വാരാഹി
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം വരാഹ രൂപം പൂണ്ട ആദിപരാശക്തിയാണ് വാരാഹി ദേവി അഥവാ വാരാഹി ലക്ഷ്മി അല്ലെങ്കിൽ പഞ്ചമി ദേവി എന്നറിയപ്പെടുന്നത്. കാട്ടുപന്നിയുടെ മുഖത്തോട് കൂടിയ ഈ ഭഗവതി പഞ്ചുരുളി, പന്നിമുഖി, ദണ്ഡനാഥ, വാർത്താളി, താന്ത്രിക ലക്ഷ്മി, അഷ്ടലക്ഷ്മിസ്വരൂപിണി, സമയേശ്വരി, രാത്രി ഭഗവതി തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്നു. സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതി. പൊതുവേ കഠിനമായ വ്രതങ്ങളോ, പൂജകളോ നിഷ്ഠകളോ കൂടാതെ തന്നെ ഭക്തരിൽ വേഗം അനുഗ്രഹം ചൊരിയുന്ന ഭഗവതിയാണ് വാരാഹി എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ വരാഹ അവതാരത്തിന്റെ ശക്തിയായി വാരാഹി ആരാധിക്കപ്പെടുന്നു. മഹാലക്ഷ്മിയുടെ താന്ത്രിക രൂപമായ ഈ ഭഗവതി എട്ടു വിധത്തിലുള്ള ദാരിദ്ര്യവും ഇല്ലാതാക്കുന്നവളാണ് എന്നാണ് വിശ്വാസം. ആദിപരാശക്തിയായ ലളിതാ ത്രിപുരസുന്ദരിയുടെ ശക്തി സേനയുടെ സർവസൈന്യാധിപയായ യോദ്ധാവായിട്ടും, വരാഹരൂപം പൂണ്ട മഹാകാളി ആയിട്ടും, അഷ്ടലക്ഷ്മിമാരുടെ ഐക്യരൂപമായിട്ടും, കാലത്തിന്റെ അധിപതിയായ സമയേശ്വരി ആയിട്ടും, ഭൂമിയുടെ അധിപതിയായിട്ടും, ക്ഷിപ്ര പ്രസാദി ആയിട്ടും, ദുരിതങ്ങളെ സ്തംഭിപ്പിക്കുന്നവളായിട്ടും, ഇഷ്ട വരദായിനി ആയിട്ടും ഭഗവതി ആരാധിക്കപ്പെടുന്നു. ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവയുടെ മൂർത്തരൂപമാണ് ഭഗവതി എന്നാണ് വിശ്വാസം. പ്രധാനമായും ശാക്തേയ ആരാധനാമൂർത്തി ആണെങ്കിലും ശൈവ, വൈഷ്ണവ രീതിയിലും, ബുദ്ധ മതത്തിൽ വജ്ര വാരാഹി എന്ന പേരിലും ഭഗവതി ആരാധിക്കപ്പെടുന്നു. ചില പ്രദേശങ്ങളിലെ വ്യാപാരികളുടെയും ബിസിനസ് സമൂഹങ്ങളുടെ ഇടയിൽ വാരാഹി ഉപാസന കാണപ്പെടുന്നുണ്ട്.
ശാക്തേയ വിശ്വാസപ്രകാരം വരാഹരൂപം പൂണ്ട കാളി വാർത്താളി എന്നറിയപ്പെടുന്നു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നവൾ എന്ന അർത്ഥത്തിൽ ദണ്ഡനാഥ എന്ന് വിളിക്കപ്പെടുന്നു. ഭഗവതിക്ക് പഞ്ചമി തിഥി പ്രധാനമായതിനാൽ പഞ്ചമി ദേവി എന്നും നാമമുണ്ട്. ശക്തി സ്വരൂപിണിയായ വാരാഹി പൊതുവേ ഉഗ്രമൂർത്തിയായും ക്ഷിപ്ര പ്രസാദിയായും കണക്കാക്കപ്പെടുന്നു. വാരാഹിയെ ആരാധിക്കുന്നവർക്ക് സമ്പത്ത്, ഉയർച്ച, ശത്രുദോഷശാന്തി, ആഗ്രഹപൂർത്തി എന്നിവ ഫലം എന്ന് വിശ്വാസം. രാത്രിയാണ് വരാഹി ദേവിയെ ആരാധിക്കുന്നത്. പഞ്ചമി തിഥിയിലെ രാത്രി വാരാഹി ദേവിക്ക് അതിവിശേഷം എന്ന് വിശ്വാസം. 2023ൽ പുറത്തിറങ്ങിയ കാന്താര എന്ന സിനിമയിൽ വരാഹി ദേവിയെ ചിത്രീകരിക്കുന്നതായി കാണാം.
