ഭാരതപ്പുഴ

കേരളത്തിലെ ഒരു നദി

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ. അതെ സമയം പൂർണമായും കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ വലുത് പെരിയാർ ആണ്. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. പ്രകൃതി ഭംഗിയാൽ സമ്പന്നമായ നിളാതീരങ്ങൾ ഏറെ പ്രശസ്തമാണ്. അമിതമായ മണൽ വാരൽ ഈ നദിയെ പാടെ തകർത്തു. ജലഗതാഗതത്തിന് യോഗ്യമല്ലാതാക്കി. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.

ഭാരതപ്പുഴ (Bharathappuzha)
നദി
രാജ്യം ഇന്ത്യ
സംസ്ഥാനങ്ങൾ കേരളം, തമിഴ് നാട്
പട്ടണം പൊള്ളാച്ചി, ചിറ്റൂർ, പാലക്കാട്, പറളി, തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, പൊന്നാനി
സ്രോതസ്സ് ആനമല
 - സ്ഥാനം തമിഴ് നാട്, India
 - ഉയരം 2,461 m (8,074 ft)
 - നിർദേശാങ്കം 10°36′N 77°07′E / 10.600°N 77.117°E / 10.600; 77.117
അഴിമുഖം ലക്ഷദ്വീപ് കടൽ
 - സ്ഥാനം പൊന്നാനി, ഇന്ത്യ
 - ഉയരം 0 m (0 ft)
 - നിർദേശാങ്കം 10°47′23.89″N 75°55′17.42″E / 10.7899694°N 75.9215056°E / 10.7899694; 75.9215056
നീളം 209 km (130 mi)
നദീതടം 6,186 km2 (2,388 sq mi)
Discharge for പൊന്നാനി
 - ശരാശരി 161 m3/s (5,686 cu ft/s)
ഭാരതപ്പുഴയുടെ സഞ്ചാരം കാ‍ണിക്കുന്ന ഭൂപടം
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ
ഭാരതപ്പുഴ ഷൊർണൂർ-മംഗലാപുരം റെയിൽപ്പാതയിൽ നിന്നുളള വൈകുന്നേര ദൃശ്യം.
ഭാരതപുഴ ഷൊർണൂരിൽ നിന്നുള്ള ദൃശ്യം
ഭാരതപ്പുഴക്കു കുറുകെയുള്ള തടയണപ്പാലം (വെള്ളീയാങ്കല്ല്) തൃത്താലയിൽ നിന്നുള്ള ദൃശ്യം

നിളയുടെ വഴി

തിരുത്തുക

ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ(തമിഴ്‌നാട് സംസ്ഥാനത്തിൽ) നിന്നാണ്. പടിഞ്ഞാറോട്ടൊഴുകുന്ന ഈ പുഴ കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. പറളിയിൽ കണ്ണാ‍ടിപ്പുഴയും കൽ‌പ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു. അവിടെനിന്ന് പൊന്നാനിയിൽ ചെന്ന് ലക്ഷദ്വീപ് കടലിൽ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.

ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. ഇതിനു കാരണം മണൽ വാരൽ തന്നെയാണ്.6,186 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ്. ഇതിന്റെ മൂന്നിൽ രണ്ടു ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) കേരളത്തിലും, ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ്. വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കു കുറവാണ്. പുഴയുടെ ഒരു വലിയ ഭാഗവും അധികം മഴ ലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് ഇതിനു കാരണം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു. ഇന്ന് വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല. അനധികൃതമായ മണൽവാരലും ഇതിന് കാരണമാണ്. കടുത്ത മാലിന്യപ്രശ്നം മറ്റൊരു കാരണമാണ്. നദിയിലെ ഒഴുക്ക് കൂട്ടാനും മാലിന്യം വരുന്നത് തടയാനും വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല.

കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നിള. അതേ സമയം പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി പെരിയാർ ആണ്.

ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. പാലക്കാട്, പറളി, കിള്ളിക്കുറിശ്ശിമംഗലം, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, തൃത്താല, വരണ്ട്കുറ്റിക്കടവ് ,തിരുവേഗപ്പുറ, കൂടല്ലൂർ, പള്ളിപ്പുറം,കുറ്റിപ്പുറം, കുമ്പിടി എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും. പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു.

