ചാലക്കുടി
ദേശീയപാത 47-ന് അരികിലായി തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി (ഇംഗ്ളീഷ്:Chalakudy). കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ് ചാലക്കുടി. ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു. ചരിത്രപ്രധാന്യമുള്ള ചാലക്കുടി, ഇന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ, പോട്ട, മുരിങ്ങൂർ എന്നിവിടങ്ങളിലെ ക്രിസ്തീയധ്യാനകേന്ദ്രങ്ങൾ, ചലച്ചിത്രതാരങ്ങൾ എന്നിവയിലൂടെയാണ് പ്രസിദ്ധമായത്. നാടൻ പാട്ടിനെ ജനകീയമാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ച ചലചിത്ര നടനായിരുന്ന കലാഭവൻ മണിയുടെ ജന്മദേശമാണ് ചാലക്കുടി. എല്ലാവർഷവും അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം നാടൻ പാട്ട് മത്സരവും ചാലക്കുടിയിൽ സംഘടിപ്പിക്കാറുണ്ട്. ചാലക്കുടി പുഴയോട് ബന്ധപ്പെട്ട പുതിയ ജലവൈദ്യുതപദ്ധതികളും വിവാദങ്ങളും സമീപകാലത്ത് ചൂടു പിടിപ്പിക്കുന്ന ചർച്ചാവിഷയങ്ങളായിരുന്നു[1] അടുത്ത കാലത്തായി നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതും വാർത്തയായിരുന്നു.[2] [3][4] [5][6]
ചാലക്കുടി | |
---|---|
Country | India |
State | Kerala |
District | Thrissur District |
• ഭരണസമിതി | Municipal Council |
• M L A | B.D. Devassy |
• ആകെ | 25.23 ച.കി.മീ.(9.74 ച മൈ) |
(2011) | |
• ആകെ | 49,525 |
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,100/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680307 |
Telephone code | 0480 |
വാഹന റെജിസ്ട്രേഷൻ | KL-64,KL-8,KL-45 |
പേരിനു പിന്നിൽ
തിരുത്തുകചാലക്കുടി എന്ന പേരിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ ഉണ്ട്.
- ‘ജ്യോതിഷസംഹിത’ എന്ന ഗ്രന്ഥത്തിൽ ചാലക്കുടിയെ ‘ശാലധ്വജം’ (ശാലക്കൊടി) എന്നാണ് പരാമർശിച്ചുകാണുന്നത്. ചാലക്കുടിപുഴയുടെ തീരങ്ങളിൽ നിരവധി യാഗങ്ങൾ നടന്നിരുന്നതായും രേഖപ്പെടുത്തിയ്ട്ടുണ്ട്. അങ്ങനെ യാഗശാലക്ക് പേരും പാവനതയും വരുത്തിയതു കൊണ്ട്. ശാലക്കൊടി എന്ന പേർ വന്നതാകാം. [7]
- മറ്റൊരഭിപ്രായം ഇവിടത്തെ കുടികളെ അടിസ്ഥാനപ്പെടുത്തിയാണ്. നിരവധി നമ്പൂതിരി വിദ്യാർത്ഥികൾക്ക് താമസിക്കാനായി ഒരുക്കിയിരുന്ന കുടികൾ പുഴയുടെ തീരത്തായിരുന്നു അതു വഴിയാവാം ചാലക്കുടി എന്ന പേർ വന്നത്.[7]
- കേരളത്തിലെ ഒരു പ്രമുഖ ബുദ്ധമതകേന്ദ്രമയിരുന്നു ചാലക്കുടി. ബുദ്ധഭിക്ഷുക്കൾ (പുരോഹിതർ) മഴക്കാലത്ത് ദേശാടനം നിർത്തുകയും ഒരിടത്ത് ഒത്തുകൂടി ഭജനയിരിക്കുകയും പഠനത്തിൽ ഏർപ്പെടുകയും ചെയ്യും. ഈ പതിവ് തുടങ്ങിവച്ചത് ശ്രീബുദ്ധനായിരുന്നു. (കേരളത്തിലെ കർക്കിടകമാസ രാമായണ ഭജൻ ഇതിന്റെ ഭാഗമാണ്)പാലി ഭാഷയിൽ വസ്സാ (വർഷ)എന്നാണ് ഇതിനെ പറഞ്ഞിരുന്നത്. കെട്ടിടങ്ങൾ പണിയുകയും ആരാമങ്ങൾ ഉണ്ടാക്കുകയുമൊക്കെ ഇതിന്റെ ഭാഗങ്ങൾ ആണ്. ആദ്യമായി ഇത്തരം സംഘാരാമങ്ങൾ ഉണ്ടായത് ജേതൃവനത്തിലാണ്. ഇതിനെ ഗന്ധക്കുടി എന്നാണ് വിളിച്ചിരുന്നത്. കേരളത്തിൽ ഇത്തരത്തിൽ ഉണ്ടായിരുന്ന സംഘാരാമം ചാലക്കുടിയിലാണ്. ശാലയും ഇവിടെ ഉണ്ടായിരുന്നു. ഈ സംഘാരാമത്തിൽ നിന്നാവണം ചാലക്കുടി എന്ന പേർ വന്നത് എന്നും ചിലർ കരുതുന്നു. [8]
- ഷോളയാർ ആണ് ചാലക്കുടിപ്പുഴയുടെ ഉദ്ഭവസ്ഥാനങ്ങളിലൊന്ന്. ഷോളയാർ ചോലയാറായും അതിനു തീരത്തുള്ള ഗ്രാമം ചോലക്കുടിയായും ചാലക്കുടിയായും മാറിയതായിരിക്കാം എന്നാണ് ചരിത്രകാരനായ വാലത്ത് കരുതുന്നത്.[9]
ചരിത്രം
തിരുത്തുകഅതിപ്രാചീന കാലം മുതൽ കേരളത്തിന്റെ പ്രധാന തുറമുഖമായിരുന്ന മുസിരിസുമായി നദി മാർഗ്ഗമുള്ള ബന്ധമുള്ള ഒരു പ്രദേശമായിരുന്നു ചാലക്കുടി. ചാലക്കുടി വനാന്തരങ്ങളിൽ നിന്ന് മരങ്ങൾ തീരത്തെത്തിക്കാൻ ചാലക്കുടിപ്പുഴ ഉപയോഗിച്ചിരുന്നു എന്നു കാണാം. സംഘകാലങ്ങളിൽ ഈ പ്രദേശം അടവൂർ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു.[അവലംബം ആവശ്യമാണ്] ഇക്കാലത്ത് ചാലക്കുടിയിൽ പുലയർ ആയിരുന്നു അധിവസിച്ചിരുന്നത്. (ക്രി.വ. 500). ക്രി.വ.. 17-18 നൂറ്റാണ്ടുകൾ വരെ ഈ പ്രദേശം കോടശ്ശേരി നാട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് കൊച്ചി രാജ്യത്തിനു കീഴിലായിരുന്നു ഈ പ്രദേശം. 17 ആം നൂറ്റാണ്ടിൽ കൊച്ചിരാജ്യത്തെ പ്രദേശങ്ങൾ എല്ലാം അഞ്ച് പ്രവിശ്യകളായി തിരിക്കപ്പെട്ടു. 1) തലപ്പിള്ളി 2) തൃശ്ശിവപേരൂർ 3) മുകുന്ദപുരം 4) ആലുവ 5) കണയന്നൂർ എന്നിവയാണവ. ഇവ അഞ്ചികൈമൾമാർ എന്നറിയപ്പെട്ടിരുന്ന നാടുവാഴികളാണ് ഭരിച്ചിരുന്നത്. ചാലക്കുടിയുടെ അധികാരം ഉണ്ടായിരുന്ന കൈമൾമാർ കോടശ്ശേരി കർത്താക്കൾ എന്നറിയപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട അമ്പലം തച്ചുടയ കൈമൾമാരും ഭരിച്ചുപോന്നു.
വടക്കേ മലബാറിലെ തലശ്ശേരിയിലെ ലോകനാർകാവ് എന്ന ബുദ്ധ സങ്കേതത്തിനു അടുത്ത് താമസിച്ചിരുന്ന കോടശ്ശേരി കർത്താക്കന്മാരുടെ(കൈമൾ) കുടുംബം കടത്തനാട്ട് രാജാവിനോട് പിണങ്ങി ചാലക്കുടിയിലെ കിഴക്കേ മലയോര ഭാഗത്ത് വന്ന് താമസിക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് ഈ പ്രദേശത്തിന് കോടശ്ശേരി എന്ന പേര് വന്നത്. ഡച്ചുകാരും പോർത്തുഗീസുകാരുമായി ഈ കൈമൾമാർ നേരിട്ട് ബന്ധം പുലർത്തുകയും വന വിഭവങ്ങൾ വിറ്റ് കാശാക്കുകയും ചെയ്തിരുന്നു.[അവലംബം ആവശ്യമാണ്] കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന ഇവർ കൊച്ചി രാജാവിനെതിരായും വിധ്വംസക പ്രവർത്തനത്തിൽ ഏർപ്പെടാൻ തുടങ്ങി. ഇവരുടെ കാലത്ത് നാടുകളുടെ ഭരണാധികാരത്തിൽ കൊച്ചി രാജാവിന്റെ പങ്ക് കുറവായിരുന്നു.
മാർത്താണ്ഡവർമ്മ തടവിൽ പാർപ്പിച്ചിരുന്ന അമ്പലപ്പുഴരാജാവ് തടവുചാടി ഈ കോടശ്ശേരി കർത്താക്കൾമാരെയും, കൊരട്ടികൈമളെയും പാലിയത്തച്ചനെയും മറ്റും കണ്ട് മാർത്താണ്ഡവർമ്മയ്ക്കെതിരായി യുദ്ധത്തിനും ഗൂഢാലോചന കൂടിയിരുന്നു. എന്നാൽ യുദ്ധത്തിൽ കോടശ്ശേരി കർത്താക്കളെ മാർത്താണ്ഡവർമ്മ തടവുകാരനാക്കി.[10] പിന്നീട് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ നാടുവാഴികളുടേയും ദേശവാഴികളുടേയും മറ്റും ഭരണം അവസാനിപ്പിച്ചപ്പോൾ അതുവരെ ഇടപ്രഭുക്കന്മാരായിരുന്ന കർത്താക്കന്മാർ വെറും ജന്മിമാരും സാമന്തന്മാരും മാത്രമായിത്തീർന്നു. ഇത് കൊല്ല വർഷം 977ലായിരുന്നു.
നിരവധി യാഗങ്ങൾക്കു മറ്റും അക്കാലത്ത് ചാലക്കുടി പുഴ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രി.വ. 800-നും 1100-നും ഇടക്ക് അടുത്ത പ്രദേശമായ അങ്കമാലിയിലെ പ്രസിദ്ധമായ മൂഴിക്കുളം യാഗശാലയിൽ ആയുധം, വേദം എന്നിവ പഠിക്കാനായി നിരവധി വിദ്യാർത്ഥികൾ ഇവിടെ എത്തിയിരുന്നു. അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു. ഇത് കുടി എന്നപേരിൽ അറിയപ്പെട്ടു. അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ‘ശാലൈ’ എന്നാണ് അറിയപ്പെട്ടിരുന്നത്. [11] ആദ്യകാലങ്ങളിൽ ‘പെന്നൈ’ എന്നാണ് ചാലക്കുടി പുഴ അറിയപ്പെട്ടിരുന്നത്.
പരിയാരം
തിരുത്തുകശക്തൻ തമ്പുരാൻ ചാലക്കുടിയിലെ കുന്നത്തങ്ങാടിയിൽ പാണ്ടികശാല ആരംഭിക്കുകയും വ്യാപാരാവശ്യങ്ങൾക്കായി അന്നത്തെ വ്യാപാര പ്രബലരായിരുന്ന നസ്രാണികളെ കുടിയിരുത്തുകയും ചെയ്തു. ശക്തൻ തമ്പുരാന്റെ കാലത്താണ് ചാലക്കുടിയിൽ വികസന പ്രവർത്തനങ്ങൾ കൂടുതലും നടന്നത്. ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിലെ പ്രധാന ചന്തകളിലൊന്നായിരുന്നു ചാലക്കുടി ചന്ത. ശക്തൻ തമ്പുരാൻ അദ്ദേഹത്തിന്റെ വേനൽക്കാല വസതിയായി ഇന്നത്തെ പരിയാരം ഗ്രാമത്തിൽ കൊട്ടാരം പണിയുകയും അവിടെ താമസിച്ച് നായാട്ടും മറ്റും നടത്തി വരികയും ചെയ്തിരുന്നു. നാട്ടുകാർക്ക് സങ്കടം ഉണർത്തിക്കാൻ പ്രത്യേക സമയം ഉണ്ടായിരുന്നു എന്നും എന്തിനും പരിഹാരം കിട്ടിയിരുന്നതു കൊണ്ട് ഈ സ്ഥലത്തിന് പരിഹാരം എന്ന് പേര് വീഴുകയും അത് പരിയാരം ആയി മാറുകയും ചെയ്തു എന്ന് കരുതുന്നു.
പോട്ട
ചാലക്കുടിയിൽ നിന്നു 2 കി.മീ മാറി നാഷ്ണൽ ഹൈവെയോട് ചെർന്നുള്ള ഒരു സ്ഥലം ആണു പോട്ട. ചാലക്കുടിയിലെ പ്രസിദ്ദമായ പനമ്പിള്ളി സ്മാരക ഗവ. കോളേജ് സ്ഥിതി ചെയ്യുന്നത് ഇവിടെ ആണു.
നെടുങ്കോട്ട
തിരുത്തുകചാലക്കുടിക്കടുത്തുള്ള നെടുങ്കോട്ടയാണ് 1789-ൽ ടിപ്പു സുൽത്താൻ കൊച്ചിയെ ആക്രമിക്കുന്നതിനായി പുറപ്പെട്ട വഴിയിൽ പ്രധാന തടസ്സമായിരുന്നത്.
ഇത് ധർമ്മരാജാവ് നിർമ്മിച്ച കൂറ്റൻ കോട്ടയായിരുന്നു.[12] കേരളത്തിന് കുറുകെയുള്ള കുന്നുകളും മലകളും മറ്റും ബന്ധിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചാലക്കുടിയിലെ മുരിങ്ങൂരിലെ കോട്ടമുറി എന്ന് സ്ഥലത്ത് വച്ച് ടിപ്പു സുൽത്താൻ നെടുങ്കോട്ട ഭേദിക്കുകയും പിന്നീട് കോട്ട മൊത്തമായി പിടിച്ചടക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഭരണകാലം
തിരുത്തുകകൊച്ചിയെപ്പറ്റി ഗ്രന്ഥമെഴുതിയിട്ടുള്ള മത്സ്യശാസ്ത്രജ്ഞനായ ബ്രിട്ടീഷുകാരൻ ഫ്രാൻസിസ് ഡേയുടെ വിവരണങ്ങളിൽ കോടശ്ശേരി ഡിവിഷനും ചാലക്കുടിയും വരുന്നുണ്ട് [13] കൈമൾ 1706 വരെ സാമൂതിരിയുറ്റെ കോയ്മ അംഗീകരിച്ചിരുന്ന ആളായിരുന്നു. കോടശ്ശേരി കൈമളിനു ഇവിടെ ഒരു ചെറിയ കൊട്ടാരം ഉണ്ടായിരുന്നതായി പറയുന്നു.
125 കണ്ടി കുരുമുളക് ഇവിടെ വിളഞ്ഞിരുന്നു. ഫ്രാൻസിഡ് ഡേയുടെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ഏലവും മെഴുകും ഇവിടെ നിന്നാണ് ലഭിച്ചിരുന്നത്. [13] കോടശ്ശേരിക്ക് 13 വിഭാഗങ്ങൾ ഉണ്ടായിരുന്നു. ചാലക്കുടിയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിഭാഗം [13]
ഇംഗ്ലീഷുകാരുടെ കാലത്ത് ചാലക്കുടിക്ക് കിഴക്കുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടവും മറ്റും ഒരു സന്ദർശന സ്ഥലമെന്ന രീതിയിൽ വികസിപ്പിക്കപ്പെട്ടു. മലക്കപ്പാറ, ഷോളയാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷുകാർ അണക്കെട്ടുകൾ പണിതു. മലക്കപ്പാറയിലും മറ്റും തേയിലത്തോട്ടങ്ങൾ സ്ഥാപിക്കുകയും കാപ്പിയും മറ്റും വച്ചുപിടിപ്പിക്കുകയും ചെയ്തു.
ട്രാം പാതകൾ
തിരുത്തുകഷോളയാർ കാടുകളിൽ നിന്ന് മരങ്ങളും മറ്റു ദ്രവ്യങ്ങളും കൊണ്ടുവരുന്നതിനായി ചാലക്കുടി പട്ടണത്തിൽ നിന്ന് ഒരു ട്രാം പാത (Tram) ഇംഗ്ലീഷുകാർ 1901-ൽ നിർമ്മിച്ചു. ആർ.വി.ഹാറ്റ്ഫീൽഡ് എന്ന നിർമ്മാണ വിദഗ്ദ്ധനാണിത് നിർമ്മിച്ചത്. മലമുകളിൽ നിന്ന് ഭാരം വഹിച്ച് താഴേക്ക് വരുന്ന ഒരു ട്രാം, കയറുപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന മറ്റൊരു ട്രാമിനെ താഴെനിന്ന് മുകളിലേക്കെത്തിക്കുന്നു. ഈ രീതിയിൽ പ്രത്യേകിച്ച് ഇന്ധനമൊന്നുമില്ലാതെ ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തിയാണ് ഈ ട്രാമുകൾ ഓടിയിരുന്നത്. ഈ ട്രാമിന്റെ ഒരു മാതൃക തൃശൂർ കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് 1960-കൾ വരെ നിലവിലുണ്ടായിരുന്നു. ട്രാമിനുപയോഗിച്ചിരുന്ന പാതകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ട്രാംവേ എന്ന പേരിൽത്തന്നെയാണ് ഇന്നും ഈ പാത അറിയപ്പെടുന്നത്. ഇപ്പോൾ ട്രാം വേ യിലെ റെയിൽ പാളങ്ങൾക്കു മുകളിലൂടെ ടാറിങ്ങ് വന്നു കഴിഞ്ഞു.
ഭരണസ്ഥാപനങ്ങളുടെ രൂപവത്കരണം
തിരുത്തുക1914-ലെ കൊച്ചി വില്ലേജ്-പഞ്ചായത്ത് ആക്ട് പ്രകാരം ഇന്നത്തെ നാലു വില്ലേജുകൾ 2 ഗ്രൂപ്പ് പഞ്ചായത്തുകളായാണ് പ്രവർത്തിച്ചിരുന്നത്. പടിഞ്ഞാറെ ചാലക്കുടി വില്ലേജ്, അണ്ണല്ലൂർ, താഴേക്കാട് എന്നീ വില്ലേജുകൾ ചേർന്ന് പടിഞ്ഞാറേ ചാലക്കുടി ഗ്രൂപ്പും കിഴക്കേ ചാലക്കുടി, പോട്ട, പേരാമ്പ്ര എന്നിവ ചേർന്ന് കിഴക്കേ ചാലക്കുടി ഗ്രൂപ്പ് പഞ്ചായത്ത് എന്ന പേരിലും അറിയപ്പെട്ടു. 1941 ഏപ്രിൽ 11 മുതൽ കിഴക്കു-പടിഞ്ഞാറു ചാലക്കുടി വില്ലേജിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പട്ടണസമിതി രൂപവത്കരിച്ചുവെങ്കിലും പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. 1948-ൽ ചാലക്കുടി പഞ്ചായത്ത് പുന:സംവിധാനം ചെയ്തു. 1950-ൽ തിരുക്കൊച്ചി പഞ്ചായത്ത് നിയമം പ്രകാരം ചാലക്കുടി പഞ്ചായത്ത് രൂപീകൃതമായി. 10 വാർഡുകൾ ഉണ്ടായിരുന്നു. 1953-ൽ നികുതി സംവിധാനം ഏർപ്പെടുത്തി. പിന്നീട് 1966ല് പഞ്ചായത്ത് സമിതി കൈക്കൊണ്ട തീരുമാനപ്രകാരം 1970 ഏപ്രിൽ 1ന് ഒന്നാം ഗ്രേഡ് പഞ്ചായത്ത് അയിരുന്ന ചാലക്കുടിയെ കേരളത്തിലെ 26 ആമത്തെ മുൻസിപ്പാലിറ്റിയായി ഉയർത്തി. ഇതിന്റെ പ്രഖ്യാപനം ചാലക്കുടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ നിർവ്വഹിച്ചു.
ആധുനിക ചരിത്രം
തിരുത്തുകചാലക്കുടി പണ്ടു മുതലേ രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടായിരുന്നു. 1929-ൽ മഹാത്മാഗാന്ധി ചാലക്കുടി സന്ദർശിച്ച് ഹരിജനോദ്ധാരണ പ്രബോധനം നടത്തിയിട്ടുണ്ട്. ആ സ്ഥലത്താണ് ഇന്ന് നഗരസഭാ കാര്യാലയം പ്രവർത്തിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മദേശവുമാണിവിടം. 1947-ൽ ചാലക്കുടിയിലെ അബ്ദുൾ റഹിമാൻ നഗറിൽ വച്ചാണ് പ്രജാ മണ്ഡലത്തിന്റെ മൂന്നാം വാർഷിക സമ്മേളനം നടന്നത്. ആ സമ്മേളനത്തിൽ മദ്രാസ് പ്രവിശ്യയിലെ മന്ത്രിയും മുൻ രാഷ്ട്രപതി യും ആയ വി.വി. ഗിരി, ബ്രിട്ടീഷ് ഇടക്കാല സർക്കാറിൽ മന്ത്രിയും ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി യുമായ ഡോ. രാജേന്ദ്രപ്രസാദ് എന്നിവർ പങ്കെടുക്കുകയുണ്ടായി. ചാലക്കുടി ഉൾപ്പെട്ട മുകുന്ദപുരം ലോക്സഭാമണ്ഡലം മാറ്റങ്ങൾ വരുത്തി രൂപീകരിച്ചതാണു ചാലക്കുടി ലോക്സഭാമണ്ഡലം. ബെന്നി ബെഹനാൻ ആണ് ഇപ്പൊൾ ചാലക്കുടി ലോകസഭാമണ്ഡലത്തെ പ്രധിനിധീകരിക്കുന്നത്
ലോക്‌സഭാമണ്ഡലങ്ങളിലെയും നിയമസഭാ മണ്ഡലങ്ങളിലെയും ചരിത്രം പരിശോധിച്ചാൽ ആദ്യത്തെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചെങ്കിലും പിന്നീട് ചാലക്കുടി കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായി മാറുകയായിരുന്നു എന്നു കാണാം. സി.ജി ജാനാർദ്ദനൻ, പി.കെ. ചാത്തൻ മാസ്റ്റർ, കെ.കെ. ബാലകൃഷ്ണൻ, പി.പി. ജോർജ്ജ്(മൂന്നു തവണ), പി.കെ. ഇട്ടൂപ്പ്, കെ.കെ. ജോർജ്ജ്, റോസമ്മ ചാക്കോ, സാവിത്രി ലക്ഷ്മണൻ, ബി.ഡി. ദേവസ്സി , സനീഷ് കുമാർ ജോസഫ്(ഇപ്പോഴത്തെ എം.എൽ.എ) [14] എന്നിവരാണ് യഥാക്രമം ഇവിടെ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
1939, 1945 എന്നീ വർഷങ്ങളിലെ ലോക മഹായുദ്ധങ്ങൾക്കു ശേഷം ചാലക്കുടിക്ക് കിഴക്കുള്ള പരിയാരം എന്ന സ്ഥലം വിമുക്തഭടന്മാർക്ക് പതിച്ചു കൊടുക്കുകയുണ്ടായി. അക്കാലത്ത് വനമായിരുന്ന ഈ ഭൂപ്രദേശം ഇന്ന് പരിഷ്‌കൃതമായ നാട്ടിൻപുറമായിത്തീർന്നിരിക്കുന്നു.
പാർലമെനട് നിയോജക മണ്ഡലപുനർനിർണ്ണയ കമ്മീഷന്റെ പുതിയ ശുപാർശ പ്രകാരം മുകുന്ദപുരം നിയോജകമണ്ഡലത്തിൽ നിന്ന് അടർത്തി ചാലക്കുടി പാർലമെനട് നിയോജകമണ്ഡലം രൂപവത്കരിക്കാൻ കേന്ദ്ര സർക്കാർ 2008 ജനുവരിയിൽ അംഗീകാരം നൽകി. [15] മുകുന്ദപുരം താലൂക്ക് വിഭജിച്ച് ചാലക്കുടി താലൂക്ക് രൂപികരിച്ചു.[16]
ഭൂമിശാസ്ത്രം
തിരുത്തുകഭൂപ്രകൃതിയനുസരിച്ച് ചാലക്കുടിയെ നാലായി തിരിക്കാം 1) മലപ്രദേശം 2) പീഠഭൂമി 3) സമതലം 4) താഴ്ന്ന ഭൂവിഭാഗം.
മലമ്പ്രദേശങ്ങൾ
തിരുത്തുകചാലക്കുടിയുടെ വിസ്തൃതിയുടെ മൊത്തം 16 % ത്തോളം ഈ ഭൂവിഭഗമാണ്. വിജയരാഘവപുരം, ഉറുമ്പുംകുന്ന്, വാഴക്കുന്ന്, താണിപ്പാറക്കുന്ന്, ആശാരിപ്പാറക്കുന്ന്, കണലിക്കുന്ന് എന്നിങ്ങനെയുള്ള ചെറിയ മലകൾ അടങ്ങിയതാണ് ഇത്. സമതലമായ മുകൾ ഭാഗവും ചെങ്കുത്തല്ലാത്ത വശങ്ങളും ഉള്ള കുന്നുകളാണിവ. വളരെ ഫലഭൂയിഷ്ടമായ പ്രദേശങ്ങളാണിവ. ഉയർന്ന പ്രദേശങ്ങളിൽ ജല ദൌർലഭ്യം നേരിടുമെങ്കിലും നഗരസഭ ജലസേചനം നടത്തുന്നുണ്ട്. ചില കുന്നുകളിൽ കരിങ്കൽ മടകൾ പ്രവർത്തിക്കുന്നു. മറ്റു ചിലവയിൽ കൃഷിയും നടക്കുന്നുണ്ട്. തെങ്ങ്,കവുങ്ങ്, പ്ലാവ്, റബ്ബർ, കശുമാവ് തുടങ്ങിയവ കൃഷി ചെയ്യപ്പെടുന്നു.
പീഠഭൂമി
തിരുത്തുകചാലക്കുടിയുടെ ആകെ വിസ്തീർണ്ണത്തിന്റെ 22% ഭാഗം പീഠഭൂമിയാണ്. പുത്തുപറമ്പ്, കുന്നുപാറ, പനമ്പിള്ളി കലാലയ പരിസരം. ഈ പ്രദേശത്തുകൂടെ തുമ്പൂർമുഴി അണക്കെട്ടിൽ നിന്നുള്ള വലതുകര കനാൽ ഒഴുകുന്നു.
സമതലങ്ങൾ
തിരുത്തുക35% വരുന്ന ഈ പ്രദേശത്ത് 2% ചെങ്കുത്തായ കയറ്റങ്ങൾ ഉണ്ട്.താണിപ്പാറയിലും ആശാരിപ്പാറയിലും ചെങ്കുത്തായ ചില ചെരിവുകൾ ഉണ്ടെങ്കിലും മിക്ക ഭാഗങ്ങളും സമതലങ്ങൾ ആണ്. എല്ലാത്തരം കൃഷികളും ഇവിടെ കാണപ്പെടുന്നു. മിക്കഭാഗങ്ങളിലും ചെങ്കല്ല് കലർന്ന മണ്ണാണെങ്കിലും ചരലും, എക്കൽ മണ്ണു കലർന്ന കളിമണ്ണും മറ്റു ചില ഭാഗങ്ങളിൽ കാണുന്നു. അതിനാൽ വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങൾ. തേമാലി, മാലി എന്നീത്തരം കൃഷികൾ നടത്തിയിരുന്ന ഇവിടം ഇന്ന് ആവാസകേന്ദ്രങ്ങൾ ആയി മാറിയിരിക്കുന്നു. ചാലക്കുടിയിലെ നഗരപ്രദേശം, പുഴക്കു തെക്കും വടക്കുമുള്ള ഭാഗങ്ങൾ എന്നിവ സമതലങ്ങളാണ്.
സമുദ്രനിരപ്പിലുള്ള പ്രദേശങ്ങൾ
തിരുത്തുക25 % ത്തോളം വരുന്ന ഈ ഭൂവിഭാഗം രണ്ടായി കാണപ്പെടുന്നു. സാധാരണ നെല്പാടങ്ങളും അതിനും താഴെയായി കാണുന്ന പുഞ്ചപ്പാടങ്ങളും ഈ വിഭാഗത്തിൽ പെടുന്നു. വർഷത്തിൽ രണ്ടും മൂന്നും പ്രാവശ്യം കൃഷിയിറക്കാൻ ശേഷിയുള്ള ഇവിടങ്ങളിലെ മണ്ണ് കളിമണ്ണ് കലർന്നതാണ്. കോട്ടാറ്റ് എന്ന സ്ഥലത്ത് ഇത്തരം മണ്ണിന്റെ ലഭ്യത മൂലം ധാരാളം ഓട്ടു കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
പട്ടണപ്രദേശം
തിരുത്തുകചാലക്കുടി പട്ടണം പ്രസിദ്ധമാണ്. മലഞ്ചരക്കുകളും സുഗന്ധ ദ്രവ്യങ്ങളുമാണ് ഇവിടെ പ്രധാനമായും കച്ചവടം ചെയ്യപ്പെടുന്നത്. ഉപഭോക്തൃ സംസ്കാരത്തിന് തെളിവായി പ്രതിശീർഷവരുമാനത്തെക്കാൾ ചെലവു കൂടിയതിന് 1994-ൽ ഇന്ത്യയിലെ പട്ടണങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു ഈ പട്ടണ നിവാസികൾ.
വടക്ക് ആനമല ജങ്ക്ഷൻ മുതൽ തെക്ക് ചാലക്കുടി പാലം വരെയും പട്ടണപ്രദേശമാണ്. ഇതിനിടയിലുള്ള രണ്ട് പ്രധാന കേന്ദ്രങ്ങളായ നോർത്ത്, സൗത്ത് ജങ്ക്ഷനുകളിലായാണ് പ്രധാന വ്യാപാരകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. സൗത്ത് ജങ്ക്ഷനിലായാണ് സ്വകാര്യ, സർക്കാർ ബസ് സ്റ്റേഷനുകൾ. നോർത്ത് ജങ്ക്ഷനിലായാണ് ചന്ത സ്ഥിതി ചെയ്യുന്നത്.
ജലസേചനം
തിരുത്തുക12 കി.മീ. നീളത്തിൽ പ്രധാന കനാലും മറ്റ് അഞ്ച് ചില്ലക്കനാലുകളും ഉണ്ട്. ചാലക്കുടി, പോട്ട, പേരാമ്പ്ര, ആര്യങ്കാല, പരിയാരം എന്നിവിടങ്ങളിലാണ് ഈ കനാലുകൾ. ഈ കനാലുകളിൽ പലതും ജനങ്ങൾ കയ്യേറിയതിനാൽ ഉദ്ദേശിച്ച രീതിയിൽ ജനസേചനം നടക്കുന്നില്ല. കനാലുകളുടെ ഇരു വശത്തും കുടിയേറ്റക്കാർ കുടിലുകൾ കെട്ടിയിരിക്കുന്നു.
കുളങ്ങൾ
തിരുത്തുകചാലക്കുടിയിൽ ചെറുതും വലുതുമായി 16-നു മേൽ കുളങ്ങൾ ഉണ്ട്. ഇതും നിരവധി കൈയേറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. കുളങ്ങളിലേയ്ക്ക് വരുന്ന ചില തോടുകളും പലരും അനധികൃതമായി കൈവശം വച്ചിരിക്കുന്നു.
ചാലക്കുടിപ്പുഴ
തിരുത്തുകചാലക്കുടിയുടെ പ്രത്യേകത ഈ പുഴയാണ്. ഏകദേശം 144 കി.മീ നീളമുള്ള ഈ നദി ചാലക്കുടിയുടെ സമ്പദ് വ്യവസ്ഥയിൽ നല്ല പങ്കു വഹിക്കുന്നു. ഇത് വളരെയധികം ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ്. പുഴയിൽ എക്കാലവും വെള്ളം ഉള്ളതിനാൽ പരിസരങ്ങളിൽ വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. കാലാകാലങ്ങളിൽ നടന്ന ദാക്ഷിണ്യമില്ലാത്ത മണൽ വാരൽ മൂലം ചാലക്കുടിപ്പുഴ 5 മീറ്ററോളം താഴ്ന്നിട്ടുണ്ട്. ഇക്കാരണത്താൽ പരിസരപ്രദേശങ്ങളിലെ കിണറുകളിൽ നീർവാർച്ച നിലച്ചതോടെ വേനൽക്കാലത്ത് ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. പുഴയോരം ഇടിയുന്നതിനും ഈ മണൽ വാരൽ കാരണമായിട്ടുണ്ട്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പുഴയിലെ ജലക്ഷാമത്തിന് മറ്റൊരു കാരണമാണ്. ചാലക്കുടിയിലെ നിർദ്ദിഷ്ട ജല്വൈദ്യുത പദ്ധതി വിവാദത്തിന് കളമൊരുക്കിയിട്ടുണ്ട്. അതിനെ തടയാനായി ജനങ്ങൾ ചാലക്കുടി പുഴ സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. [17] ഷോളയാർ പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതികൾ ചാലക്കുടിപ്പുഴയിലെ വെള്ളത്തിൽ നിന്നാണു പ്രവർത്തിക്കുന്നത്. പറമ്പിക്കുളം പുഴ, ഷോളയാർ, കരപ്പാറപ്പുഴ, ആനക്കയം തുടങ്ങിയവ ഈ പുഴയുടെ പോഷക നദികളാണ്. പ്രസിദ്ധമായ അതിരപ്പിള്ളി, ഷോളയാർ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ ഈ നദിയെ മനോഹരമാക്കുന്നു. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചാലക്കുടി കൊച്ചിയിലെ ഭരണാധിപന്മാരുടെ സുഖവാസകേന്ദ്രമായിരുന്നു. ആ സുഖവാസകേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു.
കാലാവസ്ഥ
തിരുത്തുകതാപനിലയിൽ വ്യത്യസ്ത കാലവസ്ഥകളിൽ 8-9 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ വ്യത്യാസം വരാറില്ല. അധികം വിയർക്കാത്തതും എന്നാൽ ഉണങ്ങിവരളാത്തതുമായ ഹൃദ്യമായ കാലവസ്ഥ ചാലക്കുടിപ്പുഴ മൂലം ലഭ്യമാകുന്നു. മഴക്കാലം കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ജൂലൈ മാസത്തിലാണ്. നവംബർ മുതൽ ഫെബ്രുവരി വരെ മഞ്ഞുകാലമാണ്.
ഭരണ സംവിധാനം
തിരുത്തുകതൃശൂർ ജില്ലയിലെ 5 നഗരസഭകളിൽ ഒന്നാണ് ചാലക്കുടി. ചാലക്കുടി താലൂക്കിനു വേണ്ടി ജനങ്ങൾ ശബ്ദം ഉയർത്താൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇപ്പോഴാണു ആ ദിശയിൽ ചില മാറ്റങ്ങൾ ഉണ്ടായത്. ചാലക്കുടി താലൂക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും അതിന്റേതായ കാര്യാലയങ്ങളും മറ്റും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. നഗരസഭ ഇപ്പോൾ യു.ഡി.എഫ്ഭരണത്തിലാണ് .
കല കായികം സാംസ്കാരികം
തിരുത്തുകനാടകാവതരണത്തിന്റെയും കാൽപന്തുകളിയുടേയും കേളീകേന്ദ്രമായിരുന്നു ചാലക്കുടി. കേരളത്തിലെ വിവിധ കലാരൂപങ്ങളായ കഥകളി, ഓട്ടൻ തുള്ളൽ, കുറത്തിയാട്ടം, മോഹിനിയാട്ടം, സംഘംകളി തുടങ്ങിയവ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ച് ഇവിടെ നടത്തിവന്നിരുന്നു. പറയ-പുലയ സമുദായങ്ങളുടെ ഇടയിൽ നിലനിന്നിരുന്ന കൊടതുള്ളൽ, കാളക്കളി, വേഷംകളി തുടങ്ങിയവയും ചാലക്കുടിയിൽ പ്രദർശിപ്പിച്ചിരുന്നു. 1926-ൽ സോപാനം എന്ന പേരിൽ ഒരു മാസിക അന്നത്തെ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന ജി. ശങ്കരക്കുറുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യരംഗത്ത് പ്രതിഭകളായ നടുവം കവികൾ ഇവിടെയാണ് ജീവിച്ചിരുന്നത്. മലനാട് വാരിക, കഥകളി മാസിക, ചെങ്കതിർ എന്ന രാഷ്ട്രീയ മാസിക തൂടങ്ങിയവ ഇവിടെ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ആനുകാലികങ്ങൾ ആണ്.
നാടക രംഗം
തിരുത്തുകചാലക്കുടി നാടക രംഗത്ത് നിരവധി പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്. മലയാള നാടകവേദിക്ക് പുത്തനുണർവ് നൽകിയ നാടക സമിതിയാണ് എം.എ. ആന്റണിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മരാളിക തിയേറ്റർ. മറ്റൊരു സംഘമായ സാരഥി തിയേറ്റർ ആണ് പ്രശസ്തമായ ‘ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ‘ എന്ന നാടകം അവതരിപ്പിച്ചിട്ടുള്ളത്. 416 സ്റ്റേജുകളിൽ പ്രദർശിപ്പിച്ച നാടകമാണത്.
ആദ്യകാല സിനിമാ നടൻ എൻ. ഗോവിന്ദൻ കുട്ടി ജഡ്ജിയുടെ വേഷത്തിലഭിനയിച്ച ആട്ടക്കളം എന്ന നാടകവും 700 ൽ അധികം സ്റ്റേജുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാടകത്തിൽ സുരേഷ് കൊടകര എന്ന അതുല്യനടൻ ചെയ്ത ഗുമസ്തന്റെ വേഷം അവിസ്മരണീയമായിരുന്നു.
1994-95 വർഷത്തെ കേന്ദ്ര അമേച്ച്വർ നാടക് വേദിയുടെ ഏറ്റവും മികച്ച നാടക രചയിതാവിനുള്ള അവാർഡ് ചാലക്കുടിയിലെ കെ. രാധാകൃഷണനാണ് ലഭിച്ചത്(സാന്തരം എന്ന നാടകത്തിന്).
ചലച്ചിത്രരംഗം
തിരുത്തുകയേശുദാസിനോടൊപ്പം നിരവധി രംഗവേദികളിൽ സംഗീതോപകരണങ്ങൾ വായിച്ചിട്ടുള്ള പ്രഗല്ഭരാണ് ജോർജ്-പീറ്റർ സഹോദരങ്ങൾ. നാടകാഭിനയത്തിലൂടെ സിനിമയിൽ എത്തിയ ഹാസ്യാഭിനേതാവാണ് ജോസ് പെല്ലിശ്ശേരി. പ്രശസ്ത സംവിധായകരായ ലോഹിതദാസ്, സുന്ദർദാസ് എന്നിവരും ചാലക്കുടിക്കാർ തന്നെ. കലാഭവൻ മണി എന്ന ഹാസ്യ താരവും, ഗായകൻ മധു ബാലകൃഷ്ണനും ചാലക്കുടിയുടെ പുതിയ സംഭാവനകളാണ്. സിനിമാ രംഗത്ത് പ്രശസ്തരായ മറ്റുള്ളവർ ജനാബ് വി.എം. മുഹമ്മദ്, ഷൈലജ, നിർമ്മാതാവായ എം.കെ ഇസ്മായിൽ തുടങ്ങിയവരാണ്
കായികരംഗം
തിരുത്തുകചാലക്കുടിയിലെ കാർമൽ സ്റ്റേഡിയം ഒട്ടനവധി ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകാറുണ്ട്. ഇവിടത്തെ എല്ലാ പ്രമുഖ വിദ്യാലയങ്ങളിലും ഈ കായിക വിനോദം പ്രോത്സാഹിപ്പിക്കപ്പെടുന്നു. പഴയ കാല താരങ്ങളായ കെ.എ. വറീത്, എം.ജെ മാത്യു, ടി.വി. വൈദ്യനാഥൻ എന്നിവർ മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവരാണ്. ഇന്ന് ടി.കെ. ചാത്തുണ്ണി, കെ.ജി. വിജയൻ, പി.വി. രാമകൃഷ്ണൻ, ജോസ് മഞ്ഞളി, എം.എൽ ജേക്കബ്, ജോഷ്വാ എന്നിവർ അറിയപ്പെടുന്ന താരങ്ങളാണ്. സംസ്ഥാനതല സ്കൂൾ കായികമേള പോലെ പ്രമുഖ കായികമത്സരങ്ങൾക്ക് പലപ്പോഴും ചാലക്കുടി വേദിയായിട്ടുണ്ട്.
സംഗീത-നൃത്ത രംഗം
തിരുത്തുകപ്രശസ്ത വയലിൻ വിദ്വാൻ ചാലക്കുടി നാരായണസ്വാമി, വാദ്യോപകരണ വിദഗ്ദ്ധൻ നമ്പീശൻ, ജോർജ്, പീറ്റർ എന്നിവർ ചാലക്കുടിയുടെ സംഭാവനകളാണ്. 1976-ൽ കൂടപ്പുഴയിൽ സ്ഥാപിക്കപ്പെട്ട ഫാസ് ക്ലബ്ബിലൂടെ സംഗീതത്തിനും നൃത്തത്തിനും ക്ലാസ്സുകൾ നടത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. നിരവധി നൃത്ത വേദികളിൽ ഇവിടെനിന്നുമുള്ള വിദ്യാർത്ഥികൾ സമ്മാനാർഹരായിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ഉള്ള നൃത്ത-സംഗീത വിദ്യാലയവും ഈ ക്ലബ്ബിനു കീഴിൽ പ്രവർത്തിക്കുന്നു
സാംസ്കാരികം
തിരുത്തുകനാനാജാതി മതസ്ഥരും മത സൗഹാർദ്ദപരമായി ജീവിക്കുന്ന ചാലക്കുടിയി മത സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. ഇന്ത്യയിലെ തന്നെ പേരു കേട്ട ധ്യാനകേന്ദ്രങ്ങളായ പോട്ട ധ്യാനകേന്ദ്രം മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം എന്നിവ ചാലക്കുടിയിലാണ്. ഇന്ത്യയിൽ നിന്നു മാത്രമല്ല അയൽ രാജ്യങ്ങളിൽ നിന്നു വരെ ധ്യാനാർത്ഥികൾ ഇവിടെയെത്തുന്നു.
പ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വാമിയുടെ ആറാട്ട് നടത്തുന്നത് ചാലക്കുടിപ്പുഴയിലാണ്. ക്ഷേത്രത്തിൽ നിന്ന് ആഘോഷപൂർവ്വം ആനയിക്കുന്ന തിടമ്പ് ഒന്നിടവിട്ട വർഷങ്ങളിൽ ചാലക്കുടി കൂടപ്പുഴമനയിലെ പറയെടുപ്പിനു ശേഷം കൂടപ്പുഴയിലെ ആറാട്ടുകടവിലും, ചാലക്കുടിപ്പുഴയുടെ തന്നെ പോഷകനദിയായ കരുവന്നൂർ പുഴയിലെ ആറാട്ടുകടവിലുമാണ് ആറാടുന്നത്. ഇരിങ്ങാലക്കുടയിൽ നിന്ന് ആനപ്പുറത്തെഴുന്നള്ളിക്കുന്ന വിഗ്രഹത്തിന് കാൽനടയായി നൂറുകണക്കിനാളുകളും അകമ്പടി സേവിക്കുന്നു. [ കൂടൽമാണിക്യം ആറാട്ട് ]] എന്നറിയപ്പെടുന്ന ഈ ചടങ്ങിൽ ഭഗവാനെ നീരാടിക്കുന്നു , ആതിഥേയത്വം വഹിക്കുന്നത് കൂടൽമാണിക്യ സ്വാമി ആണ് [18] ആറാട്ടിനു ശേഷം പാള കൊണ്ട് ഉണ്ടാക്കിയ പാത്രത്തിൽ കഞ്ഞിയും മുതിരപ്പുഴുക്കും ഏവർക്കും വിളമ്പുന്നു. പാളക്കഞ്ഞി എന്നാണ് ഇതിനു പറയുന്നത്.
ചാലക്കുടിയിലേയും പരിസരപ്രദേശങ്ങളിലേയും പ്രധാന ആരാധനാലയങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.
കണ്ണമ്പുഴ ഭഗവതി ക്ഷേത്രം
തിരുത്തുകചാലക്കുടിയിലെ ഒരു പ്രധാന ക്ഷേത്രമായ കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി മാസത്തിലാണ്. ഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവവും പ്രശസ്തമാണ്. ധനു മാസത്തിലെ അശ്വതി നാളിൽ ആണു താലപ്പൊലി ആചരിചു വരുന്നതു. 7 ആനകളോട് കൂടിയ ശീവേലിയും ഇവിടെ ഉണ്ട്.
സെൻറ് മേരീസ് ഫൊറോന പള്ളി
തിരുത്തുകചാലക്കുടിയിലെ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ അമ്പു തിരുനാൾ ജാതിമത ഭേദമന്യേ ആഘോഷിക്കപ്പെടുന്നു. മരിയൻ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്ന ഈ പള്ളിയിൽ അടുത്ത കാലത്ത് കോടികൾ ചിലവഴിച്ച് ബൈബിൾ ഗ്രാമം നിർമ്മിക്കപ്പെട്ടു. ഇത് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു ഘടകമാണ്.
സെൻറ് മേരീസ് റോസറി പള്ളി, കാരൂർ
കാരൂരിലെ പരിശുദ്ധ കൊന്ത മാതാവിന്റെ പേരിലുള്ള പള്ളിയിലെ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ എല്ലാ വർഷം ഓഗസ്റ്റ് 15 ആഘോഷിക്കുന്നു. അമ്പു തിരുനാൾ ജാതിമത ഭേദമന്യേ ജനുവരി 25, 26 ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ഈ പള്ളിയിൽ അടുത്ത കാലത്ത് നിർമിച്ച മാതാവിന്റെ കൊന്ത ഗ്രാമം വളരെ ആകർഷകമാണ്.
പടിഞ്ഞാറേ ചാലക്കുടി നിത്യസഹായമാത പള്ളി
തിരുത്തുകപടീഞ്ഞാറെ ചാലക്കുടി നിത്യസഹായമാത പള്ളിയിലെ അമ്പു തിരുനാൾ ജാതിമത ഭേദമന്യേ ജനുവരി അവസാന ശനി ഞായർ ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ഈ പള്ളിയിൽ അടുത്ത കാലത്ത് ലക്ഷങ്ങൾ ചിലവഴിച്ച് പണുത നിത്യസഹായമാത ഗ്രൊട്ടൊ വളരെ ആകർഷകമാണ്.
അമ്പഴക്കാട് വി. തോമാശ്ലീഹാ പള്ളി
തിരുത്തുകക്രി.വ. 300 ല് സ്ഥാപിക്കപ്പെട്ട പള്ളിയാണ് ഇത്.മദ്ധ്യകേരളത്തിലെ പ്രഥമ ക്രിസ്ത്യൻ പള്ളി. തോമാശ്ലീഹയുടെ പ്രതിഷ്ഠയുള്ള പള്ളിയാണ് ഇത്.. പെരുന്നാൾ ജൂലൈ മൂന്നിനാണ്.
സാമ്പാളൂർ പള്ളി
തിരുത്തുക16-ആം നൂറ്റാണ്ടിൽ യൂറോപ്യൻ സംന്യാസിമാരാൽ സ്ഥാപിക്കപ്പെട്ട പള്ളിയും സെമിനാരിയുമച്ചൂകൂടവും ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് 1789 ല്ല് ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ തകർക്കപ്പെട്ടു. അന്ന് തകർക്കപ്പെട്ട പള്ളിയുടെ അൾത്താരായുടെ ശേഷിക്കുന്ന ഭാഗം ഇന്ന് പുതിയ പള്ളിക്ക് സമീപം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അർണ്ണോസ് പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്.
താഴേക്കാട് പള്ളി
തിരുത്തുകക്രി.വ.1018ൽ കേരളരാജാവായിരുന്ന രാജസിംഹപെരുമാളിന്റെ സഹായത്താല് സ്ഥാപിക്കപ്പെട്ട ഈ ദേവാലായം ചാലക്കുടിക്ക് പടിഞ്ഞാറ് കല്ലേറ്റുംകര ക്കടുത്താണ്. വി. സെബാസ്റ്റ്യാനോസിന്റെ പേരിലാണ് ഈ പള്ളി. മേയ് 2, 3, 4 തീയതികളിലാണ് ഇവിടത്തെ പെരുന്നാളായ അമ്പുപെരുന്നാൾ ആഘോഷിക്കുന്നത്. പള്ളിമുറ്റത്തുള്ള ശിലാലിഖിതം താഴേക്കാട് ശാസനം എന്ന പേരിലാണ് അറിയപ്പെടുന്നത്. [19] ഇത് ഇന്ന് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷണത്തിൻ കീഴിലാണ്. അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ്.
കൊരട്ടി മുത്തി പള്ളി
തിരുത്തുകചാലക്കുടി പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെയാണ് കൊരട്ടി പള്ളി. അൽഭുതപ്രവർത്തക എന്ന് കൊരട്ടി പള്ളിയിലെ പരിശുദ്ധ മാതാവിനെ (ക്രിസ്തുവിന്റെ അമ്മയായ മറിയം) വിശേഷിപ്പിക്കുന്നു. കൊരട്ടിമുത്തി എന്നും കൊരട്ടി പള്ളിയിലെ മാതാവ് അറിയപ്പെടുന്നു. കൊരട്ടി പള്ളിയിലെ പെരുന്നാൾ പ്രശസ്തമാണ്. കേരളത്തിന്റെ പലഭാഗങ്ങളിലും നിന്ന് ജാതിമതഭേദമന്യേ പെരുന്നാളിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.
കൊമ്പടിഞ്ഞാമാക്കൽ ജൂമാ മസ്‍ജിദ്
തിരുത്തുക200 വർഷത്തിനുമേൽ പഴക്കമുള്ള ഈ മുസ്ലീം പള്ളിയിലാണ് സുൽത്താൽ ബദറുദ്ദീൻ പാഷയെ കബറടക്കിയിരിക്കുന്നത്. മകരമാസം 15 നാണ് ചന്ദനക്കുടം പെരുന്നാൾ.
അര്യങ്കാല മുസ്ലീം പള്ളി
തിരുത്തുക1906-ൽ സ്ഥാപിക്കപ്പെട്ട മുസ്ലീം പള്ളിയായ അര്യങ്കാല മുസ്ലീം പള്ളി 2 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.
ആംഗ്ലോ ഇന്ത്യൻ പള്ളി
തിരുത്തുകആംഗ്ലോ ഇന്ത്യൻ സമൂഹവും അവർക്കായി ഒരു പള്ളിയും ചാലക്കുടിയിലുണ്ട്.
ത്രിപ്പേപ്പിള്ളി ക്ഷേത്രം
തിരുത്തുകകിഴക്കെ ചാലക്കുടിയിൽ ഗവ. ആശുപത്രിയുദെ സമീപത്ത് ചാലക്കുടിപ്പുഴയുടെ തീരത്ത് കോടശ്ശേരി കർത്താക്കന്മാരുടെ ഊരാഴ്മയിയിൽ ഉള്ള ക്ഷേത്രമാണ് ത്രിപ്പേപ്പിള്ളി ക്ഷേത്രം. ശിവനും വിഷ്ണുവിനും തുല്യ പ്രാധാന്യമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. പാർവ്വതിക്കും ശാസ്താവിനും പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ ഹനുമാദ് പൂജയും നദക്കുന്നു. ഗണപതി, അയ്യപ്പൻ, ഭദ്രകാളി, എന്നിവർ ഉപദേവന്മാരാണ്. ശിവഭൂതഗണങ്ങളും ഇവിടെ കുടികൊള്ളുന്നു.
ഐരാണിക്കുളം ശ്രീ മഹാദേവക്ഷേത്രം
തിരുത്തുകകൂടപ്പുഴ ശ്രീ സുബ്രമണ്യക്ഷേത്രം
തിരുത്തുകസുബ്രഹ്മണ്യനും ധ്വജവും പ്രതിഷ്ഠയായുള്ള ക്ഷേത്രമാണിത്. ഇവിടത്തെ കാവടി മഹോൽസവം പ്രശസ്തമാണ്. മകരം 5 നാണ് മാസത്തിലാണ് ഈ ഉൽസവം നടക്കുന്നത്. കൂടപ്പുഴയിലെ മൂന്നിടങ്ങളിൽ നിന്നും വരുന്ന കാവടി സംഘങ്ങൾ ഉൽസവദിവസം ഉച്ചക്ക് ക്ഷേത്രത്തിലെത്തുന്നു. തുടർന്ന് വൈകുന്നേരം ചാലക്കുടി സൗത്ത് ജങ്ഷനിൽ നിന്നും എല്ലാ കാവടിസംഘങ്ങളും ഒരുമിച്ച് നഗരപ്രദക്ഷിണം നടത്തി രാത്രിയോടെ ക്ഷേത്രത്തിലെത്തുന്നു.
കനകമല കുരിശുമുടി
തിരുത്തുകമലയാറ്റൂർ കുരിശുമുടിക്കൊപ്പം പ്രാധാന്യമുള്ള ഒന്നാണ് കനകമല കുരിശുമുടി. ഏപ്രിൽ മാസത്തിൽ ഇവിടെ മല കയറാനെത്തുന്നവരുടെ എണ്ണം വളരെയധികമാണ്. പതിനാലു കുരിശുകൾ കയറി മലമുകളിലെ ചാപ്പലിൽ ചെന്നു പ്രാർത്ഥിച്ചാൽ ചെയ്ത പാപങ്ങളൊക്കെയും തീരും എന്നാണ് വിശ്വാസം.
ആറേശ്വരം ധർമ്മശാസ്താക്ഷേത്രം
തിരുത്തുകമലമുകളിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഹിന്ദു ക്ഷേത്രമാണ് ആറേശ്വരം. ഇവിടുത്തെ പുനർജനി വളരെ പ്രശസ്തമാണ്. ശബരിമലക്കു നോമ്പു നോൽക്കുന്നവരാണ് സാധാരണ പുനർജനി നൂഴുന്നത്. എന്നാൽ 41 ദിവസത്തെ നോമ്പെടുക്കുന്ന ആർക്കും പുനർജനി നൂഴാൻ സാധിക്കും. പുനർജനിയിലൂടെ കടന്നു വരുന്ന ഭക്തന്റെ പൂർവ്വ പാപങ്ങളെയൊക്കെ തീർത്ത് ഒരു പുതിയ മനുഷ്യനാക്കി തീർക്കുന്നു എന്നു വിശ്വാസം.
വടമ പാമ്പു മേക്കാട് ക്ഷേത്രം
തിരുത്തുകചാലക്കുടിയിൽ നിന്ന് എട്ട് കി.മീ. അകലെ മാളക്കടുത്ത് വടമയിലാണ് പാമ്പുമേയ്ക്കാട് മനയും സർപ്പക്കാവും സ്ഥിതിച്ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പ് മേയ്ക്കാട് ’ ഒരു കാലത്ത് ‘മേയ്ക്കാട്’ മന മാത്രമായിരുന്നു. മേയ്ക്കാട് മനയിൽ സർപ്പസാന്നിദ്ധ്യവും സർപ്പാനുഗ്രഹവും അനുഭവപ്പെട്ടതോടു കൂടിയാണ് പാമ്പ് മേയ്ക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. വൃശ്ചികം ഒന്നാം തിയതിയാണ് ഇവിടത്തെ വിശേഷദിനങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.അന്ന് സർപ്പങ്ങൾക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഉണ്ട്. ഇതു കൂടാതെ കന്നി മാസത്തിലെ ആയില്യം നാളിലും ഇവിടെ സർപ്പങ്ങൾക്ക് നൂറും പാലും നൽകി വരുന്നുണ്ട്. സർപ്പ പ്രതിഷ്ഠകളെ മാത്രമല്ല, ജീവനുള്ള പാമ്പുകളെകൂടി ആരാധിക്കുന്നു എന്നതാണ് ഈ കാവിന്റെ സവിശേഷത.
പിഷാരിക്കൽ ഭഗവതിക്ഷേത്രം
തിരുത്തുകഅന്നമനട മഹാദേവ ക്ഷേത്രം
തിരുത്തുകചാലക്കുടിയിൽ നിന്ന് 12 കി.മീ. അകലെ മാള ആലുവ എന്നിവിടങ്ങളിലേക്കും ഉള്ള റൂട്ടിൽ ആണു അന്നമനട മഹാദേവ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്. അമ്പലത്തിനെ ചുറ്റിപ്പറ്റിയാണു അന്നമട ഗ്രാമത്തിന്റെ വളർച്ച. മറ്റിടങ്ങളിൽ ഉള്ളതിനേക്കാൾ വളരെ ചിട്ടയായ ആചാരങ്ങൾ ആണിവിടെ ഉള്ളത്. ചാലക്കുടിപ്പുഴയുടെ മനോഹരമായ തീരവും മണൽപ്പുറവും ഈ ക്ഷേത്രത്തിന്റെ സവിശേഷതയാണ്. ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി.. വളരെ വർണ്ണാഭവും ഭക്തജനത്തിരക്കേറിയതുമാണ് ഇവിടുത്തെ മഹോത്സവം. സാധാരണ ജനുവരി/ ഫെബ്രുവരി മസങ്ങളിൽ ആയിരിക്കും നിരവധി സംസ്കരിക പരിപാടികളോടെയുള്ള ഉത്സവം.
ധനവ്യയം
തിരുത്തുകഉപഭോക്തൃ സംസ്കാരം കൂടുതലായുള്ള സ്ഥലമാണിത്. കൃഷിക്കാരെക്കാൾ വാണിജ്യവും വ്യവസായവുമാണ് ഇന്ന് കൂടുതൽ. വാണിജ്യം ചാലക്കുടി ചന്തയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
വ്യവസായം വാണിജ്യം കൃഷി
തിരുത്തുകസമീപത്തെ മുനിസിപ്പലിറ്റികളുമായി താരതമ്യം ചെയ്യുമ്പോൾ പരിതാപകരമാണ് വ്യവസായികരംഗത്തെ ചാലക്കുടിയുടെ അവസ്ഥ. ഒരിക്കൽ ട്രാവൻകൂർ ടാനറീസ്, കൊച്ചിൻ പോർട്ടറീസ്, ട്രാം വർക്ക്‌ഷോപ്പ്, കൊച്ചിൻ റബ്ബർ വർക്സ്, കൊച്ചിൻ കെമിക്കത്സ്, ടാപിയോക്കാ പ്രൊഡക്റ്റ്സ് ഒഫ് ഇന്ത്യ, ശ്രീനിവാസ് ടിംബർ പ്രൊഡക്റ്റ്സ്, പ്ലൈവുഡ് ഫാക്ടറി എന്നിവ നിലവിലിരുന്ന സ്ഥലത്ത് ഇന്ന് വിരലിലെണ്ണാവുന്ന വ്യാവസായിക സ്ഥാപനങ്ങളേ നിലവിലുള്ളൂ. ഇതൊക്കെയാണെങ്കിലും ജീവിത നിലവാര സൂചികയിൽ കേരളത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥലമാണ് ചാലക്കുടി. മദ്യ വിലപനയിലും കേരളത്തിലെ ഏറ്റവും ഉയർന്ന സ്ഥാനം ചാലക്കുടിക്കാണ്.
അദ്യകാലങ്ങളിൽ കുന്നത്തങ്ങാടി എന്നറിയപ്പെടുന്ന ചാലക്കുടി ചന്തയെ കേന്ദ്രീകരിച്ച് നടന്നിരുന്ന വ്യാപാരങ്ങൾ റോഡ് വികസനം മൂലം തകരാനിടയായി. പുതിയ മാർക്കറ്റ് സമുച്ചയം 1928-ല് പണിതു പുനുരുജ്ജീവന ശ്രമങ്ങൾ നടന്നു. ചൊവ്വ. വെള്ളി എന്നീ ദിവസങ്ങളിലാണ് ഇവിടെ ചന്ത കൂടുന്നത്.
കുറേ വർഷങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ മദ്യ വില്പന നടക്കുന്നത് ചാലക്കുടിയിലാണ്. 2007 ക്രിസ്മസ് തലേന്ന് 10.45 ലക്ഷത്തിനും ക്രിസ്മസിന് 8.57 ലക്ഷത്തിനുമാണ് വിദേശമദ്യം ചാലക്കുടിയിൽ വിറ്റുപോയത്. [20] 2008 ലെ ക്രിസ്തുമസ് ആഘോഷക്കാലത്ത് ഏറ്റവും കൂടുതൽ മദ്യവില്പന രേഖപ്പെടുത്തിയത് ചാലക്കുടിയിലായിരുന്നു. [21] [22]
മറ്റു വ്യവസായ സ്ഥാപനങ്ങൾ
തിരുത്തുകഎഡ്ഡി കറൻറ് കണ്ട്രോൾസ്
തിരുത്തുകഇന്ത്യയുടെ വാഹന ചരിത്രത്തിൽ ഒരു കുതിച്ചു ചാട്ടം നടത്തിയ വൈദ്യുത കാർ ആദ്യമായി വികസിപ്പിച്ചെടുത്തത് ഇവിടെയാണ്[23][24]. 1971-ൽ 40 തൊഴിലാളികളുമായി ആരംഭിച്ച ഇവിടെ വൈദ്യുത സംബന്ധമായ ഉത്പാദനമാണ് നടക്കുന്നത്. ഡൈനാമോ, ബാറ്ററികൾ എന്നിവയാണ് നിർമ്മിക്കുന്നത്. സർക്കാരിനാവശ്യമായ വൈദ്യുത ഉപകരണങ്ങൾ ഇവിടെ നിർമ്മിക്കുന്നുണ്ട്. 1987-ൽ തൊഴിൽ തർക്കത്തെ തുടർന്ന് പൂട്ടിയിട്ടെങ്കിലും ഇന്ന് ബാംഗളൂർ കേന്ദ്രമാക്കി പ്രവർത്തനം നടക്കുന്നു. ചാലക്കുടിയിൽ ഇന്ന് പ്രവർത്തനം പരിമിതമാണ്.
തടി വ്യവസായം
തിരുത്തുകപണ്ടു മുതൽക്കേ തടി വ്യവസായത്തിന് ചാലക്കുടി പേരുകേട്ടതാണ്. ബ്രിട്ടീഷുകാർ കാടുകളിൽ നിന്ന് തടികൾ കൊണ്ടുവരാനായി നിർമ്മിച്ച ട്രാം പ്രവർത്തന രഹിതമായെങ്കിലും ഇന്നും ഇവിടെ കാണാം. അനുബന്ധ വ്യവസായമായ മരസാമാനങ്ങളും ഗൃഹോപകരണങ്ങളും നിർമ്മിക്കുന്ന നിർവധി സ്ഥലങ്ങൾ ഇന്നിവിടെയുണ്ട്. സഹകരണ അടിസ്ഥാനത്തിൽ ചാലക്കുടി-കുന്നത്തുനാട് സാങ്കേതിക സഹകരണ സംഘത്തിന്റെ കീഴിൽ ഉള്ള ഫർണിച്ചർ യൂണിറ്റ് ലാഭകരമായി പ്രവർത്തിക്കുന്നു.
പ്ലൈവുഡ്
തിരുത്തുകഇന്ത്യയിലെ ആദ്യത്തെ പ്ലൈവുഡ് നിർമ്മാണ ശാല ഇവിടെയാണ്. സ്റ്റാൻഡേർഡ് ഫർണിച്ചർ കമ്പനി എന്ന പേരിൽ വി.കെ. മേനോൻ 1943-ൽ ആരംഭിച്ച ഇത് ഇന്ന് യുണൈറ്റഡ് പ്ലൈവുഡ് എന്ന കമ്പനി ഏറ്റെടുത്തു നടത്തുകയും ഉല്പന്നങ്ങൾ കയറ്റു മതി ചെയ്യുകയും ചെയ്യുന്നു.
