ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ഒരു ക്ഷേത്രം
(ഗുരുവായൂർ തിരുവെങ്കടാചലപതി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, ക്ഷേത്രനഗരിയായ ഗുരുവായൂരിൽ തന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ തിരുവെങ്കടാചലപതി ക്ഷേത്രം [1]. ലോകപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയും മഹാവിഷ്ണുവിന്റെ മറ്റൊരു ഭാവവുമായ വെങ്കടാചലപതിയും മാതൃദൈവമായ ശ്രീ ഭദ്രകാളിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. 'കേരള തിരുപ്പതി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വിശിഷ്ടാദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ രാമാനുജാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന്റെ പേര് 'തിരുവെങ്കടം' എന്നാണ്. ഈ പേരുതന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഏറെക്കാലം തകർന്ന നിലയിൽ കഴിഞ്ഞിരുന്ന ഈ ക്ഷേത്രം പിന്നീട് 1977-ലാണ് ഇന്ന് കാണുന്ന രീതിയിൽ പുനരാവിഷ്കരിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കുമാറി റെയിൽവേ സ്റ്റേഷന്റെ എതിർവശത്താണ് (പാർത്ഥസാരഥിക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്തിന്റെ) തിരുവെങ്കടാചലപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സരസ്വതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, താഴത്തേക്കാവ് ഭഗവതി, രാമാനുജാചാര്യർ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ പുണർതം നാളിൽ കൊടികയറി അഞ്ചുദിവസം നടക്കുന്ന തിരുവുത്സവം, മകരമാസത്തിലെ മുപ്പെട്ട് ചൊവ്വാഴ്ച നടക്കുന്ന മകരച്ചൊവ്വ, കന്നിമാസത്തിൽ നവരാത്രി, ധനുമാസത്തിൽ വൈകുണ്ഠ ഏകാദശി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം
പേരുകൾ
ശരിയായ പേര്:ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം
സ്ഥാനം
സ്ഥാനം:ഗുരുവായൂർ, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:വെങ്കടാചലപതി (മഹാവിഷ്ണു), ഭദ്രകാളി
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലിയിൽ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് ആയിരം വർഷം മുമ്പ്
സൃഷ്ടാവ്:രാമാനുജാചാര്യർ

ഐതിഹ്യം

തിരുത്തുക

ഭാരതീയ ഭക്തിപ്രസ്ഥാനത്തിലെ ശുക്രനക്ഷത്രമായ ശ്രീ രാമാനുജാചാര്യർ തന്റെ ദേശാന്തര സഞ്ചാരത്തിനിടയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിലും വരാനിടയായി. അന്ന് അവിടെ പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ഇഷ്ടദേവനായ വെങ്കടാചലപതിയെ കേരളത്തിൽ പ്രതിഷ്ഠിയ്ക്കാൻ ആഗ്രഹിച്ച അദ്ദേഹം ഇന്ന് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്ന സ്ഥാനത്തിരുന്ന് തപസ്സ് ചെയ്യുകയും തുടർന്ന് ഭഗവാന്റെ അനുമതിയനുസരിച്ച് തിരുപ്പതിയിൽ നിന്നുതന്നെ വിഗ്രഹം കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു.

ഇപ്പറഞ്ഞ കാര്യം 1974-ലെ ദേവപ്രശ്നത്തിലാണ് തെളിഞ്ഞത്. 'തിരുവെങ്കടം' (മലയാളത്തിൽ തെറ്റിച്ച് 'തിരുവെങ്കിടം' എന്നെഴുതുന്നു) എന്ന സ്ഥലപ്പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതിന്റെ കാരണവും അന്ന് വ്യക്തമായി.

ചരിത്രം

തിരുത്തുക

ക്ഷേത്രനഗരിയായ ഗുരുവായൂരിൽ പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രത്തിനും മമ്മിയൂർ മഹാദേവക്ഷേത്രത്തിനും പാർത്ഥസാരഥിക്ഷേത്രത്തിനുമൊപ്പം സവിശേഷമായ സാന്നിദ്ധ്യമായി വെങ്കടാചലപതിക്ഷേത്രം ഉയർന്നുവന്നു. ഗുരുവായൂരിലെ വൈഷ്ണവചൈതന്യം മൂന്നുമടങ്ങാക്കി ഉയർത്തിയത് ഈ ക്ഷേത്രമാണ്. കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിൽ ശ്രീഭദ്രകാളിയെയും പ്രതിഷ്ഠിച്ചു. ഈ ഭഗവതിയെ നാട്ടുകാർ തട്ടകത്തമ്മയായി ഇന്നും ആരാധിച്ചുപോരുന്നു.

ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചപ്പോൾ സാമൂതിരിയുടെ തെക്കൻ അതിർത്തിപ്രദേശമായിരുന്ന ഗുരുവായൂരിലും ആക്രമണമുണ്ടായി. പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രമൊഴികെ അവിടെയുണ്ടായിരുന്ന മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. വെങ്കടാചലപതിക്ഷേത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. ടിപ്പുവിന്റെ പടയാളികൾ കൃഷ്ണശിലാനിർമ്മിതമായിരുന്ന പഴയ വെങ്കടാചലപതിവിഗ്രഹത്തിന്റെ തലയും വലത്തെ കൈകളും വെട്ടിമാറ്റി. എന്നാൽ ഭഗവതിവിഗ്രഹം യാതൊരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടു. അങ്ങനെ കുറേക്കാലം ക്ഷേത്രം ഭഗവതിക്ഷേത്രമായി അറിയപ്പെട്ടു. അംഗഭംഗം സംഭവിച്ച വെങ്കടാചലപതിവിഗ്രഹം പലർക്കും ഒരു ദുഃഖചിത്രമായി കുറേക്കാലം ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞു. ആരുടേതാണ് ഈ വിഗ്രഹമെന്ന് ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.

1974-ൽ ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തി. യശഃശരീരനായ ജ്യോതിഷപണ്ഡിതൻ പുതുശ്ശേരി വിഷ്ണു നമ്പൂതിരിയായിരുന്നു പ്രാശ്നികൻ. ഈ ദേവപ്രശ്നത്തിലാണ് വെങ്കടാചലപതിസാന്നിദ്ധ്യം കണ്ടെത്തിയത്. കാലാകാലങ്ങളായി 'തിരുവെങ്കടം' എന്നറിയപ്പെട്ടിരുന്ന സ്ഥലപ്പേരിന്റെ യഥാർത്ഥ കാരണം അന്നാണ് നാട്ടുകാർക്ക് മനസ്സിലായത്. തുടർന്ന് തിരുപ്പതിയിലെത്തിയ നാട്ടുകാർ അന്നത്തെ പെരിയ ജീയർസ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ഒരു വിഗ്രഹം വാങ്ങുകയും ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും എഴുന്നള്ളിച്ച് ഗുരുവായൂരിലെത്തിയ്ക്കുകയും ചെയ്തു. ഇതിനോടകം തന്നെ ക്ഷേത്ര പുനരുദ്ധാരണവും കഴിഞ്ഞു.

1977 ജൂൺ 20-ന് മിഥുനമാസത്തിലെ പൂയം നാളിൽ തിരുവെങ്കടാചലപതിഭഗവാന്റെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. അന്നത്തെ ഗുരുവായൂർ വലിയ തന്ത്രിയായിരുന്ന യശഃശരീരനായ പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. എല്ലാറ്റിനും ചുക്കാൻ പിടിയ്ക്കാൻ ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യാവകാശിയായിരുന്ന യശഃശരീരനായ തിരുവെങ്കടം വാര്യത്ത് രാമചന്ദ്രവാര്യരുമുണ്ടായിരുന്നു.

പുനഃപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രം വൻ ജനപ്രീതിയിലേയ്ക്ക് കുതിച്ചുയർന്നു. ക്ഷേത്രഭരണത്തിന് ഒരു കമ്മിറ്റിയും നിലവിൽ വന്നു. ഇന്ന് വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുന്നത്. ഗുരുവായൂരിൽ വരുന്ന നിരവധി ഭക്തർ ഈ കൊച്ചു തിരുപ്പതിയിലും ദർശനത്തിന് വരാറുണ്ട്.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ഗുരുവായൂർ പട്ടണത്തിന്റെ കിഴക്കുഭാഗത്ത് റെയിൽവേ സ്റ്റേഷന്റെ പുറകിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനമെങ്കിലും പടിഞ്ഞാറുഭാഗത്താണ് പ്രധാന പ്രവേശന കവാടം. കവാടത്തിന്റെ തൊട്ടുമുന്നിൽ ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമായി പൂജിയ്ക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. അരയാലിന്റെ വടക്കുവശത്ത് 'താഴത്തെക്കാവ്' എന്ന പേരിൽ ഒരു ചെറിയ ദേവീക്ഷേത്രവും അതിനോടുചേർന്നുള്ള മുഖപ്പും കാണാം. വെങ്കടാചലപതിക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് ഈ ക്ഷേത്രം. ഭദ്രകാളി തന്നെയാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഈ ക്ഷേത്രത്തിലെ പൂജകൾ അബ്രാഹ്മണരുടെ വകയാണ്. തെക്കുവശത്ത് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കല്യാണമണ്ഡപവുമുണ്ട്. ഇതിനടുത്താണ് ആനകളെ നിർത്തുന്ന സ്ഥലം. ഇവയൊഴിച്ചുനിർത്തിയാൽ ചുറ്റും മരങ്ങളും മണൽപ്പരപ്പുമാണ്.

