മാന്നാർ
കേരളത്തിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പട്ടണമാണ് മാന്നാർ. ഇത് ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നു. മാവേലിക്കര(9 കി.മീ), ചെങ്ങന്നൂർ(10 കി.മീ), തിരുവല്ല(10 കി.മീ), ഹരിപ്പാട്(15 കി.മീ) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. മാന്നാറിൽ നിന്ന് 10-12 കിലോമീറ്റർ മാത്രമേയുള്ളൂ റയിൽവേ സ്റ്റേഷനിൽ എത്തുവാൻ (മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ഹരിപ്പാട്). തിരുവനന്തപുരം, നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മാന്നാറിലേക്ക് ഏകദേശം 125 കിലോമീറ്റർ ദുരമുണ്ട്.
മാന്നാർ | |
---|---|
പട്ടണം | |
Nickname(s): വെങ്കല ഗ്രാമം | |
Country | India |
State | Kerala |
District | Alappuzha |
• ഭരണസമിതി | Panchayath |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 689622 |
വാഹന റെജിസ്ട്രേഷൻ | KL-31 or 30 |
Nearest city | Alappuzha |
Lok Sabha constituency | Mavelikkara |
സാമൂഹ്യ-സാംസ്കാരിക ചരിത്രം
തിരുത്തുകമാന്നാറിനെപ്പറ്റി പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കൃതയുഗത്തിൽ ജീവിച്ചിരുന്ന രഘുവംശത്തിൽപ്പെട്ട മാന്ധാതാവ് ചക്രവർത്തി പ്രജാക്ഷേമത്തിനുവേണ്ടി 100 യാഗങ്ങൾ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താൽ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനൽകി. പിൽക്കാലത്ത് ഇത് ലോപിച്ച് മാന്നാർ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ക്രിസ്തുവർഷാരംഭത്തിൽ അറബിക്കടൽ മാന്നാർ ഉപഗ്രാമത്തെ സ്പർശിച്ചു കിടന്നിരുന്നുപോലും. കുരട്ടി (കടലുരുട്ടി), തൃപ്പെരുംതറ (തൃപ്പെരുന്നുറെ), ചാല (ചാലൈ) തുടങ്ങിയ സ്ഥലനാമങ്ങൾ ഇതിനു തെളിവാണ്. പ്രദേശത്തെ മണ്ണിന്റെ ഘടനയും, ഭൂഗർഭ ലക്ഷ്യങ്ങളും ഈ അഭിപ്രായത്തോടു യോജിക്കുന്നവയാണ്.
സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാർത്തിൽ , ഈ പ്രദേശത്തിന് മാന്നാർ മംഗലം എന്നൊരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. ക്രോഷ്ഠപുരം (കുട്ടമ്പേരൂർ കാർത്ത്യായനീദേവി പ്രതിഷ്ഠ) എന്നത് ലോപിച്ചാണത്രേ കുട്ടമ്പേരൂർ ആയത്. രണ്ടരയടിയോളം ഉയരമുള്ള ബിംബം ശിലയിലല്ലത്രേ, ദർഭയും മണലും അരച്ചുചേർത്തുണ്ടാക്കിയ ഒരു പ്രത്യേകതരം കൂട്ടുകൊണ്ടാണ് ഇതു നിർമ്മിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. ആദിത്യദേവനെ വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരുന്നത് പാട്ടമ്പലത്തിനു തൊട്ടു കിഴക്കുവശമുള്ള സൂര്യനാരായണ ക്ഷേത്രത്തിലാണ്. കേരളത്തിലെ അപൂർവ്വം സൂര്യക്ഷേത്രങ്ങളിലൊന്നാണിത്. പവിഴശില കൊണ്ടാണ് ബിംബം നിർമ്മിച്ചിരിക്കുന്നത്.ഐതിഹ്യമാലയിലടക്കം പരാമർശമുള്ള മഹാവിഷ്ണുവിൻ്റെ പൂർണകായ പ്രതിഷ്ഠയുള്ള തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രം, തളിയിൽ വിഷ്ണുക്ഷേത്രം, വൃഷഭശ്ശേരിക്കര (വിഷവർഷേരിക്കര) ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വിഷവർഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം, കോട്ടുവിള ഭദ്രകാളി കുടുംബക്ഷേത്രം ,മാമ്മൂട്ടിൽ ശ്രീ പരബ്രഹ്മമൂർത്തി ക്ഷേത്രം, കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രം , രക്തേശ്വരി, കരിങ്കാളി പ്രതിഷ്ഠയുള്ള മാന്നാർ ഓടാട്ട് കുടുംബ ദേവീ ക്ഷേത്രം എന്നിവയെല്ലാം ഇതേപോലെ ചരിത്രാംശങ്ങൾ ഏറെയുള്ളതാണത്രേ. ഈ ക്ഷേത്രങ്ങളിൽ പലതും നാനാജാതി മതസ്ഥരും ആരാധന നടത്തിവരുന്നതാണ്.