പുരാണങ്ങളിൽ
തിരുത്തുകലളിതാ സഹസ്രനാമത്തിൽ
"പഞ്ചമി പഞ്ച ഭൂതേഷി പഞ്ച സംഖ്യോപചാരിണി"(175)
വാരാഹി ദേവി ലളിതാംബികയുടെ കയ്യിൽ വിളങ്ങുന്ന ശത്രുനാശിനി ആയ പഞ്ച ആയുധങ്ങൾ ആകുന്നു. ധ്യാന സ്വരൂപത്തിൽ അഞ്ചു മുഖങ്ങളോട് കൂടിയ ഭഗവതിയാകുന്നു പഞ്ചമി ദേവി അഥവാ വാരാഹി. ജലം, വായു, അഗ്നി, ഭൂമി തുടങ്ങിയ പഞ്ച ഭൂതങ്ങളിൽ വസിക്കുന്ന ആദിപരാശക്തിയും വാരാഹി ദേവി തന്നെ.
'വിശുക്ര പ്രാണഹരണ വാരാഹി വീര്യ നന്ദിതാ'
** വിശുക്രൻ എന്ന അസുരനെ വധിച്ചവൾ ആകുന്നു വാരാഹി ദേവീ.
'കിരിചക്രരഥാരൂഢ ദണ്ഡനാഥാപുരസ്കൃതാ'
(കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ)
കിരികളേപ്പോലുള്ള ചക്രങ്ങളുള്ള രഥത്തിൽ ആരൂഢയായിരിയ്ക്കുന്ന ദണ്ഡനാഥയാൽ പുരസ്കൃതയായവൾ. കിരികൾ = പന്നികൾ. ദണ്ഡനാഥാ = എല്ലായ്പ്പോഴും ദണ്ഡം കയ്യിലുള്ളവളായതിനാലാണ് ഈ ദേവി ദണ്ഡനാഥയായത്. വാരാഹി എന്നാണ് പേർ. ഭഗവതിയുടെ സേവകരിൽ ദണ്ഡനാധികാരം അഥവാ തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ അധികാരം ഉള്ളവളാണ് വാരാഹി എന്നാണ് വിശ്വാസം. ഭണ്ഡാസുരനുമായുള്ള യുദ്ധത്തിൽ ലളിത പരമേശ്വരിയുടെ സൈന്യാധിപ കൂടിയായിരുന്നു വാരാഹി ദേവി.
ദേവി മാഹാത്മ്യത്തിൽ
'ഗൃഹീതോഗ്രമഹാചക്രേ ദംഷ്ത്രോദ്ധൃതവസുന്ധരേ| വരാഹരൂപിണി ശിവേ നാരായണി നമോസ്തുതേ|'
ദേവി മാഹാത്മ്യം പതിനൊന്നാമത്തെ അദ്ധ്യായത്തിൽ പതിനേഴാമത്തെ ശ്ലോകത്തിൽ ദുർഗ്ഗ അല്ലെങ്കിൽ ഭുവനേശ്വരിയുടെ ഉഗ്രരൂപമായി വരാഹി ദേവിയെ വർണ്ണിച്ചിരുന്നു. ശിവേ എന്നത് കൊണ്ടു വരാഹ രൂപം പൂണ്ട പാർവതിയായും കണക്കാക്കുന്നു.
വാമനപുരാണം 56-ാം അധ്യായത്തിൽ സപ്തമാതാക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ് പറയുന്നത്. ശുംഭനിശുംഭമാരുടെ ആജ്ഞപ്രകാരം യുദ്ധത്തിനിറങ്ങിയ അസുരന്മാർ തോറ്റപ്പോൾ രക്തബീജനെന്ന അസുരൻ തന്റെ അക്ഷൗഹിണിപടയുമായി എത്തി. ഇതു കണ്ട ചണ്ഡികാ പരമേശ്വരി ഒരു ശംഖ്‌നാദം പുറപ്പെടുവിച്ചു. ഭഗവതിയുടെ തിരുവായിൽ നിന്ന് ബ്രാഹ്മിയും തൃക്കണ്ണിൽ നിന്ന് മഹേശ്വരിയും, അരക്കെട്ടിൽ നിന്ന് കൗമാരിയും കൈകളിൽ നിന്ന് വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന് വാരാഹിയും, ഹൃദയത്തിൽ നിന്ന് നരസിംഹിയും പാദത്തിൽ നിന്ന് ചാമുണ്ഡിയും ഉത്ഭവിച്ചു.
