10°36′21″N 76°04′22″E / 10.605766°N 76.072823°E / 10.605766; 76.072823

ചൊവ്വല്ലൂർ ശിവക്ഷേത്രം
ക്ഷേത്ര ശ്രീകോവിലും മണ്ഡപവും
ക്ഷേത്ര ശ്രീകോവിലും മണ്ഡപവും
ചൊവ്വല്ലൂർ ശിവക്ഷേത്രം is located in Kerala
ചൊവ്വല്ലൂർ ശിവക്ഷേത്രം
ചൊവ്വല്ലൂർ ശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°27′5″N 76°14′5″E / 10.45139°N 76.23472°E / 10.45139; 76.23472
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:ചൊവ്വല്ലൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പാർവ്വതി
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
ധനു തിരുവാതിര
ക്ഷേത്രങ്ങൾ:3
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
എ.ഡി. 700

തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ചൊവ്വല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള ക്ഷേത്രമാണ്. ചൊവ്വല്ലൂർ ശിവക്ഷേത്രം. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ ദൂരത്തായിസ്ഥിതി ചെയ്യുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവ്വമായി കണ്ടുവരുന്ന ശിവകുടുംബസാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ശിവഭഗവാനും പാർവ്വതീദേവിയും പ്രധാന പ്രതിഷ്ഠകളായുള്ള ക്ഷേത്രത്തിൽ ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, സപ്തമാതൃക്കൾ, സിംഹോദരൻ എന്നീ ഉപപ്രതിഷ്ഠകളും സമീപം പ്രത്യേകം ക്ഷേത്രത്തിൽ ശ്രീകൃഷ്ണനുമുണ്ട്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1] ഈ ക്ഷേത്രത്തിലെ ദമ്പതിപൂജ അതിപ്രസിദ്ധമാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷമാണ് ഈ ചടങ്ങ് നടക്കുന്നത്. മംഗല്യസൗഭാഗ്യത്തിനും ദീർഘമംഗല്യത്തിനുമായി നിരവധി ഭക്തർ ഈ വഴിപാട് നടത്താറുണ്ട്. ഭക്തജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

ചൊവ്വല്ലൂർ ശിവക്ഷേത്രം

ഐതിഹ്യം തിരുത്തുക

എല്ലാ മാസവും മുടങ്ങാതെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ചൊവ്വല്ലൂർ മഴുവന്നൂർ മനയിലെ നമ്പൂതിരി വാർദ്ധക്യം കാരണം ദർശനം നടത്താൻ കഴിയില്ലെന്ന് വിഷമത്തോടെ മനസ്സിലാക്കി വടക്കുന്നാഥനെ ശരണം പ്രാപിച്ചു. ഭക്തന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ഭഗവാൻ ഉടനെത്തന്നെ നമ്പൂതിരിയുടെ ഇല്ലത്തിനടുത്ത് സന്നിധാനം ചെയ്യുന്നതാണെന്ന് അറിയിച്ചു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ച നമ്പൂതിരി ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോൾ ഒരു ആൽത്തറ കണ്ടു. തീർത്തും ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ ഓലക്കുട ഒരുസ്ഥലത്ത് ഒതുക്കിവച്ച് കിടന്നുറങ്ങി. ഉണർന്നുകഴിഞ്ഞ് കുടയെടുത്ത് പോകാൻ നിന്ന നമ്പൂതിരിയ്ക്ക് എത്ര ശ്രമിച്ചിട്ടും കുടയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം കുറച്ച് ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി പ്രശ്നം വപ്പിച്ചു. അവർ ഓലക്കുടയിൽ പാർവ്വതീപരമേശ്വരന്മാരുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് അവിടെയൊരു സ്വയംഭൂശിവലിംഗം പ്രത്യക്ഷപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി ഉടനെത്തന്നെ ഇഷ്ടദേവന് ഒരു ക്ഷേത്രം നിർമ്മിച്ചു. വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പാർവ്വതീദേവിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു. ആ ക്ഷേത്രമാണ് ഇന്ന് അതിപ്രസിദ്ധമായ ചൊവ്വല്ലൂർ മഹാശിവക്ഷേത്രം.

