ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ്‌ എന്നും, പഴുത്ത്‌ മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു. വിവിധ ഇനം വാഴകൾ സാധാരണയായി കൃഷിചെയ്യാൻ ഉപയോഗിക്കാറുണ്ട്‌. വാഴയുടെ വിവിധ ഇനങ്ങൾ അലങ്കാര ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്‌. തെക്ക്‌-കിഴക്കൻ ഏഷ്യയാണ്‌ വാഴയുടെ ജന്മദേശമെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളം കൃഷിചെയ്തുവരുന്നു. ഉഷ്ണമേഖലയിലെ ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൃഷിക്കനുയോജ്യമായ സസ്യമാണ്‌ വാഴ. വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന ഭാഗമായ‌ കന്നാണ്‌ സാധാരണ കൃഷിയാവശ്യത്തിനായി ഉപയോഗിക്കാറുള്ളത്‌.

Banana
2018 06 TropicalIslands IMG 2170.jpg
Banana 'tree' showing fruit and inflorescence
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Fruits of four different banana cultivars

കൃഷി ചെയ്യേണ്ട വിധംതിരുത്തുക

മണ്ണൊരുക്കൽതിരുത്തുക

നല്ല നീർവാർച്ചയുള്ള, 50 സെ.മീ. ആഴമുള്ള മണ്ണാണ് അനുയോജ്യം. 20 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ് യോജിച്ച താപനില. 50 സെ.മീ. നീളവും ആഴവും വീതിയുമുള്ള കുഴികൾ എടുക്കണം. എന്നാൽ, വെള്ളക്കെട്ടുള്ളതും താഴ്ന്നതുമായ സ്ഥലങ്ങളിൽ വാരം കോരിയോ കൂനകൂട്ടിയോ മാത്രമേ നടാവൂ.

കാലാവസ്ഥതിരുത്തുക

പ്രതിവർഷം ശരാശരി 2000 മി.മീ. മുതൽ 4000 മി.മീ. വരെ മഴ കിട്ടുന്ന പ്രദേശങ്ങളിൽ വാഴ കൃഷിചെയ്യാം.

വാഴക്കന്ന് തെരഞ്ഞെടുക്കൽതിരുത്തുക

വാഴയുടെ നടീൽവസ്തുവിനെ വാഴക്കന്ന് എന്നാണ്‌ അറിയപ്പെടുന്നത്. രോഗകീടബാധകളില്ലാത്ത തോട്ടങ്ങളിൽ നിന്നുമാണ്‌ നടുന്നതിനായി വാഴക്കന്നുകൾ ശേഖരിക്കുന്നത്. വലിയ വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന മൂന്ന് നാലുമാസം പ്രായമുള്ള സൂചിക്കന്നുകളാണ്‌ നടുന്നതിനായി ശേഖരിക്കുന്നത്. രോഗങ്ങളോ കീടങ്ങളോ ബാധിക്കാത്തതും 35-45 സെ.മീ. ചുറ്റളവും 700-1000 ഗ്രാം ഭാരവും ഇടത്തരം വലിപ്പവുമുള്ള സൂചികന്നുകൾ നടാൻ ഉപയോഗിക്കാം.[1] മാണപ്പുഴു, നിമാവിരകൾ എന്നിവയെ നീക്കം ചെയ്യണം.മാണത്തിനുമുകളിൽ 15-20 സെ.മീ. ഉയരത്തിൽ കന്നുകൾ മുറിയ്ക്കണം. മാണപ്പുഴു, നിമാവിരകൾ എന്നിവയെ നീക്കം ചെയ്യണം. വേരുകൾ, വലിപ്പമുള്ള പാർശ്വമുകുളങ്ങൾ ഇവ നീക്കം ചെയ്ത് ചാണകം, ചാരം ഇവ കലക്കിയ വെള്ളത്തിൽ 3-4 ദിവസം വച്ച്, വെയിലത്തുണക്കണം. നടുന്നതിന്‌ മുൻപ് 15 ദിവസം വരെയെങ്കിലും തണലിൽ തന്നെ സൂക്ഷിക്കുകയും വേണം[2].

കന്നുനടേണ്ട സമയംതിരുത്തുക

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് കേരളത്തിൽ നേന്ത്രവാഴ നടാൻ പറ്റിയ സമയം.

കന്നുകൾ തമ്മിലുള്ള അകലംതിരുത്തുക

വിവിധയിനം വാഴയിനങ്ങളിലെ കന്നുകൾ നടാനുള്ള അകലം താഴെത്തന്നിരിക്കുന്നു.[3]

ഒരു ഹെക്ടറിൽ നടാവുന്ന വാഴകളുടെ എണ്ണം ഇനം ചെടികൾ തമ്മിലുള്ള അകലം മീറ്ററിൽ അടിക്കണക്കിൽ
2150 പൂവൻ, മൊന്തൻ, പാളയംകോടൻ, ചെങ്കദളി 2.13 x 2.13 (7 x 7)
2500 നേന്ത്രൻ 2.0 x 2.0 (6 3/4x 6 3/4)
1730 ഗ്രോമിഷൽ 2.4 x 2.4 (8 x 8)
2310 റോബസ്റ്റ, മോൺസ്മേരി, ഡ്വാർഫ് കാവൻഡിഷ് 2.4 x 1.8 (8 x 6)

നടുന്ന വിധംതിരുത്തുക

കുഴിയ്ക്കുമധ്യത്തിൽ മാണത്തിന്റെ പകുതിയും ഉൾക്കൊള്ളത്തക്കവിധത്തിൽ ചെറിയ കുഴിയെടുത്ത് കന്നുകൾ കുത്തനെ നിറുത്തി നടണം. കന്നുണക്കുന്ന സമയം കീടനാശിനികൾ ഉപയോഗിച്ചില്ലെങ്കിൽ നടുന്നതിനുമുമ്പ് ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2.5 മി.ലി., 1 ലി. വെള്ളത്തിൽ എന്ന കണക്കിൽ അര മണിക്കൂർ മുക്കിവച്ചശേഷം നടണം. ജൈവവളങ്ങൾ കുഴിയിലിട്ട് വളരുന്നതോടെ, വളപ്രയോഗത്തിനുമുമ്പ് വാഴ മൂടിയാൽമതി. മഴക്കാലത്താണ് വാഴ നടുന്നതെങ്കിൽ കുഴികൾ ഉടനെതന്നെ മൂടേണ്ടതാണ്.

വളപ്രയോഗംതിരുത്തുക

നടുന്ന സമയത്തോ ഒരുമാസത്തിനുശേഷമോ10 കി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ പച്ചിലയോ ചേർക്കണം. അമ്ലരസമണ്ണാണെങ്കിൽ 1/2 മുതൽ 1 കി.ഗ്രാം വരെ കുമ്മായം നടുമ്പോൾ ചേർക്കാം. വാഴയൊന്നിന് വർഷത്തിൽ ഇനമനുസരിച്ച് താഴെത്തന്നിരിക്കുന്ന രീതിയിൽ വളം പ്രയോഗിക്കാം.[4]

വാഴയിനം പാക്യജനകം ഭാവഹം ക്ഷാരം യൂറിയ രാജ്ഫോസ് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്
നേന്ത്രൻ (നനവാഴ) 190 115 300 415 520 500
പാളയംകോടൻ (വേനൽവാഴ) 100 200 400 220 900 665
മറ്റിനങ്ങൾ 160-200 160-200 320-400 350-440 720-900 525-665

വാഴപ്പഴംതിരുത്തുക

 
വാഴപ്പഴം
 
നാല് തരം വാഴപ്പഴങ്ങൾ

വാഴയുടെ പാകമായ ഫലത്തെ വാഴപ്പഴം എന്നു വിളിക്കുന്നു. സാധാരണയായി മഞ്ഞ നിറത്തിലുള്ള ആവരണമായ പഴത്തൊലിയാൽ പൊതിഞ്ഞാണ്‌ കാണപ്പെടുന്നത്‌. ചില ഇനങ്ങളിൽ തവിട്ട്‌ നിറത്തിലും പാടല നിറത്തിലും കാണപ്പെടുന്നു. വാഴപ്പഴം ജീവകം എ, ജീവകം ബി-6. ജീവകം സി, മാംസ്യം എന്നിവയാൽ സമൃദ്ധമാണ്‌. വാഴപ്പഴത്തിനുള്ളിൽ കാണപ്പെടുന്ന കറുത്ത തരികൾ പൂർണ്ണമായും വിത്തുകളാവാത്ത അണ്ഡങ്ങളുടെ ശേഷിപ്പുകളാണ്‌, ഇത്‌ വാഴയുടെ വിത്ത്‌ എന്നറിയപ്പെടുന്നു. ഇവ വാഴക്കന്ന് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാറില്ല.

 
വാഴക്കുല

വാഴയിലതിരുത്തുക

 
വാഴയിലയിൽ ഒരു സദ്യ

വിശേഷാവസരങ്ങളിൽ കേരളീയർ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നു. അട, ചക്ക പലഹാരം എന്ന ചക്കയട എന്നിവ ഉണ്ടാക്കുന്നതു വാഴയിലയിലാണ്‌. ആയുർവേദത്തിൽ പല ചികിൽത്സകളും ഇതിൽ കിടത്തിയാണ്‌ ചെയ്യുന്നത്. ഹിന്ദുക്കൾ ശവശരീരം ചിതയിലേക്കെടുക്കുന്നതിനു മുമ്പുള്ള ക്രിയകൾ വീടിന്റെ മുറ്റത്ത് വാഴയിലയിൽ കിടത്തിയാണു ചെയ്യുന്നത്.

 
വാഴയില

വാഴക്കൂമ്പ്‌തിരുത്തുക


 
വാഴകൂമ്പ്

വാഴക്കൂമ്പിന്റെ മൂത്ത പോളകൾ എടുത്തുമാറ്റിയാൽ മൂപ്പെത്താത്ത പോളകൾ കാണാം. വാഴപ്പിണ്ടി പോലെ ഇതും ഭക്ഷ്യയോഗ്യമാണ്. ഇവ കൂട്ടി അരിഞ്ഞുണ്ടാക്കുന്ന തോരൻ സ്വാദിഷ്ഠമായ വിഭവമാണ്.[5][6]

വാഴക്കാമ്പ്‌തിരുത്തുക

വാഴപ്പിണ്ടിതിരുത്തുക

 
വാഴപിണ്ടി കുറുകെ ഛേദിച്ചത്
 
വാഴയിൽ നിന്നെടുത്ത വാഴപ്പിണ്ടി

വാഴയുടെ മധ്യഭാഗത്തുള്ള നല്ല വെളുത്ത നിറമുള്ള ഭാഗമാണ് പിണ്ടി. ഇത് ഭക്ഷ്യയോഗ്യമാണ്. പിണ്ടികൊണ്ടുണ്ടാക്കിയ തോരൻ കേരള ഗൃഹങ്ങളിൽ സാധാരണ ഉണ്ടാക്കാറുള്ള വിഭവമാണ്. പിണ്ടിയ്ക്ക് വയറിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്.

വാഴനാര്‌തിരുത്തുക

പ്രധാന ലേഖനം: വാഴനാര്

വാഴയുടെ പോളയോട് ചേർന്നുള്ള ഉണങ്ങിയ നാര് താൽകാലിക ആവശ്യത്തിന് കയറിനു പകരം ഉപയോഗിക്കാറുണ്ട്. വാഴപ്പോളകൾ കീറി ഉണക്കിയും വാഴനാര് തയ്യാറാക്കുന്നു. ഇങ്ങനെ എടുക്കുന്ന വാഴനാര്‌ ഉപയോഗിച്ച് ബാഗുകൾ, തടുക്കുകൾ, അലങ്കാര വസ്തുക്കൾ, ഉടുപ്പുകൾ എന്നിവവരെ ഉണ്ടാക്കുന്നുണ്ട്[7]. ആദ്യപടിയായി നാര്‌ വേർതിരിച്ചെടുക്കുന്നു. ഒന്നോ രണ്ടോ പുറം പോളകൾ നീക്കം ചെയ്ത് ബാക്കിയുള്ള പോളകൾ ഇളക്കി ഏകദേശം അര മീറ്റർ നീളത്തിൽ മുറിച്ച്; ഇരുമ്പുകൊണ്ട് നിർമ്മിച്ച പ്രത്യേകതരം ആയുധം കൊണ്ട് ബലമായി ചീകി നാര്‌ വേർപെടുത്തി എടുക്കുന്നു. പോളകളുടെ അകവശമാണ്‌ ഇത്തരത്തിൽ ചീകുന്നത്. ഇങ്ങനെ വേർതിരിച്ച് എടുത്തിരിക്കുന്ന നാരുകൾ തണലത്ത് നിരത്തി ഉണക്കി സൂക്ഷിക്കുന്നു. കയറിനെപ്പോലെ വാഴനാരിലും നിറം പിടിപ്പിക്കാം. ഒരു കിലോ നാരിൽ ഏകദേശം 25 ഗ്രാം മുതൽ 30 ഗ്രാം വരെ നിറം വേണ്ടിവരും. നാര്‌ നിറം ചേർക്കുന്നതിന്‌ രണ്ട് മണിക്കൂർ മുൻപ് വെള്ളത്തിലിട്ടു വയ്ക്കുന്നു. അതിനുശേഷം വെള്ളത്തിൽ നിന്നും എടുത്ത്; നാര്‌ മുങ്ങിക്കിടക്കാൻ പാകത്തിൽ നിറം ചേർത്ത വെള്ളത്തിൽ ഇട്ടു രണ്ടു മണിക്കൂർ ചൂടാക്കുന്നു. അതിൽ നിന്നും പുറത്തെടുത്ത് വീണ്ടും വെള്ളത്തിൽ കഴുകി തണലത്ത് ഉണക്കാൻ ഇടുന്നു. വാഴനാര്‌ സംസ്കരണത്തിന്‌ പരിശീലനം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്റ്റ്റീസിലും നൽകപ്പെടുന്നുണ്ട്[7].

രോഗങ്ങൾതിരുത്തുക

വെള്ളക്കൂമ്പ് രോഗംതിരുത്തുക

പ്രധാന ലേഖനം: വെള്ളക്കൂമ്പ് രോഗം

വാഴയുടെ കൂമ്പിലയുടെ അഗ്രഭാഗം വിരിയാതെ പുറത്തുവരികയും കൂമ്പില വെള്ളനിറമായി മാറുകയും ചെയ്യുന്ന ഒരു രോഗമാണ് വെള്ളക്കൂമ്പ് രോഗം. സാധാരണയായി കാത്സ്യത്തിന്റെ കുറവുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. വഴനട്ട് നാലാം മാസം മുതൽക്കാണ് ഈ രോഗം പ്രത്യക്ഷപ്പെടുക. അഞ്ച് - ആറ് മാസം പ്രായമാകുമ്പോൾ രോഗം തീവ്രമായി പ്രത്യക്ഷപ്പെടുന്നു. ഘട്ടം-ഘട്ടമായി ഉണ്ടാകുന്ന ഈ രോഗത്തിൽന്റെ തുടക്കകാലങ്ങളിൽ തലിരിലകളിൽ അല്ല രോഗത്തിന്റെ ലക്ഷണം കാണപ്പെടുക. തളിരിലകൾ സാധാരണപോലെ വിരിഞ്ഞ് പാകമായി വരുമ്പോൾ ഇലയുടെ ചുവട്ടിൽ നിന്നും ഏകദേശം 10-15 സെന്റീമീറ്റർ ഭാഗത്ത് ഇലകളിൽ ചെറിയ കുഴികൾ (ആഴത്തിലുള്ള മടക്കുകൾ) രൂപപ്പെടുന്നു. ഈ മടക്കുകൾക്ക് ഏകദേശം അര സെന്റീമീറ്റർ വരെ ആഴവുമുണ്ടാകാം. അടുത്ത ഇല ഉണ്ടാകുമ്പോൾ അവയുടെ ഞരമ്പുകൾക്ക് ലംബമായി മഞ്ഞകലർന്ന വരകൾ കാണപ്പെടുന്നു. ഇത്തരം വരകൾ ഇലയിലെ സ്വാഭാവികമായുള്ള ഒടിവുകൾക്ക് കുറുകെകാണ് ഈ വരകൾ കാണപ്പെടുക. അടുത്ത ഘട്ടത്തിൽ ഉണ്ടാകുന്ന കൂമ്പിലയിൽ മഞ്ഞവരകൾ കൂടാതെ കുഴിവുകളും കാണപ്പെടുന്നു. അടുത്ത ഘട്ടത്തിൽ കൂമ്പിലകൾ വെള്ളനിറത്തിലാകുകയും അഗ്രഭാഗം ചീയുകയും ചെയ്യുന്നു.

ഈ രോഗത്തിന്റെ പ്രതിവിധിയായി കാത്സ്യം നൽകുന്നത് പത്രപോഷണം എന്ന വളപ്രയോഗരീതിയിലൂടെയാണ്. കാത്സ്യം നേരിട്ട് ഇലകളിൽ പ്രയോഗിക്കുന്ന രീതിയാണിത്. കാത്സ്യത്തിനൊപ്പം ബോറോൺ കൂടി ചേർത്ത് പ്രയോഗിക്കുന്നത് കൂടുതൽ ഫലം ചെയ്യുന്നതായി കണ്ടേത്തിയിട്ടുണ്ട്. ഈ രോഗത്തിന് പത്രപോഷണം വഴി ഒരിക്കൽ മാത്രം വളപ്രയോഗം നൽകിയാൽ മതിയാകും.

വിവിധ ഇനം വാഴകൾതിരുത്തുക

 
വാഴത്തോട്ടം

കുറിപ്പ്തിരുത്തുക

ദഹനശക്തി കൂട്ടുന്നതിനുള്ള പ്രധാന വിഭവമാണ്‌ വാഴപ്പഴം. വാഴപ്പിണ്ടി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ അർശസ്‌ എന്ന അസുഖത്തിന്‌ ആശ്വാസം ഉണ്ടാകും. കൂടാതെ വയറ് ശുദ്ധീകരിക്കുന്നതിനും വാഴപ്പിണ്ടികൊണ്ടുള്ള ആഹാരം സഹായിക്കും. വാഴയുടെ പൂവ് കഴിക്കുന്നത് അമിതമായി മൂത്രംപോകുന്നത് തടയുന്നു. വിളഞ്ഞ് പാകമായ ഏത്തക്ക ഉണക്കിപ്പൊടിച്ചത് പാലിൽ കലക്കി നൽകിയാൽ കുട്ടികൾക്കുണ്ടാകുന്ന വയറിളക്കം, ഗ്രഹണി മുതലായ അസുഖങ്ങൾ മാറും. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കും.

കായ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾതിരുത്തുക

 
നേന്ത്രക്കായ വളരുന്ന ഘട്ടത്തിൽ

രസാദി ഗുണങ്ങൾതിരുത്തുക

 1. രസം:മധുരം
 2. ഗുണം:സ്നിഗ്ധം, മൃദു, ശീതം
 3. വീര്യം:ശീതം
 4. വിപാകം:മധുരം

ഔഷധയോഗ്യ ഭാഗംതിരുത്തുക

ഫലം , ഇല, പിണ്ടി, മാണം [8]

ഔഷധ ഉപയോഗങ്ങൾതിരുത്തുക

വാഴയിലയും വാഴത്തണ്ടും കരിച്ചുണ്ടാക്കുന്ന ചാരം ശീതപിത്തം (സ്കർ‌വി), അമ്ളത, നെഞ്ചെരിച്ചിൽ, വിരബാധ എന്നിവയെ ശമിപ്പിക്കുന്നു. വാഴമാണം പിത്തം, ശീതപിത്തം, തൊണ്ടവീക്കം, മദ്യപാനശീലം എന്നിവയുടെ ചികിൽസക്ക് നൽകുന്നു. കുടൽ വ്രണം മാറാൻ ഏത്തയ്ക്കാ പൊടി പതിവായി കഴിച്ചാൽ മതി. അധികം പഴുക്കാത്ത ഏത്തയ്ക്ക അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രത്യുത്പാദന ശേഷി കൂട്ടുമെന്നു പറയുന്നു.[9]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

 1. കൃഷിയങ്കണം, 2012 ഒക്ടോബർ- 2013 ജനുവരി, പേജ് 5
 2. വാഴ കർഷക കേരളം
 3. കൃഷിയങ്കണം, 2012 ഒക്ടോബർ- 2013 ജനുവരി, പേജ് 6
 4. കൃഷിയങ്കണം, 2012 ഒക്ടോബർ- 2013 ജനുവരി, പേജ് 7
 5. DoolNews. "വാഴക്കൂമ്പ് തോരൻ". ശേഖരിച്ചത് 2020-10-14.
 6. തിരുവനന്തപുരം, കുമാരി എസ്, അങ്കണവാടി വർക്കർ. "രുചിയേറും വാഴക്കൂമ്പ് തോരൻ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-14.
 7. 7.0 7.1 കർഷകശ്രീ മാസിക. ജൂൺ 2008. താൾ 43
 8. ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
 9. കേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=വാഴ&oldid=3464825" എന്ന താളിൽനിന്ന് ശേഖരിച്ചത്