വിക്കിപീഡിയ:പഠനശിബിരം/കൊല്ലം 8
തീയ്യതി: 2012 ഒക്ടോബർ 13, ശനിയാഴ്ച
സമയം: 10.00 AM മുതൽ 3.00 PM വരെ
സ്ഥലം: ഗവ. എസ്. എൻ. ഡി. പി. യു.പി. സ്കൂൾ, പട്ടത്താനം
അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തുന്ന വിക്കി വിദ്യാഭ്യാസ പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്; വിക്കി തിരുത്തൽ പരിചയപ്പെടുത്തുന്നതിനായി ഒരു പഠനശിബിരം 2012 ഒക്ടോബർ 12, ശനിയാഴ്ച രാവിലെ 10.00 മുതൽ ഉച്ചകഴിഞ്ഞ് 3.00 വരെ ഗവ. എസ്. എൻ. ഡി. പി. യു. പി. സ്കൂൾ പട്ടത്താനത്ത് വച്ച് നടന്നു.
റിപ്പോർട്ട്
തിരുത്തുകപദ്ധതിയിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ഐ.ടി.@സ്കൂൾ, കൊല്ലം ജില്ലാ റിസോഴ്സ് സെന്ററായ, പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു,പി സ്കൂളിൽ വച്ച് 13.10.2012 ശനിയാഴ്ച രാവിലെ 10 മണിമുതൽ പഠനക്ലാസ്സ് നടന്നു.
മലയാളം ടൈപ്പിംഗ് മെച്ചപ്പെടുത്തുക, വിക്കി പേജുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും കണ്ണിചേർക്കുന്നതിനും മറ്റ് തരത്തിൽ ഫോർമാറ്റിംഗ് നടത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക എന്നിവയായിരുന്നു ഏകദിന ശില്പശാലയുടെ ലക്ഷ്യം. പദ്ധതി അംഗങ്ങളായ 35 കുട്ടികൾക്കൊപ്പം സതീഷ് മാഷും അസീനാ ബീവി ടീച്ചറും രാവിലെ 8.30 ന് തന്നെ അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും ഒരു മിനി ബസ്സിൽ യാത്രതുടങ്ങി. സാധാരണപോലെ ബസ്സിലെ യാത്ര ഏതുപഠന വിനോദയാത്രപോലെയും രസകരമായിരുന്നു. കുട്ടികളോടൊപ്പം ചേർന്ന് അസീനടീച്ചറും പാട്ടുകൾ പാടി എന്നതൊഴിച്ചാൽ ടീച്ചറിന്റെ ഭാഗത്തുനിന്നും മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
യാത്ര കൃത്യം 10 ന് പട്ടത്താനം സ്കൂളിൽ അവസാനിച്ചു. കുട്ടികൾ ആ സ്കൂളിന്റെ ഭൗതികസാഹചര്യവും വിദ്യാർത്ഥി കേന്ദ്രീകൃതമായ ചുറ്റുപാടും കൗതുകപൂർവ്വം നിരീക്ഷിക്കുന്നുണ്ടായിരുന്നു. സ്കൂളിനുപിന്നിലായാണ് ഐ.ടി.@സ്കൂളിന്റെ ഓഫീസും പരിശീലനഹാളും പ്രവർത്തിക്കുന്നത്. എല്ലാവരും ഐ.ടി. ലാബിലെത്തിയപ്പോൾ അവിടെ എല്ലാ കുട്ടികൾക്കും ആവശ്യമായ ലാപ്‌ടോപ്പുകളും മറ്റ് സജ്ജീകരണങ്ങളുമായി വിക്കിപീഡിയരും ഐ.ടി.@സ്കൂൾ പ്രതിനിധികളുമുണ്ടായിരുന്നു. ബഹുമാന്യരായ ഷിജു അലക്സ്, കണ്ണൻ ഷണ്മുഖം, സുഗീഷ് സുബ്രഹ്മണ്യം, അഖിലൻ, കെ.കെ.ഹരികുമാർ, അജയ് ബാലചന്ദ്രൻ, ബിനുമാഷ് എന്നിവരാണ് പരിപാടിയ്ക്ക് ക്രിയാത്മകനേതൃത്വം വഹിച്ചത്. ഐ.ടി.