ദുർഗ്ഗാ ദേവിയുടെ (കൗശിക) രൂപഭേദങ്ങളാണ് സപ്തമാതാക്കൾ. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതാക്കളുണ്ടായി എന്നും കഥയുണ്ട്.
ദാരിക നിഗ്രഹത്തിനായി അവതരിച്ച ഭദ്രകാളിയുടെ സൈന്യത്തിലും വാരാഹി ഉൾപ്പെടുന്നു. മാർക്കണ്ടേയ പുരാണത്തിലെ ഭദ്രോത്പത്തി പ്രകരണത്തിൽ ദാരികവധം കഥ പ്രസിദ്ധമാണ്. ദാരിക വധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി എന്നിവരായിരുന്നു ആറു മാതാക്കൾ. എന്നാൽ ഷഡ് മാതാക്കൾ ദാരികന് മുൻപിൽ പരാജയപ്പെട്ടു. ഒടുവിൽ ശിവനേത്രത്തിൽ നിന്നും ശ്രീ ഭദ്രകാളി അവതരിച്ചു. ഭദ്രകാളി അഥവാ ചാമുണ്ഡി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു. ഇക്കൂട്ടത്തിൽ വാരാഹിയും ഉൾപ്പെടുന്നു.
ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച് ഫലിക്കാതെ വന്നപ്പോൾ വരാഹി ഉൾപ്പെടെ സപ്തമാതാക്കളെ സൃഷ്ടിച്ചുവെന്നാണ് ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകാസുരന്റെ രക്തത്തിൽ നിന്നും വീണ്ടും അന്ധകൻ ജനിക്കയാൽ സപ്തമാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും അങ്ങനെ ശിവനും വിഷ്ണുവും അന്ധകനെ വധിക്കുകയും ചെയ്തു.
ഹൈന്ദവ വിശ്വാസപ്രകാരം താന്ത്രിക പദ്ധതിയിൽ ഭൂമി ദേവി സങ്കൽപ്പവും വാരാഹിയാകുന്നു. ബുദ്ധിസ്റ്റ് തന്ത്രയിൽ വജ്ര വാരാഹി ആയി ആരാധന നടത്താറുണ്ട്. വാമാചാര പ്രിയ ആണു ദേവി അതിനാൽ ദേവിയെ വാമമാർഗത്തിൽ പൂജിക്കപ്പെടുന്നു. വാമമാർഗ്ഗ സ്വരൂപിണി ആയ ദേവി മത്സ്യ വാരാഹി എന്ന ഭാവം ആകുന്നു. ഒരു കയ്യിൽ മധു പാത്രം, മറു കയ്യിൽ മൽസ്യവുമായ ഭാവം. വളരെ രഹസ്യാത്മകത ഉള്ള ഉപാസന ആകുന്നു ഭഗവതിയുടെ. താന്ത്രിക സമ്പ്രദായത്തിൽ ദേവി അനാഹത ചക്ര സ്ഥിതയാകുന്നു. അത് കൊണ്ട് രാത്രിയിൽ മാത്രമേ വാരാഹി ഉപാസന ചെയ്യാവു എന്നാണ് വിശ്വാസം.
""ന ദിവാ സ്മരേത് വാർത്താളി"" എന്നു തന്ത്ര ശാസ്ത്രം പറയുന്നു. പകൽ സമയങ്ങളിൽ വാരാഹി ദേവിയെ സ്മരിക്കാൻ പോലും പാടില്ലാത്തതാകുന്നു.
വിവിധ തന്ത്രങ്ങളിൽ വിവിധ ഭാവങ്ങൾ പറയുന്നു. കിരാത വാരാഹി, വശ്യ വാരാഹി, ലഘു വാരാഹി, നകുലി വാരാഹി, മഹാ വാരാഹി, അശ്വാരൂഢ വാരാഹി, മത്സ്യ വാരാഹി, മഹിഷ വാരാഹി, പക്ഷി വാരാഹി, സിംഹാരൂഢ വാരാഹി തുടങ്ങി നിരവധി ഭാവങ്ങൾ ഉണ്ട് ദേവിക്ക്.
രീ മഹാവാരാഹി ആവരണ പൂജയിൽ വിശേഷപ്പെട്ട അഷ്ട വാരാഹീമാരെ പൂജിക്കുന്ന വിധികൾ ബ്രിഹത് വാരാഹി തന്ത്രത്തിൽ പറയുന്നു.
