രാഘവൻ തിരുമുൽപ്പാട്
മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു ഡോ. കെ. രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. (മേയ് 20,1920-നവംബർ 21,2010) ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചികിത്സാ വൃത്തിയോടൊപ്പം വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2011-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു[1].
രാഘവൻ തിരുമുൽപ്പാട് | |
---|---|
ജനനം | മേയ് 20, 1920 |
മരണം | നവംബർ 21, 2010 | (പ്രായം 90)
ദേശീയത | ഇന്ത്യ |
തൊഴിൽ | ആയുർവേദ വൈദ്യൻ |
അറിയപ്പെടുന്നത് | പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുള്ളയാൾ |
ജീവിതരേഖ
തിരുത്തുക1920 മേയ് 20 ന് ഡി. നാരായണയ്യരുടേയും ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാതിരിയുടേയും മൂത്ത പുത്രനായി ജനിച്ചു. ഉയർന്ന നിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നാലുവർഷം സംസ്കൃതവ്യാകരണം, തർക്കം, ജ്യോതിഷം എന്നിവ വിവിധ ഗുരുക്കന്മാരിൽ നിന്നും പഠിച്ചു.
പിന്നീട് മദിരാശിയിൽ റെയിൽവേ ക്ലർക്കായി ജോലി നോക്കി. ഈ അവസരത്തിൽ അദ്ദേഹത്തിന് രോഗപീഡ ഉണ്ടാവുകയും അതിനായി ആയുർവേദ ചികിത്സ തേടുകയും ചെയ്തു. വൈദ്യനായ വാസുദേവൻ നമ്പീശന്റെ ചികിത്സയാൽ അദ്ദേഹത്തിന്റെ രോഗം മാറുകയും അതിൽ ആകൃഷ്ടനായ രാഘവൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഗുരുകുല രീതിയിൽ വൈദ്യം പഠിക്കുകയും ചെയ്തു. പിന്നീട് കൊച്ചി സർക്കാറിന്റെ വൈദ്യഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സാവുകയും ചെയ്തു.
ഭാര്യ: വിശാലാക്ഷി തമ്പുരാട്ടി. നാലു പുത്രന്മാരും ഒരു പുത്രിയും ഉണ്ട്. ചാലക്കുടിയിൽ പാലസ് റോഡിലുള്ള രാജവിഹാരമാണ് സ്വഗൃഹം. 2010 നവംബർ 21-ന് രാവിലെ ആറുമണിയോടെ ഹൃദയാഘാതത്തെത്തുടർന്ന് സ്വവസതിയിൽ വച്ച് 90-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
വഴിത്തിരിവ്
തിരുത്തുകശ്രീനാരായണഗുരുവിന്റെ ശിഷ്യനായ വിദ്യാനന്ദസ്വാമികളുമായുണ്ടായ സമ്പർക്കം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. അദ്ദേഹമാണ് രാഘവൻ തിരുമുൽപ്പാടിനെ ഗവേഷണ മേഖലയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. നിരന്തരമായ ശാസ്ത്ര പഠനം, ലേഖന രചന, ലഘുവായ ചികിത്സാ രീതികൾ എന്നിവ കൊണ്ട് അദ്ദേഹം വൈദ്യ ശാസ്ത്ര രംഗത്ത് പ്രശസ്തനായിത്തീർന്നു.
കോട്ടക്കൽ ആര്യവൈദ്യശാല നടത്തിയ അഖിലേന്ത്യാ പ്രബന്ധമത്സരങ്ങളിൽ നിരവധി തവണ സമ്മാനിതനായ അദ്ദേഹം കേരളമൊട്ടാകെ അറിയപ്പെടാൻ തുടങ്ങി.
പദവികളും പുരസ്കാരങ്ങളും
തിരുത്തുകഅക്ഷയ പുരസ്കാരം,ദേശീയ ആയുർവേദ അക്കാദമി ഫെലോഷിപ്പ് ,വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ ശാസ്ത്രസാഹിത്യ അവാർഡ് ,പണ്ഡിതരത്നം ,തപസ്യ പുരസ്കാരം ,ആയുർവേദ ഭീഷ്മാചാര്യ ,വിദ്യാവാചസ്പതി, ഭിഷഗ്പരമാചാര്യ, അവഗാഹ പഠനത്തിനുള്ള എസ്.ടി.ഇ.സി.-യുടെ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഭിഷഗ്വരൻ ഡോ.എം.എസ്.വല്യത്താൻ തിരുമുൽപ്പാടിനെ അഭിനവ ചരകൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട് .
കൃതികൾ
തിരുത്തുകഅവലംബം
തിരുത്തുക[ കേരളകൌമുദി ദിനപത്രം , 2010 നവംബര് 23 : അറിവില് അദ്വിതീയൻ]