@സ്കൂളിന്റെ ലാബിൽ കുട്ടികൾക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത് അവർക്ക് ഏറെ കൗതുകവും വിസ്മയവും ഉണ്ടാക്കിയിട്ടുണ്ട്. ഒരു ലാപ്‌ടോപ്പിന് രണ്ടുപേർ എന്ന ക്രമത്തിൽ കുട്ടികളെ ഇരുത്തി. പരീശീലനപരിപാടിയ്ക്ക് സ്വാഗതം പറഞ്ഞത് കണ്ണന്മാഷാണ്. അദ്ദേഹം മറ്റ് വിക്കിപ്രവർത്തകരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ എന്നിവ അദ്ദേഹം കുട്ടികൾക്കുമുന്നിൽ ഒരിക്കൽക്കൂടി അവതരിപ്പിച്ചു. കുട്ടികൾ ഇതിനകം തയ്യാറാക്കിയ വിക്കിപേജുകൾ പരിശോധിക്കുകയും ക്രിയാത്മകമായ ചില നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
സ്വാഗതാനുബന്ധസെഷനുശേഷം ശ്രീ.ഷിജു അലക്സ് വിക്കിയിലെ ലേഖനങ്ങൾ, അവയുടെ ഘടന, ലേഖനങ്ങൾ തിരയുന്ന വിധം, മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവയെപ്പറ്റി വിവരിച്ചു. ഇതിനിടയിൽ കുട്ടികളിൽ നിന്നും ഉണ്ടായ വിലപ്പെട്ട സംശയങ്ങൾ അദ്ദേഹം തീർത്തുകൊടുത്തു. സെഷനുകളിൽ കുട്ടികൾ നടത്തിയ പ്രതികരണങ്ങൾ അവരുടെ താത്പര്യവും അന്വേഷണതൽപരതയും വെളിവാക്കുന്നതായിരുന്നു. അതിനു ശേഷം ഒരു ചെറിയ ഇടവേള ആയിരുന്നു. ഇടവേളയ്ക്കുശേഷമുള്ള സെഷൻ കൈകാര്യം ചെയ്തത് മറ്റൊരു വിക്കിപീഡിയനായ ബിനുമാഷാണ്. മലയാളത്തിൽ എങ്ങനെ തെറ്റില്ലാതെ എഴുതാമെന്നും വാക്യങ്ങൾ നല്ല രീതിയിൽ എഴുതുന്നതിനുള്ള ചില പൊടിക്കൈകളും കുട്ടികൾക്ക് അദ്ദേഹം പരിചയപ്പെടുത്തി. പദ്ധതിയിലുൾപ്പെടുത്തി കുട്ടികൾ ചേർത്ത കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം എന്ന ലേഖനം പരിശേധിച്ച് എങ്ങനെ മെച്ചപ്പെട്ട വാക്യഘടനയിൽ എഴുതാമെന്ന് അദ്ദേഹം വിവരിച്ചു. ഓരോ വാക്യവും തമ്മിൽ യോജിപ്പിച്ചും ഇടയ്ക്ക് ചില വാക്കുകൾ ചേർത്ത് വലിയ വാക്യങ്ങളെ വിഭജിച്ച് എഴുതുന്നതിനും അദ്ദേഹം പരിശീലനം നൽകി.
ബിനുമാഷിന്റെ സെഷൻ അവസാനിച്ചതിനുശേഷം കുട്ടികൾ നേരത്തേ പദ്ധതിയുടെ ഭാഗമായി ശേഖരിച്ചുനൽകിയ വിവരങ്ങൾ വിക്കിയിലാക്കുന്നതിന് സമയം നൽകി. ഓരോരോ ലേഖനങ്ങളായി കുട്ടികൾ അവയെ വിക്കിയിൽ ചേർത്തുകൊണ്ടിരുന്നു. അവർക്ക് ആവശ്യമായ സഹായങ്ങളുമായി മുതിർന്ന മലയാളം വിക്കിപീഡിയർ ഒപ്പമുണ്ടായിരുന്നു. കുട്ടികൾ വിക്കിയിൽ ചേർത്തുകൊണ്ടിരിക്കുന്ന ലേഖനങ്ങൾ ഓൺലൈനിലൂടെ സശ്രദ്ധം വീക്ഷിച്ചുകൊണ്ട് മലയാളം വിക്കിപീഡിയനായ ശ്രീ. സുനിൽ വി.എസ്സ് അദൃശ്യസാന്നിദ്ധ്യമറിയിച്ചു. അദ്ദേഹം ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കുകയും സംവാദതാളിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ട് കൂടെയുണ്ടായിരുന്നു. അദ്ദേഹം ഈ താളുകളിൽ ഒന്നിൽ വന്ന ശ്രദ്ധേയതാ ഫലകത്തിന് മറുപടിയായി അവലംബം ചേർത്തു സഹായിക്കുകയും ചെയ്തു.