ജലസേചനം-ഗതാഗതം

തിരുത്തുക

ഭാരതപ്പുഴക്കു കുറുകെ ആറ് അണക്കെട്ടുകൾ ഇപ്പോൾ നിലവിലുണ്ട്. പുതിയ രണ്ട് അണക്കെട്ടുകളുടെ പണി പുരോഗമിക്കുന്നു. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് മലമ്പുഴയിലെ ഡാമാണ്. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം എന്നിവയാണ്. മിക്കവാറും എല്ലാ അണക്കെട്ടുകളും ജലസേചനത്തിനു മാത്രമുള്ളവ ആണ്. 773 ച.കി.മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികൾ ജലം പകരുന്നു. കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂർ ഡാമും ഇന്ന് നിർമ്മാണത്തിലാണ്. ഈ അണക്കെട്ടുകൾ കൂടി പൂർത്തിയാവുമ്പോൾ മൊത്തം ജലസേചനം നടത്തുന്ന ഭൂപ്രദേശം 542 ച.കി.മീ കൊണ്ട് വർദ്ധിക്കും. ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഭാരതപ്പുഴക്കു കുറുകെയുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ പാലമാണ് മായന്നൂർ പാലം [അവലംബം ആവശ്യമാണ്]. ഒരു കിലോമീറ്ററോളം നീളം ഉള്ള ഈ പാലം ഒരേ സമയം ഭാരതപ്പുഴയേയും പാലക്കട്‌-ഷൊർണൂർ റെയിൽപ്പാതയേയും മറികടക്കുന്നു. .മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്തുള്ള തടയണപ്പാലം പൊന്നാനിയേയും തിരൂരിനേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു. കൂടാതെ കൊച്ചി-കോഴിക്കോട് ദൂരം 40 കിലോമീറ്ററോളം കുറക്കാനും ഈ പാലം സഹായിക്കുന്നു.

സാംസ്കാരിക പ്രാധാന്യം

തിരുത്തുക

കേരളസംസ്കാരത്തിന് ഏറ്റവും സംഭാവന നൽകുന്ന നദി. കേരളപൈതൃകത്തിന്രെ പര്യായമായ നദി. വള്ളത്തോൾ നിളയെ സ്തുതിക്കുന്നു

ആ രംഗം സർവ്വമാച്ഛാദിതമഹഹ ചിരാത് കാലമാം ജാലവിദ്യ

ക്കാരൻ തൻ പിംഛികോച്ചാലനമുലകിൻ വരുത്തില്ല എന്തെന്തുമാറ്റം
നേരമ്പോക്കെത്ര കണ്ടൂ ഭവതി ഇഹ പദം തോറുമെന്തൊക്കെ മേലിൽ

സ്വൈരം കാണും ത്രിലോകപ്രഥിത നദി നിളാദേവി നിത്യം നമസ്തേ

ഭാരതപ്പുഴയുടെ തീരം കേരളത്തിലെ പ്രകൃതിഭംഗി പ്രദേശമാണ്. അതുകൊണ്ടുതന്നെ സമകാലീന സിനിമകളിൽ ഈ പ്രദേശം വളരെയധികം രംഗങ്ങളിൽ ദ്രുശ്യവൽകരിയ്ക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ്. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം. അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം. അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. എം.ടി. വാസുദേവൻ നായർ, എം. ഗോവിന്ദൻ, വി.കെ.എൻ. തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. . ഭാരതപ്പുഴയുടെ അടുത്തുള്ളതിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. കർക്കിടക വാവിന് പിതൃക്കൾക്ക് മക്കൾ പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരിൽ ഒ.വിവിജയനും വി.കെ.എന്നും ഉൾപ്പെടുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ നിത്യകന്യകയെത്തേടിഅലഞ്ഞ പി കുഞ്ഞിരാമൻ നായർ ഒരു പ്രതീകമായി അവശേഷിക്കുന്നു. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം നിളാതീരത്താണ്. പ്രസിദ്ധ ദേവാലയങ്ങളായ മാസാനിയമ്മൻ കോവിൽ, ചിറ്റൂർക്കാവ്, തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം, കല്പാത്തി വിശ്വനാഥസ്വാമിക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം, തിരുവഞ്ചിക്കുഴി ശിവക്ഷേത്രം, പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പട്ടാമ്പി പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രം, തൃത്താല ശിവക്ഷേത്രം, മല്ലൂർ ശിവപാർവ്വതിക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ചമ്രവട്ടം ശാസ്താക്ഷേത്രം, വൈരങ്കോട് ഭഗവതി ക്ഷേത്രം തുടങ്ങിയവ ഭാരതപ്പുഴയുടെയും കൈവഴികളായ കല്പാത്തിപ്പുഴയുടെയും കണ്ണാടിപ്പുഴയുടെയും കരകളിലാണ് സ്ഥിതിചെയ്യുന്നത്..

പോഷകനദികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഭരതപ്പുഴയോട് ചേർന്നൊഴുകുന്നു.

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭാരതപ്പുഴ&oldid=4079555" എന്ന താളിൽനിന്ന് ശേഖരിച്ചത്