തൃക്കരൂട്ടി ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് മുസ്ളീം ജനവിഭാഗം ആരാധന നടത്തിവരുന്നുണ്ട്. ഓമല്ലൂർ വയൽവാണിഭം കഴിഞ്ഞുവന്ന ഒരു മുസ്ളീം വ്യാപാരി കൊള്ളക്കാരിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലൂന്നിയ ഐതിഹ്യമാണ് ഇതിനു പിന്നിലുള്ളത്.മുസ്ളീം ദേവാലയങ്ങളിൽ കാലപ്പഴക്കമേറിയതാണ് ഇരമത്തൂർ മുഹിയുദ്ദിൻ പള്ളി. ഇസ്ളാം മതപ്രചരണാർത്ഥം കേരളത്തിലെത്തിയ മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മാന്നാർ പുത്തൻപള്ളി ടൗൺ മസ്ജിദ്,പാവുക്കര ജുമാ മസ്ജിദ്, കുരട്ടിക്കാട് മുസ്ലിം പള്ളി, വാവരുസ്വാമിയുടെ 13-ാം തലമുറയിൽപെട്ട സൈഫൂദ്ദീൻ ബഹദൂർ വാവരുടെ കുടുംബം ഈ മാന്നാറിലാണ് താമസിക്കുന്നത്.
ക്രിസ്ത്യൻ ജനവിഭാഗങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ് പാവുക്കര കുര്യത്തുകടവിലുള്ള സെന്റ്പീറ്റേഴ്സ് ചർച്ച്. 1498-ൽ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ച ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിതെന്നു പറയപ്പെടുന്നു. വളരെ പാരമ്പര്യമുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പരുമല പള്ളി.
ഈ ക്ഷേത്ര ഗ്രാമങ്ങളിൽ തമിഴ് ബ്രാഹ്മണ വിഭാഗം കൂടുതലായി ഉണ്ടായിരുന്നു. പിൽക്കാലത്ത് ഈ ഗ്രാമം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദർശനത്തിന് സ്ഥിരമായി വന്നുചേർന്നിരുന്നു. ആ സമയങ്ങളിൽ പാർക്കുവനായി രാജാവു നിർമ്മിച്ചതാണ് ഇപ്പോൾ ജീർണ്ണാവസ്ഥയിലുള്ള കോയിക്കൽ കൊട്ടാരം. മുല്ലശ്ശേരികടവിൽ നിന്നും തണ്ടുവച്ച വള്ളത്തിൽ കൊട്ടാരത്തിലേക്കു വന്നിരുന്ന ജലപാതയാണ് ഇപ്പോഴത്തെ മണ്ണാത്തറ തോട്. കായംകുളം രാജാവും മാർത്താണ്ഡ വർമ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാർ പടനിലം. കൊല്ലവർഷം 917-ൽ (എ.ഡി. 1742) വളരെ തന്ത്രപൂർവ്വം മെനഞ്ഞെടുത്ത മാന്നാർ ഉടമ്പടിയിൽ രണ്ടു രാജാക്കന്മാരും ഒപ്പുവച്ചുവെങ്കിലും പിന്നീട് കായംകുളം രാജാവിനെ മാർത്താണ്ഡ വർമ്മ കീഴടക്കുകയായിരുന്നു.