ക്ഷേത്രനിർമ്മിതി തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും തിരുത്തുക

ചൊവ്വല്ലൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. പ്രശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമാണ് ക്ഷേത്രത്തിന്റെ നാലുഭാഗത്തും കാണാൻ കഴിയുന്നത്. പടിഞ്ഞാറുഭാഗത്ത് വഴിയുടെ ഇരുവശത്തും ധാരാളം വീടുകൾ കാണാം. അവ പിന്നിട്ടുകഴിഞ്ഞാൽ ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. അരയാലിന്റെ വടക്കുഭാഗത്താണ് വാഹനപാർക്കിങ് സൗകര്യമുള്ളത്. തെക്കുഭാഗത്ത് ഒരു ചെറിയ ശ്രീകൃഷ്ണക്ഷേത്രം കാണാം. ഇത് 'തിരുവമ്പാടി ക്ഷേത്രം' എന്നറിയപ്പെടുന്നു. ഇരുകൈകളിലും കാലിക്കോലും ഓടക്കുഴലുമേന്തിനിൽക്കുന്ന ശ്രീകൃഷ്ണഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. മുന്നിലെ അരയാൽ വിട്ട് അല്പദൂരം കൂടി നടന്നാൽ മറ്റൊരു അരയാൽ കാണാം. ഇതിനടുത്ത് ചില കരിങ്കൽപ്പടികളുണ്ട്. അവ കയറിയാൽ ക്ഷേത്രമതിലകത്തെത്താം.

ഏകദേശം നാലേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് ചൊവ്വല്ലൂർ ക്ഷേത്രത്തിന്റേത്. ഇതിന്റെ ചുറ്റും വലിയ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒരുഭാഗത്തും ഗോപുരങ്ങൾ പണിതിട്ടില്ല. പടിഞ്ഞാറേ നടയിൽ ആനക്കൊട്ടിലും ബലിക്കൽപ്പുരയുമുണ്ട്. താരതമ്യേന ചെറുതാണ് ആനക്കൊട്ടിൽ. ഇത് താരതമ്യേന പുതിയതാണ്. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. ബലിക്കൽപ്പുരയിലുള്ള പ്രധാന ബലിക്കല്ലിന് ഏകദേശം പത്തടി ഉയരമുണ്ട്. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ സാധിയ്ക്കില്ല. വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ഒരു ശ്രീകോവിലുണ്ട്. 2001-ൽ ക്ഷേത്രത്തിൽ നടന്ന നവീകരണകലശത്തിന്റെ ഭാഗമായാണ് ഇവിടെ സുബ്രഹ്മണ്യപ്രതിഷ്ഠയുണ്ടായത്. രണ്ടുകൈകളോടുകൂടിയ ബാലസുബ്രഹ്മണ്യനാണ് ഇവിടെ പ്രതിഷ്ഠ. എല്ലാമാസവും വെളുത്തപക്ഷത്തിലെ ഷഷ്ഠി ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. കൂടാതെ, തുലാമാസത്തിലെ സ്കന്ദഷഷ്ഠിയ്ക്കും മകരമാസത്തിലെ തൈപ്പൂയത്തിനും അഖണ്ഡമായി കാവടിയാട്ടവും നടത്തിവരുന്നു.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വൻ കാടാണ്. ധാരാളം മരങ്ങൾ അവിടെ വളർന്നുവരുന്നുണ്ട്. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കുഭാഗത്ത് നവഗ്രഹക്ഷേത്രം പണിതിട്ടുണ്ട്. 2011-ലാണ് ഈ ക്ഷേത്രം പണിതത്. ഒറ്റക്കല്ലിൽ വിവിധ ദിക്കുകളിലേയ്ക്ക് ദർശനമായി നിൽക്കുന്ന നവഗ്രഹങ്ങളുടെ വിഗ്രഹങ്ങൾ ധ്യാനശ്ലോകപ്രകാരം തന്നെ നിർമ്മിച്ചിരിയ്ക്കുന്നു. നടുക്ക് സൂര്യൻ, കിഴക്ക് ശുക്രൻ, തെക്കുകിഴക്ക് ചന്ദ്രൻ, തെക്ക് ചൊവ്വ, തെക്കുപടിഞ്ഞാറ് രാഹു, പടിഞ്ഞാറ് ശനി, വടക്കുപടിഞ്ഞാറ് കേതു, വടക്ക് വ്യാഴം, വടക്കുകിഴക്ക് ബുധൻ എന്നിവരാണ് ഈ പ്രതിഷ്ഠയിൽ. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും ബുധനും വ്യാഴവും വടക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നിത്യവും ഇവർക്ക് വിശേഷാൽ പൂജകളുണ്ടാകാറുണ്ട്.

ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് മതിൽക്കെട്ടിന് നല്ല ഉയരമുണ്ട്. ചെങ്കല്ലുകൊണ്ട് ഉയർത്തിക്കെട്ടിയതാണ് ഈ ഭാഗം മുഴുവൻ. ഇവിടെനിന്ന് ഏതാനും പടികൾ താഴേയ്ക്കിറങ്ങിയാൽ ക്ഷേത്രക്കുളത്തിലെത്താം. സാമാന്യം വലിയ കുളമാണിത്. ക്ഷേത്രഭരണസമിതി ഇത് വളരെ നന്നായി പാലിച്ചുപോരുന്നുണ്ട്. കുളത്തിനപ്പുറം മുഴുവൻ പാടങ്ങളാണ്. ഇന്നും ഇവിടെ കൃഷി ധാരാളമായി നടക്കുന്നുണ്ട്. മതിലകത്ത് തെക്കുകിഴക്കുഭാഗത്ത് ഹനുമാൻക്ഷേത്രമുണ്ട്. ഇതും 2011-ൽ പണിതതാണ്. ശൈവാംശജാതനും ശ്രീരാമദാസനുമായ ഹനുമാന്റെ സാന്നിദ്ധ്യം ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ആകർഷിച്ചുവരുന്നുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് ശിവഭൃത്യനായ സിംഹോദരന്റെ പ്രതിഷ്ഠ കാണാം. വടക്കുന്നാഥക്ഷേത്രത്തിൽ നിന്ന് ഇവിടെ വന്നതാണ് ഈ സിംഹോദരൻ. കേരളത്തിൽ, സിംഹോദരപ്രതിഷ്ഠയുള്ള മൂന്ന് ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെനിന്ന് അല്പം മാറി ക്ഷേത്രം വക ഒരു സർപ്പക്കാവുമുണ്ട്. നാഗരാജാവായി വാസുകി കുടികൊള്ളുന്ന സർപ്പക്കാവിൽ പരിവാരങ്ങളായി നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും മറ്റുള്ള സർപ്പങ്ങളും കുടികൊള്ളുന്നു.

ശ്രീകോവിൽ തിരുത്തുക

രണ്ടുനിലയിൽ തീർത്ത അസാമാന്യവലിപ്പമുള്ള വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. ആദ്യം ഒരുനിലയേ ഉണ്ടായിരുന്നുള്ളൂ. 2001-ലെ നവീകരണകലശത്തിനുശേഷമാണ് രണ്ടാമത്തെ നില പണിതത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞതാണ്. മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ, കിഴക്കേ അറ്റത്തുള്ളതാണ് ഗർഭഗൃഹം. ഇത് രണ്ടായി വേർതിരിച്ചിട്ടുണ്ട്. ഇതിന്റെ ഒരുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശിവഭഗവാന്റെ മൂന്നടി ഉയരമുള്ള സ്വയംഭൂലിംഗവും, മറുവശത്ത് കിഴക്കോട്ട് ദർശനമായി പാർവ്വതീദേവിയുടെ മൂന്നടി ഉയരമുള്ള ശിലാവിഗ്രഹവുമാണ്. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന പ്രതിഷ്ഠകൾക്ക് പൊതുവേ ഉഗ്രത കൂടും എന്നാണ് വിശ്വാസം, വിശേഷിച്ച് ശിവപ്രതിഷ്ഠകൾക്ക്. ഇത് കുറയ്ക്കാൻ എന്ന സങ്കല്പത്തിലാകണം പാർവ്വതിയെ പ്രതിഷ്ഠിച്ചത്. കൂടാതെ, മഹാവിഷ്ണുസ്വരൂപമായ ഗുരുവായൂരപ്പന് അഭിമുഖമായാണ് ശിവപ്രതിഷ്ഠ എന്നതും ശ്രദ്ധേയമാണ്. അലങ്കാരസമയത്ത് ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല, ഭസ്മം എന്നിവകൊണ്ട് ശിവലിംഗത്തിന്റെ അധികഭാഗവും മിക്ക സമയവും മറഞ്ഞിരിയ്ക്കും. പാർവ്വതീവിഗ്രഹത്തിന് പ്രസിദ്ധമായ മധുര മീനാക്ഷി ക്ഷേത്രത്തിലെ വിഗ്രഹവുമായി രൂപത്തിൽ നല്ല സാദൃശ്യമുണ്ട്. അനഭിമുഖമായ പ്രതിഷ്ഠകളായതിനാൽ പ്രതിഷ്ഠകൾക്ക് അർദ്ധനാരീശ്വരഭാവം കൈവന്നു. ദേവി ശിവസാന്നിദ്ധ്യത്തിലായതിനാൽ, സർവ്വമംഗളകാരിണിയായ കല്ല്യാണരൂപിണിയാണ്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ലോകമാതാപിതാക്കളായ ശിവപാർവ്വതിമാർ, ചൊവ്വല്ലൂരിലെ ശ്രീലകത്ത് വിരാജിയ്ക്കുന്നു.

