ഹിന്ദു വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ് വിശ്വകർമ്മാവ് (ത്വഷ്ടാവ്) (സംസ്കൃതം:विश्वकर्मा, വിശ്വം എന്നാൽ ലോകം, കർമ്മാവ് എന്നാൽ സ്രഷ്ടാവ്).

വിശ്വകർമ്മാവ്
സൃഷ്ടാവ്
Vishvakarma seated on a throne, surrounded by his devotees
പദവിദേവൻ
നിവാസംVishwakarma loka
മന്ത്രംഓം വിശ്വകർമ്മണേ നമഃ
ആയുധങ്ങൾകമണ്ഡലു, ഗ്രന്ഥം
ജീവിത പങ്കാളിഗായത്രി
വാഹനംഹംസം

ഹൈന്ദവരുടെ ആദ്യ ഗ്രന്ഥമായ ഋഗ്വേദത്തിൽ കാണുവാൻ കഴിയുന്ന നാമമാണ് വിശ്വകർമ്മാവ്. ഇതേ പേരിൽ ഋഷി നാമവും അതിൽ കാണാം. ഈശ്വരന്റെ സൃഷ്ടി കാമനക്ക് വേദം നൽകിയ പേരാണിത്. അതായത് വിശ്വത്തിന്റെ കർതൃത്വം ഈശ്വരനിൽ ആരോപിക്കപ്പെടുമ്പോൾ അവൻ വിശ്വകർമ്മാവെന്നു അറിയപ്പെടുന്നു. അതായത് പ്രപഞ്ചശില്പി.

പ്രപഞ്ചത്തെ സൃഷ്ടിച്ചവനും എല്ലാറ്റിലും വ്യാപിച്ചു കിടക്കുന്നവനുമായ ഈ വിശ്വകർമ്മാവ് വികാരങ്ങൾ, ബുദ്ധി, ഇച്ഛാശക്തി, ഭാവന എന്നിവയാൽ പരിപൂർണ്ണമാക്കപ്പെട്ടുകൊണ്ട് ജീവികളുടെ ഹൃദയത്തിൽ എപ്പോഴും വസിക്കുന്നു എന്നും ഇത് തിരിച്ചറിയുന്നവർ അനശ്വരരാകുന്നു എന്നും ഉപനിഷത്ത് പറയുന്നു. (ശ്വേതാശ്വേതര ഉപനിഷത് -അദ്ധ്യായം 4 -ശ്ലോകം 17).[1]

പർവ്വതങ്ങളും സമുദ്രങ്ങളും ഉൾപ്പെടെ സമസ്ത ലോകവും നഷ്ടപ്പെടുന്നതിനു ശേഷം വിശ്വത്തിന്റെ സൃഷ്‌ടി നടത്തുന്ന ആ ദേവൻ അഥവാ വിശ്വകർമ്മാവ് കൽപ്പത്തിന്റെ ആദിയിൽ വീണ്ടും വീണ്ടും നിർമ്മിക്കുകയും വിഭജിക്കുകയും ചെയ്യുന്നു[2].

യാസ്കമുനിയുടെ നിരുക്ത നിഘണ്ടുവിൽ വായു, വരുണൻ, രുദ്രൻ, ഇന്ദ്രൻ, പർജ്ജന്യൻ, ബൃഹസ്പതി, ബ്രഹ്മണസ്പതി, ക്ഷേത്രസ്യ പതി, വാസ്തോഷ്പതി, വാചസ്പതി, അപാംന പാത്, യമൻ, മിത്രൻ, കൻ, സരസ്വാൻ, വിശ്വകർമ്മാവ്, താർക്ഷ്യൻ, മന്യു, ദധിക്രാൻ, സവിതാവ്, ത്വഷ്ടാവ്, വാതൻ, അഗ്നി, വേനൻ, അസുനീതി, ഋതൻ, ഇന്ദു, പ്രജാപതി, അഹി, അഹിർബുധ്ന്യൻ, സുപർണ്ണൻ, പുരൂരവാ എന്നിങ്ങനെ മുപ്പത്തിരണ്ടോളം പര്യായ നാമങ്ങളാണ് വിശ്വകർമ്മാവിന് നൽകിയിരിക്കുന്നത്.[3]

