പി. കുഞ്ഞിരാമൻ നായർ

മലയാള മഹാകവി

പി. കുഞ്ഞിരാമൻ നായർ (ഒക്ടോബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

പി. കുഞ്ഞിരാമൻ നായർ
പി. കുഞ്ഞിരാമൻ നായർ
പി. കുഞ്ഞിരാമൻ നായർ
ജനനം(1905-10-04)ഒക്ടോബർ 4, 1905
കാഞ്ഞങ്ങാട്, കേരളം, ഇന്ത്യ
മരണം1978 മേയ് 27
തിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽകവി, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ
ദേശീയതഇന്ത്യൻ
Genreകവിത

ജീവിതരേഖ

തിരുത്തുക

1905 ഒക്ടോബർ 4 ന്‌[1] കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ: പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ: കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി, പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം. ഇടയ്ക്ക്‌ പഠിത്തം നിർത്തി, വീടുവിട്ടിറങ്ങി. കണ്ണൂരിൽ നിന്നും നവജീവൻ എന്നൊരു പ്രസിദ്ധീകരണം ആരംഭിച്ചങ്കിലും അത് നിർത്തേണ്ടി വന്നു. തുടർന്ന് തൃശൂരിലെ സരസ്വതി പ്രസ്സിലും ഒലവക്കോടുള്ള ശ്രീരാമകൃഷ്ണോദയം പ്രസ്സിലും ജോലി ചെയ്തു. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു[2]. ആത്മകഥാപരമായ ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. 1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയച്ഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന പി. ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനംമൂലം അന്തരിച്ചു..

കാവ്യവ്യക്തിത്വം

തിരുത്തുക
 
പി. യുടെ സൗന്ദര്യപൂജയെ അടിസ്ഥാനമാക്കി പല്ലവ നാരായണന്റെ പെയിന്റിംഗ്

മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.[3]

പി. സ്മാരക ട്രസ്റ്റ്

തിരുത്തുക

1978-ൽ ആണ് പി.സ്മാരക ട്രസ്റ്റ് രൂപം കൊണ്ടത്. പി.സി. കുട്ടികൃഷ്ണൻ, സി.പി. ശ്രീധരൻ, സുകുമാർ അഴീക്കോട് എന്നിവരായിരുന്നു ട്രസ്റ്റിന്റെ ആദ്യകാല ചെയർമാൻമാർ. പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം നൽകുന്നത് ട്രസ്റ്റാണ്[4]. ഇപ്പോൾ കെ. ജയകുമാർ ഐ.എ.എസ് ചെയർമാനും കവിയുടെ മകൻ രവീന്ദ്രനാഥൻ നായർ സെക്രട്ടറിയുമാണ്.

സ്മാരകങ്ങൾ

തിരുത്തുക

പി സ്മാരക കേന്ദ്രം,കൊല്ലങ്കോട്

തിരുത്തുക

മഹാകവിയുടെ ഓർമ്മക്കായി 1981 മുതൽ ഒരു കലാ സാംസ്കാരിക കേന്ദ്രം കൊല്ലങ്കോട് പ്രവർത്തിക്കുന്നുണ്ട്. കൊല്ലങ്കോട് രാജകുടുംബത്തിലെ വേണുഗോപാല വർമ്മ നൽകിയ ഭൂമിയിൽ ഈയ്യങ്കോട് ശ്രീധരൻ മുൻകൈയെടുത്തിട്ടാണ് സംസ്ഥാന സർക്കാറിൻറെ സഹായത്തോടെ ഈ കേന്ദ്രം നിർമ്മിച്ചത്. 1981 ഒക്ടോബർ 22ന് അന്നെത്ത മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ആണ് സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വായനശാലയും കഥകളി, കണ്യാർകളി, പൊറാട്ടു നാടകം എന്നീ കലാരൂപങ്ങളുടെ അവതരണവും നടക്കുന്ന ഈ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കുന്നുണ്ട്.[5]

മഹാകവി പി സ്മാരക സർക്കാർ വൊക്കേഷ്ണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ

തിരുത്തുക

മഹാകവിയുടെ ജന്മനാടായ വെള്ളിക്കോത്തിലെ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ പേര് മഹാകവി പി സ്മാരക സർക്കാർ വൊക്കേഷ്ണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ എന്ന് പുനർനാമകരണം നടത്തിയിട്ടുണ്ട്.

പി സ്മാരക മന്ദിരം കാഞ്ഞങ്ങാട്

തിരുത്തുക
 
സ്മാരക മന്ദിരം

മലയാളത്തിലെ കവിയായ പി. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാടായ കാഞ്ഞങ്ങാട് സ്ഥാപിച്ചിട്ടുള്ള സ്മാരക മന്ദിരമാണ്മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം. ഇതിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കാഴ്ച്ചബംഗ്ലാവിൽ പി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും മറ്റ് കാഴ്ച്ച വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.[6]

കാഞ്ഞങ്ങാടുള്ള പി സ്മാരക മന്ദിരത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കാഴ്ച്ചബംഗ്ലാവിൽ പി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും മറ്റ് കാഴ്ച്ച വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.[7]

സ്വാതന്ത്ര സമര സേനാനി ആയിരുന്ന കെ. മാധവന്റെ നേതൃത്വത്തിൽ ശിൽപ്പിയും ചിത്രകാരനുമായ എം. വി. ദേവനാണ് ഈ മന്ദിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.[അവലംബം ആവശ്യമാണ്]

