ആനക്കയം
11°5′2″N 76°7′13″E / 11.08389°N 76.12028°E കേരളത്തിലെ മലപ്പുറം ജില്ലയിൽ മലപ്പുറം മഞ്ചേരി ടൗണുകൾക്കിടയിൽ മഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമമാണ് ആനക്കയം. [1]. മഞ്ചേരിയിൽ നിന്ന് മലപ്പുറം/പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വഴിയിൽ ഏകദേശം 4 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ആനക്കയത്ത് വെച്ചാണ് മലപ്പുറം/പെരിന്തൽമണ്ണ പാതകൾ വഴി പിരിയുന്നത്. മലപ്പുറം കുന്നുമ്മൽ ടൗണിലേക്ക് 8 കിലോമീറ്ററും അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് 20 കിലോമീറ്ററും ദൂരമുണ്ട്. ആനക്കയം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം ആനക്കയമാണ്,
ആനക്കയം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Malappuram |
സമയമേഖല | IST (UTC+5:30) |
സ്ഥല നാമം
തിരുത്തുകപഴയകാലത്ത് ഏറനാട്-വള്ളവനാട് പ്രദേശങ്ങളുടെ അതിർത്തിയായിരുന്നു ആനക്കയം പുഴ. പുഴയിൽ ആഴമേറിയ കയങ്ങളും ചുഴികളുമുണ്ടായിരുന്നു. ആനമുങ്ങിയാലും കാണാത്ത ഒരു കയം ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് ആനക്കയമെന്ന പേർ ലഭിച്ചത് എന്നാണ് പറയപ്പെടുന്നത്.
ഭൂമിശാസ്ത്രം
തിരുത്തുകവടക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഇരുപത്തിരണ്ടാം മൈൽ മുട്ടിപ്പാലം പ്രദേശങ്ങളും പടിഞ്ഞാറ് പാപ്പിനിപ്പാറയും ഇരുമ്പുഴിയും, കിഴക്ക് ചേപ്പൂരും ചിറ്റത്തുപാറയും, തെക്ക് മലപ്പുറം മുനിസിപ്പാലിറ്റിയിലെ വള്ളിക്കാപ്പറ്റയുമാണ് അതിർഥി പ്രദേശങ്ങൾ. ആനക്കയത്തിന്റെ തെക്ക് ഭാഗത്തുകൂടി കടലുണ്ടി പുഴ ഒഴുകുന്നു. ഈ പ്രദേശത്ത് ആനക്കയം പുഴ എന്നാണ് ഇത് അറിയപ്പെടുന്നത്. മഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ ഈ പുഴക്ക് കുറുകെയാണ് ആനക്കയം പാലം സ്ഥിതി ചെയ്യുന്നത്. ചെറിയ കുന്നുകളും മലകളും വലയുകളും നിറഞ്ഞ പ്രദേശത്തിന്റെ സമൃർദ്ധിയിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ പുഴയാണ്. മഞ്ചേരിയിലേക്ക് ആവശ്യമായ വെള്ളമെത്തിക്കുന്നതിന് കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസ് സ്ഥിതിചെയ്യുന്നതും ആനക്കയം പുഴയിൽ തോണിക്കടവിലാണ്.
പൂർവ്വ ചരിത്രം
തിരുത്തുകപുഴയൊഴുകുന്ന ഗ്രാമം എന്ന നിലക്ക് പണ്ടുമുതൽക്കേ ആനക്കയത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഏറനാടിന്റെയും വളുവനാടിന്റെയും അതിർഥിയായിരുന്നു ഈ പുഴ. ടിപ്പുസുൽത്താന്റെ പടയോട്ടങ്ങളിലും ബ്രിട്ടീഷ് അധിനിവേശകാലഘട്ടത്തിലും ഈ നാട് മലയാളനാടിന്റെ ശ്രദ്ധാകേന്ദ്രമായി. ഈ ദേശത്തിന്റെ മുഴുവൻ ഭൂമിയുടെയും ജൻമാവകാശം വള്ളുവക്കോനാതിരിയുടെ കീഴിലുള്ള 12 നാടുവാഴി കുടുംബങ്ങളിലെ കോവിലകങ്ങൾക്കും അവരുടെ പരദേവതയെ കുടിയിരുത്തിയ ക്ഷേത്രങ്ങൾക്കുമായിരുന്നു. ദേവസ്വത്തിന്റെ കീഴിലുള്ള ഭൂമികൾ ക്ഷേത്രത്തിലെ മുഖ്യകാർമ്മികത്വം വഹിച്ച ബ്രാഹ്മണകുടുംബങ്ങൾ അൽപ്പാൽപം കയ്യാളി തങ്ങളുടെ പിൻതലമുറകളിലേക്ക് കൈമാറി ഭൂവുടമാവകാശത്തിന്റെ ഒരു വഴിത്തിരിവിലേക്ക് കൊണ്ടുപോകുന്ന കാലത്താണ് ഇതുവഴി ടിപ്പുസുൽത്താന്റെ കടന്നുവരവ്. ദേവസ്വം ഭൂമികളും ബ്രമസ്വം ഭൂമികളും ഇതോടെ മൈസൂർ സുൽത്താന് കരം കൊടുക്കേണ്ട സ്വത്തുക്കളായി മാറിയതോടെ ഭൂമിയുടെ ഏറിയ പങ്കും നായർ-മുസ്ലിം പ്രമാണിമാർക്ക് കൈമാറ്റം ചെയ്തു തുടങ്ങി. ആനക്കയം പ്രദേശത്ത് ഈ ഭൂമിയുടെ അവകാശം കൂരിമണ്ണിൽ കുടുംബങ്ങളുടെ കീഴിലായതിന്റെ പശ്ചാതലം ഇതാവാം. [2]
മലബാർ കലാപത്തിലെ പങ്ക്
തിരുത്തുകബ്രിട്ടീഷുകാർ ഭൂമികൈവശമുള്ള ഇത്തരം നാടുവാഴികളെ തങ്ങളുടെ ചൊൽപടിക്ക് നിർത്തിക്കൊണ്ട് ഭൂമിയുടെ കരം പിരിക്കാനുള്ള അവകാശം അവർക്ക് നൽകി. അതോടെ നാട്ടുപ്രമാണിമാരെ മൂപ്പൻമാർ എന്ന സ്ഥാനപ്പേരിൽ ക്രമസമാധാനത്തിന്റെ ചുമതലയുള്ള പോലീസ് അധികാരികളായി നിയമിക്കുകയും ചെയ്തു. ഇതിൽ മുസ്ലിം പ്രമാണിമാർക്ക് ഖാൻ ബഹദൂർ എന്ന സ്ഥാനപ്പേർ നൽകി. ഹിന്ദു പ്രമാണിമാർക്ക് റാവു ബഹദൂർ എന്ന പേരായിരുന്നു നൽകിയിരുന്നത്. ആനക്കയത്തെ ജന്മികുടുംബത്തിലെ അന്നത്തെ കുടുംബതലവനും പോലീസ് ഇൻസ്പെക്ടറുമായിരുന്ന ഖാൻ ബഹദൂർ ചേക്കുട്ടിയെ സംബന്ധിച്ച പരാമർശം മലബാർ കലാപത്തിലെ ഒരു പ്രധാന ഏടാണ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള കലാപത്തിൽ അവരുടെ സഹായിയായി നിലനിന്ന ചേക്കുട്ടിയെ വധിച്ച് ഘോഷയാത്ര നടത്തുന്നത് വരെ ചെന്നെത്തി കാര്യങ്ങൾ. ഇദ്ദേഹത്തിന്റെ സ്മരണക്കായി ബ്രിട്ടീഷുകാർ നിമിച്ച പൊതുകിണർ പുള്ളിയിലങ്ങാടിയിൽ ഇന്നുമുണ്ട്. ഈ കലാപത്തിന് ശേഷം ഈ നാട്ടിലെ സാധാരണ ജനങ്ങൾ ബ്രിട്ടീഷ് പള്ളാത്തിന്റെ തേർവാഴ്ചയിൽ അനുഭവിച്ച ദുരിതങ്ങൾക്ക് കണക്കില്ല. പുരുഷന്മാരിൽ പലരെയും വെടിവെച്ച് കൊല്ലുകയോ നാടുകടത്തുകയോ ചെയ്തു. ചിലർ ജീവനുംകൊണ്ട് പലായനം ചെയ്തു. [2]
സ്വാതന്ത്ര്യാനന്തരം
തിരുത്തുകസ്വാതന്ത്ര്യത്തിന് ശേഷം മലബാർ ബോർഡിന്റെ കീഴിലായിരുന്നു ആനക്കയം. പുഴയുടെ ഇപ്പുറം കോഴിക്കോട് ജില്ലയും അപ്പുറം പാലക്കാട് ജില്ലയുമായിരുന്നു. ആനക്കയത്തിന് ചുറ്റുമുള്ള ചെറിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1962 ൽ ആനക്കയം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പിന്നീട് 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടതോടെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ ഇവിടെ ഉയർന്ന് വരികയും കേന്ദ്രമായി ആനക്കയം മാറുകയും ചെയ്തു. [2]
അബുസബാഹ് അഹ്മദ് മൗലവി
തിരുത്തുകകോഴിക്കോടിനടുത്ത ഫറോക്കിൽ സ്ഥാപിക്കപ്പെട്ട ഫാറൂക്ക് കോളേജിന്റെ സ്ഥാപകനായിരുന്ന പ്രസിദ്ധ മതപണ്ഡിതൻ ആദ്യകാലത്ത് താമസിച്ച് തന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് ആനക്കയത്തായിരുന്നു. [2] ഈ പ്രദേശത്ത് കോളേജ് സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പൂവണിയാതെ പോയത് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ ഒരു നഷ്ടമായി ഇന്ന് പഴമക്കാർ ഓർക്കുന്നു.
പ്രധാന വ്യക്തിത്വങ്ങൾ
തിരുത്തുക- റിട്ടയേർഡ് ഡി.എസ്.പി. കെ.വി മുഹമ്മദ്
- മണ്ണിൽ മുഹമ്മദ് - 1921 എന്ന ചലചിത്രത്തിന്റെ നിർമാതാവ്
- കെ.വി.എം. ചേക്കുട്ടി ഹാജി - ആനക്കയം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട്.
- അഡ്വ കെ.വി.എം. ഹംസഹാജി - പഞ്ചായത്തിലെ പ്രഥമ നിയമബിരുദധാരി
- കെ.വി.എം.ആയിശ ടീച്ചർ - ആനക്കയം പഞ്ചായത്തിന്റെ പ്രഥമ വനിതാപ്രസിഡണ്ട്.
- പി. ഉബൈദുല്ല - മലപ്പുറം നിയോജകമണ്ഡലം എം.എൽ.എ.
അവലംബം
തിരുത്തുക- ↑ Block Wise Panchayat List. Malappuram Official website. Retrieved on 2008-05-13.
- ↑ 2.0 2.1 2.2 2.3 ദേശചരിത്രവും വർത്തമാനവും - പേജ് നമ്പർ 201-203 - Published by: Gramapanchayath Anakkayam