ശ്രീകോവിൽ, അതിമനോഹരമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. ദാരുശില്പങ്ങൾ മുമ്പേയുണ്ടായിരുന്നെങ്കിലും ചുവർച്ചിത്രങ്ങൾ അടുത്തകാലത്തുമാത്രം വരച്ചുചേർക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ, അവയുടെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. ശിവപാർവ്വതീകഥകൾ, ദശാവതാരം, ശ്രീകൃഷ്ണലീല തുടങ്ങിയ നിരവധി സംഭവങ്ങൾ ചുവർച്ചിത്രങ്ങളുടെ രൂപത്തിൽ പുനർജ്ജനിച്ചിട്ടുണ്ട്. കഴുക്കോലുകളുടെ നിർമ്മിതി അത്ഭുതജനകമാണ്. ശ്രീകോവിലിന്റെ തെക്കുഭാഗത്തെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്. മദ്ധ്യകേരളത്തിൽ ഇത്തരം പ്രതിഷ്ഠകളുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ചൊവ്വല്ലൂർ ക്ഷേത്രം. 2001-ലാണ് ഈ പ്രതിഷ്ഠകളും നടത്തിയത്. ഒരടി ഉയരമുള്ള ചെറിയ വിഗ്രഹമാണ് ദക്ഷിണാമൂർത്തിയുടേത്. ഗണപതിവിഗ്രഹത്തിന് രണ്ടടി ഉയരമുണ്ട്. ഇവ ഒരുമിച്ച് കാണാൻ സാധിയ്ക്കില്ല. ഗണപതിപ്രതിഷ്ഠ കാണണമെങ്കിൽ തല അല്പം ചരിച്ചുനോക്കേണ്ടതുണ്ട്. വടക്കുവശത്ത്, അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുണ്ട്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറമുള്ള പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഈ നാലമ്പലം. ഓടുമേഞ്ഞ നാലമ്പലത്തിന് സാധാരണയിലധികം വിസ്തീർണ്ണമുണ്ട്. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ ഇരുവശത്തും വാതിൽമാടങ്ങളുണ്ട്. വടക്കേ വാതിൽമാടം ഹോമങ്ങൾക്കും തെക്കേ വാതിൽമാടം നാമജപത്തിനും ഉപയോഗിയ്ക്കുന്നു. വടക്കേ വാതിൽമാടത്തിലാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ദമ്പതീപൂജ (ഉമാമഹേശ്വരപൂജ) നടത്തിവരുന്നത്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി കാണാം. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറുമുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിയും അയ്യപ്പസ്വാമിയും കുടികൊള്ളുന്നു. രണ്ട് ഗണപതിപ്രതിഷ്ഠകൾ നാലമ്പലത്തിനകത്തുള്ള അപൂർവ്വക്ഷേത്രമാണ് ചൊവ്വല്ലൂർ ക്ഷേത്രം. ശിവലിംഗരൂപത്തിലുള്ള മൂന്ന് വിഗ്രഹങ്ങളാണ് പ്രഭാ-സത്യകസമേതനായ അയ്യപ്പസ്വാമിയെ പ്രതിനിധീകരിയ്ക്കുന്നത്.

ശ്രീകോവിലിനുചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ, ഇവയിൽ ചവിട്ടാനോ തൊട്ടു തലയിൽ വയ്ക്കാനോ പാടില്ല.

