ഐരാണിക്കുളം മഹാദേവക്ഷേത്രം
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. (2025 ജനുവരി) |
പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ മാളയിൽ നിന്നും ഏകദേശം ആറുകിലോമീറ്റർ ദൂരത്തിൽ കുണ്ടൂർക്ക് പോകുന്ന വഴിയിൽ ഐരാണിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുണ്ട്. രണ്ടും പരമശിവൻ തന്നെയാണെങ്കിലും ഒന്ന് ലിംഗരൂപമാണെങ്കിൽ മറ്റേത് വിഗ്രഹരൂപമാണെന്ന വ്യത്യാസമുണ്ട്. ശിവന് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠ അപൂർവ്വമാണെന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാകുന്നു. വിഗ്രഹരൂപത്തിലുള്ള ശിവനോടൊപ്പം അതേ പീഠത്തിൽ പാർവ്വതീദേവിയുടെയും സുബ്രഹ്മണ്യസ്വാമിയുടെയും പ്രതിഷ്ഠകളുമുണ്ട്. ഇത് മറ്റൊരു വലിയ പ്രത്യേകതയാണ്. രണ്ട് പ്രതിഷ്ഠകൾക്കും പ്രത്യേകമായി നാലമ്പലങ്ങളും ബലിക്കല്ലുകളും കൊടിമരങ്ങളുമുണ്ടെന്നത് വലിയ പ്രത്യേകതയാണ്. ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, ശാസ്താവ്, ഭുവനേശ്വരി (കാരോട്ടമ്മ), നാഗദൈവങ്ങൾ, യക്ഷിയമ്മ എന്നിവരും സമീപം പ്രത്യേകം ക്ഷേത്രത്തിൽ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ ശിവരാത്രി, നവരാത്രി, വിഷു, മണ്ഡലകാലം തുടങ്ങിയവയും അതിവിശേഷമായി ആചരിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐരാണിക്കുളം മഹാദേവക്ഷേത്രം | |
---|---|
![]() ഐരാണിക്കുളം മഹാദേവക്ഷേത്രം - തെക്കുകിഴക്കുനിന്നുള്ള ദൃശ്യം | |
സ്ഥാനം | |
രാജ്യം: | ![]() |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ |
സ്ഥാനം: | ഐരാണിക്കുളം, മാള |
നിർദേശാങ്കം: | 10°12′17″N 76°16′34″E / 10.204614°N 76.2760127°E |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | കേരളീയ ശൈലി |
ഐതിഹ്യം
തിരുത്തുകഐതിഹ്യപ്രകാരവും ചരിത്രപ്രകാരവും ഈ ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠ തെക്കേടത്തപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന, ലിംഗസ്വരൂപിയായ മഹാദേവനാണ്. ഈ പ്രതിഷ്ഠ ത്രേതായുഗത്തിൽ തന്നെ നടത്തിയെന്ന് ഐതിഹ്യം പറയുന്നു. ഈ പ്രതിഷ്ഠ വന്നതിനുപിന്നിൽ പറയുന്ന ഒരു ഐതിഹ്യം ഇങ്ങനെയാണ്: ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയകുലത്തെ മുടിച്ചതിന്റെ പാപത്തിൽ നിന്ന് രക്ഷനേടാൻ പരശുരാമൻ കേരളഭൂമി സൃഷ്ടിച്ചു. തുടർന്ന് പ്രസ്തുത ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്ത അദ്ദേഹം, അവരെ 64 ഗ്രാമക്കാരായി തിരിയ്ക്കുകയും ഓരോ ഗ്രാമത്തിനും ഓരോ ക്ഷേത്രം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. അവയിലൊരു ഗ്രാമമായിരുന്ന ഐരാണിക്കുളത്തിന്റെ ഗ്രാമക്ഷേത്രമായിരുന്നു ഇത്. എന്നാൽ, പിന്നീടൊരിയ്ക്കൽ ഇവിടെയുണ്ടായിരുന്ന ആദ്യത്തെ ശിവലിംഗം കാണാതാകുകയും പകരം മണലും ദർഭയും കൂട്ടി പുതിയ ശിവലിംഗം നിർമ്മിയ്ക്കുകയും ചെയ്തു. അതാണ് ഇപ്പോൾ കാണാൻ സാധിയ്ക്കുന്നത്.
