കേരളത്തിലെ തൃശൂർ ജില്ലയിൽപെട്ട തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിനാട് (ചെങ്ങഴിക്കോട് ) പ്രദേശം കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് ചെങ്ങഴി നമ്പി എന്ന ചെങ്ങഴി നമ്പ്യാർ (Chengazhi Nambiar) . ചരിത്രപരമായി ചെങ്ങഴിക്കോട് പ്രദേശത്തെ നാടുവാഴിയായിരുന്നു ചെങ്ങഴി നമ്പ്യാർ. കേരളത്തിലെ തൃശൂർ ജില്ലയിലെ ഇപ്പോഴത്തെ ചൊവ്വന്നൂർ, ചൂണ്ടൽ, എരുമപ്പെട്ടി, കടങ്ങോട്, വേലൂർ, കിരാലൂർ , തയ്യൂർ ,.പഴവൂർ മുണ്ടത്തിക്കോട്, പുതുരുത്തി ,കോട്ടപ്പുറം ,മങ്ങാട്, ചിറ്റണ്ട. വരവൂർ, ചേർന്ന 18 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ഒരു ചെറിയ നാട്ടുരാജ്യമാണ്‌ ചെങ്ങഴിനാട്.

ഐതിഹ്യം തിരുത്തുക

ശുകപുരം ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ വംശത്തിൽപ്പെട്ടവരാണിവർ എന്നും , പന്നിയൂർ , ശുകപുരം ഗ്രമങ്ങൾ തമ്മിലുള്ള വഴക്കിൽ ഇടപെട്ട് ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്യ്തു എന്നും അങ്ങനെ ആഭിജാത്യത്തിൽ ന്യൂനത സംഭവിച്ചു എന്നുമുള്ള ഒരു ഐതിഹ്യം ഇവർക്കുണ്ട്. മാമാങ്ക ചരിത്രത്തിലെ ഏടുകളിൽ ഒന്നായ ചെങ്ങഴി നമ്പ്യാർ പാട്ടിൻ്റെ അവസാന ഭാഗങ്ങളിൽ പന്നിയൂർ , ശുകപുരം കൂറുകളിലെ വഴക്കിനെ പറ്റിയും പന്നിയൂരെ വെള്ളം ഞാൻ പണ്ടേ കുടിക്കില്ല എന്നുമുള്ള പരാമർശ്ശവും ഈ ഐതിഹ്യത്തിന് ചരിത്രത്തിൻ്റെ ബലം നൽകുന്നു.

ആചാരാനുഷ്ഠാനങ്ങൾ തിരുത്തുക

ഷോഡശസംസ്കാരത്തോടുകൂടിയ വിശ്വാമിത്ര (അഘമർഷണ കൗശീക ) ഗോത്രക്കാരായ ഇവർ നാല് താവഴിയാണ്. ആചാരാനുഷ്ഠാനങ്ങൾക്ക് ബ്രഹ്മക്ഷത്രിയ (വാൾനമ്പി, നമ്പിടി, നമ്പ്യാതിരി) സമുദായാചാരങ്ങളുമായി ചില സാമ്യതകളുണ്ട്. എന്നാൽ ഇതിൽ മൂത്ത താവഴി തെക്കെപാട്ട് നമ്പിമാർക്ക് നമ്പൂതിരി വിധിപ്രകാരം ഉള്ള (പകഴിയൻ) ആചാരാനുഷ്ഠാനങ്ങളും, ക്രിയാ സ്ഥാനത്തിന് നമ്പൂതിരിമാരുമാണ്. മൂത്ത താവഴിക്ക് ചെങ്ങഴിക്കോട് [യാഗാധികാരി] നാടുവാഴി എന്നീ സ്ഥാനങ്ങളുമുണ്ട്. എന്നാൽ ഓത്തില്ല. ക്ഷേത്രമണ്ഡപത്തിൽ കയറാനും മണിയടിച്ചു തൊഴാനും അവകാശമുണ്ട് .മറ്റ്‌ മൂന്ന് താവഴികൾക്കും തന്ത്രം മാത്രമേ ഉള്ളു. അവർക്ക് യോഗാധികാരി [ഊരാളൻ] മുപ്പിൽ എന്നീ സ്ഥാനമുണ്ട്. ഇവരുടെ പൌരോഹിത്യം കാലടി , മുത്തമന എന്നീ രണ്ട് നമ്പൂതിരിമാർക്കായിരുന്നു . പെൺകുട്ടികൾക്ക് ഋതുകല്യാണമെന്ന തിരണ്ടുകല്യാണാഘോഷമുണ്ട്. വിവാഹം അഗ്നിസാക്ഷിയായിട്ടുള്ള വേളിയാണ് മറ്റ് അനുബന്ധ ആചാരങ്ങളായ ആയനി ഊണ്; എണ്ണ തേച്ച് കുളിച്ച് പിറന്നാൾ പോലെ ഊണ് കഴിക്കുക. വധുവിൻറെ ഗ്രഹത്തിൽ എല്ലാവരുംകൂടി "മംഗലയാതിര" പാടി വധുവിന്റെ ബാധാമാലിന്യങ്ങളെ നീക്കി ഉഴിയാനുള്ള ആയിരം തിരി തെറുക്കൽ , കുടിവെപ്പ് മുതലായവയും ഉണ്ടായിരുന്നു . സ്ത്രീകൾക്ക് കുലത്തൊഴിലൊന്നുമില്ല. പേരിനുകൂടെ നങ്ങ എന്ന് ചേർത്ത് വിളിക്കും . പുറത്ത് ഇറങ്ങുന്നസമയത്ത് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു. വേളികഴിച്ചയാൾ മരിച്ചു കഴിഞ്ഞാൽ , വിധവാ വിവാഹം സ്വജാതിയിലോ നമ്പൂതിരിജാതിയിൽ പെട്ടവരൊയൊ നടത്താൻ അനുവദിച്ചിരുന്നു.ദായ ക്രമം നോക്കിയാൽ മരുമക്കതായവും , മക്കത്തായവും, രണ്ടും കലർന്ന ഒരു മിശ്രിതമായ ദായാക്രമമായി കണക്കാക്കേണ്ടി വരും.

പുരുഷന്മാർക്ക് ഉപനയനം, ബ്രഹ്മചര്യവ്രതം,സമാവർത്തനം,108 ഗായത്രിയും മറ്റും ഉള്ളവരാണ്. വിശേഷ ദിവസങ്ങളിൽ അഭിവാദ്യം ചെയ്യുന്ന സമയത്ത് ഗോത്ര സൂത്രദികൾ പറഞ്ഞ് പേരിനോട് കൂടെ ശർമ്മൻ എന്ന് ചേർത്ത് അഭിവാദ്യം ചെയ്യാറുണ്ട് . മൂത്തയാൾ മാത്രമേ സ്വജനവിവാഹം (വേളി) കഴിച്ചിരുന്നുള്ളു. അത് ഒന്നിലധികമായിരുന്നു'. ഇളയ സഹോദരങ്ങൾക്ക് വിധിച്ചിരുന്നത് അനുലോമവിവാഹമായിരുന്നതിനാൽ ക്ഷത്രിയനായർ, നായർ /അന്തരാളജാതി(വാര്യർ, മാരാർ, പൊതുവാൾ, പിഷാരടി )സ്ത്രീകളെ സംബന്ധം ചെയ്തിരുന്നു. പത്തു ദിവസമായിരുന്നു പുല. നമ്പ്യാന്മാർ ജന്മികളും നാടുവാഴികളുമായിരുന്നതിനാൽ കുലത്തൊഴിൽ എന്നു പറയാൻ ഒന്നുമില്ല.

 
ചൊങ്ങഴി നമ്പ്യാർ

ചെങ്ങഴി നമ്പിയെ നാടുവാഴിആയതിനാൽ നമ്പ്യാർ എന്ന് ബഹുമാന സൂചകമായി വിളിക്കുന്നു എന്നതല്ലാതെ, അന്തരാളജാതി അമ്പലവാസി നമ്പ്യാർ, നായരുനമ്പ്യാർ , എന്നീ വിഭാഗങ്ങളുമായി സമാനതകൾ ഒന്നും തന്നെ ഇല്ല.