അരയാൽ പിന്നിട്ടുകഴിഞ്ഞാൽ മനോഹരമായ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലെത്താം. രണ്ടുനിലകളോടുകൂടിയ ഈ ഗോപുരം അടുത്ത കാലത്ത് പണിതതാണ്. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ഗോപുരം പോലെ ഇവിടെയും പ്രധാന വാതിലിന് ഇരുവശവുമായി രണ്ട് ചെറിയ വാതിലുകൾ കാണാം. തെക്കേ വാതിലിനടുത്ത് പ്രത്യേകം ശ്രീകോവിലിൽ രാമാനുജാചാര്യരുടെ പ്രതിഷ്ഠയുണ്ട്.

അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല, വടക്കുഭാഗത്തെ വഴിപാട് കൗണ്ടറും തെക്കുഭാഗത്തെ പാട്ടമ്പലവുമൊഴിച്ചുനിർത്തിയാൽ. ദർശനവശമായ കിഴക്കുഭാഗത്ത് കൊടിമരവും വലിയ ബലിക്കല്ലുമുണ്ട്. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ക്ഷേത്രത്തിലെ പഞ്ചലോഹക്കൊടിമരം 2009-ലാണ് പ്രതിഷ്ഠിച്ചത്. കൊടിമരത്തിനപ്പുറത്തുള്ള ബലിക്കല്ല് കാഴ്ചയിൽ വളരെ ചെറുതാണ്. അതിനാൽ പുറത്തുനിന്ന് നോക്കിയാൽ തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിയ്ക്കും. കിഴക്കേ ഗോപുരത്തിനപ്പുറം കൊടുംകാടാണ്.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ക്ഷേത്രം വക ഓഡിറ്റോറിയമുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രദക്ഷിണവഴിയ്ക്കുള്ളിൽ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിലും കാണാം. ഇവയ്ക്ക് പുറകിലാണ് പാട്ടമ്പലം. തിരുവെങ്കടത്തമ്മയുടെ കളമെഴുത്തും പാട്ടും നടക്കുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് പാട്ടമ്പലം പണിതിരിയ്ക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലവുമായി രൂപത്തിൽ വളരെയധികം സാദൃശ്യം ഇതിനുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്ത് നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകളുണ്ട്. വടക്കുഭാഗത്ത് ഊട്ടുപുര പണിതിരിയ്ക്കുന്നു. താരതമ്യേന പുതിയ ഊട്ടുപുരയാണിത്. 2009-ൽ പണിത ഈ ഊട്ടുപുരയിൽ വിശേഷദിവസങ്ങളിൽ ഊട്ട് നടത്തിവരുന്നു. അടുത്തുതന്നെ ഒരു മരവുമുണ്ട്.

ശ്രീകോവിൽ

തിരുത്തുക

ചതുരാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്. താരതമ്യേന വളരെ ചെറിയൊരു നിർമ്മിതിയാണിത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് രണ്ട് മുറികളാണ്. അവയിൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന വെങ്കടാചലപതിവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. തിരുപ്പതിയിലെപ്പോലെ ഭീമാകാരമായ സ്വയംഭൂവിഗ്രഹമല്ല ഇത്. ചതുർബാഹുവായ ഭഗവാൻ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും ധരിച്ചിട്ടുണ്ട്. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. മുന്നിലെ ഇടതുകൈ ഇടത്തെ തുടയോട് ചേർത്തുവച്ചിരിയ്ക്കുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ വെങ്കടാചലപതി, ഗുരുവായൂരിലെ കൊച്ചുതിരുപ്പതി ശ്രീലകത്ത് കുടികൊള്ളുന്നു.

ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. 2020-ലാണ് ഇവ വരച്ചുചേർത്തത്. ഗോവർദ്ധനോദ്ധാരണം, സാരസ്വതഗോപാലം, ദശാവതാരങ്ങൾ, മഹർഷിമാരുടെ രൂപങ്ങൾ തുടങ്ങിയവ അവയിൽ പ്രധാനമാണ്. തെക്കുഭാഗത്ത് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെ രൂപം വരച്ചുചേർത്തിട്ടുണ്ട്; വടക്കുവശത്ത് ബ്രഹ്മാവിന്റെയും. ശ്രീകോവിലിന് പടിഞ്ഞാറുഭാഗത്തെ ഘനദ്വാരത്തിന് ഇരുവശവുമായി ഗരുഡന്റെയും ഹനുമാന്റെയും രൂപങ്ങൾ വരച്ചുചേർത്തിട്ടുണ്ട്. വടക്കുവശത്ത് ഓവ് കാണാം. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറുതാണ് നാലമ്പലവും. എങ്കിലും തിരക്കില്ലാത്തതിനാൽ പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് തിരുവെങ്കടത്തമ്മയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. വാതിൽമാടത്തിലെ ഭഗവതിപ്രതിഷ്ഠകൾ കേരളത്തിൽ അപൂർവ്വമാണ്. വാതിൽമാടങ്ങൾ നാമജപത്തിനും വിശ്രമത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. സാധാരണ രൂപത്തിലുള്ള വിഗ്രഹമാണ് ഗണപതിയ്ക്ക്. ഗണപതിശ്രീകോവിലിന് അഭിമുഖമായി ഒരു മുറിയും കാണാം. അതിൽ പടിഞ്ഞാട്ട് ദർശനമായി സരസ്വതീദേവിയുടെ പ്രതിഷ്ഠയുണ്ട്. ഇവിടെ വിഗ്രഹമില്ല. സരസ്വതീദേവിയുടെ ചിത്രം മാത്രമാണുള്ളത്. നവരാത്രിക്കാലത്ത് ഇവിടെയാണ് പൂജവയ്ക്കുന്നത്.

ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി/ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗം), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗം), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗാദേവി (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ)‌ എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. വിഷ്ണുക്ഷേത്രമായതിനാൽ ഇവരെക്കൂടാതെ ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പവുമുണ്ട്. സപ്തമാതൃക്കളുടെ സ്ഥാനത്തിന് എതിർവശത്താണ് (വടക്കുവശത്ത്) ഇവർക്ക് സ്ഥാനം അനുവദിച്ചിരിയ്ക്കുന്നത്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കൾക്കൊപ്പം ഗണപതിയും വീരഭദ്രനുമുള്ളതുപോലെ ഉത്തരമാതൃക്കൾക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ രണ്ട് ദേവന്മാർക്കും സ്ഥാനം നൽകിയിട്ടുണ്ട്. ഇവരെ സാധാരണയായി ബലിക്കല്ലുകളുടെ രൂപത്തിൽ പ്രതിനിധീകരിയ്ക്കാറില്ല. എന്നാൽ ശീവേലിസമയത്ത് ഇവിടങ്ങളിലും ബലിതൂകും. ബലിക്കല്ലുകൾ ദേവന്റെ വികാരങ്ങളുടെ പ്രതീകങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നമസ്കാരമണ്ഡപം

തിരുത്തുക

ശ്രീകോവിലിന്റെ മുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. വളരെ ചെറിയൊരു മണ്ഡപമാണിത്. എന്നാൽ കലശപൂജ നിർബാധം നടത്താം. കരിങ്കല്ലിൽ തീർത്ത മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. നാലുകാലുകളാണ് ഈ മണ്ഡപത്തിന്. മണ്ഡപത്തിന്റെ ഒരറ്റത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ കരിങ്കൽ വിഗ്രഹം കാണാം. ഭഗവാനെ വണങ്ങിനിൽക്കുന്ന ഗരുഡന് നിത്യവും വിളക്കുവയ്പുണ്ട്.