വേദങ്ങളിൽ വിശ്വകർമ്മസൂക്തങ്ങളുണ്ട്. ഋഗ്വേദം പത്താം മണ്ഡലം 81, 82, യജുർവേദം അദ്ധ്യായം 17, അഥർവ്വവേദം രണ്ടാം കാണ്ഡം സൂക്തം 35, അഥർവ്വവേദം ആറാം കാണ്ഡം സൂക്തം 122 എന്നിവ ലോകസൃഷ്ടാവായ വിശ്വകര്മാവിനെ സ്തുതിച്ചു കൊണ്ടുള്ള സൂക്തങ്ങളാണ്. ഭൗവ്വനവിശ്വകർമ്മാവ്, ഭൃഗു, അംഗിരസ്സ് എന്നിവർ വിശ്വകർമ്മസൂക്തങ്ങൾ ദർശിച്ച ഋഷിമാരാണ്.

ഹിരണ്യഗർഭൻ, പ്രജാപതി തുടങ്ങിയ പേരുകളിലും ചില സൂക്തങ്ങളിൽ വിശ്വകർമ്മാവിനെ വാഴ്ത്തുന്നുണ്ട്.

ശൈവർ പരമേശ്വരനായും വൈഷ്ണവർ മഹാവിഷ്ണുവായും കാണുന്നത് ഈ പരമാത്മവിനെ തന്നെയാണ്.

നമസ്തേസ്തു ജഗന്നാഥ വിഷ്ണുപാരിഷദേശ്വര വിഷ്വക്സേന നമസ്തേസ്തു നമസ്തേ വിശ്വകർമ്മണേ

(വിഷ്വക്സേന സംഹിത - അദ്ധ്യായം 37)[4]

വിശ്വകർമ്മനമസ്തേസ്തു വിശ്വാത്മാ വിശ്വസംഭവാ വിഷ്ണോ വിഷ്ണോ ഹരേ കൃഷ്ണ വൈകുണ്ഡ പുരുഷോത്തമ

(മഹാഭാരതം - ശാന്തിപർവം - അദ്ധ്യായം 43)[5]

യഃ കാലം ദക്ഷിണാം ചൈവ യജമാനം ഹവിംഷി ച ധാരയന്യ പരശിവോ വിശ്വകർമ്മാ സ പാതു നഃ

(പദ്മപുരാണം - ഭൂഖണ്ഡ വിശ്വകർമ്മ മാഹാത്മ്യം - അദ്ധ്യായം 25)

സൃഷ്ടികർത്താവിനെ ആദിശില്പി എന്ന് സങ്കൽപ്പിച്ചു കൊണ്ട് ശിൽപികൾ ഇദ്ദേഹത്തെ വിശ്വബ്രഹ്മാവായി ആരാധിക്കുന്നു.

സൃഷ്ടി സങ്കല്പം

അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈ രസാച്ച

വിശ്വകർമണഃ സമവത്തതാഗ്രേ

തസ്യ ത്വഷ്ടാ വിദധദ്രൂപമേതി

തന്മർത്യസ്യ ദേവത്വമാജാനമഗ്രേ (പുരുഷസൂക്തം)

ആ ഈശ്വരൻ ഭൂമിയുടെ രചനക്ക് വേണ്ടി ജലത്തിന്റെ സാരാംശത്തെ സ്വീകരിച്ച് അഗ്നിയുടെയും പൃഥ്‌വിയുടെയും പരമാണുക്കളെ സംയോജിപ്പിച്ച് പൃഥ്‌വിയെയും ഇതര ഭൂതങ്ങളുടെ അണുക്കളെയും ചേർത്ത് ജലം, അഗ്നി, വായു എന്നിവയെയും ഇവക്കു തങ്ങുവാൻ ആകാശത്തെയും രചിച്ചു. ഇവയെ രചിച്ചത് കൊണ്ട് ഈശ്വരൻ വിശ്വകർമ്മാവാണ്. ഇവയെല്ലാം നിലവിൽ വരുന്നതിനു മുമ്പും ഈശ്വരൻ ഉണ്ടായിരുന്നു. ഇവക്കെല്ലാം രൂപം നൽകിയതും ഈശ്വരനാണ്. മനുഷ്യരൂപവും ഈശ്വര സൃഷ്ടിയാകുന്നു.[6]

