തിക ദിവസം വളരെയധികം ചടങ്ങുകൾ നടക്കുന്നതായി കാണാം. മധ്യ കേരളത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഉത്സവം തൃക്കാർത്തിക ദിവസമാണ്. കോട്ടയം കുമാരനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം പ്രസിദ്ധമാണ്. മലപ്പുറം ജില്ലയിലെ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഏക ആഘോഷവും ഇത് തന്നെയാണ്. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മൂന്ന് ദിവസത്തെ വിശേഷ ആഘോഷമാണ്. ഇവിടെ മകം തൊഴലിന് സമാനമായി തൃക്കാർത്തിക ആഘോഷിക്കപ്പെടുന്നു. പാലക്കാട് ഹേമാംബിക ഭഗവതി ക്ഷേത്രം, കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും ഇത് വിശേഷ ആഘോഷമാണ്.
ക്ഷേത്രങ്ങളിൽ
തിരുത്തുകദേവിക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും അന്ന് വിശേഷാൽ ചടങ്ങുകൾ നടക്കുന്നു. അന്നേ ദിവസം ക്ഷേത്ര ദർശനം പുണ്യകരമാണ് എന്നാണ് വിശ്വാസം. കോട്ടയം കുമാരനെല്ലൂർ ഭഗവതിയുടെ തിരുനാൾ കൂടിയാണ് തൃക്കാർത്തിക. കുമാരനെല്ലൂർ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിൽ പങ്കെടുക്കുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണ് എന്നാണ് വിശ്വാസം. തൃശൂർ വടക്കുംനാഥൻ കുമാരനെല്ലൂർ ആദിപരാശക്തിയുടെ തൃക്കാർത്തിക ഉത്സവം വീക്ഷിക്കുന്നു എന്നാണ് ഐതീഹ്യം. തൃക്കാർത്തിക ദിനത്തിലാണ് ആലപ്പുഴ ജില്ലയിലെ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു വരുന്നത്. മലബാറിൽ മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുനാൾ കൂടിയാണ് തൃക്കാർത്തിക. കാടാമ്പുഴ ക്ഷേത്രത്തിലെ ഏക ആഘോഷവും ഇത് തന്നെയാണ്. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മൂന്ന് ദിവസത്തെ വിശേഷ ആഘോഷമാണ്. മകം തൊഴലിന് സമാനമായി തൃക്കാർത്തിക ആഘോഷിക്കപ്പെടുന്നു. പാലക്കാട് ഹേമാംബിക ഭഗവതി ക്ഷേത്രം, കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും ഇത് വിശേഷ ആഘോഷമാണ്. കൂടാതെ ആറ്റുകാൽ ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, കോഴിക്കോട് വട്ടിപ്പന ശ്രീ വനദുർഗ്ഗാദേവീ ക്ഷേത്രം, കണ്ണൂർ മൃദംഗശൈലേശ്വരി, കൊരട്ടി മുളവള്ളിക്കാവ് തുടങ്ങിയ ചെറുതും വലുതുമായ ധാരാളം ഭഗവതി ക്ഷേത്രങ്ങളിൽ അന്ന് വിശേഷാൽ ചടങ്ങുകളും പൂജകളും നടന്നു കാണാറുണ്ട്.
ഐതീഹ്യം, പുരാണം
തിരുത്തുകവൃശ്ചിക മാസത്തിലെ കാർത്തികയും പൗർണമിയും ചേർന്ന് വരുന്ന തൃക്കാർത്തിക ദുർഗ്ഗാ ഭഗവതിയുടെ ജന്മദിനമായതിനാലാണ് അന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. മഹാലക്ഷ്മി ഐശ്വര്യം ചൊരിയുന്ന ദിവസം കൂടിയാണ് തൃക്കാർത്തിക. മഹാലക്ഷ്മിയുടെ അംശമായ തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക ദിവസം ആയിരുന്നു എന്നാണ് വിശ്വാസം. അതിനാൽ ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്.
ഇതിനു പുറമേ, ശരവണപൊയ്കയിൽ അവതരിച്ച സുബ്രഹ്മണ്യനെ കൃത്തികാ ദേവിമാർ എടുത്തു വളർത്തിയത് തൃക്കാർത്തിക ദിവസമായിരുന്നു എന്ന് പുരാണത്തിൽ പറയുന്നു. അതിനാൽ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമാണ്. ശ്രീകൃഷ്ണൻ ലക്ഷ്മിയുടെ അംശമായ രാധാദേവിയെ പൂജിച്ച ദിവസമാണെന്നും വിശ്വാസമുണ്ട്. ശിവൻ ത്രിപുര ദഹനം നടത്തിയ ദിവസമാണ് തൃക്കാർത്തിക എന്നും സങ്കൽപ്പമുണ്ട്.