ചൊവ്വല്ലൂർ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത വിഗ്രഹരൂപത്തിൽ കുടികൊള്ളുന്ന സപ്തമാതൃക്കളാണ്. നാലമ്പലത്തിനകത്ത് തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായാണ് ഇവരുടെ പ്രതിഷ്ഠ. സാധാരണയായി രുരുജിത് വിധാനമനുസരിച്ച് പൂജ നടക്കുന്ന ഭദ്രകാളിക്ഷേത്രങ്ങളിലാണ് സപ്തമാതൃക്കൾക്ക് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠകളുണ്ടാകാറുള്ളത്. കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന്, പനയന്നാർകാവ് തുടങ്ങിയവ ഉദാഹരണം. ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി എന്നിവർ ക്രമത്തിൽ പ്രതിഷ്ഠിയ്ക്കപ്പെട്ട ക്ഷേത്രത്തിൽ ഇവർക്ക് അകമ്പടിയായി വീരഭദ്രനും ഗണപതിയുമുണ്ട്. നിത്യേന ഇവർക്ക് പൂജയും നിവേദ്യവുമുണ്ട്. ക്ഷേത്രത്തിൽ വരുന്ന ഭക്തരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സപ്തമാതൃപ്രതിഷ്ഠ.

പ്രധാന പ്രതിഷ്ഠകൾ തിരുത്തുക

ശ്രീ ചൊവ്വല്ലൂരപ്പൻ (ശിവൻ) തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊരാൾ. ഉഗ്രമൂർത്തിയായ ശിവനായാണ് ചൊവ്വല്ലൂരപ്പന്റെ പ്രതിഷ്ഠാസങ്കല്പം. മൂന്നടി ഉയരം വരുന്ന ശിവലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച് ചൊവ്വല്ലൂരപ്പൻ, ഭക്തനായ മഴുവന്നൂർ നമ്പൂതിരിയുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവതരിച്ച വടക്കുന്നാഥൻ തന്നെയാണ്. എന്നാൽ, വടക്കുന്നാഥക്ഷേത്രത്തിലെപ്പോലെ നെയ്യുകൊണ്ട് മൂടിയ രൂപമല്ല ഇവിടെ. ശിവലിംഗം വ്യക്തമായി കാണാവുന്നതാണ്. അലങ്കാരസമയത്ത് കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല, സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത ചന്ദ്രക്കലകൾ തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളോടുകൂടിയാണ് ചൊവ്വല്ലൂരപ്പനെ ദർശിയ്ക്കാനാവുക. ദമ്പതിപൂജ അഥവാ ഉമാമഹേശ്വരപൂജയാണ് ചൊവ്വല്ലൂരപ്പന്റെ പ്രധാന വഴിപാട്. ദിവസവും ദീപാരാധനയ്ക്കുശേഷമാണ് ഈ പൂജ നടക്കുന്നത്. കൂടാതെ ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക് എന്നിവയും വിശേഷങ്ങളാണ്.

ശ്രീ പാർവ്വതി തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊരാൾ. ശിവന്റെ ശ്രീകോവിലിൽ തന്നെ എതിർവശത്ത് കിഴക്കോട്ട് ദർശനമായാണ് ശ്രീപാർവ്വതിയുടെ പ്രതിഷ്ഠ. അനഭിമുഖമായ പ്രതിഷ്ഠകൾ, തന്മൂലം അർദ്ധനാരീശ്വരഭാവം സൃഷ്ടിയ്ക്കുന്നു. മൂന്നടി ഉയരം വരുന്ന ഇവിടത്തെ ശിലാവിഗ്രഹത്തിന് മധുര മീനാക്ഷിയുടെ രൂപവുമായി നല്ല രൂപസാദൃശ്യമുണ്ട്. ദേവി ശിവസാന്നിദ്ധ്യത്തിലായതിനാൽ, സർവ്വമംഗളകാരിണിയായ കല്ല്യാണരൂപിണിയായി സങ്കല്പിയ്ക്കുന്നു. പട്ടും താലിയും ചാർത്തുന്നതാണ് ദേവിയ്ക്ക് പ്രധാന വഴിപാട്. കൂടാതെ, മഞ്ഞൾപ്പൊടി അഭിഷേകം, നെയ്പ്പായസം തുടങ്ങിയവയും വിശേഷമാണ്.

ഉപദേവതകൾ തിരുത്തുക

ഗണപതി തിരുത്തുക

ക്ഷേത്രത്തിൽ രണ്ട് ഗണപതിപ്രതിഷ്ഠകളുണ്ട്. ഒന്ന് പ്രധാന ശ്രീകോവിലിൽ തന്നെ തെക്കോട്ട് ദർശനമായും, മറ്റേത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായും. രണ്ടാമത്തേതിനാണ് പഴക്കം കൂടുതൽ. ആദ്യത്തേത് 2001-ൽ നടന്ന നവീകരണകലശത്തിനുശേഷം പ്രതിഷ്ഠിയ്ക്കപ്പെട്ടതാണ്. രണ്ടടി ഉയരം വരുന്ന കൊച്ചുവിഗ്രഹങ്ങളാണ് ഇരുസ്ഥലങ്ങളിലും പ്രതിഷ്ഠകൾ. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യവും ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റപ്പം, മോദകം, കറുകമാല, നാരങ്ങാമാല എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

ദക്ഷിണാമൂർത്തി തിരുത്തുക

പ്രധാന ശ്രീകോവിലിലെ ഗണപതിയോടൊപ്പമാണ് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും പ്രതിഷ്ഠ. 2001-ലാണ് ഈ പ്രതിഷ്ഠയും നടന്നത്. അരയടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ദക്ഷിണാമൂർത്തി ശിവസ്വരൂപമായതിനാൽ ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെയും നടത്താറുണ്ട്.

അയ്യപ്പൻ തിരുത്തുക

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ ഗണപതിപ്രതിഷ്ഠയുള്ള മുറിയിൽ തന്നെ കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. അയ്യപ്പൻ എന്ന് പറയുന്നുണ്ടെങ്കിലും പ്രഭ എന്ന പത്നിയോടും സത്യകൻ എന്ന പുത്രനോടും കൂടിയ ശാസ്താവാണ് ഇവിടെ പ്രതിഷ്ഠ. ശിവലിംഗരൂപത്തിലുള്ള മൂന്ന് ശിലാവിഗ്രഹങ്ങളാണ് ശാസ്താവിനെയും പ്രഭാദേവിയെയും സത്യകനെയും പ്രതിനിധീകരിയ്ക്കുന്നത്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ നടയിൽ വച്ചാണ്. നീരാജനം, നെയ്യഭിഷേകം, എള്ളുപായസം തുടങ്ങിയവയാണ് അയ്യപ്പസ്വാമിയുടെ പ്രധാനവഴിപാടുകൾ.

സുബ്രഹ്മണ്യൻ തിരുത്തുക

നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. 2001-ലെ നവീകരണകലശത്തിനുശേഷമാണ് ഇവിടെ സുബ്രഹ്മണ്യപ്രതിഷ്ഠയുണ്ടായത്. അതിനുമുമ്പ് ഇവിടെ സങ്കല്പം മാത്രമേയുണ്ടായിരുന്നുള്ളൂ. രണ്ടുകൈകളോടുകൂടി നിൽക്കുന്ന ബാലസുബ്രഹ്മണ്യനാണ് ഇവിടെ പ്രതിഷ്ഠ. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ, ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. വലത്തെ ചുമലിൽ വേൽ കാണാം. പാനകം, പഞ്ചാമൃതം, പാലഭിഷേകം, ഭസ്മാഭിഷേകം, നാരങ്ങാമാല, കാവടിനിറ തുടങ്ങിയവയാണ് സുബ്രഹ്മണ്യന് പ്രധാന വഴിപാടുകൾ. എല്ലാമാസവും വെളുത്ത ഷഷ്ഠിയ്ക്ക് ഇവിടെ വിശേഷാൽ പൂജകളുണ്ടാകും. കൂടാതെ, സ്കന്ദഷഷ്ഠിയ്ക്കും തൈപ്പൂയത്തിനും 24 മണിക്കൂർ കാവടിയാട്ടവും പതിവാണ്.

ഹനുമാൻ തിരുത്തുക

നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. 2011-ൽ നടത്തിയ രണ്ട് പ്രതിഷ്ഠകളിലൊന്നാണിത്. മുഖപ്പോടുകൂടിയ ഒരു ശ്രീകോവിലിൽ കുടികൊള്ളുന്ന ഹനുമദ്വിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. ഭക്തഹനുമാന്റെ രൂപത്തിലാണ് പ്രതിഷ്ഠ. ഇരുകൈകളും കൂപ്പി രാമനാമം ജപിച്ചുനിൽക്കുന്ന ഹനുമാന് വടമാല, വെറ്റിലമാല, അവിൽ നിവേദ്യം, വെണ്ണക്കാപ്പ് തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