ചക്ഷുഷഃ പിതാ മനസാ ഹി ധീരാ ഘൃതമേനേ അജനമ്നമാനേ

യദേദന്താ അദദൃഹന്ത പൂർവ ആദിദ്യാവാ പൃഥിവീ അപ്രഥേതാം(വിശ്വകർമ്മസൂക്തം)

ശരീരങ്ങളെ രചിക്കുന്നവനും അത്യന്തം ധീരനുമായ വിശ്വകർമ്മാവ് ആദ്യമായി ജലത്തെ സൃഷ്ടിച്ചു. പിന്നീട് ജലത്തിൽ അങ്ങിങ്ങായി ചലിച്ചു കൊണ്ടിരുന്ന ആകാശഭൂമികളെ സൃഷ്ടിച്ചു. അനന്തരം വാനൂഴി പ്രദേശങ്ങളെ ഉറപ്പിച്ചു. അപ്പോൾ ആകാശഭൂമികൾക്ക് ഖ്യാതിയുമായി.[7]

വിരാട് രൂപം

 
ശ്രീമദ് പഞ്ചമുഖ വിരാട് വിശ്വകർമ്മ ദേവൻ

വേദപുരുഷനായ വിശ്വകർമ്മാവിനെ സഹസ്രഷീർഷനും സഹസ്രാക്ഷനും സഹസ്രപാദനുമായി പുരുഷസൂക്തത്തിൽ ഋഷി ദർശിച്ചിരിക്കുന്നു. ഇത് തന്നെ മറ്റൊരു തരത്തിൽ വിശ്വകർമ്മസൂക്തത്തിൽ വിശ്വകർമ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട് എന്ന് പറഞ്ഞിരിക്കുന്നു. ഇത് അമൂർത്തമാണ്. ഗുണകർമ്മങ്ങളെ കൊണ്ട് ഋഷിമാർ ഇതിനെ മൂർത്ത സങ്കല്പത്തിൽ ദർശിക്കുന്നു. അങ്ങനെ ദർശിച്ച വിശ്വകർമ്മാവിന്റെ ആദ്യരൂപമാണ് ആദികല്പത്തിലെ സ്വയംഭൂ പഞ്ചമുഖ ബ്രഹ്മാവ് (ത്വഷ്ടാവ്).

അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പ്പയജ്ഞോപവിതം, രുദ്രാക്ഷം, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു.[8]

വേദങ്ങളിലെ ഭഗവാൻ‌ വിരാട് വിശ്വകർമ്മാവ്

ഋഗ്വേദത്തിൽ പ്രധാനികളായി ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, എന്നീ ദേവന്മാരുണ്ടെങ്കിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ഋഗ്വേദം പത്താം മണ്ഡലം, യജുർവേദം പതിനേഴാം അദ്ധ്യായം എന്നിവയിലും സാമ, അഥർവ വേദങ്ങളിൽ പല അദ്ധ്യായങ്ങളിലും വിശ്വകർമ്മാവിനെ ഏകാനായും പാലകനായും സ്രഷ്ടാവായും ഒക്കെ സ്തുതിക്കുന്ന ഒട്ടേറെ സൂക്തങ്ങൾ ഉണ്ട്.

"വിശ്വകർമ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട്.
അവൻ തന്റെ കരചരണങ്ങളാർ വാനുഴികളെ പ്രകടമാക്കി. ആ വിശ്വകർമ്മാവ് ഏകനാണ്."(ഋഗ്വേദം 10.81.3)[9]

"ലോകത്തിൻറെ സ്രഷ്ടാവായ വിശ്വകർമ്മാവ് ഞങ്ങളുടെ ഉൽപാദകനും പാലകനുമാകുന്നു.
അവൻ ജഗത്തിന്റെ എല്ലാ സ്ഥാനങ്ങളും അറിയുന്നു. അദ്ദേഹം ദേവകൾക്കു നാമകരണം ചെയ്തു.
എല്ലാ ജീവകോടികളും ഏകാമാത്രമായ ആ ദേവനെ പ്രാപിക്കുനതിനു ജിജ്ഞാസുക്കൾ ആകുന്നു. (ഋഗ്വേദം 10.82.3)[9]