1903 വെച്ചുര്യേത്ത് മഠത്തിന്റെ വടക്കേ വരാന്തയിൽ 21 വിദ്യാർത്ഥികളുമായി ഒരു വിദ്യാലയം ആരംഭിച്ചു. വിളയിൽ കുടുംബക്ഷേത്രത്തിൽ 1088 മകരം 14 (1914 ജനുവരി 26) ഞായറാഴ്ച ശ്രീനാരായണഗുരു പ്രസംഗിക്കുകയുണ്ടായി. തുടർന്ന് ഒരാഴ്ച സ്വാമിജി അവിടെ താമസിക്കുകയും സാമൂഹ്യ പരിഷ്ക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
ഗ്രാമപഞ്ചായത്തിന്റെ ആദ്യരൂപമായ വില്ലേജു യൂണിയൻ രൂപീകരിക്കുന്നത് 1940-ലാണ്. തിരുവിതാംകൂറിൽ അക്കാലത്ത് അനുവദിച്ചിരുന്ന നാലഞ്ചു യൂണിയനുകളിൽ ഒന്നായിരുന്നു മാന്നാർ. തഹസിൽദാർ ആയിരുന്നു വില്ലേജു യൂണിയൻ പ്രസിഡന്റ്. ഇപ്പോഴത്തെ സാംസ്കാരിക നിലയം സ്ഥിതി ചെയ്യുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു ക്യാറ്റിൽ പൌണ്ട് ആണ് പഞ്ചായത്തിലുണ്ടായ ആദ്യത്തെ പൊതുസ്ഥാപനം.
വ്യവസായങ്ങൾ
തിരുത്തുകഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങൾ, ഒരു കാലത്ത് "കേരളത്തിലെ ഗൾഫ് " എന്നറിയപ്പെട്ടിരുന്ന അലിൻഡ് സ്വിച്ച് ഗിയർ എന്നിവ മാന്നാറിലെ വലിയ മുതൽമുടക്കുള്ള വ്യവസായങ്ങൾ ആണ്. പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങൾ മാന്നാറിന്റെ സവിശേഷതയാണ്. "സ്വാമിയുടെ കട" എന്ന പേരിൽ അറിയപ്പെടുന്ന പി ആർ എം ലക്ഷ്മണ അയ്യർ അസോസിയേറ്റ്സ് മണികളുടെ നിർമ്മാണത്തിൽ പ്രസിദ്ധമാണ്[1].
ആരാധനാലയങ്ങൾ
തിരുത്തുകസഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്, ത്രിക്കുരട്ടി ശിവക്ഷേത്രം(ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളിൽ ഉള്ള ശില്പകലകളാൽ പുകഴ് പെറ്റതാണ്), കുട്ടമ്പേരൂർ ഭഗവതി ക്ഷേത്രം(ക്രോഷ്ട മുനിയുടെ ചിതൽ പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണ്), ഐതിഹ്യമാലയിലടക്കം പരാമർശമുള്ള മഹാവിഷ്ണുവിൻ്റെ പൂർണകായ പ്രതിഷ്ഠയുള്ള തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രം, ഇരമത്തൂർ പാട്ടമ്പലം ദേവീ ക്ഷേത്രം, തളിയിൽ വിഷ്ണുക്ഷേത്രം,വിഷവർഷേരിക്കര ശ്രീ സുബ്രഹ്മണ്യമഹാവിഷ്ണു ക്ഷേത്രം, വിഷവർഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം,കുരട്ടിക്കാട് പാട്ടമ്പലം ദേവി ക്ഷേത്രം, കോട്ടുവിള ഭദ്രകാളി കുടുംബക്ഷേത്രം,കുരട്ടിക്കാട് മണിപ്പുഴ ശ്രീ മഹാദേവർ ക്ഷേത്രം, മാമ്മൂട്ടിൽ ശ്രീ പരബ്രഹ്മമൂർത്തി ക്ഷേത്രം, കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രം, രക്തേശ്വരി, കരിങ്കാളി പ്രതിഷ്ഠയുള്ള മാന്നാർ ഓടാട്ട് കുടുംബ ദേവീ ക്ഷേത്രം, പാവുക്കര സെന്റ്പീറ്റേഴ്സ് ചർച്ച് (1498-ൽ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ച ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിത്),പരുമല പള്ളി, ഇരമത്തൂർ മുഹിയുദ്ദിൻ പള്ളി(മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകമാന്നാർ Govt lp സ്കൂൾ, നായർ സമാജം ഹയർ സെക്കന്റ്ററി സ്കൂൾ,ശ്രീ ഭുവനേശ്വരി ഹയർ സെക്കന്റ്ററി സ്കൂൾ