പ്രധാന പ്രതിഷ്ഠകൾ

തിരുത്തുക

ശ്രീ തിരുവെങ്കടാചലപതി (മഹാവിഷ്ണു)

തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ചതുർബാഹുവായ മഹാവിഷ്ണുവാണ് തിരുവെങ്കടാചലപതിയായി പൂജിയ്ക്കപ്പെടുന്നത്. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഭഗവാൻ കുടികൊള്ളുന്നു. ലോകപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ഭഗവാൻ രാമാനുജാചാര്യരുടെ അഭ്യർത്ഥന മാനിച്ച് ഗുരുവായൂരിലെത്തി എന്നാണ് സങ്കല്പം. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും കാണാം. മുന്നിലെ വലതുകൈ അഭയഹസ്തവും മുന്നിലെ ഇടതുകൈ കടീബന്ധരൂപത്തിലുമാണ്. തിരുപ്പതിയിലേതുപോലെ ലഡ്ഡുവാണ് ഇവിടെയും ഭഗവാന്റെ പ്രധാന നിവേദ്യം. കൂടാതെ ഉദയാസ്തമനപൂജ, വിഷ്ണുസഹസ്രനാമാർച്ചന, തുളസിമാല, പാൽപ്പായസം, അപ്പം, അട, അവിൽ തുടങ്ങിയവയും പ്രധാന വഴിപാടുകളായുണ്ട്.

ശ്രീ തിരുവെങ്കടത്തമ്മ (ശ്രീ ഭദ്രകാളി)

തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. അഷ്ടബാഹുവായ ശ്രീ ഭദ്രകാളിയാണ് തിരുവെങ്കടത്തമ്മ. എന്നാൽ, മഹാലക്ഷ്മി, മഹാസരസ്വതി, ദുർഗ്ഗ എന്നീ ഭാവങ്ങളും ഭഗവതിയ്ക്കുണ്ട്. നാലമ്പലത്തിന്റെ തെക്കു കിഴക്കേമൂലയിലെ വാതിൽമാടത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. എട്ടുകൈകളിൽ ശംഖ്, ചക്രം, വാൾ, ത്രിശൂലം, അമ്പ്, വില്ല്, വരദാഭയമുദ്രകൾ എന്നിവ ധരിച്ച തിരുവെങ്കടത്തമ്മ തിരുവെങ്കടം ദേശത്തിന്റെ രക്ഷാദൈവമാണ്. പൂമൂടലും മുട്ടറുക്കലുമാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

തിരുത്തുക

ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിലുള്ള ഒരു മുറിയിൽ കിഴക്കോട്ട് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ. രണ്ടടി ഉയരം വരുന്ന ചതുർബാഹുവായ വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഗണപതിഹോമം, ഒറ്റയപ്പം, അട, മോദകം തുടങ്ങിയവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ.

സരസ്വതി

തിരുത്തുക

ഗണപതിയുടെ പ്രതിഷ്ഠയുള്ള മുറിയ്ക്ക് അഭിമുഖമായാണ് സരസ്വതീദേവിയുടെ പ്രതിഷ്ഠ. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല. മറിച്ച്, ഒരു ചിത്രം മാത്രമേയുള്ളൂ. നവരാത്രിക്കാലത്ത് പൂജ നടത്തുന്നത് ഈ മുറിയിലാണ്.

അയ്യപ്പൻ

തിരുത്തുക

നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. രണ്ടടി ഉയരം വരുന്ന ഇവിടെയുള്ള വിഗ്രഹം, ശബരിമലയിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പാണ്. ഈ ശ്രീകോവിലിനുമുന്നിൽ നാളികേരമുടയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. നെയ്യഭിഷേകം, നീരാജനം, എള്ളുതിരി, എള്ളുപായസം തുടങ്ങിയവയാണ് അയ്യപ്പന്റെ പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾ

തിരുത്തുക

രക്ഷസ്സ്

തിരുത്തുക

രാമാനുജാചാര്യർ

തിരുത്തുക

നിത്യപൂജകളും തന്ത്രവും

തിരുത്തുക

വിശേഷദിവസങ്ങൾ

തിരുത്തുക

ബ്രഹ്മോത്സവം

തിരുത്തുക

മകരച്ചൊവ്വ

തിരുത്തുക

നവരാത്രി

തിരുത്തുക

മണ്ഡലകാലം

തിരുത്തുക

മേടവിഷു

തിരുത്തുക

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

ഗുരുവായൂർ കിഴക്കേ നടയിൽ ആർ.വീസ് റെസിഡൻസി എന്ന ഹോട്ടലിന് സമീപമുള്ള വഴിയിലൂടെയും റെയിൽവേ ഗേറ്റിന് സമീപമുള്ള വഴിയിലൂടെയും ഏതാണ്ട് 500 മീറ്റർ സഞ്ചരിച്ചാൽ യഥാക്രമം ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലെത്താം.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2024-01-20. Retrieved 2024-01-20.