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി
ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)[10]

"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും
കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും
ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും
ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും
മണ്ണില് കൊഴിഞ്ഞ ഇലകളുടെയും നാഥനായ അങ്ങേക്ക് (വിശ്വകർമ്മാവിന്) നമസ്ക്കാരം." (കൃഷ്ണയജുര്വേദം 4:6-9)[10]

തൈത്തരീയ സംഹിതയിൽ(4:3:3) വിശ്വകർമ്മാവിന്റെ അഞ്ചു മുഖങ്ങളില് നിന്നും അഞ്ച് ബ്രഹ്മഋഷികള് ഉണ്ടായതായി പറയുന്നു. ഇവര് സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഹഭുവന ബ്രഹ്മഋഷി, പ്രജ്ഞ ബ്രഹ്മഋഷി, സുപർണ്ണ ബ്രഹ്മഋഷി എന്നീ പേരുകളില് അറിയപ്പെടുന്നു.
സനക ബ്രഹ്മഋഷി പൂർവ്വദിശ മുഖത്ത് നിന്നും, സനാതന ബ്രഹ്മഋഷി ദക്ഷിണദിശ മുഖത്ത് നിന്നും, പ്രജ്ഞ ബ്രഹ്മഋഷി ഉത്തരദിശ മുഖത്ത് നിന്നും, അഹഭുവന ബ്രഹ്മഋഷി പശ്ചിമദിശ മുഖത്ത് നിന്നും, സുപര്ണ്ണ ബ്രഹ്മഋഷി പരമപാദദിശാ മുഖത്ത് (ഉച്ചം) നിന്നും ജനിച്ചതായി പറയുന്നു. ഇവർ പഞ്ചഗോത്ര ഋഷിമാരായി കരുതുന്നു.[11]

പുരാണങ്ങളിൽ

വൈദിക കാലത്തു തന്നെ പരമ ചൈതന്യത്തെ, സ്ഥാനത്തെ ആധാരമാക്കി മൂന്നു വകഭേദങ്ങളായി പൂർവ്വാചാര്യന്മാർ വക തിരിച്ചിട്ടുണ്ട്. 1. ദ്വൗസ്ഥാനീയർ 2. അന്തരീക്ഷ സ്ഥാനീയർ 3 - പൃഥ്വിസ്ഥാനീയർ

എന്നാൽ വൈദിക കാലഘട്ടത്തിനു ശേഷം ഇതിനു പ്രാധാന്യം കുറയുകയും ബഹു ഭൂരിപക്ഷവും വിസ്മൃതരാകുകയും ചെയ്തു തൽസ്ഥാനങ്ങളിൽ പുതിയ ദേവതകൾ രംഗ പ്രവേശനം ചെയ്യുകയും ചെയ്തു. അക്കൂട്ടത്തിൽ വേദത്തിൽ നിന്നു കടന്നു വന്ന ദേവതകളിൽ പ്രധാനി പ്രജാപതി ആയിരുന്നു. പ്രജാപതി, പരമേഷ്ഠി, ഹിരണ്യഗർഭൻ, വിശ്വകർമ്മൻ മുതലായ സങ്കല്പങ്ങൾ സൃഷ്ടിയുടെ പ്രതീകങ്ങൾ ആയിരുന്നുവല്ലോ.ബ്രഹ്മ ശബ്ദം കൊണ്ടും ഇവയെ ഗണിച്ചിരുന്നു.

