കൊടുങ്ങല്ലൂർ നഗരസഭ

തൃശ്ശൂര്‍ ജില്ലയിലെ നഗരസഭ


കൊടുങ്ങല്ലൂർ പട്ടണം

കൊടുങ്ങല്ലൂർ പട്ടണം
10°48′N 76°08′E / 10.8°N 76.14°E / 10.8; 76.14
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ച.കി.മിചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള ഇടത്തരം പട്ടണമാണ് കൊടുങ്ങല്ലൂർ‌ (ഇംഗ്ലീഷ്- Kodungallore അഥവാ Cranganore). കേരളത്തിലെ അതിപുരാതന പട്ടണമായ കൊടുങ്ങല്ലൂർ, ചേര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. [1] ഹൈന്ദവ ക്ഷേത്രങ്ങൾക്കൊപ്പം തന്നെ ജൂത-ക്രൈസ്തവ-ഇസ്ലാം മത ദേവാലയങ്ങളാലും സമ്പന്നമാണ് കൊടുങ്ങല്ലൂർ പട്ടണം. [2] മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ചതും കേരളത്തിലെ ആദ്യത്തെ ഭദ്രകാളീ ക്ഷേത്രവുമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ഈ പട്ടണ ഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ഉത്സവമാണ് 'കൊടുങ്ങല്ലൂർ ഭരണി' എന്നറിയപ്പെടുന്നത്. ഭാരതത്തിലെ ആദ്യ ക്രിസ്തീയ, മുസ്ലീ ദേവാലയങ്ങൾ കൊടുങ്ങല്ലൂരിലാണ് നിർമ്മിച്ചത്. കേരളത്തിലെ പഴയ തുറമുഖ പട്ടണമായ മുസിരീസ് കൊടുങ്ങല്ലൂരാണ്.[3]. തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയത് ഇവിടെയാണന്നു വിശ്വസിക്കുന്നു.[4] യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നീ മതങ്ങൾക്ക് ഇന്ത്യയിലെ കളിത്തൊട്ടിലായി കൊടുങ്ങല്ലൂർ അറിയപ്പെടുന്നു. പുരാതനകാലത്തെ പ്രമുഖനായ ശാസ്ത്രജ്ഞൻ ആര്യഭടൻ കൊടുങ്ങല്ലൂരാണ് ജനിച്ചു വളർന്നതെന്നു വിശ്വസിക്കുന്നു. ചിലപ്പതികാരം എഴുതിയ ഇളങ്കോവടികൾ ജീവിച്ചിരുന്നതും, പ്രശസ്ത സാഹിത്യകാരനും മഹാഭാരതം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതുമാായ കവി കുഞ്ഞുകുട്ടൻ തമ്പുരാന് ഇവിടെയാണ് ജീവിച്ചിരുന്നത്. ഇന്ത്യയിൽ തന്നെ അനന്യലഭ്യമായ കോട്ടകൾ, ക്ഷേത്രങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ കൊണ്ട് സമ്പന്നമാണ് കൊടുങ്ങല്ലൂർ. ആധുനിക കാലത്ത് നിരവധി കലാകാരന്മാരും കൊടുങ്ങല്ലൂരു നിന്നും പ്രമുഖധാരയിലേക്ക് വന്നിട്ടുണ്ട്.

പേരിനു പിന്നിൽ തിരുത്തുക

  • മുസിരീസ് (മുരചിപട്ടണം), മഹോദയപുരം : കൊടുങ്ങല്ലൂരിന്റെ പഴയ പേർ മുസിരീസ് എന്നായിരുന്നതായി പല ചരിത്രത്താളുകളും സാക്ഷ്യം പറയുന്നു. അന്ന് മുസ്സിരിസ്സ്‌ ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം ആണെന്നു പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്‌ [5]. വാല്മീകി രാമായണത്തിൽ സുഗ്രീവൻ മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.[6] സംഘകാല കൃതികളിൽ ഇതു മുചിരിപട്ടണമായും [1] കുലശേഖരൻ‌മാരുടെ കാലത്ത്‌ മഹോദയപുരം എന്നും, തമിഴർ മകോതൈ, മഹൊതേവർ പട്ടിനം എന്നും എല്ലാമായിരിക്കാം വിളിച്ചിരുന്നത്‌ എന്നു ചരിത്രകാരന്മാർ കരുതുന്നു.

എന്നാൽ ഇന്നത്തെ പേരായ കൊടുങ്ങല്ലൂർ എങ്ങനെ ഉണ്ടായന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ട്.

  • കണ്ണകി പ്രതിഷ്ഠ -- കൊടും കല്ല് : എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെതന്നെ അഭിപ്രായത്തിൽ കണ്ണകിയുടെ പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, ജൈനക്ഷേത്രങ്ങൾക്ക് പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം (കല്ല് എന്നാൽ ക്ഷേത്രം -- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്. [7].
  • കാവ് (കൊടും + കല്ലൂർ) : നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് (ബലി) കല്ല് മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് 'കൊടും' 'കല്ലൂർ' എന്ന പേരാണ് ഇങ്ങനെയായത്. [8]. [9]
  • കൊടും കാളിയൂർ : കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര നിർമ്മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയർ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറി എന്ന് അഭിപ്രായപ്പെടുന്നു.[6]
  • കണ്ണകി -- കൊടും നെല്ലൂർ : കണ്ണകിയുടെ സാന്നിധ്യം മൂലം കൊടും നല്ലൂർ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയി.
  • കൊലക്കളം : ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് സാമൂതിരിയും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധങ്ങളിൽ) ശവങ്ങൾ കിടന്നിരുന്ന സ്ഥലം കൊടും കൊല്ലൂർ എന്നത്. [10]
  • കോളുകൾ : പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു. [11].
  • കോടി ലിംഗപുരം : നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നു. അത് ലോപിച്ചാണ്‌ കോടുങ്ങല്ലൂരായത്.
  • ചേരൻ കൊടുങ്കോ : ചേര രാജാവായിരുന്ന ചെല്‌വക്കൊടുംകോയുടെ പേരിൽ കൊടുങ്കോ നല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു.
  • കൊടും കൊലൈയൂർ : 'കൊടുംകൊലൈയൂർ'എന്ന തമിഴ് വാക്കിൽ നിന്നുമാണെന്ന് മറ്റൊരു വിശ്വാസം
  • കൊടും കൊല്ലൈ ഊർ : കൊടുംകൊല്ലൈ ഊരാണ് കൊടുങ്ങല്ലൂർ. വലിയ കൊല്ല (വലിയ കോള്) വീണുണ്ടായ സ്ഥലമെന്നർത്ഥം. പെരിയാറ്റിലെ പഴയ വെള്ളപ്പൊക്കം മൂലമുണ്ടായ വെള്ളപ്പാച്ചിലിൽ മണ്ണും എക്കലും അടിഞ്ഞുണ്ടാകുന്നതാണ് കൊല്ല.[12]

ചരിത്രം തിരുത്തുക

 
കൊടുങ്ങല്ലൂർ നഗരസഭ - വാർഡുകൾ

ക്രി. വർഷം 1978 ഒക്ടോബർ ഒന്നാം തീയതിയാണ് കൊടുങ്ങല്ലൂർ നഗരസഭ രൂപംകൊണ്ടത്. ആദ്യത്തെ ഭരണസമിതിയുടെ ചെയർമാൻ വി.വി.നാരായണൻ വൈദ്യരായിരുന്നു.[13]

വാർഡുകൾ തിരുത്തുക

കൊടുങ്ങല്ലൂർ നഗരസഭയിൽ 44 വാർഡുകൾ ഉണ്ട്. വാർഡ് നമ്പർ പ്രകാരം അവയുടെ പേരുകൾ താഴെ കൊടുക്കുന്നു.

നഗരസഭയിലെ വാർഡുകൾ
1 പറപ്പുള്ളി 12 നായ്കുളം 23 കോട്ട 34 ശ്രീനഗർ
2 കണിയത്ത് 13 കെ കെ ടി എം 24 ആനാപ്പുഴ 35 ടി കെ എസ് പുരം
3 ജെ ടി എസ് 14 ചാപ്പാറ 25 കോട്ടപ്പുറം 36 പെരുംതോട്
4 ടെമ്പിൾ 15 പന്തീരാംപാല 26 വലിയപണിക്കൻ തുരുത്ത് 37 പറമ്പികുളം
5 ടൗൺഹാൾ 16 പവർ ഹൗസ് 27 ചാലക്കുളം 38 കേരളേശ്വരപുരം
6 സൊസൈറ്റി 17 പാർക്ക് 28 കുന്ദംകുളം 39 കതോളിപറമ്പ്
7 വയലാർ 18 നാലുകണ്ടം 29 കണ്ടംകുളം 40 പടാകുളം
8 തൈവെപ്പ് 19 എൽതുരുത്ത് 30 പടന്ന 41 ചേരമാൻ മസ്ജിദ്
9 വിയ്യത്ത് കുളം 20 പാലിയംതുരുത്ത് 31 മേത്തലപാടം 42 കാരൂർ
10 കണക്കൻകടവ് 21 തിരുവഞ്ചിക്കുളം 32 അഞ്ചപ്പാലം 43 ഐക്കരപറമ്പ്
11 നാരായണമംഗലം 22 കക്കമാടൻതുരുത്ത് 33 കടുക്കച്ചുവട് 44 ഓകെ