ചലച്ചിത്രങ്ങൾ

തിരുത്തുക

പിയുടെ കളിയച്ഛൻ എന്ന കൃതിയെ അധികരിച്ച് അതേ പേരിൽ ഫറൂക്ക് അബ്ദുൾ റഹ്മാൻ ഒരു ചലചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.എൻ നിരവധി സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[8] കവിയുടെ ജീവിതത്തെ ആധാരമാക്കി പി.ബാലചന്ദർ ഒരുക്കിയ ചിത്രമാണ് ഇവൻ മേഘരൂപൻ.[9]

സ്മാരക പുരസ്കാരങ്ങൾ

തിരുത്തുക

തിരുവനന്തപുരത്തെ മഹാകവി പി ഫൌണ്ടേഷൻ സാഹിത്യ പ്രവർത്തകർക്ക് കാൽ ലക്ഷം രൂപയും ശില്പവും അടങ്ങുന്ന കളിയച്ഛൻ അവാർഡും കാഞ്ഞങ്ങാടുള്ള പി സ്മാരക സമിതി മികച്ച കവിതകൾക്ക് പി സ്മാരക അവാർഡ് നൽകുന്നു.

ചിത്രശാല

തിരുത്തുക

𝓚𝓪𝓿𝓲𝓽𝓱𝓪𝓴𝓪𝓵

തിരുത്തുക
  • സൗന്ദര്യപൂജ
  • കളിയച്ഛൻ (1954) - 2012-ൽ ചലച്ചിത്രമായി പുറത്തിറങ്ങി.
  • ഓണസദ്യ (1960)
  • പൂക്കളം (1964)
  • ചിലമ്പൊലി
  • താമരത്തോണി (1968)
  • വസന്തോത്സവം (1972)
  • രഥോത്സവം (രണ്ടു വാല്യങ്ങൾ - 1978)
  • താമരത്തേൻ (1983)
  • അന്തിത്തിരി
  • പാടുന്ന മണൽത്തരികൾ
  • നിർവാണനിശ
  • പൂമ്പാറ്റകൾ
  • മലനാട്
  • വാസന്തിപ്പൂക്കൾ
  • പിറന്ന മണ്ണിൽ
  • മണിവീണ
  • അനന്തങ്കാട്ടിൽ
  • ഭദ്രദീപം
  • ശംഖനാദം
  • നിശാഗാനം
  • വീരാരാധന
  • പ്രേമപൗർണ്ണമി
  • മൺകുടത്തിന്റെ വില
  • സൗന്ദര്യദേവത
  • ശ്രീരാമചരിതം
  • വരഭിക്ഷ
  • ചന്ദ്രദർശനം
  • തിരുമുടിമാല
  • കർപ്പൂരമഴ
  • നീരാജനം
  • പ്രപഞ്ചം
  • പി. കവിതകൾ(രണ്ട് വാല്യം)
  • തിരഞ്ഞെടുത്ത കവിതകൾ
  • വയൽക്കരയിൽ
  • പടവാൾ
  • പൂമാല
  • നിറപറ
  • പാതിരാപ്പൂവ്
  • ഓണപ്പൂവ്

ഗദ്യകവിത

തിരുത്തുക
  • ഉദയരാഗം
  • പ്രതിഭാങ്കുരം
  1. രംഗമണ്ഡപം (1956)
  2. ഉപാസന (1958)
  3. സ്വപ്നസഞ്ചാരി
  4. പൂനിലാവ്
  5. ചന്ദ്രമണ്ഡലം
  6. രണ്ട് ഏകാങ്കനാടകങൾ
  • വിചാരവിഹാരം
  • പക്ഷികളുടെ പരിഷത്ത്
  • സത്യരക്ഷ
  • ഇന്ദിര
  • ചാരിത്രരക്ഷ
  • നിർമ്മല
  • രമാഭായി
  • വീരപ്രതിജ്ഞ

ആത്മകഥകൾ

തിരുത്തുക
  1. കവിയുടെ കാല്പാടുകൾ, പി. കുഞ്ഞിരാമൻ നായർ, ലിറ്റിൽ പ്രിൻസ് പബ്ലിക്കേഷൻസ്, കോട്ടയം, ആഗസ്ത്1985,
  2. ജീവചരിത്രക്കുറിപ്പ്:കവിയുടെ കാൽപ്പാടുകൾ(2006) ഡി സി ബുക്സ്,കോട്ടയം
  3. കവിയുടെ കാല്പാടുകൾ, പി. കുഞ്ഞിരാമൻ നായർ, ലിറ്റിൽ പ്രിൻസ് പബ്ലിക്കേഷൻസ്, കോട്ടയം, ആഗസ്ത്1985,
  4. അവതാരികയിൽ ഡോ.സുകുമാർ അഴീക്കോട് :തിരഞ്ഞെടുത്ത കവിതകൾ(2006)പുറം 7 , പി. കുഞ്ഞിരാമൻ നായർ, ഡി സി ബുക്സ് കോട്ടയം,
  5. "പി സ്മാരകം കൊല്ലങ്കോട്".
  6. https://www.thehindu.com/todays-paper/tp-national/tp-kerala/memorial-museum-for-mahakavi-p/article2605380.ece. {{cite web}}: Missing or empty |title= (help)
  7. https://www.thehindu.com/todays-paper/tp-national/tp-kerala/memorial-museum-for-mahakavi-p/article2605380.ece. {{cite web}}: Missing or empty |title= (help)
  8. "കളിയച്ഛൻ".
  9. "ഇവൻ മേഘരൂപൻ".
  10. കവിയുടെ കാല്പാടുകൾ, പി. കുഞ്ഞിരാമൻ നായർ, ലിറ്റിൽ പ്രിൻസ് പബ്ലിക്കേഷൻസ്, കോട്ടയം, ആഗസ്ത്1985,

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി._കുഞ്ഞിരാമൻ_നായർ&oldid=4138397" എന്ന താളിൽനിന്ന് ശേഖരിച്ചത്