പുരാണ കാലത്ത് സൃഷ്ടിയുടെ ദേവത എന്ന പരിഗണനയിൽ ബ്രഹ്മ ശബ്ദം (വർദ്ധിക്കുന്നത്- ബൃഹത്വാദ് ബൃംഹണാദ് ച ഏവ തദ് ബ്രഹ്മ ഇത്യ ഭിധീയതേ - ബൃഹത്താകയാലും, വർദ്ധിച്ചു കൊണ്ടിരിക്കുകയാലും ബ്രഹ്മമെന്നു പറയപ്പെടുന്നു) കൊണ്ട് മൂർത്തിയായി പരിഗണിച്ചു ബ്രഹ്മാവ് എന്ന ദേവതയായി രൂപപ്പെട്ടു. അപ്രകാരം സൃഷ്ടികർത്താവെന്ന പദവി ബ്രഹ്മാവിനായി തീർന്നു.വേദത്തിലെ വിശ്വകർമ്മാരാധന പുരാണകാലത്തു ബ്രഹ്മാരാധനയിലേക്ക് മാറി.

വിശ്വകർമ്മാ ദേവതിര്യഗാദി ജഗദ്ഭേദ കർത്താ

സത്യലോകവാസീ ചതുർമുഖോ ദേവ: ഇത്യാദി

യജുർവേദം, അദ്ധ്യായം 17ൽ മുപ്പത്തിരണ്ടാം മന്ത്രത്തിലെ വിശ്വകർമ്മ എന്ന ശബ്ദത്തിന് മഹീധര ഭാഷ്യത്തിൽ അർത്ഥം കൊടുത്തിരിക്കുന്നത് മേൽപ്രകാരമാണ്.

വിശ്വത്തെ സൃഷ്ടിക്കുന്നവൻ എന്നർത്ഥത്തിൽ വിശ്വബ്രഹ്മാവ് എന്നും ചില പ്രയോഗങ്ങൾ വന്നു. ഇതോടൊപ്പം വേദത്തിൽ വലിയ പ്രാധാന്യമില്ലായിരുന്ന വിഷ്ണു, രുദ്രൻ എന്നീ സങ്കല്പങ്ങളും ചേർന്നു ത്രിമൂർത്തികളായി പ്രചാരം നേടി. അന്യ ദേവതാ സങ്കല്പങ്ങളെല്ലാം ഗുണാശ്രയമായി ആരോപിച്ചു ഈ മൂന്നു ദേവതമാരിൽ വർഗ്ഗീകരിക്കപ്പെടുകയും ചെയ്തു.

പുരാണങ്ങളിൽ വിശ്വകർമ്മാവ് എന്ന പേരിൽ അറിയപ്പെടുന്നത്, വിശ്വകർമ്മ സ്ഥാനീയരായ ദേവശില്പികളാണ്.

പഞ്ചഋഷി ശില്പികൾ(പാഞ്ചാലർ)

പഞ്ചവക്ത്രസമുത്പന്നാഃ പഞ്ചഭിഃ കർമ്മഭിദ്വിജാഃ മനുർമയസ്തഥാ ത്വഷ്ടാ ശില്പികശ്ച തഥൈവ ച ദൈവജ്ഞഃ പഞ്ചമശ്ചൈവ ബ്രാഹ്മണാഃ പഞ്ചകീർത്തീതാഃ (ബ്രാഹ്മണോല്പത്തി മാർത്താണ്ഡം - പാഞ്ചാലബ്രാഹ്മണോല്പത്തി പ്രകരണം - ശ്ലോകം 1,2)

ഐശ്വര്യം മനുരൂപം ച മയരൂപം ച വൈഷ്ണവം വൈരിഞ്ചം ത്വാഷ്ട്രരൂപം ച മാഹേന്ദ്രം ശില്പികസ്യ ച രൂപം നാരായണസ്യൈവ ദൈവജ്ഞസ്യ പ്രകീർത്തിതം (ബ്രാഹ്മണോല്പത്തി മാർത്താണ്ഡം - പാഞ്ചാലബ്രാഹ്മണോല്പത്തി പ്രകരണം - ശ്ലോകം 6)

അഞ്ച് മുഖങ്ങളിൽ നിന്നും ജനിച്ച അവർ അഞ്ച് പ്രവൃത്തികളാൽ വിഭജിക്കപ്പെട്ട ബ്രാഹ്മണരാണ്. മനു,മയൻ,ത്വഷ്ടാവ്,ശില്പി ദൈവജ്ഞൻ എന്നിവരാണ് അവർ.

മനു ശിവസ്വരൂപിയും മയൻ വിഷ്ണുരൂപിയും ത്വഷ്ടാവ് ബ്രഹ്മരൂപിയും ശില്പി ഇന്ദ്രരൂപിയും ദൈവജ്ഞൻ സാക്ഷാൽ നാരായണരൂപിയും (സൂര്യ നാരായണൻ) ആണ്.[12]

ഈ പഞ്ചദേവതമാർ വഴി വിശ്വകർമ്മ ഉപാസന ആചരിച്ചുവരുന്ന പ്രാചീന ശില്പി വിഭാഗമാണ് പാഞ്ചാലർ.

വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ

ശ്രീ ശിൽപി സിദ്ധാന്തി സിദ്ധലിംഗ സ്വാമിയാണ് ആദ്യമായി സുരേശനായ പഞ്ചമുഖവിശ്വകർമേശ്വരന്റെ ചിത്രം വരച്ചത്. വിശ്വകർമ്മാവ് എന്ന രീതിയിൽ ഇപ്പോൾ കാണപ്പെടുന്ന വയസായ ദേവന്റെ ചിത്രങ്ങൾ ഭൂരിഭാഗവും ഭൗവ്വനവിശ്വകർമ്മ ഋഷിയുടേതാണ്. പശ്ചിമേന്ത്യയിൽ എന്നാൽ ചെറുപ്പക്കാരനായ രൂപമാണ് കാണാറ്, ഇത് ദേവശില്പിയായ സുധന്വാവിശ്വകർമ്മാവാണ്.

വിശ്വകർമ്മ പൂജ

ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായിശ്ചിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികൾക്ക് ഭഗവാൻ തന്റെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്. കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, കാസർഗോഡ് കാഞ്ഞങ്ങാട്ടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന ക്ഷേത്രങ്ങളാണ്.

വിശ്വ കർമ്മദിനം

സെപ്റ്റംബർ 17 വിശ്വ കർമ്മദിനമായി ആചരിക്കുന്നു. ആ ദിവസം വിശ്വകർമ്മ സമുദായത്തിൽ പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് കേരള സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.[13]

അവലംബം

 1. (PDF) https://estudantedavedanta.net/Svetasvatara_Upanishad%20-%20Swami%20Tyagisananda%20(1949)%20%5BSanskrit-English%5D.pdf. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
 2. vayu puranam.
 3. https://archive.org/details/nighantuniruktao00yaskuoft/page/n69/mode/1up?view=theater. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
 4. https://archive.org/details/vishvaksena-samhita-of-lakshmi-narasimha-bhatta-series-no.-17-kendriya-sanskrit-vidyapith-tirupati/page/372/mode/1up. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
 5. (PDF) https://sanskritdocuments.org/mirrors/mahabharata/pdf/mbh-12.pdf. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
 6. (PDF) https://ia600707.us.archive.org/19/items/PurushaSuktham_201812/purushasooktham.pdf. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
 7. https://archive.org/details/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/page/n780/mode/1up?view=theater. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
 8. [(Coomaraswamy, Ananda K (1979): Medieval Sinhalese Art, Pantheon Books INC, New York. Dumezil, Georges (1973))]
 9. 9.0 9.1 [ഋഗ്വേദം അർഥസംഹിതം - വി. ബാലകൃഷ്ണൻ & ആർ. ലീലാദേവി]
 10. 10.0 10.1 [(വേദങ്ങളുടെ മലയാള പരിഭാഷ:എം എം അക്ബർ (2002):ഹൈന്ദവ ധർമ്മവും ദർശനവും,niche of truth]
 11. (PDF) https://sanskritdocuments.org/doc_upanishhat/taittirIyasamhitA.pdf. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
 12. https://archive.org/details/brahmotpatti-martand-in-brihat-jyotisharnava-skandha-6-hari-krishna-shastri/page/n573/mode/1up?view=theater. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
 13. "കേരള ഗസറ്റ് 22.10.2018". Archived from the original on 2021-05-07.
"https://ml.wikipedia.org/w/index.php?title=വിശ്വകർമ്മാവ്&oldid=3973629" എന്ന താളിൽനിന്ന് ശേഖരിച്ചത്