പുത്തേഴത്ത് രാമൻ മേനോൻ

ഇന്ത്യൻ എഴുത്തുകാരൻ

ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിലെ സാമൂഹ്യജീവിതത്തിലും സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് പുത്തേഴത്ത് രാമമേനോൻ. തൃശ്ശൂർ ജില്ലയിലെ മണലൂർ എന്ന പ്രദേശത്തു കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത്‌ പാപ്പു അമ്മയുടെയും മകനായി 1891 ഒക്ടോബർ 19-ന് രാമമേനോൻ ജനിച്ചു. കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാരൻ, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചി നാട്ടുരാജ്യത്തിന്റേയും തൃശ്ശൂരിന്റേയും ചരിത്രത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.[1]

വൈവിദ്ധ്യമാർന്ന നൂറോളം കൃതികളിലൂടെ അദ്ദേഹം തന്റെ പ്രതിഭ പ്രകടിപ്പിച്ചു. ഉപന്യാസകാരൻ, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരൻ, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിൽ എഴുത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ കയ്യൊപ്പു ചാർത്തി. "ശക്തൻ തമ്പുരാൻ" എന്ന ഗ്രന്ഥത്തിലൂടെ പുത്തേഴത്ത്‌ രാമമേനോൻ അനിഷേധ്യനായ ഒരു ചരിത്രകാരനായി. "ഹിന്ദുമതവും സംസ്കാരവും", "സഹസ്രകിരണനായ ടാഗോർ" എന്നീ പഠന ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റ പ്ര ത്യക്ഷോദാഹരണങ്ങൾ ആണ്. "ചതുരാധ്യായി" എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തെ അറിയുക, തൃശ്ശൂർ - ട്രിച്ചൂർ എന്നീ ഉപന്യാസങ്ങൾ അദ്ദേഹത്തിന്റെ ചരിത്ര രചനാരംഗത്തെ മറ്റു സംഭാവനകളാണ്. ബാലസാഹിത്യത്തിൽ അദ്ദേഹത്തിൻെറ കൃതിയാണ് "കുട്ടികളെ നിങ്ങൾ ഈ ആളെ അറിയുമോ?" എന്നത്.

മലയാള സിനിമാ രംഗത്തും രാമമേനോൻ പ്രവർത്തിച്ചു. 1948-ൽ ഇറങ്ങിയ നിർമ്മല എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹമായിരുന്നു. മലയാളത്തിൽ ആദ്യമായി പിന്നണി ഗാനങ്ങൾ പാടിയ ചിത്രവും, ആദ്യമായി ഒരു മലയാളി നിർമ്മിച്ച ചിത്രവുമായിരുന്നു അത്. മലയാളത്തിലെ നാലാമത്തെ ചലച്ചിത്രമാണ് നിർമ്മല. ആ ചിത്രത്തിന്റെ തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമാ ചരിത്രത്തിൽ പുത്തേഴത്ത് രാമ മേനോന്റെ സ്ഥാനം പ്രധാനമാകുന്നു.

നീണ്ടകാലത്തെ സാഹിത്യ സപര്യയ്ക്കു ശേഷം പുത്തേഴത്ത്‌ രാമമേനോൻ 1973 സെപ്തംബർ 22- നു നിര്യാതനായി.

  1. കേരളസർക്കാർ സാംസ്കാരികവകുപ്പിന്റെ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പുത്തേഴത്ത്_രാമൻ_മേനോൻ&oldid=3905960" എന്ന താളിൽനിന്ന് ശേഖരിച്ചത്