പ്രധാന ക്ഷേത്രങ്ങൾ
തിരുത്തുകകേരളത്തിൽ വരാഹി ക്ഷേത്രങ്ങൾ പൊതുവേ കുറവാണ്. തമിഴ്നാട്ടിൽ വാരാഹി ക്ഷേത്രങ്ങൾ കാണാവുന്നതാണ്. കേരളത്തിലെ വാരാഹി ദേവി പ്രധാന പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങൾ താഴെ പറയുന്നവയാണ്.
കായംകുളം ഇലഞ്ഞിക്കാവ് വൈദ്യമഠത്തിന്റെ കീഴിലുള്ള ഒരു സ്വകാര്യ ആരാധന കേന്ദ്രം. മറ്റുള്ളവർക്ക് പ്രവേശനം ഇല്ല
*നെടുമങ്ങാട് വിനോദ് നഗർ കുറക്കോട് ഉള്ള ശ്രീ പഞ്ചമി ദേവി ക്ഷേത്രം പുണ്യ പുരാതനമായിട്ടുള്ള ഒരു പഞ്ചമി ദേവി ക്ഷേത്രം ആണ്. വിളിച്ചാൽ വിളി കേൾക്കുന്ന ദേവിയുടെ നടയിൽ ഭക്തജനങ്ങൾ സർവ്വ ഐശ്വര്യത്തിനും സർവ്വ ദോഷ പരിഹാരത്തിനുമായി വന്നു പ്രാർഥിക്കുന്നു.[1]
*പേട്ട കല്ലുമ്മൂട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം, തിരുവനന്തപുരം. (തിരുവനന്തപുരം നഗരത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും അല്പം മാറി കല്ലുമ്മൂട് പാലത്തിനു സമീപം)
*അന്തിക്കാട് വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം, തൃശ്ശൂർ.
*പട്ടുവം വടക്കേക്കാവ് വാരാഹി ക്ഷേത്രം, കണ്ണൂർ.
* വെളുത്താട്ടു വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം, കെടാമംഗലം, വടക്കൻ പറവൂർ, എറണാകുളം. (ഇത് വാരാഹി സങ്കൽപ്പമുള്ള ക്ഷേത്രമാണ്)
സപ്തമാതാക്കളുടെ പ്രതിഷ്ഠ ഉള്ള ഭഗവതി ക്ഷേത്രങ്ങളിലും വാരാഹി പ്രതിഷ്ഠ കാണാം. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
* കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ (ഭഗവതിയുടെ ശ്രീകോവിന്റെ തുടർച്ചയായി സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഇക്കൂട്ടത്തിൽ വാരാഹി ദേവിയെ കാണാം)
*തിരുമാന്ധാംകുന്ന് ശ്രീ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം, മലപ്പുറം (ഭഗവതിയുടെ ശ്രീകോവിലിൽ സപ്തമാതാക്കളുടെ കൂട്ടത്തിൽ വാരാഹി പ്രതിഷ്ഠ കാണാം)
*മാടായിക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂർ (സപ്ത മാതാക്കളുടെ കൂട്ടത്തിൽ വാരാഹി പ്രതിഷ്ഠ കാണാം)
* ആമേട സപ്തമാതാ ക്ഷേത്രം, നടക്കാവ്, തൃപ്പൂണിത്തുറ, എറണാകുളം
* തൃശ്ശൂർ പാറമേക്കാവ് ഭഗവതി ക്ഷേത്രം
*പരുമല പനയന്നാർക്കാവ് ദേവി ക്ഷേത്രം, പത്തനംതിട്ട
വിശേഷ ദിവസങ്ങൾ
തിരുത്തുകപഞ്ചമി തിഥി വിശേഷ ദിവസം. വെളുത്തവാവ് (പൗർണമി), കറുത്തവാവ് (അമാവാസി) എന്നിവ കഴിഞ്ഞുവരുന്ന അഞ്ചാമത്തെ ദിവസത്തെയാണ് പഞ്ചമി എന്നു പറയുന്നത്. ഈ രണ്ടു ദിവസങ്ങളാണ് വരാഹി ദേവിയേ പ്രാർത്ഥിക്കുന്നതിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത്. ചൊവ്വ, വെള്ളി, ശനി, പൗർണമി പ്രധാന ദിവസങ്ങൾ. നവരാത്രി പ്രധാനം. ആഷാഡ നവരാത്രി അതിവിശേഷം.
അവലംബം
തിരുത്തുക- ↑ "Facebook". Retrieved 2024-09-03.