കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീധർമശാസ്താക്ഷേത്രം. ക്ഷേത്രത്തെ ചുറ്റി കിഴക്കൻ മലനിരകൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഒരു ഭാഗത്തുകൂടിയാണ് കല്ലടയാർ ഒഴുകുന്നത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ചു ധർമ്മശാസ്തക്ഷേത്രങ്ങളിൽ ഒന്നാമത്തേതെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണു് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം. ശ്രീ ധർമ്മശാസ്താവിനെ ബാലകന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവം ക്ഷേത്രമാണിത്. ക്ഷേത്രത്തോടു ചേർന്നുള്ള സർപ്പക്കാവ് സംരക്ഷിത കാവുകളാണ്. കുളത്തുപ്പുഴയാറ്റിലെ ക്ഷേത്രകടവിലുള്ള മത്സ്യങ്ങൾ "തിരുമക്കളെന്നാണ്" അറിയപ്പെടുന്നത്. വിട്ടുമാറാത്ത രോഗങ്ങൾ അകലുവാനായി ഈ മീനുകൾക്ക് ഊട്ട് നൽകുന്ന പതിവുണ്ട്, പ്രത്യേകിച്ചും ത്വക്ക് രോഗങ്ങൾ അകലുവാനായി ഇവിടുത്തെ മീനൂട്ട് പ്രസിദ്ധമാണ്. പണ്ട് രാസക്രീഡയിൽക്കൂടി വശീകരിക്കാൻ ശ്രമിച്ച ഒരു ജലകന്യകയെ ശാസ്താവ് മത്സ്യരൂപത്തിൽ കിടന്നുകോള്ളാൻ അനുവദിച്ചതായിട്ടാണ് ഐതിഹ്യം. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട്, പാലോട് വഴിയും,കന്യാകുമാരി ജില്ലയിൽ നിന്നുള്ളവർക്ക് കളിയിക്കാവിള - വെള്ളറട - ആര്യനാട് - വിതുര - പാലോട് വഴിയും,
കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കൊല്ലം |
പ്രദേശം: | കുളത്തൂപ്പുഴ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | അയ്യപ്പൻ |
കൊല്ലത്തു നിന്ന് കണ്ണനല്ലൂർ, ആയൂർ, അഞ്ചൽ അല്ലെങ്കിൽ പാരിപ്പള്ളി, പള്ളിക്കൽ, നിലമേൽ വഴിയോ, പത്തനംതിട്ട നിന്നും പത്തനാപുരം, പുനലൂർ, അഞ്ചൽ വഴിയും, തമിഴ്നാട്ടിൽ നിന്നും ചെങ്കോട്ട, ആര്യങ്കാവ് വഴിയും ക്ഷേത്രത്തിൽ എത്തിചേരാം. ശനിയാഴ്ച, വൃച്ഛികമാസത്തിൽ തുടങ്ങുന്ന ശബരിമല മണ്ഡലകാലം തുടങ്ങിയവ വിശേഷ ദിവസങ്ങൾ.
പ്രധാന വഴിപാടുകൾ
തിരുത്തുകനീരാജനം, മീനൂട്ട്, പുഷ്പാഭിഷേകം, നെയ്യഭിഷേകം, പാൽപ്പായസം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അരവണ, അപ്പം, പായസം, രക്തപുഷ്പ്പാഞ്ജലി, അഷ്ടോത്തരാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിവാടുകൾ. അടിമസമർപ്പണമാണ് വഴിപാടുകളിൽ പ്രധാനം. ബാലാരിഷ്ടത മാറാൻ കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തികിടത്തി സമർപ്പിക്കുന്നതാണിത്. നേർച്ച പ്രകാരമാണിതു ചെയ്യുന്നത്.
പ്രതിഷ്ഠ
തിരുത്തുകബാലശാസ്താവാണ് കുളത്തുപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. മനുഷ്യഹത്യ എന്ന പാപത്തിന് പരിഹാരമായി പരശുരാമൻ തന്നെ പ്രതിഷ്ഠ നടത്തിയ അഞ്ച് അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നു കുളത്തൂപ്പുഴയാണെന്നു സങ്കല്പം. കൊട്ടാരക്കര രാജാക്കന്മാരാണ് ക്ഷേത്രം പണിതത്.
ഉപപ്രതിഷ്ഠകൾ.
തിരുത്തുകബാലനായി കുടികൊള്ളുന്ന ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവന്റെ പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിനു പുറത്ത് മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗരാജാവ്, നാഗരമ്മ, യക്ഷി, ഗന്ധർവ്വൻ എന്നീ ഉപദേവതകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്രം വക സർപ്പക്കാവ്.
ഐതിഹ്യം
തിരുത്തുകസഞ്ചാരപ്രിയനായിരുന്ന ഒരു ആചാര്യ ശ്രേഷ്ഠൻ കുളിക്കാനായി ആറ്റിലിറങ്ങി. ഒപ്പം ഉള്ളവർ ഭക്ഷണം പാകംചെയ്യാനായി അടുപ്പ്കല്ല് സ്ഥാപിച്ചപ്പോൾ ഒരണ്ണം എപ്പോഴും വലുതായി തന്നെ ഇരിക്കിന്നു. എത്ര മാറ്റി വെച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ അവർ ആ കല്ല് പൊട്ടിക്കുവാൻ തുടങ്ങി. ശക്തിയുള്ള ഇടിയിൽ കല്ല് എട്ടായി പിളർന്നു. ഇതിൽ നിന്നുണ്ടായ രക്തപ്രവാഹം കണ്ട് സംഘാഗംങ്ങൾ ബോധം കെട്ട് വീണു. വിവരം അറിഞ്ഞെത്തിയ ആചാര്യ ശ്രേഷ്ഠൻ ധ്യാനത്തിൽ ചിതറിത്തെറിച്ച കല്ലിലെ ദൈവസാന്നിധ്യം മനസ്സിലാക്കി. വിവരം അറിഞ്ഞ കൊട്ടാരക്കര രാജാവ് അമ്പലം പണിയുവാൻ വേണ്ട ധനം അദ്ദേഹം നൽകി. ചിതറിത്തെറിച്ച കഷ്ണങ്ങൾ പൂജ നടത്തി പ്രതിഷ്ഠിച്ചു. നാടിന്റെ ദേവനെ കണ്ടത്തിയ കോട്ടാത്തല കുടുംബത്തിന് പ്രതിഫലമായി 150 പറ നിലവും കരയും രാജാവ് നൽകി. രാജഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നതോടുകൂടി ക്ഷേത്രം അവരുടെ കീഴിലായി.
അവലംബം
തിരുത്തുക- കുളിച്ച് തൊഴുത് കുളത്തൂപ്പാറയിൽ - മലയാള മനോരമ, 2012 നവംബർ 14 ബുധൻ. ഡി. ജയകൃഷ്ണൻ (പേജ് 3)