നരസിംഹം

മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ നാലാമത്തെ അവതാരം

ഹൈന്ദവ പുരാണ പ്രകാരം ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ ഉഗ്ര അവതാരമാണ് നരസിം‌ഹം. ഭക്ത സംരക്ഷണത്തിന് വേണ്ടി സഭാസ്തംഭത്തിൽ നിന്ന് പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവാണ് നരസിംഹം. ഉഗ്രമൂർത്തി. വൈശാഖ പുണ്യമാസത്തിലെ ശുക്ളപക്ഷ ചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹ അവതാര ദിവസമാണ് ഇത്. നരസിംഹ ക്ഷേത്രങ്ങളിലും മഹാവിഷ്ണു, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്.

നരസിംഹം
നരസിംഹം
ദേവനാഗരിनरसिंह
തമിഴ് ലിപിയിൽநரசிம்மர்
Affiliationആദിനാരായണൻ
ആയുധംനഖം, ചക്രം, ഗദ

വിശ്വാസം

തിരുത്തുക

മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. മഹാവിഷ്ണുവിനെ ശാന്ത സ്വരൂപനായിട്ടാണ് കണക്കാക്കുന്നതെങ്കിൽ നരസിംഹം ഉഗ്രമൂർത്തിയാണ്. ഭയം, ശത്രുപീഡ, രോഗം, ദാരിദ്ര്യം, പേടിസ്വപ്നം തുടങ്ങിയ കടുത്ത ദുരിതങ്ങളിൽ നിന്ന് മുക്തിക്കായി ഉഗ്ര നരസിംഹത്തെ വിശ്വാസികൾ ആരാധിക്കാറുണ്ട്. നരസിംഹമൂർത്തിയെ ആരാധിച്ചാൽ ശത്രുക്കളുടെ വീര്യവും, ഉപദ്രവവും ഇല്ലാതാകുമെന്ന വിശ്വാസം വൈഷ്ണവർക്കുണ്ട്. ലക്ഷ്മി ഭഗവതിയോടൊപ്പം ചേർത്ത് ലക്ഷ്മിനരസിംഹമൂർത്തി എന്ന ഭാവത്തിൽ ആരാധിക്കുന്നത് സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുകയും, ദാരിദ്ര്യനാശം വരുത്തുകയും ചെയ്യും എന്നാണ് വിശ്വാസം.

ഭാഗവത കഥ

തിരുത്തുക

പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.

 1. മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
 2. ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
 3. രാവോ പകലോ തന്നെ കൊല്ലരുത്
 4. ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്

ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും തന്റെ ഭഗവാൻ ഉണ്ട് എന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

 
വാഴപ്പള്ളിയിലെ ശ്രീനരസിംഹമൂർത്തി ശില്പം

നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തിൽ ഇപ്രകാരമാണ് വർണ്ണിച്ചിരിയ്ക്കുന്നത്.

ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം സംഭവിക്കുകയും സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു എന്നാണ് പുരാണങ്ങൾ പറയുന്നത്. ഭക്തരെ ദുരിതക്കടലിൽ നിന്ന് മോചിപ്പിക്കാൻ ഏത് ഉപായത്തിലൂടെയും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്. ഭഗവാൻ വിഷ്ണു നരസിംഹാവതാരം എടുത്ത ദിവസം ഭാരതത്തിലെ ഹിന്ദുക്കൾ നരസിംഹ ജയന്തിയായി ആചരിച്ചു വരുന്നു. ഇന്നാണ് നരസിംഹ ജയന്തി.

പ്രാർത്ഥനാ ശ്ലോകം

തിരുത്തുക

ധ്യാനം

‘കോപാദാലോല ജിഹ്വം വിവൃതനിജമുഖം സോമസൂര്യാഗ്നി നേത്രം പാദാദാനാഭിരക്തപ്രഭമുപരി സിതം ഭിന്നദൈത്യേന്ദ്രഗാത്രം ചക്രം ശംഖം സപാശാങ്കുശകുലിശഗദാ- ദാരുണാന്യുദ്വഹന്തം ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ- കൽപ്പമീഡേ നൃസിംഹം.‘

ഈ ഭാവത്തിൽ ഭഗവാനെ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാർത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിച്ചുപോകുന്നതാണ് എന്നാണ് വിശ്വാസം.

പ്രാർത്ഥനാ ശ്ലോകം

‘ഓം ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം വിശ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം.’

ഇത് ദിവസവും ജപിക്കുന്നത് ഭയത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം നൽകും എന്നാണ് വിശ്വാസം.