അന്നേദിവസം വിക്കിയിൽ പുതുതായി ചേർത്ത ലേഖനങ്ങൾ ഇവയാണ്.
1 മണിയോടുകൂടി ആഹാരം കഴിക്കാനായി ഉച്ചവരെയുള്ള സെഷനുകൾ അവസാനിപ്പിച്ചു. വിഭവസമൃദ്ധമായ ഊണായിരുന്നു ശ്രദ്ധേയമായ മറ്റൊരിനം. ഊണിനു ശേഷം കുട്ടികൾ സ്കൂളിൽ പതിപ്പിച്ചിരുന്ന അനേകം പോസ്റ്ററുകൾ നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ശ്രീ കണ്ണൻ മാഷിനോട് ചോദിക്കുകയും ചെയ്തു. പട്ടത്താനം സ്കൂളിനെ ഇത്ര ശ്രദ്ധേയമാക്കുന്നതിൽ കണ്ണൻമാഷിനുള്ള പങ്ക് എത്ര വലുതാണെന്ന് കുട്ടികൾ മനസ്സിലാക്കി.
കൃത്യം 1.30ന് വീണ്ടും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ ചെന്ന് ബാക്കി ടൈപ്പ് ചെയ്യാനുള്ള ഭാഗങ്ങൾ കൂട്ടിച്ചേർക്കാൻ തുടങ്ങി. അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ മറ്റ് വിക്കിപീഡിയർ നൽകുകയും അവരുടെ സംശയങ്ങൾ തീർക്കുകയും ചെയ്തു. തുടർന്നുള്ള സെഷൻ കൈകാര്യം ചെയ്തത് ഡോ.അജയ് ബാലചന്ദ്രൻ ആയിരുന്നു. വധശിക്ഷ പോലുള്ള ലേഖനങ്ങളിലൂടെ ഇരുത്തം വന്ന വിക്കിപീഡിയനായ അദ്ദേഹം ലേഖനങ്ങളിൽ വർഗ്ഗങ്ങൾ എങ്ങനെ ഉപയോഗിക്കാം, അതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഒപ്പം അദ്ദേഹം വിക്കിയിലെത്താനുള്ള സാഹചര്യം, വിക്കിയിൽ പ്രവർത്തിക്കുന്നതുകൊണ്ടുള്ള ഉപയോഗം, വിക്കിപീഡിയയിലെ പഠനം, സംശയനിവാരണം തുടങ്ങി വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ആ സെഷനുശേഷം വീണ്ടും കുട്ടികൾ ബാക്കി ടൈപ്പിംഗ് കൂടി ചെയ്ത് ലേഖനങ്ങൾ മിക്കതും പൂർത്തിയാക്കി. 3.30ഓടുകൂടി ഫോട്ടോസെഷനുപങ്കെടുത്തശേഷം ക്ലാസ്സ് അവസാനിച്ചു. 4.30 ന് സ്കൂളിൽ തിരിച്ചെത്താനും വലിയ മഴയ്ക്കുമുൻപ് കുട്ടികൾക്കെല്ലാം വീട്ടിൽ തിരിച്ചെത്താനും കഴിഞ്ഞു. അനുഭവസമ്പന്നരായ ഒരുകൂട്ടം വിക്കിപീഡിയരുടെ വിശദീകരണങ്ങളിലൂടെ കുട്ടികൾക്ക് വിക്കിപീഡിയ ശൈലി, ലേഖനരൂപം എന്നിവ എത്ര അനായാസകരമായി മനസ്സിലാക്കാൻ കഴിഞ്ഞു!.
പങ്കാളിത്തം
തിരുത്തുക- ഷിജു അലക്സ്
- സതീഷ് ആർ. വെളിയം
- കണ്ണൻ ഷണ്മുഖം
- ഡോ. അജയ് ബാലചന്ദ്രൻ
- കെ. ജെ. ബിനു
- സുഗീഷ് ജി. സുബ്രഹ്മണ്യം
- അഖിലൻ
- കെ. ഹരികുമാർ സർ
- ജെ. അസീനാബീവി ടീച്ചർ
- വിക്കിവിദ്യാഭ്യാസ പദ്ധതിയിൽ പങ്കാളികളായ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ.