ചായ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഇലകളുണ്ടാകുന്ന ചെടിയാണ്‌ തേയിലച്ചെടി. തേയിലച്ചെടി യഥാർത്ഥത്തിൽ ഒരു നിത്യഹരിതവനവൃക്ഷമാണ്. ആവശ്യമായ രീതിയിലുള്ള ഇല ലഭിക്കുന്നതിന് ഇതിനെ നുള്ളി കുറ്റിച്ചെടി രൂപത്തിൽ നിലനിർത്തുന്നതാണ്. വനവൃക്ഷമായതു കൊണ്ട് കാടിനു സമാനമായ പരിതഃസ്ഥിതിയിൽ (തണുപ്പു പ്രദേശങ്ങളിൽ) ഇത് നന്നായി വളരുന്നു. വർഷത്തിൽ ഏതാണ്ടെല്ലാസമയത്തും മഴ ലഭിക്കുന്നത് തേയിലച്ചെടിക്ക് ഗുണകരമാണ്. 200 മുതൽ 300 സെന്റീമീറ്റർ വരെയുള്ള വാർഷികവർഷപാതമാണ് തേയിലച്ചെടിക്ക് അനുയോജ്യം[1]‌.

Tea Plant
Camellia sinensis foliage
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. sinensis
Binomial name
Camellia sinensis
Synonyms
  • Camellia bohea (L.) Sweet
  • Camellia chinensis (Sims) Kuntze
  • Camellia sinensis f. macrophylla (Siebold ex Miq.) Kitam.
  • Camellia sinensis f. rosea (Makino) Kitam.
  • Camellia thea Link [Illegitimate]
  • Camellia theifera var. macrophylla (Siebold ex Miq.) Matsum.
  • Camellia viridis Link
  • Thea viridis L.
Camellia sinensis

തേയിലച്ചെടിയുടെ പ്രത്യേകതകൾ മൂലം ഉയർന്ന പ്രദേശങ്ങളിലെ (High Range) മലഞ്ചെരുവുകളാണ് ഇത് കൃഷിചെയ്യുന്നതിന് അനുജോയമായ ഇടം. (ഉദാ:- പീരുമേട്, മൂന്നാർ, വയനാട് ജില്ലയിലെ ചില മേഖലകൾ) ഇവിടെ ഭൂമിശാസ്ത്രപരമായി ഉന്നതിയെ സൂചിപ്പിക്കുന്ന കോണ്ടൂർ രേഖക്ക് സമാന്തരമായാണ് തേയിലച്ചെടികൾ നടുന്നത്. ഇതിനെയാണ് കോണ്ടൂർ നടീൽ അഥവാ കോണ്ടൂർ പ്ലാന്റിങ് എന്നു പറയുന്നത്. ഒരു പ്രത്യേകവിസ്തീർണ്ണം സ്ഥലത്ത് പരമാവധി ചെടികൾ നടാം. (ഏക്കറിൽ മൂവായിരത്തോളം) എന്നതാണ് ഇത്തരത്തിലുള്ള നടീൽ കൊണ്ടുള്ള ഗുണം. ഇതിനു പുറമേ, ഈ രീതി, മണ്ണൊലിപ്പിനെയും ഫലപ്രദമായി തടയുന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് തേയിലച്ചെടിക്ക് ദോഷമായതിനാൽ ഇടവിട്ട നിരയായി തണൽ മരങ്ങൾ വച്ചു പിടിപ്പിക്കാറുണ്ട്. ഇത് തണൽ നൽകുന്നതോടൊപ്പം വലിയ കാറ്റിനെ തടയുകയും ചെയ്യുന്നു. സാധാരണ ഇതിനായി നടുന്നത് സിൽവർ ഓക്ക് മരങ്ങളാണ്.[1].

കമ്പു കോതൽ

തിരുത്തുക

തേയിലച്ചെടി സ്വാഭാവിക സാഹചര്യങ്ങളിൽ മരമായി വളരുന്നതായതിനാൽ അതിനെ ഇട്യ്ക്കിടെ കമ്പുകൾ മുറിച്ച് ചെറുതാക്കി നിർത്തേണ്ടതുണ്ട്. അഞ്ചു വർഷം കൂടുമ്പോഴാണ് സാധാരണയായി ഈ ജോലി ചെയ്യുന്നത്. ഇതിന് കവാത്തു് നടത്തുക എന്നാണ് പറയുന്നത്. ഇതിനുപയോഗിയ്ക്കുന്ന കത്തിയ്ക്ക് കവാത്തു കത്തി എന്നാണു പറയുന്നത്. തേയിലച്ചെടി ഒരിക്കൽ നട്ടു കഴിഞ്ഞാൽ 100 മുതൽ 150 വർഷം വരെയും ആദായം തരുന്നതാണ്. കേരളത്തിൽ തേയില ഉള്ള മിക്ക പ്രദേശങ്ങളിലെയും തേയിലത്തോട്ടങ്ങളിൽ ഇപ്പോൾ നാം കാണുന്നത് 100-ൽ ഏറെ വർഷം പ്രായമായ തേയിലച്ചെടികളാണ്. അതിൽത്തന്നെ ഒട്ടുമിക്ക എസ്റ്റേറ്റുകളും ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നതും, അവരുടെ മേൽനോട്ടത്തിൽ വച്ചു പിടിപ്പിച്ച് പരിപാലിച്ച് പോന്നതുമാണ്.

വിളവെടുപ്പ്

തിരുത്തുക
 
തേയിലത്തോട്ടത്തിലെ തൊഴിലാളികൾ
 
തേയിലത്തോട്ടം

ഒരു ചെടി നട്ടാൽ അതിൽ നിന്നും വിളവ് ലഭിക്കുന്നതിന് മൂന്നു മുതൽ ഒമ്പത് വർഷം വരെ എടുക്കാറുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങൾ പെട്ടെന്ന് വിളവ് നൽകുന്നെങ്കിലും ഇവിടെ നിന്നും ലഭിക്കുന്ന തേയില ഗുണനിലവാരം കുറഞ്ഞതായിരിക്കും. എന്നാൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന തേയില കൂടുതൽ ഗുണനിലവാരമുള്ളവയായിരിക്കും.

 
തേയില - തളിരിലകൾ
 
മൂന്നാറിലെ ഒരു തേയില തോട്ടം

തേയിലച്ചെടിയുടെ തളിരിലകൾ (flush) മാത്രമേ ചായയുണ്ടാക്കുന്നതിന് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അതായത് ഇലയുടെ കൂമ്പും രണ്ടു തളിരിലകൾഊം മാത്രമാണ് ഇതിനായി നുള്ളിയെടുക്കുന്നത്. തളിര് നുള്ളിയെടുക്കുന്നയിടങ്ങളിൽ പുതിയ തളിരിലകൾ വീണ്ടും വളർന്നു വരുന്നു. വലിയ തേയിലത്തോട്ടങ്ങളീൽ തേയില നുള്ളൽ, വർഷം മുഴുവനും തുടരുന്ന ഒരു ജോലിയായിരിക്കും. വർഷം മുഴുവനും ഇല നുള്ളുമെങ്കിലും പുതിയ തളിരിലകൾ വളരുന്നതിന് ഓരോയിടത്തും നിശ്ചിത ഇടവേളകൾ നൽകുന്നു. തോട്ടത്തിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിനനുസരിച്ച് ഈ ഇടവേളയുടെ ദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കും. താഴ്ന്ന പ്രദേശങ്ങളിൽ ഈ ഇടവേള ഒരാഴ്ചയാണെങ്കിൽ ഉയർന്ന പ്രദേശങ്ങളിൽ ഇത് രണ്ടാഴ്ച വരെയാണ്.

തേയില നുള്ളൂന്നത് വളരെ വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലാണ്. ശ്രീലങ്കയിൽ തമിഴ് സ്ത്രീകളാണ് ഈ തൊഴിലിൽ ഏർപ്പെടുന്നത്. ഇവർ തളിരിലകൾ നുള്ളി പുറത്ത് കെട്ടിയിട്ടുള്ള തൊട്ടിയിൽ നിക്ഷേപിക്കുന്നു. ഈ തൊട്ടികൾ അവരുടെ നെറ്റിയിലേക്കായിരിക്കും കെട്ടിയിരിക്കുക. തേയിൽക്കൊളുന്ത് ശേഖരിക്കുന്നതിന് പരമ്പരാഗത രീതിയ്ക്ക് പുറമെ സഞ്ചി ഘടിപ്പിച്ച വലിയ കത്രിക പോലെയുള്ള ഒരു ഉപകരണവും ഇപ്പോൾ പ്രചാരത്തിലുണ്ട്.

തേയില നുള്ളുന്നതിനു പുറമേ ചെടികൾക്കിടയിലെ കള നീക്കം ചെയ്യലും തോട്ടങ്ങളിലെ പ്രധാനപ്പെട്ട ജോലിയാണ്. ചെടിയുടെ കടയിലെ മണ്ണിളക്കുക, വളമിടുക, ഗുണനിലവാരം കുറഞ്ഞ ചെടികളെ നീക്കം ചെയ്ത് പുതിയവ നടുക എന്നിങ്ങനെ വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ജോലിയാണ് തേയിലത്തോട്ടങ്ങളിലേത്[1].

തേയില സംസ്കരണം

തിരുത്തുക

തേയില നുള്ളി സംസ്കരണശാലയിലെത്തിക്കുന്നതു വരെ അത് കൈകാര്യം ചെയ്യുന്നതിലുള്ള പാകപ്പിഴകളും സംസ്കരണശാലയിലെ താപനിലയിലും സമയദൈർഘ്യത്തിലുമുള്ള ചെറിയ വ്യത്യാസങ്ങളും മറ്റും തേയിലയുടെ ഗന്ധത്തിലും ഗുണനിലവാരത്തിലും കാര്യമായ മാറ്റം ഉണ്ടാക്കുന്നു. അതുകൊണ്ട് തേയിലസംസ്കരണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പ്രക്രിയയാണ്. ഓരോ തേയിലത്തോട്ടവും അവിടെ നിന്നുള്ള തേയിലയുടെ ഗുണനിലവാരം ഒരേപോലെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. രുചിച്ചുനോക്കി ഏതു തേയിലത്തോട്ടത്തിലെ തേയിലയാണെന്നു തിരിച്ചറിയാൻ സാധിക്കാറുണ്ട്[1].

തേയിലസംസ്കരണത്തിന് 6 ഘട്ടങ്ങളാണ് ഉള്ളത്

1. ഉണക്കൽ

നുള്ളിയെടുത്ത ഇലകളെ, തട്ടുകളിൽ ഒരേ കനത്തിൽ നിരത്തിയിട്ട് അതിലെ ഈർപ്പം പോകാനനുവദിക്കുന്നു. സൗകര്യമുള്ള സ്ഥലങ്ങളിൽ വെയിലത്തിട്ടാണ് ഉണക്കുന്നത്. എന്നാൽ മിക്കവാറും സ്ഥലങ്ങളിലും വലിയ മുറികളിൽ ഈ തട്ടുകൾ അടുക്കിവച്ച് ചൂടുകാറ്റ് പ്രവഹിപ്പിച്ചാണ് ഉണക്കിയെടുക്കുന്നത്.

2. ചതക്കൽ (Rolling)

ഉണക്കിയെടുത്ത തേയില ഒരു റോളറിലൂടെ കടത്തിവിട്ട് ചതച്ചെടുക്കുന്നു. ഇതിലൂടെ ഇല കഷണങ്ങളാകുന്നതോടൊപ്പം, ഇലക്കകത്തെ ചാറ് പുറത്തേക്കെത്തുന്നു.

3. റോൾ ബ്രേക്കിങ് (Roll breaking)

ചതച്ചെടുത്ത് വരുന്ന ഇലകൾ കമ്പിവലക്കു മുകളിലൂടെ കടത്തിവിടൂന്നു. അങ്ങനെ വലിപ്പം കുറഞ്ഞ ഇലക്കഷണങ്ങൾ താഴേക്കു വീഴുകയും മിച്ചം വരുന്ന ഇലകളെ വീണ്ടും ചതക്കുന്നതിന് റോളറിലേക്കയക്കുന്നു.

4. പുളിപ്പിക്കൽ (Fermentation)

ചതച്ചെടുത്ത ഇലകളെ ഒരു തണുത്തതും ഈർപ്പമുള്ളതുമായ മുറിയിൽ കോൺക്രീറ്റ് തട്ടുകൾക്കു മുകളിൽ വിതറിയിടുന്നു. ഇവിടെയാണ് പുളിക്കൽ (Fermentation) നടക്കുന്നത്. പച്ച നിറത്തിലുള്ള ഇലകൾ ഇതോടെ ഉപഭോക്താക്കൾക്ക് പരിചിതമായ കറുത്ത നിറമായി മാറുന്നു.

5. ഫയറിംഗ് (Firing)

നിശ്ചിത കാലയളവിനു ശേഷം ഇലകളെ ഒരു ഓട്ടോമാറ്റിക് ടീ ഡ്രയറിലൂടെ കടത്തിവിടുന്നു. ഇവിടെ ചൂടുകാറ്റ് ഉപയോഗിച്ച് ഇലകളെ ഉണക്കുകയും അതോടൊപ്പം പുളിക്കൽ പ്രക്രിയ അവസാനിക്കുകയും ചെയ്യുന്നു. ഇവിടെ ഉപയോഗിക്കുന്ന ചൂടുകാറ്റിന്റെ താപനിലയും പ്രവഹിപ്പിക്കുന്ന സമയവും ശ്രദ്ധയോടുകൂടി നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇല വെന്തുപോകുകയും ഗുണനിലവാരം കുറയുകയോ തീർത്തും ഉപയോഗശൂന്യമാകുകയോ ചെയ്യും.

6. തരം തിരിക്കൽ : ഇലയുടെ വലിപ്പത്തിനനുസരിച്ച് തേയിലയെ പലതായി തരം തിരിക്കുന്ന പ്രക്രിയയാണിത്.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

ഇല [2]


ചിത്രശാല

തിരുത്തുക
മൂന്നാറിലെ ഒരു ചായത്തോട്ടം.

ഇതും കൂടി കാണുക

തിരുത്തുക

എൽ.കെ.ജി.പ്രൊഡക്റ്റസ്

  1. 1.0 1.1 1.2 1.3 HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 282–286. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തേയില&oldid=3929914" എന്ന താളിൽനിന്ന് ശേഖരിച്ചത്