തിരുവിതാംകൂർ

തിരുവനന്തപുരം തലസ്ഥാനമായിട്ടുണ്ടായുരുന്ന ഒരു നാട്ടുരാജ്യം

തിരുവനന്തപുരം തലസ്ഥാനമായ ഒരു രാജ്യമായിരുന്നു തിരുവിതാംകൂർ. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും മധ്യ കേരളത്തിലെ ചെറിയ ഒരു ഭാഗവും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു 1940 -കളിലെ തിരുവിതാംകൂറിന്റെ പ്രദേശം. അതുവരെ ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമായുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നതെന്നു പ്രൊ. ഇളംകുളം കുഞ്ഞൻ പിള്ള പ്രസ്താവിക്കുന്നു. [3] ചേരതലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റേയും മുസിരിസ് തുറമുഖത്തിന്റേയും പ്രസക്തി കുറയുന്നതോടെയാണ് കൊല്ലം തുറമുഖം പ്രത്യക്ഷപ്പെടുന്നതെന്നും അവിടത്തെ വ്യാപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പിൽക്കാലത്ത് നിലയുറപ്പിച്ച വേണാട്ടുരാജവംശം അവിടെ പനങ്കാവു കൊട്ടാരത്തിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു. രണ്ടാം ചേരരാജവംശത്തിന്റെ തുടർച്ചയിലെ ഒരു കണ്ണിയാണ് ഇവർ എന്നു പറയപ്പെടുന്നുണ്ട്[4]. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്താണ്‌ തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. ഇന്ത്യ സ്വതന്ത്രയായ ശേഷം ഇന്ത്യാ ഗവൺമെൻ്റ്1949 ജുലൈ‌ 1 നു തിരുവിതാംകൂറും കൊച്ചി രാജ്യവും യോജിപ്പിച്ച്‌ തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിലെ മലബാർ ജില്ലയോട്‌ ചേർത്ത് 1956 നവംബർ 1 നു കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു. ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ വലംപിരി ശംഖിന്റെ ചിത്രം ആലേഖനം ചെയ്തതായിരുന്നു തിരുവിതാംകൂറിന്റെ പതാക. ഈ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസൻ (പത്മനാഭൻ: വിഷ്ണുവിന്റെ പര്യായം) എന്നറിയപ്പെട്ടിരുന്നു.

Kingdom of Travancore

തിരുവിതാംകൂർ മഹാരാജ്യം
1729–1949
Travancore
Flag
ഇരുവശത്തും രണ്ട് ആനകൾ കാവൽ നിൽക്കുന്ന പൂമാലയിൽ ശംഖ്
Coat of arms
Anthem: വഞ്ചീശ മംഗളം (Hail the Lord of Vanchi!)
തിരുവിതാംകൂർ
ഇന്ത്യയിലെ തിരുവിതാംകൂർ രാജ്യം
StatusPrincely State of British India
Capitalപദ്മനാഭപുരം (1729–1795)
തിരുവനന്തപുരം (1795–1949)
Common languagesമലയാളം, തമിഴ്
Religion
ഹിന്ദു
Governmentരാജവാഴ്ച
മഹാരാജ 
• 1729–1758 (first)
മാർത്താണ്ഡവർമ്മ
• 1829–1846 (peak)
സ്വാതി തിരുനാൾ
• 1931–1949 (last)
ചിത്തിര തിരുനാൾ
റെസിഡന്റ് 
• 1788–1800 (first)
ജോർജ് പൗണി
• 1800–1810
കോളിൻ മക്കാളെ
• 1840–1860 (peak)
വില്യം കുള്ളൻ
• 1947 (last)
കോസ്മോ ഗ്രാന്റ് നിവെൻ എഡ്വേർഡ്സ്
Historical eraAge of Imperialism
• Established
1729
• ബ്രിട്ടീഷ് രാജിന്റെ കീഴിലുള്ള സാമന്തൻ
1795
• സ്വതന്ത്ര ഇന്ത്യയുടെ കീഴിലുള്ള സാമന്തൻ
1947
• Disestablished
1949
Area
194119,844 കി.m2 (7,662 ച മൈ)
Population
• 1941
6,070,018
Currencyതിരുവിതാംകൂർ രൂപ
Preceded by
Succeeded by
വേണാട്
Travancore-Cochin
Today part ofഇന്ത്യ
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
Flag of Kingdom of Travancore.svg
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

പേരിനു പിന്നിൽതിരുത്തുക

ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നതു്. ഈ പേരു് തിരുവാഴുംകോട് എന്നും പിന്നീട് തിരുവാങ്കോട് എന്നും ആയിത്തീർന്നു. ഇംഗ്ലീഷുകാർ ഈ സ്ഥലത്തിനെ ട്രാവൻകൂർ (Travancore) എന്നായിരുന്നു വിളിച്ചിരുന്നത്. താമസിയാതെ, തിരുവിതാംകോട് എന്നും തിരുവിതാംകൂർ എന്നും അറിയപ്പെടാൻ തുടങ്ങി. [5] [6] കൊല്ലത്തുനിന്നും പലപ്പോഴായി വേണാട്ടുരാജാക്കന്മാർ ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്ടും കൽക്കുളത്തും കൊട്ടാരങ്ങൾ പണിത് താമസിച്ചിരുന്നു. ഈ തിരുവിതാംകോട് എന്ന സ്ഥലനാമത്തിൽ നിന്നാകാം പിന്നീട് തിരുവിതാംകോട് എന്ന രാജ്യനാമം തന്നെ ഉണ്ടായത്. പത്മനാഭപുരം എന്നുകൂടി അറിയപ്പെടുന്ന കൽക്കുളത്തായിരുന്നു ആദ്യം തിരുവിതാംകോടിന്റെ തലസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിൽ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി.

ചരിത്രംതിരുത്തുക

ചരിത്രസാമഗ്രികൾതിരുത്തുക

കേരളത്തിന്റെ പൊതുവായ ചരിത്രം പോലെത്തന്നെ ക്രി. വ. 1500നുമുമ്പുള്ള തിരുവിതാംകൂറിന്റെ ചരിത്രവും അവ്യക്തമായ ചരിത്രസാമഗ്രികളിൽ നിന്നും അനുമാനിച്ചെടുക്കേണ്ട അവസ്ഥയിലാണു്. പുരാതനസാഹിത്യകൃതികൾ, സഞ്ചാരക്കുറിപ്പുകൾ, മറ്റു ദേശങ്ങളിലെ ചരിത്രാധാരങ്ങൾ, അപൂർവ്വം ശാസനങ്ങളും ചെപ്പേടുകളും ശിലാരേഖകളും, വാസ്തുശിൽപ്പാവശിഷ്ടങ്ങൾ തുടങ്ങിയവയാണു് ഇത്തരം അനുമാനങ്ങൾക്കു് അവലംബമാക്കാനുള്ളതു്. കേരളോൽപ്പത്തി പോലുള്ള ചില രചനകളും വാമൊഴിയായി പകർന്നുപോന്ന ഐതിഹ്യങ്ങളും നാടൻപാട്ടുകളും ഉണ്ടെങ്കിലും അവയൊന്നും പൂർണ്ണമായും വിശ്വസിക്കാവുന്നവയല്ല. പലപ്പോഴും ഇത്തരം ആഖ്യാനങ്ങളിൽ ധാരാളം പൊടിപ്പും തൊങ്ങലും കടന്നുകൂടിയിട്ടുണ്ടാവാം. രാജഭക്തിയുടെ ആധിക്യം മൂലം സാമാന്യത്തിൽ കവിഞ്ഞ അതിശയോക്തികളും ഇവയിൽ കാണാം. ഇത്തരം സാമഗ്രികളിൽനിന്നും സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന തട്ടുകളിൽ പെടുന്ന സമുദായങ്ങളുടേയും ഭരണവർഗ്ഗത്തിന്റേയും ജീവിതരീതികളും സംഭവങ്ങളും കുറേയൊക്കെ അളന്നെടുക്കാമെങ്കിൽപ്പോലും ദരിദ്രരും അധഃകൃതരും ഉൾപ്പെടെയുള്ള സാധാരണക്കാരെക്കുറിച്ചുള്ള വിശദാംശങ്ങൾ അപൂർവ്വമായി മാത്രമാണു ലഭ്യമാവുന്നത്.

ചരിത്രപുസ്തകങ്ങൾതിരുത്തുക

തിരുവിതാംകൂറിന്റെ ലഭ്യമായ ആദ്യകാലചരിത്രത്തിനു് പുരാണങ്ങളോ ഐതിഹ്യങ്ങളോ പോലെ വായിക്കാവുന്ന ഗൗരവമേ കൊടുക്കാനാവൂ. ഏതാനും നൂറ്റാണ്ടുകളായി ചരിത്രരചനാശ്രമത്തിലേർപ്പെട്ട പല ഗ്രന്ഥകാരന്മാരുടേയും കൃതികൾ ആദിമകാലഘട്ടത്തിനെങ്കിലും ഇത്തരമൊരു ശൈലിയാണു് അവലംബിച്ചിട്ടുള്ളത്. താഴെപ്പറയുന്ന ഗ്രന്ഥങ്ങൾ 19 - ആം നൂറ്റാണ്ടുവരെയുള്ള ചരിത്രരചനകളിൽ ഉൾപ്പെടുന്നു. ഇവയിൽ മൗലികഗവേഷണം ചെയ്തു കണ്ടെത്തി എഴുതിയവയും പരസ്പരം അവലംബങ്ങളായി സഹകരിച്ചിട്ടുള്ളവയും കാണാം.

 1. എപിഗ്രഫിക ഇൻഡിക (Epigraphica Indica)
 2. ദി ഹിസ്റ്ററി ഓഫ് സിലോൺ, ഗ്രാന്റ് (The history of Ceylon by Grant)
 3. മിൽസ് ഹിസ്റ്ററി ഓഫ് ഇന്ത്യ (Mill's history of India)
 4. സ്മിത്സ് ഹിസ്റ്ററി ഓഫ് ഏൻഷ്യന്റ് ഇന്ത്യ (Smith's history of ancient India)
 5. മലബാർ മാനുവൽ (Malabar Manual)
 6. മലബാർ ഗസറ്റീർ (Malabar Gazetteer)
 7. ഇം‌പീരിയൽ ഗസറ്റീർ ഓഫ് ഇന്ത്യ (Imperial Gazetteer of India)
 8. മെമൊയിർസ് ഓഫ് ട്രാവൻകൂർ (Memoirs of Travancore)
 9. നേറ്റീവ് ലൈഫ് ഇൻ മലബാർ (Native life in Malabar)
 10. Canter Visscher's Letters from Malabar
 11. Indian antiquary
 12. Church history by Agur
 13. The regulations and proclamations of Travancore
 14. The land of charity by Metier
 15. History of Travancore by Pachu Moothathu
 16. Administrative reports of Travancore
 17. Kerala Society papers
 18. ദി സ്റ്റേറ്റ് മാനുവൽ (The state manual)
 19. Archaeological Publications of Travancore and Madras
 20. കേരളചരിത്രം - ദിവാൻ പി. ശങ്കുണ്ണി മേനോൻ
 21. കൊച്ചീരാജ്യചരിത്രം - പത്മനാഭമേനോൻ
 22. കേരളചരിതം - എ.കെ. പിഷാരടി
 23. കേരളചരിത്രം - എം. ആർ. ബാലകൃഷ്ണ വാര്യർ
 24. തിരുവിതാംകൂർ ചരിത്രം - ആർ. നാരായണ പണിക്കർ

പുരാതനകാലംതിരുത്തുക

ഏകദേശം 4600 വർഷങ്ങൾക്കുമുമ്പുമുതൽക്കെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് വിദേശസമൂഹങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിനു സൂചനകളുണ്ട്. സുമേറിയൻ രാജധാനിയായ ഉർ നഗരത്തിലെ മുഗൈര കൊട്ടാരം അവശിഷ്ടങ്ങളിൽനിന്നു് മലബാറിൽ നിന്നുമാത്രം ലഭ്യമായിരുന്ന തേക്ക് തടികൾ കണ്ടെടുത്തിട്ടുണ്ട്. ക്രി.മു. 722ൽ ജീവിച്ചിരുന്ന ഷാൽമനേസർ നാലാമൻ ഇന്ത്യയിൽനിന്നും കടൽവഴി കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ സ്വീകരിച്ചിരുന്നതായും സൂചനകളുണ്ട്. ഈ മേഖല സംഘകാലത്ത്‌ (300 BC – 400 AD) ആയ്‌ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. തുടർന്ന് രണ്ടാം ചേരസാമ്രാജ്യകാലത്ത്‌ (850–1400 AD) കുലശേഖരൻമാരും ചോളൻമാരും തമ്മിൽ നടന്ന യുദ്ധത്തിനു വേദിയാകുകയും, പ്രധാനപട്ടണമായിരുന്ന വിഴിഞ്ഞം ചോളൻമാർ കൈയടക്കുകയും ചെയ്തു[7] . പിന്നീട്‌ കുരക്കേണിക്കൊല്ലം (ഇന്നത്തെ കൊല്ലം)ഭാഗത്തുനിന്നുള്ള വേണാട്‌ എന്നറിയപ്പെട്ട രാജവംശം ഈ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചു. ഇവരുടെ പിൻഗാമികളാണ് തിരുവിതാംകൂർ രാജാക്കന്മാർ. പിൽക്കാലങ്ങളിൽ ഈ രാജാക്കന്മാരിൽ പലരും ദുർബലരായിരുന്നതിനാൽ അവർക്ക് പുറമേ നിന്നുള്ള മധുരൈ നായ്ക്കന്‍മാരുടെ ഭീഷണികളൊടൊപ്പം രാജ്യത്തിനകത്തു തന്നെയുള്ള എട്ടുവീട്ടിൽ പിള്ളമാർ, യോഗക്കാർ തുടങ്ങിയ പ്രബലവിഭാഗങ്ങളിൽ നിന്നുള്ള ചെറുത്തു നിൽപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ട്തിരുത്തുക

അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മതിരുത്തുക

തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ പാരമ്പര്യമായി വേണാട്‌ രാജസ്ഥാനം ലഭിച്ച മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. അദ്ദേഹം തന്റെ ഭരണകാലത്ത്‌ (17291758) രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ഉന്മൂലനം ചെയ്തുകൊണ്ട് അദ്ദേഹം തമ്പിമാരുടെ എതിർപ്പുകളേയും രാജ്യത്തിനകത്തുനിന്നുള്ള മാടമ്പിമാരുടെ ചെറുത്തുനിൽപ്പുകളേയും ഇല്ലാതാക്കി. എട്ടുവീട്ടിൽ പിള്ളമാരാണ്‌ രാജാവിനെ എതിർക്കാൻ തമ്പിമാരെ സഹായിച്ചിരുന്നത്‌.) തുടർന്നുള്ള യുദ്ധങ്ങളിൽ അദ്ദേഹം ആറ്റിങ്ങൽ, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി. തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തിൽ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിർണയിച്ചത്‌ ഡച്ച്‌ അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഓഗസ്റ്റ് 10 നു (കുളച്ചൽ യുദ്ധം) കീഴ്പ്പെടുത്തിയതായിരുന്നു. 1750 ജനുവരി 3 (മകരം 5, 725 കൊല്ലവർഷം)- ന്‌ അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക്‌ സമർപ്പിച്ചു. ഇത്‌ തൃപ്പടി ദാനം എന്ന പേരിൽ അറിയപ്പെട്ടു. ഇതിനു ശേഷമാണ്‌ തിരുവിതാംകൂരിലെ രാജാക്കൻമാർ പത്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്‌. 1753-ൽ ഡച്ചുകാർ മഹാരാജാവുമായി ഒരു സമാധാന കരാർ ഒപ്പു വെച്ചു. 1754 ജനുവരി 3നു നടന്ന അമ്പലപ്പുഴ യുദ്ധത്തിൽ സ്ഥാനഭ്രഷ്ടരായ നാടുവാഴികളും കൊച്ചിയിലെ രാജാവും പരാജയം സമ്മതിച്ചതോടെ മാർത്താണ്ഡവർമ്മ തന്റെ ഭരണത്തിനു നേർക്കുള്ള എല്ലാ എതിർപ്പുകളും ഇല്ലാതാക്കി. 1757-ൽ തിരുവിതാംകൂറും കൊച്ചിയും തമ്മിൽ വടക്കൻ മേഖലയിൽ സമാധാനവും ഭരണസ്ഥിരതയും ഉറപ്പാക്കാനായി ഒരു ഉടമ്പടിയുണ്ടാക്കി. മാർത്താണ്ഡവർമ്മ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിലും ജലസേചന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. മറവൻ പട എന്ന പേരിൽ ഒരു അംഗരക്ഷക സേനയും കുളച്ചൽ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാർത്താണ്ഡവർമ്മ രൂപവത്കരിച്ചു. കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട അഡ്മിറൽ [അവലംബം ആവശ്യമാണ്] ഡെ ലെന്നൊയിയെ അദ്ദേഹം വലിയ കപ്പിത്താനായി നിയമിച്ചു. പീരങ്കികളും മറ്റ് വെടിക്കോപ്പുകളും നൽകി അദ്ദേഹം തിരുവിതാംകൂറ്‍ സേനയെ ആധുനികവൽക്കരിച്ചു.

 
തിരുവിതാംകൂർ രാജമുദ്രയുടെ ശില്പം

ധർമ്മരാജതിരുത്തുക

മാർത്താണ്ഡവർമ്മയുടെ പിൻഗാമിയും ധർമ്മരാജയെന്ന പേരിൽ പ്രശസ്തനുമായ കാർത്തിക തിരുനാൾ രാമ വർമ്മ 1795 ൽ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. രാമവർമ്മയുടെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. മാർത്താണ്ഡവർമ്മ കീഴടക്കിയ മേഖലകളിലെ മേൽക്കോയ്മ നിലനിർത്തുന്നതിനോടൊപ്പം അദ്ദേഹം സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ദത്തശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മറ്റു പ്രധാനനേട്ടങ്ങളിൽ ഒന്ന് രാജ്യത്തെ വാണിജ്യമേഖലയുടെ ശാക്തീകരണമായിരുന്നു. അക്കാലത്ത്‌ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ്‌ എന്ന പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ അളവറ്റ സഹായങ്ങൾ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ധർമ്മരാജയുടെ ഭരണകാലത്ത്‌ 1791 ൽ തിരുവിതാംകൂറിന്‌ മൈസൂർ രാജാവായ ടിപ്പു സുൽത്താന്റെ ആക്രമണം നേരിടേണ്ടി വന്നു. തിരുവിതാംകൂർ സൈന്യം 6 മാസത്തോളം സുൽത്താനെതിരെ ചെറുത്തു നിന്നു.

അവിട്ടം തിരുനാൾതിരുത്തുക

ധർമരാജയുടെ മരണശേഷം 1798ൽ ബാലരാമ വർമ്മ തന്റെ പതിനാറാം വയസ്സിൽ ഭരണം ഏറ്റെടുത്തു. ഇക്കാലത്തെ ദിവാനായിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സഹായത്തോടെ ആണ് ദളവയായത് . ആദ്യ കാലത്തു കേണൽ മെക്കാളെയുമായി നല്ല സൗഹൃദം ഉണ്ടായിരുന്ന ഇദ്ദേഹമാണ് അവിട്ടം തിരുനാളിനെ കൊണ്ട് ബ്രിട്ടീഷ്‌കാരുമായി കരാരിലേർപ്പെടാൻ നിർബന്ധിതിതനാക്കുകയും തുടർന്നാണ് രാജ്യത്ത്‌ ഒരു ബ്രിട്ടീഷ്‌ റെസിഡെന്റിനെ കമ്പനി നിയമിക്കുന്നത്. എന്നാൽ വേലുത്തമ്പിയുടെ തന്നെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ കേണൽ മെക്കാളെ ഇടപെട്ടു. 1809ലെ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അദ്ദേഹം ജനങ്ങളോട്‌ ആഹ്വാനം ചെയ്തു. കൊച്ചിയിലെ മന്ത്രിയായ പാലിയത്തച്ചനും വേലുത്തമ്പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. നാഗർകോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തിൽ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തച്ചൻ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു. ഇതിനു ശേഷം ആദ്യ റെസിഡെന്റായിരുന്ന കേണൽ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളിൽ ഒപ്പു വെയ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കുകയും തിരുവിതാംകൂറിന്റെ സ്വയംഭരണം അവസാനിപ്പിക്കുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭവുംതിരുത്തുക

 
തിരുവിതാംകൂർ സ്വന്തം നിലയിൽ ഭരിച്ച ഏക വനിത ഭരണാധികാരി മഹാറാണി ഗൌരി ലക്ഷ്മി ബായി

ബാലരാമ വർമ്മയ്ക്ക്‌ ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതൽ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. സ്വന്തം നിലയിൽ രാജ്യം ഭരിച്ച ഏക റാണിയും ഇവരായിരുന്നു. 1813ൽ അവർക്ക്‌ ഒരു ആൺകുഞ്ഞ്‌ പിറന്നപ്പോൾ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ൽ തന്റെ മരണം വരെ അവർ രാജ്യം ഭരിച്ചു. ഇക്കാലത്ത്‌ സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി. ലക്ഷ്മി ബായിയുടെ മരണത്തെതുടർന്ന് അവരുടെ സഹോദരി പാർവ്വതി ബായി റീജന്റായി ഭരണം ഏറ്റെടുത്തു.

 
സ്വാതി തിരുനാൾ

ഗർഭശ്രീമാൻ[8] എന്നറിയപ്പെട്ട സ്വാതിതിരുനാൾ ബാലരാമവർമ്മ 1829ൽ രാജാവായി അഭിഷിക്തനായി. സർവ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെയും തിരുവിതാംകൂറിന്റെയും സുവർണ്ണകാലമായി അറിയപ്പെടുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. അനാവശ്യമായ നികുതികൾ എടുത്തു മാറ്റിയ അദ്ദേഹം തിരുവനന്തപുരത്ത്‌ 1834ൽ ഒരു ഇംഗ്ളീഷ്‌ സ്കൂളും ധർമ്മാശുപത്രിയും സ്ഥാപിച്ചു. പിന്നീട് ജില്ലയിൽ പല സ്ഥലത്തും വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു. തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടി ശാ‍ല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടിൽ നിന്ന് വരുത്തുകയും അത് സ്ഥാ‍പിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി (കൊല്ലവർഷം 1015-ലെ കലണ്ടർ). സെൻസസ്(census) 1836ൽ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാജില്ലകളിലും മുനിസിഫ് കോടതികൾ തുടങ്ങി. കോട്ടയ്ക്കകത്ത് വലിയ ഗോശാല നിർമ്മിച്ചു. തിരുവന്തപുരത്ത് മൃഗശാല തുടങ്ങി. ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിസ്ഥാപിച്ചു. സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രത്താളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്. സ്വാതി തിരുനാളിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികൾക്ക് വിഷമതയുണ്ടാക്കി. ഈസ്റ്റ് ഇൻഡ്യാ കമ്പനിയും ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന കൃഷ്ണ റാവുവിനു റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു പലപ്പോഴും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ പേഷ്കാർ കൃഷ്ണ റാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തു.[9] മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാൻ പോലും ഇഷ്ടപ്പെട്ടില്ല. റസിഡൻ്റുമായുള്ള തർക്കം കാരണം അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിൻ‌വാ‍ങ്ങാൻ തുടങ്ങി. തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പ്രസിദ്ധ ആതുരസേവകനായ ഡോ. കെ. രാമചന്ദ്രൻ നായരുടെ അഭിപ്രായത്തിൽ അദ്ദേഹം മരണപ്പെട്ടത് മസ്തിഷ്ക രക്തസ്രാവം[10] മൂലമാണ്.[11][12][13][14]

1847 മുതൽ 1860 വരെ രാജ്യം ഭരിച്ചിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ 1853 ൽ അടിമത്തം നിർത്തലാക്കി. വസ്ത്രധാരണത്തിന് പരിപൂർണാ‍വകാശമില്ലാതിരുന്ന ചില ജാതിക്കാർക്ക് അദ്ദേഹം 1859 ൽ അതിനുള്ള അവകാശം നൽകി. 1857ൽ തപാൽ സം‌വിധാനവും 1859 ൽ പെൺകുട്ടികൾക്കായുള്ള പള്ളിക്കൂടവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ തുടർന്ന് 1860 മുതൽ 1880 വരെ രാജ്യം ഭരിച്ചത് ആയില്യം തിരുനാൾ മഹാരാജാവായിരുന്നു. ഇക്കാലത്ത് കാർഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1866 ൽ ഒരു കലാലയം സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഒരു മാനസിക രോഗാശുപത്രി ഉൾപ്പെടെ അനേകം ധർമ്മാശുപത്രികൾ ആരംഭിച്ചു. 1880 മുതൽ 1885 വരെ വിശാഖം തിരുനാൾ രാമ വർമ്മ ഭരണം നടത്തി.

1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു.

1924 മുതൽ 1931 വരെ സേതു ലക്ഷ്മീഭായി റീജന്റായി രാജ്യം ഭരിച്ചു. അവർ മൃഗബലി നിരോധിക്കുകയും നായർ സമുദായത്തിൽ മരുമക്കത്തായത്തിനു പകരം മക്കത്തായം നിയമവിധേയമാക്കുകകയും ചെയ്തു.