പ്രധാന ക്ഷേത്രങ്ങൾ

തിരുത്തുക
 • പ്രസിദ്ധമായ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം- ഇവിടെ ശ്രീപദ്മനാഭസ്വാമിയുടെ ശ്രീകോവിലിന് തെക്കുഭാഗത്തായി തുല്യ പ്രാധാന്യത്തോടെ നരസിംഹമൂർത്തിയുടെ പ്രതിഷ്ഠയുണ്ട്. തെക്കുഭാഗത്തുള്ളതിനാൽ തെക്കേടത്ത് നരസിംഹമൂർത്തി എന്ന പേരിൽ അറിയപ്പെടുന്നു. ഉഗ്രമൂർത്തിയായ തെക്കേടത്ത്‌ നരസിംഹമൂർത്തിയ്ക്ക് പദ്മനാഭസ്വാമിയുടെ അതേ പ്രാധാന്യമാണ് നൽകുന്നത്. ഈ ക്ഷേത്രത്തിലെ മൂന്ന് പ്രധാനപ്രതിഷ്ഠകളിൽ ഒന്നാണ് തെക്കേടത്ത്‌ നരസിംഹമൂർത്തി. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയാണ് മൂന്നാമത്തെയാൾ.
 • വക്കം ശ്രീ കുടിയിരിക്കൽ കാവിൽ ദേവി ഉഗ്രനരസിംഹ മൂർത്തി ക്ഷേത്രം, വക്കം, തിരുവനന്തപുരം: കേരളത്തിൽ ഉഗ്രനരസിംഹപ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രം .
 • ആനയടി പഴയിടം നരസിംഹമൂർത്തി ക്ഷേത്രം, ശൂരനാട്, കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ ആനപ്പൂരം നടക്കുന്ന ക്ഷേത്രം.
 • ഏരൂർ തൃക്കോയിക്കൽ മഹാനരസിംഹ ക്ഷേത്രം, അഞ്ചൽ, കൊല്ലം
 • മാവേലിക്കര മറ്റം നരസിംഹസ്വാമിക്ഷേത്രം, ആലപ്പുഴ
 • തുറവൂർ നരസിംഹമൂർത്തി ക്ഷേത്രം, ആലപ്പുഴ
 • ചെങ്ങന്നൂർ ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം, ആലപ്പുഴ
 • ആലുവ കടുങ്ങല്ലൂർ നരസിംഹ ക്ഷേത്രം, എറണാകുളം
 • പിറവം കക്കാട് നരസിംഹസ്വാമി ക്ഷേത്രം, എറണാകുളം
 • ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം, തൃശ്ശൂർ
 • മേലൂർ വിഷ്ണുപുരം നരസിംഹസ്വാമി ക്ഷേത്രം, ചാലക്കുടി, തൃശ്ശൂർ
 • കുളശ്ശേരി ലക്ഷ്മീനരസിംഹമൂർത്തിക്ഷേത്രം, വെളിയന്നൂർ, തൃശ്ശൂർ
 • വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം, മലപ്പുറം
 • മാലാപ്പറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രം, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, മലപ്പുറം
 • ശ്രീ ലക്ഷ്മീനരസിംഹക്ഷേത്രം, തലശ്ശേരി, കണ്ണൂർ
 • കോഴിക്കോട് തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥി ക്ഷേത്രം
 • കുറവിലങ്ങാട് കോഴ ലക്ഷ്മീനരസിംഹക്ഷേത്രം, കോട്ടയം
 • അയ്മനം നരസിംഹസ്വാമി ക്ഷേത്രം, കോട്ടയം
 • മാങ്ങാനം നരസിംഹമൂർത്തി ക്ഷേത്രം, കോട്ടയം
 • പാലാ തെക്കേക്കര നരസിംഹസ്വാമി ക്ഷേത്രം, കോട്ടയം
 • ചങ്ങനാശ്ശേരി തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം, കോട്ടയം
 • തൊടുപുഴ മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, ഇടുക്കി
 • തിരുവാഴിയോട് നരസിംഹ ക്ഷേത്രം, അയിലൂർ, പാലക്കാട്‌
 • വടക്കഞ്ചേരി കണ്ണമ്പ്ര ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം, പാലക്കാട്‌
 • പുറവൂർ ലക്ഷ്മി നരസിംഹ ക്ഷേത്രം, കാഞ്ഞിരോട്, കണ്ണൂർ
 • ചെറുവത്തൂർ ചക്രപുരം നരസിംഹ ലക്ഷ്മീനാരായണ ശ്രീകൃഷ്ണക്ഷേത്രം, കാസർഗോഡ്
 • കുന്നുമ്മൽ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം, കാഞ്ഞങ്ങാട്, കാസർഗോഡ്
 • വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം, മലപ്പുറം
 • തെച്ചിക്കോട് നരസിംഹമൂർത്തി ക്ഷേത്രം,അലനല്ലൂർ പാലക്കാട്


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

തിരുവനന്തപുരം ആറ്റിങ്ങൾ വക്കം ഉഗ്രനരസിംഹമൂർത്തി ക്ഷേത്രം

"https://ml.wikipedia.org/w/index.php?title=നരസിംഹം&oldid=4086714" എന്ന താളിൽനിന്ന് ശേഖരിച്ചത്