കൊടകര ഷഷ്ഠി

തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടകരയിലെ പ്രധാന ഉത്സവം

കൊടകരയുടെ ദേശീയോൽസവം എന്നറിയപ്പെടുന്ന കുന്നതൃക്കോവിൽ ഷഷ്ഠി, വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠി ദിവസം ആഘോഷിക്കുന്നു. കേരളത്തിലെ ആദ്യ ഷഷ്ഠി ആഘോഷം ഇതാണെന്ന് കരുതപ്പെടുന്നു [1]

കൊടകര ഷഷ്ഠിയുടെ ഭാഗമായി കാവടി സെറ്റുകൾ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ

ചടങ്ങുകൾതിരുത്തുക

ഷഷ്ഠിക്ക് 7 ദിവസം മുൻപേ ക്ഷേത്രം തന്ത്രികൾ സ്വാമിക്ക് കളഭം ആടി കൊടിയേറ്റുന്നതോടെ ഷഷ്ഠി ആഘോഷചടങ്ങുകൾക്ക് തുടക്കമാകുന്നു. ഷഷ്ഠിദിവസം രാവിലെ 4 മണിക്ക് പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും പൂജിച്ച ദ്രവ്യങ്ങൾ കാവടിയിൽ കെട്ടി നാദസ്വരതിന്റെ അകമ്പടിയോടെ ഭക്തജനങ്ങൾ കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ എത്തി ആദ്യത്തെ അഭിഷേകം നടത്തുന്നു. പിന്നീട് ഭക്തജനങ്ങളുടേയും, കാവടി സെറ്റുകളുടേയും അഭിഷേകങ്ങൾ നടക്കുന്നു. തുടർന്ന് ഓരോരോ കാവടി സെറ്റുകൾ അവരവരുടെ ദേശത്ത് ഭക്തിനിർഭരമായി കാവടിയാടി അഭിഷേകത്തിനായി ക്ഷേത്രത്തിലെത്തുന്നു.

കുന്നതൃക്കോവിൽ മുരുകക്ഷേത്രത്തിലെ പ്രധാന വഴിപാട് പാൽ, ഇളനീർ, പനിനീർ, കളഭം എന്നിവകൊണ്ടുള്ള അഭിഷേകമാണ്‌. കർപ്പൂരം, ഭസ്മം ഇവകൊണ്ടുള്ള ആരാധനയും വിശേഷപ്പെട്ടതാണ്‌.

 കല്പടവുകൾ കയറി കുന്നിൻ മുകളിൽ തൃക്കോവിലിൽ പ്രതിഷ്ഠിച്ച മുരുകദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർക്ക് പഴനിമലയുടെ ഒരു ചെറു പതിപ്പായി ഈ ക്ഷേത്ര ദർശനം അനുഭവപ്പെടുന്നു.

കലാരൂപങ്ങൾതിരുത്തുക

 
കൊടകര ഷഷ്ഠി- പൂക്കാവടി

ഷഷ്ഠിയാഘോഷങ്ങളുടെ ഭാഗമായി ഷഷ്ഠിദിവസം രാവിലെ കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കലാരൂപമായ ചെട്ടിക്കൊട്ടും, ശിവക്ഷേത്രത്തിൽ പുള്ളുവൻ പാട്ടും അരങ്ങേറാറുണ്ട്.

വിവിധ കാവടിസെറ്റുകളുടെ കാവടിയാട്ടം സമാപിക്കുന്നത് പൂനിലാർക്കാവ് ദേവീക്ഷേത്രനടപ്പുരയിലാണ്‌. പൂനിലാർക്കാവ് ക്ഷേത്രത്തിലെ ഉപദേവനും മുരുകസഹോദരനുമായ ശാസ്താവിന്റെ മുൻപിൽ അടുത്തവർഷം വീണ്ടും കാവടിയെടുത്ത് ഷഷ്ഠി ആഘോഷിച്ചുകൊള്ളാം എന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതായി ഐതിഹ്യം.

കൊടകര ഷഷ്ഠി ആഘോഷത്തിൽ സാധാരണയായി 16 കാവടിസെറ്റുകൾ പങ്കെടുക്കുന്നു, 18 കാവടിസംഘങ്ങൾ പങ്കെടുത്തിട്ടുണ്ട്[2]. കാവടി, തകിൽ, നാദസ്വരം, ആന എഴുന്നെള്ളിപ്പ്, പഞ്ചവാദ്യം, ശിങ്കാരിമേളം, പെരുമ്പറ, ബാന്റ് വാദ്യം, മയിലാട്ടം, കരകാട്ടം, നിശ്ചലദൃശ്യങ്ങൾ എന്നിവയോടെയാണ്‌ വിവിധ കാവടിസെറ്റുകൾ പൂനിലാർക്കാവിലേക്ക് എത്തിച്ചേരുന്നത്. ഇതുകൂടാതെ ഓരോ സെറ്റുകളും അതതുദേശങ്ങളിൽ നാടകം, ഗാനമേള, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും വെടിക്കെട്ടും സംഘടിപ്പിക്കാറുണ്ട്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊടകര_ഷഷ്ഠി&oldid=2616727" എന്ന താളിൽനിന്ന് ശേഖരിച്ചത്