പാലക്കാട്ടെ നാട്ടുരാജാവുമയുള്ള യുദ്ധം തിരുത്തുക

1560– AD കാലഘട്ടത്തിൽ കുറൂർ മനയിലെ മൂത്ത കാരണവരും പാലക്കാട്ടെ നാട്ടുരാജാവിനും തമ്മിൽ സ്വൈരക്കേടുണ്ടാവുകയും അതുവഴി ജീവഹാനി ഉണ്ടാവുമെന്ന് പേടിച്ച് കുറൂർ മനക്കാർ, ചെങ്ങഴിനാട് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പ്യാരുടെ സഹായം തേടി. ചെങ്ങഴി നമ്പ്യാർ ആചാരപൂർവ്വം ക്ഷണിച്ച് കുറൂര് മനക്കാരെ ചെങ്ങഴിനാട്ടിലേക്ക് കൊണ്ടുവന്ന് നാട്ടിൽ ഇരുത്തുകയും മനക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യ്ത് കൊടുക്കുകയും ചെയ്യ്തു . എന്നാൽ ഇത് പാലക്കാട് നാടുവാഴിയുമായുള്ള യുദ്ധത്തിന് കാരണമായി . ചെങ്ങഴി നമ്പ്യരും , പാലക്കാട് നാട്ടുവാഴിയും തമ്മിൽ നടന്ന യുദ്ധത്തിൽ വിജയിച്ച ചെങ്ങഴി നമ്പ്യാർ തൻ്റെ പടനായകരായ പാറംകുളം പണിക്കൻമ്മാരുടെ സഹായത്തോടെ കീഴടക്കിയ പ്രദേശത്തിന്റെ സ്ഥാനം നിർണ്ണയിച്ചുകൊണ്ട് സ്ഥാപിച്ച ആദൂരിലെ കാൽനാട്ടിപ്പാറ ഒരു ചരിത്രസ്മാരകമാണ്. അന്ന് കുറൂമന നിന്നിരുന്ന സ്ഥലത്ത് വെങ്ങിലശേരിയിൽ ചരിത്രസ്മരണ നിലനിർത്തി കൊണ്ട് ഇന്ന് കുറുരമ്മയുടെ പേരിൽ പ്രസിദ്ധമായ ഒരു ശ്രീകൃഷ്ണ ക്ഷേത്രവും കാണാൻ കഴിയും.

AD1505-ലെ മാമാങ്കം തിരുത്തുക

1498-ൽ വാസ്കോ ഡ ഗാമ കാപ്പാട്ടെത്തുന്നത് മലബാർ തീരത്തെപ്പറ്റി പോർത്തുഗലിൽ ലഭ്യമായ വിവരണങ്ങളിലൂടെയാണ്. അന്ന് സാമൂതിരി പൊന്നാനിയിലാണ് താമസം. അന്നത്തെ നഗരവും തുറമുഖവും പാശ്ചാത്യനാടുകളുടേതുമായി തുലനം ചെയ്യാവുന്ന രീതിയിലുമായിരുന്നു. പോർത്തുഗീസുകാരെ വരവേറ്റെങ്കിലും മുസ്ലീം എതിർപ്പുണ്ടായിരുന്നു. ഇതുമൂലം കബ്രാൾ രാഷ്ട്രീയമായി കൊച്ചിക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. തൻമൂലം AD 1503-ൽ സാമൂതിരി കൊച്ചി ആക്രമിച്ചു.ഈ ആക്രമണത്തിൽ രാജാ ഉണ്ണിരാമൻ കോയിക്കൽ ഒന്നാമനടക്കം മുന്ന് രാജ്യ കുടുബാങ്കങ്ങൾ കൊലചെയ്യപ്പെട്ടു. അതിനു പ്രതികാരമെന്നോണം AD1505-ലെ മാമാങ്കത്തിൽ ചെങ്ങഴിനമ്പ്യാരുടെ നേതൃത്വത്തിൽ വന്ന ചാവേറുകൾ സാമൂതിരിയെ വധിക്കാനായി ശ്രമിച്ചിരുന്നു. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. എന്നാൽ ഈ മാമാങ്കത്തിൽ ചെങ്ങഴിനമ്പ്യാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കി മുന്നേറിയെങ്കിലും ചെങ്ങഴി നമ്പ്യാർ ഉൾപ്പടെ എല്ലാ ചാവേറുകളും വീരമൃത്യു വരിച്ചതായും, സാമൂതിരി പക്ഷത്തു വലിയ ആൾനാശമുണ്ടായതായും , ചാവേർപാട്ടുകളായ ചെങ്ങഴിനമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിൽ പരാമർശമുണ്ട്.

