നെല്ലുവായ ധന്വന്തരീക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ എരുമപ്പെട്ടി പഞ്ചായത്തിൽ നെല്ലുവായ ഗ്രാമത്തിലുള്ള പ്രസിദ്ധമായ ഒരു വൈഷ്ണവ ക്ഷേത്രമാണ് നെല്ലുവായ ധന്വന്തരീക്ഷേത്രം. ഭാരതത്തിലെ അപൂർവ്വം ധന്വന്തരീക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ കുലദൈവവുമായ ധന്വന്തരി പ്രധാനമൂർത്തിയായ ഇവിടെ വന്ന് തൊഴുതുപോകുന്നവർക്ക് ആയുരാരോഗ്യസൗഖ്യങ്ങളുണ്ടാകുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ മുക്കുടി നിവേദ്യം എന്ന വഴിപാട് പ്രസിദ്ധമാണ്. അതിനാൽ മാറാരോഗങ്ങൾ കൊണ്ട് വലയുന്നവരും ആതുരശുശ്രൂഷകരും വൈദ്യന്മാരും ഒരുപോലെ ഇവിടെ മുക്കുടിയും മൃത്യഞ്ജയഹോമവും കഴിപ്പിച്ചു ഭജനമിരിക്കാറുണ്ട്. പടിഞ്ഞാറോട്ട് ദർശനമായി ശ്രീലകത്ത് വാഴുന്ന ധന്വന്തരിഭഗവാന് ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, വരാഹമൂർത്തി, ചെറുതേവർ (മഹാവിഷ്ണു), ഹനുമാൻ, സർപ്പദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു. ധനുമാസത്തിലെ വൈകുണ്ഠ ഏകാദശിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള ഒരു ക്ഷേത്രമാണിത്. അതിനാൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്തുന്ന തീർഥാടകരും നെല്ലുവായ് ക്ഷേത്രത്തിൽ എത്താറുണ്ട്.

തൃശ്ശൂരിൽ നിന്ന് വടക്കോട്ട്‌ ഏകദേശം 35 മിനിറ്റ് 21 കിലോമീറ്ററും, ഗുരുവായൂരിൽ നിന്ന് ഏകദേശം 21 കിലോമീറ്ററും, വടക്കാഞ്ചേരിയിൽ നിന്ന് 12 കിലോമീറ്ററും സഞ്ചരിച്ചാൽ നെല്ലുവായ് ക്ഷേത്രത്തിൽ എത്താവുന്നതാണ്. വടക്കാഞ്ചേരിയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ഐതിഹ്യംതിരുത്തുക

 
ധന്വന്തരിയെ ആയുർ‌വേദത്തിന്റെ ദൈവമായി കണക്കാക്കുന്നു

ഇന്ന് ക്ഷേത്രത്തിലുള്ള ധന്വന്തരി പ്രതിഷ്ഠ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്റെ മാതാപിതാക്കളായ വസുദേവരും ദേവകിയും പൂജിച്ചതാണെന്ന് വിശ്വസിച്ചുവരുന്നു. ഈ വിഗ്രഹം ക്ഷേത്രത്തിലെത്താൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ:

ആയുർവേദത്തിന്റെ നാഥനായ ധന്വന്തരിയ്ക്ക് ഒരു ക്ഷേത്രം പണിയണമെന്ന് നെല്ലുവായ ദേശവാസികൾ തീരുമാനിച്ചു. അവിടെ പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ ഒരു വിഗ്രഹത്തിനായി അടുത്തുള്ള മുരിങ്ങത്തേരി എന്ന സ്ഥലത്തെ ഒരു ചെറിയ കുന്നിൽ നിന്ന് ഒരു കൃഷ്ണശില കൊണ്ടുവന്ന് അതിൽ വിഗ്രഹം പണിയിച്ചു. തുടർന്ന് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനടിയിൽ എവിടെനിന്നോ രണ്ട് തേജോമയരായ ബാലന്മാർ മുമ്പിൽ വരികയും പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ച വിഗ്രഹത്തെക്കാൾ ദിവ്യമായ ഒരു വിഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു. തുടർന്ന് അവരോടൊപ്പം അടുത്തുള്ള പറമ്പിലേയ്ക്കുപോയ നാട്ടുകാർ വിഗ്രഹം കണ്ടെത്തുകയും ക്ഷേത്രത്തിൽ അത് പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ആദ്യം പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ച വിഗ്രഹം അടുത്തുള്ള പറമ്പിൽ പ്രത്യേകം ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. പിൽക്കാലത്ത് അത് ക്ഷേത്രമതിലകത്തേയ്ക്ക് മാറ്റി. ഈ പ്രതിഷ്ഠയാണ് 'ചെറുതേവർ' എന്ന് ഇന്നറിയപ്പെടുന്നത്. വിഗ്രഹം കണ്ടെത്തിയ കുട്ടികൾ മഹാവൈദ്യന്മാരായ അശ്വിനീദേവകളാണെന്ന് വിശ്വസിച്ചുവരുന്നു.

പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രവുമായി വളരെ അടുത്ത ബന്ധം നെല്ലുവായ ക്ഷേത്രത്തിനുണ്ട്. ഇരുക്ഷേത്രങ്ങളും തമ്മിൽ ഏകദേശം 20 കിലോമീറ്റർ ദൂരവ്യത്യാസം മാത്രമേയുള്ളൂ. ഇരുക്ഷേത്രങ്ങളിലെയും മൂർത്തികൾ വിഷ്ണുവിന്റെ അവതാരങ്ങളാണ്. ഇരുക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങൾ വസുദേവരും ദേവകിയും പൂജിച്ചവയാണെന്ന് വിശ്വസിച്ചുപോരുന്നു. ഇരുക്ഷേത്രങ്ങളിലെയും മൂർത്തികൾ പരസ്പരാഭിമുഖമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത് (ഗുരുവായൂരപ്പൻ കിഴക്കോട്ടും നെല്ലുവായ് തേവർ പടിഞ്ഞാറോട്ടും ദർശനം). കൂടാതെ, വിവിധ രോഗങ്ങൾ മാറുന്നതിന് ഇരുക്ഷേത്രങ്ങളിലെയും ഭജനമിരിയ്ക്കലും വിശേഷമായി കണക്കാക്കപ്പെടുന്നു.

ചരിത്രംതിരുത്തുക

ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി കുടികൊള്ളുന്ന ഈ ക്ഷേത്രം ആദ്യം നെല്ലുവായയിലെ പ്രസിദ്ധ വൈദ്യകുടുംബമായ കുട്ടഞ്ചേരി മൂസ്സുമാരുടെ ഉടമസ്ഥതയിലായിരുന്നു. ഈ കുടുംബത്തിലുള്ള ഓരോ ആൺകുട്ടിയും വൈദ്യപഠനം കഴിഞ്ഞാൽ ഇവിടെ വന്ന് 41 ദിവസം ഭജനമിരിയ്ക്കേണ്ടതുണ്ട്. കേരളത്തിലെ മറ്റ് പ്രസിദ്ധ ആയുർവേദ വൈദ്യന്മാരും ഇവിടെ വന്ന് ഭജനമിരുന്നിട്ടുണ്ട്. വൈദ്യരത്നം പി.എസ്. വാര്യർ, ആര്യവൈദ്യൻ പി.വി. രാമവാര്യർ തുടങ്ങിയവർ അവരിൽ പ്രധാനപ്പെട്ടവരാണ്.

ഭൂപരിഷ്കരണനിയമം വരുന്നതിനുമുമ്പ് വളരെയധികം ഭൂസ്വത്തുക്കളുണ്ടായിരുന്ന ക്ഷേത്രമാണ് നെല്ലുവായ ക്ഷേത്രം. അതിനുശേഷം ഏറെക്കാലം ജീർണ്ണാവസ്ഥയിൽ കഴിഞ്ഞു. 1971 ജനുവരി 10-ന് ഒരു നവീകരണക്കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രം ഊരാളന്മാരായ കുട്ടഞ്ചേരി മൂസ്സുമാർക്ക് ക്ഷേത്രഭരണം നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടായപ്പോൾ അവർ കൊച്ചിൻ ദേവസ്വം ബോർഡിൽ സഹായം തേടി. തുടർന്ന്, 1973-ൽ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തോടെയുള്ള ഒരു ട്രസ്റ്റ് ഭരണം ഏറ്റെടുത്തു. 1979-ൽ, ക്ഷേത്രഭരണം ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്തു. ഇപ്പോൾ, മികച്ച രീതിയിലാണ് ക്ഷേത്രം മുന്നോട്ടുപോകുന്നത്.

ക്ഷേത്രനിർമ്മിതിതിരുത്തുക

ക്ഷേത്രപരിസരവും മതിലകവുംതിരുത്തുക

നെല്ലുവായ ഗ്രാമത്തിന്റെ ഒത്ത നടുക്ക് അതിവിശാലമായ നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. ഗ്രാമീണത്തനിമ വിട്ടുമാറാതെ നിൽക്കുന്ന സ്ഥലമാണ് ക്ഷേത്രപരിസരം. ക്ഷേത്രത്തിന്റെ നേരെമുന്നിൽ വലിയൊരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത് അരയാൽ ത്രിമൂർത്തീസങ്കല്പമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങളിലായി രണ്ട് ക്ഷേത്രക്കുളങ്ങളുണ്ട്. ഇവയിൽ ആദ്യത്തേതാണ് പ്രധാന കുളം. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്. കുളത്തോടു ചേർന്നാണ് ദേവസ്വം ഓഫീസും സ്റ്റേജും സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ നടയിൽ തന്നെ സാമാന്യം വലിയ ഒരു ഗോപുരവും പണിതിട്ടുണ്ട്.