ആരാധനാലയങ്ങൾ തിരുത്തുക

 
കുരുംബദേവി ക്ഷേത്രം
  • കൊടുങ്ങല്ലൂർ ക്ഷേത്രം : കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ലോക പ്രസിദ്ധമാണ്‌. സംഘകാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മിച്ചത് ചേരൻ ചെങ്കുട്ടുവനാണ്‌. [14] പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയശേഷം ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളാണ്.
പ്രമാണം:Cheraman Juma Masjid.png
ചേരമാൻ പള്ളി (പഴയ ചിത്രം)
  • ചേരമാൻ ജുമാ മസ്ജിദ്‌ : ഭാരതത്തിലെ ഏറ്റവും പഴയ മുസ്ലീം ദേവാലയം സ്ഥിതിചെയ്യുന്നത് കൊടുങ്ങല്ലൂർ പട്ടണത്തിൽ ചേരമാൻ പറമ്പിൽ സ്ഥിതി ചെയ്യുന്നു. ക്രിസ്തുവർഷം 629-ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. [15] ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി ചെയ്യപ്പെട്ട പള്ളി ഇതാണ്. ഇതേ വകുപ്പിൽ ലോകത്തെ രണ്ടാമത്തെ പള്ളിയും ഇതു തന്നെ എന്നു കരുതുന്നു. [16] ചേര രാജാക്കന്മാരുടെ സഹായത്തോടെ അറബി സന്ന്യസി വര്യനായ മാലിക് ഇബ്നു ദിനാർ ആണ് ഇതു പണിയിച്ചത്.

പ്രധാന ആഘോഷങ്ങൾ തിരുത്തുക

  • കൊടുങ്ങല്ലൂർ ഭരണി : കേരളത്തിലെ പ്രസിദ്ധ്മായ ആഘോഷങ്ങളിൽ ഒന്നാണിത്. ഭരണി ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, കാവുതീണ്ടൽ, തെറിപ്പാട്ട് എന്നിവ ഇതിനു കൂടുതൽ പ്രസിദ്ധി നേടിക്കൊടുത്തു. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകൾ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികൾ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. ഈ ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി, പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് [17] അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽ കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് കാവുതീണ്ടൽ.

അതിരുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. ഡോ. എ. ശ്രീധരമേനോൻ -- കേരള ചരിത്ര ശില്പികൾ -- സഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം
  2. ആർ.എസ്. ശർമ്മ -- പ്രാചീന ഇന്ത്യ -- ഡി.സി. ബുക്സ്
  3. പി.കെ. ബാലകൃഷ്ണൻ -- ജാതിവ്യവസ്ഥയും, കേരള ചരിത്രവും -- കറൻറ് ബുക്സ്, തൃശൂർ
  4. സെന്റ്. തോമസിന്റെ ഭാരത സന്ദർശനം -- കൊടുങ്ങല്ലൂർ
  5. പ്ലീനി ദി എൽഡർ -- നാച്ചുറൽ ഹിസ്റ്ററി വാല്യം 2 താള് 419
  6. 6.0 6.1 കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  7. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. മിത്തിക്ക് സൊസൈറ്റി -- ക്വാർട്ടറ്ലി ജേർണൽ 19ത് വാല്യം, പ്രതിപാദിച്ചിരിക്കുന്നത്; വി.വി.കെ. വാലത്ത് -- കേരളത്തിലെ സ്ഥല ചരിത്രങ്ങൾ, തൃശ്ശൂർജില്ല -- കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992
  9. കൊടുങ്ങല്ലൂർ മുനിസിപാലിറ്റി -- സ്ഥലനാമോൽപത്തി
  10. വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എൻ.ബി.എസ്.
  11. പ്രൊഫ. എസ്. വെങ്കിടേശ്വരയ്യർ, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992
  12. കൊടുങ്ങല്ലൂർ മുനിസിപാലിറ്റി -- സ്ഥലനാമോൽപത്തി
  13. "കൊടുങ്ങല്ലൂർ മുനിസിപാലിറ്റി -- ചരിത്രം -- നഗരസഭ രൂപീകരണം/ആദ്യകാല ഭരണസമിതികൾ". Archived from the original on 2016-03-04. Retrieved 2011-08-23.
  14. ഡോ. എ. ശ്രീധരമേനോൻ -- കേരളശില്പികൾ -- നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം
  15. "Cheraman Juma Masjid A Secular Heritage". Archived from the original on 2017-07-26. Retrieved 2011-08-23.
  16. "കൊടുങ്ങല്ലൂർ മുനിസിപാലിറ്റി". Archived from the original on 2013-10-08. Retrieved 2011-08-23.
  17. കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)


"https://ml.wikipedia.org/w/index.php?title=കൊടുങ്ങല്ലൂർ_നഗരസഭ&oldid=3803509" എന്ന താളിൽനിന്ന് ശേഖരിച്ചത്