നവഗ്രഹങ്ങൾ തിരുത്തുക

നാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് നവഗ്രഹങ്ങളുടെ പ്രതിഷ്ഠ. 2011-ൽ നടത്തിയ രണ്ട് പ്രതിഷ്ഠകളിലൊന്നാണിത്. ഗ്രഹനാഥനായ സൂര്യൻ നടുക്കും മറ്റുള്ളവർ ചുറ്റുമായി നിൽക്കുന്ന രീതിയിലാണ് ഇവിടെ പ്രതിഷ്ഠ. ഒറ്റക്കല്ലിൽ വിവിധ ദിക്കുകളിലേയ്ക്ക് ദർശനമായിരിയ്ക്കുന്ന നവഗ്രഹങ്ങളുടെ രൂപങ്ങൾ ധ്യാനശ്ലോകമനുസരിച്ചുതന്നെ നിർമ്മിച്ചിട്ടുണ്ട്. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും, ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും, ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നവഗ്രഹപ്രീതിയ്ക്ക് നവധാന്യസമർപ്പണവും നവഗ്രഹപൂജയും ശനീശ്വരന് എള്ളുതിരിയും വിശേഷമാണ്.

നാഗദൈവങ്ങൾ തിരുത്തുക

ക്ഷേത്രവളപ്പിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത മതിലകത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായ വാസുകി കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും മറ്റ് ഉത്തമാധമസർപ്പങ്ങളുമുണ്ട്. പരിവാരസമേതരായ നാഗദൈവങ്ങളുടെ പ്രതിഷ്ഠ അത്യപൂർവമാണെന്നത് ഈ പ്രതിഷ്ഠയെ ശ്രദ്ധേയമാക്കുന്നു. നൂറും പാലും, പുറ്റും മുട്ടയും സമർപ്പണം, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും പതിവാണ്.

സിംഹോദരൻ തിരുത്തുക

ക്ഷേത്രനാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്താണ് ശിവഭൃത്യനായ സിംഹോദരന്റെ പ്രതിഷ്ഠ. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രവുമായി ചൊവ്വല്ലൂർ ക്ഷേത്രത്തിനുള്ള ബന്ധത്തിന്റെ മറ്റൊരു തെളിവാണ് ഈ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് സിംഹോദരൻ കുടികൊള്ളുന്നത്. വിഗ്രഹരൂപം വ്യക്തമല്ലെങ്കിലും സിംഹത്തിന്റെ രൂപത്തോടുകൂടിയ ഒരു വയർ ഇവിടെ വ്യക്തമായിക്കാണാം. സിംഹോദരന് ദിവസവും രണ്ടുനേരം വിളക്കുവയ്പുണ്ടെന്ന് ഒഴിച്ചുനിർത്തിയാൽ വിശേഷാൽ നിവേദ്യങ്ങളോ വിശേഷപൂജകളോ ഇല്ല.

തിരുവമ്പാടിക്കണ്ണൻ (ശ്രീകൃഷ്ണൻ) തിരുത്തുക

ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ തിരുവമ്പാടി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. വലതുകയ്യിൽ കാലിക്കോലും ഇടതുകയ്യിൽ ഓടക്കുഴലും ധരിച്ചുനിൽക്കുന്ന ഗോശാലകൃഷ്ണനാണ് തിരുവമ്പാടിക്കണ്ണനായി ആരാധിയ്ക്കപ്പെടുന്നത്. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. തിരുവമ്പാടി എന്ന പേര് തൃശ്ശൂരുമായി മറ്റൊരു ബന്ധം തോന്നിപ്പിയ്ക്കുന്നുണ്ടെങ്കിലും അത് വ്യക്തമല്ല. പാൽപ്പായസം, വെണ്ണ, കദളിപ്പഴം, തുളസിമാല, ചന്ദനം ചാർത്തൽ തുടങ്ങിയവയാണ് തിരുവമ്പാടിക്കണ്ണന്റെ പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണിയാണ് പ്രധാന ആണ്ടുവിശേഷം.

പൂജാവിധികളും വിശേഷങ്ങളും തിരുത്തുക

നിത്യേന അഞ്ചുപൂജകളുള്ള മഹാക്ഷേത്രമാണ് ചൊവല്ലൂർ ക്ഷേത്രം. പുലർച്ചെ നാലരയ്ക്ക് നടതുറക്കുന്നു. തുടർന്ന് പത്തുമിനിട്ട് നിർമ്മാല്യദർശനമാണ്. ഇതിനുശേഷം എണ്ണ, വാകപ്പൊടി, ജലം എന്നിവകൊണ്ട് അഭിഷേകങ്ങൾ നടത്തുന്നു. അഞ്ചുമണിയ്ക്ക് മലർ നിവേദ്യം. മലർ, ശർക്കര, കദളിപ്പഴം എന്നിവയാണ് ഈ സമയത്തെ നിവേദ്യങ്ങൾ. അതിനുശേഷം നടയടച്ച് ഉഷഃപൂജ നടത്തുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും. ശ്രീപാർവ്വതിയ്ക്കുള്ള പൂജ നടക്കുന്നതും ഈ സമയത്തുതന്നെയാണ്. രാവിലെ ഏഴരമുതൽ എട്ടുമണിവരെ ക്ഷേത്രത്തിലെ ഉപദേവതകൾക്കുള്ള പൂജകൾ നടത്തപ്പെടുന്നു. എട്ടേകാലിന് നവകകലശപൂജ നടക്കുന്നു. തീർത്ഥജലം നിറച്ച ഒമ്പത് വെള്ളിക്കുടങ്ങൾ ക്ഷേത്രമണ്ഡപത്തിൽ വച്ച് പൂജിയ്ക്കുന്ന ചടങ്ങാണിത്. ഇതിനുശേഷം ശിവന് ധാരയും തുടർന്ന് പന്തീരടിപൂജയും നടത്തുന്നു. പത്തുമണിയോടെ ശ്രീപാർവ്വതിയ്ക്ക് ഉച്ചപ്പൂജ നടത്തുന്നു. ഇതിനുശേഷമാണ് മഹാദേവന്ന് നവകാഭിഷേകം നടത്തുന്നത്. തുടർന്ന് പതിനൊന്നുമണിയോടെ മഹാദേവന് ഉച്ചപ്പൂജ നടത്തി പതിനൊന്നരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. മഹാദേവന്നും ശ്രീപാർവ്വതിയ്ക്കും ഉപദേവതകൾക്കുമെല്ലാം ദീപാരാധന പതിവുണ്ട്. ഏഴരമണിയോടെ ശ്രീപാർവ്വതിയ്ക്കും ഏഴേമുക്കാലിന് മഹാദേവന്നും അത്താഴപ്പൂജ നടത്തുന്നു. എട്ടുമണിയ്ക്കുള്ള തൃപ്പുക കഴിയുന്നതോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ശിവരാത്രി, തിരുവാതിര, നവരാത്രി, മുപ്പെട്ട് തിങ്കളാഴ്ച, പ്രദോഷവ്രതം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും പൂജകൾക്ക് മാറ്റം വരും. ശിവരാത്രിനാളിൽ ദിവസം മുഴുവൻ നടതുറന്നിരിയ്ക്കുകയും രാത്രിയിലെ ഓരോ യാമത്തിലും കലശാഭിഷേകത്തോടുകൂടിയ യാമപൂജ നടത്തുകയും ചെയ്യുന്നു. പ്രദോഷദിവസം സന്ധ്യയ്ക്ക് അഭിഷേകവും പതിവാണ്. ക്ഷേത്രത്തിൽ തന്ത്രാധികാരം കീഴ്മുണ്ടയൂർ മനയ്ക്കാണ്. ക്ഷേത്രക്കമ്മിറ്റി നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക.

ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ തിരുത്തുക

ധനു തിരുവാതിര തിരുത്തുക

ശിവരാത്രി തിരുത്തുക

നവരാത്രി തിരുത്തുക

ക്ഷേത്രത്തിൽ എത്തിചേരാൻ തിരുത്തുക

തൃശ്ശൂർ-ഗുരുവായൂർ റൂട്ടിൽ കണ്ടാണശ്ശേരി ബസ് സ്റ്റോപ്പിൽ ബസ്സിറങ്ങിയാൽ അവിടെനിന്ന് വലത്തോട്ട് ഏകദേശം അര കിലോമീറ്റർ നടക്കുക. അപ്പോൾ ക്ഷേത്രം പടിഞ്ഞാറേ നടയിലെത്തും.

അവലംബം തിരുത്തുക

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“

കുറിപ്പുകൾ തിരുത്തുക