 
തിരുവിതാംകൂറിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ

1931 മുതൽ 1949 വരെ ഭരിച്ചിരുന്ന ശ്രീ പദ്മനഭാദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. തിരുവിതാംകൂറിനെ വ്യവസായവൽകരിച്ചതും വിദ്യാഭ്യാസ മേഖലയിലും സമൂഹതിന്റെ എല്ലാ തലങ്ങളിലും വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതും പ്രതിരോധ മേഖല വികസിപ്പിച്ചതും ഇദ്ദേഹമാണ്. 1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നതജാതിക്കാർക്കു മാത്രം പ്രവേശനം നൽകിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ അദ്ദേഹം എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടു നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി. 1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചു. ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്ട്സ് (Travancore Titanium Products), എഫ്. എ. സി. ടി. (FACT) തുടങ്ങിയ വ്യവസായശാലകൾ ആരംഭിച്ചത് അദ്ദേഹമാണ്. കേരളത്തിലെ പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും, റോഡ് ട്രാൻസ്പ്പോർട്ടും, ടെലിഫോൺ സർവീസുകൾ, തേക്കടി വന്യ മൃഗ സം‌രക്ഷണ കേന്ദ്രം എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്. തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ച് ബോംബെയ്ക്ക് വിമാന സർവ്വീസ് ആരംഭിച്ചു. തിരുവിതാംകൂർ നിയമനിർമ്മാണ സഭയ്ക്ക് രൂപം നൽകി. ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം ആണ്. തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. സർക്കാർ ആഫീസുകളിലെ നിയമനത്തിനായി നോക്സ് കമ്മീഷണറായി പബ്ലിക് സർവ്വീസ് കമ്മീഷൻ(Public Service Commission) രൂപീകരിച്ചു. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീതിപൂർവ്വകമാക്കാൻ ഇ.സുബ്രഹ്മണ്യയ്യർ കമ്മീഷണറായി ഫ്രാഞ്ചസ് കമ്മീഷനെ (Franchise Commission) നിയമിച്ചു. സ്വാതി തിരുനാൾ സംഗീത കോളേജ് സ്ഥാപിച്ചു. സ്വാതി തിരുനാൾ കൃതികൾ പ്രസിദ്ധീകരിക്കുവാനും ശ്രീ സ്വാതി തിരുനാൾ സംഗീതസഭ രൂപീകരിക്കുന്നതിനും അതിന് ആസ്ഥാനം ഉണ്ടാക്കുന്നതിനും വേണ്ട സൗകര്യം ചെയ്തു കൊടുത്തു. ബോംബെയിൽ കേരള എംപോറിയം സർക്കാർ ചുമതലയിൽ ആരംഭിച്ചു. ശ്രീചിത്രാ ആർട്ട് ഗ്യാലറി സ്ഥാപിച്ച്, രാജാരവി വർമ്മ, കെ.സി.എസ്.പണിക്കർ തുടങ്ങി പ്രസിദ്ധ ചിത്രകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് സൗകര്യം ഒരുക്കി. അക്വേറിയം സ്ഥാപിച്ച് ശാസ്ത്രീയ പഠനത്തിന് വഴിയൊരുക്കി. ആൾ ഇന്ത്യൻ വിമൻസ് കോൺഫറൻസ് 1935-ൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതിന് വേണ്ട പിന്തുണ നൽകി, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വിഷയത്തിലുളള പ്രത്യേക താല്പര്യം പ്രദർശിപ്പിച്ചു. സ്പോർട്സ് വിഷയത്തിൽ തിരുവിതാംകൂറിനുണ്ടായ പുരോഗതിയിൽ സഹോദരിഭർത്താവ് ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജാ/G.V. Raja നൽകിയ മികച്ച സംഭാവനകൾക്ക് പിന്തുണയേകി. 1934-ൽ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് സമാരംഭിച്ചു, തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി പ്രവർത്തനമാരംഭിച്ചു. നൃത്താദികലകൾക്കു വേണ്ടി പൂജപ്പുരയിൽ ഗുരു ഗോപിനാഥിന്റെ മേൽനോട്ടത്തിൽ ശ്രീ ചിത്രാ നർത്തകാലയം തുടങ്ങി. ഏഷ്യയിൽ തന്നെ ആദ്യമായി വധശിക്ഷ അവസാനിപ്പിച്ചു. തൊഴിലിനു പ്രാധാന്യം നൽകിക്കൊണ്ടു ലേബർ കോർട്ട് സ്ഥാപിച്ചു. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഭരണ ഘടനാ നിർമ്മാണ സമിതി ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന നായർ ബ്രിഗേഡിൽ (Nair Brigade) എല്ലാ പ്രജകൾക്കും പ്രവേശനവകാശം നൽകി വിപുലമായ തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സ് രൂപീകരിച്ചു. മുൻപുണ്ടായിരുന്ന ശ്രീമൂലം സ്റ്റേറ്റ് അസംബ്ലി, ശ്രീ മൂലം പ്രജാസഭ, ശ്രീ ചിത്രാ സ്റ്റേറ്റ് അസംബ്ലി എന്നിങ്ങനെ ഇരുതലങ്ങളുള്ള നിയമസഭയാക്കി വികസിപ്പിച്ചു. ശ്രീ ചിത്രാ പുവർ ഹോം എന്ന അഗതി മന്ദിരം സ്ഥാപിച്ചു, വഞ്ചി പുവർ ഫണ്ടും രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആയുർവ്വേദ കോളേജ്, ഹോമിയോപ്പതി കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചു. മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (SAT) സ്ഥാപിച്ചു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്‌ റ്റെക്നൊളജി(Sree Chithira Thirunal Institute Of Sciences And Technology)യും മറ്റനേകം ചാരിറ്റബിൽ ട്രസ്റ്റുകളും അദേഹത്തിന്റെ സ്വകാര്യ സമ്പത്തുപയോഗിച്ചു സ്ഥാപിച്ചവയാണ്. പുരോഗമനപരവും വിപ്ലവാത്മകവുമായ പല ഭരണ പരിഷ്കാരങ്ങളും ശ്രീ ചിത്തിര തിരുനാൾ നടപ്പിൽ വരുത്തി.[15][16]

സർ. സി.പി.യും തിരുവിതാംകൂർ രാഷ്ട്രീയവുംതിരുത്തുക

സ്വാതന്ത്ര്യലബ്ധി വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ രാഷ്ട്രീയം ചുറ്റിത്തിരിഞ്ഞത് സർ. സി.പി.യെ കേന്ദ്രീകരിച്ചതാണ്. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് അധികാരമേറ്റപ്പോൾ പൊളിറ്റിക്കൽ അഡ്വൈസർ (രാഷ്ട്രീയ ഉപദേഷ്ടാവ്) ആയിട്ടാണ് സി.പി.യുടെ തിരുവിതാംകൂറിലേക്കുള്ള രംഗപ്രവേശനം. ഒരുകാലത്ത് കോൺഗ്രസ്സിന്റെ അഖില്യോ നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം തിരുവിതാംകൂറിലെ കോൺഗ്രസിനെയും രാഷ്ട്രീയസംഘടനകളെയും തുടക്കംമുതലേ ഒളിഞ്ഞും തെളിഞ്ഞും എതിർത്തു. 1932ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോട് അനുബന്ധിച്ച് ഈഴവർ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങിയ പിന്നാക്ക ജാതിക്കാർ നടത്തിയ "നിവർത്തന പ്രക്ഷോഭണം" (നിവർത്തനം എന്നാൽ വിട്ടുനിൽക്കൽ എന്നാണ് അർഥം) തിരുവിതാംകൂർ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നിയമസഭയിൽ പ്രാതിനിധ്യം നൽകുക, സർക്കാർ ഉദ്യോഗങ്ങൾ പിന്നാക്ക സമുദായക്കാർക്ക് ലഭിക്കാൻ പബ്ലിക് സർവ്വീസ് കമ്മീഷണറെ നിയമിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യം. സി. കേശവനായിരുന്നു നിവർത്തനപ്രക്ഷോഭണനേതാവ്. അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി 1935 ജൂണിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാൽ പിന്നാക്കക്കാർക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പുവരുത്താനും പബ്ലിക് സർവീസ് കമ്മീഷണറെ നിയമിക്കാനും സർക്കാർ തയ്യാറായി. പുതുക്കിയ സമ്മതിദാന നിയമപ്രകാരം 1937ൽ നടന്ന തെരഞ്ഞെടുപ്പിൽ പിന്നാക്ക ജാതിക്കാർ രൂപീകരിച്ച "പിന്നാക്ക രാഷ്ട്രീയസമിതി" മത്സരിച്ചു.[17]

ഇതിനിടയിലാണ് 1938 ഫിബ്രുവരി രണ്ടാം വാരം ഹരിപുര (ഗുജറാത്ത്)യിൽ നടന്ന കോൺഗ്രസ് സമ്മേളനം, രാജാക്കന്മാർ ഭരിക്കുന്ന നാട്ടുരാജ്യങ്ങളിൽ ഉത്തരവാദ ഭരണം സ്ഥാപിക്കാൻ പ്രത്യേക സംഘടന രൂപീകരിക്കാൻ നിർദ്ദേശം നൽകിയത്. ഇതുപ്രകാരം ഫിബ്രുവരി 23ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടു. കോൺഗ്രസ് നേതാക്കളും, നിവർത്തനപ്രക്ഷോഭകരും ഒത്തുചേർന്ന് സ്റ്റേറ്റ് കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയതും, ഉത്തരവാദിത്വഭരണം ആവശ്യപ്പെട്ടതും സർ. സി.പി. സഹിച്ചില്ല. സംഘടനയെ തകർക്കാൻ അദ്ദേഹം പദ്ധതികൾ ഓരോന്നായി ആവിഷ്ക്കരിച്ചു. പോലീസും റൗഡികളും സ്റ്റേറ്റ് കോൺഗ്രസിനെതിരെ രംഗത്തിറങ്ങി. പോലീസ് മർദ്ദനങ്ങളും അറസ്റ്റുകളും നടന്നു. തിരുവിതാംകൂർ ദിവാനെതിരെ കോൺഗ്രസ് സമരം തുടങ്ങിയതോടെ അടിച്ചമർത്തൽ ശക്തമായി. പട്ടംതാണുപിള്ള ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലായി. കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടി. കോൺഗ്രസിൽ "സർവാധിപതി" സമ്പ്രദായം നിലവിൽവന്നു. അറസ്റ്റ് വരിക്കാൻ പോകുന്ന നേതാവ് പുതിയ നേതാവിനെ രഹസ്യമായി അറിയിക്കുന്നതാണ് ഇതിന്റെ രീതി. പട്ടംതാണുപിള്ളയെ അറസ്റ്റുചെയ്തതിനെ തുടർന്ന് എൻ.കെ. പത്മനാഭപിള്ള സർവ്വാധിപതിയായി. അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ 1938 ആഗസ്ത് 31ന് നെയ്യാറ്റിൻകരയിലെത്തിയ പോലീസും ജനക്കൂട്ടവും തമ്മിൽ വഴക്കായി. ഇതേത്തുടർന്ന് നടന്ന വെടിവയ്പിൽ രാഘവൻ എന്ന യുവാവും ആറുപേരും രക്തസാക്ഷിയായി. കൊല്ലത്ത് നടന്ന വെടിവയ്പിൽ ഏഴുപേരും കോട്ടയത്തെ പുതുപ്പള്ളിയിൽ നടന്ന വെടിവയ്പിൽ ഒരാളും മരിച്ചു. പിന്നീട് ആലപ്പുഴയിൽ തൊഴിലാളികൾക്കുനേരെയും വെടിവയ്പ് ഉണ്ടായി.[17]

സർ. സി.പി.സി.പി.യുടെ നടപടികളിൽ അഖില്യോ തലത്തിൽ പ്രതിഷേധം ഉയർന്നു. ഇതിനിടയിൽ കോഴിക്കോട്ടുനിന്നും എ.കെ.ജിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലേക്ക് ജാഥ അയയ്ക്കാൻ കെ.പി.സി.സി. തീരുമാനിച്ചു. സെപ്തംബർ 19ന് ജാഥ ആലുവയിൽ എത്തിയതോടെ അറസ്റ്റ് ചെയ്തു. തലശ്ശേരിയിൽ പാലക്കാട്ടുനിന്നും പ്രതിഷേധജാഥകൾ പിന്നീടും നടന്നു. തിരുവിതാംകൂറിലെ പത്രങ്ങളുടെ വായ് മൂടിക്കെട്ടാൻ സി.പി. നടപടി തുടങ്ങി. മലയാള മനോരമ പത്രം നിരോധിക്കുകയും പ്രസ് അടച്ച് മുദ്ര വയ്ക്കുകയും ചെയ്തു. 1938 സെപ്തംബർ 29ന് കടയ്ക്കൽ നടന്ന സമരം അടിച്ചമർത്താൻ പട്ടാളം എത്തി. ആ പ്രദേശം യുദ്ധക്കളമായി. ഫ്രാങ്കോ രാഘവൻപിള്ള ആയിരുന്നു സമരത്തിന് നേതൃത്വം കൊടുത്തത്. 62 പേരെ പ്രതികളാക്കി പോലീസ് കേസ് എടുത്തു. സെപ്തംബർ 30ന് തിരുവനന്തപുരം പാങ്ങോട്കല്ലറ ഔട്ട്പോസ്റ്റിലെ ഒരു പോലീസുകാരൻ മരിച്ചുകിടന്നതിന്റെ പേരിൽ നടന്ന പോലീസ് മർദ്ദനം ജനങ്ങളെ ക്ഷുഭിതരാക്കി. പോലീസ് പിടിച്ചുകൊണ്ടുപോയ കൊച്ചപ്പിപ്പിള്ള എന്ന നാട്ടുകാരനെ പട്ടാളം കൃഷ്ണന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വിട്ടുകൊടുത്തു. പക്ഷേ അദ്ദേഹത്തിന്റെ ദേഹത്തുള്ള മുറിവുകൾ ജനങ്ങളെ രോഷാകുലരാക്കി. നാട്ടുകാർ സ്റ്റേഷൻ വളഞ്ഞു. ഇതേത്തുടർന്നുള്ള വെടിവയ്പിൽ തച്ചോണം കൃഷ്ണൻ, ചെറുവാളം കൊച്ചുനാരായണൻ ആശാരി എന്നിവർ മരിച്ചു. പോലീസും പട്ടാളവും ദിവസങ്ങളോളം അവിടെ നരനായാട്ട് നടത്തി. പോലീസ് 29 പേരെ പ്രതിയാക്കി കേസ് എടുത്തു. പട്ടാളം കൃഷ്ണനെയും കൊച്ചപ്പിപ്പിള്ളയെയും പിന്നീട് തൂക്കിക്കൊന്നു.[17]

മഹാരാജാവിന്റെ ജന്മദിനമായ ഒക്ടോബർ 23ന് തലസ്ഥാനത്ത് പ്രകടനം നടത്താൻ സ്റ്റേറ്റ് കോൺഗ്രസ് തീരുമാനിച്ചു. പക്ഷേ നേതാക്കൾ മുഴുവൻ ജയിലിലായിരുന്നു തലസ്ഥാനത്തു തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആളുകൾക്ക് നേതൃത്വം നൽകിക്കൊണ്ട് അപ്രതീക്ഷിതമായി അക്കാമ്മ ചെറിയാൻ എത്തിയത് രാജകീയ ഭരണകൂടത്തെ ഞെട്ടിപ്പിച്ചു. 1938 ഡിസംബർ 22ന് വട്ടിയൂർക്കാവിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ വാർഷികയോഗം ദിവാൻ തടഞ്ഞു. എന്നാൽ നിശ്ചയിച്ച സമയത്തുതന്നെ വൻപ്രകടനത്തോടെ അവിടെ പൊതുയോഗം നടത്തിയത് സർ. സി.പി.ക്ക് മറ്റൊരു ആഘാതമായിരുന്നു. പക്ഷേ സി.പി. അടങ്ങിയിരുന്നില്ല. അഞ്ചുരൂപ പോലീസും, സിംസൻപടയും, ഗുണ്ടകളും കോൺഗ്രസ് നേതാക്കൾക്ക് നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. അമേരിക്കൻ മാതൃകയിൽ നീക്കം ചെയ്യാൻ പാടില്ലാത്ത എക്സിക്യൂട്ടീവ് ഉൾക്കൊള്ളുന്ന ഒരു ഭരണസംവിധാനം 1946 ജനുവരിയിൽ സർ. സി.പി. പ്രഖ്യാപിച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ആലപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിലെ മുതലാളിമാർക്ക് എതിരെ തൊഴിലാളികൾ സംഘടിക്കാൻ തുടങ്ങി. 1946 ഒക്ടോബറിൽ പുന്നപ്രയിലും വയലാറിലും സർക്കാരിനെ വെല്ലുവിളിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം ആരംഭിച്ചു. ഒക്ടോബർ 24ന് പുന്നപ്രയിൽ പോലീസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. നൂറുകണക്കിന് തൊഴിലാളികൾ മരിച്ചുവീണു. ആലപ്പുഴയിലും ചേർത്തലയിലും പട്ടാളനിയമം പ്രഖ്യാപിച്ചു. 27ന് വയലാറിൽ പട്ടാളവും പോലീസും ഏറ്റുമുട്ടി. ധാരാളം പേർ മരിച്ചുവീണു. വയലാർപുന്നപ്ര മനുഷ്യക്കുരുതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് ഉറപ്പായതോടെ, "സ്വതന്ത്ര തിരുവിതാംകൂർ" വാദവുമായി സർ. സി.പി. മുന്നോട്ടുപോയി. ഇതിനെതിരെ നടന്ന പ്രതിഷേധങ്ങൾ അദ്ദേഹം വകവച്ചില്ല.[17]

1947 ജൂലൈ 25ന് തിരുവനന്തപുരത്ത് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നടന്ന ചടങ്ങിൽ സി.പി.യ്ക്ക് വെട്ടേറ്റു.[17] 1947 ആഗസ്റ്റ് 19ന് അദ്ദേഹം തിരുവിതാംകൂർ വിട്ടു. അതേ ദിവസം അവസാനത്തെ ഇംഗ്ലീഷ് റസിഡൻറ് സി.ജി.എൻ. എഡ്വേർഡ് ഭാര്യയോടൊപ്പം തിരുവിതാംകൂറിനോട് വിടപറഞ്ഞു. പി.ജി.എൻ. ഉണ്ണിത്താൻ ഒഫിഷിയേറ്റിങ് ദിവാനായി. തിരുവിതാംകൂറിൽ ഉത്തരവാദിത്വഭരണം പ്രഖ്യാപിച്ചുകൊണ്ട് 1947 സെപ്തംബർ 4ന് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് വിളംബരം നടത്തി. തിരുവിതാംകൂറിന് ഭരണഘടന എഴുതി ഉണ്ടാക്കാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിൽ സ്റ്റേറ്റ് കോൺഗ്രസ് വൻഭൂരിപക്ഷം നേടി. പിന്നീട് നേതാക്കന്മാരുടെ അപേക്ഷ പ്രകാരം റിഫോംസ് സമിതിയെ നിയമസഭയാക്കാൻ മഹാരാജാവ് സമ്മതിച്ചു. ഇതേത്തുടർന്ന് പട്ടംതാണുപിള്ള പ്രധാനമന്ത്രിയും, ടി.എം. വർഗീസ്, സി. കേശവൻ മന്ത്രിമാരുമായി ആദ്യത്തെ ജനകീയ മന്ത്രിസഭ 1948 മാർച്ചിൽ അധികാരമേറ്റു. ഈ മന്ത്രിസഭ നിയമസഭാകക്ഷിയിലുണ്ടായ ഭിന്നിപ്പിനെത്തുടർന്ന് 1948 ഒക്ടോബർ 22ന് രാജിവെച്ചു. പിന്നീട് ടി.കെ. നാരായണപിള്ള പ്രധാനമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരം ഏറ്റു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്നതുവരെ ഈ മന്ത്രിസഭയാണ് അധികാരത്തിൽ തുടർന്നത്.[17]

തിരുവിതാംകൂറിന്റെ ലയനംതിരുത്തുക

 
തിരുവിതാംകൂറിന്റെ ഭൂപടം - ഇരുപതാം നൂറ്റാണ്ടിൽ

ഇതിനൊക്കെ സമാന്തരമായി സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ സ്വതന്ത്രമായി നിന്നിരുന്ന നാട്ടുരാജ്യങ്ങളെ മുഴുവൻ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു. വി.പി. മേനോനുമായി നടന്ന ചർച്ചയുടെ പശ്ചാത്തലത്തിൽ ചിത്തിര തിരുനാൾ മഹാരാജാവ് 1949ൽ തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കാൻ സമ്മതം നൽകുകയും ചെയ്തു.

1928 ഏപ്രിലിൽ എറണാകുളത്തു നടന്ന ഒരു സംസ്ഥാനതല രാഷ്ട്രീയ സമ്മേളനത്തിൽ[18] മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപവത്കരിക്കാനുള്ള ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. അതിന്നടുത്തമാസം പയ്യന്നൂരിൽ വച്ചു നടന്ന സമാനമായ മറ്റൊരു സമ്മേളനത്തിൽ ഐക്യകേരള രൂപീകരണത്തിന് മുൻകൈയെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഭരമേല്പിക്കുന്ന ഒരു തീരുമാനവും ഉണ്ടായി. ഇവയുടെ തുടർനീക്കങ്ങളുടെകൂടി ഫലമായി സ്വാതന്ത്ര്യാനന്തരം 1949 ജുലൈ 1 ന് തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. അതേ സമയം 1954 ൽ തെക്കൻ തിരുവിതാംകൂറിൽ തമിഴ് സംസാരഭാഷയായ പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തോട് ചേർക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ തിരുവിതാംകൂർ-തമിഴ്‌നാട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. തുടർന്ന് മാർത്താണ്ഡം, പുതുക്കട എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ചില പോലീസുകാരും ഏതാനും സാധാരണക്കാരും കൊല്ലപ്പെട്ടു. ഈ പ്രദേശത്തെ ആളുകളിൽ പുതിയ മദ്രാസ് സംസ്ഥാനത്തിനോടുള്ള അനുഭാവം തീവ്രമായിരുന്നു. തുടർന്ന് 1956ൽ സംസ്ഥാന പുന:സംഘടനാനിയമപ്രകാരം തെക്കൻ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കൽക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബർ 1ന് തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്നു.

1971 ജൂലൈ 31ലെ ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയാറാം ഭേദഗതി പ്രകാരം ഇന്ത്യയിലെ മറ്റു നാട്ടുരാജാക്കന്മാരോടൊപ്പം തിരുവിതാംകൂർ രാജാവിനും അതുവരെ അനുവദിച്ചിരുന്ന എല്ലാ അവകാശങ്ങളും നഷ്ടമായി. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവും സ്വതന്ത്ര ഇന്ത്യയിൽ റ്റിറ്റുലാർ മഹാരാജാവുമായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ, 1991 ജൂലായ് 12 ന് മസ്തിഷ്കാഘാതത്തെ തുടർന്ന് സ്വന്തം പേരിലുള്ള, താൻ തന്നെ തുടങ്ങിയ ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെടുകയും, ജൂലായ് 20ന് പുലർച്ചെ തന്റെ 79ആമത്തെ വയസ്സിൽ നാടുനീങ്ങുകയും ചെയ്തു.

ആധുനിക തിരുവിതാം‌കൂറിന്റെ ശില്പികൾതിരുത്തുക

 1. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729-58)
 2. കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജ) (1758-1798)
 3. അവിട്ടം തിരുനാൾ ബാലരാമവർമ്മ (1798-1810)
 4. ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ബായി (1810-1815)
 5. ഉത്തൃട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി (1815 - 1829) റിജെന്റ്റ് മഹാറാണി
 6. സ്വാതിതിരുനാൾ രാമവർമ്മ (1829-1847)
 7. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (1847-1860)
 8. ആയില്യം തിരുനാൾ രാമവർമ്മ (1860-1880)
 9. വിശാഖം തിരുനാൾ രാമവർമ്മ (1880-1885)
 10. മൂലം തിരുനാൾ രാമവർമ്മ (1885-1924)
 11. പൂരാടം തിരുനാൾ റാണി സേതുലക്ഷ്മി ബായി (1924-1931) റിജെന്റ്റ് മഹാറാണി
 12. ചിത്തിര തിരുനാൾ ബാലരാമവർമ്മ (1931-1991)

ഭൂമിശാസ്ത്രംതിരുത്തുക

വടക്കു ഭാഗത്ത് കൊച്ചി രാജ്യവും പടിഞ്ഞാറും തെക്കും അറബിക്കടലും, കിഴക്ക് 9000 അടി വരെ പൊക്കം വരുന്ന പശ്ചിമഘട്ടമലനിരകളുമായിരുന്നു രാജ്യത്തിന്റെ അതിരുകൾ. തിരുവിതാം കൂറിന്റെ വിസ്തീർണ്ണം 6,731 ചതുരശ്ര നാഴികയാണ്[19].

നികുതിപിരിവും മറ്റുംതിരുത്തുക

ഗതാഗതസംവിധാനങ്ങൾതിരുത്തുക

രാജാക്കന്മാർ, നാടുവാഴികൾ, ജന്മിമാർ തുടങ്ങിയവർ ഉപയോഗിച്ചിരുന്ന "മഞ്ചൽ", പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ഉള്ള സ്ത്രീകൾ സഞ്ചരിച്ചിരുന്ന "മേനാവ്", കല്യാണം, ആഘോഷം, ഘോഷയാത്ര എന്നിവയ്ക്ക് ഉപയോഗിച്ചിരുന്ന "പല്ലക്ക്" തുടങ്ങിയവയായിരുന്നു ഒരുകാലത്തെ തിരുവിതാംകൂറിലെ കരമാർഗ്ഗമുള്ള പ്രധാന വാഹനങ്ങൾ. റോഡുകൾ വളരെ കുറവായിരുന്നു. യൂറോപ്യന്മാരുടെ വരവിനുശേഷമാണ് റോഡുകൾ വികസിപ്പിക്കാൻ തുടങ്ങിയത്. "വള്ളം" അഥവാ "വഞ്ചി" ആയിരുന്നു ജലഗതാഗതരംഗത്തെ പ്രധാന വാഹനം. ഈ വഞ്ചികൾ പിന്നീട് പലവിധത്തിലും പരിഷ്കരിക്കപ്പെട്ടു. ആന, പോത്ത്, കുതിര എന്നീ മൃഗങ്ങളെ കരയാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. രാജാക്കന്മാരുടെ പ്രധാന വാഹനം ആനയായിരുന്നു. പോത്തിനെയും എരുമയെയും യാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. റോഡുകൾ വികസിക്കാൻ തുടങ്ങിയതോടെ കാളവണ്ടികളും വില്ലുവണ്ടികളും വന്നു. കുതിരവണ്ടികൾ (ജഡുക്ക), കുതിരകളെ പൂണ്ടിയ വലിയ ഫീറ്റൻ വണ്ടികളും നിരത്തുകളിൽ സ്ഥലംപിടിച്ചു. അറബികളാണ് കേരളത്തിൽ കുതിരകളെ കൊണ്ടുവന്നത്. കേരളത്തിലെവിടെയും പ്രധാന റോഡുവികസനത്തിന് കാരണമായത് പടയോട്ടകാലത്ത് പട്ടാളക്കാർ പോയ വഴികളായിരുന്നു. ടിപ്പുസുൽത്താന്റെ യും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പട്ടാളക്കാർ സഞ്ചരിക്കുകയും പീരങ്കികൾ വലിച്ചുകൊണ്ടുപോകുകയും ചെയ്ത വഴികളാണ് പിൽക്കാലത്ത് മലബാറിലും കൊച്ചിയിലും റോഡുകളായത്. ഇംഗ്ലീഷുകാർക്ക് എതിരെ യുദ്ധം ചെയ്ത വേലുത്തമ്പി ദളവയെ പിടികൂടാൻ മദ്രാസിൽ നിന്നും വന്ന പട്ടാളക്കാർ സഞ്ചരിച്ചതും അവർ തമ്പടിച്ചതുമായ സ്ഥലങ്ങളാണ് തിരുവനന്തപുരത്ത് പ്രധാന റോഡുകളായി മാറിയത്. ആദ്യകാലത്ത് ഈ ഇടുങ്ങിയ വഴികളിലൂടെ കാളവണ്ടികൾക്കുപോലും സഞ്ചരിക്കാൻ വിഷമമായിരുന്നു. [17]

1904 നവംബർ 26ന് തിരുനെൽവേലി കൊല്ലം തീവണ്ടിപ്പാത ഉദ്ഘാടനം ചെയ്തതോടെ റെയിൽ ഗതാഗതം തിരുവിതാംകൂറിലും എത്തി. 1918 ജനുവരി ഒന്നിന് തിരുവനന്തപുരം കൊല്ലം ലൈൻ ഉദ്ഘാടനം ചെയ്തു. ചാക്കവരെയായിരുന്നു ആദ്യം തീവണ്ടി ഉണ്ടായിരുന്നത്. 1931ൽ ആണ് അവിടെ നിന്നും തമ്പാനൂരിലേക്ക് നീട്ടിയത്. 1940 കളിലാണ് കൊല്ലത്തിനേയും തിരുവനന്തപുരത്തേയും ബന്ധിപ്പിച്ച് നിരത്തുകൾ വരുന്നതും ബസ്സുകൾ ഓടുന്നതും. ഏതാണ്ട് അതേ കാലത്താണ് ചെങ്കോട്ടയിൽ നിന്നും പുനലൂർ വഴി കൊല്ലത്തേക്കും തുടർന്ന് തിരുവനന്തപുരത്തേക്കുമുള്ള മീറ്റർ ഗേജ് റെയിൽപ്പാതയും പൂർത്തിയായത്. കേരളത്തിൽ തീവണ്ടിഗതാഗതം ശക്തിപ്പെടുന്നതിന് എത്രയോ മുമ്പ് ജലഗതാഗതം ആയിരുന്നു പ്രധാനം. മാർത്താണ്ഡവർമ്മ മഹാരാജാവാണ് ആറുകളെയും തോടുകളെയും കൂട്ടിയിണക്കി ആദ്യം ജലപാതയ്ക്ക് രൂപം നൽകിയത്. സ്വാതി തിരുനാളിനുമുമ്പ് റീജൻറായി തിരുവിതാംകൂർ ഭരിച്ച അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാർവ്വതി ഭായിയാണ് "പാർവ്വതിപുത്തൻ ആറ്" വെട്ടിയത്. തിരുവനന്തപുരത്തെ കല്പാലക്കടവ് (വള്ളക്കടവ്) മുതൽ വർക്കല കുന്നുവരെ ഇടയ്ക്കിടയ്ക്ക് തോടുവെട്ടി കായലുകളെ കൂട്ടിയിണക്കുന്നതായിരുന്നു ഈ ജലപാത. വർക്കല കുന്നാണ് ജലപാതയ്ക്ക് വിഘാതമായി അവശേഷിച്ചത്. എന്നാൽ ഇവിടെ യാത്രക്കാർക്കും സാധനങ്ങൾ കൊണ്ടുവരുന്നവർക്കും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. "പാർവ്വതി പുത്തനാറ്" വർഷങ്ങളോളം പ്രധാന ഗതാഗതമാർഗമായി തുടർന്നു. സ്വാതി തിരുനാളിന്റെ അനുജൻ ഉത്രം തിരുനാൾ ഭരണാധികാരിയായപ്പോൾ തിരുവനന്തപുരവും കന്യാകുമാരിയും ബന്ധിപ്പിക്കുന്ന ഒരു ജലപാതയ്ക്ക് ആരംഭം കുറിച്ചു. എ.വി.എം. (അനന്തവിക്ടോറിയൻമാർത്താണ്ഡം) കനാൽ എന്നാണ് അതിന്റെ പേര്. എന്നാൽ അത് അവിടവിടെയേ നിർമ്മിച്ചുള്ളൂ. വർഷങ്ങൾക്കുശേഷം ആയില്യം തിരുനാൾ മഹാരാജാവായപ്പോൾ ദിവാൻ സർ ടി. മാധവറാവു പൊതുമരാമത്ത് പുനഃസംഘടിപ്പിച്ചു. ബ്രിട്ടനിൽ നിന്നും വന്ന വില്യം ബാർട്ടനെ ചീഫ് എൻജിനീയർ ആയി നിയമിച്ചു. അദ്ദേഹമാണ് വർക്കല കുന്ന് തുരന്ന് കനാൽ നിർമിക്കാൻ ആദ്യം നടപടി ആരംഭിച്ചത്. 1877ൽ ആദ്യകനാലും, 1880 രണ്ടാമത്തെ കനാലും തുറന്നു. ഇതോടെ തിരുവനന്തപുരത്തുനിന്നും ഒരാൾക്ക് ജലമാർഗം തീവണ്ടി ഗതാഗതം ഉള്ള ഷൊർണ്ണൂരിന് സമീപം എത്താമെന്നായി. "ടി.എസ്. കനാൽ " അഥവാ "തിരുവനന്തപുരം തൃശൂർ ഷൊർണ്ണൂർ " എന്ന് അറിയപ്പെട്ടു.[17]

തിരുവിതാംകൂറിൽ ദിവാൻ സർ ടി. മാധവറാവുവിന്റെ യും കൊച്ചിയിൽ ദിവാൻ തോട്ടയ്ക്കാട് ശങ്കുണ്ണിമേനോന്റെ യും നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണം, പാലം നിർമ്മാണം, കെട്ടിട നിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടുസ്ഥലത്തും റോഡ് നിർമ്മാണം വ്യാപകമായി. കാളവണ്ടികളും കുതിരവണ്ടികളുമായിരുന്നു പ്രധാന വാഹനങ്ങൾ. തിരുവിതാംകൂർ കാളവണ്ടിയുടെ സഹായത്തോടെ തിരുനെൽവേലിയ്ക്ക് എക്സ്പ്രസ് സർവീസും, കൊച്ചിയിലേയ്ക്ക് വള്ളത്തിൽ തപാൽ സർവീസും ഏർപ്പെടുത്തി. ജലഗതാഗതരംഗത്ത് യന്ത്രബോട്ടുകൾ എത്തിയത് യാത്രയെ സുഗമമാക്കി. 1912 കാലത്ത് തിരുവിതാംകൂറിൽ മോട്ടോർ കാറുകൾ വന്നുതുടങ്ങി. അതോടെ ജലഗതാഗതത്തിന് പ്രാധാന്യം കുറഞ്ഞു. 1935 ഒക്ടോബർ 29 തിരുവനന്തപുരത്തു നിന്നും ബോംബേയ്ക്ക് വിമാനസർവീസ് ആരംഭിച്ചു.[17]

ആചാരങ്ങൾതിരുത്തുക

ദേശീയഗാനംതിരുത്തുക

വഞ്ചിഭൂമി പതേ ചിരം എന്നു തുടങ്ങുന്ന വഞ്ചീശ മംഗളം എന്ന ഗാനമാണ് തിരുവിതാംകൂറിലെ ദേശീയഗാനമായിരുന്നത്.

അചാരപരമായ വന്ദനംതിരുത്തുക

(Royal Salute) 19 തോക്ക് വെടി

കൊടിതിരുത്തുക

ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ വലമ്പിരിശ്ശംഖ് ആലേഖനം ചെയ്തതായിരുന്നു തിരുവിതാംകൂറിന്റെ പതാക.

സ്ഥാനപ്പേരുകൾതിരുത്തുക

 • രാജാവ്- മഹാരാജ രാജ രാമരാജ ശ്രീ പത്മനാഭ ദാസ വഞ്ചിപാല (******) വർമ കുലശേഖര കിരീടപതി മന്നൈ സുൽത്താൻ ബഹാദുർ, ഷംഷേർ ജങ്. തിരുവിതാംകൂർ മഹാരാജ തിരുമനസ്സ്.
 • രാജ്ഞി (മൂത്ത പെൺ പ്രജ) - ശ്രീ പത്മനാഭസേവിനി വഞ്ചിധർമ്മ വർദ്ധിനി രാജ രാജേശ്വരി മഹാറാണി (*****)ഭായി, അതായത് തിരുവിതാംക്കുറിലെ മൂത്ത മഹാറാണി തിരുമനസ്സ് എന്നും ഉപയോഗിക്കും
 • രാജകുമാരൻ (അനന്തരാവകാശി-മരുമകൻ) - മഹാരാജ കുമാരൻ (*****) വർമ, തിരുവിതാംകൂർ‌ ഇളയരാജ.

(*****) എന്ന സ്ഥാനത്ത് അവരുടെ ശരിയായ പേർ ചേർക്കണം ഉദാ: രാമൻ, വീരകേരള, മാർത്താണ്ഡൻ, ആദിത്യൻ എന്നിവ. എല്ലാ രാജകുടുംബാംഗങ്ങൾക്കു രണ്ടു പേർ ലഭിക്കും ഒന്ന് അവരുടെ സ്വകാര്യമായ പേരും മറ്റൊന്ന് അവരുടെ ജന്മ നക്ഷത്രത്തെ ആസ്പദമാക്കിയുള്ളതും ഉദാ: രോഹിണി തിരുനാൾ രാമവർമ്മ.

 • രാജാവിന്റെ ഭാര്യ -(റാണി ആകുകയില്ല) ശ്രീമതി (******) പനംപിള്ള അമ്മച്ചി
 • രാജാവിന്റെ ആൺമക്കൾ - ശ്രീ (******) തമ്പി
 • രാജാവിന്റെ പെണ്മക്കൾ - (ശ്രീമതി (*****) തങ്കച്ചി. [20]
  • രാജാക്കന്മാർക്കും രാജകുടുംബത്തിലെ പ്രധാനികൾക്കും നായർ സംബന്ധങ്ങളിൽ ഉണ്ടാകുന്ന (പ്രധാനമായും 4 അമ്മ വീടുകളിൽ പുതുമന,അരുമന,വടശ്ശേരി,നാഗർകോവിൽ ), ആൺ മക്കൾ തമ്പി എന്നും പെൺമക്കൾ തങ്കച്ചി എന്നും അറിയപ്പെടുന്നു, എന്നാൽ രാജകുടുംബത്തിൽ സ്ത്രീകൾക്ക് നേരിട്ട് ജനിക്കുന്ന മക്കളുടെ പേരല്ല തമ്പിയും തങ്കച്ചിയും[21]
  • രാജ കുടുംബത്തിലെ സ്ത്രികളെ സംബന്ദം ചെയ്തിരുനത് കോയിത്തമ്പുരാൻ സ്ഥനികൾ ആണ് അവർക്ക് റാണിയെ പേര് വിളിച്ച് അഭിസമ്പോതന ചെയ്യാനോ,പല്ലക്കിൽ കൂടെ ഇരിക്കാനും മറ്റും അനുവാദം ഇല്ലായിരുന്നു

ഹിരണ്യഗർഭംതിരുത്തുക

തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കിരീടധാരണ സമയം നടത്തപ്പെടുന്ന അധികാരപരമായ ചടങ്ങുകളാണ്‌ ഹിരണ്യഗർഭവും, തുലാപുരുഷ ദാനവും. സാമന്തൻ നായരായ മഹാരാജാവിനെ സാമന്ത ക്ഷത്രിയനാക്കുന്ന ചടങ്ങ് ആണ് അത് [22] . ചൊവ്വര-പന്നിയൂർ കൂറുകളിലുള്ള എല്ലാ നമ്പൂതിരിമാരുടേയും മുൻപിൽ വച്ച്‌ കുടുംബപുരോഹിതനായ തരണനല്ലൂർ നമ്പൂതിരിപ്പാടാണ്‌ കിരീടം അണിയിക്കുക. താമരയുടെ ആകൃതിയിൽ പത്തടി പൊക്കവും എട്ടടി ചുറ്റളവും ഉള്ള സ്വർണ്ണപ്പാത്രത്തിൽ പഞ്ചഗവ്യം പകുതി നിറയ്ക്കുന്നു. മലബാർ, തിരുനെൽവേലി, മധുര എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബ്രാഹ്മണർ ചുറ്റും നിന്നു വേദോച്ചാരണം നടത്തവെ പാത്രത്തോടു ചേർത്തു വച്ച അലങ്കാരപ്പണി ചെയ്ത ഗോവണിയിലൂടെ രാജാവ്‌ അകത്തു കയറി പാത്രത്തിലെ തീർത്ഥത്തിൽ അഞ്ചു തവണ മുങ്ങുന്നു. വീണ്ടൂം ചില ആചാരാനുഷ്ഠാനങ്ങൾ കഴിഞ്ഞ്‌ പത്മാനാഭ സ്വാമിയെ സാഷ്ടാംഗം നമസ്കരിക്കുന്നു. തുടർന്ന് മുഖ്യപുരോഹിതൻ കിരീടം ചാർത്തി കുലശേഖരപ്പെരുമാൾ എന്നുരുവിടും. ഹിരണ്യം എന്നു പറയുന്നത് സ്വർണ്ണത്തിനെയാണ്. ഹിരണ്യഗർഭത്തിൽനിന്ന് പുനർജനിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് തിരുവിതാംകൂറിലെ രാജാക്കന്മാരെ പൊന്നുതമ്പുരാക്കൾ എന്നു വിളിക്കുന്നത്‌. [23] ചടങ്ങുകൾ അവസാനിച്ചശേഷം രാജാവ് മുങ്ങിനിവർന്ന സ്വർണപാത്രം അവിടെ കൂടിയിരിക്കുന്ന ബ്രാഹ്മണർക്ക് പങ്കിട്ട് ദാനം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.

ശ്രീ മൂലം തിരുനാൾ ഉൾപ്പെടെയുള്ള തിരുവിതാംകൂർ മഹാരാജാക്കന്മാർ ഹിരണ്യഗർഭവും, തുലാപുരുഷ ദാനവും നടത്തിയിട്ടുണ്ട്. ഭാരിച്ച ചെലവ് കണക്കിലെടുത്ത് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഈ ചടങ്ങ് നടത്തിയില്ല."[24]

ഭരണസ്ഥാപനങ്ങൾതിരുത്തുക

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

 1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
 2. Travancore Almanac & Directory 1919 Published by the Government of Travancore 1918
 3. ഒരു പ്രാചീന ചരിത്രരേഖ, ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം.
 4. ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം.
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 6. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. Cite has empty unknown parameter: |coauthors= (help)
 7. ഒരു പ്രാചീന ചരിത്രരേഖ, ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം.
 8. "The temple that saved a kingdom" (പത്രലേഖനം) (in ആംഗലേയം). ദി ഹിന്ദു. Archived from the original on 2013 ഡിസംബർ 12.
 9. ഡോ. അചുത്ശങ്കർ എസ്. നായർ. "The Demise of Swathi Thirunal: New Facts" (പ്രമാണം) (in ആംഗലേയം). സ്വാതിതിരുനാൾ. Archived from the original on 2013 ഡിസംബർ
 10. ഡോ. അചുത്ശങ്കർ എസ്. നായർ. "The Demise of Swathi Thirunal: New Facts" (പ്രമാണം) (in ആംഗലേയം). സ്വാതിതിരുനാൾ. Archived from the original on 2013 ഡിസംബർ
 11. തിരുവിതാംകൂർ ചരിത്രം - പി.ശങ്കുണ്ണിമേനോൻ 1878
 12. മോഹനമായ രണ്ടു സംഗീതശതകങ്ങൾ, എൽ.ശാരദാതമ്പി- ജനപഥം മാസിക, ഏപ്രിൽ2013
 13. കേരള സംസ്കാര ദർശനം, പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ഏടുകൾ 284-285. കാഞ്ചനഗിരി ബുക്സ്, കിളിമാനൂർ. 695601
 14. കേരള സംസ്കാരം, എ. ശ്രീധരമേനോൻ, ഏടുകൾ. 121-122
 15. A. Sreedhara Menon - "A Survey Of Kerala History Pages 271-274
 16. " ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം " by അശ്വതി തിരുനാൾ ഗൌരി ലക്ഷ്മി ബായി, refer 242-244 താളുകൾ
 17. 17.0 17.1 17.2 17.3 17.4 17.5 17.6 17.7 17.8 "കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം - Dutch in Kerala". ശേഖരിച്ചത് 2022-12-07.
 18. ഡി., ദയാനന്ദൻ. "കേരള യൂണിഫൈഡ്" (PDF). കേരള സർക്കാർ. മൂലതാളിൽ (PDF) നിന്നും 2015-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 19. Check date values in: |accessdate= (help)
 19. റവ. സാമുവൽ മെറ്റീർ. Native Life of Travancore(1883). തിരുവനന്തപുരം: പരിഭാഷ:ഞാൻ കണ്ട കേരളം (2005), എ.എൻ. സത്യദാസ്, ആരോ ബുക്സ്, ധനുവച്ചപുരം. |access-date= requires |url= (help)
 20. http://www.royalark.net/India/trava7.htm
 21. http://www.royalark.net/India/trava7.htm
 22. Fuller, C. J. (Winter 1975). "The Internal Structure of the Nayar Caste". Journal of Anthropological Research 31
 23. പി.ഭാസ്കരനുണ്ണി, പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം,സാഹിത്യ അക്കാഡമി (1988) പേജ്‌ 604
 24. http://www.mathrubhumi.com/paramparyam/story.php?id=230343 Archived 2014-06-19 at the Wayback Machine. MATHRUBHUMI Paramparyam

കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=തിരുവിതാംകൂർ&oldid=3826683" എന്ന താളിൽനിന്ന് ശേഖരിച്ചത്