ചരിത്രം
തിരുത്തുകക്ഷേത്രത്തിൽ നിന്നും ക്ഷേത്രവ്യവസ്ഥ ലംഘിക്കുന്നവർക്കുള്ള ശിക്ഷ, ക്ഷേത്രത്തിന് ദാനം കിട്ടിയ സ്വത്തുവിവരം മുതലായവ രേഖപ്പെടുത്തിയ ധാരാളം ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[1] അറുപത്തിനാലു ഗ്രാമങ്ങളിൽ ഒന്നായ ഐരാണിക്കുളം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ഇത്. ചേരന്മാരുടെ ഭരണം ദുർബ്ബലമായപ്പോൾ ക്ഷേത്രഭരണം നമ്പൂതിരിമാരുടെ കയ്യിലായി. എന്നാൽ അവർ തമ്മിലുള്ള ആഭ്യന്തരകലഹം മൂത്തപ്പോൾ ഭരണകർത്താക്കളായിരുന്ന ഇല്ലക്കാർ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് രണ്ട് പ്രതിഷ്ഠ നടത്തിയെന്നും അതിനാലാണ് ക്ഷേത്രത്തിൽ രണ്ട് ശിവപ്രതിഷ്ഠകൾ വന്നതെന്നും പറയപ്പെടുന്നു. അവ തെക്കേടത്തപ്പനെന്നും വടക്കേടത്തപ്പനെന്നും അറിയപ്പെടുന്നു.
എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ മൂർത്തിയും ഐരാണിക്കുളത്തപ്പനാണെന്നാണ് ഭക്തജനവിശ്വാസം. പ്രസ്തുത ക്ഷേത്രത്തിന്റെ ഊരാളകുടുംബമായ അകവൂർ മനയുടെ ആസ്ഥാനം ആദ്യം ഐരാണിക്കുളമായിരുന്നുവെന്നും പിന്നീട് ഇവിടെയുണ്ടായ പ്രശ്നങ്ങൾ കാരണം ഇപ്പോഴത്തെ ദിക്കിലേയ്ക്ക് മാറിയതാണെന്ന ക്ഷേത്ര ഐതിഹ്യത്തെ സാധൂകരിയ്ക്കുന്നതാണ് ഈ ചരിത്രരേഖ.
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകഐരാണിക്കുളം ഗ്രാമത്തിന്റെ ഒത്ത നടുക്ക്, മാള-കുണ്ടൂർ വഴിയുടെ പടിഞ്ഞാറായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. പ്രധാന വഴിയിൽ നിന്നുനോക്കിയാൽത്തന്നെ ക്ഷേത്രം മുഴുവനും കാണാവുന്നതാണ്. അവിടെനിന്ന് അല്പം നടന്നാൽത്തന്നെ ക്ഷേത്രകവാടത്തിന് മുന്നിലെത്താം. നിലവിൽ ക്ഷേത്രത്തിലെവിടെയും ഗോപുരങ്ങളോ വലിയ ആനപ്പള്ളമതിലോ പണിതിട്ടില്ല. അവ പണിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ക്ഷേത്രത്തിന് വടക്കുകിഴക്കും തെക്കുമായി രണ്ട് കുളങ്ങളുണ്ട്. ഇവയിൽ ആദ്യത്തേതിന് പുതുക്കുളം എന്നാണ് പേര്. ഇതിനാണ് വലുപ്പവും പ്രാധാന്യവും കൂടുതൽ. തിരുവാതിരക്കാലത്ത് നിത്യേന ഇങ്ങോട്ട് പാർവ്വതീദേവിയുടെ എഴുന്നള്ളത്തും ആറാട്ടുമുണ്ടാകാറുണ്ട്. ഉത്സവവാസനം ഭഗവാന്റെ ആറാട്ടും ഇവിടെത്തന്നെയാണ്. പുതുക്കുളത്തിന്റെ കരയിലാണ് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് ദർശനം നൽകുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ, ഭക്തപ്രഹ്ലാദനെ അനുഗ്രഹിച്ച് ശാന്തനായിനിൽക്കുന്ന നരസിംഹമൂർത്തിയാണ്. ഇവിടെ ഉപദേവതകളാരുമില്ല. ശിവന്റെ രൗദ്രഭാവം കുറയ്ക്കാനാണ് ഈ പ്രതിഷ്ഠ നടത്തിയതെന്നും, അതല്ല ശൈവ-വൈഷ്ണവസൗഹൃദത്തിന്റെ പ്രതീകമാണെന്നുമെല്ലാം പറഞ്ഞുകേൾക്കുന്നുണ്ട്. എന്തായാലും പ്രധാന ക്ഷേത്രത്തെ അപേക്ഷിച്ച് ഇതിന് പഴക്കം കുറവാണെന്ന് തീർച്ചയാണ്. അഷ്ടമിരോഹിണി, വിഷു, വൈശാഖമാസം, തിരുവോണം എന്നിവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ മാസത്തിലെയും രണ്ട് ഏകാദശികളും ഇവിടെ വിശേഷമാണ്.
തെക്കേടത്ത് ക്ഷേത്രം
തിരുത്തുകകിഴക്കേ നടയിലൂടെ മതിലകത്തെത്തുമ്പോൾ ആദ്യം കാണാൻ സാധിയ്ക്കുന്നത്, ഭഗവദ്വാഹനമയ നന്ദികേശനെ ശിരസ്സിലേറ്റി ഉയർന്നുനിൽക്കുന്ന വലിയ സ്വർണ്ണക്കൊടിമരമാണ്. 2015-ലാണ് ഇവിടെ ഈ കൊടിമരം പ്രതിഷ്ഠിച്ചത്. അതിനുമുമ്പ് അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് താത്കാലിക കൊടിമരമുണ്ടാക്കിയാണ് ഉത്സവത്തിന് കൊടിയേറ്റിയിരുന്നത്. ക്ഷേത്രത്തെ ഗതകാലപ്രൗഢിയിലെത്തിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇതിനെ കണ്ടുവരുന്നു. കൊടിമരത്തിനപ്പുറത്ത് നന്ദികേശന്റെ ഒരു ശിലാവിഗ്രഹം നമുക്ക് കാണാൻ സാധിയ്ക്കും. അല്പമൊരു വിഷാദഭാവത്തോടെയുള്ള നന്ദികേശനാണ് ഇവിടെയുള്ളത്. തന്റെ ഭഗവാൻ തന്നെ പുറത്താക്കിയതിലുള്ള വിഷാദമാണ് നന്ദിയ്ക്കുള്ളതെന്നാണ് ഭക്തജനവിശ്വാസം. ഇതിനുമപ്പുറമാണ് ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല്. ഏകദേശം പന്ത്രണ്ടടി ഉയരം വരുന്ന ഈ ബലിക്കല്ല്, കേരളീയക്ഷേത്രങ്ങളിലെ ഏറ്റവും ലക്ഷണമൊത്ത ബലിക്കല്ലായി കണ്ടുവരുന്നു. ഏറ്റവും മുകളിലെ ഭാഗമായ പത്മം മുതൽ ഏറ്റവും താഴെയുള്ള ഭാഗമായ പാദുകം വരെയുള്ള എല്ലാ ഭാഗങ്ങളും വാസ്തുശാസ്ത്രപ്രകാരമായ ലക്ഷണങ്ങളൊത്ത് നിർമ്മിച്ചിട്ടുള്ള ഈ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്, ഭഗവാന്റെ പ്രധാന സൈന്യാധിപനായ ഹരസേനനെയാണ്. കൂടാതെ, ഇതിന്റെ പാദുകത്തോടുചേർന്ന് എട്ട് ചെറിയ ബലിക്കല്ലുകളും കാണാൻ സാധിയ്ക്കും. ഇവ ഭഗവാന്റെ ഉപസൈന്യാധിപന്മാരെ പ്രതിനിധീകരിയ്ക്കുന്നു. എന്നാൽ അവർക്ക് ഇവിടെയല്ല ബലിതൂകുക, പകരം പുറത്തെ ബലിവട്ടത്തിൽ ഇവർക്കായി സങ്കല്പിച്ച സ്ഥാനങ്ങളിലാണ്. ഉത്സവക്കാലത്ത് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നതും ഇവരെ സങ്കല്പിച്ചാണ്.
ഏകദേശം പതിനാറ് ഏക്കർ വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ഐരാണിക്കുളം ക്ഷേത്രത്തിലേത്. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം തുടങ്ങി വളരെ കുറച്ച് ക്ഷേത്രങ്ങളേ വലുപ്പത്തിൽ ഇതിനോട് ചേർന്നുനിൽക്കുന്നുള്ളൂ. നിരവധി മരങ്ങളും ചെടികളും ഈ വളപ്പിൽ നമുക്ക് കാണാൻ സാധിയ്ക്കും. അത്തി, ഇത്തി, അരയാൽ, പേരാൽ, ഇലഞ്ഞി, കൂവളം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ക്ഷേത്രമതിലകത്തിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശാസ്താവിന്റെ പ്രതിഷ്ഠയുണ്ട്. അമൃതകലശധാരിയായ ധന്വന്തരിശാസ്താവാണ് ഇവിടെ പ്രതിഷ്ഠ. ആദ്യകാലത്ത്, ഇതിനും തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ആൽമരച്ചുവട്ടിൽ നാഗദൈവങ്ങൾക്കൊപ്പമായിരുന്ന ശാസ്താവ് തന്മൂലം വനശാസ്താവായി അറിയപ്പെട്ടുപോന്നിരുന്നു. പിന്നീട് ഇപ്പോഴത്തെ സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. ഈ ശാസ്താവിന് മുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശാസ്താവിന്റെ ശ്രീകോവിലിനും തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന നാഗദൈവങ്ങളിൽ പ്രധാനി നാഗരാജാവായ വാസുകിയാണ്. കൂടാതെ ധാരാളം പരിവാരങ്ങളുമുണ്ട്. എല്ലാമാസവും വരുന്ന ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും.
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് നക്ഷത്രവനം പണിതിട്ടുണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങൾ വച്ചുകൊണ്ടുള്ള ഈ പദ്ധതി കൊച്ചിൻ ദേവസ്വം ബോർഡ് നടപ്പാക്കിയതാണ്. ഓരോരുത്തർക്കും അവരവരുടെ നാളിലെ വൃക്ഷത്തിന് വെള്ളമൊഴിയ്ക്കാനും പൂജകഴിയ്ക്കാനുമുള്ള അവകാശം നൽകിയിട്ടുണ്ട്. ഇവിടെനിന്ന് അല്പം മാറിയാണ് നാട്ടിലെ ആദ്യപ്രതിഷ്ഠയായ കാരോട്ടമ്മയുടെ പ്രതിഷ്ഠ. പരശുരാമൻ ഇവിടെ വരുന്ന കാലത്തേ ഈ നാട്ടിൽ കാരോട്ടമ്മയുടെ പ്രതിഷ്ഠയുണ്ടായിരുന്നു എന്നാണ് ഭക്തവിശ്വാസം. ചരിത്രപ്രകാരവും ശാക്തേയ ആരാധനകൾക്കാണ് കേരളത്തിൽ പഴക്കം. തന്മൂലം ഒരു ഉപദേവതയെക്കാൾ പ്രാധാന്യത്തോടെയാണ് ഇവിടെ കാരോട്ടമ്മയെ കണ്ടുവരുന്നത്. പ്രധാന ക്ഷേത്രത്തിന് അനഭിമുഖമായി പടിഞ്ഞാറോട്ടാണ് ഇവിടെ ദേവിയുടെ ദർശനം. ക്ഷേത്രസങ്കേതത്തിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ഏക പ്രതിഷ്ഠയാണിത്. മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. ഏകദേശം രണ്ടടി ഉയരം വരും. വനദുർഗ്ഗ, ഭദ്രകാളി, ഭുവനേശ്വരി എന്നീ മൂന്ന് സങ്കല്പങ്ങൾ ഇവിടെയുണ്ട്. പണ്ട് ഇവിടെ വലിയൊരു അരയാൽമരമുണ്ടായിരുന്നു. അതിന്റെ ചുവട്ടിലായാണ് ഇവിടെ വിഗ്രഹമുണ്ടായിരുന്നത്. പിൽക്കാലത്ത് ഒരു മഴക്കാലത്ത് പ്രസ്തുത ആൽമരം മറിഞ്ഞുവീഴുകയും തത്സ്ഥാനത്ത് മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിൽ പണിയുകയുമായിരുന്നു. ഇവിടെ പൂജകൾ നടത്തുന്നത് വടക്കേടത്ത് ക്ഷേത്രത്തിലെ മേൽശാന്തിയാണ്. എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഇവിടെ ഗുരുതിയുണ്ട്. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് ഇതിനായി മാത്രം ഒരു കൽത്തൊട്ടി നിർമ്മിച്ചിട്ടുണ്ട്. കൂടാതെ കുറഞ്ഞത് മൂന്ന് പാത്രങ്ങളും ഇതിലുണ്ടാകും. മേടമാസത്തിലെ പത്താമുദയം ദിവസം ഇവിടെ അതിവിശേഷമായ ദേശഗുരുതിയുമുണ്ടാകും. സാധാരണ ഗുരുതിയുടെ ഇരട്ടിയിലധികം പരിപാടിയാണ് ഈ സമയത്തുണ്ടാകുക. ഇതിനായി പാർവ്വതീദേവിയെ വടക്കേടത്തുനിന്ന് എഴുന്നള്ളിച്ചുകൊണ്ടുവരുന്ന ചടങ്ങുമുണ്ട്.
വടക്കേടത്ത് ക്ഷേത്രം
തിരുത്തുകപേര് സൂചിപ്പിയ്ക്കും പോലെ തെക്കേടത്ത് ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വടക്കേടത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തെക്കേടത്ത് ക്ഷേത്രത്തെ അപേക്ഷിച്ച് പഴക്കവും വലുപ്പവും കുറവാണ് ഇതിന്. ഊരാളന്മാരായ നമ്പൂതിരിമാർ തമ്മിലുള്ള സ്പർദ്ധ മൂലമാണ് ഇവിടെ ഇങ്ങനെയൊരു ക്ഷേത്രം വന്നതെന്ന് പറയപ്പെടുന്നു. മുന്നിൽ നിന്നുനേരെ ഇങ്ങോട്ട് പ്രവേശനകവാടമില്ല. തെക്കേടത്ത് ക്ഷേത്രത്തിനുമുന്നിലെ കവാടത്തിലൂടെ വന്നശേഷം വലത്തോട്ട് തിരിഞ്ഞുവേണം ഇവിടെയെത്താൻ. തെക്കേടത്ത് ക്ഷേത്രത്തിലെപ്പോലെ ഇവിടെയും ശ്രീകോവിലും നാലമ്പലവും ബലിക്കല്ലും കൊടിമരവുമുണ്ട്. ഇവിടെയുള്ള കൊടിമരവും 2015-ലാണ് പ്രതിഷ്ഠിച്ചത്.
ശ്രീകോവിലുകൾ
തിരുത്തുകനാലമ്പലങ്ങൾ
തിരുത്തുകവിശേഷദിവസങ്ങൾ
തിരുത്തുകകൊടിയേറ്റുത്സവം, തിരുവാതിര
തിരുത്തുകധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ട് വരത്തക്ക വിധത്തിലുള്ള എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ഐരാണിക്കുളം ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ധ്വജാദിമുറയനുസരിച്ച് (കൊടിയേറ്റത്തോടെ ആരംഭിയ്ക്കുന്ന മുറ) നടക്കുന്ന ഈ ഉത്സവത്തോടനുബന്ധിച്ച് നിരവധി വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. പണ്ടുകാലത്ത് വൃശ്ചികത്തിലെ തിരുവാതിര മുതൽ ധനുവിലെ തിരുവാതിര വരെ 28 ദിവസത്തെ ഉത്സവമുണ്ടായിരുന്നു. പിന്നീട് പലകാലത്തായി വന്ന പ്രശ്നങ്ങൾ മൂലം ഉത്സവം എട്ടുദിവസമാക്കി കുറയ്ക്കുകയായിരുന്നു. എങ്കിലും പ്രൗഢിയോടുകൂടിത്തന്നെ ഉത്സവം ആചരിച്ചുവരുന്നു.
ഉത്സവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിശേഷാൽ ശുദ്ധിക്രിയകൾ നടത്തിവരുന്നു. ക്ഷേത്രത്തിൽ ഒരു വർഷത്തിനിടയിൽ സംഭവിച്ചിട്ടുള്ള എല്ലാ അശുദ്ധികളും നീക്കം ചെയ്യുക എന്ന സങ്കല്പത്തിൽ ചെയ്യുന്നതാണ് ശുദ്ധിക്രിയകൾ. ഇവയെല്ലാം ചെയ്തശേഷം വേണം കൊടിയേറ്റം നടത്താൻ എന്നാണ് ചിട്ട. കൊടിയേറ്റദിവസം രാവിലെയാകുമ്പോഴേയ്ക്കും ശുദ്ധിക്രിയകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടാകും. അന്ന് വൈകീട്ടാണ് കൊടിയേറ്റം. മഴവില്ലിനെ അനുസ്മരിപ്പിയ്ക്കുന്ന, ഏഴുനിറങ്ങളോടുകൂടിയ കൊടിക്കൂറകൾ ക്ഷേത്രത്തിൽ കൊണ്ടുവന്നശേഷം ക്ഷേത്രം ഊരാളന്മാരുടെ നേതൃത്വത്തിൽ ആചാര്യവരണം എന്നൊരു ചടങ്ങ് നടത്തുന്നു. ഉത്സവസമയത്ത് ധരിയ്ക്കാനുള്ള ഉത്തരീയവും പവിത്രമോതിരവും തന്ത്രിയ്ക്ക് നൽകുന്നതാണ് ഈ ചടങ്ങ്. ഇതിനുശേഷം തന്ത്രിയുടെ നേതൃത്വത്തിൽ വിശേഷപ്പെട്ട പൂജകളെല്ലാം നടത്തി, വാദ്യമേളങ്ങളുടെയും തുടരെത്തുടരെയുള്ള കതിനവെടികളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന പഞ്ചാക്ഷരജപങ്ങളുടെയും അകമ്പടിയോടെ ഇരു കൊടിമരങ്ങളിലും കയറ്റുന്നു. ഇതോടെ ഐരാണിക്കുളം ഗ്രാമം ഉത്സവലഹരിയിലമരുന്നു.
അവലംബം
തിരുത്തുക- ↑ നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്.