സാമൂതിരിയുടെ മേൽകോയമ തിരുത്തുക

AD 1700-ൽ സാമൂതിരിയുടെ ആക്രമണഫലമായി പെരുമ്പടപ്പ് പ്രദേശം അന്യാധീനപ്പെട്ടു. തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായി, ശക്തൻ തമ്പുരാൻ വരുന്നതു വരെ.സാമൂതിരി ഭക്തരായ വടക്കുന്നാഥൻ, പെരുവനം യോഗാതിരിപ്പാടുമാർ സാമൂതിരിയെ സഹായിച്ചു കൂടെ നിന്നു.. ഈ കാലഘട്ടത്തിൽ ചെങ്ങഴിനമ്പ്യന്മാരും സാമൂതിരിയുടെ മേൽകോയമ സ്വീകരിച്ചതിന് ശേഷം സാമൂതിരിക്ക് വേണ്ട സൈനിക സഹായങ്ങൾ നൽകി കൂടെ നിന്നതായി വടക്കുംനാഥക്ഷേത്രഗ്രന്ഥവരിയിൽ കാണാൻ കഴിയും.

തിരുവഞ്ചികുളം ക്ഷേത്രത്തിലെ പ്രായശ്ചിത്തം തിരുത്തുക

തിരുവിതാംകൂറിൻ്റെ സഹായത്തോട്കൂടി സാമൂതിരിയെ ഒഴിപ്പച്ചതിന് ശേഷം . സാമൂതിരിയെ യുദ്ധത്തിൽ സഹായിച്ചതിന് പകരമായി 940-മാണ്ട് കർക്കിടകം 30-ന് തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ വെച്ച് പെരുമ്പടപ്പ് സ്വരൂപം, ചെങ്ങഴി നമ്പ്യാന്മാരെ കൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചു എന്നും വടക്കുംനാഥക്ഷേത്രഗ്രന്ഥവരിയിൽ കാണുന്നു. പിന്നീട് അങ്ങോട്ട് സ്വതന്ത്ര ഭരണം നഷ്ടമയ ചെങ്ങഴിനാട് പൂർണ്ണമായും കൊച്ചിരാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു , എങ്കിലും കൊച്ചി രാജാവ് ചെങ്ങഴിനാട്ടിൽ പതിനെട്ടു പ്രദേശങ്ങളുടെ ഭരണാധികാരം നമ്പ്യാർക്ക് നൽകി. ഭരണസൌകര്യത്തിന് വേണ്ടി ഓരോ ദേശത്തും ഓരോ സ്ഥാനി നായരെ പടത്തലവന്മാരായി നിയോഗിച്ച് ഉപാധികളോടെ ഭരണം നടത്തുവാനും കരം പിരിക്കുവാനും അനുവദിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇവരെ ചെങ്ങഴിക്കോട് പ്രവൃത്തി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നു.

അവലംബം തിരുത്തുക

1 - Kochi Rajya Charithram Author . KP .Padmanabha Menon
2 - A handbook of Kerala, Volume 2 T. Madhava Menon, International School of Dravidian Linguistics
3 - History of Kerala -- R. Leela Devi.
4 - Kerala district gazetteers, Volume 2
5 - A History of Kerala, 1498-1801
6 - (http://lsgkerala.in/velurpanchayat/history/ Archived 2019-12-21 at the Wayback Machine. )
7 - GOVERNMENTOFINDIA GEOGRAPHICALINDICATIONS JOURNALNO.62
8 - http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D

9 - People of India: Kerala (3 pts.) - Page 1111 By KS singh.

10 - Kerala A Journey in Time Part II ( Kingdom Of Cochin & Thekamkoor Rajyam ) By George Abraham Pottamkulam.

11 - Aryanmaruṭe kuṭiyettaṃ, Keraḷattil Volumes 3-4 By Kanippayyur Sankaran Nambudiripad.

"https://ml.wikipedia.org/w/index.php?title=ചെങ്ങഴി_നമ്പ്യാന്മാർ&oldid=4009619" എന്ന താളിൽനിന്ന് ശേഖരിച്ചത്