വിദ്യാഭ്യാസ രംഗം
തിരുത്തുക1890-ൽ ആണ് ആദ്യത്തെ സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെടുന്നത്. സി.എം.എസ്. ഇംഗ്ലീഷ് മാധ്യമ എൽ.പി. സ്കൂളായിരുന്നു അത്. നാലുവർഷത്തിനുശേഷം അത് നിർത്തലാക്കി. 1895-ൽ പുത്തുപറമ്പിൽ സ്ഥാപിക്കപ്പെട്ട മറ്റൊരു സർക്കാർ പ്രാഥമിക വിദ്യാലയം 1919-ൽ ഹൈസ്കൂളായി മാറി. പിന്നീട് ഇവിടെ ഒരു അദ്ധ്യാപക പരിശീലന കേന്ദവും ആരംഭിച്ചു. ഇന്ന് ഇത് വൊക്കേഷണൽ ഹയ്യർ സെക്കണ്ടറി സ്കൂൾ ആണ്. പെൺകുട്ടികൾക്ക് മാത്രമായി സർക്കാരിന്റെ കീഴിൽ ഈസ്റ്റ് ഹൈസ്കൂൾ നിലവിലുണ്ട്. സെൻറ് മേരീസ് എന്ന പേരിൽ 1895-ൽ സ്വകാര്യ മേഖലയിൽ തുടങ്ങിയ ഈ വിദ്യാലയം സർക്കാർ പിന്നീട് ഏറ്റെടുത്തതാണ്.
1957-ൽ സാങ്കേതിക തൊഴിൽ വിഭാഗങ്ങൾ പരിശീലിപ്പിക്കുന്നതിനായി അന്നത്തെ വനം വകുപ്പിന്റെ സ്ഥലത്ത് ഗവർണ്മെൻറ് ഇൻഡസ്റ്റ്രിയൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) എന്ന പേരിൽ ആദ്യത്തെ സാങ്കേതിക വിദ്യാലയം സ്ഥാപിതമായി. ഇന്ന് ഇത് 18 വിഭാഗങ്ങളിലായി 900-ത്തോളം ഉദ്യോഗാർത്ഥികളെ വർഷം തോറും പുറത്തിറക്കിക്കോണ്ട് കേരളത്തിലെ ഒന്നാംകിട ഐ.ടി.ഐ.യായി നില കൊള്ളുന്നു. വനിതകൾക്ക് മാത്രമായി മറ്റൊരു ഐ.ടി.ഐ.യും ചാലക്കുടിയിൽ ഉണ്ട്. സാങ്കേതിക രംഗത്ത് മറ്റൊരു മികച്ച സ്വകാര്യ സ്ഥാപനമായ സതേൺ എയറോനോട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിമാന യന്ത്ര സാങ്കേതിക രംഗത്ത് കേരളത്തിൽ തന്നെ വിരലിലെണ്ണാവുന്ന കലാലയങ്ങളിൽ ഒന്നാണ്. 1955-ൽ സ്ഥാപിതമായ ഇവിടെ അന്യരാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ വരെ പഠിക്കുന്നുണ്ട്.
സ്കൂളുകൾ
തിരുത്തുകചാലക്കുടിയിലെ സ്കൂളുകൾ താഴെപ്പറയുന്നവയാണ്
* | സ്കൂളിന്റെ പേര് | ഉടമസ്ഥത | ആരംഭം | കുട്ടികൾ മൊത്തം |
---|---|---|---|---|
1 | ഗവ. വൊക്കേഷണൽ ഹയർ സെക്ക.സ്കൂൾ | സർക്കാർ | 1895 | 753 |
2 | ഗവ. ഗേൾസ് ഹൈസ്കൂൾ | സർക്കാർ | 1906 | 570 |
3 | ഗവ. ഹൈസ്കൂൾ, വി.ആർ.പുരം | സർക്കാർ | 1920 | 536 |
4 | സേക്രഡ് ഹാർട്ട് കോൺവെൻറ് | എയ്ഡഡ് | 1925 | 255 |
5 | കാർമൽ ഹയർ സെക്ക.സ്കൂൾ | അൺ എയ്ഡഡ് | 1975 | 1537 |
6 | സി.കെ.എം.എൻ.എസ്.എസ്. ഹയർ.സെ.സ്കൂൾ | അൺ എയ്ഡഡ് | 1980 | 1729 |
7 | ക്രസൻറ് പബ്ലിക്ക് സ്കൂൾ | അൺ എയ്ഡഡ് | 1997 | - |
8 | സി.എം.ഐ. പബ്ലിക് സ്കൂൾ | അൺ എയ്ഡഡ് | 1998 | - |
10 | ഗവ. ഈസ്റ്റ് ഹൈസ്കൂൾ | സർക്കാർ | 1895 | 250 |
11 | ഗവ. എൽ.പി.സ്കൂൾ | സർക്കാർ | 1960 | 115 |
12 | സെൻറ്.ആൻറണീസ് സി.ജി.എച്ച്.എസ്. കോട്ടാറ്റ് | എയ്ഡഡ് | 1919 | 1136 |
13 | സെൻറ്.മേരീസ് എൽ.പി.സ്കൂൾ | എയ്ഡഡ് | 1940 | 109 |
14 | വ്യാസ വിദ്യാനികേതൻ ഹൈസ്കൂൾ | അൺ എയ്ഡഡ് | 1996 | 850[അവലംബം ആവശ്യമാണ്] |
15 | കെ.ഇ.സി യു.പി.സ്കൂൾ, പോട്ട | സർക്കാർ | 1936 | 455 |
16 | ഐ.ആർ.എം. എൽ.പി.സ്കൂൾ | സർക്കാർ | 1953 | 120 |
കലാലയങ്ങൾ
തിരുത്തുകചാലക്കുടിയിലെ കലാലയങ്ങൾ താഴെപ്പറയുന്നവയാണ്
* | കലാലയത്തിന്റെ പേര് | ഉടമസ്ഥത | തരം | വിദ്യാർത്ഥികൾ |
---|---|---|---|---|
1 | പനമ്പിള്ളി സ്മാരക സർക്കാർ കലാശാല | സർക്കാർ | കല-ശാസ്ത്രം | 490 |
2 | സേക്രഡ് ഹാർട്ട് കലാശാല | സ്വകാര്യം | കല-ശാസ്ത്രം | - |
3 | ഗവ. ഐ.ടി.ഐ. | സർക്കാർ | സാങ്കേതികം | 1024 |
4 | അദ്ധ്യാപക പരിശീലന കലാലയം | സർക്കാർ | കല | 66 |
5 | നിർമ്മല ഐ.ടി. കോളേജ് | സ്വകാര്യം | കല-ശാസ്ത്ര-സാങ്കേതികം | - |
6 | സതേൺ എയറോനോട്ടിക്കൽ കോളേജ് | സ്വകാര്യം | സാങ്കേതികം | - |
7 | ഗവ. വനിതാ ഐ.ടി.ഐ. | സർക്കാർ | സാങ്കേതികം | 124 |
8 | ഗവ. പട്ടികജാതി/പട്ടികവർഗ്ഗ ഐ.ടി.ഐ. | സർക്കാർ | സാങ്കേതികം | 57 |
8 | സെൻറ്. ജെയിംസ് നഴ്സിങ് കോളേജ് | സ്വകാര്യം | വൈദ്യശാസ്ത്രം | - |
ആരോഗ്യ രംഗം
തിരുത്തുകചാലക്കുടിയിൽ സർക്കാർ കീഴിലുള്ള താലൂക്ക് ഹെഡ് ക്വാർട്ടേർസ് നിലയിലുള്ള ആശുപത്രി ഉണ്ട്. ഇത് സാധാരണക്കാരന്റെ ആരോഗ്യ പരിപാലനത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. സ്വകാര്യമേഖലയിൽ സെന്റ് ജയിംസ് ആശുപത്രി, ധന്യ മിഷൻ, സി.സി.എം.കെ., സഫൽ മിഷൻ, കെ.ജി., തുടങ്ങിയ ആശുപത്രികളും നിലവിലുണ്ട്. ഇതിൽ സെന്റ് ജയിംസ് ആശുപത്രിയുടെ കൂടെ നർസിങ്ങ് കോളേജും പ്രവർത്തിക്കുന്നു. സെന്റ് ജയിംസ് ആശുപത്രി എല്ലുരോഗ ചികിൽസക്ക് കേരളത്തിൽ പ്രസിദ്ധമാണ്[അവലംബം ആവശ്യമാണ്].
കന്നുകാലികളുടെ പരിപാലനത്തിനായി ഒരു മൃഗാശുപത്രിയും ബീജബാങ്കും ചാലക്കുടിയിൽ സർക്കാരിൻറേതായി പ്രവർത്തിക്കുന്നുണ്ട്.
ആയുർവേദരംഗത്ത് പ്രസിദ്ധനായ രാഘവൻ തിരുമുൽപ്പാട്, മറ്റു ആയുർവേദ ഭിഷഗ്വരന്മാർ തുടങ്ങി ഒട്ടനവധി ആയുർവേദ ചികിത്സാ രംഗങ്ങളും ചാലക്കുടിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു.
ആവാസ വ്യവസ്ഥ
തിരുത്തുകമിശ്രമായ ആവാസവ്യവസ്ഥയാണ്. ഹിന്ദുമതക്കാരും ക്രിസ്തീയരും മുസ്ലീങ്ങളും ഇട കലർന്നു താമസിക്കുന്നു. ക്രിസ്തീയ ദേവാലയങ്ങൾക്ക് പരിസരത്തിൽ ക്രിസ്തീയരും ക്ഷേത്രങ്ങൾക്കരികിൽ ഹിന്ദുക്കളും തിങ്ങിപ്പാർക്കുന്നു. ബസ് സ്റ്റാൻഡിനു പിരകിലായി സർക്കാർ നിമ്മിത പാർപ്പിട സമൂഹം ഉണ്ട്. ഇവിടെ വ്യാപാരസ്ഥാപനങ്ങൾ നിറയെ ഉണ്ടെങ്കിലും ചാലക്കുടിക്കു പുറത്തു നിന്നും വന്നു പാർക്കുന്ന നിരവധി കുടുംബങങ്ങൾ വസിക്കുന്നു. കനാലുകളുടെ ഇരു വക്കത്തായും നിയമപരമല്ലാതെ കുടിയേറീയവരുടെ കുടിലുകൾ കാണാം.
ഗതാഗത സംവിധാനം
തിരുത്തുകശക്തൻ തമ്പുരാന്റെ കാലത്ത് ചാലക്കുടിയിൽ കാൽ നടയും കുതിരവണ്ടിയും ആയിരുന്നു പ്രധാന സഞ്ചാരമാർഗ്ഗങ്ങൾ. ചാലക്കുടിപ്പുഴയിലൂടെ തോണികളും മറ്റും ഉപയോഗിച്ച് ചരക്കുകളും മറ്റും കൊണ്ടു വന്നിരുന്നു. 1863 ൽ കൊച്ചിയെക്കുറിച്ച് ഗ്രന്ഥമെഴുതിയ ഫ്രാൻസിസ് ഡേയ് ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് റോഡ് ഉണ്ടായിരുന്നതായി വിവരിക്കുന്നുണ്ട്. എന്നാൽ ഇത് വാഹനമോടിക്കാൻ പറ്റാത്തതായിരുന്നു അക്കാലത്ത്. [25] 1902 ലാണ് ചാലക്കുടിയിൽ തീവണ്ടി ഗതാഗതം നിലവിൽ വന്നത്. 1890 കളിൽ പണി തുടങ്ങിയ റെയിൽവേ പാലം പണി പൂർത്തിയായത് അപ്പോഴാണ്. അന്നു മുതൽ തെക്ക് നിന്നുമുള്ള ഗതാഗതം ത്വരിതമായി. ആദ്യകാലങ്ങളിൽ തീവണ്ടി പാലത്തിലൂടെ തന്നെയായിരുന്നു മറ്റു വാഹനങ്ങളും കടന്നു പോയിരുന്നത്. ഇത് 1970 വരെ തുടർന്നു. പിന്നീട് ചാലക്കുടി പാലം പണി പൂർത്തിയായതിനുശേഷം പ്രധാന ഉപരിതല ഗതാഗതം റോഡു വഴിയാവുകയും ചെയ്തു. 1915-20 കാലത്ത് പ്രധാന റോഡ് നിലവിൽ വന്നിരുന്നു. ഇത് ഇന്നത്തെ മാർക്കറ്റ് റോഡാണ്. ഈ വഴിയിലൂടെ വന്നിരുന്ന വാഹനങ്ങൾ റെയിൽവേ മേൽപ്പാലം വഴിയാണ് തെക്കോട്ട് പോയിരുന്നത്.
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം 24 .കിലോമീറ്ററാണ്.
- കേരളത്തിലെ പ്രധാനപ്പെട്ട തീവണ്ടിപ്പാതയായ ഷൊർണ്ണൂർ-എറണാകുളം തീവണ്ടിപ്പാത ചാലക്കുടിയിലൂടെ കടന്നു പോകുന്നു.
- ദേശീയപാത 47 ചാലക്കുടിയിലൂടെ കടന്നു പോകുന്നു. നിലവിൽ ഇത് നാലു വരിപ്പാതയാണ്. എന്നാൽ മാളയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന ഒരു പ്രധാന പാതയായ റെയിൽവേ സ്റ്റേഷൻ റോഡ് നാലുവരി പാതയിൽ ബന്ധിപ്പിക്കാത്തതിൽ വ്യാപകമായ പ്രതിഷേധം നാട്ടുകാർക്കിടയിൽ ഉയർന്നിട്ടുണ്ട്.
- ദേശീയപാത 17 ചാലക്കുടിക്കടുത്തുകൂടെയാണ് കടന്നു പോകുന്നത്. ഇതിലേയ്ക്ക് കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽനിന്നുള്ള പാതയുണ്ട്. ചാലക്കുടിയിൽനിന്ന് തമിഴ്‌നാട്ടിലേയ്ക്ക് അതിരപ്പിള്ളി, ഷോളയാർ, മലക്കപ്പാറ എന്നിവിടങ്ങളിലൂടെയുള്ള പാത നിരവധി സന്ദർശനയോഗ്യമായ സ്ഥലങ്ങളിലൂടെ കടന്നു പോകുന്നു. ചാലക്കുടിയിൽ നഗരസഭയുടെ സ്വകാര്യ ബസ്‌സ്റ്റാന്റും, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റും നിലവിലുണ്ട്. ഇപ്പോൾ ആനമല ജംഗ്ഷനിൽ ഒരു പുതിയ ബസ് സ്റ്റാന്റ് സ്ഥാപിക്കാനുള്ള തീരുമാനം നഗരസഭ പാസാക്കിയിട്ടുണ്ട്.
- കേരളത്തിലെ മുനിസിപ്പാലിറ്റികളിൽ വച്ച് എറ്റവും കൂടുതൽ ഓട്ടോ റിക്ഷകൾ ഉള്ള സ്ഥലങ്ങളിൽ ഒന്നാണിത് . [26]
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുക- അതിരപ്പിള്ളി വെള്ളച്ചാട്ടം
- വാഴച്ചാൽ വെള്ളച്ചാട്ടം
- തുമ്പൂർമുഴി
- സിൽവർ സ്റ്റോം, ഡ്രീം വേൾഡ് ജലക്രീഡാ വിനോദകേന്ദ്രങ്ങൾ.
- കുണ്ടൂർമേട് വെള്ളച്ചാട്ടം
- വാളാറ വെള്ളച്ചാട്ടം
- ചാർപ്പ വെള്ളച്ചാട്ടം
- മാള ജൂത സെമിത്തേരി
- പെരിങ്ങൽക്കുത്ത് ജലവൈദ്യുതനിലയവും ഉദ്യാനവും
- WELCOME CRUISE WORLD🛳️🛳️😍ഒരു ആഡംബര കപ്പൽ യാത്ര നടത്തിയാലോ 🥰 കൊച്ചിയിൽ 2 മണിക്കൂർ അറബികടൽ ചുറ്റിവരുന്ന ആഡംബര കപ്പലിൽ സീറ്റ് ബുക്കിങ് ചെയ്യാൻ ബന്ധപെടുക 😊🥰 2 മണിക്കൂർ lunch packege= 1000 12:30 pm to 2:30 pm 2 മണിക്കൂർ sunset trip =750 5:30 pm to 7:30 pm 4 മണിക്കൂർ ട്രിപ്പ് =1500 11:00 am to 3:00 pm dpr221715@gmail.com Contact messenger 🛳️🛳️ Whatsapp 9717891422
ഇതും കാണുക
തിരുത്തുകചിത്രങ്ങൾ
തിരുത്തുക-
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
-
ചാലക്കുടി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലെ ദൃശ്യം
-
ചാലക്കുടി ഫൊറോന പള്ളിയുടെ മുൻപിൽ
-
വാഴച്ചാൽവെള്ളച്ചാട്ടം
-
ചെറുപുഷ്പ ദേവാലയം, പോട്ട, ചാലക്കുടി
-
ചാലക്കുടി പള്ളിയിലെ ഹോളിലാൻഡ്. ക്രിസ്തുവിന്റെ ജീവചരിത്രം
-
ചാലക്കുടി പള്ളിയിലെ ഹോളിലാൻഡ്, മുകളിൽ നിന്നുള്ള ദൃശ്യം
-
കൂടപ്പുഴയിലെ സുബ്രമണ്യസ്വാമിക്ഷേത്രം
-
കൂടപ്പുഴ ആറാട്ടുകടവിലുള്ള ചാലക്കുടിപ്പുഴയിലെ ചെക്ക് ഡാം
റഫറൻസുകൾ
തിരുത്തുക- ↑ [ http://www.hindu.com/2006/06/16/stories/2006061609940400.htm Archived 2006-06-29 at the Wayback Machine. ജലവൈദ്യുതപദ്ധതിക്കെതിരായി നാട്ടുകാരുടെ പ്രതിഷേധം-ഹിന്ദുവിൽ ശേഖരിച്ച തീയതി 2007 മാർച്ച് 13]
- ↑ "അതിരപ്പിള്ളി പദ്ധതിക്ക് അനുമതിയപേക്ഷിച്ച് വൈദ്യുത മന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെപ്പറ്റി ഹിന്ദുവിൽ ശേഖരിച്ച തീയതി 2007 മാർച്ച് 13". Archived from the original on 2007-10-01. Retrieved 2007-03-13.
- ↑ "ഹൈക്കോർട്ട് അനുമതി റദ്ദാക്കിയ വാർത്ത -ഹിന്ദുവിൽ ശേഖരിച്ച തീയതി 2007 മാർച്ച് 13". Archived from the original on 2006-08-23. Retrieved 2007-03-13.
- ↑ "Record liquor sales replace revelry in Kerala" (in ഇംഗ്ലീഷ്). യാഹൂ ന്യൂസ്. 2005-01-01. Retrieved 2007-06-18.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.indianexpress.com/news/recession-proof-spirit-and-spirituality-in-kerala/421188/0 ഇന്ത്യൻ എക്സ്പ്രസ്.കോം വാർത്ത Monday , Feb 09, 2009
- ↑ "കേരളത്തിന്റെ ന്യൂഇയർ മദ്യവിൽപ്പന 30 കോടി". മാതൃഭൂമി. 2010 ജനുവരി 1. Archived from the original (html) on 2010-01-04. Retrieved 2010 ജനുവരി 1.
ഏറ്റവും കൂടുതൽ മദ്യം വിറ്റത് പതിവുപോലെ ചാലക്കുടിയിൽ തന്നെ. 16 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 7.0 7.1 ചാലക്കുടി നഗരസഭ- വികസന റിപ്പോർട്ട്. ചാലക്കുടി: ജനകീയാത്രൂസണ സമിതി. 1996.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
- ↑ വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
- ↑ 13.0 13.1 13.2 Day, Francis (1863). The Land of the Permauls, Or, Cochin, Its past and its present. europeanlibraries. p. 12.
- ↑ മനോരമ ഇയർ ബുക്ക് 2006; മനോരമ പ്രസ്സ് കോട്ടയം
- ↑ വീക്ഷണം. തൃശൂർ എഡീഷൻ. 2008-ജനുവരി-5
- ↑ മാതൃഭൂമി. ഓൺലൈൻ. 2013-മാർച്ച്-20 http://www.mathrubhumi.com/story.php?id=348223 Archived 2013-03-20 at the Wayback Machine.
- ↑ "'River for Life' yatra and convention on water rights". aidnews at aidindia.dyndns.org. 2005. Archived from the original on 2007-09-28.
{{cite web}}
: Cite has empty unknown parameters:|accessyear=
,|month=
,|accessmonthday=
, and|coauthors=
(help) - ↑ വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂർ ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992
- ↑ കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ് കിളിമനൂർ.
{{cite book}}
: Check date values in:|year=
(help); Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|chapterurl=
,|origdate=
, and|coauthors=
(help); Unknown parameter|month=
ignored (help)CS1 maint: year (link) - ↑ "മലയാളികൾ കുടിച്ചത് 85 കോടിയുടെ മദ്യം". മലയാള മനോരമ. വ്യാഴം 27-12-2007.
{{cite news}}
:|access-date=
requires|url=
(help); Check date values in:|date=
(help) - ↑ "BEVCO beats downturn" (in ഇംഗ്ലീഷ്). ദ ഹിന്ദു. Friday, Dec 26, 20087. Retrieved 2008-01-06.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://insidekerala.com/n/index.php?mod=article&cat=MainNews&article=31086[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-30. Retrieved 2009-04-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-19. Retrieved 2009-04-01.
- ↑ ഫ്രാൻസിസ്, ഡേയ് (1863). The Land of the Permauls, Or, Cochin, Its Past and Its Present: Or, Cochin. p. 29.
- ↑ മുനിസിപ്പാലിറ്റി ബുള്ളറ്റിൻ, 2006
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |